Good Evening Friday- 2
യൂറോപ്പിലെ ആദിമനിവാസികളായ Celts- കളുടെ കൊയ്ത്തുത്സവമായിരുന്ന Samhain- ന്റെ അമേരിക്കൻ പതിപ്പാണ് Halloween. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വികാസത്തോടെ അത് പതിയെ അമേരിക്കൻ അതിർത്തികൾ വിട്ട് ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ പോപ്പുലറായിക്കൊണ്ടിരിക്കുന്നു. അമാനുഷികവും അന്ധവിശ്വാസപ്രേരിതവുമായ വേഷഭൂഷാദികളുടേയും, വംശീയവിദ്വേഷവും സാംസ്കാരികവിവേചനവും ഉയർത്തുന്ന സ്റ്റീരിയോടൈപ്പുകളുടെയും പ്രതീകമായി മാറുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ഇക്കൊല്ലവും Halloween ഇവിടത്തെ തെരുവുകളിൽ ആഘോഷിക്കപ്പെട്ടത്.
Halloween-ന്റെ പശ്ചാത്തലത്തിൽ
Good Evening Friday.
"ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ്, ഇത്തവണ പോയില്ലെങ്കിൽ അത് മോശമാണ്"
ലേഡീസ് ക്ലബിന്റെ വീക്കെൻഡ് പിക്ക്നിക്. പെണ്ണുങ്ങളും കുട്ടികളും മാത്രം. അതാണ് അനുപമ അരവിന്ദനോട് പറഞ്ഞത്.
"ക്യാൻ യു മാനേജ് നന്ദു ഫോർ ടു ഡേയ്സ്" അനുപമക്ക് അതൊരു പ്രശ്നമായിരിക്കില്ലെന്നറിയാമെങ്കിലും അരവിന്ദന്റെ ചോദ്യം അയാൾക്ക് ഒരു വീക്കെൻഡ് ഒറ്റക്ക് കഴിയാനുള്ള വിഷമം കൊണ്ടായിരുന്നു.
അനുപമയും അരവിന്ദും ഹൈസ്ക്കൂൾ മുതലേയുള്ള കൂട്ടാണ്. രണ്ടു പേരും എഞ്ചിനീയേർസ്. ഇപ്പോൾ ജോലി ചെയ്യുന്നതും ഒരേ കമ്പനിയിൽ. ജോലിക്ക് പോകുന്നതും വരുന്നതും ഒരുമിച്ച്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഒറ്റക്ക് ഒരു ദിവസം പോലും കഴിയേണ്ടി വന്നിട്ടില്ല.
മാത്രമല്ല, അരവിന്ദന് രാത്രി തനിച്ച് കിടക്കാൻ ചെറുപ്പം മുതലേ പേടിയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് അയാൾ ലൈറ്റ് ഇടാതെ ഉറങ്ങാറേയില്ല. എത്ര ശ്രമിച്ചിട്ടും ഇരുട്ടിനോടുള്ള അയാളുടെ പേടി ഈ മുപ്പത്തിമൂന്നാം വയസ്സിലും തുടരുന്നു.
അവർ താമസിക്കുന്ന വീടാണെങ്കിൽ സ്ട്രീറ്റിന്റെ ഒരു കോർണറിലാണ്. സാമാന്യം വലിയ പ്രോപ്പർട്ടിയുമാണ്. ഗാർഡനിംഗും, പച്ചക്കറിത്തോട്ടവും ഇഷ്ടമായതുകൊണ്ടാണ് അവരത് വാങ്ങിയത്. റെസിഡൻഷ്യൽ ഏരിയയിലാണെങ്കിലും അതിന് ഒരു ഒറ്റപ്പെട്ട പ്രതീതിയാണുള്ളത്.
