സർക്കാർ സർവ്വീസിൽ നിലവിൽ എത്ര മുന്നാക്കക്കാരുണ്ട്?

രാഷ്ട്രത്തിനു കീഴിൽ മതിയായ പ്രാതിനിധ്യം ലഭിക്കാത്ത, സാമൂഹികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി വ്യവസ്ഥ ചെയ്യപ്പെട്ട സംവരണം എന്ന അവകാശം ഭരണകൂടത്തിനു കീഴിൽ കാലങ്ങളായി എല്ലാവിധ പ്രിവിലേജും അനുഭവിച്ചുവരുന്നവർക്കുവേണ്ടി അട്ടിമറിക്കുകയാണ് സവർണ സംവരണത്തിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഈ അട്ടിമറിയ്ക്കുള്ള ശ്രമം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സർക്കാറിൽ തുടങ്ങിയതാണ്. അവസര തുല്യത സംബന്ധിച്ച ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനു തന്നെ എതിരായ സവർണ സംവരണത്തെ ന്യായീകരിക്കാൻ സർക്കാർ ഉയർത്തുന്ന വാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് ലേഖകൻ.

ർക്കാർ ജോലിയിലും സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം വിപുലമായ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണ സീറ്റുകളാണ് പി.എസ്.സി ഒഴിവുകളിൽ നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 23 മുതൽ നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ഇത് ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ പാർലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടെ ചട്ടക്കൂടിലാണ് തൊഴിലിലും വിദ്യാഭ്യാസത്തിലും മുന്നാക്ക സംവരണം ഏർപ്പെടുത്തിയത്.

ഇ.എം.എസ് നമ്പൂതിരിപ്പാട്‌
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സർക്കാർ തന്നെ നടപ്പാക്കാൻ ശ്രമിച്ച ആശയമാണ് സാമ്പത്തിക സംവരണം. ഇ.എം.എസിന്റെ അധ്യക്ഷതയിലുള്ള ഒന്നാം ഭരണപരിഷ്‌കരണ കമ്മീഷൻ ഇത് ശുപാർശ ചെയ്തിരുന്നു. നിശ്ചിത സാമ്പത്തിക നിലവാരത്തിന് താഴെയുള്ളവരെ പിന്നാക്ക വിഭാഗമായി കണക്കാക്കി അവർക്ക് സംവരണം നൽകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ പിന്നാക്ക-ന്യൂനപക്ഷ സംഘടനകൾ ഇതിനെ പ്രതിരോധിച്ചു. കൗമുദി പത്രാധിപർ കെ.സുകുമാരന്റെ കുളത്തൂർ പ്രസംഗം ഈ

കെ.സുകുമാരൻ
കെ.സുകുമാരൻ

പശ്ചാത്തലത്തിലാണ്. സംവരണ വ്യവസ്ഥയുടെ പ്രയോഗം കൊണ്ട് ഉദ്യോഗമണ്ഡലത്തിലേക്ക് അൽപ്പാൽപ്പമായി പിടിച്ചുകയറിയ ഈഴവരേയും മുസ്ലീംകളെയും പിന്നാക്കക്കാരേയും അവിടെ നിന്ന് ഇറക്കി വിട്ട് സർക്കാർ ഉദ്യോഗമാകുന്ന അപ്പവും മീനും തങ്ങൾക്കുമാത്രമായി അനുഭവിക്കാൻ വ്യവസ്ഥ ചെയ്തിരിക്കുന്ന കൗശലപൂർണമായ കെണിയാണ് ഈ നിർദ്ദേശങ്ങൾ എന്ന് പത്രാധിപർ സുകുമാരൻ വിശദീകരിച്ചു. പിന്നീടും സർക്കാരുകൾ ഈ ഉദ്യമത്തിലേക്ക് കടന്നെങ്കിലും വിജയിപ്പിക്കാനായില്ല.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമം മുസ്ലിംലീഗ് വീറ്റോ ചെയ്തു. മണ്ഡൽ കമ്മീഷൻ ശുപാർശ അനുസരിച്ച് പിന്നാക്കക്കാർക്ക് 27 % സംവരണം ഏർപ്പെടുത്തിയതിനൊപ്പം പത്ത് ശതമാനം മുന്നാക്ക സംവരണവും ഏർപ്പെടുത്തിയത് സുപ്രീംകോടതി റദ്ദാക്കി. സാമ്പത്തിക പരാധീനതയല്ല പിന്നാക്കാവസ്ഥയുടെ മാനദണ്ഡം എന്ന് വ്യക്തമാക്കി. ഒടുവിൽ, അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തുറുപ്പ് ചീട്ട് എന്ന മാധ്യമ വിശേഷണത്തിന്റെ അകമ്പടിയോടെ ഒന്നാം നരേന്ദ്രമോദി സർക്കാർ ഭരണഘടന ഭേദഗതി ചെയ്ത് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം സാധ്യമാക്കി.

