സഹപ്രായപ്രിയരെ, വരൂ,
ഇന്നൂറ്റാണ്ടിൽ നമ്മൾ
ഓടിയും നടന്നും തീർത്ത
കൽക്കണ്ടക്കാൽനൂറ്റാണ്ടുകാലത്തെ
ഒരു കലൈഡോസ്ക്കോപ്പിലാക്കാം…
ഒരു നയൻറീസ് കിഡ്, 2025 പൂർത്തിയാക്കുമ്പോൾ എന്താണ് അതിനിത്ര പ്രത്യേകത?. ജീവിതമൊരു ടിക്കറ്റെടുത്തു കയറിയ സിനിമയായി കണ്ടാൽ അവരുടെ ആദ്യ പകുതി ഏറെക്കുറെ അവസാനിക്കുകയാണ്. എങ്ങനെയുണ്ടായിരുന്നു ആ ആദ്യപകുതിയെന്ന് ആരെങ്കിലും ചോദിച്ചാൽ, ഫസ്റ്റ് ഹാഫ് ആറാടുകയായിരുന്നു, സെക്കൻഡ് ഹാഫ് കഥയാണ് എന്ന വിശ്വവിഖ്യാത റിവ്യൂ തന്നെ ഉത്തരമാക്കാം. ആറാടിത്തീർന്ന രംഗങ്ങളിൽ നിന്ന് കഥ കനംവക്കുന്ന രണ്ടാം പകുതിയിലേക്ക് 2026-ഓടെ നയൻറീസ് കിഡ്സ് കാലെടുത്തുവയ്ക്കും. തന്റെ ജീവിതത്തിന്റെ ജോ(ഴോ)ണർ ഇതായിരുന്നുവെന്നും തന്റെ കാരക്ടർ ഇതായിരുന്നുവെന്നും അതിനിത്ര ആഴവും അടരുകളും ഉണ്ടായിരുന്നുവെന്നും ഏറെക്കുറെ അവർക്ക് മനസിലായിക്കാണും.
1989-കളുടെ ഏറ്റവും ഒടുവിലോ തൊണ്ണൂറുകളുടെ തുടക്കത്തിലോ ഈലോകം കണ്ട നയൻറീസ് കിഡ്, നാലും കടന്ന്, എൽ.പി സ്കൂൾ ജീവിതം പൂർത്തിയാക്കി, പ്രായം രണ്ടക്കത്തിൽ മുട്ടിച്ച്, ഡി.പി.ഇ.പിക്കൊപ്പം അഞ്ചാം ക്ലാസിലേക്ക് കയറുമ്പോഴാണ് രണ്ടായിരമാണ്ടിന്റെ പിറവി. ഡി.പി.ഇ.പി എന്നുവേണ്ട, പുതിയ നൂറ്റാണ്ടിനൊപ്പം സകല പരിഷ്കാരങ്ങളുടേയും പരീക്ഷണങ്ങളുടേയും കൂടെയോടിയാണ് നയൻറീസ് കിഡ് ഇന്ന് കാണുന്ന നയൻറീസ് കിഡായത്. ആ ഓട്ടം, ആ പടയോട്ടം, ഇതാ 25 വർഷം തൊടുന്നു. അന്നുമുതൽ ഇന്നുവരെ, 2000 മുതൽ 2025 വരെ, പത്താം വയസുമുതൽ 35-ാം വയസുവരെ ഈ കടന്നുപോകുന്ന കാൽ നൂറ്റാണ്ട്, അതെന്തൊരു സന്തോഷസുരഭില കാലമായിരുന്നു, സുന്ദരകാലമാടന്മാരെ.
ഒരു വർഷം എത്ര പെട്ടെന്ന് പോയെന്ന് എത്ര വർഷങ്ങളായി നമ്മൾ അത്ഭുതപ്പെടുന്നു! വർഷാവർഷങ്ങൾ പോകെപ്പോകെ നമ്മളെങ്ങെത്തിനിൽക്കുന്നു.
ആമുഖം,
അല്ലെങ്കിൽ വേണ്ട,
ഇതാ നമ്മുടെ സ്റ്റാർട്ടേഴ്സ് മെനു…
1.ഇക്കാലത്തീ ക്ലോക്ക്,
അത് എന്തൊരു ലാഗാണ്
കാത്തിരിക്കാനുള്ള ക്ഷമകെട്ട കാലത്തേക്ക് കാത്തിരിപ്പിന്റെ മധുരമത്രയും മോന്തിയാണ് നമ്മൾ വണ്ടികയറിയെത്തിയത്.
ഒരു കോടിയുടുപ്പിനായൊരോണക്കാലം കാത്ത്,
ഒരു മത്തങ്ങാബലൂണിനായൊരു ഉത്സവകാലം കാത്ത്, ഒരു പൂത്തിരിവെട്ടത്തിനായൊരു വിഷുവരെ കാത്ത്, കണി കാത്ത്, കൈനീട്ടം കാത്ത്, ശക്തിമാനെയും ജയ് ഹനുമാനേയും കാത്ത്, കരണ്ടും കേബിളും വരുന്നതും കാത്ത്, ബാലരമ കാത്ത്, ബസ് കാത്ത്, ബെല്ല് കാത്ത്, മിഠായിപ്പൊതി കാത്ത്, മീൻകാരനെ കാത്ത്, കാത്തുകാത്തുകിട്ടിയ ആനന്ദനേരങ്ങളനവധി.
