പോക്‌സോയ്ക്ക്​ പത്തുവർഷം​; എന്തുകൊണ്ട്​ കേസുകൾക്കിപ്പോഴും ശൈശവം?

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്​സോ നിയമത്തിന്​ 2022 ജൂൺ 20ന്​ പത്തുവയസ്​ തികയുന്നു. പോക്​സോ കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച്​ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന്​ വ്യവസ്​ഥയുണ്ടെങ്കിലും നിരവധി കേസുകളാണ്​ വർഷങ്ങൾക്കുശേഷം വിചാരണ പോലും തുടങ്ങാതെ സംസ്​ഥാനത്തുള്ളത്​. പോക്‌സോ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയാൻ കൗമാരക്കാർക്കിടയിൽ ബോധവത്കരണം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്​ചാത്തലത്തിൽ പോക്​സോ കേസുകളുടെ ഇപ്പോഴത്തെ അവസ്​ഥയെക്കുറിച്ച്​ അന്വേഷണം.

കേരളത്തിലെ സ്‌കൂളുകളിൽ പോക്‌സോ കേസുകൾ വർധിച്ചുവരികയാണെന്നും ഇത് തടയാൻ കൗമാരക്കാർക്കിടയിൽ ബോധവത്കരണം നടത്തണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. പോക്‌സോ കേസിനെക്കുറിച്ചും (പ്രൊട്ടക്ഷൻ ഓഫ്​ ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ​ആക്​റ്റ്​) കേസിൽപെട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധമില്ലാതെയാണ് കൗമാരക്കാർ ലൈംഗികബന്ധങ്ങളിലേർപ്പെടുകയും ജീവിതം തകർക്കുകയും ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. സ്‌കൂൾ പാഠ്യപദ്ധതിയിലൂടെ തന്നെ ബോധവത്കരണം നടത്തുന്നതിനുള്ള വഴികൾ തേടണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇ.യും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും അതിനുള്ള വഴികൾ തേടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​.

അടുത്ത കാലത്തായി കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഒരു പോക്‌സോ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി മേൽപറഞ്ഞ നിരീക്ഷണങ്ങൾ നടത്തിയത്. അനന്തഫലങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ആൺകുട്ടികളും പെൺകുട്ടികളും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളുകളിൽ നിന്നുതന്നെ ബോധവത്കരണം തുടങ്ങേണ്ടത് അനിവാര്യമാണ്. കേസുകളെക്കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ധാരണ കുട്ടികളിലുണ്ടാക്കണം. അവർ പ്രതികളാകാതിരിക്കാനും ഇരകളാകാതിരിക്കാനും ഇത് വളരെ അത്യാവശ്യമാണ്. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള പോക്‌സോ നിയമം പ്രാബല്യത്തിൽ വന്ന് പത്ത് വർഷം പൂർത്തിയാകുമ്പോഴും നിയമത്തെക്കുറിച്ച് ആളുകൾക്ക് അവബോധമില്ലാത്തതാണ് കുറ്റകൃത്യങ്ങൾ വർധിക്കാനും പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാനും കാരണം.

പോക്‌സോ നിയമം

ഇന്ത്യൻ പീനൽ കോഡ് 1860 ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണം നടത്തിയത്. 2012-ലാണ് പോക്‌സോ (POCSO - Protection of Children from Sexual Offences Act 2012) രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ലിംഗവ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള എല്ലാവർക്കും ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ളതാണ് ഈ നിയമം. കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് പോക്‌സോ നിയമത്തിലുള്ളത്. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി.

പോക്സോ ബോധവത്കരണ ക്ലാസ്‌

കുട്ടികൾ തന്നെ പ്രതികളാകുന്ന കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. 18 വയസ്സിൽ താഴെയുള്ളവർ തന്നെ പോക്‌സോ കേസിൽപെടുന്ന സംഭവങ്ങളുമുണ്ട്. സഹപാഠികളായ പെൺകുട്ടികളോടുൾപ്പെടെ ലൈംഗികാതിക്രമത്തിലും മോശം പെരുമാറ്റത്തിനും മുതിരുന്ന ആൺകുട്ടികളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഇത്തരം പെരുമാറ്റങ്ങൾ അതിക്രമമമാണെന്നോ തെറ്റാണെന്നോ തിരച്ചറിയാത്ത പെൺകുട്ടികളുമുണ്ട്. വിദ്യാർഥികൾക്ക് ശരിയായ രീതിയിലുള്ള അവബോധം നൽകുന്നതിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സംവിധാനവും പരാജയപ്പെടുന്നതാണ് ഇതിന് കാരണമെന്ന് അഡ്വ. മാജിദ അബ്ദുൾമജീദ് പറയുന്നു.""അംഗൻവാടികളിൽ കൗമാരക്കാർക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. പക്ഷെ അതിൽ പങ്കെടുക്കുന്നത് പലപ്പോഴും പെൺകുട്ടികൾ മാത്രമായിരിക്കും. സ്‌കൂളുകളിലും പെൺകുട്ടികളെ മാത്രം ബോധവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങൾ ഒതുങ്ങി നടക്കുക, മാറിപ്പോവുക, സ്വന്തം ശരീരം സൂക്ഷിക്കുക തുടങ്ങിയ ഉപദേശങ്ങൾ ഇപ്പോഴും പെൺകുട്ടികൾക്ക് നൽകുന്നവർ ആൺകുട്ടികളെ മറക്കുന്നു. ആൺകുട്ടികൾക്ക് ഒരുവിധത്തിലുള്ള ബോധവത്കരണവും നൽകാൻ അധ്യാപകരോ രക്ഷിതാക്കളോ തയ്യാറാകുന്നില്ല''- അഡ്വ. മാജിദ പറഞ്ഞു.