ഈ പശ്ചാത്തലത്തിരുന്ന് അരവിന്ദൻ ചിന്തിച്ചു, ലേഡീസ് ക്ലബിലുള്ളവരെല്ലാം അവരുടെ സമപ്രായക്കാരാണ്. നാലുവയസ്സുകാരൻ നന്ദുവിനും കൂട്ടുകൂടാൻ പറ്റിയ കുട്ടികളുണ്ട്. അവനതൊരു നല്ല ഫൺ ആയിരിക്കും. ചിന്തകൾക്കൊടുവിൽ അരവിന്ദൻ പറഞ്ഞു, "അനൂ, നീ ഇത്തവണ പോയിട്ട് വാ".
അങ്ങനെയാണ് അനുപമയും നന്ദുവും കൂടി പോകുന്നതും അരവിന്ദൻ ആ വീക്കെൻഡ് ഒറ്റക്കാവുന്നതും. വെള്ളിയാഴ്ച നാലുമണിക്കാണ് പിക്ക്നിക്ക് സംഘം പുറപ്പെട്ടത്.
അന്നു രാത്രി തൊട്ടപ്പുറത്തെ സബർബിൽ താമസിക്കുന്ന അനുപമയുടെ ബ്രദർ അജയ്നൊപ്പം പബ്ബിൽ പോയി രണ്ട് ബിയറും കഴിച്ച് വന്നപ്പോൾ ഏതാണ്ട് ഉറങ്ങേണ്ട സമയമായിരുന്നു. അജയ് അവരുടെ വീട്ടിൽ വന്ന് കിടക്കാൻ ക്ഷണിച്ചതാണെങ്കിലും അത് പിന്നീട് അനുപമക്ക് തന്റെ പേടിയെ പറ്റി പറഞ്ഞ് കളിയാക്കാനുള്ള സംഗതിയാകുമെന്ന് കരുതി അരവിന്ദൻ ക്ഷണം സ്നേഹപ്പൂർവം നിരസിച്ചു, "അതൊക്കെ അനു വെറുതേ പറയുന്നതല്ലേ? അളിയൻ പൊക്കോ" എന്ന് ധൈര്യവും നടിച്ചു.
അരവിന്ദന്റെ പേടിയുടെ ഭാഗമായി വീട് പൂർണ്ണമായും ഓട്ടോമേഷൻ ചെയ്തിട്ടുണ്ടായിരുന്നു. മുന്നിലും പിന്നിലുമുള്ള വാതിൽ മൊബൈൽ ആപ്പ് വഴി തുറക്കാം, അടക്കാം. ലോക്കഡ് അല്ലെങ്കിൽ അലാം വരും. വീടിന് ചുറ്റും ക്യാമറയുണ്ട്. അതെല്ലാം ചെക്ക് ചെയ്ത് സെക്യൂരിറ്റി ഉറപ്പാക്കി ലൈറ്റുമിട്ടുറങ്ങിയ വെള്ളിയാഴ്ച രാത്രി അൺഇവന്റ്ഫുൾ ആയി കടന്നുപോയി.
ശനിയാഴ്ച വൈകി എണീറ്റ്, ജിമ്മും, ഗാർഡനിലെ അല്ലറ ചില്ലറ ജോലിയും, പച്ചക്കറിക്കുള്ള വളമിടലും, വാട്ട്സാപ്പും ഫേസ്ബുക്കും ഇന്റർനെറ്റ് പര്യടനങ്ങളും അനുപമയുടെ ഫോണും കഴിഞ്ഞപ്പോൾ സമയം വൈകീട്ട് നാലര.
ബദ്‌ലാ എന്ന ഹിന്ദി മൂവിയുടെ സ്പാനിഷ് വേർഷനായ ദി ഇൻവിസിബിൾ ഗസ്റ്റ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഓഫീസിലെ മാർട്ടിൻ കൊടുത്ത ബെലൂഗ വോഡ്കയെ കുറിച്ച് അരവിന്ദൻ ഓർത്തത്.
