എല്ലാ കുടിയന്മാർക്കുമായി, പ്രണയത്തെക്കുറിച്ചല്ലാത്ത ഒരു കുറിപ്പ്​

നൊസ്റ്റാൾജിയയുടെ കാര്യത്തിൽ ഞാൻ ആസക്തനായ ഒരു മദ്യപനെപ്പോലെയാണ് എന്ന് നിങ്ങൾക്കറിയാമല്ലോ. എത്രയേറെ വേണ്ടാ, വേണ്ടാ, എന്നു വെച്ചാലും അതിൽ നിന്ന് പിന്തിരിയുക എന്നത് പ്രയാസമാണ്. തന്നെയുമല്ല ഓർമയനുഭവങ്ങളിൽ നിന്ന് എല്ലായ്‌പ്പോഴും പുറത്തിറങ്ങിനിൽക്കേണ്ടി വരുന്ന അധഃസ്ഥിതരാണ് പലപ്പോഴും മദ്യഷാപ്പുകൾ. അപ്പോൾ അവയുടെ അനുഭവങ്ങൾ ഓർത്തുവെക്കാനും, ചരിത്രത്തിലേക്ക് ചേർത്തുവെക്കാനും സാമൂഹ്യ ഉത്തരവാദിത്തമുള്ള ആരെങ്കിലും വേണ്ടതുണ്ടല്ലോ!


ദ്യത്തെയും മദ്യപാനത്തേയും ഗ്ലോറിഫൈ ചെയ്യുന്ന പോസ്റ്റുകൾ മേലിൽ എഴുതുകയില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. ഞാൻ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചില സുഹൃത്തുക്കളുടെ അഭിപ്രായങ്ങളെ മാനിച്ചായിരുന്നു ആ തീരുമാനം.
അവർ ദയവായി ഒരു തവണത്തേക്ക് പൊറുക്കുക.
മദ്യത്തെക്കുറിച്ച് ഒരിക്കൽ കൂടി എനിക്ക് എഴുതാതെ വയ്യ എന്നായിരിക്കുന്നു.

"സിക്കിം മസ്‌ക് ബ്രാണ്ടി' പറ്റിച്ച പണിയാണ്.
അവൻ എന്നെ വലിയ നൊസ്റ്റാൾജിയയിലേക്ക് തള്ളിയിട്ടിരിക്കുന്നു.
നൊസ്റ്റാൾജിയയുടെ കാര്യത്തിൽ ഞാൻ ആസക്തനായ ഒരു മദ്യപനെപ്പോലെയാണ് എന്ന് നിങ്ങൾക്കറിയാമല്ലോ. എത്രയേറെ വേണ്ടാ, വേണ്ടാ, എന്നു വെച്ചാലും അതിൽ നിന്ന് പിന്തിരിയുക എന്നത് പ്രയാസമാണ്.
തന്നെയുമല്ല ഓർമയനുഭവങ്ങളിൽ നിന്ന് എല്ലായ്‌പ്പോഴും പുറത്തിറങ്ങിനിൽക്കേണ്ടി വരുന്ന അധഃസ്ഥിതരാണ് പലപ്പോഴും മദ്യഷാപ്പുകൾ.

അപ്പോൾ അവയുടെ അനുഭവങ്ങൾ ഓർത്തുവെക്കാനും, ചരിത്രത്തിലേക്ക്
ചേർത്തുവെക്കാനും സാമൂഹ്യ ഉത്തരവാദിത്തമുള്ള ആരെങ്കിലും വേണ്ടതുണ്ടല്ലോ! എന്റെ പതിവുവായനക്കാരുടെ അനുഭവങ്ങൾക്ക് പുറത്തായിരിക്കും ഈ എഴുത്ത് എന്നറിയാം. "ഹാഫ് എ കൊറോണ' എന്ന ചുരുട്ട് ഞാൻ നാളിതുവരെ കണ്ടിട്ടില്ല. എങ്കിലും കോട്ടയം പുഷ്പനാഥിനെ വായിക്കാൻ എനിക്കത് തടസമായിരുന്നില്ല എന്നതാണ് അതിനുള്ള എന്റെ കുത്സിത മറുപടി.