കാത്ത് കിട്ടിയൊരു കോടിക്കുപ്പായം തയ്ച്ചുകിട്ടാനെത്ര നേരം കൂടി നമ്മൾ കാത്തിരുന്നിട്ടുണ്ട്. കുടുക്കു കൂടിവച്ചാൽ തന്നുവിടാമെന്നത് കേട്ട് ടെയിലർക്കടയോരം ചേർന്നുനിന്നതോർക്കുന്നില്ലേ. കാലത്തിന് വേഗം കൂടിയപ്പോൾ കാത്തിരിപ്പിന് നേരമില്ലാതെയായി. ഫാസ്റ്റ് ഫുഡ് ആയിരിക്കാം കാത്തിരിപ്പിന് ആദ്യം ചെക്ക് വച്ചത്. ഫാസ്റ്റ് ഫുഡും കടന്ന് ബോൾട്ട് ഡെലിവറികളിലേക്ക് കാലം മാറി. ആദ്യമെത്താനും ആദ്യമെത്തിക്കാനും പ്രപഞ്ചം ഗൂഢാലോചന നടത്തിയ 25 വർഷത്തിന് കൂടിയാണ് കർട്ടൻ വീഴുന്നത്. ക്ലോക്കിന്റെ വേഗമൊഴികെ സകലതും വേഗത്തിൽ കറങ്ങി. സത്യത്തിൽ ഇക്കാലത്തീ ക്ലോക്ക്, അത് എന്തൊരു ലാഗാണ്! ഈ കാൽനൂറ്റാണ്ടിനെ ഒരു മാരിവില്ലുപോലെ മനോഹരമാക്കി തീർത്തത് കാത്തിരുന്നവരും കൂട്ടിരുന്നവരുമാകും. പാലൈസുകാരന്റെ സൈക്കിൾ ഹോൺ കേട്ട്, പരിപ്പുപാത്രത്തിൽ നിന്നോ പൈസക്കുഞ്ചിയിൽ നിന്നോ ചില്ലറയെടുത്ത്, ഇടവഴിയിലേക്കിറങ്ങിയോടിയുള്ള കാത്തിരിപ്പ് മുതൽ എണ്ണിത്തുടങ്ങിയാൽ എണ്ണിത്തീരാനിരപോലെ, തിരപോലെ എന്തെല്ലാമേതെല്ലാം താഴുതുറന്നോടി വരും.

2.വർഷാവർഷങ്ങൾ പോകെപ്പോകെ നമ്മളെങ്ങെത്തിനിൽക്കുന്നു!
ആകാശത്തമ്പിളിയെ നോക്കി ഓടിയ കുഞ്ഞിക്കാലോട്ടങ്ങളോർമയില്ലേ. ഓടിയോടി ഒപ്പം വരുന്ന അമ്പിളമാമനെപ്പോൽ ഓർമകളെ കൂട്ടി തിരിച്ചോടിയാൽ അത് നിങ്ങളെ ഏതറ്റംവരെ കൊണ്ടുപോകും. തിരിച്ചോട്ടത്തിൽ എത്ര പൂവഴികളുണ്ടാകാം, എത്ര മുൾവഴികളുണ്ടാകാം. വാരിയെടുത്തവർ, വെളിച്ചം നൽകിയവർ, വേദനേയറ്റിയവർ ഓരോ വളവിലും തിരിവിലും ആരെല്ലാമാരെല്ലാം കാണും! ആരെയെല്ലാം നമ്മൾ കെട്ടിപ്പുണരും. ആരിലെല്ലാം നമ്മൾ വീണ്ടും വീണ്ടും തട്ടി താഴെ വീഴും. വർഷങ്ങൾ, മാസങ്ങൾ, ദിവസങ്ങൾ, നിമിഷങ്ങൾ പടിയിറങ്ങിപ്പോകുന്നത് ഇതൊന്നുമല്ല, പോകുന്നത് പോയിക്കൊണ്ടേയിരിക്കുന്നത് നമ്മളല്ലേ. പോകപോകെ, ദൂരം നമുക്ക് പിന്നിലേക്ക് കൂടുകയും മുന്നിലേക്ക് കുറയുകയും ചെയ്യുന്നു. അല്ലെങ്കിലും ദൂരമെന്ന വാക്കിനാണ് ഭാരമേറയും. നടന്ന ദൂരം, എത്താനുള്ള ദൂരം. ദൂരയല്ലാത്തവർ, ഏറെദൂരെപ്പോയവർ. സ്വപ്നത്തിലേക്കും സത്യത്തിലേക്കുമുള്ള ദൂരം. ദൂരം ദൂരത്ത് നിർത്തേണ്ട രണ്ടരക്ഷരമേയല്ലാതാകുന്നു. ഇനി, ഒരു വിളിപ്പാടുദൂരെ എന്നുമെപ്പോഴും നമുക്കാരുണ്ട്. നമ്മുടെ ഓർമകളല്ലാതെ!
കാലം ശരവേഗത്തിൽ ഒരു ശിശിരം കൂടി കൺമുന്നിൽ കൊണ്ടുവയ്ക്കുന്നു. ഈ നൂറ്റാണ്ടിലെ 25-ാം ഇലപൊഴിയും കാലം. ഒരു വർഷം എത്ര പെട്ടെന്ന് പോയെന്ന് എത്ര വർഷങ്ങളായി നമ്മൾ അത്ഭുതപ്പെടുന്നു! വർഷാവർഷങ്ങൾ പോകെപ്പോകെ നമ്മളെങ്ങെത്തിനിൽക്കുന്നു.
ആൻറിനക്കാലത്തുനിന്ന് ആമസോൺ പ്രൈമിലേക്ക്, ബ്രിക് ഗെയിമിൽ നിന്ന് പബ്ജിയിലേക്ക്, സഞ്ചയികയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്, ഓലയിൽ നിന്ന് ഓലയിലേക്ക്… ഡിയർ കൊമ്രേഡ്സ്, നാം നടന്ന കാലം, അതിശയജാലമല്ലാതെ പിന്നെയെന്ത്?
3.ഓർമകളിലേക്കൊരു ഓട്ടപ്രദക്ഷിണം, കൂടെയോടാനുണ്ടോ കൊമ്രേഡ്?
