അപമാനങ്ങൾ വഴിമാറും,
സ്വാഭിമാനം, ശരീരികളായി മാറുന്നിടത്ത്...

സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുകയാണ്​ ആദ്യം വേണ്ടത്​. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉൾക്കൊള്ളാൻ കഴിയണം. കാഴ്ചക്കപ്പുറമുള്ള ശരീരധർമങ്ങളെ കുറിച്ചും വ്യത്യസ്തതകളിലൂടെ നിലനിൽക്കുന്ന ലോകത്തെക്കുറിച്ചുമുള്ള ബോധം നമ്മളെ ആനന്ദത്തിലേക്കാണ് എത്തിക്കുക

‘വ്യത്യസ്തതയാണ് നമ്മെ നമ്മളായി നിർവചിക്കുന്നത്'- ജോൺ ലെവിസ്

റ്റുള്ളവരെ തരംതാഴ്ത്തി എന്തെങ്കിലും പറയുക എന്നത് പൊതുവെ കാണുന്ന സ്വഭാവമാണ്. അത് നിങ്ങളുടെ വണ്ണത്തെ പറ്റിയോ നിറത്തെ പറ്റിയോ ഒക്കെ സൂചിപ്പിച്ചു കൊണ്ടായിരിക്കും. ‘ഇരുട്ടത്തിരുന്നാൽ നിന്നെ എങ്ങനെ കാണും?' എന്ന പോലെയുള്ള ചോദ്യങ്ങൾ നേരിടാത്ത ഇരുണ്ട നിറമുള്ളവർ കുറവായിരിക്കും. വെയിൽ കൊണ്ടാലെന്താ, നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്ന് സ്‌നേഹഭാവത്തിൽ ഒരു സുഹൃത്ത് എന്നോട് ചോദിച്ചത് ഓർക്കുന്നു.

‘ഇരുട്ടത്തിരുന്നാൽ നിന്നെ എങ്ങനെ കാണും?' എന്ന പോലെയുള്ള ചോദ്യങ്ങൾ നേരിടാത്ത ഇരുണ്ട നിറമുള്ളവർ കുറവായിരിക്കും.
‘ഇരുട്ടത്തിരുന്നാൽ നിന്നെ എങ്ങനെ കാണും?' എന്ന പോലെയുള്ള ചോദ്യങ്ങൾ നേരിടാത്ത ഇരുണ്ട നിറമുള്ളവർ കുറവായിരിക്കും.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ തെറാപ്പിസ്റ്റ് ആയ സുഹൃത്ത് വന്ന് അവരുടെ അടുത്തെത്തിയ പതിനൊന്ന് വയസ്സുകാരിയെ പറ്റി പറയുന്നു. ഏതാനും ദിവസങ്ങളായി ഈ മിടുക്കിക്കുട്ടി സ്‌കൂളിൽ തളർന്നുവീഴുന്നു. അന്വേഷണത്തിൽ മനസ്സിലായത് അദ്ധ്യാപകൻ അവളുടെ നിറത്തെ കളിയാക്കി സംസാരിച്ചു എന്നതാണ്. ദിവസവും സാധാരണ ജീവിതത്തിലും പൊതുവേദികളിലും ഉന്നതരിൽ നിന്നും സാധാരണക്കാരിൽ നിന്നും ഈ കളിയാക്കലുകൾ ആവർത്തിക്കപ്പെടുന്നു. നിറം മാത്രമല്ല വണ്ണം, പൊക്കം, മുടി തുടങ്ങി ശരീരത്തിന്റെ പല സ്വഭാവങ്ങളും അപമാനിക്കപ്പെടുന്നത് സർവസാധാരണമാണ്. കോമഡികളുടെ പ്രധാന വിഷയമായി വരുന്നത് പലപ്പോഴും ബോഡി ഷെയ്​മിങ്​ ആണ്.

ബോഡി ഷെയ്​മിങ് നടക്കുന്നത് മിക്കപ്പോഴും അതിന് വിധേയരാക്കപ്പെടുന്നവരുടെ കൂടി പങ്കുചേരലോടെയോ അതേസ്വഭാവം പേറുന്നവരിൽ നിന്നുതന്നെയോ ആയിരിക്കുമെന്നത് വിചിത്രമായി തോന്നാം.

