A.M.M.A-ക്ക് തെറ്റു പറ്റി, ആരോപണവിധേയരുടെ പേര് പുറത്തുവിടാന്‍ നിയമതടസമുണ്ടെന്ന് കരുതുന്നില്ല- പൃഥ്വിരാജ്‌

‘‘കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംഘടനയ്ക്ക് ബാധ്യതയുണ്ട്. എൻെറ പേര് ഇതിലില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ആരുടെയും ഉത്തരവാദിത്വം അവസാനിക്കുന്നില്ല. എ.എം.എം.എ ഇതുവരെ എടുത്ത നിലപാടുകൾ ദുർബലമാണ്. ഏതെങ്കിലും സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണം വന്നാൽ അവർ മാറിനിന്ന് അന്വേഷണം നേരിടുന്നത് തന്നെയാണ് നല്ലത്’’

News Desk

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന പരാതികളിൽ ശക്തമായ അന്വേഷണം വേണമെന്ന് നടൻ പൃഥ്വിരാജ്. ആരോപണങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉണ്ടാവണമെന്നും ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടുന്നതിൽ നിയമതടസമുണ്ടെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ്‌ പറഞ്ഞു. അതേസമയം ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ അവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ള ആരോപണ വിധേയരുടെ പേരുകൾ പുറത്തുവിടണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ അനുസരിച്ച് ഇരകളുടെ പേര് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വിടാൻ നിയമതടസ്സമില്ല,” പൃഥ്വീരാജ് പറഞ്ഞു.

സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ താരസംഘടനയായ എ.എം.എം.എയ്ക്ക് തെറ്റുപറ്റിയെന്നും പൃഥ്വിരാജ്‌തുറന്നടിച്ചു. “കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംഘടനയ്ക്ക് ബാധ്യതയുണ്ട്. എൻെറ പേര് ഇതിലില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ആരുടെയും ഉത്തരവാദിത്വം അവസാനിക്കുന്നില്ല. എ.എം.എം.എ ഇതുവരെ എടുത്ത നിലപാടുകൾ ദുർബലമാണ്. ഏതെങ്കിലും സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണം വന്നാൽ അവർ മാറിനിന്ന് അന്വേഷണം നേരിടുന്നത് തന്നെയാണ് നല്ലത്,” അദ്ദേഹം പറഞ്ഞു.

“മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല എന്ന് എനിക്ക് അവകാശപ്പെടാൻ സാധിക്കില്ല. അത്തരമൊരു ബോഡി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഇല്ലാതാവണം. നിലപാട് എടുത്തതിൻെറ പേരിൽ പാർവതിക്ക് മുമ്പ് ബഹിഷ്കരണം നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ,” പൃഥ്വിരാജ്‌ പറഞ്ഞു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഹേമ കമ്മീഷൻ നിലവിൽ വന്നത്. സിനിമാ മേഖലയിലെ തൊഴിലിടം മെച്ചപ്പെടേണ്ടതുണ്ട്. അതിനുള്ള നിലപാടുകളാണ് ഉണ്ടാവേണ്ടത്. കമ്മീൽഷൻ റിപ്പോർട്ട് പുറത്ത് വന്നതിൽ തനിക്ക് ഞെട്ടലില്ല. കമ്മീഷന് മുന്നിൽ ആദ്യം മൊഴി കൊടുത്തവരിൽ ഒരാളാണ് താനെന്നും പൃഥ്വീരാജ് പറഞ്ഞു.

“ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി തിരുത്തൽ നടപടികൾ ഉണ്ടാവുന്ന ചലച്ചിത്ര മേഖലയായി മലയാള സിനിമ മാറുമെന്നാണ് പ്രത്യാശിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് കൊണ്ട് സാധിക്കുമെങ്കിൽ ഉണ്ടാവട്ടെ.” പൃഥ്വിരാജ്‌ കൂട്ടിച്ചേർത്തു.

Comments