കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒരുതരം കൂടിയാലോചനകളുമില്ലാതെ, ആരോ റാൻറം ആയി എടുത്ത തീരുമാനത്തെതുടർന്നുണ്ടായ സ്ഥാപനമാണെന്നും ഒരു വിഷൻ ഇല്ലായ്മയാണ് തുടക്കം മുതൽ ഇൻസ്റ്റിറ്റ്യൂട്ടിനെ വേട്ടയാടുന്നതെന്നും, ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി അംഗമായിരുന്ന സംവിധായകൻ കമൽ കെ.എം. ട്രൂ കോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിലാണ്, ഇൻസ്റ്റിറ്റ്യൂട്ട് നേരിടുന്ന അക്കാദമികവും ഭരണപരവുമായ പ്രതിസന്ധികൾ അദ്ദേഹം വിശദമാക്കുന്നത്.
‘‘2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പായി, ഉമ്മൻചാണ്ടി അധികാരത്തിലിരിക്കെ 2014 ൽ തിരക്കിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ. ആർ. നാരായണൻ ഫൗണ്ടേഷനിൽ നിന്ന് അവരുടെ പദ്ധതിവിഹിതമായി സംസ്ഥാന സർക്കാറിന് 60 കോടി രൂപ നൽകിയത്. കെ.ആർ. നാരായണന്റെ നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണം എന്നതായിരുന്നു ഫൗണ്ടേഷനുമായി ഉണ്ടാക്കിയ കരാർ. ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന തെക്കുംതല ഗ്രാമത്തിൽ ഒരു എൽ.പി സ്‌കൂൾ പൂട്ടിപ്പോയിട്ടുണ്ടായിരുന്നു. സർക്കാറിന്റെ കീഴിലുള്ള, മൂന്നേക്കറോളം വരുന്ന ആ സ്ഥലം കെ.ആർ. നാരായണന്റെ ജന്മസ്ഥലമായ ഉഴവൂരിന് ഏതാണ്ട് അടുത്താണ്. ഭൂമിശാസ്ത്രപരമായി, കെ.ആർ. നാരായണന്റെ ജന്മസ്ഥലത്തിനടുത്താണ് എന്നത് പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവിടെ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായത് ഒരു കൂടിയാലോചനകളും ഇല്ലാതെയായിരിന്നു.’’
‘‘രണ്ടാം പിണറായി സർക്കാർ വന്നപ്പോഴാണ്, 2020 ൽ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായത്. അവിടെ വർക്ക് ചെയ്തിരുന്ന സമയത്ത് അടൂരിനെപ്പോലുള്ളവർ വരണമെന്ന് ഞാനൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹം വന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ടേനേ എന്നാണ് വിചാരിച്ചിരുന്നത്. ആരും അടുക്കാതിരുന്ന, നിരവധിപേർ ഒഴിഞ്ഞുനിന്നിരുന്ന ഒരു സ്ഥാപനമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. സ്റ്റേക്ക് ഹോൾഡേഴ്‌സിനുമാത്രമേ ചോദിക്കാനും പറയാനും അവകാശമൂള്ളൂ. അത് വിദ്യാർഥികളാണ്. വിദ്യാർഥികളുടെ മൂവ്‌മെൻറ് ഉണ്ടാകാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. അതായത്, ഇപ്പോൾ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാൽ, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വർഷങ്ങളായി എന്നു പറയാം.’’
‘‘സീറ്റുകൾ ഒഴിച്ചിടുന്നത്, ഫാക്കൽറ്റി മീറ്റിംഗുകളിൽ ഞാൻ എതിർത്തുവന്ന ഒരു കാര്യമാണ്. പത്ത് സീറ്റ് മാത്രമുള്ള ഒരു കോഴ്‌സിൽ നാല് സീറ്റ് ഒഴിച്ചിടുന്നത് ഒരു നാഷനൽ വേസ്റ്റ് തന്നെയാണ്. മൂന്നു ബാച്ചുകളായപ്പോഴും പല ഡിപ്പാർട്ട്‌മെന്റുകളിലും ഇങ്ങനെ സീറ്റുകൾ ഒഴിച്ചിട്ടിരുന്നു. കട്ട് ഓഫ് മാർക്ക് മൂലം ഒഴിവായിപ്പോകുന്നവയാണിവ. അതായത്, ഓരോ ഡിപ്പാർട്ടുമെന്റിനും സ്വന്തമായി ഇക്കാര്യം തീരുമാനിക്കാവുന്ന സ്ഥിതിയായിരുന്നു. കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ടായിരുന്നില്ല.’’
