21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 22
▮
മലയാള നോവൽവായനയിലെ അഭിരുചിമാറ്റങ്ങളെ സൂക്ഷ്മമായി പിന്തുടർന്ന്, പ്രമേയത്തിലും ആഖ്യാനത്തിലും അവയെ ആവാഹിക്കുന്ന എഴുത്തുകാരനാണ് എം. മുകുന്ദൻ. സമീപകാലത്ത് പ്രസിദ്ധീകരിച്ച നോവലുകൾ ഇതിനുദാഹരണങ്ങളാണ്. അയത്‌നലളിതമായ പ്രതിപാദനരീതിയാണ് മുകുന്ദൻ പിന്തുടരാറ്. "ആദിത്യനും രാധയും മറ്റു ചിലരും" എന്ന നോവൽ ഉത്തരാധുനിക രചനശൈലിയും മെറ്റാഫിക്ഷനും പരീക്ഷണാത്മകഎഴുത്തുരീതിയും അവലംബിക്കുന്നതായിരുന്നു. വായനക്കാർക്കിടയിൽ ആധികാരികത നേടിയ മുകുന്ദന്റെ പരീക്ഷണാത്മക ഫിക്ഷനു ശേഷമാണ് രാഷ്ട്രീയ ഭാവുകത്വ അലയൊലിയുള്ള ‘ഒരു ദലിത് യുവതിയുടെ കദനകഥ"യും "പുലയപ്പാട്ടും" രചിക്കുന്നത്. ഒരിടവേളയ്‌ക്കുശേഷം "കുട നന്നാക്കുന്ന ചോയി" എന്ന നോവലിന്റെ രചനയിലൂടെ സാമ്പ്രദായിക ആഖ്യാനത്തിലേക്ക് മടങ്ങിവന്നു. കാവിവൽക്കരണത്തിന്റെ സൂചന നൽകുന്നതായിരുന്നു ഇതിലെ ചില നീരിക്ഷണങ്ങൾ.
സമീപകാലത്ത് എഴുതിയ "നിങ്ങൾ", യുത്തനേഷ്യ അല്ലെങ്കിൽ ദയാവധം എന്ന ഒരു പ്രധാന സമകാലിക പ്രമേയമാണ് വിഷയമാക്കിയത്. പ്രമേയപരമായി സമകാലികമായിരിക്കാനുള്ള മുകുന്ദന്റെ സജീവശ്രദ്ധ ആകർഷണീയമാണ്. മലയാള നോവലിൽ പ്രണയത്തിന്റെ പലതരം ആഖ്യാനങ്ങളിലൂടെ യുവ എഴുത്തുകാർ വായനയിലും വിൽപ്പനയിലുമുണ്ടാക്കിയ സ്വാധീനമാകണം, തികച്ചും വേറെ കാലത്തിലും അനുഭവമണ്ഡലത്തിലും ജീവിക്കുന്ന എം. മുകുന്ദന് "ഏഞ്ചൽ മേരിയിലേക്കുള്ള നൂറു ദിവസം" എഴുതാൻ പ്രചോദനമായത്. എൺപതുകളിലും അതിനുമുമ്പും പ്രണയപരവശരായ പൂവാലന്മാരുടെ ചെയ്തികളുടെ പുനരാഖ്യാനമായി ഈ നോവൽ പരിണമിച്ചു.
2025-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ യഥാർത്ഥത്തിൽ ഒരു ടോക്സിക് (toxic) പ്രണയത്തെയാണ് ആഖ്യാനം ചെയ്യുന്നത്. ഏതാണ്ട് എൺപതുകൾക്കും മുമ്പേ വാണിജ്യസിനിമകളിലെ നായകന്റെ സകലവിധ പരിവേഷവുമുള്ള നോവലിലെ മുഖ്യകഥാപാത്രത്തിന്റെ ത്യാജ്യഗ്രാഹ്യവ്യഗ്രതയിൽ മനസ്സലിഞ്ഞാണ് ഏഞ്ചൽ പ്രണയം മടക്കിനൽകുന്നത്. ഏഞ്ചലിനെ അർജുൻ എന്ന യുവാവിന് മാംസക്കഷണം പോലെ കടിച്ചുപറിച്ചുതിന്നാനുള്ള അനിയന്ത്രിത അഭിലാഷമുണ്ട്. ഇതിനെ ‘നോൺ -വെജ്’ പ്രണയമെന്നൊക്കെ വിളിച്ച് ആകർഷകമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യമധ്യാന്തം നോവൽ ടോക്സിക്കായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. സമ്മതിയില്ലാതെ പിന്തുടരുന്ന അർജുനെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നത് അയാളുടെ സഹോദരിയും.
വായനയിലെ അഭിരുചിമാറ്റത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചപ്പോഴും തന്റെ അനുഭവലോകം വിട്ടുവരാൻ മുകുന്ദന് സാധിക്കുന്നില്ല. ഡിജിറ്റൽ ഉപാധികളെക്കുറിച്ചു പറയുന്ന കൂട്ടത്തിൽ പോസ്റ്റോഫീസും ഈ നോവലിൽ കടന്നുവരുന്നുണ്ട്. അതേസമയം, "നിങ്ങൾ" എഴുതിയ എം. മുകുന്ദൻ ഒരു സമകാലിക പ്രമേയത്തെ മൗലികമായ പ്രതിപാദനശൈലിയാൽ സാന്ദ്രമായ ആവിഷ്‌ക്കാരമാക്കുകയും ചെയ്തു.

സമകാലികവായനയിലെ അഭിരുചിമാറ്റങ്ങൾ ആഖ്യാനസംസ്കാരത്തിൽ എന്തു മാറ്റം വരുത്തി എന്ന് അന്വേഷിക്കേണ്ടതാണ്. പ്രമേയപരമായോ ഭാഷാപരമായോ ആവിഷ്ക്കാരത്തിലോ ആധുനികർ നടത്തിയ പരീക്ഷണങ്ങൾ നടത്താൻ വിമുഖമായ ആഖ്യാനസംസ്കാരമാണ് സമീപകാല രചനകളിൽ കൂടുതലായും കാണുന്നത്.
കഴിഞ്ഞ 25 വർഷങ്ങളിലെ വായനാസംസ്കാരത്തിൽ നോവലുകളുടെ പ്രസിദ്ധീകരണത്തിന്റെ എണ്ണം കൂടിയെങ്കിലും വായനാനുഭവങ്ങളിൽ വിച്ഛേദം സൃഷ്ടിക്കുന്നതോ അനുഭവഭേദങ്ങളെ സാന്ദ്രീകരിക്കരിക്കുന്നതോ ആയ ആഖ്യാനങ്ങൾ നന്നേ പരിമിതമാണ്. വാസ്തവത്തിൽ, വിരലിലെണ്ണാവുന്നതു മാത്രമാണ് ഈയൊരു ഭാഷാദൗത്യം നിർവഹിച്ചത്.
എന്നാൽ ഈ നൂറ്റാണ്ടിന്റെ 25 വർഷങ്ങളിൽ, ഇംഗ്ലീഷ് ഉൾപ്പെടെ വിദേശഭാഷകളിലേക്ക് മലയാള നോവലുകളുടെ വിവർത്തനം വർധിച്ചു എന്നത്, മലയാളത്തിന്റെ ആഖ്യാനാത്മക സാഹിത്യത്തെ സംബന്ധിച്ച് നിർണായകമാണ്. നമ്മുടെ പ്രകൃഷ്ട എഴുത്തുകാരേക്കാൾ മലയാള നോവലുകൾക്ക് ആഗോളീയമായ സാന്നിധ്യവും പുരസ്ക്കാരവും തൊട്ട്, അന്താരാഷ്ട്ര ബെസ്റ്റ്സെല്ലർ ലിസ്റ്റിൽ വരെ പ്രത്യക്ഷമാകാനുള്ള അംഗീകാരം നേടിത്തന്നത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നോവലുകളാണ്. മൊഴിമാറ്റം ചെയ്തവരാണ് ഇക്കാര്യത്തിൽ വഴിത്തിരിവായത്. പേരെടുത്തു പറയുകയാണെങ്കിൽ, ജെ. ദേവിക, ജയശ്രീ കളത്തിൽ, കാതറീൻ തങ്കമ്മ, പ്രേമ ജയകുമാർ, ഫാത്തിമ ഇ.വി., എ. ജെ. തോമസ്, രാജേഷ് രാജമോഹൻ എന്നിവർ.