ബോഡി ഷെയ്​മിങ്​ എന്ന പ്രയോഗം വ്യാപകമായത് കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ മാത്രമാണ്. സ്വന്തം ശരീരത്തോടോ മറ്റു ശരീരങ്ങളോടോ ഉള്ള അതൃപ്തിയും വെറുപ്പുമാണ് ഇതിലേക്ക് നയിക്കുന്നത്. മാതൃകാപരമായ ഒരു ഇമേജ് സങ്കൽപ്പിച്ചുവക്കുകയും അത് ആന്തരവൽക്കരിക്കുകയും ചെയ്യുക, സ്വന്തം ശരീരത്തെയോ മറ്റു ശരീരങ്ങളേയോ ഈ മാതൃകയുമായി താരതമ്യപ്പെടുത്തി മൂല്യം നൽകുക എന്ന അവസ്ഥകളാണ് ഇതിന് നിദാനം. ചില ശരീരങ്ങളോട് കൂടുതൽ താത്പര്യം ഉണ്ടാകുന്നതിന് പരിണാമശാസ്ത്രപരമായ അടിസ്ഥാനമുണ്ടായേക്കാമെങ്കിലും, ‘ഷെയ്​മിങ്​' അതിനുപരിയായി സാമൂഹ്യമായും ചരിത്രപരമായും നിർമിച്ചെടുത്തിട്ടുള്ളതാണ്.

സ്വന്തം ശരീരത്തോടോ മറ്റു ശരീരങ്ങളോടോ ഉള്ള അതൃപ്തിയും വെറുപ്പുമാണ് ബോഡി ഷെയ്​മിങ്ങിലേക്ക് നയിക്കുന്നത്.
സ്വന്തം ശരീരത്തോടോ മറ്റു ശരീരങ്ങളോടോ ഉള്ള അതൃപ്തിയും വെറുപ്പുമാണ് ബോഡി ഷെയ്​മിങ്ങിലേക്ക് നയിക്കുന്നത്.

ബോഡി അഥവാ ശരീരം ചിന്തയിലും വ്യവഹാരങ്ങളിലും അന്തസ്സോടെ കടന്നു വരുന്നത് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. അതുവരെ ശരീരം ആത്മാവിന്റെ എതിരിയോ ബോധത്തിന്റെ വസ്തുവോ ഒക്കെയായിരുന്നു. ശരീരങ്ങളെ ജന്മത്തിന്റെയോ സാമൂഹ്യനിലയുടെയോ അടിസ്ഥാനത്തിൽ വിഭജിച്ചുനിർത്തി, വർണം, ജാതി എന്നിവ സ്ഥാപനവൽക്കരിക്കുകയും ശരീരങ്ങളെ ഭൗതികലോകത്തും ആശയലോകത്തും കൃത്യമായി അളന്ന് വിന്യസിക്കുകയും ചെയ്തിരുന്നു. അവ ഭേദിച്ചുകടക്കാൻ താഴ്ന്ന ജാതിയിലുള്ളവർക്കോ സ്ത്രീകൾക്കോ കഴിയുമായിരുന്നില്ല. അവർ കുഴികളിലോ കുടിലുകളിലോ അകത്തളങ്ങളിലോ പണിസ്ഥലങ്ങളിലോ മാത്രം കഴിഞ്ഞുവന്നു. മനുഷ്യരുടെ ചിന്ത സ്വതന്ത്രമാക്കപ്പെട്ട നവോത്ഥാനത്തിന്റെ ഫലമായും ആധുനിക മൂല്യങ്ങളിലൂടെയും ഒക്കെയാണ് ശരീരങ്ങളും സ്വതന്ത്രമായി ചലിക്കാൻ തുടങ്ങിയത്. ആ ചരിത്രം മറന്ന്​ ബോഡി ഷെയ്​മിങ്ങിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അപമാനിക്കപ്പെടുന്നത് നിറത്തിന്റെ പേരിലാണ്. നിറവും ജാതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടായിരിക്കാമത്.

ചിന്തിക്കുന്ന ശരീരങ്ങളുടെ ബോധത്തിലാണ് അഥവാ ശരീരിയായ ചിന്തയിലാണ് അപമാനബോധവും ഉണ്ടാകുന്നത്. അപമാനബോധം ഉണ്ടായാൽ അതിനെ പ്രതിരോധിക്കുകയും ചെയ്യും. അതുണ്ടാവുന്നതുവരെ മറ്റുള്ളവർക്കുവേണ്ടി അർപ്പിക്കപ്പെട്ട ശരീരങ്ങളായിട്ടാണ് മനുഷ്യർ ജീവിച്ചുപോന്നത്. തങ്ങളുടെ ഉടമകളെ വാഴ്ത്തി ജീവിക്കുന്ന അടിമകളായിരുന്നു ഭൂരിഭാഗം മനുഷ്യരും. ആ വ്യവസ്ഥയിൽ ധർമത്തിനനുസരിച്ച് ചലിച്ചാൽ മതി. ധർമത്തിൽ വരുന്ന വീഴ്ചകൾ തിരുത്തിയാൽ മതി. ധർമം (വർണാശ്രമ ധർമങ്ങളും മറ്റും), ധാർമികമാണോ എന്ന ചോദ്യം ഉണ്ടായിരുന്നില്ല. സ്വതന്ത്ര മനുഷ്യജീവികളായി നമ്മൾ പരിണമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. ബോഡി ഷെയ്​മിങ്ങിനെ പറ്റി ബോധമുണ്ടായിട്ടും അത് നിലനിൽക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഈ ഉത്തരമാണ് കണ്ടെത്താൻ കഴിയുന്നത്.