1990ലാണ്​ എന്റെ മദ്യപ്രവേശം.
ഇമ്മാതിരി യമണ്ടൻ ഇൻട്രോ ഒക്കെ കേൾക്കുമ്പോൾ ഞാനൊരു പെരും കുടിയനായിരുന്നു എന്നാരും തെറ്റിദ്ധരിക്കരുത്. ഒരു ശരാശരി മലയാളിയായ കുടിയന്റെ നാലിലൊന്ന് പോലും വരില്ല എത്ര തള്ളിപ്പറഞ്ഞാലും എന്റെ കുടി!
(തള്ളിപ്പറയുക എന്ന പുതിയ വാക്ക് ശ്രദ്ധിക്കുക, തള്ള് + പറയുക എന്നാണത്, പരമാവധി തള്ളിക്കൊണ്ട് പറയുക) 87ൽ എനിക്ക് ഇരുപത് വയസാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദവുമായി മണ്ണുത്തിയിൽ പഠിക്കാനെത്തുമ്പോൾ ഈ വക വിഷയങ്ങളിൽ ഞാൻ ഒരു തൊണ്ണൂറു ശതമാനം ഋശ്യശൃംഗനാണ്, സിഗരറ്റ് വലി, കള്ളുകുടി എന്നിവയിൽ ഏതാണ്ട് പൂർണമായും എന്നു തന്നെ പറയാം. പ്രണയത്തിലാണ് ആ പത്തുശതമാനം കുറച്ചത്. സ്വന്തം സ്‌കൂളിലെ പാട്ടുടീച്ചറുടെ മകളെ പ്രണയിച്ച്​പത്താം ക്ലാസിൽ വെച്ചു തന്നെ ആ വിഷയത്തിലെ എന്റെ ‘ചാരിത്ര്യം’ ഞാൻ നശിപ്പിച്ചിരുന്നു.

മണ്ണുത്തിയിലെ ആ ഹോസ്റ്റലും, തൃശൂർ എന്ന നഗരവും, രാത്രിയിൽ വീട്ടിലെത്തേണ്ടതില്ല എന്ന സ്വാതന്ത്ര്യവും, നിഷേധിയും പൗരുഷമുള്ളവനുമാവണമെങ്കിൽ ഇതൊക്കെ നിർബന്ധമാണെന്നുള്ള ആ അറിവില്ലായ്മയുമാണ് എന്നെ മദ്യത്തിലേക്ക് കൈപിടിച്ചു നടത്തിയത്.
മറ്റൊന്നിനും പകരം വെക്കാൻ കഴിയാത്ത മദ്യപാന സദസുകളിലെ ആ സ്‌നേഹാന്തരീക്ഷവും പ്രലോഭനങ്ങളിൽ ഒന്നായി.
ഒരു ജോലിയും വരുമാനവുമില്ലാതിരുന്നിരുന്ന ആ നാളുകളിൽ കള്ള് കുടിക്കാൻ കാശെവിടെ നിന്നു വന്നു എന്നതാണ് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും പിടികിട്ടാതിരിക്കുന്ന ഒരു സംഗതി. വല്ലപ്പോഴുമാണെങ്കിൽ പോലും അത് ധനച്ചെലവുള്ള ഒരു ഏർപ്പാടായിരുന്നു. എന്നിട്ടും എല്ലാവരും ദരിദ്രരായ ഒരു സംഘത്തിന് എങ്ങനെയൊക്കെയോ അതിനുള്ള അവസരങ്ങൾ വന്നു ചേർന്നുകൊണ്ടിരുന്നു.