മലയാളഭാഷാസാഹിത്യത്തിന് പ്രത്യേക ശ്രദ്ധ ഇന്ന് ആഗോളതലത്തിൽ ലഭിക്കുന്നുണ്ട്. ഇതിന്റെ ഒരു നിഷേധാത്മകവശമെന്നത്, ആഗോളവിപണി മുന്നിൽക്കണ്ട് പല എഴുത്തുകാരും രചന നടത്തുന്നു എന്നതാണ്.
മലയാള സാഹിത്യ വകുപ്പുകളിലെ ശുഷ്കപാണ്ഡിത്യങ്ങളേക്കാൾ ഭാഷയ്ക്കും ഭാഷയിലെ എഴുത്തിനും അന്താരാഷ്ട്ര പ്രശംസ നേടിത്തന്നത് ഇതര ഭാഷാ- വൈജ്ഞാനിക മേഖലയിൽനിന്ന് വന്നവരാണ്.
കഴിഞ്ഞ 25 വർഷങ്ങളിൽ മലയാളത്തിന്റെ വായനാതാൽപര്യങ്ങളും ഗണ്യമായി മാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യംവരെ മലയാളത്തിൽ ‘സ്വയം സഹായ പുസ്തകങ്ങൾ’ (self-help) എന്നാൽ ഒട്ടു മിക്കതും മനഃശാസ്ത്രസംബന്ധമായ ജനപ്രിയ രചനകളായിരുന്നു. അതിനപ്പുറം ദൈനംദിന ജീവിതത്തിന് പ്രചോദനാത്മകമായ രചനകളില്ല എന്നു തന്നെ പറയാം. അസാധാരണ സഞ്ചാര അനുഭവങ്ങളും. ആത്മപ്രചോദനാത്മകമായ പുസ്തകങ്ങളുടെ വൻവിപണിയും ഇതര സാഹിത്യശാഖകളെ കവച്ചുവെച്ച് വികസിതമായിട്ട് ഒന്നുരണ്ട് ദശകങ്ങളേ ആയിട്ടുള്ളൂ. സാഹിത്യേതരമായ പ്രചോദനാത്മക ആത്മാനുഭവരചനകൾക്ക് പ്രോത്സാഹനമായത് സൈബർ മലയാളം രചനയാണ്. സൈബർ കുറിപ്പുകളിലെ വ്യക്തിയനുഭവങ്ങളുടെ സ്വീകാര്യതയാണ് പ്രസാധകരെ ഇതിന്റെ വിപണിയെക്കുറിച്ച് ബോധവാന്മാരാക്കിയത്. ഇത് ആഗോളതലത്തിൽ തന്നെയുള്ള പ്രവണതയാണ്.
പ്രചോദനാത്മക പുസ്തകങ്ങളുടെ വൻവിപണി ഇംഗ്ലീഷിൽ വളരെ മുമ്പേ വികസിതമാണ്. ഡേൽ കാർണഗീയുടെ പുസ്തകത്തെ കുറിച്ചല്ല പറയുന്നത്. അത് വളരെ മുമ്പേ വിപണിയിൽ ലഭ്യമായിരുന്നു. ഉപഭോക്തൃജീവിതത്തിന്റെ കാംക്ഷകളെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രചോദിപ്പിക്കുന്ന ഉപദേശ- നിർദേശങ്ങളടങ്ങിയ ആത്മാനുഭവനീരിക്ഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകങ്ങളുടെ കേരളത്തിലെ വായനവിപണിയാണ് മലയാളവായനയുടെ ആഗോളീകരണത്തിന്റെ മറ്റൊരു പ്രധാന സൂചന.

മലയാളസാഹിത്യം കഴിഞ്ഞ 25 വർഷങ്ങളിൽ മുമ്പില്ലാത്തവിധം ആഗോളതലത്തിലേക്ക് വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭാഷാസാഹിത്യ കൃതികൾക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ‘സ്ക്രോൾ’ പോലുള്ള ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാപ്രസിദ്ധീകരണങ്ങളിൽ വരുന്ന റിവ്യൂകളും മറ്റുമാണ് പ്രധാനമായും ആഗോളശ്രദ്ധ ആകർഷിക്കാൻ കാരണം.
എൺപതുകളിൽ 'ഇല്ലസ്ട്രേഡ് വീക്കിലി' പോലുള്ള പ്രസിദ്ധീകരണങ്ങൾ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുമായിരുന്നു. എങ്കിലും, മലയാളത്തിലെ എല്ലാ എഴുത്തുകാർക്കും ഒരേപോലെ അംഗീകാരം ലഭിച്ചിട്ടില്ല. എം.ടി വാസുദേവൻനായരുടെ കൃതികളുടെ വിവർത്തനങ്ങൾ ഇംഗ്ലീഷിൽ ലഭ്യമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നോവലുകൾക്ക് ശ്രദ്ധ ലഭിച്ചിട്ടുണ്ടാകാമെങ്കിലും ആഗോളതലത്തിൽ മലയാളസാഹിത്യം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. റിച്ചാർഡ് ആഷറുടെ ബഷീർ കൃതികളുടെ വിവർത്തനങ്ങളും എഡിൻബറോ സർവകലാശാല അത് പ്രസിദ്ധീകരിച്ചതും, ഏറെക്കുറെ അക്കാദമിക് മണ്ഡലത്തിൽ ഒതുങ്ങിനിന്നു. വി. അബ്ദുള്ളയുടെ വിവർത്തനം ബഷീറിന്റെ രചനകൾക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. തകഴിയുടെ രചനകളുടെ വിവർത്തനവും ഒരു പരിധിക്കപ്പുറം ശ്രദ്ധ നേടിയിട്ടുണ്ടോ എന്ന് സംശയമാണ്.
ഡോ. വിനിൽ പോളിന്റെയും മുഹമ്മദ് കൂരിയയുടെയും പുസ്തകങ്ങൾ 25 വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഇത്രയും സ്വീകാര്യമാകുംവിധം പ്രസിദ്ധീകരിക്കപ്പെടുമായിരുന്നോ എന്ന് സംശയമാണ്.
മലയാള സാഹിത്യം എന്നത് ഇവിടെ നോവൽ /ചെറുകഥ സാഹിത്യത്തിലേക്ക് പരിമിതപ്പെടുന്നു. മലയാളത്തിൽ അന്താരാഷ്ട പ്രസിദ്ധിയാർജ്ജിച്ച എഴുത്തുകാരൻ ഒ. വി. വിജയനാണ്. അദ്ദേഹം സ്വന്തമായി നടത്തിയ വിവർത്തനങ്ങൾ പെൻഗ്വിൻ പോലുള്ള വൻകിട പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്. സമീപകാലത്താണ് സക്കറിയയുടെ മലയാളം രചനകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
മലയാളഭാഷാസാഹിത്യത്തിന് പ്രത്യേക ശ്രദ്ധ ഇന്ന് ആഗോളതലത്തിൽ ലഭിക്കുന്നുണ്ട്. ഇതിന്റെ ഒരു നിഷേധാത്മകവശമെന്നത്, ആഗോളവിപണി മുന്നിൽക്കണ്ട് പല എഴുത്തുകാരും രചന നടത്തുന്നു എന്നതാണ്. വിവർത്തനത്തിനായി എഴുതപ്പെടുന്ന ഇത്തരം രചനകൾ ആത്യന്തികമായി ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക സ്വത്വസാരാംശത്തെ ലോപിപ്പിക്കുകയും ചർവിതചർവണഎഴുത്തുകളായി മാറുകയും ചെയ്യുന്നു.