ആൻറിനക്കാലത്തുനിന്ന് ആമസോൺ പ്രൈമിലേക്ക്, പൊരിയിൽ നിന്ന് പോപ്പ് കോണിലേക്ക്, ബ്രിക് ഗെയിമിൽ നിന്ന് പബ്ജിയിലേക്ക്, സഞ്ചയികയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്, മില്ലിൽ നിന്ന് ട്രഡ് മില്ലിലേക്ക്, കുൽഫിയിൽ നിന്ന് കുനാഫയിലേക്ക്, ഓലയിൽ നിന്ന് ഓലയിലേക്ക്… ഡിയർ കൊമ്രേഡ്സ്, നാം നടന്ന കാലം, അതിശയജാലമല്ലാതെ പിന്നെയെന്ത്? ഇല്ലൻഡിലും ഇൻസ്റ്റഗ്രാമിലും എഴുതിയ തഴമ്പ് നമുക്കല്ലാതെയാർക്കുണ്ട്. നിർത്താതെ പോയ, വൈകി കിട്ടാതോ പോയ വണ്ടികളെ യൂബറിലാക്കി മുറ്റത്തെത്തിച്ചരല്ലേ നമ്മൾ.
തിയറ്ററുകളുടെ തുരങ്കപ്പാതയിലെത്താൻ തള്ളും തല്ലും വാങ്ങിയ നമ്മൾ, FDFS ടിക്കറ്റ്, ബുക്ക് മൈ ഷോ വഴിയുറപ്പിച്ച് മൾട്ടിപ്ലക്സിൽ ഞെളിഞ്ഞിരിക്കുന്നവരായി. കട തുറക്കുംവരെ കാത്തുമടുത്ത, കട പൂട്ടുംമുൻപേയെത്താൻ ഓടിത്തളർന്ന കാലത്ത് നിന്ന് ബിഗ് ബാസ്ക്കറ്റിൽ ഡീലുറപ്പിക്കാൻ കെൽപ്പുള്ളവരായി നമ്മൾ 90 കിഡ്സ് ! തീരുന്നില്ല, ഒരു രൂപ കോയിനിട്ട് 60 സെക്കൻറിൽ കട്ടായ കോളുകളിൽ നിന്ന് അൺലിമിറ്റഡ് കോളുകളിലേക്ക് മാറി. കുടവയറുള്ളൊരു കോയിൻ തീനി ഫോണിലേക്ക് വീഴുന്ന നാണയകിലുക്കം കൌതുകത്തോടെ കേട്ട നമ്മൾ മമ്മൂട്ടിയുടെ "നന്ദിയുണ്ടേ" കേട്ടാൽ വകവത്തവരായി. സഞ്ചയികാപുസ്തകത്തിലേക്ക് പോകേണ്ട പണം പുളിയച്ചാറും പല്ലൊട്ടിക്കും മറിച്ച അതേ ലാഘവത്തോടെ സ്റ്റോക്കും ട്രേഡും കൈകാര്യം ചെയ്തു. മില്ലിലേക്ക് ഓടിയവരൊക്കെ ട്രെഡ്‍മില്ലിലോടേണ്ടിവരുമെന്ന് ഓർത്തുകാണുമോ? പോയകാലത്തിന്റെ തെക്കും വടക്കും നിൽക്കുന്ന നമ്മൾ പുതിയ പരിണാമ സിദ്ധാന്തത്തിന്റെ രണ്ട് സാംപിളുകളാകും. പഴമയുടെ ഉടുക്കും പുതിയലോകമെത്തിനിൽക്കുന്ന തുടിപ്പും ഒരുപോലെ മിടിക്കുന്നവർ. ഇതൊരു ഗവേഷണപര്യവേഷണ പ്രബദ്ധമേയല്ല, ഇതൊരു ഓർമപ്രദക്ഷിണമാണ്. ഓർമകളിലേക്കുള്ള ഓട്ടപ്രദക്ഷിണം.

4.കണ്ണടയ്ക്കാം, കാതോർക്കാം, കേൾക്കുന്നില്ലേ, ഓർമ്മക്കടലിരമ്പം
ഈ കാൽനൂറ്റാണ്ടിനെ ഒരു ക്ലോസ്‍ഡ് ബ്രാക്കറ്റിലാക്കി നമുക്കൊരു യുടേൺ എടുത്താലോ? തുടക്കവും ഒടുക്കവും അടയാളപ്പെടുത്തുവാൻ രണ്ടു മൈൽക്കുറ്റികളെ പെറുക്കിയടുക്കാം. രണ്ടുമത്സരങ്ങളെ. മത്സരങ്ങളോട് താത്പര്യമില്ലാത്തവർക്ക് ഓർമകളെ അടച്ചുതുറക്കാൻ മത്സരം പറഞ്ഞശേഷം രണ്ട് ഉത്സവങ്ങളെ തരാം.
1999- ലെ ക്രിക്കറ്റ് ലോകകപ്പാകും ഓപ്പണിംഗ് ബ്രാക്കറ്റ്. കൃത്യമായി പറഞ്ഞാൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം. മൈതാനത്ത് അന്ന് അസ്ഹറിന്റെ ഇന്ത്യയും ക്രോണ്യയുടെ ആഫ്രിക്കയും, ആകാശനീലയിൽ സൂര്യവലയം ചാർത്തിയ ജേഴ്സിയിൽ ടീം ഇന്ത്യ. പൊടി മീശക്കാരനായ ഗാംഗുലിയെ ഒരു നയൻറി കിഡ് ആദ്യം കണ്ടതന്നാകും. ഗാംഗുലിയുടെ, കാലിസിന്റെ വീരോചിതമായ ഇന്നിംഗ്സുകൾ കണ്ട ആ മത്സരമോർക്കുന്നുണ്ടോ. ആ ലോകകപ്പോടെയാകാം നമ്മൾ, 90's കിഡ് കളിയാവേശത്തിന്റെ ക്രീസിലേക്ക് കാലെടുത്തുവച്ചതും. പിന്നീട് സ്കൂളിലേക്കുള്ള യാത്രയിലോ കടയിലേക്കുള്ള ഓട്ടത്തിലോ നമ്മൾ ഒരുവട്ടമെങ്കിലും ദാദയെപ്പോൽ ക്രീസുവിട്ടൊരു ചാട്ടം ചാടിക്കാണും.
