ആടുജീവിതവും മലയാളിയിലെ പലതരം പ്രവാസികളും

ആടുജീവിതം എന്ന സിനിമയുമായി ബന്ധപ്പെട്ട് കൊടുമ്പിരിക്കൊള്ളുന്ന കലുഷവിവാദങ്ങളുടെ പാശ്ചാത്തലത്തിൽ മലയാളിയുടെ ഏകശിലാത്മകമല്ലാത്ത ഗൾഫനുഭവത്തെക്കുറിച്ച് ഒരു വിശകലനം, ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു.

ലയാളിയുടെ ഗൾഫനുഭവം ഒരിക്കലും ഏകശിലാത്മകമായിരുന്നില്ല. 50 കൊല്ലത്തെ ഗൾഫ് മലയാളിയുടെ ചരിത്രം നാല് വ്യത്യസ്ത വഴികളിലാണ് സഞ്ചരിച്ചത്. ഇവയിലോരോന്നും അവയുടെ തലങ്ങളിൽ പ്രധാനവും പ്രസക്തവുമാണ്. ആദ്യത്തേത്, വമ്പിച്ച സാമ്പത്തിക വാണിജ്യ വിജയങ്ങളുടെ, ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരന്മാരിലേക്ക് മലയാളി വളർന്നതിന്റെ ചരിത്രമാണ്. ഈ വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം വലുതല്ലെങ്കിലും കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ അവർ സുപ്രധാന പങ്കാണ് വഹിച്ചത്. എം.എ. യൂസുഫലിയും ആസാദ് മൂപ്പനുമടക്കമുള്ള, വിവിധ മണ്ഡലങ്ങളിൽ വ്യാപാരസാമ്രാജ്യങ്ങൾ പടുത്തുയർത്തിയ അവരുടെ പേരുകളും പെരുമകളും പൊതുവെ മലയാളിക്ക് സുപരിചിതമാണ്.

അവരുടെ തലത്തിലേക്ക് ഉയർന്നില്ലെങ്കിലും ഇടത്തരം കച്ചവട സംരംഭങ്ങളിലൂടെ വിജയങ്ങൾ കൈവരിച്ച കൂട്ടരാണ് രണ്ടാമത്തെ വിഭാഗം. അവരും തുടങ്ങിയത് ശുദ്ധശൂന്യതയിൽ നിന്നോ പരിമിതവിഭവങ്ങളിൽ നിന്നോ ആണ്. അവരുടെ പേരുകളും പ്രവർത്തികളും മലയാളിസമൂഹത്തിന് മൊത്തത്തിൽ അറിയില്ലെങ്കിലും അവരുടെ നാടുകളിലും ചുറ്റുവട്ടങ്ങളിലും അവർ സുപരിചിതരും പ്രശസ്തരുമാണ്.

‘ആടുജീവിതം’ എഴുതിയ ബെന്യാമിനും നോവലിലെ കഥാപാത്രമായ നജീബും

ഈ രണ്ടു കൂട്ടരും കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ- മത- സംസ്കാര മേഖലകളിൽ തങ്ങളുടെ ധനപരമായ സംഭാവനകൾ മൂലം ദൃശ്യതയും ബഹുമാന്യതയും നേടിയവരാണ് - ആദ്യവിഭാഗം കേരളമൊട്ടുക്കും രണ്ടാമത്തെ വിഭാഗം അവരവരുടെ പ്രാദേശിക തട്ടകങ്ങളിലും. ഇരുകൂട്ടരും ഒരുമിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്തിട്ടുണ്ട് - നാട്ടിലും ഗൾഫിലും. ഇവരിൽ വിമർശിക്കപ്പെടേണ്ടേ പല കാര്യങ്ങളുമുണ്ടാകാമെങ്കിലും കേരളത്തിലെ സമ്പദ്മേഖലയിൽ അവരുണ്ടാക്കിയ കുതിപ്പും അത് സൃഷ്ടിച്ച പൊതുഗുണങ്ങളും തർക്കമറ്റതാണ്.