പുസ്തകപ്രസാധനത്തിൽ വന്ന മാറ്റങ്ങൾ വായനാസംസ്കാരത്തെയും വായനയുടെ അഭിരുചിയിൽ വന്ന മാറ്റം പ്രസാധകമേഖലയെയും സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യം, സാഹിത്യവിമർശനം എന്നതിനപ്പുറമുള്ള വിസ്തൃതമേഖലകളിലേക്ക് വായനാസംസ്കാരം മാറി. ഇതിന്റെ ഭാഗമായി പുതിയ പ്രസാധകസംഘങ്ങൾ തന്നെ ഉയർന്നുവന്നു. വൈജ്ഞാനിക സാഹിത്യമേഖലയ്ക്ക് മലയാളത്തിൽ വിപുലമായ വായനാസമൂഹമുണ്ട്. സർക്കാർ തലത്തിലുള്ള പ്രസാധകർ നിരുന്മേഷജനകമായി പ്രസിദ്ധീകരിച്ചിരുന്ന ചരിത്ര, സാമൂഹ്യവൈജ്ഞാനിക പുസ്തകങ്ങൾ വായിക്കാൻ മോഹിപ്പിക്കുന്നവിധം സ്വകാര്യ പ്രസാധകർ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഡോ. വിനിൽ പോളിന്റെയും മുഹമ്മദ് കൂരിയയുടെയും പുസ്തകങ്ങൾ 25 വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഇത്രയും സ്വീകാര്യമാകുംവിധം പ്രസിദ്ധീകരിക്കപ്പെടുമായിരുന്നോ എന്ന് സംശയമാണ്. മലയാളത്തിലെ വായനയുടെ സംസ്കാരവും മാറിയെന്നതിന്റെ തെളിവാണ് ചരിത്ര സാമൂഹികവിജ്ഞാന പുസ്തകങ്ങൾക്കുള്ള സ്വീകാര്യത ദൃശ്യമാക്കുന്നത്. കവർ ഡിസൈനിൽ വന്ന മാറ്റം തന്നെ പ്രത്യേകം പഠിക്കേണ്ടതാണ്. സൈനുൽ ആബിദ് പുസ്തക ഡിസൈനിൽ സൃഷ്ടിച്ചത് ഒരു പിക്കാസോയെൻ വിപ്ലവമാണ്.

മലയാളത്തിൽ നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ പ്രസാധകരംഗത്തെ വിച്ഛേദമായി കാണണം. നളിനി ജമീലയുടെ ആത്മകഥ പ്രസിദ്ധീകരിച്ചതിനെതിരെ പരസ്യമായും സ്വകാര്യമായും ശബ്ദമുയർത്തിയത് മലയാളത്തിലെ ആധുനികരായ എഴുത്തുകാരും യാഥാസ്ഥിതികരായ സാഹിത്യവിമർശകരുമാണ്. അവരുടെ സങ്കുചിത വീക്ഷണത്തിൽ ലൈംഗിക തൊഴിലാളികൾ -ആധുനിക പുരുഷ എഴുത്തുകാരന്റെ ഭാഷയിൽ വേശ്യകൾ / തേവിടിശ്ശികൾ- സ്വയം പ്രതിനിധാനം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരാണ്. ആഗോളീയമായ മാറ്റങ്ങളുടെ പ്രവണത മലയാളപ്രസാധനരംഗത്തേക്കു കടന്നുവരുന്നതിന്റെ ആദ്യ സൂചനയായി ഈ പുസ്തകത്തിന്റെ പ്രസാധനത്തെ കാണാം.
ഇന്ത്യൻ ഇംഗ്ലീഷിലും ഇതര ആഗോള ഭാഷകളിലും പേഴ്സണൽ എഴുത്തുകൾ സവിശേഷമായ ഴാനറായി (genre) വേറിട്ടുനിന്നിരുന്നു. ദലിത് വ്യക്തിഗത എഴുത്തുകളും ആത്മകഥകളും പുതിയൊരു അനുഭവഭൂഖണ്ഡം കണ്ടെത്തി. മലയാളത്തിൽ അല്പം വൈകിയാണ് എഴുത്തിന്റെ സവിശേഷമായ വ്യക്തിഗതരചനകളുടെ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത്. സുപ്രസിദ്ധരുടെ ജീവിതകഥകളുടെ പ്രസിദ്ധീകരണത്തിലേക്ക് പരിമിതപ്പെട്ടിരുന്ന എഴുത്തിന്റെ ഒരു മേഖല വ്യക്തിഗതരചനകളുടെ പ്രസിദ്ധീകരണത്തോടെ വിസ്തൃതമായി. കേരളത്തിന്റെ നവസാമൂഹിക ഭാവുകത്വം വ്യക്തമാക്കുന്നതാണ് വായനാനുഭവമണ്ഡലത്തിന്റെ നവവിസ്തൃതി.

എം. കുഞ്ഞാമന്റെ ‘എതിര്’ കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിക്കുമായിരുന്നില്ല. മലയാള വായനയിൽ സംഭവിച്ച മൗലികമായ മാറ്റത്തിന്റെ തെളിവാണ് ഈ പുസ്തകം, അത് എഴുത്തിനെയും വായനയെയും ബൃഹത്താക്കി. മലയാളത്തിൽ, നോൺ ഫിക്ഷൻ എന്ന് അടയാളപ്പെടുത്തുന്ന വൈജ്ഞാനികമേഖലയിൽ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളാണ് പ്രധാനമായും കഴിഞ്ഞ 25 വർഷങ്ങളിലെ ശ്രദ്ധേയമായ പരിവർത്തനം. നാനാവിഷയങ്ങളിൽ ഇതിന്റെ പ്രതിഫലനം കാണാം.
ശാസ്ത്രീയ കുറ്റാന്വേഷണരചനകൾക്കും പോലീസ് കഥകൾക്കും മുമ്പേ മലയാളത്തിൽ വായനക്കാരുണ്ടായിരുന്നു. എങ്കിലും ഈ ശാഖ കാര്യമായ വികാസം നേടിയിരുന്നില്ല. മലയാളത്തിൽ കഴിഞ്ഞ 25 വർഷത്തിൽ ഏറ്റവും വിൽക്കപ്പെട്ടതും വായിക്കപ്പെട്ടതുമായ ശാസ്ത്രീയ കുറ്റാന്വേഷണ പുസ്തകങ്ങൾ ഡോ. ബി. ഉമാദത്തന്റെയാണ്. "കുറ്റാന്വേഷണത്തിന്റെ വൈദ്യശാസ്ത്രം", "ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ", "കലാപം: ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണ യാത്രകൾ" എന്നിവ മലയാള വായനയിലും പ്രസാധനത്തിലും സവിശേഷസംഭവമായി (event) കാണേണ്ടതാണ്. ഷേർളി വാസുവിന്റെ "പോസ്റ്റ്മാർട്ടം ടേബിൾ’’ സമാന പരിഗണന അർഹിക്കുന്നു.
മലയാളത്തിലെ പോപ്പുലർ സയൻസ് വായന ഏറെക്കുറെ പാരിഷത്തിക ശൈലിയാണ് പിന്തുടർന്നിരുന്നത്. പോപ്പുലർ സയൻസ് വായനയ്ക്ക് മലയാളത്തിൽ സവിശേഷ സ്ഥാനമുണ്ട്. പാരിഷത്തിക ഭാഷാശൈലിയിലും വിഷയപ്രതിപാദനത്തിലും ശാസ്ത്രീയ സമീപനത്തിലും ഭിന്നമായ പോപ്പുലർ സയൻസ് രചനകൾ മലയാളത്തിൽ വായനയ്ക്ക് ഉണർവേകി.