രണ്ടു ദിവസം മുമ്പ് അങ്കമാലി സ്റ്റൈലിൽ വെച്ച പോർക്ക് ഫ്രൈയുമായി ചേർന്നപ്പോൾ ബെലൂഗ ആസ്വാദ്യകരമായ ഒരനുഭൂതിയായി. അയാൾ സിനിമ നിറുത്തി. തിയറ്റർ റൂമിലെ കർട്ടൻ മാറ്റി വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. നല്ല മഴ. നാട്ടിലെ ഇടവപ്പാതി പോലെ അടുത്തെങ്ങും തോരാൻ ഉദ്ദേശമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുകയാണ്. അടുത്ത ഫേവറയിറ്റ് ആയ മുട്ട പുഴുങ്ങാൻ വച്ച്, ഒരു ലാർജ് കൂടെയെടുത്ത് അയാൾ ഡിന്നർ ടേബിളിൽ താളം പിടിച്ചു,
'കടുകുമണിക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്
കടലുണ്ടിന്നൊരു ചങ്ങായി
കായ വറുത്തു കഴിഞ്ഞിട്ട്
കുടമൊരു കള്ളു കുടിച്ചിട്ട്
കരിമീൻ മുള്ളു കടിച്ചിട്ടു…'
പാട്ട് നിന്നത് കാളിങ് ബെൽ കേട്ടപ്പോഴാണ്. അജയ് ആയിരിക്കുമെന്ന് കരുതി ഫ്രന്റ് ഡോറിലേക്ക് നടന്നു. വോഡ്കയുടെ സ്വാധീനം അയാളിൽ കാര്യമായി തന്നെയുണ്ടായിരുന്നു. അല്ലെങ്കിൽ വീഡിയോ കോം നോക്കാതെ അയാൾ വാതിൽ തുറക്കില്ലായിരുന്നു.
പുറത്ത് രണ്ട് സ്ത്രീകൾ നനഞ്ഞു കുതിർന്ന് നിൽക്കുന്നു. ആദ്യത്തെ കൗതുകത്തിൽ കാതറിൻ സിറ്റ ജോൺസും സ്കാർലെറ്റ് ജോഹാൻസണും ചെറുപ്പമായി പ്രത്യക്ഷപ്പെട്ടതാണോ എന്ന ഭാവത്തിലാണ് അയാൾ അവരെ നോക്കിയത്.
"ഞങ്ങൾ ഒരു സൈക്കിൾ റൈഡിന് ഇറങ്ങിയതാ, ഇത്രയും മഴ വിചാരിച്ചില്ല. മഴ മാറും വരെ ഒന്ന് കേറി നിന്നോട്ടെ?", വോഡ്ക നൽകിയ ഈസി ഗോയിങ് മൂഡിലും അയാൾ ഗ്ലാമറിൽ വീഴാൻ തയാറല്ലായിരുന്നു,
"എന്നിട്ട് സൈക്കിൾ എവിടെ?"
"അപ്പുറത്തെ ബസ് സ്റ്റോപ്പിനടുത്തുവെച്ചു"
"ഞാൻ ഗാരേജ് തുറന്ന് തരാം, മഴ നനയാതെ നിങ്ങൾക്ക് അവിടെ നിൽക്കാം".
പെണ്ണുങ്ങൾ രണ്ടു പേരും പരസ്പരം നോക്കി. എന്നിട്ട് അൽപ്പം മടിച്ച്,
"ക്യാൻ വി യൂസ് യുവർ ടോയ്ലറ്റ്?"
അരവിന്ദൻ ഒരു സംഘർഷത്തിലായി. എന്ത് ചെയ്യും? വേണ്ട എന്ന് എങ്ങനെ പറയും? നശിച്ച മഴ.
അവസാനം അയാൾ മുന്നിൽ തന്നെയുള്ള ഗസ്റ്റ് റൂം തുറന്നുകൊടുത്തു. പേര് ചോദിക്കലും, സൗഹൃദഭാഷണങ്ങളും വേണ്ട, എത്രയും വേഗം സ്ഥലം വിടട്ടെയെന്നായിരുന്നു അയാളുടെ വിചാരം.