ശരീരങ്ങളെ ജന്മത്തിന്റെയോ സാമൂഹ്യനിലയുടെയോ അടിസ്ഥാനത്തിൽ വിഭജിച്ചുനിർത്തി, വർണം, ജാതി എന്നിവ സ്ഥാപനവൽക്കരിക്കുന്നു. (1880 ലെ ഇന്ത്യൻ ഗോത്ര സ്ത്രീകൾ. / Photo: Wikimedia Commons)
ശരീരങ്ങളെ ജന്മത്തിന്റെയോ സാമൂഹ്യനിലയുടെയോ അടിസ്ഥാനത്തിൽ വിഭജിച്ചുനിർത്തി, വർണം, ജാതി എന്നിവ സ്ഥാപനവൽക്കരിക്കുന്നു. (1880 ലെ ഇന്ത്യൻ ഗോത്ര സ്ത്രീകൾ. / Photo: Wikimedia Commons)

ബോഡി ഷെയ്​മിങ് നടക്കുന്നത് മിക്കപ്പോഴും അതിന് വിധേയരാക്കപ്പെടുന്നവരുടെ കൂടി പങ്കുചേരലോടെയോ അതേസ്വഭാവം പേറുന്നവരിൽ നിന്നുതന്നെയോ ആയിരിക്കുമെന്നത് വിചിത്രമായി തോന്നാം. ഇത് ഗാർഹിക പീഡനത്തിലൊക്കെയുള്ളതുപോലെ ആർജ്ജിതമായ നിസ്സഹായത കൊണ്ടോ ചെറുത്തുനിൽപ്പിനുള്ള ആശയായുധത്തിന്റെ ഇല്ലായ്മ കൊണ്ടോ ആവാം. ബോഡി ഷെയ്​മിങ് എന്ന തിരിച്ചറിവ് തന്നെ ചെറുത്തുനിൽപ്പിന്റെ തുടക്കമാണ്. അങ്ങനെ അറിയുന്നവർ തുറന്നുപറയാനും ചെറുക്കാനും തുടങ്ങിയ കാലത്താണ് നമ്മളുള്ളത്.

വണ്ണം കൂടിയ ശരീരമാണ് പൊതുവെ എല്ലായിടത്തും അധിക്ഷേപത്തിന് വിധേയമാകുന്നത്. പ്രായം, വസ്ത്രം, ഭക്ഷണം, തലമുടി, അവയവങ്ങളുടെ ആകൃതി എന്നിവയെല്ലാം ആക്ഷേപത്തിന് വിധേയമാകാറുണ്ട്. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അപമാനിക്കപ്പെടുന്നത് നിറത്തിന്റെ പേരിലാണ്. നിറവും ജാതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടായിരിക്കാമത്. ജാതിവിവേചനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമായി നിറാധിക്ഷേപത്തിനെതിരായ പ്രതിരോധവും ഉയരുന്നത് കാണാറുണ്ട്.
ബോഡി ഷെയ്​മിങ്ങിന്റെ രാഷ്ട്രീയമാനങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

വണ്ണം കൂടിയ ശരീരം, പ്രായം, വസ്ത്രം, ഭക്ഷണം, തലമുടി, അവയവങ്ങളുടെ ആകൃതി എന്നിവയെല്ലാം ആക്ഷേപത്തിന് വിധേയമാകാറുണ്ട്.
വണ്ണം കൂടിയ ശരീരം, പ്രായം, വസ്ത്രം, ഭക്ഷണം, തലമുടി, അവയവങ്ങളുടെ ആകൃതി എന്നിവയെല്ലാം ആക്ഷേപത്തിന് വിധേയമാകാറുണ്ട്.