കെ.പി.സി.ആർ എന്ന് ചുരുക്കപ്പേരിട്ട് വിളിച്ചിരുന്ന കുമാരപിള്ളക്കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശപ്രകാരം കിട്ടുന്ന ഒരു ചെറിയ തുക കൈയ്യിൽ കിട്ടുന്ന ആ ഒരു ദിവസം മാത്രമാണ് എനിക്ക് ധാരാളിയാവാൻ കഴിയാറുള്ളത്.
കൂട്ടുകാർക്കൊത്ത് മദ്യപിക്കുന്നതിനുപുറമേ ബാറ്റയുടെ കോവാഡിസ് ചെരുപ്പുകൾ പോലുള്ള ചില സ്വപ്നങ്ങളും ഞാൻ സാധിച്ചിരുന്നത് ആ ദിവസത്തിലായിരുന്നു. എനിക്ക് മുൻപേ പഠിപ്പ് നിർത്തി പല വിധ ജോലികൾക്ക് പോയിരുന്ന തൃശൂരിലെ സുഹൃത്തുക്കൾ, സീനിയർ ബാച്ചുകളുടെ ഇന്റേൺഷിപ് അലവൻസ്, ഇടക്കിടെ ട്രൈനിങ്ങുകൾക്ക് വന്നുചേരുന്ന ജോലിയുള്ള സീനിയേർസ്, പ്രണയ നിരാസത്താൽ നിരാശരായ, ആ നിരാശയാൽ ലാവിഷ് ആവാൻ തയ്യാറാവുന്ന അന്യഥാ പിശുക്കരായ കൂട്ടുകാർ, എന്നിവരൊക്കെ ആ ഇനത്തിൽ കോണ്ട്രിബ്യൂട്ട് ചെയ്തിട്ടുള്ളവരാകുന്നു.

"അത്ര വലിയ കഷ്ടപ്പാടൊന്നുമില്ല ഈ ലോകത്തിൽ അങ്ങനെ ജീവിച്ചുപോകുവാൻ' എന്ന് നമ്മെ പഠിപ്പിക്കുന്ന സർവ്വകലാശാലകൾ കൂടിയാകുന്നു ധനത്താൽ മാത്രം ദരിദ്രമായിരുന്ന ആ പഴയകാലം! അല്ലേ?
തൃശൂരിലെ ബാറുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് സിക്കിം മസ്‌ക്കിലേക്ക് വരാം.
മണ്ണുത്തിയിലെ മയൂരയും പാരഗണും ഞങ്ങളുടേതുമാത്രമായിരുന്നതിനാൽ അവയെ ഒഴിവാക്കി എല്ലാവരുടേതുമായിരുന്ന തൃശൂരിലെ ബാറുകളിലേക്ക് പോവാം.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തൊട്ട് അതിരിലായിരുന്നു പ്ലാസ.
ആശുപത്രിയുടെ എന്നല്ല പറയേണ്ടത്, കൃത്യമായി പറഞ്ഞാൽ മോർച്ചറിയുടെ.
ഹോ! അപാരമായ ഒരു കോമ്പിനേഷനാണ് മദ്യവും മോർച്ചറിയും!
"ജീവിതമെന്നാൽ ഒരു പുല്ലുമില്ലെന്ന്' നമ്മെ പഠിപ്പിക്കാൻ അതുമതി.
കുറച്ചുനേരത്തേക്ക് നിങ്ങൾ യതിയും രജനീഷും ജിദ്ദു കൃഷ്ണമൂർത്തിയുമാകും.
"അനുരാഗിണീ' എന്നതിനേക്കാൾ "ആത്മവിദ്യാലയമേ ' എന്ന് പാടും!
അതിനോടുചേർന്നുതന്നെ ഒരു പട്ടഷാപ്പുമുണ്ടായിരുന്നു. മരണം സമയ രംഗ ബോധമില്ലാത്ത ഒരു കോമാളിയാണെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാവണം ഷാപ്പിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമായിരുന്നു.