നടപടി അതിവേഗം

പോക്‌സോ നിയമം പ്രാബല്യത്തിൽ വന്നതോടെ കുട്ടികൾ ഇരകളാകുന്ന ലൈംഗികാതിക്രമ കേസുകളിലെ നടപടികളിൽ വലിയ മാറ്റങ്ങളാണുണ്ടായത്. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേകം കോടതികൾ സ്ഥാപിക്കപ്പെട്ടു. ഒട്ടേറെ കേസുകളിൽ കടുത്ത ശിക്ഷകൾ വിധിക്കപ്പെട്ടു.
പോക്‌സോ കേസുകളിൽ അന്വേഷണം വേഗത്തിലാക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ അടുത്തിടെ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്‌സോ കേസ് അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനമുണ്ടായത് 2022 മേയ് മാസത്തിലാണ്. പോക്‌സോ കേസുകളിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാരിന് നൽകിയത്.

സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രൂപീകരിക്കുന്നത്. കേസുകൾ കുറവുള്ള 60 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്‌പെക്ടർമാരെ പിൻവലിച്ച് എസ്.ഐ.മാരെ നിയമിക്കും. ഇവരെ പോക്‌സോ സംഘങ്ങളിൽ ഉൾപ്പെടുത്തും.
നിലവിലെ 16 നർകോട്ടിക്‌സ് ജില്ലാ ഡിവൈ.എസ്.പി.മാരുടെ തസ്തിക നർകോട്ടിക്‌സ്-ലിംഗനീതി എന്നാക്കി പോക്‌സോ കേസ് അന്വേഷണച്ചുമതല നൽകാനും തീരുമാനമായിട്ടുണ്ട്. നാല് ഡിവൈ.എസ്.പി. തസ്തിക പുതിയതായി സൃഷ്ടിക്കും. കേസുകൾ കുറവുള്ള സ്റ്റേഷനുകളിലെ 60 ഇൻസ്‌പെക്ടർമാരെ ഇവിടെ നിയമിക്കുന്നതിനൊപ്പം എസ്.ഐ.മാരുടേതടക്കം 300 തസ്തികകൾ പുതിയതായി സൃഷ്ടിക്കണം. ഇതിനായി സർക്കാരിന് വർഷം 16.8 കോടി രൂപയുടെ ബാധ്യതയുണ്ടാകും.

ഒരു വർഷം 3000-ലേറെ കേസ്​, മലപ്പുറം മുന്നിൽ

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടാകുന്നതായി കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഓരോ വർഷവും മൂവായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് പോക്‌സോ നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്.

2022-ൽ ഇതുവരെ 1142 കേസുകളാണ് പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കേരള പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുടുതൽ കേസുകൾ. 142 കേസുകളാണ് തിരുവനന്തപരും സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 113 കേസുകളുള്ള മലപ്പുറം, എറണാകുളം ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 111 കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയാണ് മൂന്നാമത്. കൊല്ലം ജില്ലയിൽ 100 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തൃശൂർ -93, പാലക്കാട് -76, കാസർകോട് -72, ആലപ്പുഴ -61, പത്തനംതിട്ട -60, കോട്ടയം -58, ഇടുക്കി -49, കണ്ണൂർ -48, വയനാട് -46 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.

2021-ൽ 3559 കേസുകളാണ് പോക്‌സോ നിയമപ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 460 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മലപ്പുറം ജില്ലയാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയിൽ 436 കേസുകളാണുള്ളത്. കൊല്ലം (327), എറണാകുളം (324) എന്നീ ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. തൃശൂർ -295, കോഴിക്കോട് -286, പാലക്കാട് -256, ഇടുക്കി -206, ആലപ്പുഴ -200, കണ്ണൂർ -189, കോട്ടയം -168, വയനാട് -149, പത്തനംതിട്ട -135 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. റെയിൽവെ പൊലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2020-ൽ 3056 കേസുകളാണ് പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് എടുത്തിട്ടുള്ളത്. മലപ്പുറം (387), തിരുവനന്തപുരം (358) എന്നീ ജില്ലകളിലാണ് കേസുകളുടെ എണ്ണം കൂടുതൽ. കോഴിക്കോട് -255, പാലക്കാട് -254, കൊല്ലം -252, ഇടുക്കി -188, ആലപ്പുഴ -180, കണ്ണൂർ -159, കാസർകോട് -148, വയനാട് -138, കോട്ടയം -132, റെയിൽവെ പൊലീസ് -1 എന്നിവയാണ് മറ്റു ജില്ലകളിലെ കേസുകളുടെ എണ്ണം.

ഓരോ വർഷവും മൂവായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് പോക്‌സോ നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്.