ഒരാൾ റൂമിലേക്ക് പോയപ്പോൾ രണ്ടാമത്തെ ആൾ അയാളുടെ അടുത്തേക്ക് വന്നു, അവളുടെ തോളിൽ ഒരു ചെറിയ ബാഗുണ്ടായിരുന്നു. "ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം, വെള്ളം കേറിയിട്ടാണെന്ന് തോന്നുന്നു, മൊബൈൽ ഓണാവുന്നില്ല, എന്റെ ബ്രദറിനെ വിളിച്ചാൽ ഹി വിൽ കം ആൻഡ് പിക്ക് അസ്. മൊബൈൽ ഒന്ന് തരാമോ?"
അങ്ങനെയെങ്കിലും പോകുമല്ലോ എന്ന് കരുതി അയാൾ മൊബൈൽ കൊടുത്തു. അവൾ സംസാരിച്ച ലാംഗ്വേജ് അയാൾക്ക് മനസ്സിലായില്ല. കൂടുതൽ ശ്രദ്ധിക്കുന്നത് മര്യാദയല്ലല്ലോ, അയാൾ അൽപ്പം മാറിനിന്നു. മൊബൈൽ തിരിച്ചുകൊടുത്ത് അവളും റൂമിലേക്ക് കയറിപ്പോയി.
തറയിൽ വീണ വെള്ളം തുടച്ചുകളയാൻ മോപ്പ് എടുത്ത് വന്നപ്പോൾ ഗസ്റ്റ് ബെഡ്‌റൂം ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരിക്കുന്നു. അയാൾക്ക് അതത്ര ശരിയായി തോന്നിയില്ല. അജയ്നെ വിളിക്കാമെന്ന് കരുതി അയാൾ മൊബൈൽ ഓണാക്കി. പെട്ടെന്നൊരു ഭയം അയാളുടെ നെഞ്ചിലേക്കിറങ്ങി, ഫോണിന്റെ ഐക്കൺ ഒഴിച്ചുള്ള മൊബൈലിന്റെ സ്ക്രീൻ ബ്ലാങ്കായിരിക്കുന്നു. അയാൾ അജയ്‌ന്റെ നമ്പർ ഓർത്തെടുത്തു,
"ഹലോ സ്വീറ്റി", അപ്പുറത്ത് ഒരു സ്ത്രീശബ്ദം.
അയാൾ അനുപമയുടെ നമ്പറിലേക്ക് ട്രൈ ചെയ്തു. സെയിം ശബ്ദം. ഏത് നമ്പർ ഡയൽ ചെയ്താലും ഒരേ റെസ്പോൺസ്, "ഹലോ സ്വീറ്റി, എൻജോയ് അവർ ബ്യൂട്ടിഫുൾ ഗേൾസ്".
അയാൾ ഓഫീസിൽ റൂമിൽ നിന്ന് ലാപ്ടോപ്പ് എടുത്തു. വൈഫൈ പോയിരിക്കുന്നു. ഒരാന്തലോടെ അയാൾ ഓർത്തു, മോഡമിരിക്കുന്നത് ഗസ്റ്റ് റൂമിലാണ്.
‘ഷിറ്റ്’, അയാൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അയാൾ ഫ്രന്റ് ഡോർ തുറക്കാൻ ശ്രമിച്ചു. ഡോർ ലോക്കായിരിക്കുന്നു. മാന്വൽ കീയെടുക്കാൻ അയാൾ കിച്ചണിലേക്ക് ഓടി. ഫ്രിഡ്ജിലേക്കും, ടി.വിയിലേക്കുമുള്ള പവർ ഓഫായിരിക്കുന്നത് അയാൾ കണ്ടു. എങ്ങനെയേലും പുറത്തുകടക്കുക മാത്രമേ തനിക്കു മുമ്പിൽ വഴിയുള്ളുവെന്ന് അയാൾക്ക് മനസ്സിലായി.