എടുത്തുപറയേണ്ട ഒരു പ്രധാന എഴുത്തുകാരനാണ് എതിരൻ കതിരവൻ. അന്തർവൈജ്ഞാനികതയിലൂന്നിയുള്ള വിശകലനങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്ത്. കഴിഞ്ഞ 25 വർഷങ്ങളിൽ മലയാളത്തിന് ലഭിച്ച ഏറ്റവും മൗലികതയുള്ള ചിന്തകനാണ് അദ്ദേഹം. സിനിമഗാനങ്ങളെക്കുറിച്ചുള്ള പഠനം മുതൽ മസ്തിഷ്ക്കത്തെ സംബന്ധിച്ച പോപ്പുലർ സയൻസ് സ്വഭാവമുള്ള രചനകൾ വരെ അദ്ദേഹത്തിൽനിന്നുണ്ടായി. സാമൂഹ്യവിജ്ഞാനത്തിലേക്ക് ഉൾക്കാഴ്ച നൽകുന്ന മലയാളിയുടെ ജനിതകം പോലുള്ള സവിശേഷ എഴുത്തുകളും അദ്ദേഹത്തിൽനിന്ന് മലയാളത്തിന് ലഭിച്ചു.
ന്യൂറോളജിക്കൽ പഠനങ്ങളുമായി ബന്ധപ്പെട്ട് ഡോ. കെ. രാജശേഖരൻ നായരുടെ പഠനങ്ങൾക്കും അനുഭവകുറിപ്പുകൾക്കും മലയാളത്തിൽ ഏറെ വായനക്കാരുണ്ട്. വൈജ്ഞാനികരചനകളിൽ വിസ്ഫോടക സാഹിത്യങ്ങൾ (literatures) മലയാളഭാഷയുടെ ജ്ഞാനവിതാനത്തെ വിസ്തൃതമാക്കിയത് കഴിഞ്ഞ 25 വർഷങ്ങളിലാണ്. നിരവധി പുതിയ എഴുത്തുകാരും പ്രസാധകരുമുണ്ടായി.
മലയാളവായനയിൽ സംഭവിച്ച മറ്റൊരു പ്രധാന ഷിഫ്റ്റ്, വിദേശ സാഹിത്യത്തിൽ നിന്നുള്ള മലയാള വിവർത്തനങ്ങളാണ്. ആധുനിക ക്ലാസ്സിക്കുകളിലേക്ക് പരിമിതപ്പെട്ടിരുന്ന മൊഴിമാറ്റങ്ങൾ ഇന്ന് ലോകസാഹിത്യത്തിലെ വ്യത്യസ്ത ഴാനറുകളിൽ നിന്നുള്ള വിവർത്തനങ്ങളായി വായനക്കാർക്ക് ലഭ്യമാകുന്നു.
ലോകത്താകമാനം പുസ്തകക്കടകൾ പൂട്ടുന്നുവെന്ന വാർത്തകൾക്കിടയിൽ കേരളത്തിൽ പുസ്തകക്കടകളുടെ എണ്ണം കഴിഞ്ഞ കാലങ്ങളിൽ വർധിച്ചു. ശ്രദ്ധ നേടിയ പുസ്തകങ്ങൾ ആദ്യം പ്രസിദ്ധീകരിച്ചത് പുതിയ പ്രസാധകരാണ്. എടുത്തുപറയേണ്ടതാണ് ബെന്യാമിന്റെ "ആടുജീവിത"വും പി. എഫ്. മാത്യൂസിന്റെ "അടിയാളപ്രേത"വും. പ്രസിദ്ധ പ്രസാധക ബ്രാന്റുകളല്ല ഇവ രണ്ടും ആദ്യം പ്രസിദ്ധീകരിക്കുന്നത്.
പ്രസാധകവൈവിധ്യത്തിന്റെ ചിത്രം കാണണമെങ്കിൽ മലയാളത്തിൽ ഇസ്ലാമിക വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രസിദ്ധീകരണങ്ങളെയും പ്രസാധകരെയും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സമാനമായി കീഴാള സാംസ്കാരിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടും മുമ്പില്ലാത്തവിധം പുസ്തകവൈപുല്യം കാണാം. ഇതെല്ലാം സാമൂഹ്യമായി സംഭവിച്ച വലിയ മാറ്റങ്ങളുടെ ദൃഷ്ടാന്തങ്ങളാണ്, ഒപ്പം ഭാവുകത്വപരമായ വ്യതിയാനത്തിന്റെ അടയാളപ്പെടുത്തലും.

തൊണ്ണൂറിന്റെ ആദ്യ പകുതിയിലാണെന്നു തോന്നുന്നു, കെ. കെ. കൊച്ചിന്റെ "സംസ്കാരവും കലാപവും" വാങ്ങുന്നതും വായിക്കുന്നതും. ഒരു സമാന്തര പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് പ്രസാധനത്തിൽ അത്ഭുതം സൃഷ്ടിച്ചിരുന്ന മൾബറി ഷെൽവിയാണ് എം. എൻ. വിജയന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. മലയാള വായനയിൽ വിപ്ലവകരമായ ഇടപെടലുകൾ നടത്തിയ പ്രസാധകരാണ് മൾബറി എന്ന് നിസ്സംശയം പറയാം. എം. എൻ. വിജയന് ആരാധകവൃന്ദമുണ്ടായിരുന്നൊരു കാലമാണത്. സി. പി. എം. രാഷ്ട്രീയത്തിനോട് ചേർന്നുനിന്നിരുന്ന വിജയൻ മാഷുടെ ആരാധകർ കെ.കെ. കൊച്ച് എന്ന സാമൂഹ്യവൈജ്ഞാനികന്റെ പേര് അക്കാലത്ത് പരാമർശിച്ചിരുന്നുവോ എന്നത് പോകട്ടെ, ആ പേര് കേട്ടിരുന്നുവോ എന്നു പോലും സംശയമാണ്.
എന്നാൽ, കഴിഞ്ഞ 25 വർഷത്തിൽ കേരളത്തിൽ കീഴാള സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവകാശാധിഷ്ഠിത സ്വത്വവാദരാഷ്ട്രീയവും സൃഷ്ടിച്ച ചിന്താപരവും ഭാവുകത്വപരമായ മാറ്റത്തിന്റെ പ്രതിഫലനമാണ്, കെ. കെ. കൊച്ചിന്റെ രചനകൾ മുഖ്യധാരാ പ്രസാധകർ ഏറ്റെടുത്തു പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കൊച്ചിന്റെ ഒരു ലേഖന സമാഹാരത്തിന്റെ പേര് "ഇടതുപക്ഷമില്ലാത്ത കാലം" എന്നാണ്. ഇത് മറ്റൊരു വസ്തുത കൂടി അടയാളപ്പെടുത്തുന്നു. വ്യവസ്ഥാപിത ഇടതുപക്ഷ വായനയുടെയും അന്വേഷണങ്ങളുടെയും ഭാവുകത്വത്തിന്റെയും പുറത്താണ് മലയാളവായനയിൽ കാതലായ മാറ്റം സംഭവിച്ചത്. ഇടതുപക്ഷവായന വൈജ്ഞാനികമായി മുരടിച്ചു പോയിരുന്നു. ഈയൊരു യാഥാർഥ്യത്തിന്റെ അർദ്ധപ്രജ്ഞമായ തിരിച്ചറിവ് വ്യവസ്ഥാപിത ഇടതുപക്ഷ പ്രസാധകമേഖലയിലും കാണാം. അതുകൊണ്ട് അവർ വ്യവസ്ഥാപിത ഇടതുപക്ഷത്തിനുപുറത്ത് ചിന്തകൾ വികസിപ്പിച്ചവരുടെ രചനകൾ പാർട്ടി സ്ഥിരംനിക്ഷേപവായനക്കാരുടെ പ്രലോഭനീയ സാന്നിധ്യം ബോധ്യപ്പെടുത്തി, ആകർഷിച്ചുവെന്നു തോന്നുന്നു. ആശയവിപണിയുടെ മത്സരങ്ങളിലും ബിസിനസ്സ് മൈക്രോസമ്പദ്ശാസ്ത്രം പ്രയോഗക്ഷമമാണ്.