ഭരണഘടനാ ഭേദഗതി എല്ലാ തടസ്സങ്ങളും നീക്കിയതോടെ ഒട്ടും താമസം വരുത്താതെ സംസ്ഥാന സർക്കാർ നടപ്പാക്കൽ നടപടികളിലേക്ക് കടന്നു. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് നിരവധി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ജുഡീഷ്യൽ തീർപ്പ് വരെ കാത്തിരിക്കാൻ സർക്കാർ ക്ഷമ കാണിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം. മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് പരിഗണനകളും തീരുമാനത്തിന് പിന്നിലുണ്ട്.

പബ്ലിക് സർവീസ് കമ്മീഷൻ ഒരു ജനറൽ സീറ്റ്, അടുത്തത് റിസർവേഷൻ സീറ്റ് എന്ന ക്രമത്തിലാണ് സാധാരണ നിയമനം നടത്തുക. ഈ ക്രമത്തിൽ, ഒഴിവു വരുന്ന ഒൻപതാമത്തെ സീറ്റ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് മാറ്റിവെക്കും. തുടർന്ന് 19, 29, 39 തുടങ്ങി 99 വരെ ഒൻപതിൽ അവസാനിക്കുന്ന സീറ്റുകൾ. നൂറ് നിയമനം നടക്കുമ്പോൾ പത്ത് സീറ്റുകൾ ഈ വിഭാഗത്തിൽ നികത്തപ്പെടും. നാലുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള നിലവിൽ സംവരണത്തിന് അർഹതയില്ലാത്ത വിഭാഗങ്ങൾക്കാണ് നൂറു സീറ്റിൽ പത്ത് സീറ്റ് മാറ്റിവെക്കുന്നത്. ഭൂമിയുടെ ഉടമസ്ഥത പഞ്ചായത്തിൽ രണ്ടര ഏക്കറും നഗരസഭയിൽ 75 സെന്റും കോർപ്പറേഷനിൽ 50 സെന്റും കവിയരുത് എന്ന് മാനദണ്ഡങ്ങളിൽ നിഷ്‌കർഷിക്കുന്നു. ഇങ്ങനെ സംവരണം ഏർപ്പെടുത്തുന്നത് സർവീസിലെ വിവിധ സാമുദായിക വിഭാഗങ്ങളുടെ പ്രാതിനിധ്യം വിലയിരുത്തിയാണോ എന്നതാണ് ആദ്യത്തെ ചോദ്യം. അല്ല എന്നതാണ് ഉത്തരം. സർക്കാർ സർവീസിലെ പ്രാതിനിധ്യം സംബന്ധിച്ച ഇപ്പോഴത്തെ നില അറിയാൻ ഒരു കണക്കും ലഭ്യമല്ല. എന്നുമാത്രമല്ല, ജനസംഖ്യയിൽ ഓരോ സമുദായത്തിനും എത്ര പ്രാതിനിധ്യം എന്ന് വ്യക്തമാക്കുന്ന കണക്കും പൊതുമണ്ഡലത്തിലില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒന്നരപ്പതിറ്റാണ്ട് മുൻപ് നടത്തിയ ഒന്നാം കേരള പഠനം അനുസരിച്ച് സർക്കാർ ജോലികളിലെ മുന്നാക്ക പ്രാതിനിധ്യം 44 ശതമാനത്തിന് മുകളിലാണ്. സംവരണതോത് തീരുമാനിക്കുന്നതിന് മുൻപ് സർവീസിലെ പ്രാതിനിധ്യം സംബന്ധിച്ചെങ്കിലും വിശദമായ പഠനം അനിവാര്യമായിരുന്നു. നിലവിൽ നൂറ് നിയമനം നടക്കുമ്പോൾ സംവരണമായി ഈഴവ വിഭാഗത്തിന് 14 സീറ്റും മുസ്ലിം വിഭാഗത്തിന് 12 സീറ്റും ലഭിക്കും. ഇവർ കഴിഞ്ഞാൽ ഏറ്റവും വലിയ സംവരണ വിഭാഗമായി ഇനി വരിക മുന്നാക്ക വിഭാഗമാണ്, പത്ത് സീറ്റ്. ലത്തീൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ-3, ഹിന്ദു നാടാർ-1, ക്രിസ്ത്യൻ നാടാർ- 1, പരിവർത്തിത ക്രൈസ്തവൻ-1, വിശ്വകർമ്മ-3, ധീവര- 1, മറ്റ് പിന്നാക്കക്കാർ-3, പട്ടിക ജാതിക്കാർ- 8, പട്ടിക വർഗ്ഗക്കാർ -2 എന്നിങ്ങനെയാണ് നിയമനത്തിലെ സംവരണ തോത്. നിലവിൽ തന്നെ പ്രാതിനിധ്യക്കൂടുതൽ ഉള്ള ഹിന്ദു- ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട മുന്നാക്കക്കാരെ മൂന്നാമത്തെ വലിയ സംവരണ വിഭാഗമായി നിശ്ചയിക്കാൻ എന്ത് കണക്കുകളെ ആണ് ആധാരമാക്കിയത്? ഈ വിഭാഗത്തിലെ ജനങ്ങളിൽ എത്ര ശതമാനം പേർ സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നു എന്നതിന്റെ കണക്കെങ്കിലും ചുരുങ്ങിയ പക്ഷം വേണ്ടതല്ലേ? മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് മുൻപ് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഓപ്പൺ ക്വാട്ടയുടെ പത്ത് ശതമാനം പുതിയ സംവരണ വിഭാഗത്തിന് നൽകും എന്നാണ് പറഞ്ഞിരുന്നത്. നടപ്പാക്കിയപ്പോൾ ആകെ സീറ്റിന്റെ പത്ത് ശതമാനം മുന്നാക്ക വിഭാഗങ്ങളുടെ ക്വാട്ടയായി. പൊതു മത്സര സീറ്റുകൾ നൂറിൽ നാൽപ്പതായി ചുരുങ്ങി. എല്ലാ വിഭാഗങ്ങൾക്കും മത്സരിക്കാവുന്ന സീറ്റുകളിലാണ് പത്തെണ്ണത്തിന്റെ കുറവു വന്നത്. ദളിതർക്കും പിന്നാക്കക്കാർക്കും കിട്ടാൻ തുല്യ സാധ്യതയുള്ള സീറ്റുകൾ മുന്നാക്കക്കാർക്കുള്ള സംവരണമായി മാറ്റിയിട്ട് ആർക്കും ഒരു നഷ്ടവും ഉണ്ടാകുന്നില്ല എന്ന് വാദിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്? നിലവിലുള്ള സാമുദായിക സംവരണ ക്വാട്ടയിൽ ആർക്കും കുറവു വരുന്നില്ല എന്നത് ശരി. പക്ഷേ, പുതിയ ക്വാട്ട സാമ്പത്തിക പരാധീനതയുള്ള എല്ലാവർക്കും വേണ്ടിയുള്ളതല്ല, മുന്നാക്കക്കാർക്ക് മാത്രമുള്ളതാണ്. പിന്നാക്കക്കാരെ സംബന്ധിച്ച് അത് അവസരനഷ്ടമാണ്.

സാമ്പത്തിക സംവരണം, അവസര തുല്യത സംബന്ധിച്ച അടിസ്ഥാന ഭരണഘടനാ കാഴ്ചപ്പാടിന് തന്നെ എതിരാണ്. ഭരണഘടനയുടെ പതിനാറാം അനുഛേദമാണ് അവസരങ്ങളിലെ തുല്യ പരിഗണന വിഭാവനം ചെയ്യുന്നത്. ഈ ആർട്ടിക്കിളിലെ നാലാം വകുപ്പാണ് സംവരണത്തിന് ഭരണഘടനാ പരിരക്ഷ നൽകുന്നത്. ഭരണഘടനയുടെ 16.4 പറയുന്നതിങ്ങനെ- "ഈ അനുഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന് കീഴിൽ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തിൽ പെടുന്ന പൗരൻമാർക്ക് നിയമനങ്ങളും തസ്തികകളും നീക്കിവെക്കുന്ന ഏതെങ്കിലും നിയമനിർമ്മാണത്തിന് തടസ്സമല്ല'. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനല്ല, പ്രാതിനിധ്യം ലഭിക്കാതിരുന്ന വിഭാഗങ്ങൾക്ക് അതുറപ്പാക്കാനാണ് സംവരണം വ്യവസ്ഥ ചെയ്തത്. പ്രാതിനിധ്യക്കുറവ് നികത്താനാണോ മുന്നാക്ക സംവരണം നടപ്പാക്കുന്നത്? രാഷ്ട്രത്തിന് കീഴിൽ മതിയായ പ്രാതിനിധ്യം ലഭിക്കാതിരുന്നവർക്ക് വേണ്ടി വ്യവസ്ഥ ചെയ്ത ഒരു അവകാശം, രാഷ്ട്രത്തിന് കീഴിൽ സകല പ്രിവിലേജുകളും അനുഭവിച്ചുവരുന്നവർക്ക്, സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം മാനദണ്ഡമാക്കി നൽകുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്.

വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോൾ ഉള്ള അനുഭവം എന്ത് എന്ന് കൂടി പരിശോധിക്കാം. മെഡിക്കൽ പിജിക്ക് ആകെ 849 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ 427 സീറ്റ് സംസ്ഥാന മെറിറ്റാണ്. സർവീസ് ക്വാട്ട കൂടി പിജി പ്രവേശനത്തിൽ ഉണ്ട്. സംവരണ നില നോക്കിയാൽ ഹൈന്ദവരിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗമായ ഈഴവർക്ക് 3 ശതമാനം സംവരണമാണ് പിജിയിൽ ഉള്ളത്. അതായത് 13 സീറ്റ്. പിന്നാക്ക ഹിന്ദുവിന് ഒരു ശതമാനവും ലത്തീൻ കത്തോലിക്കർക്ക് ഒരു ശതമാനവും കുഡുംബി വിഭാഗത്തിന് ഒരു ശതമാനവും സംവരണം ലഭിക്കും. രണ്ട് ശതമാനമാണ് മുസ്ലീം സംവരണം അതായത് 9 സീറ്റ്. പട്ടിക ജാതി വിഭാഗങ്ങൾക്ക് എട്ട് ശതമാനവും പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് രണ്ട് ശതമാനവുമാണ് സംവരണം. മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ ആ ക്വാട്ടയിൽ മാറ്റിവെച്ചത് 30 സീറ്റ്. അതായത് പട്ടികജാതി വിഭാഗങ്ങൾക്ക് തുല്യമായ ക്വാട്ട. ആകെ ജനസംഖ്യയുടെ പകുതിയലധികം വരുന്ന ഒബിസി വിഭാഗക്കാർക്ക് എല്ലാം കൂടി ഒൻപത് ശതമാനം മാത്രം സംവരണമുള്ളിടത്താണ് ഇത്. മുന്നാക്ക വിഭാഗക്കാരെ ഏറ്റവും വലിയ സംവരണീയ വിഭാഗമാക്കുന്നതിന്റെ യുക്തി എന്താണ്? ജനസംഖ്യയിൽ 27 ശതമാനത്തിൽ കൂടുതൽ ഉള്ള മുസ്ലീങ്ങൾക്ക് മെഡിക്കൽ പിജിയിലെ പിന്നാക്ക സംവരണമായി ഒൻപത് സീറ്റ് ലഭിക്കുമ്പോൾ എങ്ങനെ കൂട്ടിയാലും 25 ശതമാനത്തിൽ കൂടാത്ത മുന്നാക്കക്കാർക്ക് 30 സീറ്റ് നൽകുന്നതിലെ ന്യായമാണ് സർക്കാർ വിശദീകരിക്കേണ്ടത്. പ്ലസ്ടു സീറ്റിൽ 13002 സീറ്റുകൾ ഈഴവ സംവരണമായും 11,313 സീറ്റുകൾ മുസ്ലിം സംവരണമായും മാറ്റിവെച്ചപ്പോൾ മുന്നാക്ക സംവരണമായി 16, 711 സീറ്റുകളുണ്ട്. യഥാർഥത്തിൽ നീക്കിവെയ്‌ക്കേണ്ടതിനേക്കാൾ കൂടുതലാണിത്.