കീയെടുത്ത് വരുമ്പോൾ ഗസ്റ്റ് റൂമിന്റെ വാതിൽ തുറന്നുകിടക്കുന്നു. ഒരുവൾ റൂമിൽ കിടന്നിരുന്ന ഷോർട്ട്സ് മാത്രമിട്ട് ടോപ്പ്ലെസ് ആയി ഇറങ്ങി വരുന്നു, രണ്ടാമത്തെയവൾ ഒരു ഷർട്ട് മാത്രമിട്ടിരിക്കുന്നു. അവർ അയാളെ നോക്കി കണ്ണിറുക്കി. ഒരുവൾ ഷർട്ടിന്റെ ബട്ടണഴിക്കുന്നതായി കാണിച്ചു. മറ്റെയാൾ മാറിലേക്ക് വിരൽ ചൂണ്ടുന്നു. അരവിന്ദന്റെ തൊണ്ട വരണ്ടു. വോഡ്ക ഒരു നിമിഷം കൊണ്ട് ബാഷ്പമായി പോയി.
"നോക്കൂ, ദയവായി നിങ്ങൾ പോകൂ. ഇവിടെ ഞാൻ ഒറ്റക്കേയുള്ളൂ", അപകടം മുന്നിൽ നിൽക്കുമ്പോൾ അഭിമാനം നോക്കുന്നതിൽ കാര്യമില്ല, അപേക്ഷിച്ചത് കൊണ്ട് കാര്യമില്ലെന്ന് അറിഞ്ഞിട്ടും അയാൾ പരമാവധി ശ്രമിച്ചു.
"വി ആർ ത്രീ, മേൻ. മൂന്ന് നല്ലൊരു സംഖ്യയാണ്".
"ഐ ഹാവ് വൈഫ് ആൻഡ് എ കിഡ്, ഉപദ്രവിക്കരുത്".
"അതിനെന്താണ്, കം ഓൺ. ലെറ്റ് അസ് എന്ജോയ് ദിസ് നൈറ്റ്".
അയാൾ ധൈര്യം സംഭരിച്ച് കീയുമായി വാതിലിനടുത്തേക്ക് നടന്നു.
"യുവർ ഓട്ടോമേഷൻ ഈസ് ഡിസേബിൾഡ്, ആ വാതിലിനി തുറക്കില്ല. തുറന്നാലും യു വിൽ നോട്ട് ഗോ ഔട്ട്".
ഇവരുടെ കൂടെ പുറത്ത് ഇനി വേറെ ആളുകളുണ്ടോ? പേടിയും ദേഷ്യവും എല്ലാം ചേർന്ന് അയാൾ വല്ലാത്ത ഒരവസ്ഥയിലായി.
പെട്ടെന്ന് ഒരുവൾ അയാളെ കെട്ടിപിടിച്ച് ഉമ്മ വെച്ചു. അവളുടെ മുലകൾ അയാളുടെ ശരീരത്തിലമർന്നു. ഷർട്ടിട്ടവൾ ബാഗ് തുറന്ന് മൊബൈലിൽ വീഡിയോ എടുത്തു, "ഒരു ഫേസ്ബുക്ക് ലൈവ് പോയാൽ എങ്ങനെയിരിക്കും?" അവൾ അയാളെ നോക്കി ചിരിക്കുന്നു.
"നോ ദിസ് ഈസ് എ ട്രാപ്പ്, ദെ ആർ അറ്റാക്കിങ് മി’’, അയാൾ പറ്റാവുന്ന ഉച്ചത്തിൽ അലറി.
"ലീവ് ഹിം, ഞാനയാൾക്ക് വീഡിയോ കാണിച്ചുകൊടുക്കട്ടെ".
വിഡിയോയിൽ അയാളുടെ സൗണ്ട് മാറ്റിയിരിക്കുന്നു. കേൾക്കുന്നത് അയാൾ അവളുടെ കെട്ടിപ്പിടുത്തം ആസ്വദിക്കുന്ന പോലുള്ള ആ, ങാ എന്ന ശബ്ദം.
"എഡിറ്റിംഗ് ഒരു കലയാണ് മിസ്റ്റർ, ആൻഡ് ഇറ്റ് ക്യാൻ ബി എനിതിങ് വിത്ത് ന്യൂ ടെക്നോളജി".