മലയാളവായനയിൽ സംഭവിച്ച മറ്റൊരു പ്രധാന ഷിഫ്റ്റ്, വിദേശ സാഹിത്യത്തിൽ നിന്നുള്ള മലയാള വിവർത്തനങ്ങളാണ്. ആധുനിക ക്ലാസ്സിക്കുകളിലേക്ക് പരിമിതപ്പെട്ടിരുന്ന മൊഴിമാറ്റങ്ങൾ ഇന്ന് ലോകസാഹിത്യത്തിലെ വ്യത്യസ്ത ഴാനറുകളിൽ നിന്നുള്ള വിവർത്തനങ്ങളായി വായനക്കാർക്ക് ലഭ്യമാകുന്നു. എന്നാൽ, വഴിപാട് മൊഴിമാറ്റങ്ങൾ ഭാഷയുടെ നവീകരണത്തെ തടസ്സപ്പെടുത്തുന്നുമുണ്ട്. വിവർത്തനങ്ങൾക്കുള്ള വിപണി മുൻനിർത്തി മൊഴിമാറ്റത്തിന്റെ മേന്മ പരിഗണിക്കാതെ പ്രസിദ്ധീകരിക്കുന്ന രീതി മലയാളത്തിനും വിവർത്തനം ചെയ്യപ്പെടുന്ന കൃതിക്കും അനുഗുണമല്ല. വിവർത്തനകൃതികൾ സർഗാത്മക കൃതികളുടെ പരിഭാഷകളിൽ മാത്രം പരിമിതപ്പെടുന്നില്ല. വ്യത്യസ്ത ജ്ഞാനമേഖലകളിൽ നിന്നുമുള്ള കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ട്. മുൻചൊന്ന പരിമിതി സൂചിപ്പിക്കുമ്പോഴും വിവർത്തനരചനകൾ മലയാളീമനോഭാവങ്ങളെ സാർവ്വദേശീയതലങ്ങളിലേക്ക് വിസ്തൃതമാക്കുന്നു.

പ്രവാസസാഹിത്യം,
പ്രതിനിധാനം,
വായനസമൂഹം
മലയാളവായന വിപുലമാകാനുള്ള ഒരു പ്രധാന കാരണം, പ്രവാസി വായനാസമൂഹം മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകുന്ന ആഗോള അംഗീകാരമാണ്. വിസ്തൃതമായ വായനാസമൂഹം ഇന്ത്യക്കു വെളിയിൽ ജോലി ചെയ്യുന്ന മലയാളികൾക്കിടയിലുണ്ട്. ഗൾഫ് പ്രവാസികൾക്കിടയിൽ ഈയൊരു വായനാസംസ്കാരം വളരെ മുമ്പേ ഉണ്ടായിരുന്നു, യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള സ്ഥിരം പ്രവാസം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ വർധിച്ചു. ഈ ഘട്ടത്തിലെ പ്രവാസത്തിന്റെ സവിശേഷത നാടുമായും നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക സംഭവവികാസങ്ങളുമായും ദൈനംദിനം ബന്ധപ്പെടാനുള്ള താൽപര്യമാണ്. സാങ്കേതികവിദ്യകളുടെ വികാസം ഇതിന് അനുഗുണമാവുകയും ചെയ്തു. ഈ നിത്യസമ്പർക്കം മലയാളവായനയുടെ ആഗോളീകരണത്തിനിടയാക്കുക മാത്രമല്ല, പ്രവാസിമലയാളസാഹിത്യത്തെ സവിശേഷ ശാഖയായി വികസിപ്പിക്കുകയും ചെയ്തു.
മലയാളത്തിൽ അടുത്ത 25 വർഷത്തിൽ സംഭവിക്കാൻ പോകുന്ന വിപ്ലവകരമായ പ്രതിനിധാനമായിരിക്കും, അന്തർ സംസ്ഥാന തൊഴിലാളികളുടെ സർഗാത്മക- വൈജ്ഞാനിക രചനകൾ.
മലയാളം ഒരു ഗൃഹാതുര ഭാഷയായല്ല സമീപകാല പ്രവാസിരചനകളിൽ കടന്നുവരുന്നത്; പകരം ജീവത്തായ സാംസ്കാരിക സംവേദനം സാധ്യമാക്കുന്ന ഭാഷാസംസ്കാരമായാണ്. സ്ഥലകാല പ്രതിനിധാനങ്ങളിൽ മാറ്റം വരുത്തുന്നുവെന്നു മാത്രമല്ല, വായനയിലും അത് മാറ്റം സാധ്യമാക്കുന്നു. ഭാഷാസാഹിത്യപഠനത്തിൽ പ്രവാസിസാഹിത്യം സവിശേഷ പഠനമേഖലയായി ഉയർന്നുവരുന്നുണ്ട്.
ഈയൊരു വിസ്തൃതഭൂമികയിലേക്ക് മലയാള പുസ്തകങ്ങൾ മാത്രമല്ല, മലയാളികളായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ പുസ്തകങ്ങളും മലയാളി പുതുതലമുറക്കാരെ സ്വാധീനിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുടെ, വിദേശത്തുതന്നെ ജനിച്ചു വളർന്ന സന്തതികൾ കേരളത്തെ അനുഭവിക്കുന്നത് അരുന്ധതി റോയിയുടെ, എബ്രഹാം വർഗീസിന്റെ, അനീസ് സലീമിന്റെ, സഹറു നുസൈബ കണ്ണനാരിയുടെ നോവൽ രചനകളിലൂടെയാണ്. കേരളീയ അനുഭവങ്ങളുടെ സൂക്ഷ്മപ്രതിനിധാനങ്ങൾ ഇവരുടെ രചനകളിലൂടെ ഇന്ത്യയിലും പുറത്തും മലയാളികളുടെ അനുഭവലോകത്തെ വിസ്തൃതമാക്കുന്നു. കേരളത്തിൽ നിന്നുള്ള അക്കാദമിക് ഗവേഷകരുടെ രചനകളും അക്കാദമിക് തലങ്ങളിൽ കേരളത്തെക്കുറിച്ച് പുത്തനൊരു ജിജ്ഞാസ ഉണർത്തുന്നുണ്ട്. മലയാള സാഹിത്യത്തിലെ പ്രതിനിധാനങ്ങളെകുറിച്ചാണ് പരാമർശിച്ചത്; മലയാളികളുടെ രചനകളിലെ പ്രതിനിധാനങ്ങൾ എന്നർത്ഥത്തിൽ. സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവൽസാഹിത്യപ്രതിനിധാനമായ "ബിരിയാണി" അന്തർ സംസ്ഥാനതൊഴിലാളിയെക്കുറിച്ചുള്ള മലയാളി പ്രതിനിധാനമാണ്.

