കൊല്ലപ്പെട്ടവനും കൊന്നവരും
അവരുടെ കുടുംബങ്ങളും ഒരുപോലെ
എന്നെ പിന്തുടർന്ന ഭീകരരാത്രി…

കൗമാരക്കാരായ കുട്ടികൾ കുറ്റവാളികളാക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ഉൽക്കണ്ഠ നിറഞ്ഞ വിചാരങ്ങൾ. കൊല്ലപ്പെടുന്ന കുട്ടികൾക്കും കൊല്ലുന്ന കുട്ടികൾക്കും ഒപ്പം സഞ്ചരിക്കേണ്ടിവരുന്ന മനസ്സിന്റെ സംഘർഷങ്ങൾ; ട്രൂകോപ്പി വെബ്സീൻ മു​ന്നോട്ടുവച്ച ചർച്ചയിൽ ഇടപെട്ട് സുജി മീത്തൽ എഴുതുന്നു.

മ്മളെ അലട്ടുന്ന വലിയ ചോദ്യമാണ്‌, ശരിയുടേയും തെറ്റിന്റേയും അതിർവരമ്പിന്റെ കൃത്യത. അവയെപ്പറ്റയുള്ള കുഴഞ്ഞ ചിന്തകൾ. ധാർമ്മികത, നന്മ- തിന്മ എന്നിവ ആപേക്ഷികമാണോ? എല്ലാ കാലത്തേക്കും പാകമായ ധാർമ്മിക മൂല്യങ്ങൾ എന്നൊന്നുണ്ടോ? മനുഷ്യന്റെ ജീവിതപരിണാമമനുസരിച്ച് അതിന് ഏറ്റക്കുറിച്ചിൽ സംഭവിക്കുന്നുണ്ടോ?

മത ധാർമ്മിതകളിലെ വ്യതിയാനങ്ങൾ സ്പഷ്ടമായി നമുക്ക് കാണാം, വ്യക്തിപരമായും സംഘടിതമായും. സ്വവർഗ്ഗ ബന്ധങ്ങളെയൊക്കെ പോപ്പു വരെ അംഗീകരിക്കുന്നതും പൊതുപരിപാടിയിൽ കർട്ടൻ വിരിച്ച് സ്ത്രീകളെ മാറ്റിനിർത്തിയവരിൽ ചിലർ സ്റ്റേജിൽ വരെ പുട്ടിനു തേങ്ങയെന്ന പോലാണെങ്കിലും സ്ത്രീകളെ പിടിച്ചിരുത്തി വേദി പങ്കിടുന്നതുമൊക്കെ സർവ്വസാധാരണമായിരിക്കുന്നു.
സംഗീതം, സിനിമ, സ്ത്രീകളുടെ ഡ്രൈവിംഗ് പോലെ പലതും വിലക്കിയിരുന്ന സൗദിയിൽ ഇന്നൊരു ക്യാബ് വിളിച്ചാൽ സ്ത്രീഡ്രൈവർമാരെ കാണുന്നത് സാധാരണം.

മത-സാംസ്കാരിക- ധാർമ്മികതയിൽ ഒരു പരിധിവരെ ചാഞ്ചാട്ടമാകാം. അത് നാം കണ്ടുവരുന്നുമുണ്ട്‌. പക്ഷെ നന്മ-തിന്മയിൽ തൂക്കം കണക്കാക്കുമ്പോൾ ഈയൊരു വ്യതിയാനം സാധ്യമാവുമോ? ഏറ്റവും ആധുനിക, പരിഷ്കൃത മനുഷ്യസമൂഹമെന്ന് സ്വയം കരുതുന്ന നമ്മൾ വളരെ ആഴത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട ഒരു ഇടമായി ഈ സാമൂഹികസ്ഥിതി മാറിമറിയുന്നുണ്ടോ? സാമൂഹിക- മാനുഷിക മൂല്യങ്ങളുടെ ഏറ്റക്കുറച്ചിൽ സാമൂഹികനീതിയെ വെല്ലുവിളിക്കുകയും ഞെട്ടിപ്പിക്കുന്ന ജുവനൈൽ കേസുകളടക്കം കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതിന് എത്ര സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആഴത്തിൽ ചിന്തിക്കണം. ഇത്തരം സമൂഹിക വ്യതിയാനങ്ങൾ സർക്കാറുകൾ പഠനവിധേയമാക്കേണ്ടതുമുണ്ട്‌.

സാമൂഹിക- മാനുഷിക മൂല്യങ്ങളുടെ ഏറ്റക്കുറച്ചിൽ സാമൂഹികനീതിയെ വെല്ലുവിളിക്കുകയും ഞെട്ടിപ്പിക്കുന്ന ജുവനൈൽ കേസുകളടക്കം കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതിന് എത്ര സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആഴത്തിൽ ചിന്തിക്കണം. ഇത്തരം സമൂഹിക വ്യതിയാനങ്ങൾ സർക്കാറുകൾ പഠനവിധേയമാക്കേണ്ടതുമുണ്ട്‌.
സാമൂഹിക- മാനുഷിക മൂല്യങ്ങളുടെ ഏറ്റക്കുറച്ചിൽ സാമൂഹികനീതിയെ വെല്ലുവിളിക്കുകയും ഞെട്ടിപ്പിക്കുന്ന ജുവനൈൽ കേസുകളടക്കം കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതിന് എത്ര സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആഴത്തിൽ ചിന്തിക്കണം. ഇത്തരം സമൂഹിക വ്യതിയാനങ്ങൾ സർക്കാറുകൾ പഠനവിധേയമാക്കേണ്ടതുമുണ്ട്‌.