പെട്ടെന്നുള്ള ദേഷ്യത്തിൽ അയാൾ അവളുടെ കൈയിൽ നിന്ന് ആ ഫോൺ പിടിച്ച് വാങ്ങാൻ നോക്കി. അവളുടെ കൂട്ടുകാരി കാലുയർത്തി അയാളുടെ കൈ തട്ടി മാറ്റി.
"അഭ്യാസം കാണിക്കരുത്, കരാട്ടെയിൽ ബ്ളാക് ബെൽറ്റ് ആണ് ഞങ്ങൾ".
"ഒന്നുകിൽ ഒരു വിഡ്ഢിയെ പോലെ തുടരാം, അല്ലെങ്കിൽ ഈ രാത്രി നിനക്ക് ഞങ്ങളോടൊപ്പം ആസ്വദിക്കാം".
ഒരുവൾ മുകളിൽ പോയി വാർഡ് റോബിൻ നിന്ന് അനുപമയുടെ സാരിയും ചൂരിദാറുമെടുത്ത് താഴെ വന്നു.
"ആം ഐ ബ്യൂട്ടിഫുൾ?" ഷാൾ കഴുത്തിലിട്ട് അയാൾക്ക് മുമ്പിൽ നിന്ന് അവൾ ഹിപ്പ്- ഹോപ്പ് സ്റ്റെപ്പുകൾ കാണിച്ചു.
രാത്രിയായെങ്കിലും പുറത്ത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുണ്ട്. പക്ഷെ ഉള്ളിൽ നടക്കുന്നത് പുറത്താരും അറിയില്ല. എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരു രൂപവും കിട്ടിയില്ല.
അതിനിടയിൽ അനുപമ അയാളെ വിളിച്ച് കിട്ടാത്തതുകൊണ്ട് അജയ്നോട് ഒന്ന് പോയി നോക്കാൻ പറഞ്ഞിരുന്നു. കാളിങ് ബില്ലിന് റെസ്‌പോൺസില്ലാതായപ്പോൾ അജയ് സൈഡിലെ ഗെയ്റ്റ് ചാടി കടന്ന് പിന്നിലോട്ട് വന്നു. കർട്ടന്റെ വിടവിലൂടെ എത്തിനോക്കിയപ്പോൾ കാണുന്നത് രണ്ട് പെണ്ണുങ്ങളെയാണ്. അരവിന്ദനെ അജയന് നന്നായി അറിയാം. ഈ ഒരു സാഹചര്യമുണ്ടാകാനുള്ള ഒരു സാദ്ധ്യതയുമില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അയാൾ ഉറപ്പിച്ചു, 'പെണ്ണുങ്ങൾ അർദ്ധനഗ്നരാണ്, അരവിന്ദനെ കാണാനുമില്ല. എന്ത് ചെയ്യും?'
ഇത്രയും എഴുതിയിട്ട് ഞാൻ ചെയറിലേക്ക് ചാഞ്ഞിരുന്നു. നിഷ നാട്ടിൽ പോയിരിക്കുന്നു. കുക്കു ഇയർ എൻഡ് എക്സാമിന് മേലേ റൂമിലിരുന്ന് തകൃതിയായി പഠിക്കുന്നു.
ഒക്ടോബർ- നവംബമ്പർ മാസങ്ങളിൽ മെൽബണിലും നാട്ടിലെ തുലാവർഷം പോലെയാണ്. ഈവെനിങ്ങിലാണ് മഴ. മഴക്കാറുള്ളതുകൊണ്ട് ആറര ആയപ്പോഴേ ഇരുട്ട് വീണിരിക്കുന്നു.