ഇതാ ഇരുപത്തിയഞ്ചുവർഷങ്ങൾക്കിപ്പുറം മറ്റൊരു ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം നടക്കുന്നു. അന്ന് ബ്ലാക്ക് ആൻഡ് വൈറ്റിലോ കളറിലോ, അയൽപക്കത്തോ, വായനശാലയിലോ ആയിരുന്നു ഇന്ത്യ- ആഫ്രിക്ക മത്സരം കണ്ടിരുന്നുതെങ്കിൽ ഇന്നിതാ ജിയോ ഹോട് സ്റ്റാറിന് മുന്നിലാണ് നമ്മുടെ കുത്തിയിരിപ്പ്. അന്നൊപ്പം അച്ഛനും അമ്മാവൻമാരുമായിരുന്നു കൂടെയെങ്കിൽ ഇന്നിതാ ഈ എഴുത്തുനേരത്ത് എന്റെ മടിയിലൊരു ഞാനിരിക്കുന്നു. ഒരു ക്രീസിൽ നിന്ന് മറ്റൊരു ക്രീസിലേക്ക് 22 വാരയാണ് ദൂരമെങ്കിൽ ഈ രണ്ട് മത്സരങ്ങളുടെ ദൂരം 25 വർഷം.
ഇനി മൈതാനവും മത്സരവും വേണ്ടാത്തവർക്ക് ഞാൻ എവിടെ നിന്ന് എവിടെ എത്തിയെന്ന് ഓർക്കാൻ ഏറെ എളുപ്പം റീ- റിലീസുകളാകും. സമ്മർ ഇൻ ബത്‍ലഹേമിന്റെ പോസ്റ്റർ ആദ്യം കാണുന്ന കാലത്ത് നമ്മൾ എന്തുചെയ്യുകയായിരുന്നു. എന്തുചെയ്താലും അത് നോക്കിനിൽക്കാൻ നമുക്ക് നേരമുണ്ടായിരുന്നുകാണണം. ഇന്ന് അതേ ബത്‍ലഹേം സംഘം വീണ്ടുമെത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ചുവരെഴുത്തുകളോട് ചേർന്നും കലർന്നും കാണാം പോസ്റ്ററുകൾ. സിഗ്നലിലോ സൈഡ് സീറ്റ് യാത്രയിലോ കണ്ണിലുടക്കിയിരുന്നോ രണ്ടാംവരവിന്റെ വിളബരം, അതുകണ്ട്, അതിനൊപ്പം "ഒരു പാട്ടുമൂളി" കയറിവന്ന ഓർമകളോട്, "പതിയെ പറന്നെനരികിൽ വരേണ്ടെന്ന്" പറയുന്നുണ്ടോ പുതിയ നമ്മൾ. കാൽനൂറ്റാണ്ടുമുൻപ് കണ്ട് കയ്യടിച്ച ഒരു ചിത്രം കാലം നമുക്ക് ഒരു കൊറിയറായി വീണ്ടുമയച്ചുനൽകുന്നു. അപ്പോൾ നമ്മളെങ്ങനെ നമ്മുടെ നടവഴികളിലേക്ക്, ഇന്നലെകളിലേക്ക് തിരിയുന്ന ഇടവഴികളിലേക്ക് ഇറങ്ങിച്ചെല്ലാതിരിക്കും?
26 വർഷങ്ങൾക്ക് മുൻപ് രണ്ടായിരമാണ്ടിന്റെ പിറവി എങ്ങനെയായിരുന്നു എന്ന് ഓർക്കുന്നുണ്ടോ? എനിക്കത് മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിൽ അച്ചടിച്ചുവന്ന എട്ടുകോളം വലുപ്പത്തിലുള്ളൊരു എക്സൈറ്റ്മെൻറായിരുന്നു.
ഓർമോപനിഷത്ത്,
നൊസ്റ്റാൾജിയയുടെ പെട്ടകം
പുതിയ പാപ്പാഞ്ഞിയും കത്തിതീർന്നു. പുതുവർഷം കൊണ്ടാടിയ ജംഗ്ഷനുകളിൽ നിന്ന് നിന്ന് നാം പലവഴിപിരിയുന്നു. ഈയാംപാറ്റകളെപോലെ എണ്ണിതീരാത്തിരപോലെ മുളച്ചുകൊണ്ടേയിരുന്ന ന്യൂയർ സ്റ്റാറ്റസുകൾ അപത്യക്ഷമാകുന്നു. നിലക്കാതെ വന്നുകൊണ്ടിരുന്ന നോട്ടിഫിക്കേഷനുകളും കെട്ടടങ്ങുന്നു. ആഘോഷങ്ങൾക്ക് ഇന്ന് ആയിരംവഴിയുണ്ട്. ഏറ്റവും അടുപ്പക്കാർക്ക്, അതും കാശുണ്ടെങ്കിൽമാത്രം ഒരു ന്യൂയർ കാർഡ് നൽകിയ കാലത്ത് നിന്ന് ലോകെമ്പാടുമുള്ളവർക്ക് ആശംസ നേരാനാകുന്ന തലത്തിലേക്ക് വളർന്ന് നാം തലയെടുപ്പോടെ നിൽക്കുന്നു. 2026- നെ സ്വാഗതം ചെയ്യുന്നു.