മലയാളത്തിൽ അടുത്ത 25 വർഷത്തിൽ സംഭവിക്കാൻ പോകുന്ന വിപ്ലവകരമായ പ്രതിനിധാനമായിരിക്കും, ഈ തൊഴിലാളികളുടെ സർഗാത്മക- വൈജ്ഞാനിക രചനകൾ. മലയാളഭാഷയുടെ സർഗാത്മകതയിൽ അവഗാഹം നേടിയ ഈ തൊഴിലാളികളുടെ സന്തതിപരമ്പരകൾ മലയാളത്തിലും അവരുടെ മാതൃഭാഷകളിലും കേരളത്തെയും മലയാളി ജീവിതത്തെയും വരച്ചിടും. ഈ ദ്വിഭാഷാപ്രതിനിധാനങ്ങളാണ് മലയാളിയുടെ സാംസ്കാരികാനുഭവത്തെ കൂടുതൽ തീക്ഷ്ണമാക്കാൻ പോകുന്നത്, സർഗ്ഗാത്മകമായ സ്വയം കണ്ടെത്തലിനുള്ള അവസരം സൃഷ്ടിക്കാൻ പോകുന്നത്. സർഗാത്മകമായ ഈ രാഷ്ട്രീയാനുഭവത്തെ വളരെ ജിജ്ഞാസയോടെയാണ് മലയാളികൾ പ്രതീക്ഷിക്കേണ്ടത്. കാലാവസ്ഥാമാറ്റവും കാലാവസ്ഥാ കുടിയേറ്റവും മലയാളികളെ കാത്തിരിക്കുന്ന പ്രതിസന്ധിയാകാമെങ്കിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ രചനകൾ മലയാളി ആവാസവ്യവസ്ഥയെയും ഉണ്മയെയും തിരിച്ചറിയാനുള്ള സാഹചര്യമായിരിക്കും സൃഷ്ടിക്കുക.
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപരിക്കുന്ന നാഗരിക ഫോക്ക്ലോർ (urban folklore) ഇപ്പോൾ തന്നെ കേരളത്തിന്റെയും മലയാളികളുടെയും പ്രതിനിധാനത്തെ അടയാളപ്പെടുത്തുന്നുണ്ട്. വലിയ വിജ്ഞാനസംഭരണിയാണ് സമകാലികമായി രൂപപ്പെടുന്ന ഈ അർബൻ ഫോക് ലോർ. മലയാളികളുടെ അല്പത്തവും കാപട്യവും അതേസമയം ഹൃദയവിശാലതയും നന്മയുമൊക്കെ അന്തർ സംസ്ഥാന തൊഴിലാളിയുടെ പ്രതിനിധാനങ്ങളിൽ, മലയാളികൾക്ക് അവരുടെ വർഗ- സ്വത്വബോധത്തിനാധാരമാകുന്ന തിരിച്ചറിവ് നൽകും.
ഇതോടൊപ്പം, മലയാള എഴുത്തുലോകത്തേക്ക് ആഭ്യന്തര കുടിയേറ്റക്കാരുടെ ഒരു പുതിയ വായനസമൂഹവും കടന്നുവരികയാണ്. അത്തരം സാംസ്കാരിക സമ്പർക്കങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു; ഒപ്പം മലയാളവായന വിസ്തൃതമാവുകയും ചെയ്യുന്നു. അവർക്കായി പ്രസാധകർ മിഴിയും മൊഴിയും തുറന്നിരിക്കുക. മലയാളം അനുഭവധ്വനിസാന്ദ്രമാകാൻ പോവുകയാണ്.

വായനയ്ക്കു പകരം സ്ക്രോളായന
വായന മരിച്ചെന്ന ആക്രാന്തനിലവിളി സാംസ്കാരിക നായകരുടെ സ്ഥിരം പരിപാടിയായിരുന്നു. ഇപ്പോൾ അതല്പം ശമിച്ചിട്ടുണ്ട്. എന്താണ് അതിനുപിന്നിലെ യഥാർത്ഥ കാരണം?.
സാംസ്കാരിക നായകരുടെ പുസ്തകങ്ങൾ വാർഷികചെലവുകളുടെ ഭാഗമായി സംസ്ഥാന സർക്കാർ സഹായം ലഭിക്കുന്ന വായനശാലകൾ വാങ്ങാറുണ്ടെങ്കിലും പൊതുവായനയും വില്പനയും കുറഞ്ഞുവരുന്നുവെന്ന ദണ്ണമാണ് അവരുടെ കരച്ചിലിനു കാരണം. വായനയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സാംസ്കാരിക നായകർ അജ്ഞരാണ്. ഒട്ടുമിക്ക സാംസ്കാരിക വരേണ്യരുടെയും ജ്ഞാനതൃഷ്ണയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ഡെമോഗ്രാഫിക് സെൻസസ് പോലെ പ്രധാനമാണ്. ഇവർ ‘സാംസ്കാരിക നഭസ്സി’ൽ തന്നെ നിലകൊള്ളുന്നത് പഴയ ഭാണ്ഡങ്ങൾ പേറിയാണ്, പിന്നെ മാധ്യമ ഒത്താശയോടെയും.
വായനയുടെ മരണത്തെക്കുറിച്ചുള്ള ഇവരുടെ പഴയ ഗദ്ഗദങ്ങൾ കേൾക്കാത്തതിന് പ്രധാന കാരണം, ഇവരുടെ ആശയവിപണനം ഇന്ന് കൂടുതലും ഡിജിറ്റൽ മാധ്യമമായ യുട്യൂബിലൂടെയാണ് എന്നതാണ്. പ്രത്യേകിച്ചൊരു സാങ്കേതിക നൈപുണിയും ആവശ്യമില്ല, യുട്യൂബ് ആശയപ്രസാധനത്തിന്. ക്യാമറയ്ക്കുമുന്നിൽ ഉപവിഷ്ടരാവുക, വെച്ച് കീച്ചുക, ടൈംലൈൻ എഡിറ്റ് നിർവഹിക്കുക, അപ് ലോഡ് ചെയ്യുക. റെഡിയാണ്, ആഗോള പ്രേക്ഷകസമൂഹം. അല്പം പൊടിപ്പും തൊങ്ങലും പിന്താങ്ങാൻ സൈബർ ഗ്രൂപ്പുകളുമുണ്ടെങ്കിൽ നിഷ്പ്രയാസം ലോകശ്രദ്ധയിലാണ് യൂട്യൂബ് വാഗ്ധോരണി. എഴുത്തിന്റെയും വായനയുടെയും ലോകമല്ല ഇത്. എഴുത്തിൽ പ്രകടമാകേണ്ട വിശകലനാത്മക യുക്തി യൂട്യൂബ് പ്രഭാഷണത്തിൽ ഒരധികപ്പറ്റാണ്. ഡേറ്റ ലഭ്യതയും ഡേറ്റ വേഗതയും ഡേറ്റ ചെലവും കുറഞ്ഞതോടെ പ്രായഭേദമന്യേ തലമുറകൾ യൂട്യൂബിലാണ്, ഇൻസ്റ്റയിലാണ്. പ്രായഭേദമെന്യ മലയാളികൾ പോഡ്കാസ്റ്റ് ശ്രവിതാക്കളാണ്. ഇതിനുപുറമെ മുഴുവൻ കാണണമെന്നുമില്ല, ഫാസ്റ്റ് ഫോർവേഡ് ചെയ്യാം. AI ഉപയോഗപ്പെടുത്തി മൊത്തത്തിന്റെ ചുരുക്കം ലഭ്യമാക്കാം. യൂട്യൂബ് ഷോർട്സും ഇൻസ്റ്റാ റീൽസും വിവരങ്ങൾ ശേഖരിക്കാനും കാപ്സ്യൂൾ പരുവത്തിൽ ജ്ഞാനം ലഭ്യമാക്കാനും സഹായകമാണ്. ഒരു പുസ്തകം വായിക്കാനെടുക്കുന്ന സമയത്തിന്റെ പകുതിയുടെ പകുതിയിൽ അനേകം വീഡിയോകളിലൂടെ സഞ്ചരിക്കാം, ആവശ്യമുള്ളത് മാത്രം സ്വീകരിക്കാം. ചുരുക്കത്തിൽ സമയത്തിന്റെ മിച്ചമാണ് ഡിജിറ്റൽ മുതലാളിത്തം ചൂഷണോപാധിയാക്കുന്നത്. മിച്ചം വീണ്ടും ഡിജിറ്റൽ ഉപാധികളിൽ ചെലവിടാനുള്ളതാണ്.
