ഇംഗ്ലണ്ടിലെ തണുപ്പ് കാലത്തെ അതിസങ്കീർണ്ണമായ ഏകാന്തതയെയും വിഷാദ ചിന്തകളെയും നേരിടാൻ വയ്യാതെ വന്നപ്പോഴാണ് നാട്ടിലേക്ക് തിരിച്ചു നടന്നത്. ആറുവർഷം, ഒരു മനുഷ്യായുസ്സിൽ അത്ര ചെറിയ കാലയളവല്ല. ലോകത്തിൻ്റെ മുഴുവൻ സമവാക്യവും മാറിപ്പോയ കഴിഞ്ഞ കുറെ വർഷങ്ങൾ. തീർച്ചയായും അതിൻ്റെ പ്രതിഫലനങ്ങൾ എൻ്റെ താമസ നഗരമായ കൊച്ചിയിലും ഉണ്ടാവുമെന്ന് അറിയാമായിരുന്നു. എന്നാൽ, എയർപോർട്ടിൽ നിന്നു വീട്ടിലേക്ക് വരുന്ന നേരത്ത് തലങ്ങും വിലങ്ങും ഭ്രാന്ത് എടുത്ത പോലെ ഓടുന്ന വാഹനങ്ങളെ കണ്ടപ്പോൾ മനസ്സു പറഞ്ഞു, എല്ലാം പഴയത് പോലെ തന്നെയെന്ന്. നിരത്തിലെ അച്ചടക്കമില്ലായമ കണ്ട് വിദേശിയായ എൻറെ ജീവിതപങ്കാളി ചോദിച്ചു "ഇവിടെ റോഡ് സൈൻസ് ഒന്നും തന്നെ ഇല്ലേ?”
കൊച്ചി എൻ്റെ തൊഴിൽ നഗരമായിരുന്നു. ഓടിയും തളർന്നും കിതച്ചും ഞാൻ നടന്ന് തീർത്ത വഴികൾ പലതും ഇന്നും കണ്ടാലറിയാത്ത പോലെയായി. മെട്രോ ട്രെയിനിന്റെ നീളം കൂടിയതും പണി തീർന്നതും തീരാത്തതുമായ കെട്ടിടങ്ങളുടെ എണ്ണവുമൊക്കെ എനിക്ക് പുരോഗതിയുടെ ലക്ഷണ മാണ്. എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ച് വീടെത്തിയപ്പോൾ ഗൂഗിൾ പേ ചെയ്യുന്നതിന് പകരം പണം കൊടുത്ത എന്നെ ലേശം അത്ഭുതത്തോടെ നോക്കി നമ്മുടെ സാരഥി. ഗൂഗിൾ പേയ്ക്ക് മലയാളി ജീവിതത്തിലുള്ള പ്രാധാന്യം അന്ന് മനസ്സിലാവാത്തത് കൊണ്ട് ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കാൻ രണ്ടുമൂന്നു ദിവസം കൂടിയെടുത്തു. വർഷങ്ങളായി കൂടെയുണ്ടായിരുന്ന എയർടെൽ നമ്പർ നഷ്ടപെട്ട് പോയതാണ് പല ബുദ്ധിമുട്ടുകൾക്കും കാരണമായത്. സാധനങ്ങൾ ഓൺലൈനിൽ വാങ്ങിക്കാൻ മെനക്കെടാതെ കടകൾ തപ്പിയിറങ്ങിയ എന്നെ രണ്ട് ദിവസം കൊണ്ട് തന്നെ ബ്ലിങ്കിറ്റും ഇൻസ്റ്റാ മാർട്ടും കീഴടക്കി.
വീട്ടുജോലിക്ക് സഹായത്തിന് ആളെ നിർത്തുന്ന രീതി പടിഞ്ഞാറൻ നാടുകളിൽ ഒരു ന്യൂനപക്ഷത്തിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വീട്ടുജോലികൾ സ്വയം ചെയ്യുക എന്ന രീതി കേരളത്തിലെത്തിയ ശേഷവും ഞങ്ങൾ തുടരുന്നു. വീട്ടുജോലികൾ രണ്ടാളും കൃത്യമായി പങ്കിട്ടെടുക്കുന്നു. ഡൈനിങ് ടേബിളിൽ നിന്നും ആരാണ് അവസാനം എഴുന്നേൽക്കുന്നത് ആ ആളാണ് മുഴുവൻ പാത്രങ്ങളും കഴുകി വൃത്തിയാക്കുന്നത്. അത് ചിലപ്പോൾ ഞാനാകാം മറ്റ് ചിലപ്പോൾ എൻ്റെ പങ്കാളി ആകാം. അവനവൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ടോയ്ലറ്റ് എന്നിവ വൃത്തിയാക്കേണ്ടത് തൻ്റെ മാത്രം ഉത്തരവാദിത്വമാണെന്ന് മുതിർന്ന മനുഷ്യരെ പോലും പറഞ്ഞ് മനസ്സിലാക്കേണ്ട ഗതികേട് കേരളത്തിൽ ഇന്നുമുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്.