ജാതിയുടേയോ വർണത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ അടിച്ചമർത്തപ്പെടുന്നവർ ചിലപ്പോൾ അതേ മൂല്യങ്ങൾ പേറുകയും അതിന്റെ വാഹകരാവുകയും ചെയ്യുന്നത് കാണാറുണ്ട്. പലരും സ്വന്തം ശരീരത്തെ കുറവുള്ളതായി കാണുകയും അത് മറ്റുള്ളവരോട് പറയുകയും ചെയ്യുന്നു. ഇത് കുട്ടിക്കാലത്ത് തന്നെ മുതിർന്നവരിൽനിന്ന് കേട്ട് പഠിച്ച് ഉൾക്കൊണ്ടിട്ടുള്ളതാവണം. ‘നിന്നെ കാണാൻ കൊള്ളില്ല’ എന്ന്​ ചിലപ്പോൾ മാതാപിതാക്കൾ തന്നെ പറയും. എന്നിട്ട്, മറ്റൊരുത്തിയെ ചൂണ്ടി അവൾക്ക് എന്തൊരഴകാണെന്നും പറയും. സ്‌കൂളുകളിലും കോളേജിലും അദ്ധ്യാപകർ വിവേചനത്തോടെ പെരുമാറുന്നത് സാധാരണമാണ്. സഹപാഠികളൂം ഇതുതന്നെ ആവർത്തിക്കും. കുറച്ച് ദൗർബ്ബല്യമുള്ളവരാണെന്നുകണ്ടാൽ അവരുടെ മുകളിൽ ആധിപത്യമുണ്ടാക്കുന്നതിന് ശ്രമിക്കുന്ന സ്വഭാവം മനുഷ്യരിലുണ്ട്. ഇതിനായും ബോഡി ഷെയ്​മിങ്​ ഉപയോഗപ്പെടുത്തുന്നതുകാണാം. വിധേയർ ഇത് ആന്തരവൽക്കരിക്കുകയും അത് മറ്റുള്ളവരോടുള്ള ആരാധനയായി മാറുകയും ചെയ്യാറുണ്ട്. എല്ലാവരും ആഗ്രഹിക്കുന്ന രൂപം ഇല്ലാതിരിക്കുമ്പോൾ അതുള്ളവരെ ആരാധിച്ചുകൊണ്ട് പരോക്ഷമായ സംതൃപ്തി നേടുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. സാമൂഹ്യമായി രൂപപ്പെട്ട ചില സങ്കൽപ്പങ്ങളുടെ, അധികാരവിന്യാസങ്ങളുടെ ഒക്കെ ഫലമായാണ് ആളുകൾ ഈ മനോഭാവം ആർജ്ജിക്കുന്നതും മറ്റുള്ളവരിലേക്ക് അത് പടർത്തുന്നതും. സ്വയം അംഗീകരിക്കാൻ കഴിയാതെ അസംതൃപ്തിയിൽ കഴിയുന്നവർ അങ്ങനെ ചിലപ്പോൾ മറ്റുള്ളവരെ അപമാനിക്കുന്നു.

വണ്ണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ ഫാഷൻ- വിനോദ വ്യവസായത്തിലെ ട്രെൻഡുകൾ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനനുസരിച്ച് മോഡലുകൾ മാറിമാറി വരുന്നത് കുറെയൊക്കെ ആശ്വാസകരമാണ്.

ഉടലിന്റെ ചില സവിശേഷതകൾ അപമാനകരമാണെന്ന് കരുതുന്നവർ അപകർഷതാബോധം അനുഭവിക്കാറുണ്ട്. മറ്റുള്ളവരെ കൂടി തങ്ങളുടെ ഗ്രൂപ്പിലേക്ക് കൊണ്ടുവരാനുള്ള അബോധപൂർവമായ ഒരു താൽപ്പര്യം അവർക്കുണ്ടെന്ന് തോന്നുന്നു. സാമൂഹ്യനിർമിതമായ അളവുകോലുകൾ വച്ച് സ്വന്തം ശരീരത്തെ മാത്രമല്ല, മറ്റുള്ളവരെ കൂടി അളന്ന് അവരെ കൂടി അപകർഷത്തിൽ പെടുത്തി ഈ അവസ്ഥ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെയല്ലാത്തവർ ബോഡി ഷെയ്​മിങ്​ ചെയ്യില്ല എന്ന് ഇതിനർത്ഥമില്ല. അതും സാധാരണമാണ്. മാതൃകാ ശരീരങ്ങളില്ലാത്തവരും എന്തുകൊണ്ടാണ് മറ്റുള്ളവരെ അപമാനിക്കുന്നതെന്ന് ചിന്തിച്ചു എന്ന് മാത്രം.

ഉടലിന്റെ ചില സവിശേഷതകൾ അപമാനകരമാണെന്ന് കരുതുന്നവർ അപകർഷതാബോധം അനുഭവിക്കാറുണ്ട്.
ഉടലിന്റെ ചില സവിശേഷതകൾ അപമാനകരമാണെന്ന് കരുതുന്നവർ അപകർഷതാബോധം അനുഭവിക്കാറുണ്ട്.