26 വർഷങ്ങൾക്ക് മുൻപ് രണ്ടായിരമാണ്ടിന്റെ പിറവി എങ്ങനെയായിരുന്നു എന്ന് ഓർക്കുന്നുണ്ടോ? എനിക്കത് മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിൽ അച്ചടിച്ചുവന്ന എട്ടുകോളം വലുപ്പത്തിലുള്ളൊരു എക്സൈറ്റ്മെൻറായിരുന്നു. വാർത്ത കേട്ട് ഓടിപ്പോകുന്നവരായിരുന്നില്ല അന്ന് നമ്മൾ, വാർത്ത തേടി പോകുന്നവരായിരുന്നു. കിരിബാത്തി ദ്വീപിലാദ്യമുദിക്കുന്ന പുതിയ വർഷത്തിന്റെ ആഘോഷം, മുപ്പത് സെക്കൻഡ് ഫൂട്ടേജായി പുതുവർഷത്തലേന്ന് വൈകുന്നേരത്തെ ദൂരദർശൻ വാർത്തയിൽ കാണാം. ഹക്കിം കൂട്ടായിയുടെയോ അനിൽ ചന്ദ്രന്റെയോ ശബ്ദത്തിൽ റേഡിയോയിൽ കേൾക്കാം. രണ്ടായിരപ്പിറവി, പുതിയ നൂറ്റാണ്ടായതുകൊണ്ടുതന്നെ കുറച്ചുകൂടി ദൈർഘ്യത്തിൽ അന്നവരത് കാണിച്ചിട്ടുണ്ടാകും. 2006 വരെ വീട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയായിരുന്നതുകൊണ്ട് കിരിബാത്തിയിലെ പുതുവർഷത്തിനും തൃശൂരിലെ പൂരത്തിനും പൊന്നമ്പലമേട്ടിലെ മകരജ്യോതിക്കുമെല്ലാം കറുപ്പും വെളുപ്പും തന്നെയായിരുന്നു നിറം. വലുപ്പം 14 ഇഞ്ചും.

പുതിയ നൂറ്റാണ്ട്, ന്യൂസിലാൻഡിലെങ്ങാനുമുള്ള ഏതോ ഒരു ദ്വീപിൽ പിറന്നെന്ന ദൂരദർശൻ വാർത്ത കണ്ട് കിടന്നുറങ്ങി, പിറ്റേ പകൽ പത്രം നോക്കി ബാക്കിയാഘോഷങ്ങളിറഞ്ഞ കാലം ഇതാ 25 വർഷം മുന്നിലെത്തിയിരിക്കുന്നു. ഈ കാൽനൂറ്റാണ്ടിലെ ക്ലോക്കിനൊയെന്ന് പൊടി തട്ടിയെടുക്കുക മാത്രമാണ് ഓർമോപനിഷത്തിന്റെ ഉദ്ദേശ്യം.
ഓർമോപനിഷത്തിന് അധ്യായങ്ങളോ പർവങ്ങളോ കാണ്ഡങ്ങളോ ഇല്ല. വഴികളും യാത്രകളും മാത്രം. ദിശകളും ദൂരങ്ങളും മാത്രം. മുന്നോട്ടും പിന്നോട്ടും തോന്നുംപോലെ പായുന്നൊരു പെട്ടകം മാത്രം. ഭൂമിയെ ശുദ്ധീകരിച്ച മഹാപ്രളയത്തിന് മുൻപ് ഓരോ ജോഡി ജീവജാലങ്ങളെയേറ്റി യാത്രപോയ നോഹയുടെ പെട്ടകമോർക്കുന്നില്ലേ. അത് ഗോഫർമരം കൊണ്ടുപണിത മുങ്ങാത്ത പെട്ടകമായിരുന്നുവെങ്കിൽ ഇത് ഓർമകൾ കൊണ്ടുപണിത എപ്പോൾ വേണമെങ്കിലും മുങ്ങാവുന്ന ഒരു യാത്രയാണ്. നോഹക്ക് പേമാരിയുണ്ടാകില്ലെന്നുറപ്പിക്കാൻ മഴവില്ലായിരുന്നു സമ്മാനമെങ്കിൽ നമ്മുടെ യാത്രയിലോ യാത്രയുടെ അവസാനമോ സമ്മാനപ്പൊതി കരുതിവച്ചിട്ടില്ല. ഇനി വീണുകിട്ടിയാൽ ഉടമസ്ഥനെ ഏൽപ്പിക്കേണ്ടതുമില്ല.
ഓർമോപനിഷത്ത്
ഒന്നാം വഴി
ലൊക്കേഷൻ: വായനശാല
ലാൻഡ് മാർക്ക്: യു.പി സ്കൂളിന് എതിർവശം
വായനശാലയ്ക്ക് മൂന്ന് മുറികളായിരുന്നു. വലിയ വിശാലമായൊരു വായനാമുറി. അവിടെ, പല പല ബെഞ്ചുകളിലായി അന്നന്നത്തെ പത്രങ്ങൾ. മാസികകളുടെയും വാരികകളുടെയും പഴയലക്കങ്ങൾ. അങ്ങിങ്ങായി ചിതറിയും തെറിച്ചും കുറേയെറെ നോട്ടിസുകൾ. എല്ലായിടത്തേക്കും കാറ്റെത്തിക്കാൻ കെൽപ്പില്ലെങ്കിലും അതിന് കിണഞ്ഞുപരിശ്രമിക്കുന്ന, പൊടിയേറെ തിന്ന ഒരു പഴയ ഫാൻ. ആ വലിയ വായനാമുറി കടന്നാൽ പുസ്തകശാലയാണ്. അതിനകം, കുത്തനെയുത്തരംവരെ നീളുന്ന മരത്തട്ടുകൾ, അതിലാകെ, ചുമരാകെ, വരിയായും നിരയായും പുസ്തകശേഖരം. തപ്പിയെടുത്ത് എഴുതിയൊപ്പിട്ട് ഒരാഴ്ചയ്ക്ക് ഒരെണ്ണം വീട്ടിലേക്ക് കൊണ്ടുപോകാം. പോകുംവഴിയോ വരുംവഴിയോ മൂന്നാംമുറിയിലേക്ക് എത്തിനോക്കും. മുതിർന്നവർക്കായി ഒരു കാരം ബോർഡും സകലർക്കുമായി സാൻസൂയിയുടെ ഒരു കളർടീവിയും കൊണ്ട് സമ്പന്നമായ മൂന്നാംമുറി. ആ വാതിലോരം ചാരി കണ്ട പരസ്യങ്ങൾക്കുപോലും പകിട്ടേറെയാണ്. പരസ്യങ്ങൾക്ക് കീഴെ, അന്നൊരു സ്കിപ്പ് ബട്ടൺ ഉണ്ടായിരുന്നുവെങ്കിൽ, അത് കുത്തിപ്പൊട്ടിക്കാതെ തന്നെ നോക്കിയിരിക്കുമായിരുന്നു നമ്മൾ. ഈ എഴുത്തിനിടയിൽ കയറിവന്ന പരസ്യത്തെ തത്കാലം സ്കിപ്പ് ചെയ്യാം. പരസ്യമല്ല വായനാരഹസ്യമാണ് വിഷയം. അതുകൊണ്ട് മൂന്നാംമുറിയുടെ ഓർമകളെ താക്കോൽപഴുതിലൂടെ ഒളിഞ്ഞുനോക്കി തത്കാലം അവസാനിപ്പിക്കാം. കാഴ്ചകളുടെ ആ ഉത്സവ വാതിൽ തുറക്കാൻ നേരമായില്ല ബ്രോ.