മൂന്നാമത്തെ ഗൾഫ് മലയാളി വെള്ളക്കോളർ ഉദ്യോഗസ്ഥ വിഭാഗമാണ്. ആംഗലത്തിൽ 'white collar professionals' എന്ന് വിളിക്കപ്പെടുന്ന കൂട്ടർ. വിവിധ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് മധ്യവർഗ ശമ്പളം പറ്റുന്ന ഇവരുടെ വളർച്ച (ഉത്ഭവമല്ല) - എണ്ണത്തിലും വരുമാനത്തിലും തുടങ്ങുന്നത് 1990- കളുടെ മധ്യത്തോടെയാണ്. ഇവരിൽ മിക്കവരും സാധാരണ മലയാളി കുടുംബങ്ങളിൽ നിന്നുവന്ന് വിദ്യാഭ്യാസം നേടി അതിന്റെ ബലത്തിൽ ഗൾഫിൽ നല്ല ജോലികൾ നേടിയവരാണ്. ഗൾഫ് രാജ്യങ്ങളെ മൊത്തത്തിൽ എടുത്താൽ അവരുടെ എണ്ണം ചെറുതല്ല. അവരിൽ പലരും തങ്ങളുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മധ്യവർഗ്ഗത്തിലേക്ക് കൈപിടിച്ച് കയറ്റിയവരാണ്. മാത്രവുമല്ല തങ്ങളുടെ ബന്ധു സുഹൃദ് വൃത്തങ്ങളിൽ സഹായങ്ങൾ ചെയ്തവരുമാണവർ.

എല്ലാ നജീബുമാരും ഇത്രയേറെ ദുരിതക്കടൽ താണ്ടിയെന്നു പറയുന്നത് പോലെത്തന്നെ വസ്തുതാവിരുദ്ധമായിരിക്കും നജീബിന്റെ അനുഭവത്തിന്റെ സത്യത്തെ നിഷേധിക്കുന്നത്.

പ്രവാസത്തിന്റെ ദുരിതപർവ്വം

നാലാമത്തെ വിഭാഗമാണ് മഹാഭൂരിഭാഗം വരുന്ന മലയാളി പ്രവാസികൾ. ചെറുകിട ജോലികളും കൂലിവേലയും ചെയ്തു മരുഭൂമിയിൽ പതിറ്റാണ്ടുകളോളം കഷ്ടപ്പെടുന്നവർ. തുച്ഛമായ ശമ്പളവും പരിമിതമായ ജീവിതസൗകര്യങ്ങളും സാരമില്ലെന്നുവച്ച് തങ്ങളുടെ കുടുംബത്തെ കരകയറ്റാനായി ഭാര്യമാരേയും കുഞ്ഞുങ്ങളേയും രണ്ടോ മൂന്നോ കൊല്ലത്തിൽ ഏതാനും ദിവസം മാത്രം കണ്ട് ദുരിതജീവിതം നയിക്കുന്ന ഹതഭാഗ്യർ. ഇവരുടെ ജീവിതസാഹചര്യങ്ങളിലും അനുഭവങ്ങളിലും വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മൂന്നു പൊതുഘടകങ്ങൾ അവരെല്ലാവരുടെ കാര്യത്തിലും കാണാം. വളരെ താഴ്ന്ന ശമ്പളം, പലപ്പോഴും സ്വന്തം നാട്ടിലേതിനേക്കാൾ മോശമായ താമസ ഭക്ഷണ സൗകര്യങ്ങൾ, കുടുംബങ്ങളുമായുള്ള സമാഗമങ്ങളുടെ വിരളത.

ഗൾഫനുഭവത്തിൽ മലയാളിക്ക് വലിയ സൗഭാഗ്യങ്ങൾ കൈവന്നിട്ടുണ്ട്. അതിനപവാദമായ വലിയ ക്ലേശങ്ങളിലൂടെ കടന്നുപോയവരുമുണ്ട്.

