പത്തുവർഷം മുമ്പാണ്. ബി.എച്ച്.ഇ.എൽ ഡെപ്യൂട്ടി ജനറൽ മാനേജറുദ്യോഗം വേണ്ടെന്നു വെച്ച് സി.ഐ. ടി. യു പ്രവർത്തകനായി മാറിയ ദീപാങ്കർ മുഖർജി 2010 ലെ പെട്രോളിയം മേഖലയെ വിലയിരുത്തിക്കൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു: "എണ്ണ മുതലാളിമാരായ അംബാനിമാർക്കും റൂയിയമാർക്കും, അവരാഗ്രഹിക്കുമ്പോൾത്തന്നെ പ്രധാനമന്ത്രിയെ നേരിട്ട് കാണാനാവും. പക്ഷേ പൊതുമേഖലാ എണ്ണക്കമ്പനികളുടെ സി.എം.ഡിമാർക്ക് പരമാവധി പ്രവേശനം കിട്ടുക ജോയിന്റ് സെക്രട്ടറിമാരുടെയൊ സെക്രട്ടറിമാരുടെയോ ഓഫീസിൽ മാത്രമാണ്. കോർപറേറ്റ് മാധ്യമങ്ങളുടെ പിന്തുണ കൂടി കിട്ടുന്നതോടെ, ഇപ്പോൾ സ്വകാര്യ നാടൻ കോർപറേറ്റുകൾക്കും, നാളെ വിദേശ ബഹുരാഷ്ട്രക്കുത്തകകൾക്കും ഈ മേഖല അടക്കി ഭരിക്കാനാവും.'
അന്നങ്ങനെ; ഇന്നും
അന്ന് യു.പി.എ ആണ് കേന്ദ്രത്തിൽ.
മന്ത്രി കോൺഗ്രസ്സുകാരനായ മുരളി ദിയോറയും. പെട്രോളിയം മേഖല നാടൻ മറുനാടൻ മുതലാളിമാർക്കായി തുറന്നിട്ടു കൊടുക്കുന്നതിനെതിരെ ഇന്ത്യൻ പാർലമെന്റിൽ അതിശക്തമായ ഇടപെടൽ നടത്തിയ ദീപാങ്കർ മുഖർജി ഇന്ന് നമ്മോടൊപ്പമില്ല. യു.പി.എ മാറി എൻ.ഡി.എ അധികാരത്തിലെത്തി. പക്ഷേ അദ്ദേഹത്തിന്റെ അന്നത്തെ പ്രവചനതുല്യമായ നിരീക്ഷണം അക്ഷരാർത്ഥത്തിൽ വസ്തുതാപരമാണെന്ന് തെളിഞ്ഞു വരികയാണ്.
ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാർ, ആ വിശേഷണം സ്വയം തിരുത്തി കോർപറേറ്റുകളാൽ കോർപറേറ്റുകൾക്ക് വേണ്ടി നയിക്കപ്പെടുന്ന കോർപറേറ്റുകളുടെ ഭരണ സംവിധാനമായി മാറിത്തീരുകയാണല്ലോ. അതുകൊണ്ടാണ് ഒറ്റയടിക്ക് എൽപിജി ഗ്യാസ് സിലിണ്ടറൊന്നിന് 50 രൂപ വില വർദ്ധിപ്പിച്ചു കൊണ്ട് കൽപ്പന പുറപ്പെടുവിക്കുന്നതും ദിനേനയെന്നോണം പെട്രോൾ ഡീസൽ വില കുറേശ്ശെയായി വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നതും. അതൊന്നും വാർത്ത യേയല്ലാതാവുന്നതിന് കാരണം മാധ്യമങ്ങൾ ദീപാങ്കർ മുഖർജി ചൂണ്ടിക്കാട്ടിയതുപോലെ കോർപറേറ്റ് ഉടമസ്ഥതയിൽ അമർന്നു കഴിഞ്ഞതു തന്നെ. ഇനി ഏതെങ്കിലും സമാന്തര മാധ്യമസ്ഥാപനം ഒറ്റപ്പെട്ട ഏകാന്തപഥികനെപ്പോലെ അത് ചൂണ്ടിക്കാട്ടിയാൽ, അത് കാറ്റെടുത്തു പോവുകയേയുള്ളൂ എന്ന് ഉറപ്പു വരുത്താനും കോർപറേറ്റുകൾക്ക് കഴിയുന്നുണ്ട്. ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കാനാവാത്തവിധം സോഷ്യൽ സൈക്കിനെ തകിടം മറിച്ചിടാനുള്ള ശേഷി കുത്തക സ്ഥാപനങ്ങൾ ആർജിച്ചു കഴിഞ്ഞിരിക്കുന്നു. നിലവിളികളെല്ലാം കാറ്റെടുത്തു പോവുകയും പ്രക്ഷോഭങ്ങളാകെ തമസ്‌കരിച്ചു കളയുകയും ചെയ്യുന്ന കാലത്താണല്ലോ നാം ജീവിച്ചു പോരുന്നത്.