കള്ളന്മാർ പോലും ഉറങ്ങിപ്പോകുന്ന പുലർച്ചേ മൂന്നു മണിക്കൊക്കെ രണ്ടാമത്തെ മുട്ടിന് തുറക്കപ്പെടുന്ന ആ കിളിവാതിലിൽ നിന്ന് പഠിക്കണം കസ്റ്റമർ സർവീസിന്റെ വലിയ പാഠങ്ങൾ. പിന്നെ അവിടെനിന്ന് മുന്നോട്ട് നീങ്ങിയാൽ അടുത്തത് സ്‌കൈ ലോഡ് ആണ്. മുനിസിപ്പൽ സ്റ്റാന്റിൽ, തൃശൂരിലെ ആദ്യത്തെ ഉയരംകൂടിയ കെട്ടിടമാണ് ലിഫ്റ്റ് എന്ന സംഗതിയൊക്കെ ആദ്യം പരിചയമാവുന്നത് അവിടെനിന്നാണ്.

അതിന്റെ റൂഫ് ടോപ്പിൽ നിന്നുള്ള നഗരത്തിന്റെ രാത്രിക്കാഴ്ച മദ്യത്തിന്റെ ഇപ്പഴത്തെ ബോണസായി കിട്ടുന്ന ഒരു ലഹരിയാണ്. എഗ് ബുർജ്ജി, സ്‌ക്രാംബിൾഡ് എഗ്ഗ് എന്നൊക്കെയുള്ള പേരുകൾ ഞാൻ ആദ്യം കാണുന്നത് അവിടുത്തെ മെനുകാർഡിൽ നിന്നാണ്. പിന്നെയാണ് എലൈറ്റ്. രാഗം തിയ്യറ്ററിനുപുറകിൽ കുറുപ്പം റോഡിൽ നിന്ന് കൂടി ഒരു ഗേറ്റുണ്ടായിരുന്നു
അതിന്. പേരു പറയുമ്പോലെ തന്നെ ‘തറവാടി കുടിയന്മാരുടെ’ ഇടമായിരുന്നു അത്. നമ്മേപ്പോലുള്ള അപ്പാവികളുടെ എൻട്രി വല്ലപ്പോഴുമൊക്കെ മാത്രമേ അതിനു സഹിക്കേണ്ടി വരാറുള്ളൂ. എലൈറ്റിന് മുന്നിലൂടെ, ഭാരത് ഹോട്ടലിന് മുന്നിലൂടെ താഴോട്ടിറങ്ങിയാൽ വോൾഗയായി. തൃശൂരിന്റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്നവരുടെ ഒരു ഡീലിംഗ് സ്ഥലമായിരുന്നു അത്.
ഉച്ചക്കുള്ള ഫിഷ് കറി മീൽ പ്രസിദ്ധം.

നേരെ പോകുന്നതിന് പകരം സി.പി.ഐ ജില്ലാ ഓഫീസിനു മുന്നിലൂടെ വലത്തോട്ടാണ് തിരിയുന്നതെങ്കിൽ അവിടെ കൽക്കത്ത റെസ്റ്റോറാന്റായി.
ബംഗാൾ- കൊൽക്കത്ത എന്നിങ്ങനെയുള്ളതൊക്കെ അന്നത്തെ ബുദ്ധിജീവികളെ സ്വാധീനിക്കാൻ കഴിവുള്ള പേരുകളായിരുന്നെങ്കിലും അതിന്റെ പരിവേഷങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ബാറായിരുന്നു കൊൽക്കത്ത.