ഇത്തരം കേസുകളുടെ ഡാറ്റ നിരത്തിയും കാര്യകാരണങ്ങൾ ബോധിപ്പിച്ചുമുള്ള പഠനമല്ലിത്‌. 15 വയസ്സുള്ള കുട്ടികൾ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന പാശ്ചാത്തലത്തിൽ മനസ്സിന്റെ കലക്കത്തിൽ നിന്നുയിർക്കൊണ്ട പൊള്ളുന്ന ചിന്തകൾ മാത്രം.

മുഹമ്മദ് ഷഹ്ബാസ് എന്ന 15 കാരൻ അതിദാരുണമായി സമപ്രായക്കാരാൽ കൊല്ലപ്പെടുന്നു. മനഃസാക്ഷിയുള്ള ഒരാൾക്കും ഉൾക്കൊള്ളാനാവാത്ത ഈ അരുംകൊല എങ്ങനെയാവും ഒരോരുത്തരെയും ബാധിച്ചിട്ടുണ്ടാവുക എന്നെനിക്കറിയില്ല. അന്ന് രാത്രി മുഴുവൻ പേടിസ്വപ്നത്തിലൂടെ ഈ കുട്ടികൾ എനിക്കൊപ്പമുണ്ടായിരുന്നു. കൊല്ലപ്പെട്ടവനും കൊന്നവരും അവരുടെ കുടുംബങ്ങളും ഒരുപോലെ എന്നെ പിന്തുടർന്ന ഭീകരരാത്രിയായിരുന്നു അത്‌. മരിച്ചവനിലും കാരണക്കാരായവരിലും ഞാൻ എന്റെ കുട്ടികളെ കണ്ടുകൊണ്ടിരുന്നു. കൊലവിളി കൂട്ടുന്ന സംഭവം നടക്കുന്നതിനു മുൻപുവരെ, ഈ കുട്ടികളുടെ മനസ്സിൽ കൂടി എനിക്കെങ്ങനെയെങ്കിലും സഞ്ചരിക്കാനാകുമായിരുന്നുവോ എന്നാലോചിച്ച് വശം കെട്ടു.

മറ്റൊരാളെ ശക്തമായി ഒന്നടിക്കുന്നത് കാണുമ്പോൾ പോലും സ്വയം നോവുന്ന ആ പ്രായത്തിൽ ഇതെങ്ങനെ സംഭവിച്ചു? പ്രിയപ്പെട്ടവരുടെ ഒരു തലോടലിൽ അണയേണ്ട പക കത്തിച്ചുനിർത്തി ഈ ദാരുണ സംഭവത്തിലേക്കെത്തിയ അല്ലെങ്കിൽ എത്തിച്ച കുടുംബ- സാമൂഹിക പാശ്ചാത്തലം എന്താവും? ‘നീ എവിടെ പോവുന്നു’ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെയാണോ ആലോചിച്ചുറപ്പിച്ച ഈ കൂട്ടത്തല്ല് നടന്നത്‌? എന്തൊക്കെ കാരണങ്ങൾ കൊണ്ടാവും ആലോചനകൾ പോലും ഉറയ്ക്കാത്ത കുഞ്ഞുങ്ങൾ അടിച്ചുതീർക്കാൻ പുറപ്പെട്ടത്‌. തലച്ചോറിന്റെ വളർച്ച പൂർണ്ണമാകാത്ത ഈ കുട്ടികളുടെ ചിന്തക്കകത്ത് കത്തിക്കൊണ്ടിരിക്കുന്ന പകയുടെ സ്രോതസ്സ്‌ തേടി, ആരുടെ മേലേയ്ക്കാണ് നമ്മൾ വിരൽചൂണ്ടി രക്ഷപ്പെടുക?.