‘‘അടൂർ ഗോപാലകൃഷ്ണൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ജോൺ ശങ്കരമംഗലം ഡയരക്ടറുമായ കാലം. ഇവർ, 1996ൽ പുതിയൊരു കോഴ്സ് സ്ട്രക്ചർ തുടങ്ങുന്നു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അക്കാദമി കൗൺസിൽ മെമ്പറായ ബി. അജിത് കുമാറും മധു നീലകണ്ഠനും ഫൗസിയ ഫാത്തിമ ഉൾപ്പടെയുള്ളവർ പഠിക്കുന്ന ബാച്ചായിരുന്നു അത്. രാജീവ് രവിയും അന്ന് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. ആ ബാച്ചിലെ എല്ലാ കോഴ്സും രണ്ട് വർഷമായി വെട്ടിച്ചുരുക്കി. ഒപ്പം, സിനിമോറ്റോഗ്രഫിയിലോ സൗണ്ടിലോ എഡിറ്റിംഗിലോ രണ്ടുവർഷം പഠിച്ചശേഷം വേണമെങ്കിൽ ഡയറക്ഷനിൽ അപേക്ഷിച്ച് പോസ്റ്റ് ഡിപ്ലോമ പിന്നീട് ചെയ്യാം എന്നൊരു പരിഷ്‌കാരവും കൊണ്ടുവന്നു. വിദ്യാർത്ഥികൾ അതിനെ എതിർത്തു. പുതിയ പരിഷ്‌ക്കാരത്തിൽ തകരാറുണ്ടെന്ന് പറഞ്ഞ് വിദ്യാർത്ഥികൾ സമരം നടത്തുന്നു. സമരം ശക്തമാക്കിയതോടെ ജോൺ ശങ്കരമംഗലം രാജിവെച്ചു. അടൂർ സ്വമേയധാ ഇറങ്ങിപ്പോയി. അതിനുശേഷം പഴയ രീതിയിൽ മൂന്ന് വർഷത്തെ കോഴ്സ് കൊണ്ടുവരുന്നു. പിന്നെ, അത് വീണ്ടും മാറ്റുന്നു.’’
‘‘2000- ലാണ് ഞാനവിടെ പഠിക്കാനെത്തിയത്. ഞാനുൾപ്പടെയുള്ള വിദ്യാർത്ഥികൾ അതിനെതിരെ സമരം ചെയ്യുന്നു. അത് പൊളിക്കുന്നു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമാണ് എല്ലാ കാലത്തുമുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് പിന്തുടരുന്ന അക്കാദമിക്ക് ഓറിയന്റേഷൻ അല്ലെങ്കിൽ ട്രെയിനിങ് എന്നു പറഞ്ഞാൽ, അത്, വിദ്യാർത്ഥിയെ പൂർണമായും ഒരു ഫിലിം മേക്കറായി വിടുക എന്നതാണ്. അതിനനുസരിച്ചാണ് അവിടെ സിലബസ് രൂപപ്പെടുത്തിയത്. അറുപതുകളിലും എഴുപതുകളിലും മോസ്‌ക്കോയിലുണ്ടായിരുന്ന റഷ്യൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് സിനിമാറ്റോഗ്രാഫിയിൽ നിന്നൊക്കെ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടാണ് ഇത് രൂപപ്പെടുത്തിയത്. ഏറ്റവും മികച്ച സിനിമാപഠനം സാധ്യമാക്കണം എന്നായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ രണ്ട് വർഷത്തിൽ ഈ കോഴ്സ് പഠിക്കുമ്പോൾ അതൊരു കുറവായി തോന്നും. കാരണം, ഇതിൽ പകുതിയിലധികം ടെക്നിക്കൽ പരിശീലനമാണ്. സിനിമാപഠനം ഏറ്റവും സമഗ്രതയിൽ പഠിക്കാനാണ് മൂന്ന് വർഷമാക്കിയത്.’’
‘‘കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അടൂരൊക്കെ വന്നശേഷം അക്കാദമിക്ക് കൗൺസിലിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഒഴിവാക്കിയ അവസ്ഥയാണ് പിന്നീട് നാം കണ്ടത്. ഇതെല്ലാം പുനർക്രമീകരിക്കേണ്ടതായുണ്ട്. അതിൽ പ്രധാനം, വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്. അവരുടെ നിർദ്ദേശങ്ങളും ഫീഡ്ബാക്കുകളും ഉന്നയിക്കാനുള്ള പ്രാതിനിധ്യം ഉറപ്പാക്കലാണ്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റം വരേണ്ടത്, അഡ്മിനിസ്‌ട്രേറ്റീവ് ഗവേണൻസിലാണ്. എക്‌സിക്യൂട്ടീവ് കൗൺസിലും ഗവേണിംഗ് കൗൺസിലും അക്കാദമിക് പ്രവർത്തനങ്ങൾക്ക് അക്കാദമിക് കൗൺസിലും ബോർഡ് ഓഫ് സ്റ്റഡീസും ഉടച്ചുവാർത്ത് കാര്യക്ഷമമാക്കണം. എല്ലാവരുടേയും ഭാഗത്തുനിന്ന് കുറച്ചുകൂടി ഇൻവോൾമെൻറ് ഉണ്ടാകേണ്ടതുണ്ട്. ഗവേണിങ് കൗൺസിൽ മെമ്പറും അക്കാദമിക് കൗൺസിൽ മെമ്പറും തുടങ്ങി അധ്യാപകർ വരെയുള്ളവർ വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ മുതലാണ് ഈ സ്ഥാപനം വളരുകയൂള്ളൂ.’’
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
റീ മെയ്ക്ക് ചെയ്യേണ്ട ഒരു സ്ക്രിപ്റ്റ്
കമൽ കെ.എം എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 112