ട്രാൻസ്‌പോർട്ട് സ്റ്റാന്റിനടുത്തെ ആലുക്കാസ് ബാർ ഏകാകികളായ കുടിയന്മാരുടെ കേന്ദ്രമായിരുന്നു. മൗനികളായ മനുഷ്യർ ഒറ്റക്ക് മദ്യക്കുപ്പികൾക്ക് മുന്നിൽ ധ്യാനത്തിലെന്ന പോലെ ദീർഘസമയം ചെലവഴിക്കുമായിരുന്നു. ആലുക്കാസിന്റെ ഭിത്തികളിൽ നിറയെ അക്വേറിയങ്ങളായിരുന്നു. ബുദ്ധിജീവികളുടെ കലഹങ്ങളെ പരിഹസിച്ച്​നിത്യമൗനികളായ മത്സ്യങ്ങൾ അവയുടെ ലോകത്ത് വിഹരിച്ചു. തങ്ങളുടെ ആന്തരിക ദുഃഖങ്ങളെ അവയിൽ ആരോപിച്ചുകൊണ്ട് കുടിയന്മാർ അവനവനെയോർത്ത് ഒറ്റക്കൊറ്റക്ക് ഗദ്ഗദം കൊണ്ടു.
അരമനയിലെ താഴത്തെ കൗണ്ടർ നിൽപന്മാരുടെ ഇടമായിരുന്നു.
പുറപ്പെടാൻ നിൽക്കുന്ന ബസുകളിൽ കയറുന്നതിനു മുൻപായി രണ്ടു തൊണ്ണൂറ് ഒരുമിച്ച് കഴിച്ച് ധൃതിയിൽ ഓടിപ്പോകുന്നവരുടെ ഇടം.

എന്നാൽ അതിന്റെ മുകൾനിലയിലെ കുടിയന്മാരുടെ ഇടം വ്യത്യസ്തമായിരുന്നു. അവനവന് അധികാരമുള്ള തറവാട് പോലെ ഉപയോഗിക്കാൻ പ്രാപ്തിയുള്ള പതിവുകാരായിരുന്നു അവിടെ നിറയെ. പിന്നെയും പടിഞ്ഞാട്ട് നീങ്ങിയാൽ റെയിൽവേ കോളനിക്കപ്പുറത്ത് സ്റ്റേറ്റ് ഹോട്ടൽ, കാബറേ നൃത്തം ഉണ്ടായിരുന്നതും ഞാൻ ഇതുവരേയും പോയിട്ടില്ലാത്തതുമായ ഇടം.
ലൂസിയയും കാസിനോയുമായിരുന്നു മറ്റ് രണ്ട് മദ്യശാലകൾ.
താരതമ്യേന ധനികരുടെ ഇടങ്ങളായിരുന്നു രണ്ടും. തൂവാനത്തുമ്പികളിൽ "ഡേവിഡേട്ടാ കിംഗ്ഫിഷറുണ്ടോ ചിൽഡ്?' എന്ന് മോഹൻ ലാൽ കൃഷ്‌ണേട്ടനോട് ചോദിക്കുന്നത് കാസിനോയിലെ കൗണ്ടറിലാണ്.
റൗണ്ടിൽ നിന്നും വടക്കേ സ്റ്റാന്റിലേക്കിറങ്ങുമ്പോൾ ബിനി.
സ്വപ്ന തീയറ്റർ ജങ്ങ്ഷനിൽ കല്യാണിന്റെ പഴയ കടക്ക് അരുകിൽ സീഗൊ.
അവരണ്ടുമാണ് ജനകീയ ബാറുകൾ ,തൊഴിലാളികളും സാധാരണക്കാരുമാണ് കസ്റ്റമേർസ്സിൽ അധികവും.