2019-ൽ 3640 കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരിൽ പോക്‌സോ നിയമപ്രകാരം 3640 കേസുകളാണുണ്ടായത്. മലപ്പുറം (448), തിരുവനന്തപുരം (446) ജില്ലകൾ തന്നെയാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ. 343 കേസുകളുള്ള എറണാകുളം ജില്ല മൂന്നാം സ്ഥാനത്തും 334 കേസുകളുള്ള കോഴിക്കോട് ജില്ല നാലാം സ്ഥാനത്തുമാണ്. തൃശൂർ -309, കൊല്ലം -289, പാലക്കാട് -258, കണ്ണൂർ -222, കോട്ടയം -195, ആലപ്പുഴ -190, കാസർകോട് -163, ഇടുക്കി -155, വയനാട് -147, റെയിൽവെ പൊലീസ് -5 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
2018-ൽ സംസ്ഥാനത്തെ ആകെ പോക്‌സോ കേസുകളുടെ എണ്ണം 3181 ആണ്. മലപ്പുറം ജില്ലയിൽ 410 കേസുകളുള്ളപ്പോൾ തിരുവനന്തപുരത്ത് 385 കേസുകളാണുള്ളത്. തൃശൂർ -282, കോഴിക്കോട് -276, എറണാകുളം -268, കൊല്ലം 262, കണ്ണൂർ -245, പാലക്കാട് -200, ആലപ്പുഴ -178, കോട്ടയം -157, ഇടുക്കി -135, വയനാട് -131 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകളുടെ കണക്ക്. റെയിൽവെ പൊലീസ് നാല് കേസുകളാണെടുത്തത്.

കെ.വി. ശശികുമാർ: 30 വർഷത്തെ പീഡനം

30 വർഷത്തോളം വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിലായതാണ് അടുത്തിടെ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസ്. മലപ്പുറം സെൻറ്​ ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭാ കൗൺസിലറുമായ കെ. വി. ശശികുമാറാണ് പൂർവ വിദ്യാർഥികളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഗണിത അധ്യാപകനായിരുന്ന ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. വിരമിക്കൽ ചടങ്ങിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ട ഒരു പൂർവ വിദ്യാർഥിനിയാണ് അധ്യാപകനെതിരെ ആദ്യം ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ശശികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ ഇതേ അധ്യാപകനിൽ നിന്ന് ദുരനുഭവമുണ്ടായ കുടുതൽ വിദ്യാർഥിനികൾ വെളിപ്പെടുത്തൽ നടത്തി. സ്‌കൂളിലെ നിരവധി പൂർവ വിദ്യാർഥികളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയും കമന്റുകളിലൂടെയും വെളിപ്പെടുത്തൽ നടത്തിയത്. അനവധി വിദ്യാർഥിനികൾ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് പൂർവ വിദ്യാർഥി സംഘടന പൊലീസിൽ പരാതി നൽകിയത്.

30 വർഷത്തിലേറെ കാലം സർവീസിലുണ്ടായിരുന്ന ശശികുമാർ ഒമ്പത് വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള യു.പി. ക്ലാസുകളിലെ പെൺകുട്ടികളെയാണ് ഉപദ്രവിച്ചിരുന്നത്. ലൈംഗികാതിക്രമമാണ് നേരിട്ടതെന്നുപോലും തിരിച്ചറിയാനുള്ള പ്രായമാകാത്തവരായിരുന്നു ആ കുട്ടികൾ. എങ്കിലും ചില കുട്ടികളെങ്കിലും പരാതിപ്പെട്ടിരുന്നു. പരാതിപ്പെടുന്നവരെ സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. അധ്യാപകനുമായി കൊഞ്ചിക്കുഴയാൻ പോയിട്ടല്ലേ എന്നൊക്കെയായിരുന്നു സ്‌കൂൾ അധികൃതർ അവരോട് പറഞ്ഞിരുന്നത്. പരാതിയുമായെത്തുന്ന മാതാപിതാക്കളെ കേസുമായി പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞ് പിന്മാറാൻ നിർബന്ധിക്കുകയായിരുന്നു. പോക്‌സോ നിയമം വരുന്നതിനുമുമ്പുള്ള ആ കാലത്ത് അവബോധവും ആളുകൾക്ക് കുറവായിരുന്നു. ഇതെല്ലാം പരാതികൾ മറയ്ക്കപ്പെടാനുള്ള കാരണമായി.

പരാതിപ്പെടുന്നവരെ സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. അധ്യാപകനുമായി കൊഞ്ചിക്കുഴയാൻ പോയിട്ടല്ലേ എന്നൊക്കെയായിരുന്നു സ്‌കൂൾ അധികൃതർ അവരോട് പറഞ്ഞിരുന്നത്. / Photo: Pixabay

ശശികുമാറിനെതിരായ വെളിപ്പെടുത്തലുകൾ കണ്ടപ്പോൾ, ശരീരത്തിൽ സ്പർശിച്ചതുപോലെയുള്ള സംഭവങ്ങളാകുമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ പലരുടെയും ദുരനുഭവങ്ങൾ കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും പൂർവ വിദ്യാർഥി കൂട്ടായ്മയുടെ പ്രതിനിധി അഡ്വ. ബീനാ പിള്ള പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്‌കൂളിൽ നിന്ന് ഇറങ്ങിയവരുമടക്കം അറുപതോളം പേരാണ് കെ.വി. ശശികുമാറിനെതിരെ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. 2019-ൽ ശശികുമാറിനെതിരെ സ്‌കൂളിന് ഒരാൾ ഇ-മെയിൽ അയച്ചിരുന്നു. ഇയാൾ പീഡോഫൈൽ ആണെന്നും എന്താണ് പീഡോഫീലിയ എന്നും വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു ഇ-മെയിൽ. എന്നാൽ സ്‌കൂൾ അധികൃതർ ഒരു നടപടിയുമെടുത്തില്ല.