വരാൻ മടിച്ചുനിൽക്കുന്ന ക്ലൈമാക്സിന് ഒരു ഉത്തേജനമാകട്ടെയെന്ന് കരുതി, പദ്മരാജന്റെ തിരഞ്ഞെടുത്ത കഥകൾ എടുക്കാൻ കൈനീട്ടിയതേയുളളൂ, വാതിലിൽ ആരോ മുട്ടുന്നു. സാമാന്യം നല്ല ശബ്ദത്തിലാണ്. കാളിങ് ബെൽ വെച്ചിട്ടും എന്തിനാണീ manual noise എന്ന് മനസ്സിൽ മുറുമുറുത്ത് ഞാൻ വാതിൽ തുറന്നു. ക്ലാസ്സിക്കൽ ഓസ്‌ട്രേലിയൻ ലുക്കുള്ള രണ്ട് സ്ത്രീകൾ,
"ഹലോ ഹൗ ആർ യു?", രണ്ടു പേരും ഒരുമിച്ചാണ് ചോദിച്ചത്.
മറുപടി പറയും മുമ്പേ ഞാനവരെ നോക്കി. ഒരു തരം ചിലന്തിവല പോലുള്ള കറുപ്പും ചുവപ്പും കലർന്ന ഡ്രസ്, മുള്ളുകൾ പൊന്തിനിൽക്കുന്ന ഒരു സാധനം തലയിൽ വെച്ചിരിക്കുന്നു. കൈത്തണ്ടയിൽ പിച്ചളകൊണ്ടുണ്ടാക്കിയ പോലുള്ള വളകൾ, പിന്നെ ആർക്കിയോളജിക്കാർ ആദിമകാലത്ത് നിന്ന് കുഴിച്ചെടുത്ത ടൈപ്പ് പാത്രങ്ങൾ കൈയിലും. ഇതെന്ത് സംഭവം എന്ന അൺഈസിനെസ്സ് വല്ലാതെയുണ്ടായെങ്കിലും ഞാൻ ബേസ് ലൈൻ ആതിഥേയത്വം നിലനിറുത്തി,
"ഐ ആം ഫൈൻ താങ്ക്സ്, വാട്ട് എബൌട്ട് യു?"
"വി ആർ എക്‌സൈറ്റഡ് റ്റു സീ യു അറ്റ് ഹോം".
എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം ഞാനൊന്നു പരുങ്ങി,
"Happy halloween" ഒരു ചിരി, രണ്ടു ചിരി, പിന്നെ രണ്ടും കൂടെ ഒരു ചിരിയായി.
അപ്പോൾ അതാണ് ഈ ഭീകര വേഷം. നല്ല ഹാപ്പി ഹൊറർ എന്ന് പറയാനുള്ള തോന്നലിനെ ഡിപ്ലോമാറ്റിക് റിഫ്ലക്സ് മറികടന്നു, ഹാലോവീൻ തന്നെ പറഞ്ഞു;
"ബൈ ദ ബൈ ഞാൻ ലോണാ, ഇത് ട്രേസി". ലോണക്ക് 25 വയസ്സ് തോന്നും, ട്രേസിക്ക് 40-നടുത്തും. വേഷം ഭീകരമാണെങ്കിലും ആകർഷകമായ രൂപഭാവങ്ങളോടെയാണ് നിൽപ്പ്. ട്രേസി ഒന്നടുത്തേക്ക് വന്നപ്പോൾ ഞാൻ അറിയാതെ അൽപ്പം പുറകിലോട്ട് നീങ്ങി.
"ഹാവ് സം ചോക്ലേറ്റ്സ്", ചോക്ലേറ്റ് എടുക്കാനുള്ള ശ്രമത്തിനിടയിൽ ഞാൻ പിടിച്ചിരുന്ന വാതിൽ കുറച്ചുകൂടെ തുറന്നു.
"ഓ, യു ഹാവ് എ ബ്യൂട്ടിഫുൾ ഹൗസ്", ട്രേസി നഗ്നമായ കണങ്കാൽ വാതിൽപ്പടിയിലേക്ക് വെച്ച് അകത്തേക്കുനോക്കി.
ഫോയറിൽ തൂങ്ങി കിടക്കുന്ന ഷാൻഡ്ലിയറിലേക്കായിരുന്നു ലോണയുടെ നോട്ടം.
"ദാറ്റ്സ് എലഗന്റ്, എന്റെ പുതിയ വീട്ടിലേക്ക് ഇത് പറ്റുമെന്ന് തൊന്നുന്നു".