ഗ്യാങ്ങ് ആക്രമണം വളരെ സാധാരണ കാര്യമായി സ്കൂളുകളിൽ നടക്കുന്നുണ്ടെന്നും അതിന് തനിക്ക് പരിചയമുള്ള ഒരു കുട്ടിയെ വിളിച്ചിരുന്നെന്നും 15 കാരനായ അനിയന്റെ മകൻ സാക്ഷ്യം പറഞ്ഞപ്പോൾ, ഇത് ഒരു സ്ഥലത്തെയോ സ്കൂളിനെയോ ബാധിച്ച കാര്യമല്ലെന്നും ഗൗരവകരമായ സാമൂഹിക പ്രശ്നമാണെന്നും വൈറസ് പോലെ പുതിയ കുട്ടികൾക്കിടയിൽ വ്യാപകമാണെന്നും അറിഞ്ഞപ്പോഴുണ്ടായ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല.
അവൻ തലേന്ന് സാക്ഷിയായ മറ്റൊരു കാര്യം കൂടി പറഞ്ഞു. പരീക്ഷയെഴുതി പുറത്തിറങ്ങിയപ്പോൾ മറ്റൊരു സ്കൂളിലെ മൂന്നാലു കുട്ടികൾ അതേ സ്കൂളിലെ ഒരു കുട്ടിക്കു ചുറ്റും നിന്ന്, ചവിട്ടിത്തേക്കും എന്നൊക്കെ പറഞ്ഞു ഭീഷണി മുഴക്കുന്നത്‌. ഇതൊക്കെ നമ്മുടെ ചെറിയ വലയത്തിനകത്താണ് കുട്ടികൾ ചെയ്തുകൂട്ടുന്നത്‌. ഒന്ന് മനസ്സറിഞ്ഞ് കൈനീട്ടിയാൽ ഒരുപക്ഷെ മായ്ച്ചുകളയാവുന്ന പിഴവുകൾ.
എന്താണ് മക്കൾക്ക് പറ്റിയത്‌?
സ്നേഹത്തിനു പകരം പക, അവരുടെ മനസ്സിൽ കുത്തിക്കയറുന്ന വൃത്തികെട്ട പക, സമൂഹത്തിന്റെ ഏത് നശിച്ച കോണിൽ നിന്നാണ് ഉടലെടുത്തുവരുന്നത്‌? എല്ലാ വിരലും ലഹരിക്കു നേരെ തിരിയുന്നതിനുമുൻപ്‌, അതിലും വലിയ ലഹരിയായ താൻപോരിമയിലേക്ക് തള്ളിവിട്ട സംസ്കാരം സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്നതിൽ, സാമൂഹികജീവി എന്ന നിലയിൽ ഭാഗമാകുന്ന എനിക്കുള്ളിലേക്ക്‌, ഞാൻ ഭീതിയോടെ ചികഞ്ഞ ഒരു ചിന്ത പങ്കിടാൻ മാത്രമാണ് ഈ എഴുത്ത്.

സഹപാഠികളാല്‍ കൊല്ലപ്പെട്ട 15 വയസുകാരന്‍ മുഹമ്മദ് ഷഹ്ബാസ്
സഹപാഠികളാല്‍ കൊല്ലപ്പെട്ട 15 വയസുകാരന്‍ മുഹമ്മദ് ഷഹ്ബാസ്

പ്രിയപ്പെട്ട (അനിയന്റെ) മകനോട് ഈ സംഭവത്തെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. പേടിസ്വപ്നവും ഉറക്കനഷ്ടത്തെയൊക്കെ പറയുന്ന കൂട്ടത്തിൽ ഞാൻ പറഞ്ഞ ഒരു വാക്കിൽ അവന്റെ മനസ്സ് തട്ടിക്കാണണം.
മറ്റൊരു ദിവസം ഞാനും അവനും മാത്രമായി സംസാരിക്കുന്ന നേരത്ത് മൂത്തമ്മ പറഞ്ഞ ഒരു കാര്യത്തിലുള്ള ക്ലാരിഫിക്കേഷനാണ് അവൻ ചോദിച്ചത്‌. മുമ്പു നടന്ന സംസാരത്തിൽ ഞാൻ പറഞ്ഞിരുന്നു, ആക്രമണം നടത്തിയ കുട്ടികൾ മരിച്ചവനെപ്പോലെ എന്നെ വേദനിപ്പിക്കുന്നു, കൊല്ലാൻ വേണ്ടി മുൻപേ തീരുമാനിച്ചുറപ്പിച്ച കൊലപാതകമാവാൻ വഴിയില്ല, അവരെ കൊലപാതകികൾ എന്നു വിളിക്കാൻ തോന്നുന്നില്ല എന്ന്. അവരുടെ ശബ്ദസന്ദേശം കേട്ട ശേഷമാണ്‌, കൊല്ലാൻ വേണ്ടിയാണ് അവരതു ചെയ്തതെന്ന് മോൻ ആവർത്തിച്ചത്‌.
ആ ശബ്ദസന്ദേശം പകയുടേതാണെന്ന് ഞാൻ അവനെ മനസ്സിലാക്കാൻ നോക്കി. അവൻ എത്രത്തോളം ഉൾക്കൊണ്ടുവെന്നറിയില്ല. കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്ത ആ കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിന് അവന്‌ നല്ല അമർഷമുണ്ടായിരുന്നു. അവരെ പരീക്ഷ എഴുതാൻ അനുവദിച്ചത് എന്നെ സംബന്ധിച്ച് ശരിയായിരുന്നു. അവർ ചെയ്ത ഈ കൊടിയ അക്രമത്തിൽ, കൊലയിൽ അവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് 100% വിചാരിക്കുമ്പോഴും അവരെ കൊലയാളി എന്ന് മുദ്ര കുത്താറായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. തെറ്റുകൾ തിരിച്ചറിയാനും അതിന്റെ ഭീകരത മനസ്സിലാക്കാനും ഒരാളുടെ ജീവനെടുത്തല്ലോ എന്ന് പശ്ചാത്തപിക്കാൻ അവർക്ക് ഒരുപാട് ജീവിതം ബാക്കിയുണ്ട്‌. കുഞ്ഞുങ്ങളാണ് ക്രിമിനലുകളായി മുൻപിൽ നിൽക്കുന്നത്‌. എത്ര നിസ്സഹായരാണ് ഒന്നും ശരിയായി വിലയിരുത്താൻ പറ്റാതെ കുഴയുന്ന എന്നെപ്പോലെയുള്ള മുതിർന്നവർ.
ശരി- തെറ്റിനെ പക്വമായോ അപക്വമായോ ചോദ്യം ചെയ്ത് ശിക്ഷ നൽകി അപ്പപ്പോൾ തീർത്ത്‌, വളരാൻ ധൃതി കൂട്ടുന്ന പുതുതലമറയിലെ എന്റെ കുട്ടിയോട്‌, ഞാൻ എന്ത് ഉത്തരം പറയും?. ആ കുട്ടികൾ ഒരാളെ ദാരുണമായി കൊന്നിട്ടുണ്ട്‌, ഉദ്ദേശിച്ചാലും ഇല്ലെങ്കിലും. അവർ ആ നിമിഷം മുതൽ ക്രിമിനലുകളാണ്‌, അതാണ് ഭീകരസത്യം, ഞാൻ സ്വയം എങ്ങനെയൊക്കെ സമാധാനിച്ചാലും. അപ്പോൾ ഞാൻ ഒന്നേ പറഞ്ഞുള്ളൂ; കുട്ടികളുടെ ഉള്ളിലുള്ള ഈ കൊടും പക - അതാണ് കണ്ടെത്തേണ്ടത്‌. ശരിയായ അന്വേഷണം ഇവർക്ക് ശരിയായ ശിക്ഷ വാങ്ങികൊടുക്കുന്നതിൽ ഒതുങ്ങരുത്‌. ആ പകയുടെ ഉത്ഭവം തേടി അവിടങ്ങളിൽ അഴുക്കു ഗന്ധം വമിപ്പിക്കുന്ന സമൂഹത്തിന്റെ മുറിവ് ഉണക്കുകയും ചെയ്യേണ്ടതുണ്ട്.