"നീ നടന്നോ ഞാനിതാ വരുന്നു' എന്ന് ഭാര്യയോട് പറഞ്ഞിട്ട് ഞൊടിയിടയിൽ രണ്ടെണ്ണം വിഴുങ്ങി മീശയും തുടച്ച് പുറത്തോട്ടിറങ്ങാൻ പാകത്തിലുള്ളവ.
ഇച്ചിരി ചില്ലറയൊക്കെ കൈയ്യിലുള്ള ദിവസമാണെങ്കിൽ ബിനിയിൽ 'ചീന്ത് ബീഫ്' എന്നൊരു ഐറ്റമുണ്ട് , ഇത്തിരിനേരം ഇരുന്ന് വർത്തമാനം പറയാനാണെങ്കിൽ രണ്ടാൾക്ക് ഒരെണ്ണം ലാവിഷ് ടച്ചിംഗ് ആണ്.
കേമപ്പെട്ടവന്മാരുടെ കുടിയിടമായിരുന്നു മ്യൂസിയം ജങ്ങ്ഷനിലെ സെൻട്രൽ ഹോട്ടൽ. പാവം മദ്യപരുടെ പാട്ടൊന്നും അനുവദിക്കാത്ത ഇടം.
കള്ള് കുടിക്കുമ്പോൾ പോലും ഗൗരവം വിടാതെയിരിക്കുന്ന ഇരുമ്പ് മനുഷ്യരുടെ ഇടം. ഇതിലും ചുരുക്കി എഴുതുവാൻ എനിക്ക് കഴിയുകയേ ഇല്ല
എഴുതാനുള്ളതിന്റെ ഏഴയലത്തു പോലും വന്നിട്ടില്ല എന്നിട്ടും ദീർഘമായിപ്പോയ ഈ എഴുത്ത്.

നമ്മൾ പറഞ്ഞു തുടങ്ങിയത് സിക്കിം മസ്‌ക് ബ്രാണ്ടിയെക്കുറിച്ചാണല്ലോ.
അതിനെക്കുറിച്ച് പറയണമെങ്കിൽ എനിക്ക് ബി.ബി.ആർ വൈൻ ഷാപ്പിനെക്കുറിച്ച് പറയണം ബി.ബി.ആർ വൈൻ ഷാപ്പിനെക്കുറിച്ച് പറയണമെങ്കിൽ എനിക്ക് പട്ടാളം ജേക്കബേട്ടനെക്കുറിച്ച് പറയണം
പട്ടാളം ജേക്കബേട്ടനെക്കുറിച്ച് പറയണമെങ്കിൽ നിശ്ചയമായും പഴയ പട്ടാളം റോഡിനെപ്പറ്റി പറയണം. പുറമേയുള്ളവർക്ക് ഏറെയൊന്നും പിടികൊടുക്കാത്ത ഒരു ദുരൂഹ സാമ്രാജ്യമായിരുന്നു തൃശൂരിലെ പഴയ പട്ടാളം റോഡ്.
മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് അന്ന് ഇല്ലാത്ത ഇന്നത്തെ ശക്തൻ തമ്പുരാൻ സ്റ്റാന്റിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലുമായിരുന്നു ആ ഇരുണ്ട സാമ്രാജ്യം.
ഇരുവശവും എന്ന് പറഞ്ഞുകൂട ശക്തനിലേക്ക് നടക്കുമ്പോൾ ഇടതുഭാഗത്തായിരുന്നു അത്. ജേക്കബേട്ടനായിരുന്നു അതിന്റെ രാജാവ്, അയാളുടെ വാക്കുകളായിരുന്നു അവിടെ അവസാന വാക്ക്!
ആ പട്ടാളം റോഡിലായിരുന്നു ഞാൻ മുൻപ് പറഞ്ഞ വൈൻ ഷാപ്പ്.
കുപ്പികളിൽ മദ്യം വാങ്ങിച്ച് പൊട്ടിച്ച് കഴിക്കാനുള്ള ഒരു പ്രത്യേക ലൈസൻസ് ഉണ്ടായിരുന്നു അതിന്.