ഭാഷാ പരിമതി കാരണം എൻ്റെ പങ്കാളിക്ക് മാർക്കറ്റിൽ പോയി പച്ചക്കറിയും പഴങ്ങളും വാങ്ങാൻ സാധിക്കാറില്ല. അതുകൊണ്ട് മാത്രം അത് എൻറെ ജോലിയായി മാറി. മിനിമലിസം ഇഷ്ടപ്പെടുന്നവരായതു കൊണ്ട് തന്നെ കഴിയുന്നതും ലോക്കൽ മാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ വാങ്ങിക്കുന്നത്. ഇതൊക്കെ പരിഹസിക്കപ്പെടാറുണ്ട് എന്ന കാര്യം ഞങ്ങൾക്കും അറിയാം. പുതുപുത്തൻ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചത് കൊണ്ടും പുത്തൻ കാറുകൾ ഓടിച്ചതുകൊണ്ടും മാത്രം ആരും മോഡേൺ ആകുന്നില്ല എന്നതിന്റെ തെളിവാണ് ആഹാരം കഴിച്ച പാത്രം കഴുകിവെച്ച ഒരു പുരുഷനെ പരിഹസിച്ച മലയാളി. അങ്ങിനെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതൊക്കെ ചർച്ചയാക്കുന്ന ലോകത്തിലെ അപൂർവ്വം ചില ഇടങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു കേരളം.
ഇംഗ്ലണ്ടിലെ സുഹൃത്തുക്കൾ ഡിന്നറിന് വിളിച്ച വീടുകളിൽ മിക്കയിടത്തും ആ വീട്ടിലെ പുരുഷനായിരിക്കും ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്ത് ഒരുക്കിവെക്കുന്നത്. സ്ത്രീകൾ പലപ്പോഴും കയ്യിൽ ഒരു കപ്പ് ചായയുമായി അതിഥികളോട് സംസാരിച്ചിരിക്കാറാണ് പതിവ്. അപൂർവ്വം ചിലയിടങ്ങളിൽ ഇതിന് മാറ്റവുമുണ്ടായിരിക്കാം. ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ണെടുക്കാത്ത ആധുനിക മലയാളി പടിഞ്ഞാറൻ നാടുകളിൽ, പരിഷ്കൃത ഇടങ്ങളിൽ എങ്ങനെയാണ് മനുഷ്യർ ജീവിക്കുന്നത് എന്ന് കൂടി കണ്ട് മനസ്സിലാക്കിയിരുന്നെങ്കിൽ?
ജനാധിപത്യത്തിൻ്റെ ആദ്യ പാഠശാല കുടുംബ മാണെന്ന് തിരിച്ചറിയാൻ ഉള്ള വിവേകം ഇല്ലാത്തിടത്തോളം ഇവിടെ മാറ്റം തൊലിപ്പുറത്ത് മാത്രമായി ചുരുങ്ങുന്നു. അവരവർക്ക് വേണ്ടുന്ന ഭക്ഷണം സ്വയം ഉണ്ടാക്കുക എന്ന ഞങ്ങളുടെ ഉറച്ച തീരുമാനത്തിന് ലേശം ഇളക്കം തട്ടിയത് കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ മാത്രമാണ്.
ഭക്ഷണ ആപ്പുകൾ ഇത്രകണ്ട് വ്യാപകമായിരുന്നില്ല ഇംഗ്ലണ്ടിൽ ഞാൻ ജീവിച്ച ഇടങ്ങളിൽ. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാലഡും സെമി കുക്ക്ഡ് ഭക്ഷണപ്പൊതികളും വാങ്ങുന്നവരും അവിടെ ഉണ്ടെന്നുള്ളത് മറക്കുന്നില്ല. എന്നാലും ഭക്ഷണപ്പൊതികളുമായി ജീവൻ പണയം വെച്ചുകൊണ്ട് ഓടുന്ന ഡെലിവറി ബോയ്സിന്റെ എണ്ണം ഇവിടെ ഉള്ളതുപോലെ നമുക്ക് വേറെ എവിടെയും കാണാൻ കഴിഞ്ഞെന്നു വരില്ല. എൻ്റെ ഫ്ലാറ്റിലെ ലിഫ്റ്റ് താമസക്കാരേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് ഡെലിവറി ബോയ്സ് ആണെന്ന് പലപ്പോഴും തോന്നാറുണ്ട്. ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന രീതിയിൽ നിന്ന് മലയാളി ഏറെ പിന്നോട്ട് പോയിരിക്കുന്നു എന്നതിന് വേറെ എന്ത് തെളിവ് വേണം?

ഈ ജീവിതരീതി ആശുപത്രികളിലേക്കുള്ള നമ്മുടെ ദൂരം ചെറുതാക്കുന്നു. മലയാളിയെ യാത്ര ചെയ്യാൻ പഠിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര, നമുക്ക് ഒരു ഹീറോയാണ്. എന്നാൽ എനിക്കേറെ സന്തോഷം ഉണ്ടാക്കിയ ഒരു കാര്യം മുമ്പൊരിക്കലും ഇല്ലാത്ത വിധം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളി സ്ത്രീകൾ യാത്ര ചെയ്യാൻ തുടങ്ങി എന്നതാണ്. ഒരുപക്ഷേ യാത്ര നൽകുന്ന സ്വതന്ത്ര ബോധം ആകാം ഇതിനുപിന്നിലെ കാരണം. ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്ന മലയാളി സ്ത്രീകളെ കാണുമ്പോൾ തോന്നുന്ന അഭിമാനം അത് വലുതാണ്.
കഴിഞ്ഞ കുറച്ചുകാലം കൊണ്ട് ഉണ്ടാക്കിയെടുത്ത ആ സഞ്ചാര സ്വാതന്ത്ര്യത്തിൻ്റെ കടപ്പാട് ടെക്നോളജിക്കും കൂടെ അവകാശപ്പെട്ടതാണ്. മറൈൻ ഡ്രൈവിൽ ഒന്നിച്ചിരിക്കുന്ന ആണിനെയും പെണ്ണിനേയും അടിച്ചോടിക്കുന്ന സദാചാര പോലിസിനെ കണ്ട കാലമൊക്കെ സ്ക്രീനിൽ നിന്ന് മാഞ്ഞ് പോയിരിക്കുന്നു. ആണും പെണ്ണും സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന മറൈൻ ഡ്രൈവിൽ ഒരു സദാചാര കണ്ണും അവരെ ഇന്ന് അലോസര പ്പെടുത്തുന്നില്ല എന്നത് നല്ല മാറ്റത്തിൻ്റെ സൂചന യാണ്. പക്ഷേ ഈ ചെറുപ്പക്കാർ ഉൾപ്പെടുന്ന പുതിയ തലമുറയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് എന്നറിയുമ്പോൾ മനസ്സ് നടുങ്ങുന്നു.

ലോകം മുഴുവൻ നടത്തിയ പല പഠനങ്ങളിലും പറയുന്നു, കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൻ്റെ കുറവ് കൊണ്ട് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് കുട്ടികളും കൗമാരപ്രായക്കാരുമാണെന്ന്. ഈയിടെ വിവാഹമോചനമെന്ന ആവശ്യവുമായി എന്നെ സമീപിച്ച ഒരു പെൺകുട്ടി പറയുന്നു, അച്ഛനും അമ്മയും ഉറങ്ങുന്നതുവരെ അവൾ ടെറസിൽ ഇരിക്കുകയാണ് പതിവ് എന്ന്. ഞാനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞാൽ അവർക്ക് മനസ്സിൽ ആവില്ല. സ്നേഹമുള്ള, നല്ല വരുമാനമുള്ള ആൾ ആയതുകൊണ്ട് മാത്രം ഒരു ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പറ്റില്ല എന്ന് അവൾക്ക് തോന്നിത്തുടങ്ങി. പക്ഷെ അച്ഛനും അമ്മയും പഴയ തലമുറയിലുള്ളവരല്ലെ, അതുകൊണ്ട് തന്നെ മകളുടെ കുഴപ്പം പിടിച്ച മനസ്സ് അവർക്ക് കാണാനും പറ്റിയില്ല. തെറാപ്പിസ്റ്റ് ഉള്ളതുകൊണ്ട് മാത്രമാണ് താൻ ജീവിച്ചു പോകുന്നതെന്ന് ആ പെൺകുട്ടി പറഞ്ഞു.
കുടുംബത്തിലും പുറത്തും മനുഷ്യർ തമ്മിൽ ഒരുപാട് സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, അന്ന് ടെക്നോളജിക്ക് മനുഷ്യജീവിതത്തിൽ കാര്യമായ ആധിപത്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാവാം മാനസികാരോഗ്യം ഉയർത്തി കൊണ്ടുവരുന്ന പ്രശ്നങ്ങൾ അന്ന് ഇത്രയധികം സങ്കീർണ്ണമാകാതിരുന്നത്. അതോ അത്തരം പ്രശ്നങ്ങൾ തുറന്ന് പറയാനുണ്ടായിരുന്ന സങ്കോചത്തിന്റെ ഇരകളായിരുന്നു ഞാൻ ഉൾപ്പെടെയുള്ള മുൻതലമുറക്കാർ? ആർക്കറിയാം?. ഒന്നറിയാം, വർഷങ്ങൾക്ക് ശേഷം കേരളത്തിൽ എത്തിയ എന്നെ അത്ഭുതപ്പെടുത്തിയത് ടെക്നോളജിയുടെ വികസനമോ മധ്യവർഗ്ഗ മലയാളിയുടെ ആർഭാട ജീവിതമോ അല്ല, മറിച്ച് മനുഷ്യർ പരസ്പരം സംസാരിക്കാൻ മെനക്കെടാതെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന സ്ഥിരം കാഴ്ചയാണ്.