ഈ വിഭാഗത്തിൽ ഏറ്റവും ദുസ്സഹമായ, അപമാനവീകരണത്തിന്റെ ആഴങ്ങൾ അറിഞ്ഞ ഒരനുഭവമാണ് നജീബിന്റേത്. എല്ലാ നജീബുമാരും ഇത്രയേറെ ദുരിതക്കടൽ താണ്ടിയെന്നു പറയുന്നത് പോലെത്തന്നെ വസ്തുതാവിരുദ്ധമായിരിക്കും നജീബിന്റെ അനുഭവത്തിന്റെ സത്യത്തെ നിഷേധിക്കുന്നത്. ഗൾഫനുഭവത്തിൽ മലയാളിക്ക് വലിയ സൗഭാഗ്യങ്ങൾ കൈവന്നിട്ടുണ്ട്. അതിനപവാദമായ വലിയ ക്ലേശങ്ങളിലൂടെ കടന്നുപോയവരുമുണ്ട്. ശ്രദ്ധേയമായ ഒരു കാര്യം ഇടയജോലി അടക്കമുള്ള ക്ലേശകരമായ ജോലികളിൽ ഇപ്പോൾ മലയാളികൾ തീരെ ഇല്ല എന്നതാണ്. അവരുടെ സ്ഥാനത്ത് മറ്റു രാജ്യക്കാരും ഇന്ത്യയുടെ വേറെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമൊക്കെയാണ് ഇപ്പോൾ. അതോടൊപ്പം എടുത്തുപറയേണ്ട ഒരു സംഗതി, അത്തരം ജോലികൾ ചെയ്യുന്നവരുടെ ജീവിതസൗകര്യങ്ങൾ - വേതനവ്യവസ്ഥകളും - കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നതാണ്. ആ അർത്ഥത്തിൽ നജീബിന്റെ ജീവിതം പ്രതിനിധീകരിക്കുന്നത് ഗൾഫനുഭവത്തിന്റെ അത്ര വിദൂരമല്ലാത്ത ഭൂതകാലമാണ്.

മൂന്ന് ആടുജീവിതങ്ങളും - ബെന്യാമിന്റെ ആടുജീവിതം, നജീബിന്റെ ആടുജീവിതം, ബ്ലെസ്സിയുടെ ആടുജീവിതം - അവയ്ക്കിടയിലുള്ള വ്യത്യാസങ്ങളും അവയുമായി ബന്ധപ്പെട്ട പ്രസ്താവനകളും ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ആ വിവാദങ്ങളിൽ വ്യക്തിപരമായ കാലുഷ്യങ്ങളും മോദിക്കാലത്തിന്റെ അനിവാര്യ ചേരുവയായ വർഗീയതയുമൊക്കെ ഉൾച്ചേർന്നിട്ടുമുണ്ട്.

ബെന്യാമിന്റെ ആടുജീവിതം മലയാളി അടുത്ത കാലത്ത് ഹൃദയത്തോടുചേർത്ത പുസ്തകമാണ്. ഒരു പക്ഷെ ചങ്ങമ്പുഴയുടെ രമണൻ പോലെ സർവാത്മനാ സ്വീകരിക്കപ്പെട്ട അപൂർവം മലയാള പുസ്തകങ്ങളിലൊന്ന്. ഒരെഴുത്തുകാരനെന്ന നിലയ്ക്ക് ബെന്യാമിൻ ഭാഗ്യവാനാണ്. ഗൾഫിൽ എഴുതപ്പെട്ടു മുഖ്യധാരാ മലയാള സാഹിത്യത്തിൽ നടുത്തളത്തിലേക്ക് വന്ന അപൂർവം പ്രവാസിരചനകളിലൊന്നാണ് ആടുജീവിതം. മറ്റൊരു മലയാളി പ്രവാസരചനക്കും ലഭിക്കാത്തത്ര അംഗീകാരവും പുകഴും കേരളത്തിന് പുറത്തും ആ പുസ്തകത്തിന് വിവർത്തനങ്ങൾ വഴി ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഡോ. കെ. ജെ. ജോസഫ് വിവർത്തനം ചെയ്ത് പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഒന്നാന്തരം ആംഗലപരിഭാഷ മൂലം.