25 വയസ്സായ മകനോട്‌, അവന്റെ തുടർ പഠനത്തിന്റെ കാര്യങ്ങൾ എന്തായെന്ന് ചോദിച്ച് വോയ്സ് മെസേജ് അയക്കുമ്പോൾ, അത് കേൾക്കുകയായിരുന്ന 12-ൽ പഠിക്കുന്ന മോൾ പറയുന്നു, അങ്ങനെ ചോദിക്കരുത്‌, ഒരുപക്ഷെ അവനു വിഷമമാവുമെന്ന്. ഞാൻ ഞെട്ടി. വിഷമിപ്പിക്കാൻ മാത്രം എന്താണതിൽ? കാഷ്വലായ ആ ചോദ്യത്തിനുള്ളിൽ കിടന്ന് ഞാൻ ചികഞ്ഞപ്പോൾ ‘തള്ള വൈബാന്ന്’ എന്നെ എനിക്കുതന്നെ ഉണർത്താനായി.
‘നീ എന്തു ചെയ്യുന്നു? നിനക്കൊന്നുമായില്ലെ കുട്ടീ?’ എന്ന ആ അമ്മാവൻ ചോദ്യത്തിന്റെ മറ്റൊരു രീതിയായിപ്പോയി എന്റെ ചോദ്യമെന്ന് പെട്ടെന്നെനിക്ക് മിന്നി. നമ്മളേക്കാൾ വളർന്ന പക്വത കാട്ടുന്ന കുട്ടികൾക്കുനേരെ ഇരുന്നാണ് ശരി-തെറ്റുകൾ ബോധ്യപ്പെടുത്തേണ്ടവരെന്ന എടുത്താൽ പൊങ്ങാത്ത ഭാരവുമായാണ് ഇന്ന് രക്ഷിതാക്കളും അധ്യാപകരും മുതിർന്നവരും നിൽക്കേണ്ടിവരുന്നത്‌‌.

മാറേണ്ടതാരെന്ന ചോദ്യത്തോടാവണം നമ്മുടെ ചിന്തകൾ ആരംഭിക്കേണ്ടതുതന്നെ. പുതിയ തലമുറയ്ക്കൊപ്പം ഓടിയെത്താനാകാതെ നാം കിതച്ച് നിൽപ്പാണ്‌. ഓട്ടം നിർത്തരുത്‌. അവർക്ക് നമ്മുടെ സ്നേഹത്തലോടലും കരുതലും സമയവും ആവശ്യമാണ്‌. ഊർജ്ജം വീണ്ടെടുത്ത് ഓടിയേ പറ്റൂ. എങ്ങനെ എവിടുന്നാണ് ഓട്ടത്തിനുള്ള ഊർജ്ജം സംഭരിച്ച് മുന്നേറേണ്ടതെന്ന് ചോദ്യമാണ് നമുക്കു മുന്നിൽ.

മാറിക്കൊണ്ടിരിക്കുന്ന അവരുടെ സോഷ്യൽ മീഡിയ സംസാര ഭാഷാ ഇമോജികൾ, അവയുടെ ഒട്ടും മനസ്സിലാക്കാനാകാത്ത അർത്ഥതലങ്ങൾ, അവ പ്രസരിപ്പിക്കുന്ന വിവിധ മാനങ്ങൾ, അതിൽ നടക്കുന്ന bullying, അതിൽ നിന്ന് ഉടലെടുക്കുന്ന അടങ്ങാത്ത പക- ഇതൊന്നുമറിയാതെ നമ്മൾ ആട്ടം കാണുകയാണ്‌. മുഖം നോക്കി പറയാൻ പ്രയാസമായ എന്തും വിളിച്ചു പറയാനുള്ള INSTA പോലുള്ള സ്പേസ് കുട്ടികളുടെ ലോകം കൂടുതൽ ഭയരഹിതമാക്കിയിട്ടുണ്ട്. അപ്പപ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടല്ലോ എന്ന സൗകര്യം അതിനുണ്ട്‌. പിന്നേക്ക് അത് വളർത്തിവെക്കുന്ന ഭീകര പ്രത്യാഘാതങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ചിന്തിക്കാൻ മാത്രം അവർ പാകപ്പെടുന്നില്ല. അവർ ഈ വഴിയൊക്കെ നേടുന്ന ഗംഭീര അറിവിനൊപ്പം പക്വതയാർന്ന ചിന്തകളുടെ അഭാവമാണ് പല പ്രശ്നങ്ങളുടേയും പ്രഭവകേന്ദ്രം. അത്തരം പ്രശ്നങ്ങൾ ഗൗരവമായോ തമാശയായോ പങ്കുവെക്കാനും ഒരു സൊല്യൂഷനായി എപ്പോഴും നമ്മൾ മുതിർന്നവർ ഒപ്പമുണ്ടെന്ന തോന്നലും അവർക്കനുഭവിക്കാനാവാത്തിടത്താണ് നാമും പുതു തലമുറയും ഒരുമിച്ച് പരാജയപ്പെടുന്നത്‌. അവരോടൊപ്പം ഓടിയെത്താനുള്ള ടെക്നോളജിയിൽ ബേസിക്കായ അറിവ് നമ്മൾ എന്തുവിലകൊടുത്തും നേടിയേ പറ്റൂ. അവരുടെ കയ്യിലെ ഈ ഫോണിനകത്തെ നിരന്തര സമ്പർക്കത്തിൽ അവർ സൃഷ്ടിച്ചെടുത്ത, നമുക്ക് വളരെ അപരിചതമായ ലോകത്തേക്കാണ് ഇറങ്ങി നിൽക്കേണ്ടത്. അത് നമ്മുടെ ബാധ്യതയാണ്‌. എങ്ങനെ അവർക്ക് ഭക്ഷണവും മറ്റു അടിസ്ഥാന ആവശ്യങ്ങളും നമ്മൾ നൽകുന്നുവോ, അത്രയും പ്രധാനത്തോടെ നമ്മൾ മുന്നിട്ടിറങ്ങിയേ പറ്റൂ. നമ്മടെ മക്കളാണ്‌, അവരുടെ ജീവിതമാണ്‌.

താൻപോരിമയുടെ അപകടം വളരെ വലുതാണ്‌. തന്നെ കവിഞ്ഞതിനോടൊക്കെ ഒരു അകലം, വെറുപ്പ്‌, പിന്നെ അതേത്തുടർന്നുവരുന്ന പക ഭീകരമായ പ്രത്യാഘാതമാണ്‌. സെൽഫ് ലവ് എന്നും പറഞ്ഞ് ഭീകരമായ തെറ്റിദ്ധാരണയോടെ അവരവരുടെ തുരുത്തുണ്ടാക്കി സുഖിച്ച് വാഴാൻ മോട്ടിവേഷൻ കൊടുക്കുന്നവർ ശ്രദ്ധിച്ചോളൂ; സെൽഫിന്റെ പരിധിയിൽ ആരൊക്കെ വരേണ്ടതുണ്ടെന്ന കൃത്യവും വ്യക്തവുമായ ഉത്തരം അവർ നൽകിയേ തീരൂ. ഒരാൾ സെൽഫിനെ തിരിച്ചറിയുക ചുറ്റുപാടിനോട് കരുണയും സ്നേഹവും ജനിക്കുമ്പോൾ മാത്രമാണ്. മനുഷ്യൻ മൃഗതുല്യമായല്ലാതെ ചിന്തിക്കാൻ ശേഷിയുള്ള പ്രകൃതിപരമായ പ്രത്യേകതയുള്ള സ്പീഷ്യസ് ആവുന്നത് അപ്പോൾ മാത്രമാണ്‌‌. മറ്റുള്ളവർക്ക് അർഹിക്കുന്ന സ്പേസ് നൽകുമ്പോഴേ അവനോ/ അവളോ/ അതറോ ആവുന്നുള്ളൂ, അവർ സെൽഫിനെ തിരിച്ചറിയുന്നുള്ളൂ. അങ്ങനെ തനിക്ക് ചുറ്റുമുള്ളതുകൂടി ഉൾചേരുമ്പോഴേ നാം നാമാവുന്നുള്ളൂ. ഉണ്മയുടെ തിരിച്ചറിവാണ് സെൽഫിനെ അറിയുക എന്നതിന്റെ രത്നച്ചുരുക്കം. സ്നേഹം അവിടെ താനേ പൊട്ടിമുളക്കും. അവൻ / അവൾ / അതർ പ്രേമം മാത്രമല്ല, സ്വാർത്ഥതയല്ല സെൽഫ് ലവ്‌. അങ്ങനെ മാത്രം വന്നാൽ അതിന്റെ മറുവശം മറ്റൊരാളെ മാറ്റിനിർത്തുക എന്നൊരർത്ഥം കൂടി അടങ്ങിയതാവുന്നുണ്ട്‌. ശ്രദ്ധ വേണം. വളരുന്നു എന്നതിനേക്കാൾ നമ്മേക്കാൾ വൈജ്ഞാനികമായി ഒരുപാട് വളർന്ന തലമുറയെയാണ് അഭിസംബോധന ചെയ്യുന്നതെന്ന ജാഗ്രത വേണം, വേണ്ടതിലധികം തന്നെ എന്നു കൂടി പറയേണ്ടിവരും.

ഈയിടെ മോൾടെ സ്കൂൾ ഓഫീസിൽ മറ്റൊരു ദൃശ്യത്തിന് ഞാൻ തന്നെ സാക്ഷിയായി. പത്തോ അതിൽ താഴെയോ പ്രായമായ രണ്ടു കുട്ടികൾ. എന്തോ ഡിസിപ്ലിൻ ബ്രേക്ക് ചെയ്തതിനാവണം, അവരെ പിടിച്ചുനിർത്തി അവിടത്തെ അതിന്റെ ചുമതലയുള്ള പി.ടി സാർ ഉറഞ്ഞു തുള്ളുന്നു. ഇടയ്ക്ക് അഡ്മിനിസ്ട്രേറ്ററോടും സൈക്കോളജിസ്റ്റാണെന്ന് പറയുന്ന ആളിനോടും എന്തൊക്കെയോ പുലമ്പുന്നു. വീണ്ടും കുട്ടികളോട് പോലീസ് മുറയിൽ കലി തുള്ളുന്നു. പ്രിൻസിപ്പലിന്റെ ഓഫീസിനകത്തേക്ക് കയറാൻ അദ്ദേഹം വാതിക്കൽ നിൽക്കുന്നു, വീണ്ടും കുട്ടികളോട് ഷൗട്ട് ചെയ്യുന്നു, ഭീഷണിപ്പെടുത്തുന്നു. ആൺമുറയിലും പോലീസ് മുറയിലും നടക്കുന്ന അദ്ദേഹം കുട്ടികളോട് ഇടപ്പെട്ടുകൊണ്ടിരുന്നതും പോലീസ്ഭാഷ്യത്തിലും ആ മുറയിലുമാണ്‌. ഇത് കണ്ടുനിന്ന ഞാൻ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി പുറത്തിറങ്ങി വരുമ്പോൾ എനിക്കുപുറകെ വന്ന് കലി തുള്ളി വിരൽ ചൂണ്ടി എന്തൊക്കെയൊ പുലമ്പി. ആ വാക്ക് ഉപയോഗിച്ചത് ശരിയായില്ലെന്ന് ഞാൻ പറഞ്ഞു, നിങ്ങൾ പോലീസ് മുറയിലാണ് കുട്ടികളോട് സംസാരിക്കുന്നത് എന്ന് ആ അധ്യാപകന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മാറുമെന്ന വിശ്വാസമുള്ളതുകൊണ്ടല്ല, അതാരെങ്കിലും അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞാലല്ലേ മനസ്സിലാക്കാനുള്ള ശ്രമമെങ്കിലും ഉണ്ടാവുകയുള്ളൂ എന്ന് കരുതി മാത്രം.

കുട്ടികൾക്ക് എവിടെയാണ് ശരിയായ ശിക്ഷണം കിട്ടുന്നത്‌? അച്ചടക്കം പഠിപ്പിക്കലല്ലാതെ സ്കൂളിൽ മറ്റെന്തെങ്കിലും നടക്കുന്നുണ്ടോ? ഇല്ലെന്നു തന്നെയാണ് എന്റെ അറിവ് വെച്ചുള്ള നിഗമനം. എവിടുന്നാണ് മാനുഷിക മൂല്യങ്ങൾ അവർക്ക് പകർന്നുകിട്ടുന്നത്‌?. വീട്ടിലും സാമൂഹിക ജീവിതത്തിലും പാലിക്കേണ്ട മര്യാദകളും മൂല്യങ്ങളും പരിശീലിപ്പിക്കാനുള്ള ഇടം കുറവാണ്‌. എവിടെയാണ് മുതിർന്നവർ അവർക്കുവേണ്ടി സമയം മാറ്റിവെക്കുന്നത്‌. തെറ്റു പറ്റിയാൽ ശിക്ഷിക്കാൻ ധൃതി കൂട്ടുമ്പോൾ നമ്മൾ ആലോചിക്കാറുണ്ടോ, സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങനെ പെരുമാറണമെന്ന് നാം അവർക്ക് എന്നെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടോ എന്ന്. മതവിദ്യഭ്യാസം നൽകിവരുമ്പോൾ എല്ലാം മനസ്സിലാക്കാനുള്ള ഇടം സൃഷ്ടിച്ചുവെന്ന് സമാധാനപ്പെടുന്നവർക്ക് തെറ്റി. അത് സ്കൂളിന്റെ ഒരു മറ്റൊരു രൂപമല്ലാതെ ഒന്നുമല്ല. അച്ചടക്കവും മാർക്കും പ്രധാനമായ ഇടത്തൊക്കെയും മൂല്യങ്ങളുടെ ‌ഇടം വളരെ ഇടുങ്ങിയതായിരിക്കും. മനുഷ്യനെ മനുഷ്യനായി ചിന്തിക്കാൻ വിട്ട്‌, ആ സമാധാനത്തോടിരിക്കുമ്പോഴേ അവർക്ക് കാര്യങ്ങൾ കൂടുതൽ തെളിച്ചത്തോടെ ബോധ്യപ്പെടുകയുള്ളൂ.