കിരിത് പരീക്ക് പറഞ്ഞത്
വീണ്ടും സ്വൽപം പിറകോട്ടു പോവാം. യു.പി.എ കാലത്ത് പ്ലാനിങ്ങ് കമ്മീഷനംഗം കിരിത് പരീക്ക് തയാറാക്കിയ സംയോജിത ഊർജ നയം (Integrated energy policy) എന്ന രേഖയിൽ അന്ന് പറഞ്ഞത് ഇങ്ങനെയാണ്: "ഇപ്പോൾ ഓയിൽ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പരം മത്സരിക്കുകയാണ്. സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലേ മത്സരം അർത്ഥപൂർണമാവൂ. വില നിർണയം സ്വതന്ത്രമാവുകയും, എല്ലാ പങ്കാളികളും തമ്മിലുള്ള മത്സരം പരിപോഷിപ്പിക്കുകയും പ്രവേശനക്കടമ്പകൾ ഒഴിവാക്കുകയും ചെയ്‌തെങ്കിൽ മാത്രമേ പെട്രോളിയം ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിൽ ഗണനീയമായ സ്വകാര്യ പങ്കാളിത്തം ഉണ്ടാവൂ.' സ്വകാര്യ കമ്പനികള എണ്ണ മേഖലയിൽ സർവതന്ത്രസ്വാതന്ത്ര്യം നൽകി ക്ഷണിച്ചു വരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അസാദ്ധ്യമെന്ന് അന്ന് കരുതിയ ആ കാര്യമാണ് ഒരൊറ്റ ദശകത്തിനകം സാർവത്രികമാക്കിയെടുത്തത്.
മന്ത്രാലയത്തിന്റെ വ്യാജപ്പരസ്യം
അക്കാലത്ത് പെട്രോളിയം മന്ത്രാലയം ഹൈവോൾട്ടേജ് പ്രചാരണം നടത്തിക്കൊണ്ട് പുറത്തിറക്കിയ പരസ്യത്തിൽ പറഞ്ഞത് "വില വർദ്ധനവിനു ശേഷവും ഈ വർഷം 53,000 കോടി രൂപയുടെ ഭാരമാണ് സർക്കാർ താങ്ങേണ്ടി വരിക' എന്നാണ്. പക്ഷേ 2010 - 11 കാലത്തെ ഡിമാന്റ്‌സ് ഫോർ ഗ്രാന്റ്‌സിനായി പാർലമെന്ററി സമിതി മുമ്പാകെ സർക്കാർ നൽകിയ മൊഴി ദീപാങ്കർ മുഖർജി ഉദ്ധരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: "2009 - 10 ലെ അണ്ടർ റിക്കവറിക്കായി സർക്കാർ 12,000 കോടി രൂപയുടെ ബഡ്ജറ്റ് പിന്തുണ നൽകി.'
ഈ 12,000 കോടിയാണ് പരസ്യത്തിൽ 53,000 കോടിയായി പ്രത്യക്ഷപ്പെട്ടത്. "അണ്ടർ റിക്കവറി'യിലെ ചതിക്കുഴികളെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാം. ആ 12,000 കോടി അതേപടി അംഗീകരിച്ചാൽത്തന്നെ, പരസ്യക്കാർ ബോധപൂർവം മറച്ചുവെച്ചത് നികുതിയും ഡ്യൂട്ടിയും ഡിവിഡന്റുമായി പെട്രോളിയം കമ്പനികൾ സർക്കാറിലേക്കടച്ചത് 90,000 കോടി രൂപയാണ് എന്ന കാര്യമാണ്. നികുതി വർദ്ധനവായി പിരിച്ചെടുത്തതു കൂടി കൂട്ടിയാൽ സംഖ്യ 1,20,000 കോടി രൂപ വരും. അങ്ങോട്ട് 1,20,000 കോടി അടച്ച കമ്പനിക്കാണ് 12,000 കോടി കൊടുത്തെന്നും പറഞ്ഞ് കണ്ണീരൊലിപ്പിച്ചത്!
ഇനി അണ്ടർ റിക്കവറിയുടെ കഥ
അണ്ടർ റിക്കവറി എന്നത് ഒരു സങ്കൽപ പദമാണ്. അങ്ങനെയൊരു വാക്ക് എണ്ണക്കമ്പനികളിൽ ഒന്നിന്റെയും ബാലൻസ് ഷീറ്റിൽ കാണില്ല. പിന്നെ എവിടെ നിന്നു വരുന്നു ഇങ്ങനെയൊരു സങ്കൽപ പദം? അവിടെയാണ് വഞ്ചനയുടെയും ചതിവിന്റെയും കുട്ടുകച്ചവടം സർക്കാറും കുത്തക കമ്പനികളും തമ്മിൽ നടക്കുന്നതിന്റെ യഥാർത്ഥ ചിത്രം വിരിഞ്ഞു വരിക. കേൾക്കുന്നവർക്ക് തോന്നുക അത്രയും നഷ്ടം എണ്ണക്കമ്പനികൾക്ക് ഉണ്ടാവുന്നു എന്നാണ്. ചതിവിന്റെ കഥയറിയാൻ വീണ്ടും പിറകോട്ട് പോവേണ്ടിവരും.
ബർമ്മാഷെല്ലും കാൽടെക്‌സും എസ്സോയും എണ്ണ മേഖല കൈയ്യടക്കി നിന്ന കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നത് അന്താരാഷ്ട്ര വിലയെ ആസ്പദമാക്കിയാണ്. ഇറക്കുമതിക്ക് കണക്കായ വില (ഇംപോർട്ട് പാരിറ്റി പ്രൈസിങ്ങ് IPP) എന്നാണ് അതിനു പറയുക. 1976 ലാണ് വില നിർണയ രീതി മാറ്റിയത്. പെട്രോളിയം ഉൽപ്പന്നങ്ങൾ തദ്ദേശീയമായിത്തന്നെ ശുദ്ധീകരിച്ചെടുക്കാനായതോടെയാണത്. ഇറക്കുമതി അതിനനുസരിച്ച് കുറഞ്ഞു വരികയായിരുന്നല്ലോ. അങ്ങനെയാണ് അത് അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസിങ്ങ് മെക്കാനിസം (APM) ആയി മാറിയത്. ക്രൂഡോയിൽ വിലയോട് ശുദ്ധീകരണച്ചെലവ് കൂട്ടി അതിന്മേൽ ഒരു ചെറു ലാഭം കൂടി കണക്കാക്കി നിർണയിക്കുന്ന രീതിയായിരുന്നു അത്.
എന്നാൽ1991 ൽ സർവ്വ വാതിലുകളും തുറന്നിടാൻ തീരുമാനിച്ചതോടെ എണ്ണമേഖലയിലും നാടൻ - മറുനാടൻ മുതലാളിമാരുടെ സാന്നിദ്ധ്യമേറി.അതോടെ അവരുടെ ആവശ്യവും മാറി. എ പി എം മാറ്റി ഐ പി പി ആക്കണം. എന്നു വെച്ചാൽ എണ്ണ പര്യവേക്ഷണവും ശുദ്ധീകരണവും നാട്ടിൽ വെച്ച് തന്നെ നടത്തിയതാണെങ്കിലും അതിന് കണക്കാക്കുന്ന വില മറുനാട്ടിലേതായിരിക്കണമെന്ന്! ഓ.എൻ.ജി.സി വഴി താരതമ്യേന ചെലവ് കുറഞ്ഞ ക്രൂഡ് ഓയിൽ കണ്ടെത്തി നാടൻ എണ്ണ ശുദ്ധീകരണശാലകളിൽ സംസ്‌കരിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾക്കും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വിലയേറിയ എണ്ണയുടെ വില തന്നെ കണക്കാക്കണം എന്ന്! അവ തമ്മിലുള്ള വിലവ്യത്യാസം വഴി വരുന്നു എന്നു പറയപ്പെടുന്നതാണ് സാങ്കൽപിക നഷ്ടം! ഇടതുപക്ഷ കക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്ന് പെട്രോൾ, എൽ പി ജി, മണ്ണെണ്ണ എന്നിവയുടെ കാര്യത്തിൽ എപിഎം തന്നെ തുടരാൻ സർക്കാർ നിർബന്ധിതമായി. സ്വകാര്യ എണ്ണക്കമ്പനികൾക്ക് വേണ്ടിയിരുന്നത് എസ്സോവും കാൽടെക്‌സും ബർമാഷെല്ലുമൊക്കെ നമ്മുടെ നിരത്തുകൾ നിറഞ്ഞോടിയിരുന്ന പഴയ കാലത്തെ വില നിർണയ രീതിയായിരുന്നു. അതിനു വേണ്ടി എല്ലാ സമ്മർദ്ദവും ചെലുത്താൻ പ്രാപ്തരായിരുന്നല്ലോ അക്കൂട്ടർ.
സബ്‌സിഡി സ്വാഹ
സബ്‌സിഡികളെല്ലാം അവസാനിപ്പിക്കുകയും കാര്യങ്ങളെല്ലാം ചന്തക്ക് വിടുകയും ചെയ്യുന്നത് നാട്ടുനടപ്പായിക്കഴിഞ്ഞ ഒരു കാലത്ത് അധികാരത്തിലേറിയ മോഡി സർക്കാറിന് തങ്ങളുടെ നിയോലിബറൽ നയങ്ങളുടെ തേരുരുൾ പായിക്കുക എളുപ്പമായി. എണ്ണ വില നിർണയത്തിനുള്ള സർക്കാറധികാരം പൂർണമായും എണ്ണക്കമ്പനികളുടെ ഉള്ളംകൈയ്യിലേക്ക് വെച്ചു നീട്ടുകയായിരുന്നു. പെട്രോൾ വില നിർണയം മാത്രം കമ്പനികൾക്ക് വിട്ടതിലെ കൈത്തെറ്റവസാനിപ്പിച്ചു കൊണ്ട് ഡീസൽ വില നിർണയവും കൂടി കൈമാറാനായതിൽ അഭിമാനം കൊള്ളുകയായിരുന്നു മോഡി സർക്കാർ.
പാചക വാതക വിലയുടെ സബ്‌സിഡി നേരിട്ട് അക്കൗണ്ടിലെത്തിക്കുക വഴി സബ്‌സിഡി ദുർവിനിയോഗം അവസാനിപ്പിക്കാനാവും എന്നായിരുന്നു പ്രചാരണം. പക്ഷേ മുഴുവൻ വിലയും കൊടുത്ത് ഗ്യാസ് വാങ്ങിയവർ മാസങ്ങളായിട്ടും സബ്‌സിഡി കിട്ടാത്ത വിവരമേ മറന്നു തുടങ്ങിയിരിക്കുന്നു. സെപ്റ്റംബർ മാസം മുതൽ സബ്‌സിഡിപ്പണം കൊടുക്കുന്ന പണി സർക്കാർ മതിയാക്കിക്കഴിഞ്ഞു. അതു വഴി ചുരുങ്ങിയത് 20,000 കോടി രൂപയാണ് സർക്കാർ അടിച്ചെടുത്തത്.
ഇക്കൊല്ലത്തെ എൽ.പി.ജി സബ്‌സിഡിക്കായി സർക്കാർ നീക്കിവെച്ചത് 37,256.21 കോടി രൂപയാണ്. പക്ഷേ ആദ്യ പാദത്തിൽ ചെലവായ തുക 1900 കോടി മാത്രമാണ്. സെപ്റ്റംബർ മുതൽ അത് പൂജ്യമാണെന്നിരിക്കെ, 2021 മാർച്ചെത്തുമ്പോൾ നാലിലൊന്ന് സബ്‌സിഡിയും വേണ്ടി വരില്ല എന്നർത്ഥം.
റിലയൻസിന്റെ എണ്ണ മേഖലയിലെ അതിക്രമങ്ങളെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചുകൊണ്ട് കേന്ദ്ര സർക്കാറിനെ തൊലിയുരിച്ചു കാട്ടിയ ദീപാങ്കർ മുഖർജി എം പി യുടെ അന്നത്തെ നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നുവെന്ന് തെളിയുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ബീഭത്സ മുഖമാണ് മറനീക്കി പുറത്തെത്തുന്നത്. സബ്‌സിഡികളൊക്കെ ഇനി കോർപറേറ്റുകൾക്ക് മാത്രം. അതിനിടയിൽ നിങ്ങളുടെ അടുപ്പ് പുകയാതായാൽ അത് നിങ്ങളുടെ കുറ്റം.
(2020 ഡിസംബർ ആറിന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ)