സത്നാം സിങ്: പത്തുവർഷമായിട്ടും മഠത്തിൽ തൊടാത്ത അന്വേഷണം

കേരളത്തിലെ ഒരു മാനസികരോഗാശുപത്രിയുടെ സെല്ലിനകത്തെ ടോയ്​ലറ്റിൽ ചത്തു മലച്ചുകിടന്ന സത്‌നാം സിംഗ്​ എന്ന യുവാവിന്​ വാസ്​തവത്തിൽ എന്താണ്​ സംഭവിച്ചത്​ എന്ന്​, ആ ക്രൂരമായ കൊലപാതകത്തിന്​ പത്തുവർഷം തികയുമ്പോഴും ഉത്തരമായിട്ടില്ല. കേസ്​ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും നിയമയുദ്ധം അവസാനിപ്പിക്കാൻ സത്‌നാമിന്റെ കുടുംബം തയ്യാറല്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കായി അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് സത്‌നാമിന്റെ കുടുംബം പറയുന്നത്.

ഗൗതമബുദ്ധന്റെ ബോധോദയ സങ്കൽപവുമായി ബന്ധപ്പെട്ട ബോധ്ഗയയുടെ സമീപഗ്രാമങ്ങളിലൊന്നാണ് ദക്ഷിണ ബീഹാറിലെ ഷേർഘാട്ടി. ഷേർഘാട്ടിയിലെ നാട്ടുപ്രമാണികളായ ബ്രാഹ്മണ ജന്മി കുടുംബത്തിൽ 24 വയസ്സുവരെ ജീവിച്ച സത്‌നാം ഒരു രാത്രി എല്ലാമുപേക്ഷിച്ച് വീടുവിട്ടിറങ്ങിയത് ബോധ്ഗയയിലേക്കായിരുന്നു. കാൽനടയായായിരുന്നു ആ രാത്രിയാത്ര. അല്ലലില്ലാത്ത വീട്ടുസാഹചര്യങ്ങളുപേക്ഷിച്ച് ഒരു അവധൂതനെപ്പോലെ സത്യാന്വേഷണങ്ങൾക്കായി ഇറങ്ങിപ്പുറപ്പെട്ട സത്നാമിന്റെ അതുവരെയുള്ള ജീവിതത്തിലും കാഴ്ചകളിലും, രാജ്യവും കൊട്ടാരവും കുടുംബവും ഉപേക്ഷിച്ച്​ ലോകത്തിന്റെ ദുഃഖത്തിലേക്കും കണ്ണീരിലേക്കും ഇറങ്ങിപ്പുറപ്പെട്ട ബോധിസത്വന്റെ സൂക്ഷ്മ പകർപ്പുകൾ കാണാമായിരുന്നു. ബുദ്ധനിൽ നിന്ന് യാത്ര തുടങ്ങിയ സത്‌നാം ആ രാത്രി ഗയ റെയിൽവേ സ്റ്റേഷനിലെത്തിയ ഏതോ ഒരു ട്രെയിനിൽ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു. ഉടുത്തിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും സത്‌നാമിന്റെ പക്കലുണ്ടായിരുന്നില്ല.

സത്‌നാമിനെ കാത്തിരുന്നത്​ വലിയൊരു ദുരന്തമായിരുന്നു. മാസങ്ങൾക്കുശേഷം സത്‌നാം ഷേർഘാട്ടിയിലേക്ക് തിരിച്ചെത്തിയത് ചലനമറ്റ ശരീരമായാണ്. ദേഹമാസകലം മുറിവും തലയോട്ടിയിലേറ്റ ക്ഷതവുമായി കേരളത്തിലെ ഒരു മാനസികരോഗാശുപത്രിയുടെ സെല്ലിനകത്തെ ടോയ്​ലറ്റിൽ ചത്ത് മലച്ചുകിടക്കുകയായിരുന്നു സത്‌നാം. പത്ത് വർഷം പിന്നിടുമ്പോഴും ആ യുവാവിന് അന്നെന്താണ് സംഭവിച്ചതെന്നത് ദുരൂഹതയായി തുടരുകയാണ്.

ആരായിരുന്നു സത്‌നാം

സത്യത്തിന്റെ പേര് എന്നർത്ഥം വരുന്ന ‘സത്നാം' എന്ന നാമധാരി ജീവിതത്തിന്റെ പൊരുളു തേടി യാത്ര തിരിച്ചത് ബീഹാറിലെ ബോധ്ഗയയിൽ നിന്നാണ്. ലക്​നോവിലെ റാം മനോഹർ ലോഹിയ യൂണിവേഴ്സിറ്റിയിൽ നിയമവിദ്യാർത്ഥിയായിരിക്കെയാണ് സത്നാം ആത്മീയ ചിന്തകളിൽ ആകൃഷ്ടനാകുന്നത്. ആത്മീയാലോചനകളുടെ മൂർധന്യതയിൽ വീടുവിട്ടിറങ്ങിയ സത്‌നാം ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം, ഝാർഖണ്ഡിലെ സ്വാമി സച്ചിദാനന്ദ സരസ്വതിയുടെ റിഖി പീത് ആശ്രമം, കൊൽക്കത്തയിലെ വേലൂർ മഠം, വാരണസി എന്നിങ്ങനെ നിരവധി ആത്മീയ കേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾക്കൊടുവിലാണ് കേരളത്തിലെത്തിയത്. മലയാള നാടിന്റെ ആത്മീയ, നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള വാഴ്ത്തുകളും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, അയ്യങ്കാളി എന്നിവരുടെ ചിന്തകളുമാണ് സത്നാമിനെ കേരളത്തിലേക്ക് ആകർഷിച്ചത്.

നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ തിരുവനന്തപുരം കുന്നുംപുറം ക്ഷേത്രത്തിലാണ് സത്നാം ആദ്യമായെത്തിയത്. അവിടെ നിന്ന്​ വർക്കലയിലെ ശിവഗിരിമഠത്തിലെത്തി. സ്വാമി മുനി നാരായണപ്രസാദിന്റെ ശിക്ഷണത്തിൽ നാരായണ ഗുരുഗുലത്തിൽ രണ്ടാഴ്ചയോളം തങ്ങിയശേഷം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക് പോയി. ഭക്തർക്ക് ദർശനം നൽകുന്നതിനിടയിൽ അമൃതാനന്ദമയിക്ക് നേരെ വേഗത്തിൽ പാഞ്ഞടുത്ത സത്‌നാമിനെ അവിടെയുണ്ടായിരുന്നവർ പിടികൂടി മർദിച്ചു. വർക്കലയിലെ സർവ്വമതപ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴോ അതിന് മുമ്പോ ഹൃദിസ്ഥമാക്കിയ മുസ്​ലിം പ്രാർത്ഥനാ മന്ത്രം 'ബിസ്മില്ലാഹി റഹ്മാനി റഹീം' ചൊല്ലിയതിന്റെ പേരിൽ തീവ്രവാദിയെന്ന് ചിത്രീകരിച്ചായിരുന്നു സത്നാമിനെ മർദ്ദിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിലും ജയിലിലും മാനസികാരോഗ്യകേന്ദ്രത്തിലുമായി രണ്ടു ദിവസം. മൂന്നാം നാൾ, ആഗസ്ത് നാലിന് കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ സത്നാമിന്റെ ശരീരത്തിൽ, തലയ്ക്കേറ്റ മാരക ക്ഷതമടക്കം 77 മുറിവുകളുണ്ടായിരുന്നു. മർദനത്തിന്റെ നിരവധി പാടുകളും.

സത്നാം സിംഗ്

ഒരു ‘ഹിന്ദു സ്ഥലത്തേക്ക്' മുസ്​ലിം പ്രാർത്ഥനാമന്ത്രവുമായി കടന്നു കയറി എന്നതിനാണ് സത്നാമിന് നേരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വധശ്രമത്തിന് കേസെടുത്തത് എന്നാണ് അന്നത്തെ ഡി.ജി.പി സെൻകുമാർ സത്നാമിന്റെ പിതാവുമായി പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സത്നാമിന്റെ മുസ്​ലിം തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ വാർത്താസമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തു. താൻ ബ്രഹ്മജ്ഞാനം അന്വേഷിക്കുകയാണെന്നായിരുന്നു അമൃതാനന്ദമയി മഠത്തിൽ പ്രവേശനമാവശ്യപ്പെട്ടെത്തിയ സത്നാം പറഞ്ഞിരുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്' ബ്രഹ്മജ്ഞാനം തേടിവന്ന ഒരു പരദേശി യുവാവിന് തന്റെ ജീവനാണ്​ പകരം കൊടുക്കേണ്ടിവന്നത്​.

സത്‌നാം വന്ന വഴി

ഇരുപത്തിനാല് വയസ്സിനുള്ളിൽ അത്ഭുതകരമായ ഒരു ജീവിതമായിരുന്നു സത്‌നാം ജീവിച്ചുതീർത്തത്. അവിശ്വസനീയമായ ജീവിതസന്ദർഭങ്ങളുടയും ചിന്തകളുടെയും അന്വേഷണങ്ങളുടെയും യാത്രകളുടെയുമെല്ലാം കൂടിച്ചേരലായിരുന്നു സത്‌നാമിന്റെ അവസാന കാല ജീവിതം. സത്‌നാമിന്റെ ജീവിതത്തിലൂടെ കടന്നുപോയ ഓരോരുത്തർക്കും വിവരിക്കാനുള്ളത്, സത്‌നാമിനെക്കുറിച്ചുള്ള ഒരിക്കലും മറക്കാനാവാത്ത, പലർക്കും അവിശ്വസനീയമെന്ന് തോന്നുന്ന പലതരം അനുഭവങ്ങളാണ്.

2012 ജൂലൈ അവസാനവാരത്തിൽ വർക്കലയിലെ താജ് ഹോട്ടലിൽ ‘മെറ്റഫിസിക്‌സ് ആൻറ്​ പൊളിറ്റിക്‌സ്' എന്ന വിഷയത്തിൽ ഒരു അന്തർദേശീയ സെമിനാർ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു അതിൽ പങ്കെടുത്തിരുന്നത്. യു.ആർ. അനന്തമൂർത്തി, മുനി നാരായണ പ്രസാദ് തുടങ്ങിയവരായിരുന്നു പ്രബന്ധാവതാരകർ. ശേഷം നടന്ന ചർച്ചയിൽ വളരെ ക്രിയാത്മകമവും പ്രാധാന്യമർഹിക്കുന്നതുമായ ചില ചോദ്യങ്ങളുന്നയിച്ച ഒരു ഉത്തരേന്ത്യൻ യുവാവ് സദസ്സിലുണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അയാൾ ആരാണെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആ യുവാവിന്റെ ഫോട്ടോ പത്രത്തിൽ വന്നു. ‘മാതാ അമൃതാന്ദമയിയെ വധിക്കാൻ ശ്രമിച്ച ബീഹാറി യുവാവ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ' എന്ന തലക്കെട്ടോടെ. സത്‌നാം സിങ് ആയിരുന്നു മുനി നാരായണ പ്രസാദിന്റെ ക്ഷണപ്രകാരം ആ സെമിനാറിൽ പങ്കെടുത്തിരുന്നത്.

മുനി നാരായണ പ്രസാദിനെ കാണാൻ സത്നാമിന്റെ പിതാവും ബന്ധുക്കളും എത്തിയപ്പോൾ / Photo: Chandrika weekly

പ്ലസ്ടു വിദ്യാർത്ഥിയായിരിക്കെ 2007 ലെ അവധിക്കാലത്ത് വീട്ടിലേക്ക് വരികയായിരുന്ന സത്‌നാം സിങിനെ റെയിൽവേ സ്റ്റേഷനിൽ ചെന്ന് സ്വീകരിക്കാൻ അച്ഛൻ ഹരീന്ദ്രസിംഗ് കാറിൽ പുറപ്പെട്ടു. 1317 കിലോമീറ്റർ അകലെയുള്ള ചണ്ഡീഗഡിൽ നിന്ന്​ ഗയയിലേയ്ക്കുള്ള യാത്രയ്ക്കായി ഹരീന്ദ്രസിംഗ്, സത്‌നാമിന് ഫസ്റ്റ് ക്ലാസ് എ.സി കമ്പാർട്ട്‌മെന്റിൽ സീറ്റ് റിസർവ് ചെയ്ത് നൽകിയിരുന്നു. പക്ഷേ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഹരീന്ദ്രസിംഗ് കണ്ടത് ക്ഷീണിച്ചവശനായി വിയർപ്പിൽ കുളിച്ച് ട്രെയിനിന്റെ ജനറൽ കമ്പാർട്‌മെന്റിൽ നിന്നുമിറങ്ങിവരുന്ന സത്‌നാമിനെയാണ്. ഒന്നിരിക്കാൻ പോലും കഴിയാതെയും പലപ്പോഴും ഒറ്റക്കാലിൽ നിന്നായുമായിരുന്നു തിരക്കുള്ള ആ ബോഗിയിൽ സത്‌നാം യാത്ര ചെയ്തത്. റിസർവ്ഡ് ടിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും തിക്കും തിരക്കുമുള്ള, വിയർപ്പ് നാറ്റമുള്ള കമ്പാർട്ട്‌മെന്റിൽ മകൻ യാത്ര ചെയ്തതിനെ ഹരീന്ദ്രസിംഗ് ചോദ്യം ചെയ്തു. സത്‌നാമിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഇത്രമാത്രം പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് പറയപ്പെടുന്ന ഇന്ത്യയിൽ സാധാരണക്കാരുടെ ജീവിതവും യാത്രയുമെല്ലാം ഈ സ്ഥിതിയിലാണ്. അതിനാൽ ഇതിലപ്പുറം മറ്റൊരു സൗകര്യവും എനിക്കാവശ്യമില്ല'. കുടിയേറ്റക്കാരും തൊഴിലാളികളുമായ സാധാരണക്കാരായ മനുഷ്യർ ആയിരക്കണക്കിന് കിലോമീറ്ററുകൾ ഈ സ്ഥിതിയിൽ യാത്ര ചെയ്യേണ്ടി വരുന്നതിലുള്ള അമർഷം സത്‌നാം പങ്കുവെച്ചു. സത്‌നാമിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് ചോദിച്ച സഹോദരൻ സുധാംശു സിങ് മാനിന് പിന്നീടൊരിക്കൽ സത്‌നാം ഇങ്ങനെ മറുപടി നൽകി. ‘actual India travels in general coaches, while travelling in these coaches you will learn that India was a nation of poor farmers and migrants. but todays India treat them as a burden, here people don't want a super power but at least an easy 1000km journey for them'...

സത്നാം കുട്ടിക്കാലത്ത്

​​​​​​

‘ജീവിതത്തിൽ ഒരിക്കലും അവൻ അക്രമസ്വഭാവം കാണിച്ചിട്ടില്ല. ഒരിക്കൽ പോലും രോഷാകുലനായി കണ്ടിട്ടില്ല. പലതരം അസ്വസ്ഥതകളും നിസ്സഹായതയും മാത്രമാണ് അവനിലുണ്ടായിരുന്നത്. ആവശ്യത്തിലധികം സ്വത്തും ബിസിനസ്സുമെല്ലാം ഞങ്ങൾക്കുണ്ടായിട്ടും അതിലൊന്നും യാതൊരു താത്പര്യവും അവൻ കാണിച്ചില്ല. സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു അവൻ. ഒരിക്കൽ അവൻ പഠനമുപേക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു, നീ വിഷാദത്തിലാണോ? അവൻ മറുപടി പറഞ്ഞു: ജീവിതത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനർത്ഥം വിഷാദമാണെന്നല്ല. ‘asking questions in life did not mean depression' -ഹരീന്ദ്രകുമാർ സിങ് (സത്‌നാമിന്റെ പിതാവ്)

‘ഷിയ, സുന്നി വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ച് ഒരിക്കൽ സത്‌നാം മസ്ജിദിൽ വന്നിരുന്നു. പിന്നീടൊരിക്കൽ മുസ്​ലിം ശരീഅത്ത് നിയമത്തെക്കുറിച്ച് ചോദിച്ചുകൊണ്ടും. രണ്ടിനെക്കുറിച്ചും എനിക്ക് കാര്യമായ ധാരണകൾ ഇല്ലാതിരുന്നതിനാൽ ഗയ നഗരത്തിലെ ഒരു മുസ്​ലിം പണ്ഡിതന്റെയടുത്തേക്ക് ഞാൻ അവനെ പറഞ്ഞിവിട്ടു. കുറേ കാലത്തിനുശേഷം ഞങ്ങൾ വീണ്ടും സംസാരിക്കുകയുണ്ടായി. അപ്പോഴേക്കും സത്‌നാം ഒരുപാട് ദൂരം മുന്നോട്ട് പോയിരുന്നു. സൂഫിസത്തെക്കുറിച്ച് സത്‌നാം ആഴത്തിൽ പഠിച്ചിരുന്നു. ഇവിടുത്തെ മുസ്​ലിംകൾ യഥാർത്ഥ ഇസ്​ലാമിനെ മനസ്സിലാക്കണമെന്ന് സത്‌നാം പറയുമായിരുന്നു. ഇന്റർനെറ്റ് വഴി വിദേശസർവകലാശാലകളിലെ ഇസ്​ലാമിക ഗവേഷകരുമായി സത്‌നാം അന്ന് ആശയവിനിമയം നടത്താറുണ്ടായിരുന്നുവെന്നാണ് പിന്നീട് ഞാൻ മനസ്സിലാക്കിയത്. ബിസ്മില്ലാ... മന്ത്രമടക്കം നിരവധി അറബ് സൂക്തങ്ങൾ സത്‌നാം ഈണത്തിൽ ചൊല്ലുമായിരുന്നു. അതിന്റെ അർത്ഥവും പറയുമായിരുന്നു. അക്രമകാരിയെന്ന് പറഞ്ഞ് കേരളത്തിൽ നിന്നും സത്‌നാമിനെ ആളുകൾ പിടികൂടിയപ്പോൾ അവൻ ചൊല്ലിയത് ബിസ്മില്ലാഹി റഹ്മാനി റഹീം എന്നായിരുന്നുവത്രേ. അതിന്റെ പേരിലായിരുന്നു പോലും അവനെ ഭീകരവാദിയായി ചിത്രീകരിച്ചത്' - തഖീ ഇമാം (സത്‌നാമിന്റെ മുത്തച്ഛൻ പണിതു നൽകിയ മുസ്​ലിം പള്ളിയിലെ ഇമാം)

തഖീ ഇമാം സത്നാമിന്റെ പിതാവിനൊപ്പം / Photo: Shafeeq Thamarassery

‘ദീർഘകാലത്തെ എന്റെ ആശ്രമജീവിതത്തിനിടയിൽ ആത്മീയപഠനാവശ്യങ്ങൾക്കായി വന്ന ആയിരക്കണക്കിനാളുകളുമായി ഞാൻ ഇടപെട്ടിട്ടുണ്ട്. അതിൽ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം വ്യക്തികളിലൊരാളായിരുന്നു സത്‌നാം. ഭക്തിയല്ല, വൈവിധ്യവും ആഴവുമുള്ള ചിന്തകളായിരുന്നു സത്‌നാമിന്റെ ആത്മീയചോദനകളുടെ ആധാരം. ജീവിച്ചിരുന്നെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യം അറിയപ്പെടുന്ന ചിന്തകനായി സത്‌നാം മാറിയേനെ'-സ്വാമി സച്ചിദാനന്ദ സരസ്വതി - (റിഖി പീത് ആശ്രമം, ജാർഖണ്ഡ്)

‘സത്‌നാം ഇവിടെ പഠിക്കാനെത്തിയത് ഇവിടുത്തെ അക്കാദമിക അന്തരീക്ഷങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയിരുന്നു. സാധാരണ, മുമ്പ് വായിച്ചതും പഠിച്ചതുമായ ഓർമകൾ വെച്ച് ക്ലാസെടുത്തിരുന്ന അധ്യാപകർക്ക് സത്‌നാം ക്ലാസ്സിലെത്തിയതോടുകൂടി അത് സാധ്യമാകാതെയായി. സത്‌നാമിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനായി അവർക്ക് മണിക്കൂറുകളോളം പുസ്തകങ്ങളും വെബ്‌സൈറ്റുകളുമെല്ലാം റഫർ ചെയ്യേണ്ടി വന്നു' - ബൽരാജ് ചൗഹാൻ (മുൻ വൈസ് ചാൻസ്ലർ, റാം മനോഹർ ലോഹിയ ലോ യൂണിവേഴ്‌സിറ്റി)

‘മൊർഹർ നദിയുടെ തീരത്ത് നടന്ന, സത്‌നാമിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത് പതിനയ്യായിരത്തിലധികം ആളുകളായിരുന്നു. എന്റെ അറിവിൽ അതിന് മുമ്പോ ശേഷമോ ഷേർഘാട്ടിയിൽ അത്തരമൊരു ചടങ്ങ് നടന്നിട്ടില്ല. ഗ്രാമം അക്ഷരാർത്ഥത്തിൽ വിതുമ്പിയ ദിവസമായിരുന്നു അത്. ഇവിടുത്തെ ഓരോ കുടുംബത്തിനും തങ്ങളുടെ വീട്ടിലെ ഒരാൾ നഷ്ടപ്പെട്ടതുപോലത്തെ അനുഭവമായിരുന്നു അത്. ഷഹീദ് സത്‌നാം സിങ് മാൻ മെമ്മോറിയൽ എന്ന പേരിലാണ് ഇന്നും ഗ്രാമത്തിലെ മിക്ക പൊതുപരിപാടികളും നടക്കാറുള്ളത്'- സയിദ് ഖതീബുല്ലാഹ് (ഷേർഘാട്ടിയിലെ പ്രാദേശിക പത്രപ്രവർത്തകൻ)

സയിദ് ഖത്തീബുല്ലാഹ് / Photo: Shafeeq Thamarassery

My Quote Book എന്ന ഡയറിയിൽ ഒരിക്കൽ സത്‌നാം എഴുതി; ‘ഇപ്പോൾ ഞാനെന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നോ... സ്വത്വത്തെ കണ്ടെത്താനും ആത്മത്തെക്കുറിച്ച് മനസ്സിലാക്കാനും സ്വന്തം ഉൺമയുടെ യഥാർത്ഥ ഭാവം തിരയാനും ശ്രമിക്കുന്നയാളുകൾ സത്യത്തിൽ പരാജിതരായ ആത്മാക്കളാണ് എന്നുള്ളത് കൊണ്ടാണ്. പരാജിതമായ ആത്മാവിന് മാത്രമേ സ്വയം കണ്ടെത്താനാകൂ. ലക്ഷ്യമില്ലാതിരിക്കുക എന്ന ലക്ഷ്യമാണ് ഏറ്റവും വിഷമമേറിയ ലക്ഷ്യം'

സ്‌കൂൾ വിദ്യാർത്ഥിയിരുന്ന കാലത്ത് തന്നെ അസാധാരണ പ്രതിഭകൊണ്ടും ചിന്താശേഷി കൊണ്ടും ചുറ്റിലുമുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് സത്‌നാം വളർന്നത്. വിവിധ ഭാഷകൾ അനായാസം പഠിച്ചു. തത്വചിന്തയിൽ അളവറ്റ താത്പര്യം പ്രകടിപ്പിച്ചു. വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. മാർക്‌സിസം, വിമോചന ദൈവശാസ്ത്രം, സൂഫിസം എന്നിവയിലെല്ലാം അന്വേഷണങ്ങൾ നടത്തി. കാർഷിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കുകയും ഷേർഘാട്ടിയിലെ കർഷകർക്ക് വേണ്ടി ഒരു എൻ.ജി.ഒ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ഇതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളിൽ സന്നദ്ധ സേവനമനുഷ്ഠിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും സത്‌നാമുമായി എന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടി ഇടപെട്ടിട്ടുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഓരോ ദിനവും അയാൾ പിന്നിട്ടത്.

ഷേർഘാട്ടി ഗ്രാമം / Photo: Shafeeq Thamarassery

ഒരിക്കൽ ഒരു അതിശൈത്യ കാലത്ത് സത്‌നാമിന്റെ വീട്ടിലെ പുതപ്പുകളും ക്യാപ്പുകളും കോട്ടുകളുമടങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളെല്ലാം കാണാതായിക്കൊണ്ടിരുന്നു. ധാരാളം അംഗങ്ങളുള്ള, കൂട്ടുകുടുംബമായിരുന്നു സത്‌നാമിന്റേത്. ആ ദിവസങ്ങളിൽ ഷേർഘാട്ടിയിലെ കവലകളിലൂടെ നടക്കവേ കിഷോരി സിങ് എന്ന സത്‌നാമിന്റെ മുത്തച്ഛൻ വീട്ടിൽ നിന്ന്​ കാണാതായ വസ്ത്രങ്ങളെല്ലാം തെരുവിലെ കച്ചവടക്കാരും റിക്ഷക്കാരും ഉപയോഗിക്കുന്നതായി കണ്ടു. അവരോടന്വേഷിച്ചപ്പോഴാണ് സത്‌നാമാണ് അതെല്ലാം അവർക്ക് കൊണ്ടുപോയി കൊടുത്തതെന്ന് അറിഞ്ഞത്. മുത്തച്ഛൻ തന്നുവിട്ടതാണ് എന്നുപറഞ്ഞായിരുന്നു സത്‌നാം അതെല്ലാം ഗ്രാമീണർക്ക് നൽകിയത്. തണുപ്പ് കാലത്ത് രാത്രികളിലും മറ്റും ജോലി ചെയ്യുന്നവർ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടായിരുന്നു സത്‌നാം ഇതെല്ലാം ചെയ്തത്. ഇത്തരം ധാരാളം സംഭവങ്ങൾ സത്‌നാമിന്റെ കുട്ടിക്കാല ജീവിത്തിലുടനീളം കാണാം.

റാം മനോഹർ ലോഹ്യ യൂണിവേഴ്‌സിറ്റിയിൽ നിയമവിദ്യാർത്ഥിയിരിക്കെയാണ് സത്‌നാം ആത്മീയ ചിന്തകളിൽ കൂടുതലായി ആകൃഷ്ടനാകുന്നതും പതിയെ അക്കാദമിക വിദ്യാഭ്യാസത്തിൽ നിന്നും ആത്മീയ ചിന്തകളിലേക്ക് തിരിയുന്നതും. പിന്നീടുള്ള കുറച്ചുകാലം സത്‌നാമിന്റെ പ്രവൃത്തികളിലും സംസാരങ്ങളിലും ചില അസ്വാഭാവികതകൾ ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് സത്‌നാം ഒരു രാത്രിയിൽ വീടുവിട്ടിറങ്ങുന്നതും ഒടുവിൽ കേരളത്തിലെത്തുന്നതും.

സത്നാം അവസാനമായി പങ്കെടുത്ത ഒരു കുടുംബപരിപാടിയിൽ നിന്ന്

സത്നാം സിങ് കേരളത്തിൽ വെച്ച് കൊല്ലപ്പെട്ടു എന്നറിഞ്ഞ, ലഖ്നൗവിലെ റാം മനോഹർ ലോഹിയ യൂണിവേഴ്സിറ്റിയിൽ സത്നാമിന്റെ റൂം മേറ്റ് ആയിരുന്ന രോഹിത് പ്രജാപതി ഫേസ്ബുക്കിൽ അന്ന് ഇങ്ങനെ എഴുതി. ‘മതം, സാമ്പത്തിക അസമത്വം, എന്നിവയിലധിഷ്ഠിതമായ സമൂഹത്തിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനപ്പുറം സർക്കാരിന്റെ പങ്ക് എന്താണെന്നതിനെക്കുറിച്ച് സത്നാം സംശയങ്ങൾ ഉന്നയിച്ചിരുന്നു. നിയമവിദ്യാർത്ഥിയെന്ന നിലയിൽ ഭരണഘടനാപരമായ സ്വന്തം അവകാശങ്ങളെ സംബന്ധിച്ച് അവന് ബോധ്യമുണ്ടായിരുന്നു. ഫിലോസഫി, പൊളിറ്റിക്സ്, തിയോളജി എന്നിവ അവൻ ഇഷ്ടപ്പെട്ടു. റൂസോയുടെ ദർശനങ്ങളിൽ അവൻ ആകൃഷ്ടനായിരുന്നു. മതങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ ഉത്കണ്ഠാകുലനായിരുന്നു സത്നാം. അവനത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പഠനം പൂർത്തിയാക്കുകയും സമൂഹത്തിന്റെ കാഴ്ച്ചപ്പാടിന് നിരക്കുന്ന ജീവിതക്രമവുമായി മുന്നോട്ടുപോവുകയും ചെയ്യുന്നതാണ് നല്ലതെന്ന് അവനെ പലരും ഉപദേശിച്ചു. പക്ഷേ, വിശ്വസിക്കുന്ന കാര്യങ്ങൾ ഇട്ടെറിഞ്ഞുകളയാൻ അവൻ തയ്യാറായിരുന്നില്ല. വ്യത്യസ്തമായി ചിന്തിക്കുന്നവരെയെല്ലാം ഭ്രാന്തൻമാരായി കണക്കാക്കുന്ന സാമൂഹിക സാഹചര്യത്തിൽ ഈ നിശ്ചയദാർഡ്യമാവണം അവന് ഈ ദുർവിധി വരുത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പുള്ള രണ്ട് മാസങ്ങളിൽ എന്ത് തരം ജീവിതമാണ് അവൻ നയിച്ചിട്ടുണ്ടാവുക എന്നതൊരു പിടിയുമില്ല. മരിക്കുന്നതിന് മുമ്പ് തനിക്കു പറയാനുള്ളത് പറയാൻ അവനൊരു അവസരവും കിട്ടിയിട്ടുണ്ടാവില്ല...'

സത്നാമിന് സംഭവിച്ചതെന്ത്?

മാതാ അമൃതാനന്ദമയിയുടെ ദർശനസമയത്ത് അവിടേക്ക് ഇടിച്ചുകയറി ആക്രമിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ 2012 ജൂലൈ 31 നാണ് സത്നാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസെത്തുന്നതിന് മുമ്പെ തന്നെ ആശ്രമത്തിലെ ആളുകളിൽ നിന്ന്​ സത്നാമിന് കടുത്ത മർദനമേറ്റിരുന്നു. ആന്തരികമായി കടുത്ത ക്ഷതങ്ങൾ സംഭവിച്ച സത്‌നാമിന് ചികിത്സ നൽകണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ പൊലീസിനോട് ശുപാർശ ചെയ്തിട്ടും പൊലീസുകാർ സത്നാമിനെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കുകയാണുണ്ടായത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ച സത്നാമിനെ പിറ്റേ ദിവസം വൈകീട്ട് 7 മണിക്ക് മാത്രമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 24 മണിക്കൂർ എന്ന അനുവദനീയ പരിധിയേക്കാൾ കൂടുതൽ സമയം സത്നാമിനെ പൊലീസ് കസ്റ്റഡിയിൽ വെക്കുകയായിരുന്നു. നിരായുധനായി ഒറ്റമുണ്ട് മാത്രം ധരിച്ച് ആശ്രമത്തിനകത്ത് പ്രവേശിച്ച സത്നാം അവിടെ ബഹളം വെച്ചു എന്ന കാരണത്താൽ വധശ്രമമടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. (ഐ.പി.സി സെഷൻ 307, 332, 452 എന്നിവ).

സത്നാം കരുനാഗപ്പള്ളി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ

അറസ്റ്റ് വാർത്തയറിഞ്ഞ ഉടൻ ദൽഹിയിൽ നിന്ന്​ വിമാനമാർഗം സത്നാമിന്റെ അച്ഛന്റെ സഹോദരപുത്രൻ വിമൽ കിഷോർ സ്റ്റേഷനിലെത്തുകയും സത്നാം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്നയാളാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ബീഹാറിൽ നിന്ന്​ ഫാക്സ് വഴി ലഭിച്ച സത്‌നാമിന്റെ ചികിത്സ സംബന്ധമായ കുറിപ്പുകളും മറ്റു രേഖകളും പൊലീസിന് നൽകുകയും ചെയ്തിരുന്നു. പോരാത്തതിന് ബീഹാർ പൊലീസിനെ ഫോണിൽ കണക്ട് ചെയ്ത്‌കൊടുക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ് ഉന്നതതലങ്ങളിൽ നിന്ന് കനത്ത സമ്മർദമുണ്ടെന്നും കൊലക്കുറ്റത്തിന് കേസെടുക്കാനാണ് ഉത്തരവ് എന്നുമാണ് വിമൽ കിഷോറിനോട് പറഞ്ഞത്.

സത്നാമിന്റെ മരണം വിവാദമായതിനെത്തുടർന്ന് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതലക്കാരിയായിരുന്ന ഐ.ജി. ബി.സന്ധ്യ വള്ളിക്കാവിലെ ആശ്രമത്തിൽ ചെന്ന് അമൃതാനന്ദമയിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയശേഷം അന്വേഷണം ആരംഭിച്ചത് അന്നുതന്നെ വിവാദമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കൽ പോലും ഇവർ സത്നാമിന്റെ കുടുംബത്തെയോ ആ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്ന സഹോദരൻ വിമൽ കിഷോറിനെയോ ബന്ധപ്പെട്ടിട്ടില്ല. തീർത്തും ഏകപക്ഷീയമായ ഒരന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബി.സന്ധ്യ നടത്തിയത്.

സത്നാമിന്റെ മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തലയുടെ പിൻഭാഗത്തെ ക്ഷതവും കഴുത്തിനടുത്തായി സംഭവിച്ച മാരക മുറിവുമെല്ലാം കൊല്ലപ്പെടുന്നതിനും 24 മണിക്കൂർ മുമ്പ് സംഭവിച്ചതാണ് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആഗസ്ത് 4 ന് വൈകീട്ട് 7 മണിയ്ക്കാണ് മരണം സ്ഥിരീകരിക്കുന്നത്. സത്നാം കൊല്ലപ്പെടുന്നതിനാസ്പദമായ സംഭവം നടന്നത് വൈകീട്ട് 3 മണിക്കും 4 മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്ധേവാസികളിൽ നിന്നേറ്റ മർദനമാണ് മരണകാരണമെന്ന് വരുത്തിക്കീർക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളും ജീവനക്കാരും സത്‌നാമുമായി നടന്നുവെന്ന് പറയപ്പെടുന്ന സംഘർഷമല്ല മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. എന്നിട്ടും ഇവരെ മാത്രം പ്രതികളാക്കിയുള്ള റിപ്പോർട്ടാണ് പൊലീസ് സർക്കാറിന് നൽകിയത്. കൃത്യമായ ആസൂത്രണത്തോടെ കൊല്ലാനുറപ്പിച്ച് ആയുധങ്ങളുമായെത്തിയ ഒരു സംഘമാണ് സത്‌നാമിനെ വകവരുത്തിയത് എന്നത് സത്‌നാമിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉന്നത ബന്ധങ്ങളുള്ള ആർക്കോ വേണ്ടി കേസ്സിലെ യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ബോധപൂർവമായ ശ്രമമായിരുന്നു എന്നാണ് സത്‌നാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കാണുന്ന സത്നാമിന്റെ പിതാവ് ഹരീന്ദ്ര സിംഗ്

തിരുവന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നടന്നുവന്ന ഈ കേസിൽ തങ്ങൾ തൃപ്തരല്ല എന്നും, സി.ബി.ഐ അടക്കമുള്ള ഉന്നതതല ഏജൻസികളെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സത്നാമിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിങ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും നേരിൽ കണ്ടിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെത്തുടർന്ന് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നടന്നു വന്ന കേസ്സിന് സ്റ്റേ നൽകിയതിന് ശേഷമാണ് ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നത്. സാധാരണ കീഴ്​ക്കോടതികളിൽ സ്റ്റേ നൽകുന്ന കേസുകൾക്ക് ഹൈക്കോടതിയിൽ മുഖ്യപരിഗണന ലഭിക്കാറുണ്ട്. എന്നാൽ സത്നാമിന്റെ കേസ്സിൽ ഇങ്ങനെയൊരു പരിഗണനയുണ്ടായില്ല എന്നുമാത്രമല്ല, പതിവിന് വിപരീതമായി തുടർച്ചയായി കേസ് മാറ്റിവെക്കുകയാണുണ്ടായത്.

ഒടുവിൽ 2019 ഫെബ്രുവരിയിൽ ഹരീന്ദ്ര സിംഗിന്റെ അപേക്ഷ നിരുപാധികം തള്ളി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനിടയിൽ കേസിലെ പ്രതികളായ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർ മരിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സത്നാം സിങ്ങിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിംഗ് നൽകിയ റിട്ട് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയും ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നടന്ന ഈ കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിൽ അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറും അഡ്വക്കേറ്റ് ജനറലും സാങ്കേതിക പ്രശ്നങ്ങളിൽ ഉന്നിയ എതിർവാദങ്ങളാണ് നിരന്തരം ഉന്നയിച്ചിരുന്നത്. സത്‌നാമിന്റെ മരണവുമായി ബന്ധപ്പെട്ട് അമൃതാനന്ദമയി മഠത്തിന്റെ പങ്ക് സംബന്ധിച്ച്​, സത്‌നാമിന്റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നിരന്തരം ഉന്നയിച്ച സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ മുഖവിലക്കെടുത്തില്ല.

ഹരീന്ദ്ര സിംഗ് / Photo: Shafeeq Thamarassery

പുനരന്വേഷണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും നിയമയുദ്ധം അവസാനിപ്പിക്കാൻ സത്‌നാമിന്റെ കുടുംബം തയ്യാറല്ല. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കായി അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് സത്‌നാമിന്റെ കുടുംബം പറയുന്നത്. 2016-ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റപ്പോൾ സത്‌നാമിന്റെ പിതാവ് അദ്ദേഹത്തെ കണ്ട് തന്റെ പരാതികൾ ബോധിപ്പിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. സത്നാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായി എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.
‘നഷ്ടപരിഹാര തുകയല്ല', നീതിയാണ് തങ്ങൾക്ക് വേണ്ടതെന്നാണ് സത്നാമിന്റെ കുടുംബം അന്ന് അതിനോട് പ്രതികരിച്ചത്. ലഭിച്ച തുക സത്‌നാമിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെക്കുമെന്നും കുടുംബം പ്രഖ്യാപിച്ചു.

സത്നാമിന്റെ യഥാർത്ഥ ഘാതകർ ഇപ്പോഴും തിരശ്ശീലയ്ക്ക് പിറകിൽ മറഞ്ഞിരിക്കുകയാണ്. കൃത്യമായ ലക്ഷ്യങ്ങളോടെ നിഗൂഢമായ ഒരു താത്പര്യത്തിനുവേണ്ടി ഒരുകൂട്ടം ക്രിമിനലുകൾ പണത്തിന്റെയും സ്വാധീനത്തിന്റെയും പിൻബലത്തിൽ നടത്തിയ ഹീനമായ നരഹത്യയെ മൂടിവയ്ക്കാൻ, നീതിന്യായ നിയമസംഹിതകളുടെ ധിക്കാരപൂർവമായ വളച്ചൊടിക്കലാണ് ഇവിടുത്തെ നീതിനിർവഹണ-നിയമപാലക സംവിധാനങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് സത്‌നാം സിംഗ് കേസ് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.

Comments