പരമ്പരാഗത വായനയുടെ, അതായത് അച്ചടി വായനയുടെ, ഗതി മാറ്റുന്നുണ്ട് യൂട്യൂബും ഇൻസ്റ്റയും. ഡിജിറ്റൽ മുതലാളിത്തം യൂട്യൂബിലും ഇൻസ്റ്റയിലും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉചിതമായ സ്ഥാനം നൽകി, വായന മരിച്ചുതുടങ്ങിയെന്ന പ്രീ-ഡിജിറ്റൽ വിമർശനങ്ങളെ നിർവീര്യമാക്കി. അച്ചടി പുസ്തകത്തിനില്ലാത്ത റീച്ചും (reach) സാമ്പത്തിക തിരിച്ചുവരും പരിഗണിച്ചപ്പോൾ സാംസകാരിക മേഖലയിലെ പ്രഭുക്കൾ അന്തംവിടുകയും അച്ചടിയെ പ്രതീകാത്മക മൂലധനത്തിനുള്ള ഉപാധിയാക്കി, യഥാർത്ഥ മൂലധനസമാഹരണത്തിനും പ്രസിദ്ധിക്കും യൂട്യുബിനെയും ഇൻസ്റ്റയെ ആശ്രയിക്കുകയും ചെയ്തു. ബിസിനസ്സ് സാമർഥ്യം അക്ഷന്തവ്യമായ ഒരു അപരാധവുമല്ല.

ഇലക്ട്രോണിക് മാധ്യമങ്ങൾ സ്വകാര്യ ജീവിതത്തിലേക്ക് വിനോദങ്ങളുടെ പുതിയ ഉള്ളടക്കവുമായി വരുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. സ്വെൻ ബിർകെർട്സ് (Sven Birkerts) "ഗുട്ടൻബെർഗ് വിലാപങ്ങൾ: ഇലക്ട്രോണിക് കാലത്തിൽ വായനയുടെ വിധി" എഴുതുന്നത് (The Gutenberg Elegies: The fate of reading in the electronic age) ടെലിവിഷൻ മാധ്യമങ്ങളുടെ കടന്നുവരവോടെയാണ്. ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും നിമിഷങ്ങളിലും ഇലക്‌ട്രോണിക് മാധ്യമങ്ങൾ നിറഞ്ഞുകവിയുന്നതിനാൽ വായനയുടെ സ്ഥലം ചുരുങ്ങുകയാണ് എന്ന് ബിർകെർട്സ് നീരിക്ഷിക്കുന്നു. അച്ചടിപുസ്തകവായനയുടെ താത്വികഗുണങ്ങളാണ് ബിർകെർട്സ് ഈ പുസ്തകത്തിൽ കൂടുതലും വിശദീകരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വേലിയേറ്റത്തെ ചെറുക്കാനുള്ള ആഹ്വാനമാണ് പുസ്തകത്തിന്റെ അവസാനം നടത്തുന്നത്: "നിരസിക്കുക" (to refuse it).
നിർമിത ബുദ്ധിയിലൂടെ സംഭവിക്കുന്ന എഴുത്തിന്റെയും വാക്കുകളുടെയും ഇലക്ട്രോണിക് മാനിപുലേഷൻ ബിർകെർട്സ് ദീർഘദർശനം ചെയ്യുന്നുണ്ട്. വാസ്തവത്തിൽ, ഡിജിറ്റൽ എന്ന പ്രയോഗം അന്ന് വ്യാപകമായിട്ടില്ല. ഇലക്ട്രോണിക് എന്നാണ് വ്യവഹരിക്കപ്പെട്ടിരുന്നത്. കേരളത്തിലെ അതിശയിപ്പിക്കുന്ന വായനക്കാരനായ പി. ഗോവിന്ദപ്പിള്ളയാണ് ഈ പുസ്തകം വായിക്കാൻ നിർദേശിക്കുന്നത്. 1998-ൽ പി ജി ഈ പുസ്തകം സി ഡിറ്റ് ലൈബ്രറിയിലേക്ക് വാങ്ങിയിരുന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു പ്രതികരണത്തിൽ, ഈ പുസ്തകത്തെ വാനോളം പുകഴ്ത്തി. ടി വി മാധ്യമങ്ങളുടെ വിചാരശൂന്യതയെക്കുറിച്ച് തീവ്രവിമർശനം ഉന്നയിച്ചു. അതിനുശേഷം പി ജി പറഞ്ഞത്, വായനയുടെ വിലാപകാവ്യമാണ് ഈ പുസ്തകം എന്നാണ്. വിലാപകാവ്യങ്ങൾ തോരാതെ പെയ്യുന്ന സങ്കടകാവ്യങ്ങളാണ്; അത് നഷ്ടലോകത്തെക്കുറിച്ചാണ്. അത് മാത്രം പോരാ, വരാൻ പോകുന്ന കാലത്തെക്കുറിച്ചും അതിന്റെ സാങ്കേതികവിദ്യകളുടെ സാധ്യതയെക്കുറിച്ചും പഠിക്കണം. വിലാപകാവ്യങ്ങൾ ഒന്നും തിരിച്ചുകൊണ്ടുവരില്ല. പോയതോർത്തു ദുഃഖിക്കാം. പിന്നെ വിലാപകാവ്യങ്ങൾ കുറെയൊക്കെ അതിശയോക്തിപരവുമാണെന്നും പി ജി പറഞ്ഞു ചിരിച്ചു.
പുതിയ തലമുറയുടെ സ്ക്രോൾ സംസ്കാരത്തെ അവജ്ഞയോടെ കാണുന്ന മുൻതലമുറ യുട്യൂബിലേക്കും ഷോർട്ട്സിലേക്കും അത്തരം കഷണങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലേക്കും കൂട്ടത്തോടെ കുടിയേറി, അവിടെ താവളമടിച്ച്, അവിടുത്തെ തദ്ദേശവാസികളായ പുതിയ തലമുറകളെ പഴിക്കുന്നതിൽ എന്തർത്ഥമാണുള്ളത്.
2015-ൽ സ്വൻ ബിർകെർട്സ് മറ്റൊരു പുസ്തകമെഴുതി: Changing the Subject: Art and Attention in the Internet Age. അപ്പോഴേക്കും നവമാധ്യമങ്ങൾ ‘സീൻ’ കയ്യടക്കിയിരുന്നു. അറുപതിനോടടുപ്പിച്ച് പ്രായമായ അദ്ദേഹം നവമാധ്യമലോകത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. ദൈനംദിനജീവിതത്തിൽ ഇന്റർനെറ്റിന് ചില വിട്ടുവീഴ്ചകൾ ചെയ്ത ഒരാളായിരിക്കുന്നു. ഉദാഹരണത്തിന്, അദ്ദേഹം സെൽഫോൺ സ്വന്തമാക്കി, ട്വിറ്റർ അക്കൗണ്ടും തുടങ്ങി. ശ്രദ്ധയുടെ അപ്രത്യക്ഷമാകലാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന മുഖ്യവിഷയം. ശ്രദ്ധയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ അപ്പോഴേക്കും വന്നിട്ടുണ്ട്. ശ്രദ്ധ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വേവലാതിയാണ് ഇതിൽ പങ്കുവെയ്ക്കുന്നത്. ഇതാണ് ഡിജിറ്റൽ സ്ക്രോൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സജീവപ്രതിഭാസമായി അദ്ദേഹം മനസ്സിലാക്കുന്നത്.