അമിതവണ്ണത്തെ കുറിച്ചുള്ള ഉത്കണ്ഠ ഇപ്പോൾ നമ്മുടെ നാട്ടിലും കണ്ടു വരുന്നുണ്ട്. ലോകത്തിൽ എല്ലായിടത്തും കാണുന്ന ബോഡി ഷെയ്​മിങ്ങിൽ ഏറ്റവും കൂടുതലായി കാണുന്നത് ഇതാണ്. കറുപ്പ് നിറവും തടിയും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കറുത്ത് തടിച്ച സ്ത്രീ വിരൂപയായും വെളുത്ത് മെലിഞ്ഞവൾ സുന്ദരിയായും കരുതപ്പെടുന്നു. എന്നാൽ, തടിയെ കുറിച്ചുള്ള സങ്കൽപ്പം എല്ലാ കാലത്തും ഒരുപോലെയായിരുന്നില്ല. പട്ടിണി ഉണ്ടായിരുന്ന സമൂഹങ്ങളിൽ തടിയുള്ളവർക്കായിരുന്നു അംഗീകാരം. ചെറിയ കുടവയറുള്ളത് അന്തസ്സായി കരുതിയിരുന്നു. അത് പണത്തിന്റേയും പദവിയുടെയും അടയാളമായും കരുതപ്പെട്ടു. അതിന്റെ അംശങ്ങൾ ഇപ്പോഴും നമ്മുടെ സംസ്‌കാരത്തിൽ നില നിൽക്കുന്നുണ്ട്. സിനിമകളിലെ നായികമാരുടെ ശരീരഘടനയിൽ കാലാന്തരത്തിൽ വന്ന മാറ്റം നോക്കിയാൽ ഇത് മനസ്സിലാകും. പണ്ട് പുഷ്ടിയുള്ള ശരീരങ്ങളാണ് കൂടുതലും പ്രമോട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ രണ്ടുതരം ശരീരങ്ങളും കാണുന്നുണ്ട്. നിറത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റം കാണുന്നില്ല. കൊളോണിയൽ കാലത്താണ് വെളുത്തതും മെലിഞ്ഞതുമായ ശരീരങ്ങളെ അധികമായി വാഴ്ത്താൻ തുടങ്ങിയതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് തന്നെ ശരീരങ്ങളോടുള്ള പക്ഷപാതം ഉറപ്പിച്ചെടുക്കുന്നു. ചില കുട്ടികൾ കറുത്ത ശരീരങ്ങൾ അന്യമായും വെറുപ്പോടെയും കാണുകയും അത് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. വീട്ടിലെ മുതിർന്നവർ അത് പ്രകടമാക്കുന്നില്ലെങ്കിലും കുഞ്ഞുങ്ങളിൽ അത്തരം മൂല്യങ്ങൾ അവരറിയാതെ തന്നെ നിക്ഷേപിക്കപ്പെടുന്നു. കുട്ടിക്കാലത്ത് പറഞ്ഞുകൊടുക്കുന്ന രാജകുമാരിമാരെ പറ്റിയും രാക്ഷസിമാരെ പറ്റിയുമുള്ള കഥകളൊക്കെയും ഇതിൽ പങ്ക് വഹിക്കുന്നുണ്ട്.

തടി കുറക്കുന്നതിന്, ആരോഗ്യകാരണങ്ങൾ സംസാരവിഷയമാക്കുകയും സൗന്ദര്യവുമായി അതിനെ ചേർത്തുകാണാതിരിക്കുകയും ചെയ്യുക എന്ന സമീപനം ഒരു പരിഹാരമാണ്.

വണ്ണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ ഫാഷൻ- വിനോദ വ്യവസായത്തിലെ ട്രെൻഡുകൾ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനനുസരിച്ച് മോഡലുകൾ മാറിമാറി വരുന്നത് കുറെയൊക്കെ ആശ്വാസകരമാണ്. എന്നാൽ, ഒരു പരിധിക്കപ്പുറമുള്ള തടി ആകർഷകമായി കണക്കാക്കുന്നില്ല എന്നുമാത്രമല്ല അത് ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും തടി കൂടുതലുള്ളവരുടെ പ്രശ്‌നം സങ്കീർണമാക്കുകയും ചെയ്യുന്നു. തടി കൂടുന്നത് രക്താതിമർദ്ദം, ഹൃദ്രോഗം എന്നിവക്ക് കൂടുതൽ സാദ്ധ്യത ഉണ്ടാക്കുന്നതുകൊണ്ടും ഈ രോഗങ്ങൾ വർദ്ധിച്ചു കാണുന്നതുകൊണ്ടും തടി നിയന്ത്രിക്കുന്നത് പൊതുജനാരോഗ്യത്തിന്റെ ഭാഗമായി വരുന്നു. തടി കുറക്കാനുള്ള പ്രചാരണം കുറെ പേരെയെങ്കിലും അപകർഷത്തിലേക്ക് നയിക്കുമെന്നത് ഇതിന്റെ മറ്റൊരു വശമാണ്.