ബെന്യാമിൻ പക്ഷെ ഒരു വലിയ അബദ്ധം കാണിച്ചു. തുടക്കം മുതൽ ഇതൊരു നോവൽ രൂപത്തിലുള്ള ജീവചരിത്രരചനയാണ് എന്ന മട്ടിലുള്ള ഒരു പൊതു ആഖ്യാനം അദ്ദേഹം തന്നെ ഉണ്ടാക്കുകയും നജീബിനെ (ഷുക്കൂറിനെ) നോവൽ ചർച്ചയുടെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഒരു കഥാപാത്രം എഴുത്തുകാരനോടൊപ്പം മാധ്യമങ്ങളിൽ നിരന്തരസാന്നിധ്യമാകുന്ന വിചിത്രമായ, സാഹിത്യചരിത്രത്തിൽ തന്നെ അത്യസാധാരണമായ, ഒരു പ്രതിഭാസത്തിന്റെ ഉദയമായിരുന്നു അത്. എഴുത്തുകാരനെക്കാൾ ഒരു പക്ഷെ മാധ്യമങ്ങളിൽ അഭിമുഖങ്ങൾ വന്നത് കഥാപാത്രത്തിന്റേതായിരിക്കും. സ്വാഭാവികമായും ഇരുവരും പറയുന്ന കാര്യങ്ങളിലുള്ള വ്യത്യാസങ്ങളും വൈജാത്യങ്ങളും ആദ്യം മുതൽ തന്നെ വിവാദവിഷയമായി.

ആടുജീവിതം എന്ന സിനിമയിൽ നജീബായി വേഷമിട്ട പൃഥ്വിരാജ്

സാഹിത്യചരിത്രത്തിൽ തുല്യതയില്ലാത്ത മറ്റൊരു ചര്ച്ചക്കും അത് വഴിവച്ചു: പുസ്തകം വിറ്റ് എഴുത്തുകാരൻ കാശുണ്ടാക്കി, പക്ഷെ നജീബ് ഇപ്പോഴും കഷ്ടപ്പാടിലാണ്. പുസ്തകത്തിന്റെ റോയൽറ്റിയിൽ നജീബിന് കൂടി ന്യായമായും അവകാശമില്ലേ? അതാവശ്യപ്പെട്ട് നജീബ് കേസ് കൊടുത്തിരുന്നെങ്കിൽ കുറേക്കൂടി രസമായേനെ കാര്യങ്ങൾ. ഈ പബ്ലിസിറ്റി വ്യായാമം ഇപ്പോൾ അതിവിചിത്രമായ തലങ്ങളിലേക്ക് മാറുന്നുണ്ട്. മുമ്പ് ജീവിതം തന്നെയാണ് നോവൽ എന്നു പറഞ്ഞിരുന്ന എഴുത്തുകാരൻ ഇപ്പോൾ പറയുന്നത് മുപ്പത് ശതമാനമേ ജീവിതമുള്ളൂ എന്നാണ്. അതേസമയം സിനിമ കണ്ട നജീബ് പറയുന്നത് അതിൽ 90 ശതമാനവും തന്റെ ജീവിതം തന്നെയാണ് എന്നാണ്. ഒരുപക്ഷെ മലയാളിക്കു മാത്രം ഉണ്ടാക്കാൻ കഴിയുന്ന രസകരങ്ങളായ വിവാദങ്ങളാണിവയെല്ലാം. ഇതിന്റെ വേരുകൾ കിടക്കുന്നത് തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബെന്യാമിൻ നജീബിനെ രംഗത്ത് അവതരിപ്പിച്ചതും അവതരിപ്പിച്ച രീതിയുമാണ്. ബാക്കി കാര്യങ്ങൾ ദോഷൈകദൃഷ്ടിയുടെ ലോകാവതാരങ്ങളായ നമ്മുടെ മാധ്യമങ്ങൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ?