മിനിമം ഒരു ക്വാർട്ടറടിക്കാനുള്ളവൻ വന്നാൽ മതി, പെഗ്ഗിൽ അളവില്ല അവിടെ.
പാലക്കാടൻ കള്ളുഷാപ്പുകളെ അനുസ്മരിപ്പിക്കുന്ന തരം ഒരു നെടുനീളൻ താത്കാലിക നിർമിതി ആയിരുന്നു അത്. കള്ളുഷാപ്പുകളെപ്പോലെ തന്നെയായിരുന്നു അതിന്റെ ആമ്പിയൻസും. ഏതുതരം കറികളും അവിടെ കിട്ടും. തൊട്ടു കൂട്ടാൻ പാകത്തിൽ ചെറിയ പോർഷനുകളായി നല്ല എരിവുള്ള കറികൾ. എലൈറ്റ് ഗ്രൂപ്പിന്റെ തന്നെയായിരുന്നു അത് എന്നാണ് എന്റെ ഓർമ. പക്ഷേ അതിന്റെ പ്രധാന നടത്തിപ്പുകാരൻ ജേക്കബേട്ടനായിരുന്നു.
ചാത്തുണ്ണിപ്പാപ്പന്റെ ഒരു വലംകൈ ആയിരുന്നു അയാൾ എന്നു തോന്നുന്നു.
ആ മദ്യശാലയിലെ പതിവുകാർക്കുമുണ്ടായിരുന്നു പ്രത്യേകത. മറ്റൊരാളിൽ നിന്ന് തീർത്തും വിഭിന്നരായിരുന്നു ഓരോരുത്തരും.

ഇന്ന് വ്യാപകമാവുന്ന ഡാർക്ക് സിനിമകൾ എന്ന വിഭാഗം സിനിമകളിലെ കാസ്റ്റിംഗ് ഡയറക്ടർമാർക്ക് ഒരു സ്വർണഖനിയാവുമായിരുന്നു ആ വൈൻ ഷാപ്പ്.
അല്ലെങ്കിൽ അതിനകത്തു നിന്നുതന്നെ ഒരായിരം സിനിമകൾക്കുള്ള കഥകൾ കിട്ടുമായിരുന്നു പ്രതിഭയുള്ള ഒരെഴുത്തുകാരന്. ആളുകളെ നിരീക്ഷിക്കുക എന്ന എന്റെ ശീലത്തിന്റെ ഭാഗമായിക്കൂടിയാവണം അത് എന്റെ പ്രിയപ്പെട്ട ഒരിടമായി മാറുന്നത്. ജേക്കബേട്ടനെ ഞാൻ കാണുന്നതും അവിടെ വെച്ചാണ്,
ആദ്യമായി സിക്കിം മസ്‌ക് എന്ന ആ മദ്യം രുചിക്കുന്നതും അവിടെത്തന്നെ!
പതിവു പോലെ ലൂയീസ് ഇലവൻ കഴിക്കാനൊരുങ്ങിയ എന്നോട് അവിടുത്തെ ഇടപാടുകാരിൽ ആരോ ഒരാളാണ് ഈ പുതിയ മദ്യത്തെ ശുപാർശ ചെയ്തത്.
മദ്യഷാപ്പുകളിൽ പൊടുന്നനേ ഉടലെടുക്കുന്ന സൗഹൃദത്തിന്റെ ബലത്തിലായിരുന്നു അത്. അന്നുവരെ രുചിച്ച മദ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രുചിയായിരുന്നു അതിന്.