അക്കാലം പത്രം വാങ്ങണോ വാങ്ങണ്ടയോ എന്ന തീരുമാനമെടുപ്പിക്കുക അന്നന്നത്തെ സാമ്പത്തിക സ്ഥിതിയാണ്. നിത്യചിലവിനപ്പുറം മൂന്നുരൂപ അധികമുണ്ടെങ്കിൽ രാവിലെ പത്രം വാങ്ങാനോടും. നീക്കിയിരിപ്പായി മൂന്നൂരുപയില്ലെങ്കിലും പത്രം വീട്ടിലെത്തണമെങ്കിൽ വലിയ വാർത്തകളുണ്ടാകണം. ഇംഎംഎസിന്റെ മരണം, വേൾഡ് ട്രേഡ് സെൻറർ ആക്രമണം, മുത്തങ്ങാ വെടിവയ്പ്പ് അങ്ങനെ ഒന്നാംപേജ് ആകെ വിഴുങ്ങിയ സംഭവവികാസങ്ങളിൽ ഒന്നും നോക്കാതെ പോയി പത്രം വാങ്ങാനുള്ള ധീരമായ തീരുമാനങ്ങളെടുത്തിട്ടുണ്ട് അച്ഛനുമമ്മയും.
പുലർകാലങ്ങളിൽ പത്രങ്ങളങ്ങനെ മാലപോൽ കോർത്ത പീടികകോലായികൾക്ക് ചന്തമൊന്നുവേറെ തന്നെയായിരുന്നു. മാസികകളും വാരികകളും ബാലപ്രസിദ്ധീകരണങ്ങളും നൂലുകെട്ടിതിരിച്ചു നടുപേജിലൂടെ കോർത്ത് കെട്ടിയിട്ടേക്കും. പത്രങ്ങൾക്കും പത്രക്കാരനും പകിട്ടുള്ള കാലം. ന്യൂസ് പ്രിൻറുകൾ പോലും പത്രാസുകൂട്ടിയ കാലം. പരന്നവായനയിലേക്കെത്തിക്കുന്നത് പത്രത്താളുകളാണ്. പത്രമൊരു പലഹാരം തന്നെയായിരുന്നു. പൈസയുണ്ടെങ്കിൽ രാവിലെ ചായക്കൊപ്പം തൊട്ടുകൂട്ടാൻ കിട്ടുന്ന പൊതിഞ്ഞുവാങ്ങാത്ത പലഹാരം.
സിനിമാ-കായിക പ്രസിദ്ധീകരണങ്ങൾ വായനയുടെ ആക്കം കൂട്ടി. മുടിവെട്ടുശാലകൾ രണ്ടാം വായനശാലകൾ കൂടിയായി. എപ്പോൾ ചെന്നാലും അപ്പോൾ എല്ലാം തിരക്കൊഴിയാതെ കണ്ട ബാർബർ ഷോപ്പുകൾ നീ വായിച്ചിട്ടോ, മറച്ചിട്ടോ പോയാൽ മതിയെന്ന് പറയാതെ പറഞ്ഞു. കളർപടങ്ങളേറെയുള്ള ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും സ്പോർട്സ് മാഗസിനുകളും കീറിയതും പറഞ്ഞതുമാണെങ്കിലും കുളിരോടെ വായിച്ചു. ഇറങ്ങാനൊരുങ്ങുന്ന സിനിമകളുടെ ചിത്രീകരണ വിശേഷങ്ങൾ വരിയൊന്നുംവിടാതെ വായിച്ച്, കണ്ണടച്ചവ കണ്ടുനോക്കി. കണ്ടുകഴിഞ്ഞ മത്സരങ്ങളുടെ വിശകലനക്കുറിപ്പുകളിലൂടെ കണ്ണോടിച്ച് വീണ്ടും ആ മത്സരമൈതാനങ്ങളുടെ ആരവം കേട്ടു. രാഷ്ട്രീയവിശകലനത്തിന് പക്വമല്ലെങ്കിൽപോലും കേരളശബ്ദമോ ഇന്ത്യാടുഡേയോ തൊട്ടുതലോടി തന്നെയാണ് നമ്മളക്കാലം കവച്ചുവച്ചത്.
ആദ്യമായി വായനശാലക്ക് അകമെത്തിയപ്പോൾ മെമ്പർഷിപ്പ് ഉണ്ടായിരുന്നില്ല. മെമ്പർഷിപ്പ് ഇല്ലാതെ തന്നെ, എവിടെ വീടെന്നും ആരുടെ മകനെന്നും ചോദിച്ചു ശങ്കരൻമാഷ് തന്നുവിട്ട ടോട്ടോചാനിൽ തുടങ്ങിയ വായന തപോമയിയുടെ അച്ഛനെ തൊട്ടുനിൽക്കുന്നു.