ശരീരത്തെ തന്നെ മാനത്തിന്റെ ശബ്ദഘോഷങ്ങളിലൂടെ തിരിച്ചുപിടിക്കുന്ന കാലമാണിത്. കറുപ്പിന്റെ സൗന്ദര്യം ആഘോഷിച്ചും രാഷ്ട്രീയപ്രതിരോധങ്ങൾ ഉയർന്നുവരുന്നുണ്ട്​
ശരീരത്തെ തന്നെ മാനത്തിന്റെ ശബ്ദഘോഷങ്ങളിലൂടെ തിരിച്ചുപിടിക്കുന്ന കാലമാണിത്. കറുപ്പിന്റെ സൗന്ദര്യം ആഘോഷിച്ചും രാഷ്ട്രീയപ്രതിരോധങ്ങൾ ഉയർന്നുവരുന്നുണ്ട്​

ഭക്ഷണ നിയന്ത്രണവും വ്യായാമവുമാണ് പൊതുവേ തടി കുറക്കാൻ നിർദ്ദേശിക്കപ്പെടുന്നത്.എന്നാൽ, ചിലർക്ക് ശാരീരികമായ പ്രത്യേകതകളാലോ, അസുഖങ്ങൾ മൂലമോ, ചില മരുന്നുകൾ കഴിക്കുന്നതു കൊണ്ടോ ഒക്കെ തടി നിയന്ത്രിക്കാൻ സാധിക്കാതെ വരാം. വണ്ണം കുറക്കാനുള്ള അമിതമായ ഉത്കണ്ഠയും ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കിയേക്കും. ബുളിമിയ നെർവോസ(Bulimia nervosa), അനോറെക്‌സിയ നെർവോസ (Anorexia nervosa) തുടങ്ങിയ ചില ആരോഗ്യപ്രശ്‌നങ്ങളും ഇതു മൂലമുണ്ടാകാം. ഭക്ഷണം തീരെ കഴിക്കാതിരിക്കുക, ഇടക്കിടെ കഴിക്കുകയും അത് ഛർദ്ദിച്ച് കളയുകയും ചെയ്യുക, അമിതമായ രീതിയിൽ ഉപവാസം നടത്തുക, അധികവ്യായാമം ചെയ്ത് ക്ഷീണിക്കുക എന്നതെല്ലാം ഇവയുടെ ലക്ഷണങ്ങളാണ്. ഇതോടൊപ്പം സ്വന്തം ശരീരത്തെ വെറുക്കുകയും ആത്മവിശ്വാസം ഇല്ലാതാവുകയും ചെയ്യുന്നു. മനോരോഗചികിത്സ ആവശ്യമാകുന്ന അവസ്ഥയിൽ ചിലപ്പോൾ എത്തിച്ചേരാറുമുണ്ട്. ശരീരത്തിന്റെ പ്രതിഛായയെകുറിച്ചുള്ള കൂടുതൽ വ്യവഹാരങ്ങൾ നടക്കുമ്പോൾ അതേ കുറിച്ച് അമിതമായ ഉത്കണ്ഠ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുന്നു.

തടി കൂടിയവർ, തങ്ങൾക്ക് നേരെയുള്ള അധിക്ഷേപങ്ങളെ സ്വയം പ്രതിരോധിച്ച്​ അതൊരു രാഷ്ട്രീയ വ്യവഹാരമാക്കി മാറ്റുന്നുണ്ട്. നമ്മുടെ ഉടൽ ‘തടിച്ചതും എന്നാൽ സുന്ദരവും’ ആണെന്ന് അവർ ഒരുമിച്ച് ഉദ്‌ഘോഷിക്കുന്നു.

ഈ പ്രശ്‌നങ്ങളെയെല്ലാം സമഗ്രമായ രീതിയിൽ പരിഹരിക്കുക സാമൂഹികാരോഗ്യത്തിന് ഒരു വെല്ലുവിളിയാണ്. തടി കുറക്കുന്നതിന്, ആരോഗ്യകാരണങ്ങൾ സംസാരവിഷയമാക്കുകയും സൗന്ദര്യവുമായി അതിനെ ചേർത്തുകാണാതിരിക്കുകയും ചെയ്യുക എന്ന സമീപനം ഒരു പരിഹാരമാണ്. എല്ലാ വ്യത്യസ്തതകളേയും ആരോഗ്യത്തിന്റെ ലെൻസിലൂടെ മാത്രം കാണേണ്ടതുണ്ടോ എന്ന ചോദ്യവും ഉയർന്നുവരുന്നു. തടി കൂടിയവർ, തങ്ങൾക്ക് നേരെയുള്ള അധിക്ഷേപങ്ങളെ സ്വയം പ്രതിരോധിച്ച്​ അതൊരു രാഷ്ട്രീയ വ്യവഹാരമാക്കി മാറ്റുന്നുണ്ട്. നമ്മുടെ ഉടൽ ‘തടിച്ചതും എന്നാൽ സുന്ദരവും’ ആണെന്ന് അവർ ഒരുമിച്ച് ഉദ്‌ഘോഷിക്കുന്നു. കറുപ്പിന്റെ സൗന്ദര്യം ആഘോഷിച്ചും രാഷ്ട്രീയപ്രതിരോധങ്ങൾ ഉയർന്നുകാണാറുണ്ട്.