നമ്മുടെ കരിക്കുലം മാറ്റിയേ ഒക്കൂ. വളരെ ചെറുപ്പത്തിലേ അറിവിന്റെ ലോകത്തെത്തിപ്പെടുന്ന ഈ തലമുറകൾക്ക് എന്നേ പിഞ്ഞിക്കീറിയപ്പോയ സിലബസ്സിന്റെ കൂടെ പലതും കൂട്ടിചേർക്കേണ്ടതുണ്ട്‌. ഈ ലോകത്തേക്കനുയോജ്യരായ തലമുറയ്ക്ക് അതിനനുസരിച്ചുള്ള മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന പാഠ്യപദ്ധതി തയ്യാറാക്കേണ്ടതുണ്ട്‌. അവർ വിജയിച്ച് മുന്നേറേണ്ടത് നല്ല മനുഷ്യരായി കൂടിയാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ഒരുപോലെ അത് ചെയ്യേണ്ടതുണ്ട്‌. അവർക്കല്ല, നമ്മെപ്പോലെ അവരെയാക്കാൻ ശ്രമിക്കുന്ന നമുക്കാണ് പ്രശ്നങ്ങളെന്ന് ബോധ്യപ്പെടേണ്ടത് നമുക്കുതന്നെയാണ്. ഒരു നിസ്സാര പരീക്ഷ പോലും എങ്ങനെ നേരിടണമെന്ന് നമ്മൾ പറഞ്ഞു കൊടുക്കുന്നു. അതിനുവേണ്ടി പ്രത്യേക ക്ലാസെടുത്തുകൊടുക്കാൻ ശുഷ്കാന്തി കാട്ടുന്നു. പക്ഷെ അതിലും എത്രയോ പ്രധാനപ്പെട്ട, മനുഷ്യൻ നിർബന്ധമായും തൊട്ടപ്പുറത്ത മനുഷ്യനോട് പാലിക്കേണ്ട, പരിഗണിക്കേണ്ട, മര്യാദകളെ കുറിച്ചോ മൂല്യങ്ങളെ കുറിച്ചോ പറഞ്ഞു കൊടുക്കാൻ നമ്മൾ എത്രനേരം അവരുടെ കൂടെ ഇരിക്കുന്നു. ഇന്നത്തെ കുട്ടികളെക്കുറിച്ച് മുറവിളി കൂട്ടിയിട്ട്‌ ഒരു കാര്യവുമില്ല, തീർച്ച.