വ്യക്തിഗതമായി രണ്ട് പോക്‌സോ കേസുകളും സെക്ഷൻ 364 പ്രകാരമുള്ള 10 കേസുകളുമാണ് ശശികുമാറിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു പോക്‌സോ കേസിൽ ജാമ്യം ലഭിച്ച് ശശികുമാർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രതി ജാമ്യത്തിലിറങ്ങി എന്നത് കേസ് ദുർബലമാണെന്നതിന്റെ സൂചനയല്ലെന്നും ഇനിയും കൂടുതൽ ആളുകൾ പരാതിയുമായി മുന്നോട്ടുവരുന്നുണ്ടെന്നും ബീനാ പിള്ള പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ജഡ്ജി മാറി കേസ് പരിഗണിക്കുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം താത്കാലികമായി വന്ന ജഡ്ജിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും ഈ ജഡ്ജി ഇത്തരത്തിലുള്ള വേറെയും കേസുകളിൽ ജാമ്യം കൊടുത്തിട്ടുണ്ടെന്നും ബീനാ പിള്ള പറഞ്ഞു.

ശശികുമാറിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ ഒട്ടേറെ പേർ ഇപ്പോൾ പൊലീസിന് ഇമെയിലുകൾ അയക്കുന്നുണ്ട്. അവയെല്ലാം പൊലീസ് ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്. വ്യക്തിഗതമായി നൽകിയ പരാതികളിലെല്ലാം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പൂർവ വിദ്യാർഥി കൂട്ടായ്മ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഒന്നര മാസം മുമ്പ് ഡിവൈ.എസ്.പി.യ്ക്ക് നൽകിയ ഈ പരാതിയിൽ നടപടിയുണ്ടായാൽ മാത്രമെ ശശികുമാർ 30 വർഷം ചെയ്തു എന്നുപറയുന്ന കാര്യങ്ങൾ വെളിച്ചത്ത് വരികയുള്ളൂവെന്ന് അഡ്വ. ബീന പിള്ള പറയുന്നു. പുതിയ ഡിവൈ.എസ്.പി.യെ കണ്ട് പരാതി ഓർമപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ബീന പിള്ള പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.

വനിതാ കമ്മീഷൻ മലപ്പുറത്ത് നടത്തിയ സിറ്റിങ്ങിൽ 15 പേരോളം പരാതികൾ നൽകിയിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയും അംഗവും സ്‌കൂളിൽ പോയി വിവരങ്ങൾ ശേഖരിച്ചിരുന്നു. കമ്മീഷൻ അംഗം പരാതിക്കാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ വനിതാ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

ഒതുക്കപ്പെടുന്ന പരാതികൾ

അധ്യാപകർ വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന പരാതികളുടെ എണ്ണം വർധിച്ചുവരികയാണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളിൽ ഭൂരിഭാഗവും അധ്യാപകർക്കെതിരെയുള്ളതാണ്. മലപ്പുറത്തെ ശശികുമാറിനെതിരായ വെളിപ്പെടുത്തലുകൾ വർഷങ്ങൾക്കിപ്പുറം ഉണ്ടായെങ്കിൽ, ഒരിക്കലും പുറത്തുവരാത്ത ഇതുപോലെയുള്ള എത്രയോ സംഭവങ്ങൾ കേരളത്തിലെ ഒട്ടേറെ സ്‌കൂളുകളിലുണ്ടാകും. തിരിച്ചറിവില്ലാത്ത പ്രായത്തിൽ നേരിടുന്ന അതിക്രമങ്ങൾ വർഷങ്ങൾക്കുശേഷവും തുറന്നുപറയാൻ സാധിക്കാതെ വീർപ്പുമുട്ടുന്നവരും ഏറെയുണ്ടാകും. പോക്‌സോ നിയമം വരികയും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും എല്ലാ സംഭവങ്ങളും പുറത്തുവരുന്നുണ്ടെന്ന് പറയാനാകില്ല. പുറത്തുവരാത്ത കേസുകളുടെ എണ്ണമായിരിക്കും പുറത്തുവരുന്നവയേക്കാൾ കൂടുതൽ. രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ നടപടികൾ കർശനമാണെങ്കിലും കുട്ടികൾക്ക് മതിയായ അവബോധം ഇപ്പോഴുമുണ്ടെന്ന് പറയാനാകില്ല. മാത്രമല്ല, കേസുമായി മുന്നോട്ടുപോകാൻ രക്ഷിതാക്കൾക്ക് പലപ്പോഴും താത്പര്യമുണ്ടാകുന്നുമില്ല. കുട്ടിയുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അതിന് തടസ്സമകുന്നത്. സെക്‌സ് എഡ്യുക്കേഷനും നിയമത്തെക്കുറിച്ചുള്ള അവബോധവുമൊക്കെ കരിക്കുലത്തിന്റെ ഭാഗമാക്കിക്കൊണ്ട് തന്നെ വിദ്യാർഥികളിലേക്കെത്തിക്കണം.

അധ്യാപകർക്കെതിരെ പരാതി പറയുന്ന കുട്ടികൾ പലപ്പോഴും ക്ലാസ് മുറികളിൽ വരെ അപമാനിക്കപ്പെടുകയും ഭീഷണി നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. അതിന് ഉദാഹരണമാണ് ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളിലുണ്ടായ സംഭവം. സ്‌കൂളിലെ 15 ഓളം വിദ്യാർഥിനികൾ ഒരുമിച്ച് പോയിട്ട് ഒരു അധ്യാപകനെപ്പറ്റി പരാതി പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിക്കേണ്ടതിന് പകരം അധ്യാപകർ കുട്ടികളെ ചീത്ത പറയുകയാണ് ചെയ്തത്. കുട്ടികളെ അടിക്കുകയും ചെയ്തു. ചില രക്ഷിതാക്കളെ വിളിച്ച് അവരെയും അധ്യാപകർ വഴക്ക് പറഞ്ഞു. എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ പോകുന്നത്, മിണ്ടാതിരുന്നുകൂടെ എന്നാണ് ഈ അധ്യാപകർ ചോദിക്കുന്നത്. പരാതിയുമായി പോയ 15 കുട്ടികളിൽ ഒരാൾ വീട്ടിൽ പോയി അമ്മയോട് കാര്യങ്ങൾ പറഞ്ഞു. സാമൂഹിക പ്രവർത്തകയായ ഈ അമ്മ ചൈൽഡ് ലൈനിൽ വിളിച്ച് പറഞ്ഞു. ചൈൽഡ് ലൈൻ സ്‌കൂളിൽ പോയി കൗൺസിലിങ് നടത്തിയപ്പോൾ എല്ലാ കുട്ടികളും പേടിച്ച് മിണ്ടാതിരുന്നു. എന്നാൽ ഒരു കുട്ടി എന്തൊക്കെയാണ് നടക്കുന്നതെന്നും പരാതി പറഞ്ഞപ്പോൾ അധ്യാപകർ എന്താണ് ചെയ്തതെന്നുമൊക്കെ എഴുതി നൽകി. ആ അമ്മ ചൈൽഡ് ലൈനിനെ അറിയിക്കുകയും ഒരു കുട്ടി ഈയൊരു ധൈര്യം കാണിച്ചതുകൊണ്ടും മാത്രം ആ സ്‌കൂളിലെ സംഭവം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു.

കുട്ടികളുടെ ഭാവിയും കേസുമായി നടന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആലോചിച്ചാണ് പലപ്പോഴും രക്ഷിതാക്കൾ കേസുമായി മുന്നോട്ടുപോകാൻ മടിക്കുന്നത്. / Photo: Unsplash

ലൈംഗികാതിക്രമം എന്ന് പറയുന്നത് മാനവുമായോ അന്തസ്സുമായോ ബന്ധപ്പെട്ടതല്ലെന്നും എന്റെ ശരീരത്തിനുനേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്നാൽ ഇത്തരത്തിലുള്ള അവബോധം കൊടുക്കേണ്ട അധ്യാപകരും രക്ഷിതാക്കളും തന്നെ പരാതി പുറത്തറിയാതെ ഒതുക്കിത്തീർക്കുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഈയൊരു സാഹചര്യത്തിൽ അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ കോടതി വരെയെത്തിക്കുന്നതിന് ശിശു ക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണെന്ന് അഡ്വ. മാജിദ അബ്ദുൾമജീദ് പറഞ്ഞു. കോടതിയിൽ പോയി സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യം മാത്രം ഉണ്ടായാൽ പോരെന്നും കുട്ടികളുടെ മാനിസകാരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും വേണമെന്നും അഡ്വ. മാജിദ അഭിപ്രായപ്പെട്ടു.

കുട്ടികൾ തിരിച്ചറിയുന്നുണ്ട്, പക്ഷെ

കുട്ടികളെ അധ്യാപകർ ഉപദ്രവിക്കുന്ന സംഭവങ്ങൾ പുതിയ കാര്യമല്ലെന്നും മുമ്പും ഉണ്ടായിരുന്നെങ്കിലും അതൊന്നും അതിക്രമമാണെന്നോ കുറ്റകൃത്യമാണെന്നോ തിരിച്ചറിഞ്ഞിരുന്നില്ലെന്നും സാമൂഹിക പ്രവർത്തക എം. സുൽഫത്ത് പറയുന്നു. പലപ്പോഴും തമാശയായോ അധ്യാപകരുടെ സ്‌നേഹപ്രകടനമായോ ആണ് ഇത്തരം പെരുമാറ്റങ്ങളെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് കുട്ടികൾ ശരീരത്തിനുമേലുള്ള അതിക്രമങ്ങൾ തിരിച്ചറിയുന്നുണ്ട്. പക്ഷെ അവർക്ക് ഭയമില്ലാതെ അത് തുറന്നുപറയാനുള്ള അന്തരീക്ഷം ബഹുഭൂരിപക്ഷം സ്‌കൂളുകളിലുമില്ല. തുറന്നുപറയാൻ സാധിക്കുന്ന ചില അധ്യാപകരെങ്കിലും ചില സ്‌കൂളുകളിൽ ഉണ്ടാകും. പക്ഷെ അവരോട് തുറന്നുപറഞ്ഞാലും സ്‌കൂളിന്റെ പേര് മോശമാകുന്ന ഭീതിയിൽ സ്ഥാനപനങ്ങൾ അതിനെ ഗൗരവത്തിലെടുക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യില്ല- സുൽഫത്ത് പറഞ്ഞു. സ്ഥാപനത്തിന്റെ ഒതുക്കലുകളെ മറികടന്ന് പുറത്തുവന്നാൽ അതിന് സഹായിച്ച അധ്യാപകരെ സ്ഥാപനവും മറ്റു അധ്യാപകരും പി.ടി.എ.യുമൊക്കെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ ഭാവിയും കേസുമായി നടന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആലോചിച്ചാണ് പലപ്പോഴും രക്ഷിതാക്കൾ കേസുമായി മുന്നോട്ടുപോകാൻ മടിക്കുന്നത്. മാത്രമല്ല, പുറത്തുവന്ന കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു എന്നതും പ്രധാനമാണ്. പോക്‌സോ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും മിക്ക കേസുകളിലും അത് സംഭവിക്കാറില്ല. പ്രതികൾ ശിക്ഷിക്കപ്പെടുന്നതും അപൂർവമാണ്. ഇതും രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. കേസും കോടതിയുമായി നടന്ന് കുട്ടിയുടെ മാനസികാവസ്ഥയും ഭാവിയും തകർക്കേണ്ടെന്ന് അവർ തീരുമാനിക്കുകയാണ് ചെയ്യുന്നത്. കേസുകൾ നീണ്ടുപോകുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന ട്രോമ വലുതാണ്. കൂടാതെ അതേ സ്ഥാപനത്തിൽ തന്നെ വീണ്ടും പഠിക്കേണ്ടി വരുന്നതും അധ്യാപകർ ഒറ്റപ്പെടുത്തുന്നതുമൊക്കെ വലിയ പ്രശ്‌നമാണ്. ഇത്രയൊക്കെ പ്രശ്‌നങ്ങളുള്ളതുകൊണ്ടുതന്നെ കു്ട്ടികൾ തുറന്നുപറഞ്ഞാലും രക്ഷിതാക്കളും അധ്യാപകരും ഒതുക്കിതീർക്കുന്ന പ്രവണതയാണ് കൂടുതലായി കണ്ടുവരുന്നത്.

കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ കുട്ടികൾ ജയിലിൽ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന അധ്യാപകരുമുണ്ട്. ഇത്തരം കേസുകളിൽ പെടുന്ന അധ്യാപകർ പലപ്പോഴും ഇത് പുറത്തുവന്നാൽ എങ്ങനെ അതിൽ നിന്ന് രക്ഷപ്പെടണമെന്ന് അറിയുന്നവരായിരിക്കും.
അതിക്രമത്തിനിരയാകുകയും അത് തുറന്നുപറയുകയും ചെയ്യുന്ന കുട്ടികളെ അധ്യാപകർ തന്നെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ എത്രയോ ഉണ്ട്. കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി എന്ന് അറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ അതേക്കുറിച്ചുള്ള അറിവില്ലായ്മയും ചിലപ്പോൾ മാനത്തിന്റെയൊക്കെ പേരിൽ സംഭവങ്ങൾ മറച്ചുവെക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. സ്‌കൂളിലെ എല്ലാ അധ്യാപകർക്കും ജീവനക്കാർക്കും വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഉൾപ്പെടെ പോക്‌സോ നിയമത്തെക്കുറിച്ച് ബോധവത്കരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായാൽ മാത്രമെ ഇതിനൊരു മാറ്റമുണ്ടാകൂ.
പോക്‌സോ കേസ് എന്താണ്, അതിനുള്ള ശിക്ഷ എന്താണ് തുടങ്ങിയ കാര്യങ്ങൾ എല്ലാ സ്‌കൂളുകളിൽ പരസ്യപ്പെടുത്തേണ്ടതുണ്ടെന്ന് എം. സുൽഫത്ത് പറയുന്നു. അതിക്രമത്തിനിരയാകുന്ന കുട്ടികൾക്ക് സ്ഥാപനത്തിൽ നിന്നും സർക്കാരിൽ നിന്നും കിട്ടേണ്ട പിന്തുണ എന്തൊക്കെയാണെന്നും എങ്ങനെയാണ് കേസുമായി മുന്നോട്ടുപോകേണ്ടതെന്നും കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം. പോക്‌സോ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം കിട്ടിയാൽ ഉടനെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന കാര്യം മിക്ക സ്‌കൂളുകളിലെയും പ്രധാനാധ്യാപകനുപോലും അറിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ബോധവത്കരണ പ്രവർത്തനങ്ങളൊക്ക സർക്കാർ സംവിധാനങ്ങൾ നടത്തുന്നുണ്ടെങ്കിലും വേണ്ട രീതിയിൽ എത്തേണ്ടിടത്ത് അത് എത്തുന്നില്ല.- സുൽഫത്ത് പറഞ്ഞു.

ഇന്ന് കുട്ടികൾ ശരീരത്തിനുമേലുള്ള അതിക്രമങ്ങൾ തിരിച്ചറിയുന്നുണ്ട്. പക്ഷെ അവർക്ക് ഭയമില്ലാതെ അത് തുറന്നുപറയാനുള്ള അന്തരീക്ഷം ബഹുഭൂരിപക്ഷം സ്‌കൂളുകളിലുമില്ല. / Photo: Unsplash

പോക്‌സോ കേസുകളിൽ തെളിവ് ശേഖരിക്കുന്നതടക്കമുള്ള സംവിധാനങ്ങൾ ശിശുസൗഹൃദമല്ല എന്നതും ഒരു പ്രശ്‌നമാണെന്ന് സുൽഫത്ത് ചൂണ്ടിക്കാട്ടുന്നു. ചൈൽഡ് ലൈൻ കൗൺസിലർമാരുടെ പോലും ഇടപെടലുകൾ പലപ്പോഴും ശിശുസൗഹൃദമല്ലെന്നും കുട്ടികൾക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള അന്തരീക്ഷം കൗൺസലിങ്ങുകളിൽ ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.
സർക്കാർ സ്‌കൂളുകളടക്കം ഇത്തരം കേസുകളിൽ പെടുന്ന അധ്യാപകരെ സ്ഥലം മാറ്റി സ്‌കൂളിന്റെ പേര് രക്ഷിച്ചെടുക്കുകയാണ് പലപ്പോഴും ചെയ്യുന്നതെന്ന് സുൽഫത്ത് പറയുന്നു: ""ആരോപണവിധേയരാകുന്ന അധ്യാപകർക്ക് ഏതെങ്കിലും രാഷ്്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെങ്കിൽ അത് ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ അവർ ശ്രമിക്കുന്നു. രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പരാതികൾ പിൻവലിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. കുട്ടികൾ തുറന്നുപറയുകയും പരാതി നൽകുകയും ചെയ്തിട്ടും സസ്‌പെൻഷൻ പോലും ലഭിക്കാത്ത അധ്യാപകർ എത്രയോ ഉണ്ട്. പുറത്തറിഞ്ഞാൽ പോലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് ഇത്തരം അധ്യാപകർ കുട്ടികളുടെ നേരെ അതിക്രമം നടത്തുന്നത്. ഭീഷണിപ്പെടുത്തിയും മറ്റും പരാതികൾ പിൻവലിക്കുമ്പോൾ അത് വ്യാജ പരാതികളായിരുന്നു എന്ന രീതിയിലാണ് പിന്നീട് പറയുന്നത്.- '' സുൽഫത്ത് പറഞ്ഞു.

കുടുംബപ്രശ്‌നത്തിലും പോക്‌സോ

പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ ശക്തമാണെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ നാലിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. അതോടൊപ്പം പോക്‌സോ നിയമം ദുരപയോഗം ചെയ്യുന്നതായുള്ള ആരോപണങ്ങളും അടുത്ത കാലത്തായി വർധിച്ചുവരികയാണ്.

കുടുംബപ്രശ്‌നങ്ങളിലും സ്വത്ത് തർക്കത്തിലുമൊക്കെ കുട്ടികളെക്കൊണ്ട് കള്ള മൊഴികൾ കൊടുപ്പിച്ച് പോക്‌സോ കേസിനെ ആയുധമാക്കുന്നത് അടുത്ത കാലത്തായി വർധിക്കുന്നതായി കേസുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. പ്രായപൂർത്തിയാകാത്ത മകന്റെ മൊഴിപ്രകാരം കടയ്ക്കാവൂരിൽ അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തത് വലിയ വിവാദമായിരുന്നു. അമ്മ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. ലൈംഗികാതിക്രമം നടന്നു എന്നതിന് വൈദ്യപരിശോധനയിൽ തെളിവുകൾ ലഭിച്ചില്ല. എന്നാൽ കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെ അമ്മ അറസ്റ്റിലായി. ഒരു മാസത്തോളം ജയിൽവാസം അനുഭവിച്ചതിനുശേഷമാണ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അമ്മയ്ക്ക് ജാമ്യം ലഭിച്ചത്. വനിതാ ഐ.പി.എസ്. ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. പരാതി വ്യാജമാണെന്ന് ഈ അന്വേഷണത്തിൽ കണ്ടെത്തുകയും അമ്മയെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു.

ദമ്പതിമാർ തമ്മിലുള്ള പ്രശ്‌നങ്ങളിലും പോക്‌സോ കേസ് ദുരുപയോഗം ചെയ്യുന്നതായി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. പങ്കാളിയോടുള്ള വൈരാഗ്യം തീർക്കാനും കുട്ടിയെ വിട്ടുകിട്ടാനുമാണ് ഇത്തരം സാഹചര്യങ്ങളിൽ വ്യാജ പോക്‌സോ പരാതികൾ ഉന്നയിക്കുന്നത്. മാസങ്ങൾക്കുമുമ്പ് പൊന്നാനിയിലും വഴിക്കടവിലും ഉണ്ടായ പോക്‌സോ പരാതികൾ ഇത്തരത്തിലുള്ളതായിരുന്നു.
വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടെയാണ് പൊന്നാനിയിൽ മകളെ അച്ഛൻ പീഡിപ്പിച്ചെന്ന് അമ്മ ആരോപണമുന്നയിച്ചത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. അച്ഛനൊപ്പം കഴിഞ്ഞിരുന്ന കുട്ടിയെ തിരികെ കിട്ടാൻ വേണ്ടിയാണ് അമ്മ വ്യാജ പരാതി നൽകിയത്.

ഭാര്യാസഹോദരൻ മകളെ പീഡിപ്പിച്ചെന്നാണ് വഴിക്കടവിൽ യുവാവ് പരാതി നൽകിയത്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൗൺസിലിങ്ങിനിടെ സത്യം പറഞ്ഞു. അച്ഛൻ പറഞ്ഞിട്ടാണ് കള്ളമൊഴി നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. ദമ്പതിമാർക്കിടയിലെ പ്രശ്‌നം തന്നെയാണ് ഇവിടെയും പരാതിക്ക് കാരണം.
പ്രായപൂർത്തിയാകാത്ത തന്റെ സഹോദരിയെ ബിസിനസ് പാർട്ണറും സുഹൃത്തും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പെരിന്തൽമണ്ണയിലെ യുവാവിന്റെ പരാതി. മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പരാതി കള്ളമാണെന്ന് പെൺകുട്ടി തന്നെ തുറന്നുപറഞ്ഞു. സഹോദരൻ നിർബന്ധിച്ചതുകൊണ്ടാണ് പരാതി നൽകിയതെന്നും പെൺകുട്ടി വ്യക്തമാക്കി. ബിസിനസ് പാർട്ണർമാർ തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ഇവിടെ പരാതിക്കിടയാക്കിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാക്രണത്തിന് ഇരയാക്കി ഗർഭിണിയാക്കിയെന്ന കേസിലാണ് തെന്നലയിൽ 18-കാരൻ പ്രതിയായത്. തെറ്റ് ചെയ്തിട്ടില്ലെന്ന് 18-കാരൻ പറഞ്ഞെങ്കിലും ഗർഭിണിയായ പെൺകുട്ടി മൊഴിയിൽ ഉറച്ചുനിന്നു. ഇതോടെ 18-കാരൻ ജയിലിലായി. ഒടുവിൽ ഡി.എൻ.എ. പരിശോധനയിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയത് ഇയാളല്ലെന്ന് തെളഞ്ഞതോടെ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഈ 18-കാരൻ ഇപ്പോഴും പ്രതിയാണ്. സംശയമുള്ളവരുടെ ഡി.എൻ.എ. പരിശോധനകൾ നടത്തി കേസിലെ യഥാർഥ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

കുടുംബപ്രശ്‌നങ്ങളിൽ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കീഴ്‌ക്കോടതി ശിക്ഷിച്ച പോക്‌സോ കേസ് പ്രതിയെ 2021 നവംബറിൽ വെറുതെവിട്ടുകൊണ്ടുള്ള ഉത്തര വിൽ ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വെറുതെവിട്ടാലും ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന നിരപരാധികൾ വേട്ടയാടപ്പെടുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. മകളെ പീഡിപ്പിച്ചെന്ന കേസിൽ കീഴ്‌ക്കോടതി ജീവപക്യത്തം തടവ് ശിക്ഷ വിധിച്ച അച്ഛനെയാണഅ ഹൈക്കോടതി വെറുതെവിട്ടത്. ഭർത്താവിനെ വീട്ടിൽ നിന്ന് പുറത്താക്കാൻ രണ്ടാം ഭാര്യ കണ്ടെത്തിയ വഴിയായിരുന്നു വ്യാജ പീഡന പരാതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പോക്‌സോ നിയമപ്രകാരമുള്ള പരാതികളിൽ പൊലീസ് അതിവേഗം നടപടി സ്വീകരിക്കുന്നതും നിയമം കർശനവുമായത് ഈ നിയമത്തെ ദുരപയോഗം ചെയ്യുന്നതിനും കാരണമാകുന്നു. ജാമ്യം ലഭിക്കാൻ വരെ ബുദ്ധിമുട്ടുള്ള കേസായതിനാൽ പകപോക്കുന്നതിനുള്ള ഉപകരണമായി പോക്‌സോ നിയമത്തെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. നിയമത്തെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് ഇത്തരത്തിൽ വ്യാജ പരാതികളുമായി വരുന്നത്. മുതിർന്നവർ അവരുടെ പക തീർക്കുന്നതിനും വ്യക്തിതാത്പര്യങ്ങൾക്കും വേണ്ടിയാണ് പലപ്പോഴും വ്യാജ പരാതികൾ ഉന്നയിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് പോക്‌സോ കേസുകൾ നൽകുമ്പോൾ അവിടെ ഇരകളാക്കപ്പെടുന്നതും സമ്മർദം അനുഭവിക്കുന്നതും കുട്ടികൾ തന്നെയാണ്. അച്ഛനോ അമ്മയോ അല്ലെങ്കിൽ അടുപ്പമുള്ള മുതിർന്ന മറ്റാരെങ്കിലുമോ ആയിരിക്കും കുട്ടികളെ വ്യാജ മൊഴികൾ നൽകാൻ നിർബന്ധിക്കുന്നത്. ഇത്തരത്തിൽ നൽകുന്ന മൊഴികൾ പലപ്പോഴും കുട്ടികൾക്ക് അടുപ്പമുള്ള വ്യക്തികൾക്കെതിരെ തന്നെയായിരിക്കും. ഇതും കുട്ടികളെ തന്നെയാണ് മാനസികമായി തളർത്തുന്നത്.

Comments