വാതിലിന്റെ പാതിപാളിയിൽ ഞാൻ അപ്പോഴും പിടിച്ചിട്ടുണ്ടായിരുന്നു. ഇവരുടെ ഉദ്ദേശ്യത്തെ കുറിച്ച് എനിക്ക് ചെറിയൊരു പേടി വന്നുതുടങ്ങിയിരുന്നു.
"ക്യാൻ വി കം ഇൻ ആൻഡ് ഹാവ് എ ലുക്ക്"
ആ ചോദ്യം കേട്ടതും മൈ ഫിയർ ആംപ്ലിഫൈഡ്. എന്നാലും ഞാൻ പുറത്തേക്ക് കൂളായി തന്നെ നിന്നു. പെട്ടെന്ന് ഒരു ഐഡിയ മനസ്സിലേക്ക് വന്നു,
‘കുക്കൂ’, ഞാൻ വിളിച്ചു.
‘എന്താ അച്ഛാ’, കുക്കു കോണിപ്പടിയിറങ്ങി വന്നു.
"ദാ ഇത് ലോണ ആൻഡ് ട്രേസി"
ലോണയെ നോക്കി അവൾ ചിരിച്ചു, "ഐ നോ ലോണ".
എനിക്ക് ആശ്വാസമായി.
"എങ്കിൽ നിങ്ങൾ സംസാരിക്ക്, ഞാൻ വരാം’’. എനിക്കല്പം ചമ്മലുണ്ടായിരുന്നു.
പിന്നിൽ അവരുടെ സംസാരം ഞാൻ കേട്ടു.
"ഐ തിങ്ക് യുവർ ഡാഡ് ഷോക്ക്ഡ് റ്റു സി അസ് ഇൻ ദിസ് അറ്റയർ".
കുക്കു ചിരിക്കുന്നു.
കുറച്ചുനേരത്തെ ചിരിയും ആസ്ട്രേലിയൻ സ്റ്റൈൽ വർത്തമാനവും കഴിഞ്ഞ് അവർ പോയി. പോയിക്കഴിഞ്ഞപ്പോൾ ഞാൻ കുക്കുനോട് ചോദിച്ചു, "നിനക്കെങ്ങനെ അവരെ അറിയാം?"
"ഞാൻ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ആ ലോണ ചിലപ്പോൾ ട്രെയിനിലുണ്ടാവും. ഞങ്ങൾ ഒരുമിച്ച് നടക്കാറുണ്ട്. അപ്പുറത്തെ സ്ട്രീറ്റിലാണ് അവരുടെ വീട്"
"അത് ശരി".
"അച്ഛൻ അവരെ കണ്ട് പേടിച്ചോ?"
"ഞാൻ വെള്ളിയാഴ്ചയിലേക്ക് വേണ്ടി എഴുതുന്ന ഒരു സംഗതിയുണ്ട്, ഐ വിൽ ഇ-മെയിൽ യു. ഞാനതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അവർ വന്നത്. യു പ്ളീസ് റീഡ് ഇറ്റ്"
അവൾ വായിച്ചു കഴിയട്ടെ, എന്നിട്ട് പറയാം, ഡയറക്ഷന്റെയും തിരക്കഥയുടെയും പോരായ്മ കൊണ്ട് 2015- ലിറങ്ങി അത്രയങ്ങ് ശ്രദ്ധിക്കാതെ പോയ Knock-Knock എന്ന സൈക്കോളജിക്കൽ ത്രില്ലറിനെ ക്ലൈമാക്സ് മാറ്റി മലയാളി പരിസരത്തേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുകയായിരുന്നുവെന്ന നഗ്നസത്യം.
എന്നിട്ട് അവൾ തീരുമാനിക്കട്ടെ, ഞാൻ പേടിച്ചോ എന്ന്.
Cheers…
Good Evening Friday, കോളത്തിന്റെ മറ്റു എപിസോഡുകള്‍ വായിക്കാം…