ഇനി എംബിബിഎസ് പ്രവേശനമെടുക്കാം. 1555 സീറ്റുകളാണ് നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആകെ ഉള്ളത്. ഈഴവ വിഭാഗത്തിന് സംവരണമായി കിട്ടുക 94 സീറ്റ്, മുസ്ലിം വിഭാഗത്തിന് 84 സീറ്റ്. മുന്നാക്ക വിഭാഗത്തിനോ 130 സീറ്റ്. പ്രധാന ഒബിസി വിഭാഗങ്ങളേക്കാൾ സംവരണം മുന്നാക്കക്കാർക്ക് ആകെ കിട്ടുന്നു. സംവരണത്തിനെതിരായ സവർണ പരിഹാസങ്ങൾ മെറിറ്റ് വാദത്തിൽ അധിഷ്ഠിതമാണ് എന്നും. സംവരണം വഴി മെറിറ്റില്ലാത്തവർ കയറിപ്പറ്റുന്നുവെന്നും, മുന്നാക്കക്കാരായിപ്പോയതുകൊണ്ട് മാത്രം കഴിവുള്ളവർക്ക് അവസരനഷ്ടം നേരിടുന്നുവെന്നും ഒക്കെ ഉള്ള വിലാപങ്ങൾ ഒരു പാട് കേട്ടിട്ടുണ്ട്. എംബിബിഎസ് സംവരണ സീറ്റുകളിലെ അഡ്മിഷൻ കണക്ക് കൗതുകകരമാണ്. 933 ആം റാങ്കാണ് ഓപ്പൺ ക്വാട്ടയിൽ അവസാനമായി പ്രവേശനം കിട്ടിയ വിദ്യാർഥിക്ക് ഉള്ളത്. മുസ്ലിം സംവരണ വിഭാഗത്തിൽ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1417, ഈഴവ വിഭാഗത്തിൽ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1654, പിന്നാക്ക ഹിന്ദു വിഭാഗത്തിൽ 1771, ലത്തീൻ വിഭാഗത്തിൽ 1943. മുന്നാക്ക വിഭാഗത്തിലോ. മുന്നാക്ക സംവരണം വഴി അഡ്മിഷൻ കിട്ടിയ അവസാന റാങ്ക് 8416 ആണ്. മെറിറ്റ് അട്ടിമറി വാദം ഇനിയാരും പറയില്ല എന്ന് കരുതാം. മുന്നാക്ക സംവരണം സാമൂഹ്യ നീതിയല്ല, സാമൂഹ്യ അനീതിയാണ് സൃഷ്ടിക്കുന്നത് എന്ന് വിദ്യാഭ്യാസ മേഖലയിലെ ഈ അനുഭവങ്ങളിൽ നിന്ന് വ്യക്തം.

ഇന്ദിര സാഹ്നി കേസിലെ വിധിന്യായത്തിൽ നിന്ന്  source:indiankanoon.org
ഇന്ദിര സാഹ്നി കേസിലെ വിധിന്യായത്തിൽ നിന്ന് source:indiankanoon.org

1993 ൽ ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതി സംവരണം സംബന്ധിച്ച ഭരണഘടനാ തത്വം അസന്നിഗ്ധമായി വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമല്ലെന്നും പറഞ്ഞു. സംവരണം എന്നത് ഒരു ദാരിദ്യ നിർമ്മാർജ്ജന പദ്ധതിയല്ല. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കലല്ല സംവരണത്തിന്റെ ലക്ഷ്യം. മറിച്ച് പ്രാതിനിധ്യത്തിലെ നീതിയാണ് സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രാതിനിധ്യം ഉറപ്പാക്കലാണ് ദൗത്യം. തുല്യാവസരമോ ആനുപാതിക പ്രാതിനിധ്യമോ എല്ലാ മനുഷ്യർക്കും ഇല്ലാതെ പോയത് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ കുഴപ്പമാണ്. ജാതി വ്യവസ്ഥയും അതുമൂലമുള്ള അവസര നിഷേധവും ഉണ്ടായിരുന്നതുകൊണ്ടാണ് സംവരണം ആവശ്യമായി വന്നത് തന്നെ. സർക്കാർ സർവീസിൽ ആനുപാതികമായി ഉണ്ടാകേണ്ട പ്രാതിനിധ്യത്തേക്കാൾ വളരെക്കൂടുതൽ പ്രാതിനിധ്യമുള്ള വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക വഴി അവസര തുല്യതയുടെ അടിസ്ഥാന തത്വങ്ങൾ തന്നെ ലംഘിക്കപ്പെടുകയാണ്. അതുകൊണ്ടാണ് ഇത് അട്ടിമറിയാകുന്നത്. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാകുന്നത്.



Summary: രാഷ്ട്രത്തിനു കീഴിൽ മതിയായ പ്രാതിനിധ്യം ലഭിക്കാത്ത, സാമൂഹികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി വ്യവസ്ഥ ചെയ്യപ്പെട്ട സംവരണം എന്ന അവകാശം ഭരണകൂടത്തിനു കീഴിൽ കാലങ്ങളായി എല്ലാവിധ പ്രിവിലേജും അനുഭവിച്ചുവരുന്നവർക്കുവേണ്ടി അട്ടിമറിക്കുകയാണ് സവർണ സംവരണത്തിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഈ അട്ടിമറിയ്ക്കുള്ള ശ്രമം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സർക്കാറിൽ തുടങ്ങിയതാണ്. അവസര തുല്യത സംബന്ധിച്ച ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനു തന്നെ എതിരായ സവർണ സംവരണത്തെ ന്യായീകരിക്കാൻ സർക്കാർ ഉയർത്തുന്ന വാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് ലേഖകൻ.


Comments