ഏതുവായനയ്ക്കുമൊരിടമുണ്ടായിരുന്നു. ആഴ്ചയിലെത്തുന്നതെങ്കിലും വായനയുടെ കനംനോക്കി മാതൃഭൂമി ആഴ്ചപതിപ്പും മനോരമ വാരികയുമായി. ബ്രാംസ്റ്റോക്കറിന്റെ ഒറിജിനൽ ഡ്രാക്കുളയും കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുളയും ഒരുപോലെ വായിച്ചു. ഒരിക്കലും ഒരു പ്രസിദ്ധീകരണത്തിന്റെയും പുതിയ ലക്കങ്ങളെ വാങ്ങാനുള്ള കെൽപ്പില്ലായ്മ വായനക്കൊതിക്ക് കടമ്പയായില്ല. പത്തു രൂപയ്ക്ക് പഴയ പ്രസിദ്ധീകരണങ്ങളുടെ കെട്ടുകിട്ടുമായിരുന്നു.
വിശാലമായ വായന അന്നുമിന്നുമില്ലെന്നതാണ് സത്യം. വായന മടുപ്പോ മുഷിപ്പാ ആയില്ലെന്നുമാത്രം. ഒരു നയൻറീസ് കിഡിനെ വായനയിലേക്ക് കോർത്തുകൊരുക്കാൻ അന്ന് ചെറുചൂണ്ടകളൊത്തിരിയുണ്ടായിരുന്നു. ഡിങ്കനും നമ്പോലനും മായാവിയും ലുട്ടാപ്പിയും ലൊട്ടുലൊടുക്കും ഗുലുഗുലുമാലും ഒട്ടനവധി ഇൻഫ്ലൂവൻസേഴ്സിനെ തന്നു ഓരോ ബാല പ്രസിദ്ധീകരണങ്ങളും. മായാവിയുടെ മാന്ത്രികവടിയിലും കപീഷിന്റെ വാലിലും കണ്ണടച്ചു വിശ്വസിച്ചു. പങ്കിലക്കാടൊരു പകൽപോലെ സത്യമെന്ന് ധരിച്ചു. ശക്തിമരുന്നിന്റെ ചേരുവ കൊതിച്ചു. ജംബന്റെ കുതിപ്പും ശിക്കാരി ശംഭുവിന്റെ കിതപ്പും വായനോർജം കൂട്ടി. ശുപ്പാണ്ടിയും എലുമ്പനും സൂത്രനും ഷേരുവും അക്കുവും ഇക്കുവും വായനയുടെ വഴിയിൽ പൂക്കൾ വിതറി. ഡിസ്‍നിയുടെ ലോകമുള്ള കാലം ഭാവനയുടെ ലോകവുമുണ്ടാകുമെന്ന വാൾട്ട് ഡിസ്നിയുടെ വചനം പോലെ ചിത്രകഥകളുടെ ചതുരപ്പെട്ടികൾ വായനയുടെ വാതിലുകളേറെ തുറന്നിട്ടു.
ബാലകഥകളുടെ കരുത്തിൽ ചെറുകഥകളുടെ ചിറകേറി. ആദ്യമായൊരു നെയ്പ്പായസം കണ്ണുനിറച്ചു. കോടച്ചിയുടെ പൊതിച്ചോറ് തൊണ്ടയിൽ കൊരുത്തു. ചേന്നപ്പറയന്റെ പട്ടിയുടെ മോങ്ങൽ വിടാതെ മൂളിച്ചപോൽ ചെവിയിൽ കയറി. ചുവന്ന തലപ്പാവും കറുത്തകോട്ടും വെളുത്ത കാൽശരായിയുമുള്ള നീലക്കണ്ണുള്ള ഏതോ 'ഒരു മനുഷ്യൻ' ആരെല്ലാമോ ആയി ഒപ്പം നടന്നു. വായനശാലയിലെ ഷെൽഫിറങ്ങി ചെറുതല്ലാത്ത കഥാപാത്രങ്ങളേറെ വീട്ടിൽ സ്ഥിരവരവുകാരായി. ആയിരത്തൊന്നു കുതിരകളുടെ പട പൌർണമി രാത്രിയെന്നില്ലാതെ കഥകളുമായെത്തി. പിൽക്കാലം നൈനിറ്റാൾ തടാകത്തിലെത്തിയ ഒട്ടേറെ വ്ളോഗർമാരെ കണ്ടെങ്കിലും വായനയുടെ മഞ്ഞുകാലത്തിനരികിലെത്തിയില്ല ഒന്നും. വെളിയാങ്കലിലെ തുമ്പികളോടൊപ്പം പറന്ന് വായനയുടെ ആകാശം വീണ്ടും വലുതായി. സാൻറിയാഗോയുടെ സ്വപ്നം വായനയുടെ വിളക്കുറാന്തൽ കെടാതെ കാത്തു. ഓർത്താൽ വായനയാഴം കൂട്ടിയ സ്മാരകശിലകളനവധിയെത്തും.

ആദ്യമായി വായനശാലക്ക് അകമെത്തിയപ്പോൾ മെമ്പർഷിപ്പ് ഉണ്ടായിരുന്നില്ല. മെമ്പർഷിപ്പ് ഇല്ലാതെ തന്നെ, എവിടെ വീടെന്നും ആരുടെ മകനെന്നും ചോദിച്ചു ശങ്കരൻമാഷ് തന്നുവിട്ട ടോട്ടോചാനിൽ തുടങ്ങിയ വായന തപോമയിയുടെ അച്ഛനെ തൊട്ടുനിൽക്കുന്നു. എന്തുമേതും വായിക്കണമെന്ന് ഓർമിപ്പിച്ചവർ ഏറെയുണ്ട്. കുത്തിയിരുന്ന് വായിച്ചില്ലെങ്കിൽ കെട്ടുപണിക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞ ചേട്ടൻമാർ തൊട്ട് ആരെവായിച്ചാരംഭിക്കണമെന്നും ആരെയെല്ലാം മറക്കാതെ വായിക്കണമെന്നും പറഞ്ഞ അധ്യാപകർ വരെ ആയിരംപേർ. ആഴത്തിലനവധി പുസ്തകങ്ങൾ വായിച്ചില്ലെങ്കിലും വായനയൊരു ആനന്ദനേരം തന്നെയായിരുന്നു.
ഏതായിരുന്നു നിങ്ങളുടെ വായനശാല ? ആരായിരുന്നു ആദ്യപുസ്തകം തന്നെ ശങ്കരൻമാഷ്?
ഏതായിരുന്നു നിങ്ങളാദ്യം വായിച്ച പുസ്തകം? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ചുമറച്ചുവച്ച പുസ്തകം?
നയൻറീസ് കിഡ്സിന്റെ വായനശാലകളിലേക്കുള്ള വഴിതെറ്റിയത്, ഇൻറർനെറ്റ് കഫേയുടെ വരവോടെയായിരുന്നു. ജിടെക് ശൃംഖലകൾക്ക് പിന്നാലെ നാട്ടിലൊരു കഫേ തുറന്നു. ഫോട്ടോസ്റ്റാറ്റ് കടകളും കളർപ്രിൻറ് കടകളുമായിരുന്നു അതുവരെയുള്ള വലിയ ടെക്നോളജിയെങ്കിൽ കഫേകൾ സീൻ മാറ്റി. പറമ്പിലും പാടത്തും വരമ്പിലും വായനശാലയിലും കൂടിയ കൂട്ടങ്ങൾ കഫേകളുടെ കാബിനകം ഒരു കമ്പ്യൂട്ടറുണ്ടെന്ന് കണ്ടെത്തി. കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ചാൾസ് ബാബേജെന്ന അറിവിനൊപ്പം, ചങ്ങാതി കണ്ടുപിടിച്ച ആ ഉപകരണം കാണാൻ ഇരുപത് മിനുറ്റിന് പത്ത് രൂപ വാടകവേണമെന്ന തിരിച്ചറിവുമുണ്ടായി. വാടകയ്ക്ക് സൈക്കിളെടുത്തിരുന്നവർ വാടയ്ക്ക് കഫേകളിലെത്താൻ ഗൂഢാലോചന നടത്തി. പ്രപഞ്ചം ആ കൂടാലോചനയ്ക്ക് കുടപിടിച്ചു. ആ വഴി, ടെകനോളജിയയുടെ വഴി വേറെ പോകാനുള്ളതാണ്. അതും അവിടെ നിൽക്കട്ടെ.
വായിക്കാൻ വെളിച്ചമായ പഴയ ആ വായനശാല അവിടെത്തന്നെയുണ്ട്. അന്ന് ലൈഫ് ടൈം മെമ്പർഷിപ്പ് എടുത്ത ഞങ്ങൾ കൂട്ടുകാരെല്ലാം ആ ഗ്രാമമേ വിട്ടു. വായനശാല കെട്ടിടം പഴയ മൂന്നുമുറികളിൽ നിന്ന് രണ്ടുനിലയിലേക്ക് മാറിയെന്നറിഞ്ഞു. ആ സാൻസൂയി ടിവി, ഏത് ലോകകപ്പുവരെ ആൾക്കൂട്ടം അതിന് മുന്നിൽ ഇരിന്നിട്ടുണ്ടാകും. അറിയില്ല. വായനശാലയിൽ ഇന്ന് പുതുതലമുറയത്ര സജീവമല്ലെന്ന് കേട്ടറിഞ്ഞു. അല്ലെങ്കിലും കിൻഡിൽ റീഡിംഗിലേക്ക് കാലം മാറുമ്പോൾ വായനശാലകളിൽ ആളൊഴിയും. കൂട്ടംകൂടി കളികാണാനും ഫാൻ പാർക്കുകൾ എത്രയെത്ര! എങ്കിലും നമ്മൾ ആഗ്രഹിക്കുന്നില്ലേ, ആ വായനശാലയിലേക്ക് ഒന്ന് തിരികെയത്താൻ, പഴയ വിലകുറഞ്ഞ കടലാസിൽ അച്ചടിച്ചെത്തിയിരുന്ന പുസ്തകങ്ങളെ തുറന്നുനോക്കാൻ, വാതിലോരം ചാരി ആ സാൻസൂയി ടിവി കാണാൻ.
ഒറ്റയ്ക്കുറങ്ങി ഒരു ഒഴിവുദിനത്തിലേക്ക് ഉണരണം, കാപ്പികലാപരിപാടിക്കപ്പുറം ഒരു യാത്രയ്ക്കൊരുങ്ങണം,
സ്പോട്ടിഫൈ പ്ലേലിസ്റ്റ് ജോൺസൺ മാഷിൽ ലോക്കാക്കണം,
ഗൂഗിൾ മാപ്പിൽ പഴയ ആ വായനശാലയാകണം ഡെസ്റ്റിനേഷൻ,
സമയം മുന്നിലേക്കെന്നത് മാറ്റി പിന്നിലേക്ക് സെറ്റാക്കാനാകണം,
എത്താനാഗ്രഹിക്കുന്നി ഇടത്ത് എത്താനാഗ്രഹിക്കുന്ന കാലത്ത് എത്തിച്ചേരാനാകണം.
വീണ്ടും ചോദിക്കുന്നു, ഏതായിരുന്നു നിങ്ങളുടെ വായനശാല?
ഏതായിരുന്നു നിങ്ങളാദ്യം വായിച്ച പുസ്തകം?
(അവസാനിക്കുന്നില്ല, അടുത്ത പാക്കറ്റിൽ തുടരും)