ശരീരങ്ങളെ ഭൗതികലോകത്തും ആശയലോകത്തും കൃത്യമായി അളന്ന് വിന്യസിക്കുന്നതിനെ ഭേദിച്ചുകടക്കാൻ താഴ്ന്ന ജാതിയിലുള്ളവർക്കോ സ്ത്രീകൾക്കോ കഴിയുമായിരുന്നില്ല.
ശരീരങ്ങളെ ഭൗതികലോകത്തും ആശയലോകത്തും കൃത്യമായി അളന്ന് വിന്യസിക്കുന്നതിനെ ഭേദിച്ചുകടക്കാൻ താഴ്ന്ന ജാതിയിലുള്ളവർക്കോ സ്ത്രീകൾക്കോ കഴിയുമായിരുന്നില്ല.

രൂപത്തെ കുറിച്ചുള്ള ഉത്കണ്ഠ പൊതുവേ സ്ത്രീകളിലാണ് കൂടുതൽ കാണുന്നതായി പറയപ്പെടുന്നത്. സ്ത്രീശരീരം വസ്തുവൽക്കരിക്കപ്പെട്ട ഒരു സംസ്‌കാരത്തിന്റെ ഉപോല്പന്നമായി അത് കാണാം. എന്നാൽ, പുരുഷന്മാരിലും ശരീരത്തെ കുറിച്ചുള്ള ഉത്കണ്ഠ വ്യാപകമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പൗരുഷത്തിന്റെ അളവുകോലായിരിക്കുന്നത് മസിലുകൾ പെരുപ്പിച്ചതും കൊഴുപ്പ് കുറഞ്ഞതുമായ ശരീരമായതുകൊണ്ട്, അതില്ലാതിരിക്കുന്നത് പൗരുഷത്തിന്റെ കുറവായി പുരുഷന്മാർ സ്വയം കരുതുന്നു. അമേരിക്കയിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിൽ 50 മുതൽ 70 ശതമാനം വരെ പുരുഷന്മാർ ഇത്തരത്തിൽ തങ്ങളുടെ ശരീരം രൂപാന്തരപ്പെടുത്താൻ ആഗ്രഹിക്കുന്നതായി പറയുന്നു. പൗരുഷത്തിൽ കുറവ് അനുഭവിക്കുന്ന പുരുഷന്മാർക്ക് ഉത്കണ്ഠയോടൊപ്പം അക്രമവാസനയും കാണാറുണ്ട്.

പൗരുഷത്തേയും സ്ത്രീത്വത്തെയും മാതൃകാശരീരത്തിലൂടെ നിർവ്വചിച്ചുവച്ചിരിക്കുന്ന സമൂഹത്തിൽ ട്രാൻസ്ജെൻഡർ മനുഷ്യർ എത്രത്തോളം ശരീരഅപമാനത്തിന് വിധേയരാകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. രൂപത്തോടൊപ്പം വസ്ത്രധാരണവും ചലനവും പെരുമാറ്റവുമെല്ലാം മറ്റുള്ളവർ എങ്ങനെ നിരീക്ഷിക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു എന്നതിന് അവരുടെ ജീവിതാനുഭവങ്ങൾ സാക്ഷിയാണ്. അവരും, നിഷേധിക്കപ്പെട്ട വേഷങ്ങളണിഞ്ഞ്, സ്വാഭിമാന ജാഥകളിലൂടെ അപമാനത്തെ മായ്ച്ചുകളഞ്ഞ് സ്വത്വം വീണ്ടെടുക്കുന്നു എന്നത് സമൂഹം കുറേശ്ശ മാറുന്നതിന്റെ സൂചനയാണ്.