ഏലക്കായയും ജാതിയും ചേർന്ന ഒരു രുചി, വായിനേയും ശ്വാസത്തേയും തണുപ്പിക്കുന്ന ഒന്ന്. ‘ആഹാ കൊള്ളാമല്ലോ’ എന്ന് നമ്മളെക്കൊണ്ട് തന്നെ പറയിപ്പിക്കുന്ന ഒരു പുതിയ ഫീലിംഗ്. പിന്നീട് ഞാനത് അധികം കഴിച്ചിട്ടില്ലെങ്കിലും ആ രുചിയെ എന്റെ മസ്തിഷ്‌കം സൂക്ഷിച്ചുവെച്ചിരുന്നു.
ഇന്നലെ എത്രയോ വർഷങ്ങൾക്കുശേഷം തൃശൂരിലെ കൺസ്യൂമർ ഫെഡ് ഷോറൂമിൽ കയറിയപ്പോൾ അലമാരയിലിരിക്കുന്നു അവൻ. ആ ഒരൊറ്റക്കാഴ്ചയിൽ മനസിൽ തെളിഞ്ഞുവന്നതാണ് ഈ പറഞ്ഞതൊക്കെയും! നമ്മെ അത്ഭുതപ്പെടുത്തുന്ന അത്രയും വേഗത്തിലാണ് മനസ് എപ്പോഴും പിന്നോട്ട് പായുന്നത്! ഇന്നലെയാണ് ഞാൻ സിക്കിം മസ്‌ക്കിനെക്കുറിച്ച് ചോദിച്ചത്. ഗൂഗിളമ്മായിയോട് ഇവനാള് ചില്ലറക്കാരനല്ല കേട്ടോ.
ഹിമാലയൻ കസ്തൂരിമാനുകൾ നിയമപരമായി സംരക്ഷിക്കപ്പെട്ടതുമുതലാണ് ഇയാൾ പച്ചക്കറിയായത്. അതുവരെ ഒറിജിനൽ മസ്‌ക് തന്നെയായിരുന്നുവത്രേ അതിലെ ഫ്‌ലേവറിംഗ് ഏജന്റ്.

ഇന്നിപ്പോൾ അത് സുഗന്ധദ്രവ്യങ്ങളുടെ ഒരു കൂട്ടാണ്. ഏലക്ക, ജാതിക്ക, ജാതി പത്രി, കച്ചോലം, രക്തചന്ദനം, ചന്ദനം എന്നിങ്ങനെ സകല സംഗതികളുമുണ്ടത്രേ അതിൽ! ബ്രാണ്ടി എന്നതിനേക്കാൾ ഒരു കഷായം പോലെയാണ് അത്!
അത്രമേൽ ആരോഗ്യ/ഉന്മേഷ ദായകമായതിനാൽ മാത്രമാണ്
ശൈലജ പലവട്ടം കണ്ണുരുട്ടിയിട്ടും ഞാൻ രണ്ടെണ്ണം(മൂന്ന്) അടിച്ചതും!
പട്ടാളം ജേക്കബേട്ടൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ.
മനുഷ്യായുസിനെക്കുറിച്ചുള്ള ഒരു ഏകദേശ കണക്കു വെച്ച് ഇല്ലാതിരിക്കാനാണ് സാധ്യത.

എങ്കിലും അദ്ദേഹത്തിന്റെ ഒരു വാചകം ഉദ്ധരിച്ച്​ ഞാൻ ഈ കുറിപ്പ് ഉപസംഹരിക്കാം. ""ദൈവം മദ്യം കണ്ടുപിടിച്ചിട്ടുള്ളത് മനുഷ്യന് സന്തോഷിക്കാനണ്... അതും മോന്തി സങ്കടപ്പെട്ട് മോങ്ങാൻ ഇരിക്കുന്നവനെ ചെപ്പക്ക് പൂശണം. അതും കുടിച്ച് കെട്ട്യോളേം കുട്ട്യോളേം മെക്കട്ട് കേറാൻപോണ ശവ്യോൾടെ മുട്ടും കാല് തല്ല്യൊടിക്കണം
മദ്യത്തിന്റെ വെല കളയണ കൊറേ മൈരന്മാര്...''
അത്രയേ ഉള്ളൂ !

എല്ലാ മദ്യപാനികളോടുമാണ് !
(പഴയതാണ്, പ്രണയത്തെക്കുറിച്ചല്ലാതെ എന്തെങ്കിലുമൊന്ന് വായിക്കാൻ ദാഹിക്കുന്നവർക്കായി)

Comments