ഡിജിറ്റൽ സംസ്കാരത്തിന്റെ ആധികാരികതയോടെ മനുഷ്യമനസ്സിന്റെ പ്രത്യേക ഗുണങ്ങൾ അപകടത്തിലാണ് എന്ന് ഈ പുസ്തകം മുന്നറിയിപ്പു നൽകുന്നു. ഭയപ്പെടുത്താനോ അനാവശ്യമായ ആശങ്ക പടർത്താനോ അല്ല ഇത് പറയുന്നതെന്ന് ബിർകെർട്സ് തന്നെ പറയുന്നുണ്ട്: "ദിവസം മുഴുവൻ ഞാൻ എന്നെത്തന്നെ നിരീക്ഷിക്കുകയും അതിൽ നിന്ന് ഞാൻ എങ്ങനെ അകന്നുപോകുന്നുവെന്ന് ശ്രദ്ധിക്കുകയും ചെയ്താൽ; സ്ക്രീനിൽ നടക്കുന്ന കാര്യങ്ങളെ മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത്, ഒരു ജീവിതം നയിക്കാനാവശ്യമായ തീവ്രതയും വിഘടനവും - ഒരു ഉപന്യാസമോ മറ്റെന്തെങ്കിലുമോ, ഏതെങ്കിലും തരത്തിലുള്ള ആവിഷ്കാരശ്രമമോ - അതിനുള്ള ഒരു ഖണ്ഡനമാണ്."
സ്ക്രീൻജീവിതം സൃഷ്ടിക്കുന്ന വിഘടനപരമായ, ശ്ലഥമാക്കുന്ന അനുഭവങ്ങളും ജീവിതം ആവശ്യപ്പെടുന്ന തീക്ഷ്ണതയും തമ്മിലുള്ള വൈരുധ്യമാണ് ഇവിടെ പരാമർശിതമാകുന്നത്. സ്ക്രീൻ മുതലാളിത്തം മാനുഷികവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കാൾ മാർക്സിന്റെ സൂറയിലോ മാർക്സ് സുഹൃത്ത് ഏംഗൽസിനും ശിഷ്യർക്കും നൽകിയ ഹദീസിലോ ഉണ്ടോ എന്നത് മാർക്സിസ്റ്റ് വിശ്വാസികൾക്ക് വിടാം. പക്ഷെ നമ്മൾ സ്വയം അന്വേഷിക്കേണ്ടത് സമകാലിക അനുഭവങ്ങളെ അതെങ്ങനെ ശിഥിലമാക്കുന്നുവെന്നാണ്, മാനസിക വിച്ഛേദങ്ങൾക്ക് എങ്ങനെ കാരണമാകുന്നുവെന്നാണ്.

സ്വൻ ബിർകെർട്സ് നിർദേശിക്കുന്ന ഉപന്യാസവായന ഇതിനെതിരായ പ്രതിരോധമാണ്. തലമുറഭേദമെന്യ സ്ക്രോൾ സംസ്കാരത്തിൽ മുഴുകിയിരിക്കുന്നവർക്ക് ഉപന്യാസവായന ഒരു നിർബന്ധിതവായനാ പ്രവൃത്തിയായി മാത്രമേ ഇന്ന് നിർദ്ദേശിക്കാനാകൂ. തലമുറഭേദമന്യേ വായന എന്നത് ഗുലാഗുകളിലെ ശിക്ഷണ നടപടിയാവുകയാണോ എന്ന് ആശങ്കപ്പെടണം. അച്ചടിവായനയുടെ സംസ്കാരത്തിൽ പിറന്നുവീണവർക്കുപോലും സ്ക്രോളിനു പകരം വായന വിരസമാകുന്നുണ്ടെങ്കിൽ ഡിജിറ്റൽ തദ്ദേശീയരുടെ കാര്യം പറയാനുണ്ടോ? ഡിജിറ്റിൽ ടോക്സിസിസിറ്റിക്ക് എതിരായ (toxicity) ഔഷധമാണ് വായന. പക്ഷെ ഔഷധം അസുഖത്തിനുള്ള പ്രതിവിധിയാണ്; മാത്രമല്ല ഔഷധസേവ സാധാരണപ്രവൃത്തിയല്ല. വായന എന്നത് നോർമൽ കണ്ടീഷനല്ലതാവുകയാണ്.
ഡിജിറ്റൽ സ്ക്രോൽ സ്വാധീനമായിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് പുതിയ തലമുറക്കാരെ അത്യാകർഷിച്ചുകൊണ്ട്, ഈ നൂറ്റാണ്ടിൽ ഹാരി പോർട്ടർ സീരീസ് പുറത്തിറങ്ങുന്നത്. ജെ. കെ. റൗളിങ് ഡിജിറ്റൽ തലമുറയിൽപ്പെട്ട വ്യക്തിയായിരുന്നില്ല. ഹാരി പോർട്ടർ പുസ്തകങ്ങളുടെ വലിപ്പം ഏതാണ്ട് പത്തൊൻപതാം നൂറ്റാണ്ടിലെ വാൾട്ടർ സ്കോട്ടിന്റെ ഹിസ്റ്റോറിക്കൽ റൊമാൻസ് പോലെ വലിപ്പമുള്ളതും. മുതിർന്നവരും മുതിർന്നവരേക്കാൾ കുട്ടികളും ഒന്നടങ്കം വായനയിലേക്ക് (നമ്മുടെ ദൃഷ്ടികോൺ അനുസരിച്ച്) തിരികെവരികയോ അല്ലെങ്കിൽ മുന്നേറുകയോ ചെയ്തു. എന്തായിരുന്നു ആ എഴുത്തിലെ മായാജാലം? കേവലം മാന്ത്രികത മാത്രം പ്രതിപാദിക്കുന്ന എഴുത്തായിരുന്നില്ല ഹാരി പോർട്ടർ. അത്യാവശ്യം രാഷ്ട്രീയവും സാമൂഹ്യനീരിക്ഷണങ്ങളും അതിൽ ഉള്ളടങ്ങിയിരുന്നു. പുതിയ അഭിരുചികളെ തിരിച്ചറിഞ്ഞ്, വാക്കുകളാൽ അൽഭുതം സൃഷ്ടിക്കാൻ എഴുത്തുകാർക്കാകുമ്പോൾ വായന വീണ്ടും തളിർക്കും. അതിന്റെ അർഥം പുതിയ തലമുറപ്രണയങ്ങളെ ടോക്സിക്കായി എം. മുകുന്ദൻ ചെയ്തപോലെ പ്രതിപാദിക്കുക എന്നതല്ല. അത് ഭാവുകത്വപരമായ നിർജ്ജലീകരണം കൊണ്ട് സംഭവിക്കുന്നതാണ്. ഭാഷയുടെ അന്തർസ്ഫോടനമാണ് (implosion) വായനയുടെ സംസ്കാരത്തെ പുനർജ്ജലീകരിക്കുക.
പുതിയ തലമുറയുടെ സ്ക്രോൾ സംസ്കാരത്തെ അവജ്ഞയോടെ കാണുന്ന മുൻതലമുറ യുട്യൂബിലേക്കും ഷോർട്ട്സിലേക്കും അത്തരം കഷണങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലേക്കും കൂട്ടത്തോടെ കുടിയേറി, അവിടെ താവളമടിച്ച്, അവിടുത്തെ തദ്ദേശവാസികളായ പുതിയ തലമുറകളെ പഴിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. കൂട്ടത്തോടെ ഡിജിറ്റൽ- പൂർവ തലമുറ നടത്തിയ ഡേറ്റാ ലോകത്തിലേക്ക് നടത്തിയ കുടിയേറ്റത്തെ അംഗീകരിച്ചും അവിടുത്തെ തദ്ദേശവാസികളായ പുതുമക്കാരുടെ മനോഭ്രമങ്ങളെയും കാര്യക്ഷമതയെയും വിശ്വസിച്ചും ഭാഷയെയും അനുഭവങ്ങളെയും നവീകരിക്കുമ്പോൾ, വായന അതിന്റെ സാമൂഹികാന്തസ്സ് വീണ്ടെടുക്കുക തന്നെ ചെയ്യും.
(അവസാനിക്കുന്നില്ല).