ഷഹബാസിനെ കുറിച്ചും അത്തരം ക്രൈമുകളെ കുറിച്ചും ചിന്തിക്കാൻ വീണ്ടും കാരണമായത് ഒരു സീരീസാണ്‌. Netflix-ൽ പ്രദർശനം തുടരുന്ന മനസ്സുലയ്ക്കുന്ന Adolescence എന്ന സീരീസ്‌. 13 വയസ്സുള്ള ഒരു കുട്ടി അതേ പ്രായത്തിലുള്ള കുട്ടിയെ ക്രൂരമായി കൊല ചെയ്ത് അറസ്റ്റിലാകുന്ന സീനോടെ തുടങ്ങുന്ന സീരീസ് പിന്നെ തുടരുന്നത് അവൻ ആ കുറ്റം കമ്മിറ്റ് ചെയ്യാൻ കാരണമാകുന്ന സാമൂഹിക- കുടുംബ- വിദ്യാഭ്യാസ പാശ്ചാത്തലം പതുക്കെ വെളിപ്പെടുത്തിക്കൊണ്ടാണ്. തന്റെ തൊട്ടപ്പുറത്തെ മുറിയിലെ അധികം പുറത്തിറങ്ങാത്ത കുട്ടിയാണ് ഇവിടെ കുറ്റവാളി. അവൻ ഭദ്രമായും സുരക്ഷിതമായും ഇരിക്കുന്നു എന്ന് കുടുംബം കരുതിന്നിടത്താണ് ക്രൂരമായ കൊലപാതകത്തിന് മകൻ അറസ്റ്റ് ചെയ്യപ്പെടുന്നത്‌. വളരെ കെട്ടുറപ്പുള്ള കുടുംബത്തിലെ കുഞ്ഞിന് ഇതെങ്ങനെ സാധിച്ചു എന്ന അന്വേഷണം നടക്കുമ്പോൾ, നമ്മൾ നമ്മളെ തന്നെ വിചാരണ ചെയ്യുകയാണ് എന്നു പറയാം. കാരുണ്യത്തിന്റെയും വാൽസല്യത്തിന്റെയും മനുഷ്യസ്പർശവും തലോടലും സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു എന്ന തോന്നലും അനുഭവിക്കാനാവാത്ത കുഞ്ഞിന് ഒരുപക്ഷെ പ്രശ്നപരിഹാരത്തിന് പക മാത്രമായിരിക്കാം കൂട്ടുണ്ടാവുക. താൻ നേരിടുന്ന ട്രോമ തുറന്നു പറയാൻ ഒരു കുട്ടിക്ക് കഴിയാത്ത പാശ്ചാത്തലം സൃഷ്ടിക്കുന്ന വീടും നാടും സംസ്കാരവും സ്കൂളും ഇത്തരം ക്രൈമുകളിൽ അറിയാതെയാണെങ്കിലും നിശ്ശബ്ദ പങ്കാളിത്തം വഹിക്കുന്നല്ലോ എന്ന തിരിച്ചറിവും ഞെട്ടലുമാണ് ഇതെഴുതാൻ കാരണമാകുന്നത്‌.

Netflix-ൽ പ്രദർശനം തുടരുന്ന മനസ്സുലയ്ക്കുന്ന Adolescence എന്ന സീരീസ്‌. 13 വയസ്സുള്ള ഒരു കുട്ടി അതേ പ്രായത്തിലുള്ള കുട്ടിയെ ക്രൂരമായി കൊല ചെയ്ത് അറസ്റ്റിലാകുന്ന സീനോടെ തുടങ്ങുന്ന സീരീസ് പിന്നെ തുടരുന്നത് അവൻ ആ കുറ്റം കമ്മിറ്റ് ചെയ്യാൻ കാരണമാകുന്ന സാമൂഹിക- കുടുംബ- വിദ്യാഭ്യാസ പാശ്ചാത്തലം പതുക്കെ വെളിപ്പെടുത്തിക്കൊണ്ടാണ്.
Netflix-ൽ പ്രദർശനം തുടരുന്ന മനസ്സുലയ്ക്കുന്ന Adolescence എന്ന സീരീസ്‌. 13 വയസ്സുള്ള ഒരു കുട്ടി അതേ പ്രായത്തിലുള്ള കുട്ടിയെ ക്രൂരമായി കൊല ചെയ്ത് അറസ്റ്റിലാകുന്ന സീനോടെ തുടങ്ങുന്ന സീരീസ് പിന്നെ തുടരുന്നത് അവൻ ആ കുറ്റം കമ്മിറ്റ് ചെയ്യാൻ കാരണമാകുന്ന സാമൂഹിക- കുടുംബ- വിദ്യാഭ്യാസ പാശ്ചാത്തലം പതുക്കെ വെളിപ്പെടുത്തിക്കൊണ്ടാണ്.

കുട്ടികൾ വളരുകയാണ്‌;നമ്മേക്കാൾ എത്രയോ പക്വമായി, ടെക്നോളജിക്കൊപ്പം. ‘ഞാൻ നിന്റെ പ്രായത്തിൽ’ എന്ന ഡാഡി ജോക്സിന് ഇനി പ്രസക്തിയില്ല. അപകടമാണ്‌, കുട്ടികൾക്കൊപ്പം ഓടിയെത്താൻ സാധിച്ചില്ലെങ്കിൽ. അവർക്കൊപ്പം വളരുമ്പോൾ അവർക്ക് ഒരുപിടി മുന്നേ ഓടുന്ന മനസ്സും പാകതയും പക്വതയും നേടേണ്ടതുണ്ട് നാം. അവരുടെ എല്ലാ കാര്യങ്ങളുടെയും മനസ്സിലാക്കലിനെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കണമെന്നും അതാണ് നമ്മുടെ ആദ്യ വഴിയെന്നും ഒരു സോഷ്യൽ കമ്മിറ്റ്‌മന്റ് പോലെ Adolescence എന്ന സീരീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. അത്തരത്തിൽ കുട്ടികളെ മനസ്സിലാക്കലിലൂടെ മുതിർന്നവർ മൊത്തം, മാതാപിതാക്കളും ടീച്ചർമാരും എല്ലാവരും, വലിയ ട്രെയിനിങ്ങിന് വിധേയപ്പെടേണ്ടതുണ്ട്. ഇതൊരു നാടിന്റെ മാത്രമല്ല ആഗോളപ്രശ്നമായി മനസ്സിലാക്കി മുന്നിട്ടിറങ്ങുക തന്നെ വേണം. സമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്ന സർക്കാർ- സർക്കാരേതര സംഘങ്ങൾ ഇത്തരം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് വരണം.

Comments