നജീബിന്റെ ജീവിതം അപ്പടി എഴുതേണ്ട പണി ബെന്യാമിനില്ലാത്തതു പോലെ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തെ അതുപോലെ സിനിമയിൽ ആവിഷ്കരിക്കേണ്ട ബാധ്യത ബ്ലെസ്സിക്കുമില്ല.

വിവാദങ്ങളിൽ നിന്ന് സിനിമയിലേക്ക്

ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ കൊടുമ്പിരിക്കൊള്ളുന്ന ലുഷവിവാദങ്ങളുടെ ഒരു ദ്രുതവിശകലനമായാണ് ഇത്രയും വിവരിച്ചത്. സിനിമയെ വസ്തുനിഷ്ഠമായും സൗന്ദര്യാത്മകമായും ഇതിവൃത്ത കേന്ദ്രിതമായും കാണാൻ അനിവാര്യമായ മുന്നുപാധി ഇതെല്ലം വിസ്മരിക്കലാണ്. നജീബിന്റെ ജീവിതം അപ്പടി എഴുതേണ്ട പണി ബെന്യാമിനില്ലാത്തതു പോലെ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തെ അതുപോലെ സിനിമയിൽ ആവിഷ്കരിക്കേണ്ട ബാധ്യത ബ്ലെസ്സിക്കുമില്ല. അതിനാൽ നമുക്ക് തൽക്കാലത്തേക്ക് ബെന്യാമിനെയും ഷുക്കൂറിനെയും മറക്കാം. (ബെന്യാമിന്റെ പുസ്തകം അതിന്റെ സ്വന്തം നിലയ്ക്ക് ഇനിയും കാലങ്ങളോളം മലയാളി വായിക്കും, സക്കറിയയുടെ കഥ അടൂർ ഗോപാലകൃഷ്ണന്റെ'വിധേയൻ' പുറത്തവന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും വായിക്കപ്പെടുന്നത് പോലെ).

കലയും കച്ചവടവും തമ്മിലുള്ള ഒഴിച്ചുകൂടാനാവാത്ത അനുരഞ്ജനത്തിന്റെ ഭാഗമായി ബ്ലെസ്സി ചെയ്യേണ്ടിവന്ന ചില രംഗങ്ങൾ ആടുജീവിതം എന്ന നല്ല സിനിമയ്ക്ക് കല്ലുകടിയാവുന്നുണ്ട്.

മരുഭൂമി പ്രമേയമാവുന്ന മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട്
സമാനസംവാദങ്ങൾ 60 കൊല്ലം മുമ്പ് ഉണ്ടായിട്ടുണ്ട്. ടി. ഇ. ലോറൻസിന്റെ 'വിവേകത്തിന്റെ സപ്തസ്തംഭങ്ങൾ' (Seven Pillars of Wisdom) എന്ന ആത്മകഥാപരമായ പുസ്തകം ഡേവിഡ് ലീൻ 1962- ൽ സിനിമയാക്കിയപ്പോൾ ഇതേ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. വ്യത്യാസം, പക്ഷെ അപ്പോഴേക്കും ലോറൻസ് മരിക്കുകയും എഴുത്തുകാരനും മുഖ്യകഥാപാത്രവും ലോറൻസ് തന്നെയായിരുന്നുവെന്നതുമാണ്. ലോക സിനിമാ ക്ലാസിക്കുകളിൽ ഒന്നാണ് ഡേവിഡ് ലീനിന്റെ ലോറൻസ് ഓഫ് അറേബ്യ (Lawrence of  Arabia). മൂന്നു മണിക്കൂറും നാല്പതു മിനിട്ടും ദൈർഘ്യമുള്ള ആ സിനിമ നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ ലഭ്യമാണ്.  അതിന്റെ ദൈർഘ്യം തീർച്ചയായും ആവശ്യമായിരുന്നു.

ബ്ലെസ്സിയുടെ പടത്തെക്കുറിച്ചു തോന്നിയ പ്രധാന ന്യൂനത അതിന്റെ വൃഥാ സ്ഥൂലതയാണ്. മൂന്നു മണിക്കൂറോളം വലിച്ചുനീട്ടാതെ ഒന്നര- രണ്ടു മണിക്കൂറിൽ ഭംഗിയായി ചെയ്യാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. ഈ ഒരു നിരീക്ഷണം മാറ്റിനിർത്തിയാൽ, ഏതു മാനദണ്ഡങ്ങൾ വച്ച് നോക്കിയാലും ഒന്നാന്തരം കലാസൃഷ്ടിയാണ് ആടുജീവിതം.  മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന്. 

‘ലോറൻസ് ഓഫ് അറേബ്യ’ സിനിമയിൽ നിന്ന്

മനുഷ്യന്റെ വാചാലമായ മൗനവും പ്രകൃതിയുടെയും മൃഗങ്ങളുടേയും ശബ്ദമുഖരിതയും തമ്മിലുള്ള അലോസരപ്പെടുത്തുന്ന വൈജാത്യത്തിന്റെ അസ്തിത്വവൈപരീത്യം ഓരോ നിമിഷവും കാഴ്ചക്കാരെ ഉലയ്ക്കുന്ന ഒരു ദൃശ്യപ്രഹരമാണ്  ഈ പടം. പ്രഹരമെന്ന വാക്ക് നിന്ദാസ്തുതിയല്ല. നമ്മുടെ അനുദിനം ക്ഷയിക്കുന്ന വൈകാരികസ്വത്വങ്ങളിൽ വന്നു പതിക്കുന്ന നോവും നൊമ്പരവും കലർന്ന പ്രഹരം. മരുഭൂമിയുടെ ഏകസ്ഥായിത്വവും കേരളത്തിന്റെ മനം മയക്കുന്ന വർണാധിക്യവും മാറിമാറി വരുന്ന രംഗങ്ങളിൽ നോവും നൊമ്പരവും ഹൃദയാവർജ്ജകമായ സൗന്ദര്യാനുഭവത്തിലേക്ക് സംക്രമിക്കുന്നതും സിനിമയുടെ അന്യാദൃശാനുഭവമാണ്.

നിർമലമനസ്കരും ഉദാരമതികളുമായ അനേകം അറബികളുടെ കീഴിൽ മലയാളികൾ തൊഴിലെടുത്തിട്ടുണ്ട്. അതുപോലെ ദുഷ്ടരായ അറബികൾക്കുകീഴിലും. മറിച്ച് പറഞ്ഞാൽ നല്ല അറബികളെ പറ്റിച്ച് ചീത്തപ്പേരുണ്ടാക്കിയ പല മലയാളികളും ഉണ്ട്.

തിരക്കഥയും സംഭാഷണങ്ങളും പലപ്പോഴും ചെടിപ്പിക്കുമ്പോഴും പടത്തെ ശ്രദ്ധേയമാക്കുന്നത് അതിന്റെ ഭ്രമിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന ദൃശ്യാനുഭവമാണ്. മരുഭൂമി ആദ്യമായല്ല മലയാളത്തിൽ കഥക്കോ സിനിമയ്ക്കോ പശ്ചാത്തലമാവുന്നത്. മരുഭൂമിയുടെ ആത്മാവിനെ മലയാളഭാഷയുടെ ഭാഗമാക്കി മാറ്റിയ രചനകളും നമുക്കുണ്ടായിട്ടുണ്ട്. വി. മുസഫർ അഹ്മദിന്റെ മരുഭൂമി വിവരണങ്ങൾ വാസ്തവത്തിൽ ഭാഷ കൊണ്ട് സൃഷ്ടിച്ച മഹാസൗന്ദര്യമാണ്. പക്ഷെ ബ്ലെസ്സിയുടെ സിനിമയിൽ അത് സൗന്ദര്യവും അപാരതയും അപരതയും അജ്ഞേയതയും മാറി മാറി വരുന്ന ഒരസാധാരണമായ കാഴ്ചയാവുന്നുണ്ട്. ഇതിന്റെ ദൃശ്യവിസ്‌തൃതിയിലാണ് തൊഴിൽ തേടി വരുന്ന ഒരു മലയാളിയുവാവിന്റെ പ്രതീക്ഷയിൽനിന്ന് നടുക്കത്തിലേക്കും പിന്നീട് ഹതാശവും വിഷാദാത്മകവുമായ, നിസ്സഹായവും നിസ്സീമനിരാനന്ദവുമായ ആടുജീവിതത്തിലേക്കുള്ള പരിവർത്തനം നമുക്കുമുമ്പിൽ നിലക്കാത്ത ഗദ്ഗദം പോലെ ഇതൾ വിരിയുന്നത്.

ഈ ജീവിതദുരന്തം അതിന്റെ മുഴുവൻ വേദനയോടെയും വേവലാതിയോടെയും ആവിഷ്കരിക്കുന്നതിൽ പൃഥ്വിരാജ് പൂർണമായി വിജയിക്കുന്നുണ്ട്. സിനിമയിലെവിടെയും നാം പൃഥ്വിരാജിനെ കാണുന്നതേയില്ല. നജീബിനെ മാത്രമേ കാണുകയും അറിയുകയുംചെയ്യുന്നുള്ളൂ. ഒരു നടനെന്ന നിലയ്ക്ക് ഈ സിനിമ പൃഥ്വിരാജിനെ നിർണായകമായി അടയാളപ്പെടുത്തുന്നു. അയാളുടെ അഭിനയജീവിതത്തെ ഈ സിനിമയുടെ മാനദണ്ഡം വെച്ചായിരിക്കും ഇനിമേൽ വിലയിരുത്തപ്പെടുക- ക്ലോസ്സ് കിൻസ്കിയുടെ നടനവൈഭവം വെർനർ ഹെർസോഗിന്റെ 'ദൈവത്തിന്റെ കലി' (The Wrath of God) യിലെ അതിഗംഭീര പ്രകടനം വച്ച് പിൽക്കാലത്ത് വിലയിരുത്തപ്പെട്ട പോലെ. അതേസമയം, കലയും കച്ചവടവും തമ്മിലുള്ള ഒഴിച്ചുകൂടാനാവാത്ത അനുരഞ്ജനത്തിന്റെ ഭാഗമായി ബ്ലെസ്സി ചെയ്യേണ്ടിവന്ന ചില രംഗങ്ങൾ ഈ നല്ല സിനിമയ്ക്ക് കല്ലുകടിയാവുന്നുണ്ട്. നജീബിന്റെ നാട്ടിലെ ജീവിതവും ഭാര്യയോടുള്ള പ്രണയവൈവശ്യങ്ങളുമൊക്കെ പ്രമേയപരമായി ആവശ്യം തന്നെ, പക്ഷെ അതാവിഷ്കരിക്കാൻ പൈങ്കിളിത്തത്തിന്റെ മേമ്പൊടി അത്രമേൽ വേണ്ടിയിരുന്നോ എന്ന ചോദ്യം പടം കണ്ടിറങ്ങുമ്പോൾ പലരുടെ മനസ്സിലും തോന്നിയിട്ടുണ്ടാകും. ആ നിലയ്ക്ക് മുക്കാൽ മണിക്കൂറോളം നീളുന്ന വൃഥാ സ്ഥൂലതയാണ് ആടുജീവിതത്തിന്റെ ദൗർബല്യം. മൗനം കൊണ്ട് കൂടുതൽ ആവിഷ്കാരവും വികാരവിനിമയവും  കഴിയുമായിരുന്ന പല രംഗങ്ങളിലും സംഗീതത്തിന്റെ ആധിക്യം അരോചകമായി അനുഭവപ്പെട്ടു - അത് എ. ആർ. റഹ്മാന്റെ പ്രതിഭ പ്രതിഫലിപ്പിക്കുന്നതാണെങ്കിൽ  പോലും.

അറബികളും അറബികളും

ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച്, ഇത് അറബികളെ പൊതുവിൽ നരാധമരായി ചാപ്പ കുത്തുന്ന ഒന്നാണെന്ന വിമർശനം പലരും ഉന്നയിച്ചത് കണ്ടു. ആടുജീവിതം - സിനിമയായാലും നോവലായാലും - അങ്ങനെയൊരു സാമാന്യവൽക്കരണത്തിന് മുതിരുന്നതായി പറയാനാവില്ല. നിർമലമനസ്കരും ഉദാരമതികളുമായ അനേകം അറബികളുടെ കീഴിൽ മലയാളികൾ തൊഴിലെടുത്തിട്ടുണ്ട്. അതുപോലെ ദുഷ്ടരായ അറബികൾക്കുകീഴിലും. മറിച്ച് പറഞ്ഞാൽ നല്ല അറബികളെ പറ്റിച്ച് ചീത്തപ്പേരുണ്ടാക്കിയ പല മലയാളികളും ഉണ്ട്. തുല്യതയില്ലാത്ത ആത്മാർത്ഥതയോടെ അറബികൾക്ക് സേവനം നൽകിയ മലയാളികളും എത്രയോ ഉണ്ടായിട്ടുണ്ട്.

ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരന്മാരിലേക്ക് മലയാളി വളർന്നതിന്റെ ചരിത്രവും ഗൾഫിനുണ്ട്. എം.എ. യൂസുഫലിയും ആസാദ് മൂപ്പനുമടക്കമുള്ള, വിവിധ മണ്ഡലങ്ങളിൽ വ്യാപാരസാമ്രാജ്യങ്ങൾ പടുത്തുയർത്തിയ അവരുടെ പേരുകളും പെരുമകളും പൊതുവെ മലയാളിക്ക് സുപരിചിതമാണ്.

മലയാളികളും ഗൾഫറബികളും തമ്മിലുള്ളത് പരസ്പരാശ്രിതത്വത്തിന്റെ ദീർഘബന്ധമാണ്. എണ്ണസമ്പത്ത് കുമിഞ്ഞുകൂടാൻ തുടങ്ങിയഒരു ചരിത്രദശയിൽ അറബികൾക്ക് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ടായിരുന്നു. ഭൗതികമായി അങ്ങേയറ്റം പ്രതിസന്ധിയിലകപ്പെട്ട മലയാളികൾക്ക് തൊഴിൽ വേണ്ടിയിരുന്നു. ഈ അന്യോന്യാവശ്യം പ്രയോഗികമായപ്പോൾ നല്ലതും ചീത്തയുമൊക്കെ ഉണ്ടായിട്ടുണ്ട്. അത്രയേ ഇതിൽ കാണേണ്ടതുള്ളൂ. ഇവയിലേതെങ്കിലും സംഭവം ഒരു കഥക്കോ സിനിമയ്ക്കോ പ്രമേയമാകുമ്പോഴേക്കും അതിൽ മോശം സാമാന്യവൽക്കരണം ആരോപിക്കുന്നത് അലസവിശകലനമാണ്. അല്ലെങ്കിൽ കലുഷമായ ദോഷൈകദൃഷ്ടിയാണ്. ഹതാശനായ, ഒറ്റപ്പെട്ട, ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു പാവം മനുഷ്യന്റെ മാനസികഭാവങ്ങളും വികാരപരിണാമങ്ങളും അനുദിനജീവിതസാഹചര്യങ്ങളും ഓർമകളും അയാൾക്കുമുമ്പിൽ സമയം നിശ്ചലവും അർത്ഥരഹിതവും ഗുണശൂന്യമാവുന്നതുമൊക്കെ ഒരവിസ്മരണീയ ദൃശ്യാനുഭവമാക്കി അവതരിപ്പിക്കാനാണ് ബ്ലെസ്സി ശ്രമിച്ചത്. ചില കുറവുകൾ - മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ - ഒഴിച്ചുനിർത്തിയാൽ ആ ശ്രമത്തിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ആ നിലയ്ക്ക് മലയാളത്തിലെ ഭേദപ്പെട്ട സിനിമകളിൽ ഒന്നായിആടുജീവിതം എക്കാലവും പരിഗണിക്കപ്പെടും.

Comments