പുരുഷന്മാരിലും ശരീരത്തെ കുറിച്ചുള്ള ഉത്കണ്ഠ വ്യാപകമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
പുരുഷന്മാരിലും ശരീരത്തെ കുറിച്ചുള്ള ഉത്കണ്ഠ വ്യാപകമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

കുടുംബം, കൂട്ടുകാർ, മാധ്യമങ്ങൾ എന്നിവയാണ് ബോഡി ഷെയ്​മിങ്ങിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. പലപ്പോഴും ഇത് നിരുപദ്രവകരമായാണ് പ്രകടിപ്പിക്കപ്പെടുന്നത്. കരുതിക്കൂട്ടി മറ്റുള്ളവരെ മുറിവേൽപ്പിക്കാനും അപമാനിക്കാനും ഇതേ ടൂൾ ഉപയോഗിക്കാറുമുണ്ട്. സമൂഹമാധ്യമങ്ങൾ ഇപ്പോൾ അതിന് കൂടുതൽ അവസരം നൽകുകയും ചെയ്യുന്നു. ആന്തരവൽക്കരിച്ചിരിക്കുന്ന മൂല്യങ്ങളായതു കൊണ്ട് മനപ്പൂർവം ഒരാളെ വേദനിപ്പിക്കണമെന്ന ഉദ്ദേശ്യം എപ്പോഴും ഉണ്ടാവണമെന്നില്ല. ‘നീ മെലിഞ്ഞുപോയല്ലോ’, അല്ലെങ്കിൽ ‘വല്ലാതെ തടിച്ചല്ലോ' എന്നതൊക്കെ സ്‌നേഹപ്രകടനങ്ങളായാണ് വരുന്നത്. ഗ്രാമീണമായ ഒരു നിഷ്‌കളങ്കതയും ചിലപ്പോൾ ഇതിൽ കാണാം. എന്നാൽ, ശരീരത്തെ കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന ഒരാൾക്ക് കൂടുതൽ പ്രയാസമാണ് ഇതുണ്ടാക്കുന്നത്. അതിനു പകരം, ‘നീ ഇപ്പോൾ നന്നായിരിക്കുന്നു' എന്ന് പറയുകയോ കമൻറ്​ ചെയ്യാതിരിക്കുകയോ ആവാം. അങ്ങനെ ഒരു സംസ്‌കാരം നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു.

പക്ഷപാതിത്വവും ചില വിഭാഗങ്ങളോട് വെറുപ്പുമുണ്ടാക്കുന്ന കഥകൾ മാറ്റിയെഴുതിവേണം കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടത്. സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുക എന്നത് ആദ്യം വേണ്ട കാര്യമാണ്​. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉൾക്കൊള്ളാൻ കഴിയണം.

നമ്മുടെ ശരീരം എങ്ങനെയാണോ, അങ്ങനെ തന്നെ അതിനെ ഉൾക്കൊള്ളാനും സ്‌നേഹിക്കാനും പരിശീലിക്കേണ്ടതുണ്ട്. കുട്ടികളെ വളർത്തുമ്പോൾ ഈ കാഴ്ചപ്പാട് അവരിൽ ബോധപൂർവ്വം വളർത്തിയെടുക്കണം. പക്ഷപാതിത്വവും ചില വിഭാഗങ്ങളോട് വെറുപ്പുമുണ്ടാക്കുന്ന കഥകൾ മാറ്റിയെഴുതിവേണം കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടത്. സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുക എന്നത് ആദ്യം വേണ്ട കാര്യമാണ്​. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉൾക്കൊള്ളാൻ കഴിയണം. കാഴ്ചക്കപ്പുറമുള്ള ശരീരധർമങ്ങളെ കുറിച്ചും വ്യത്യസ്തതകളിലൂടെ നിലനിൽക്കുന്ന ലോകത്തെക്കുറിച്ചുമുള്ള ബോധം നമ്മളെ ആനന്ദത്തിലേക്കാണ് എത്തിക്കുന്നത്. സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അതിജീവനവുമായി ബന്ധമുണ്ടെന്ന് ഇവലൂഷനറി സൈക്കോളജി (evolutionary psychology)യുടെ കാഴ്ചപ്പാടിൽ കാണാൻ പറ്റും. എന്നാൽ, വ്യത്യസ്തതകൾ അതിജീവനത്തിന്റെയും ജീവന്റെയും പരിണാമത്തിന്റെയും അടിസ്ഥാനതത്വമാണെന്നിരിക്കെ, വ്യത്യസ്തത തന്നെയാണ് സൗന്ദര്യത്തിന്റേയും ഉറവയാകുന്നത്. അതിനേക്കാളുപരി, ശരീരത്തെ അടിച്ചമർത്തലിന്റേയും അപമാനത്തിന്റെയും മുദ്രണങ്ങൾ ഏൽപ്പിക്കുന്ന നിലമാക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതേ ശരീരത്തെ തന്നെ മാനത്തിന്റെ ശബ്ദഘോഷങ്ങളിലൂടെ തിരിച്ചുപിടിക്കുന്ന കാലമാണിത്. സ്വാഭിമാനം, ശരീരികളായി മാറുന്നിടത്ത് അപമാനങ്ങൾക്ക് വഴിമാറാനേ കഴിയൂ. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments