ഒന്ന്
വിപത്- ഭരണം - hazardous government - എന്നത് സമകാലിക കേരളത്തിലെ എതിർ- സിവിൽ സമൂഹത്തിന്റെ പക്ഷത്തുനിന്ന് നിലവിലുള്ള ഭരണത്തെ നോക്കിക്കാണുമ്പോൾ ഉരുത്തിരിഞ്ഞുവരുന്ന സങ്കല്പനമാണ്. ഭരണകൂടത്തോടും പ്രബല രാഷ്ട്രീയസമൂഹത്തോടും മുഖ്യധാരാ സാമുദായിക- സാംസ്കാരിക ശക്തികളോടും വിമർശനപരമായ അകലം പാലിക്കുന്നതിലൂടെ സ്വതന്ത്രനില കാത്തുസൂക്ഷിക്കുന്ന സിവിൽ സമൂഹത്തെയാണ് ഇവിടെ എതിർ- സിവിൽസമൂഹം എന്നു പറയുന്നത്.
വിപത്- ഭരണത്തിലേക്ക് നമ്മെ എത്തിച്ച സാഹചര്യങ്ങൾ നിരവധിയാണ്.
-ഒന്നാമതായി; കേരളത്തിൽ 1990-കളിലും ശേഷവും സർക്കാർകേന്ദ്രിതമായ വികസന സിവിൽ സമൂഹം (കുടുംബശ്രീയിലൂടെ) വ്യാപകമായതോടെ സിവിൽ സമൂഹമെന്ന പരിഗണന അതിനുമാത്രം നൽകുന്ന രീതി ശക്തമായി. ഈ പ്രക്രിയയോടു ബന്ധമില്ലെങ്കിലും, സർക്കാരിനു പുറത്തുള്ള സ്വതന്ത്ര സിവിൽസമൂഹത്തെ ഭരണകൂടത്തിന് അവഗണിക്കാമെന്നും, ക്രമേണ ദ്രോഹിക്കാമെന്നും സ്ഥാപിച്ച രാഷ്ട്രീയപ്രക്രിയയും രൂക്ഷമായി.
-രണ്ടാമത്; ജനകീയ താത്പര്യങ്ങളിൽ നിന്നകന്ന നവലിബറൽ ഭരണസംവിധാനം കൂടുതൽ കൂടുതൽ ഉറച്ചു. ഉദാഹരണത്തിന്, പൊതുജനാരോഗ്യ എഞ്ചിനിയറിങ് എന്ന സങ്കല്പനത്തിനുപകരം ജലഭരണമെന്ന സങ്കല്പനം ആദ്യം വന്നു, ക്രമേണ അതിന്റെ നവലിബറൽമാനം തെളിഞ്ഞു. പ്രകൃതിവിഭവങ്ങളുടെ കണക്കറ്റ ചൂഷണത്തെ ആശ്രയിച്ചുവളരുന്ന ഇരപിടിയൽ മുതലാളിത്തത്തിന് ഇടതുപക്ഷത്തും മാന്യത ലഭിച്ചു. ഈ പ്രക്രിയകൾ ഉരുണ്ടുകൂടി ഉണ്ടായ രാഷ്ട്രീയ സാഹചര്യത്തിൽ, ഒടുവിൽ, ഇന്ന് തീരദേശജനത തീരങ്ങളിൽ നിന്നുതന്നെ ഇരപിടിയൻ മുതലാളിത്തത്തിന്റെ താത്പര്യാർത്ഥം അവിടെ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
പുതിയ കാരണവാധികാരത്തിന്റെ വാഹക ദിവ്യ എന്ന പാർട്ടി സന്തതിയാണ്. അധികാരശ്രേണിയിൽ ഭരണകക്ഷി രാഷ്ട്രീയക്കാർ മുകളിലും ഉദ്യോഗസ്ഥർ താഴെയുമായി നിൽക്കുന്ന ഭരണസംവിധാനത്തിൽ കീഴ് നില കല്പിക്കപ്പെടുന്ന ഭരണസംവിധാനത്തിൽ പുരുഷാധികാരനിലയിൽ പി.പി. ദിവ്യയാണുണ്ടായിരുന്നത് – അവരുടേത് സ്ത്രീശരീരമാണെങ്കിലും.
-മൂന്നാമത്; കേരള മാതൃകയുടെ രാഷ്ട്രീയചട്ടക്കൂടിനുള്ളിൽത്തന്നെ വായിക്കപ്പെടേണ്ട പുതിയ നൂറ്റാണ്ടിലെ വിഭവ- സമരങ്ങൾ അടിച്ചമർത്തപ്പെട്ടുതുടങ്ങി. വെറും ജനക്ഷേമവിഭവങ്ങൾക്കുപരിയായി ഭൂമിയിന്മേലുള്ള അവകാശങ്ങൾക്കുവേണ്ടി സാമൂഹ്യവിഭാഗങ്ങൾ സർക്കാരിന്മേൽ വിജയകരമായി സമ്മർദ്ദം ചെലുത്തിയ ചരിത്രം കേരള മാതൃകാ നേട്ടങ്ങളുടെ ഭാഗമായിരുന്നു. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മർദ്ദിത ജാതിവിഭാഗങ്ങൾ നടത്തിയ സമരങ്ങൾക്ക് ഈ പരിഗണന നൽകപ്പെട്ടില്ല. നവലിബറൽ ജനക്ഷേമചട്ടക്കൂടിനുള്ളിൽ ലഭിക്കുന്ന തുച്ഛവിഭവങ്ങൾ കൊണ്ട് മർദ്ദിതവിഭാഗങ്ങൾ തൃപ്തിപ്പെട്ടുകൊള്ളണമെന്ന് ഭരണകൂടവും മുഖ്യധാരാ ഇടതുപക്ഷമടക്കമുള്ള പ്രബല രാഷ്ട്രീയസമൂഹവും കരുതുന്നു.
-നാലാമതായി; 1990-കളിലും അതിനുശേഷവും ഇന്ത്യയിലാകെ വളർന്നുപന്തലിച്ച സുരക്ഷാഭരണകൂടം ക്ഷേമത്തെക്കാളധികം സുരക്ഷയിൽ ഊന്നുന്നു. സാംസ്കാരിക ന്യൂനപക്ഷങ്ങളെയും വികസന ന്യൂനപക്ഷങ്ങളെയും ഒരുപോലെ സുരക്ഷാഭീഷണികളായി ചിത്രീകരിക്കുന്നു – ഈ രണ്ടർത്ഥത്തിലും അത് ന്യൂനപക്ഷങ്ങളായ വിഭാഗങ്ങളെ രാക്ഷസവത്ക്കരിക്കുന്നു. ഈ ധാരണകൾ രാഷ്ട്രീയസമൂഹത്തിൽ പടരുന്നു, ഭൂരിപക്ഷ-യാഥാസ്ഥിതിക സിവിൽ സമൂഹ ഇടങ്ങളിൽ ന്യൂനപക്ഷവിരോധത്തെ വളർത്തുന്നു.
-അഞ്ചാമതായി; 1990 കളിലും ശേഷവും കുടുംബശ്രീ എന്ന സർക്കാർകേന്ദ്രിതമായ വികസന സിവിൽ സമൂഹത്തിന് സ്വയംസഹായം വഴി ഉപജീവനം കഴിക്കാൻ പലിശ കുറഞ്ഞ ലോണുകളായാണ് കേരളത്തിൽ ചെറുകിട വായ്പകളുടെ സംസ്കാരത്തിന് കാര്യമായ വേരോട്ടമുണ്ടായതെങ്കിലും, ഇന്ന് ഇതേ ശൃംഖലകൾ ദരിദ്രരെയും താണ ഇടത്തരക്കാരെയും കടുത്ത ഋണമുതലാളിത്തത്തിന്റെ (debt capitalism) പിടിയിലകപ്പെടുത്തിയിരിക്കുകയാണ്. ജനജീവിതനിലവാരത്തെ വളർത്തുമെന്ന അവകാശവാദത്തോടെ നടപ്പാക്കപ്പെട്ട നവലിബറൽ ജനക്ഷേമത്തിന്റെ ദുഷ്ഫലങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുന്നു. പക്ഷേ അതിന്റെ ഉത്തരവാദിത്വം ഭരണകൂടമോ പുരോഗമന രാഷ്ട്രീയകക്ഷികൾ പോലുമോ ഏറ്റെടുക്കാൻ തയ്യാറല്ല. ഋണമുതലാളിത്തത്തിന്റെ രൂക്ഷത അംഗീകരിക്കപ്പെടുന്നില്ല. അത് മിക്കവാറും അദൃശ്യം പോലുമാണ്.
-ആറാമതായി; മുഖ്യധാരാ രാഷ്ട്രീയകക്ഷികളിൽ ഇന്ത്യൻ ജനാധിപത്യത്തോടു കൂറുള്ളവയുടെ ധാർമിക- രാഷ്ട്രീയ അടിത്തറകൾ വല്ലാതെ ശിഥിലമായിപ്പോയിരിക്കുന്നു. വിപത്- ഭരണം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയകക്ഷിയുടെ മാത്രം സൃഷ്ടിയോ പ്രശ്നമോ അല്ല. സമീപകാലഭരണത്തിൽ അത് അതിരൂക്ഷമായിരിക്കുന്നുവെന്ന് മാത്രം.
ചുരുക്കിപ്പറഞ്ഞാൽ, നവലിബറൽ ഭരണസംവിധാനം വേരുറച്ചതും നവലിബറൽ പൗരസങ്കല്പങ്ങൾ വ്യാപകമായതും ഇരപിടിയൻ മുതലാളിത്തം പിടിമുറുക്കിയതുമായ കേരളത്തിന്റെ വർത്തമാനകാലത്തിൽ ഭരണം വിപത്-ഭരണമായിരിക്കുന്നു.
രണ്ട്
പൊതുവെ പറഞ്ഞാൽ ലിബറൽ ഭരണസംവിധാനങ്ങളുടെ ലക്ഷ്യം ഭരണകൂട സൂക്ഷ്മദൃഷ്ടിയുടെ പ്രയോഗത്തിലൂടെ ഭരിക്കപ്പെടുന്ന ജനത്തിന്റെ ജൈവപരമായ അതിജീവനത്തെ, തലമുറകളുടെ പുനരുത്പാദനത്തെ, സാധ്യമാക്കുക എന്നതാണ്.
വിപത്-ഭരണം ഈ രീതിയിൽ നിന്ന് ഒരു മാറ്റത്തെ കുറിക്കുന്നു. ഈ ഭരണത്തിൽ ജനാഭിവൃദ്ധിയുടെ ഉറവിടം വിപണിയാണ്, അതിനെ ചലിപ്പിക്കുന്ന മത്സരമാണ്. വിപണിയുടെ മത്സരസംസ്കാരം അതിജീവനശേഷിയെ വളർത്തും, വളരാൻ ‘അർഹത’യുള്ളത് വളർന്നുകൊള്ളും എന്ന വിശ്വാസമാണ് അതിനെ ചലിപ്പിക്കുന്നത്. വിപണിമത്സരവിജയത്തിന് പ്രാപ്തരായ വിഷയികളെ സൃഷ്ടിക്കുന്ന ഉത്തരവാദിത്വമത്രെ വിപത്-ഭരണം നടത്തുന്ന ഭരണകൂടത്തിന്റേത്. ഈ മത്സരത്തിന്റെ ശരിതെറ്റുകൾ നിർണയിക്കുന്ന നിയമങ്ങൾ, അഥവാ ഭരണചട്ടക്കൂട്, ഒന്നുകിൽ ഇല്ലാതിരിക്കുക, ഉള്ള ഭരണചട്ടക്കൂടുകളെ പ്രയോഗത്തിൽ തത്പരകക്ഷികളായ പ്രബലർക്കായി പരമാവധി അയച്ചുകൊടുക്കുക – ഇതാണ് വിപത്-ഭരണത്തിന്റെ രീതി.
അതായത്, മത്സരത്തെ പിൻതാങ്ങുമ്പോഴും അത് വിനാശകരമാകാതെ നോക്കാനാവശ്യമായ നിയന്ത്രണങ്ങളുടെ ചട്ടക്കൂട് നിർബന്ധമായും ഉണ്ടാകണം, നടപ്പാക്കണം എന്നു നിർദ്ദേശിക്കുന്ന ചില നവലിബറൽ ഭരണമാതൃകകളെക്കാൾ അപകടകരമാണ് വിപത്- ഭരണം. വ്യക്തികളുടെ കണക്കുകൂട്ടലുകൾ സ്വാർത്ഥത്തെ മാത്രം ലക്ഷ്യമാക്കുന്നത് പ്രതീക്ഷിതം മാത്രമാണെന്നും (പ്രകൃതിസഹജം പോലുമാണെന്നും), അത് പൊതുനന്മയെ ബാധിക്കാതെ നോക്കണമെന്നും, പ്രത്യക്ഷസമ്മർദ്ദത്തിലൂടെ അതിനെ തടയുന്നതിനു പകരം ലാഭകരമല്ലാതെയാക്കി നിരുത്സാഹപ്പെടുത്തണമെന്നുമാണ് പല നവലിബറൽ ഭരണസിദ്ധാന്തങ്ങളും ഉപദേശിക്കുന്നത്.
മരിച്ച വ്യക്തി ഇതേ രാഷ്ട്രീയത്തറവാട്ടിലെ ഒരു മാന്യപുരുഷനാണെന്ന വസ്തുത ചോദ്യംചെയ്യാനാവാത്തവിധം പരസ്യമാകുംവരെ ദിവ്യയുടെ അധികാരപ്രയോഗത്തെ അഴിമതിവിരുദ്ധപ്പോരാട്ടമായി മാന്യവത്ക്കരിച്ചവർ അനവധിയായിരുന്നു. പക്ഷേ അതു പുറത്തുവന്നതോടെ ദിവ്യ സ്ത്രീത്വത്തിലേക്ക് നാടുകടത്തപ്പെട്ടു – മുതുകാരണവാധികാരം സ്ത്രീകൾ സ്ഥിരമായി കൈവശംവയ്ക്കാൻ വിപത്-ഭരണം അനുവദിക്കുന്നില്ല.
എന്നാൽ വിപത്- ഭരണം പൊതുനന്മയെ ഹനിക്കുന്ന പ്രവൃത്തികളിൽനിന്ന് വ്യക്തികളെ നിരുത്സാഹപ്പെടുത്തുന്നതുപോലുമില്ലെന്ന് പല സമീപകാല സംഭവങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു. പൊതുനന്മയുടെയും ജനാധിപത്യത്തിന്റെയും ആണിക്കല്ലുകളായ നമ്മുടെ പൊതുസ്ഥാപനങ്ങളെ ഉദ്യോഗസ്ഥരും ഭരണകക്ഷി രാഷ്ട്രീയക്കാരും കൂട്ടുചേർന്നോ വെവ്വേറെയോ ദുർബലപ്പെടുത്തുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്ന അനവധി സംഭവങ്ങൾക്ക് നാം സമീപകാലത്ത് സാക്ഷികളായിരിക്കുന്നു. ഭരണാധികാരികളോടു ചേർന്നുനിൽക്കുന്ന ഉദ്യോഗസ്ഥവർഗം സമീപകാലത്ത് ശമ്പളമായും പ്രോജക്ട് നിയമനങ്ങളായും പെൻഷനായും മറ്റ് ആനുകൂല്യങ്ങളായും നേടിക്കൊണ്ടിരിക്കുന്ന വിഭവങ്ങളുടെ വളർച്ച ഞെട്ടിപ്പിക്കുംവിധം വലുതാണ്. പൊതുവെ സാങ്കേതികയുടെ അതിപ്രസരമുള്ളതും കച്ചേരിക്കോയ്മയുടെ സ്വഭാവമുള്ളതുമായ പ്രക്രിയകളെ ആശ്രയിക്കുന്ന തരം പശ്ചാത്തല- സൗകര്യ മുതലാളിത്തത്തെയാണ് (infrastructural capitalism) വിപത്-ഭരണം ‘വികസനം’ എന്ന് വിളിച്ചാരാധിക്കുന്നത്. ഇവയിലൂടെ സൃഷ്ടിക്കപ്പെടുന്ന സാങ്കേതിക ജോലികളടക്കമുള്ള എല്ലാ അവസരങ്ങളും സംവരണത്തിനു പുറത്താണെന്നു മാത്രമല്ല, അവ രാഷ്ട്രീയകക്ഷികളോടു ചേർന്നുനിൽക്കുന്നവർക്ക്, അല്ലെങ്കിൽ ഉദ്യോഗസ്ഥശുപാർശ നേടാൻ കഴിഞ്ഞവർക്ക് കൂടുതൽ പ്രാപ്യമാണ്.
രാഷ്ട്രീയകക്ഷികൾക്കു ചുറ്റും ഗുണംപറ്റികളുടേതായ ഒരു മേലാളവർഗം രൂപീകരിക്കപ്പെടുന്നു. വിപത്-ഭരണത്തിന്റെ ന്യായീകരണസേനയായി പ്രവർത്തിക്കുന്നത് ഇവരാണ്, പലപ്പോഴും ഔദ്യോഗികനിലയിൽ, പി ആർ കോൺട്രാക്ടുകളിലൂടെത്തന്നെ. സർക്കാർ അംഗീകാരവും മറ്റും കാംക്ഷിക്കുന്നവരും, അധികാരികളിലൂടെ ദൃശ്യത നിലനിർത്താൻ ശ്രമിക്കുന്നവരുമായ സാംസ്കാരിക ബുദ്ധിജീവികൾക്കു പുറമെ ഈയൊരു വിഭാഗവും വിപത്-ഭരണത്തെ കേരളമാതൃകാ സാമൂഹ്യജനാധിപത്യഭരണത്തിന്റെ തുടർച്ച മാത്രമായി ചിത്രീകരിക്കാൻ പണിയെടുക്കുന്നു.
വിപത് ഭരണം - government- എന്നു തന്നെ പറയുന്നതിന് കാരണമുണ്ട്. ഗവൺമെൻറ് എന്നതിൽനിന്ന് ഗവേണൻസ് (governance) എന്ന ഭരണചട്ടക്കൂട് നമ്മുടെ മുന്നിലെത്തിയത് 1990-കളിലാണ്. തദ്ദേശതലഭരണത്തിലൂടെയുള്ള ജനാധിപത്യവത്ക്കരണ വാഗ്ദാനത്തിന്റെ ഭാഗമായാണ് ആ പദം ഇവിടെ പരിചിതമായത്. മുകളിൽ നിന്ന് താഴേക്ക് ഉദ്യോഗസ്ഥസംവിധാനത്തിലൂടെ അധികാരം പ്രവഹിക്കുകയും മുഖ്യതീരുമാനങ്ങളെല്ലാം മുകളിൽ തന്നെ കൈക്കൊള്ളുകയും അവയുടെ നടപ്പ് ഉദ്യോഗസ്ഥവിഭാഗത്തിലൂടെയും ആകുന്ന രീതിയെ ഗവൺമെൻറ് എന്നു പറയുന്നു.
ഇതിൽനിന്ന് വ്യത്യസ്തമാണ് ഗവേണൻസ്.
മുഖ്യധാരാ രാഷ്ട്രീയകക്ഷികളിൽ ഇന്ത്യൻ ജനാധിപത്യത്തോടു കൂറുള്ളവയുടെ ധാർമിക- രാഷ്ട്രീയ അടിത്തറകൾ വല്ലാതെ ശിഥിലമായിപ്പോയിരിക്കുന്നു.
അധികാരത്തെ വികേന്ദ്രീകരിക്കുകയും ഭരണത്തെ ഉദ്യോഗസ്ഥവർഗത്തിന്റെ കുത്തകയാക്കാതെ, സിവിൽ സമൂഹത്തിലെ വിവിധ ഘടകങ്ങളെയും, ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും, വിപണിയുടെ പ്രതിനിധികളെയും ഒപ്പം കൊണ്ടുവരുന്ന വേദികളുണ്ടാക്കുക, അവയിലൂടെ സാധ്യമാകുന്ന പേശലിലൂടെ, ചർച്ചകളിലൂടെ, ഭരണതീരുമാനങ്ങളെടുക്കുക- ഈവിധമുള്ള ഭരണസംവിധാനമാണ് ഗവേണൻസ്. ഇങ്ങനെയുള്ള പങ്കാളിത്തം മൂലം ഭരണതീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനുമുള്ള വ്യഗ്രത ഭരണകൂടത്തിനു മാത്രമല്ല, സിവിൽസമൂഹഘടകങ്ങൾക്കും വിപണിശക്തികൾക്കും ഉണ്ടാകുമെന്നും, വ്യാപകമായ ചർച്ചകളിലൂടെ രൂപീകരിക്കപ്പെടുന്ന തീരുമാനങ്ങൾ കൂടുതൽ ഉചിതവും മെച്ചപ്പെട്ടതുമാകുമെന്നും ഗവേണൻസിന്റെ വക്താക്കൾ പ്രതീക്ഷിച്ചു.
കേരളത്തിൽ വികസനകാര്യങ്ങളിലെങ്കിലും അധികമധികം തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളെ തദ്ദേശതല സിവിൽസമൂഹത്തിനു കൈമാറുന്ന രീതിയെയാണ് ഗവേണൻസിലൂടെ പ്രതീക്ഷിച്ചത്. എന്നാൽ ആ പ്രതീക്ഷ അധികമൊന്നും പൂവണിഞ്ഞില്ല.
ഒന്നാമതായി, ഇവിടെ സിവിൽ സമൂഹമെന്നാൽ സർക്കാർസൃഷ്ടിയായ ഗുണഭോക്തൃസമൂഹമോ, പ്രബല രാഷ്ട്രീയസമൂഹത്തോട് ഇണങ്ങിനിൽക്കുന്ന എൻ.ജി.ഒ സംഘടനകളോ മാത്രമാണെന്ന വ്യാഖ്യാനമാണ് പ്രയോഗത്തിൽ ചുരുളഴിഞ്ഞത്. ആരംഭഘട്ടത്തിൽ പല നിലയ്ക്കും സ്വതന്ത്ര നിലപാടുകളും വിമർശനങ്ങളും കൈക്കൊണ്ടിരുന്ന, അതായത് പലയളവിൽ എതിർ- സിവിൽ സമൂഹത്തിന്റെ ഭാഗമായിരുന്ന എൻ.ജി.ഒകളും ക്രമേണ അങ്ങനെയല്ലാതെയായി, പല സ്ഥാപിതതാത്പര്യങ്ങളായി അവ ചിതറി. മാത്രമല്ല, സ്ത്രീകൾ, പട്ടികജാതി- വർഗവിഭാഗക്കാർ മുതലായ കൂട്ടരെ രാഷ്ട്രീയസംവർഗങ്ങളായല്ല, കേവലം ഗുണഭോക്തൃവിഭാഗങ്ങളായാണ് ഇവിടുത്തെ വികേന്ദ്രീകരണപരിശ്രമം എണ്ണിയത്.
ഇരപിടിയൻ മുതലാളിത്തം സൃഷ്ടിക്കുന്ന പ്രകൃതിനാശത്തിനെതിരെ ഉയർന്ന ശബ്ദങ്ങളും, സുരക്ഷാഭരണകൂടം ന്യൂനപക്ഷങ്ങളെ രാക്ഷസവത്ക്കരിക്കുന്നതിനെതിരെ പ്രതികരിച്ച വിഭാഗങ്ങളും അപൂർവമായി മാത്രമേ ഗവേണൻസിന്റെ ഭാഗമായുള്ളൂ.
ഉദാഹരണത്തിന് പെരിയാർ മലിനീകരണപ്രശ്നത്തിലെ സുപ്രീംകോടതി ഇടപെടലിനുശേഷം ഏലൂരിലെ മലിനീകരണവിരുദ്ധ ജനകീയപ്രസ്ഥാനത്തിന് കിട്ടിയ (അല്പകാലം മാത്രം നീണ്ട) അവസരം. ഇന്നാകട്ടെ, ഈ ശബ്ദങ്ങളധികവും പുറന്തള്ളപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, അവയെ ശിക്ഷിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമം ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന വിപത്-ഭരണത്തിൻറെ മുഖ്യഘടകങ്ങളിലൊന്നുതന്നെയാണ്.
പുതിയ നൂറ്റാണ്ടിൽ ഉയർന്നുവന്ന ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടേതായ സിവിൽസമൂഹ രാഷ്ട്രീയത്തെ ആഗോള- ദേശീയ നിയമചട്ടക്കൂടുകളിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഭരണകൂടത്തിന് അംഗീകരിക്കേണ്ടിവന്നു. പക്ഷേ ഈ പ്രസ്ഥാനത്തെ ഗവേണസിൽ തുല്യപങ്കാളിയായി ചേർക്കാനായിരുന്നില്ല ഇവിടെ ശ്രമം. മറിച്ച്, ഇതിനെയും നവലിബറൽ ക്ഷേമസങ്കല്പങ്ങൾക്കുള്ളിൽ ഒതുക്കിനിർത്താനുള്ള ഇന്നത്തെ സർക്കാർപരിശ്രമം ഒടുവിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷ സംഘാടനത്തെയും ചില്ലറ സ്ഥാപിതതാത്പര്യങ്ങളായി ചിതറിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. തന്നെയുമല്ല, മുഖ്യധാരാ കുടുംബ- വിവാഹ ചട്ടക്കൂടുകളുടെ പിതൃമേധാവിത്വപരമായ സംസ്കാരത്തെ, സിസ്-മനുഷ്യരുടെ തൊഴിൽപരവും ആരോഗ്യപരവുമായ ആവശ്യങ്ങളെ, മാനദണ്ഡമായി ഉപയോഗിക്കുന്ന തരം വികസനമാണ് ഇവർക്കധികവും ലഭിക്കുന്നത്, ഇപ്പോഴും. ഇതിനുപകരം വിപത്-ഭരണത്തെ അദൃശ്യമാക്കുന്ന പ്രതിച്ഛായാനിർമാണത്തിന് ലിംഗ-ലൈംഗിക ന്യൂനപക്ഷക്ഷേമം കാരണമാകുന്നുവെന്ന് ആ വിഷയത്തെക്കുറിച്ചുള്ള പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.
മലയാളിസമൂഹത്തെ ഘടനവത്ക്കരിച്ചതും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിക്ക് കീഴ് വഴങ്ങാത്തതുമായ എല്ലാ അധികാരരൂപങ്ങളും അവയെ മൂടിയിരുന്ന സകല ആട്ടിൻതോലുകളെയും വലിച്ചുനീക്കിക്കളഞ്ഞ് പ്രകടമായിത്തുടങ്ങിയിരിക്കുന്നു.
ഇതിനെല്ലാം പുറമെ, തദ്ദേശസർക്കാരുകൾക്ക് ലഭിച്ച സാമ്പത്തിക പിന്തുണ ഇന്ത്യയിലെ മറ്റിടങ്ങളെയപേക്ഷിച്ച് കൂടുതലായിരുന്നെങ്കിലും, ഇവിടുത്തെ തദ്ദേശഭരണചട്ടക്കൂട് വേണ്ടത്ര ജനാധിപത്യവത്ക്കരിക്കപ്പെട്ടില്ലെന്ന് – അതായത്, ഗവൺമെൻറ് മാതൃകയെ വേണ്ടത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് – സമീപകാല സാമൂഹ്യശാസ്ത്രഗവേഷണം തുറന്നുകാട്ടുന്നു. ഇത് നമ്മുടെ നഗരഭരണവ്യവസ്ഥയിൽ പ്രത്യേകം കാണാമെന്ന് സമീപകാല സൂക്ഷ്മപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതായത്, നഗരസഭകളെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചെങ്കിലും, കാതലായ പല തീരുമാനങ്ങളും അവയുടെ നടത്തിപ്പും അതിനാവശ്യമായ സാങ്കേതിക പരിചയവും പരിജ്ഞാനവും ഇപ്പോഴും സർക്കാർവകുപ്പുകളിൽ തന്നെയാണ്. ജനകീയ താത്പര്യസംരക്ഷണത്തിന്റെ ഭാരം മുഴുവൻ തദ്ദേശസർക്കാരുകളുടെ ചുമലുകളിലാണ് – പക്ഷേ അത് നേടിയെടുക്കാനാവശ്യമായ സ്വാതന്ത്ര്യം, വിഭവങ്ങൾ, സാങ്കേതികപരിചയം, ഇതൊന്നും ഈ സ്ഥാപനങ്ങൾക്കില്ല. അവിടെ സൃഷ്ടിച്ചിട്ടുള്ള ഭരണപരവും സാങ്കേതികവുമായ സംവിധാനങ്ങളിൽ പലപ്പോഴും ഗുണംപറ്റികളുടെ അതിപ്രസരമുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
വിപണിമത്സരത്തിന്റെ ഭാഗമല്ലെങ്കിലും അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ജനങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന അല്പവിഭവങ്ങളായി ജനക്ഷേമം മാറിക്കൊണ്ടിരിക്കുന്ന പ്രക്രിയയും വിപത്-ഭരണത്തിന്റെ സവിശേഷതയത്രെ. തദ്ദേശസർക്കാരുകളുടെ ക്ഷേമപ്രവർത്തനത്തിൽ ഈ രക്ഷാപ്രവർത്തനത്തിന്റെയും നാമമാത്രമായ പുനരധിവാസത്തിന്റെയും പങ്ക് കൂടിക്കൂടിവരുന്നു. എന്നാൽ ഹിംസയിലൂന്നിയതുകൊണ്ടുതന്നെ വിപത്-ഭരണം ഒരുതരത്തിലുള്ള ജനാധിപത്യ-വിശദീകരണ-ഉത്തരവാദിത്വത്തെയും അംഗീകരിക്കുന്നില്ല. തദ്ദേശസർക്കാരുകളുടെ രീതികളിൽ പോലും ജനങ്ങളോട് തീരുമാനങ്ങളെ വിശദീകരിക്കാനും അവയുടെ ഉത്തരവാദിത്വം ഏൽക്കാനുമുള്ള മടി കൂടുതൽ പ്രകടമായിവരുന്നു.
മൂന്ന്
വിപത്- ഭരണത്തിന്റെ പ്രകടമായ മറ്റു സ്വഭാവങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.
ഉപദേശീയ തന്മയെ – മലയാളിയെന്ന തന്മയെ – അധികാര- അതിപ്രസരത്തെയും അനീതിയെയും പുറത്തുകാട്ടാതിരിക്കാനുള്ള മറയായി പ്രയോഗിക്കുന്നതും വിപത്- ഭരണത്തിന്റെ ശ്രദ്ധേയമായ സ്വഭാവമാണ്. അതായത്, സാമൂഹ്യനീതി പ്രശ്നങ്ങളെ മലയാളിയുടെ ഭൂതകാലത്തിലേക്ക് നാടുകടത്തുക, അവ അധികവും ഭൂതകാലത്തിൽ തന്നെ പരിഹരിക്കപ്പെട്ടതായി നടിക്കുക, മലയാളിയെ ഇന്നു തുറിച്ചുനോക്കുന്ന വൻവിപത്തുകളെ നേരിടാൻ ‘മലയാളിത്തം’ മാത്രം മതി എന്ന് മേനിപറയുക – ഇതെല്ലാം ഇന്ന് അതിസാധാരണമാണ്. ‘മലയാളിത്തം മതി’യെന്ന മുദ്രാവാക്യം (ഇതേ വാക്കുകളിലല്ലെങ്കിലും) 2017-ലെ പ്രളയകാലത്തും 2020-മുതലുണ്ടായ മഹാമാരിക്കാലത്തും, ഈ വർഷത്തെ മലയിടിച്ചിലിനുശേഷം നടന്ന രക്ഷാപ്രവർത്തനത്തിലും ഇടമുറിയാതെ നാം കേട്ടു.
ഈയവസരങ്ങളിലെല്ലാം മലയാളികളുടെ ഒത്തുചേർന്നുള്ള പ്രവർത്തനം അഭിനന്ദനകരമായിരുന്നു, സംശയമില്ല. പക്ഷേ തദ്ദേശ ഇരപിടിയൻ മുതലാളിത്തത്തിന്റെയും അന്ധമായ ഉപഭോഗവാസനകളുടെയും ആഗോളതലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിണിതഫലങ്ങളെ – ജീവനഷ്ടം മാത്രമല്ല, തലമുറനഷ്ടം തന്നെ ഒരുപക്ഷെ ഉണ്ടാക്കാനിടയുള്ള ദുരന്തങ്ങളെ – തടയാനുള്ള ജനകീയ ശക്തിയായി പ്രതിസന്ധിഘട്ടങ്ങളിലുണ്ടാകുന്ന ഈ കൂട്ടായ്മാബോധത്തെ മാറ്റിയെടുക്കാൻ വിപത്-ഭരണം മെനക്കെടില്ലെന്ന് കഴിഞ്ഞ വർഷങ്ങളിലെ ദുരന്തങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്നു. അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കാനോ അവയെ പരിഹരിക്കാനോ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറച്ചുകാണിക്കാൻ ആ വാദം ഉപയോഗിക്കപ്പെടുമ്പോഴാണ് പ്രശ്നം. ഈ ശ്രമങ്ങളുടെ വിലയിടിക്കാൻ നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്നതുകൊണ്ടുകൂടിയാണ് ഇന്നത്തെ കേരളഭരണത്തെ വിപത്- ഭരണം എന്നു പേരിട്ടു വിളിക്കേണ്ടിവരുന്നത്. പുതിയ വെല്ലുവിളികളെ നേരിടാൻ ആവശ്യമാംവിധം നമ്മെ ഐക്യപ്പെടുത്തുന്ന, ജനാധിപത്യവത്ക്കരിക്കപ്പെട്ട, ഒരു പുതിയ പ്രാദേശികതന്മ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെത്തന്നെ ഇത് ഇരുട്ടിലാക്കുന്നു.
പൊതുവെ പറഞ്ഞാൽ, സിവിൽ സമൂഹത്തെ ഭരണകൂടം ആവശ്യപ്പെടുന്ന അദ്ധ്വാനം ഏറ്റവും ചെലവു കുറച്ച് ചെയ്തുകൊടുക്കുന്ന സേനയായി ഇകഴ്ത്താനുള്ള പ്രവണതയാണ് വിപത്-ഭരണത്തിന്റേത്. കുടുംബശ്രീ വനിതകളെ തദ്ദേശസർക്കാർ തലത്തിൽ കൂലി കുറഞ്ഞതും അയവുള്ളതുമായ ഭരണ-അദ്ധ്വാനസേനയായി വിനിയോഗിക്കുന്നത് അപരിചിതക്കാഴ്ചയല്ല, ഇന്ന് കേരളത്തിൽ. അതുപോലെയാണ് ദുരന്തങ്ങൾ കഴിഞ്ഞുള്ള ദിനങ്ങളിലുണ്ടാകുന്ന സിവിൽസമൂഹ ഉണർച്ചകളുടെയും കാര്യം. രക്ഷാപ്രവർത്തനത്തിനും ക്ഷേമവിഭവവിതരണത്തിനും മറ്റും പ്രയോജനപ്പെടുത്താനുള്ള ചെലവില്ലാത്ത അദ്ധ്വാനസേനകളാണ് അവ, ഭരണകൂടദൃഷ്ടിയിൽ.
വിപത്-ഭരണ പൂർണമായും സ്വജനപക്ഷപാതത്തിലൂന്നിയ ഭരണം കൂടിയാണ്. പാർട്ടിബന്ധുക്കൾ, പാർട്ടിക്കു ധനസഹായം ചെയ്യുന്നവർ മുതലയാലവരെ എല്ലാ തലത്തിലും ജോലിക്കെടുത്ത്, സർക്കാർ വഴിയുള്ള എല്ലാ ധനാർജനസാധ്യതകളും രാഷ്ട്രീയകക്ഷിയിലൂടെ ആക്കുന്നത് അതിന്റെ സ്വഭാവമാണെന്ന് വ്യക്തമായിരിക്കുന്നു.
രണ്ടാമതായി; കേരളമെന്ന പ്രദേശത്തിന്റെ ഇക്കോളജീയവും സാമൂഹ്യവുമായ സുസ്ഥിതികളെ പൂർണമായും ഇല്ലാതാക്കുന്ന ഭരണമാണ് ഇന്നത്തെ വിപത്- ഭരണം. പ്രകൃതിവിഭവങ്ങളെ കൊള്ള ചെയ്യാനുള്ള അവസരങ്ങളെ പതിന്മടങ്ങു വർദ്ധിപ്പിച്ചുകൊണ്ട്, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ സാമ്പത്തിക ഊക്ക് സ്ഥിരമായി ഉയർത്താനും അതിന് അനുയോജ്യമായ സവിശേഷ തദ്ദേശ അധികാരവലയങ്ങൾ എല്ലായിടത്തും വളർത്താനും ഈ ഭരണം ശ്രദ്ധിക്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രകൃതിരക്ഷാപരമായ ഉത്തരവാദിത്വങ്ങളെ പൂർണമായും കീഴ്പ്പെടുത്തുകയോ മറികടക്കുകയോ ചെയ്യുന്ന, അവയെ ധിക്കരിക്കുകയും പിടിച്ചടക്കുകയും ചെയ്യുന്ന, വലയങ്ങളാണിവ. ഇവയ്ക്കുള്ളിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ പോലീസും സർക്കാർ ജനക്ഷേമസ്ഥാപനങ്ങളും ജനവിരുദ്ധമായിത്തീരുന്നു.
ഇക്കോളജിയെ മാത്രമല്ല, സാമൂഹ്യജീവിതത്തെയും വിപത്- ഭരണം ദുർബലപ്പെടുത്തുന്നു. സമൂഹത്തെ ജനാധിപത്യവത്ക്കരിക്കാൻ ഉതകുന്നതിനുപകരം അത് സാമൂഹ്യജനാധിപത്യത്തെ അപായപ്പെടുത്തുന്നു.
ഉദാഹരണത്തിന്, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പൊതുസ്ഥാപനങ്ങൾ ഈ വലയങ്ങളുടെ കൈയിലകപ്പെടുമ്പോൾ.
നല്ല ഒരു ഉദാഹരണം, കേരളത്തിലെ ശിശുക്ഷേമസംവിധാനം തന്നെ. 2021-ൽ കേരളത്തിൽ വിവാദമായിത്തീർന്ന കുട്ടിക്കടത്തു കേസിൽ ഈ സംവിധാനം നേരിട്ട് ഉപയോഗിക്കപ്പെട്ടതുതന്നെ. അക്കാര്യത്തിൽ യാതൊരു വിശദീകരണ- ഉത്തരവാദിത്വമോ, നിയമപരമായ ഉത്തരവാദിത്വമോ കാട്ടാൻ സർക്കാർ തയ്യാറായില്ലെന്നു മാത്രമല്ല, അതിൽ കടുത്ത ആരോപണങ്ങൾ നേരിട്ടവരെ വീണ്ടും വളർത്താനാണ് ഭരണകക്ഷി തയ്യാറായത്. ഈ സത്യം നമ്മെ ഞെട്ടിക്കുന്നില്ലെങ്കിൽ അത് വിപത്- ഭരണം നമുക്ക് അത്രത്തോളം പരിചിതമായിക്കഴിഞ്ഞിരിക്കുന്നതുകൊണ്ടു മാത്രമാണ്.
ഇതിനു നേർവിപരീതമായി, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്ക്കായി ഉണ്ടാക്കപ്പെട്ട നിയമങ്ങളെ രാഷ്ട്രീയവൈരികളോ ശല്യക്കാരോ ആയി തിരിച്ചറിയപ്പെട്ടവർക്കെതിരെ പ്രയോഗിക്കാൻ വിപത്- ഭരണം ഉത്സാഹിക്കുന്നു. കാരണം, വിപത്-ഭരണത്തിന് അധികാരപ്രയോഗത്തിലെ ധാർമ്മികതയോ അധാർമ്മികതയോ തിരിച്ചറിയേണ്ടതില്ല. എല്ലാ നിയമങ്ങളും സ്വന്തം വഴിയിലെ തടസ്സങ്ങളെ തുടച്ചുനീക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്, അതിന്റെ നോട്ടത്തിൽ.
മൂന്നാമതായി; മുൻപു സൂചിപ്പിച്ചതു പോലെ, വിപത്-ഭരണ പൂർണമായും സ്വജനപക്ഷപാതത്തിലൂന്നിയ ഭരണം കൂടിയാണ്. പാർട്ടിബന്ധുക്കൾ, പാർട്ടിക്കു ധനസഹായം ചെയ്യുന്നവർ മുതലയാലവരെ എല്ലാ തലത്തിലും ജോലിക്കെടുത്ത്, സർക്കാർ വഴിയുള്ള എല്ലാ ധനാർജനസാധ്യതകളും രാഷ്ട്രീയകക്ഷിയിലൂടെ ആക്കുന്നത് അതിന്റെ സ്വഭാവമാണെന്ന് വ്യക്തമായിരിക്കുന്നു. ഇത് ധാർമ്മിക വിപത്ത് അഥവാ moral hazard ഉണ്ടാകുന്നതിന്റെ സാധ്യതയെ വല്ലാതെ വർദ്ധിപ്പിക്കുന്നു. അതായത്, സ്വജനപക്ഷപാതത്തിലൂടെ പ്രധാനപ്പെട്ട ഭരണപരവും അല്ലാത്തതുമായ ചുമതലകൾ ഏറ്റെടുക്കുന്നവരിൽ അവരുടെ ഉത്തരവാദിത്വങ്ങളെ നൈതികതയോടെയും കൃത്യതയോടെയും നിർവഹിക്കാനുള്ള ത്വര കുറഞ്ഞുതന്നെയിരിക്കും. ഇത് ഭരണത്തിന്റെ കാര്യക്ഷമതയെയും ഭരണഘടനാമൂല്യങ്ങളോടുള്ള അതിന്റെ പ്രതിബദ്ധതയെയും ബാധിക്കുമെന്നത് തർക്കമറ്റ കാര്യമാണ്.
നാലാമതായി; വിപത്- ഭരണം ഏറെക്കുറെ മുതുക്കൻ- ഭരണം കൂടിയാണ് – അതായത്, യുവജനങ്ങളെ ശിശുവത്ക്കരിക്കുന്ന സ്വഭാവമുള്ളത്. യുവത്വത്തെ സാമൂഹ്യജനാധിപത്യവത്ക്കരണ ശക്തിയായി കാണുന്ന രീതി ഇവിടുത്തെ രാഷ്ട്രീയ-അധികാരിവർഗം അധികവും ഉപേക്ഷിച്ചുകഴിഞ്ഞു. വിദ്യാർത്ഥിസംഘടനകളുടെ സ്വയംനിർണയവും രാഷ്ട്രീയമായ സർഗപരതയും അസ്തമിച്ചുകഴിഞ്ഞു – മേൽവിവരിച്ച ഗുണംപറ്റിവർഗത്തിലേക്കുള്ള റിക്രൂട്ടിങ് ഏജൻസികളായി മാറിയിരിക്കുന്നു അവ.
വിപത്- ഭരണം ഏറെക്കുറെ മുതുക്കൻ- ഭരണം കൂടിയാണ് – അതായത്, യുവജനങ്ങളെ ശിശുവത്ക്കരിക്കുന്ന സ്വഭാവമുള്ളത്.
നാല്
അവസാനമായി, വിപത്- ഭരണത്തിന്റെ കേന്ദ്രത്തിൽ 21-ാം നൂറ്റാണ്ടിലെ മലയാളിസമൂഹത്തിൽ പുതിയ രൂപഭാവങ്ങൾ പേറി പ്രത്യക്ഷമാകുന്ന മുതുകാരണവാധികാരസ്വഭാവമുള്ള പിതൃമേധാവിത്വമാണുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ച ഹാദിയാ കേസും അനുപമാ ചന്ദ്രൻ കേസും ഇതിന് തെളിവാണ്. രണ്ടിലും യുവതികൾ അവരുടെ യാഥാസ്ഥിതിക കുടുംബ- സമുദായ അധികാരികളെ (സി.പി.എമ്മിന്റെ സാമൂഹികതയ്ക്കും ജാതിസമുദായസ്വഭാവം തന്നെയാണ് വലിയൊരളവുവരെ ഉള്ളത്) ധിക്കരിച്ചതാണ് വിവാദമായത്. രണ്ടിലും പരാതിക്കാരികളുടെ ശബ്ദങ്ങളെ അവഗണിച്ചും അവരുടെ ചിന്താശേഷിയെ അംഗീകരിക്കാൻ വിസമ്മതിച്ചും അവരെ യാഥാസ്ഥിതിക കുടുംബ-സമുദായ വലയങ്ങളിലേക്ക് മടക്കാനും ഒതുക്കാനുമാണ് മലയാളി പുരോഗമന മുഖ്യധാരയടക്കം ശ്രമിച്ചത്. മാത്രമല്ല, ഈ കേസുകളിൽ പരാതിക്കാരികളുടെ ജീവിതപങ്കാളികളെ കുറ്റാരോപിതരുടെ സ്ഥാനത്തേയ്ക്ക് തള്ളയിടാൻ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ഗുണപറ്റിവർഗവും ഉത്സാഹിച്ചതും ശ്രദ്ധേയമാണ്. പരാതിക്കാരികൾ സ്വയം തെരെഞ്ഞെടുത്ത പങ്കാളികളെ, ഈ സ്ത്രീകളെ ‘വശീകരിച്ച’വരായി ചിത്രീകരിക്കുന്നതിൽ വിപത്- ഭരണത്തിന്റെ മുതുകാരണവ- സ്വഭാവം പ്രകടമായി – അതായത്, ‘വശീകരിക്കപ്പെട്ട’ സ്ത്രീകളെ ആ ‘വശീകരണങ്ങളിൽ’ നിന്ന് തിരിച്ചെടുത്ത് ‘യഥാർത്ഥ ഉടമ’കളായ കുടുംബത്തെയും സമുദായത്തെയും ഏൽപ്പിക്കാനായിരുന്നു വിപത്- ഭരണത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായ സകലരും ശ്രമിച്ചത് – കുറഞ്ഞപക്ഷം, അതിനെയാണ് അവർ അനുകൂലിച്ചത്.
പക്ഷേ സാമൂഹ്യ ഇടത്തിൽ മാത്രമല്ല ഈ മുതുകാരണവ- പിതൃമേധാവിത്വത്തിന്റെ വിളയാട്ടെമെന്ന് കാണിക്കുന്ന സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, നവീൻബാബു എന്ന ഉദ്യോഗസ്ഥന്റെ ജീവനെടുത്തത് വിപത്- ഭരണമാണ്. പഴയകാല പിതൃമേധാവിത്വസംസ്കാരം- അതായത്, മുതുകാരണവഭരണത്തിനു കീഴിൽ സാധ്യമായിരുന്ന സ്വേച്ഛാധിപത്യം – പൊതുഭരണരംഗത്തും പുനഃസ്ഥാപിക്കപ്പെടുന്നതാണ് പ്രശ്നം.
ജെന്റർ എന്ന വ്യാഖ്യാന- ഉപാധി പിതൃമേധാവിത്വ അധികാരത്തെ 'ആൺ-ലക്ഷണങ്ങൾ' പേറുന്ന ശരീരങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്ന രീതിയെ തള്ളിക്കളയുന്നു. ആ ചില്ലിലൂടെ നോക്കുമ്പോൾ പുതിയ കാരണവാധികാരത്തിന്റെ വാഹക ദിവ്യ എന്ന പാർട്ടി സന്തതിയാണ്. അധികാരശ്രേണിയിൽ ഭരണകക്ഷി രാഷ്ട്രീയക്കാർ മുകളിലും ഉദ്യോഗസ്ഥർ താഴെയുമായി നിൽക്കുന്ന ഭരണസംവിധാനത്തിൽ കീഴ് നില കല്പിക്കപ്പെടുന്ന ഭരണസംവിധാനത്തിൽ പുരുഷാധികാരനിലയിൽ പി.പി. ദിവ്യയാണുണ്ടായിരുന്നത് – അവരുടേത് സ്ത്രീശരീരമാണെങ്കിലും. ഇതുകൊണ്ടാണ് കീഴ്നിലയിലുള്ള പുരുഷനായ ഉദ്യോഗസ്ഥനോട് ശരിക്കും പിതൃമേധാവിത്വപരമായ ഹിംസ പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞത്. അഥവാ, മുതുകാരണവാധികാരത്തിന്റെ വാഹകയായി സ്വയം കരുതിയ അവർ അതെടുത്ത് പ്രയോഗിച്ചു. ആ പ്രയോഗത്തിന്റെ അനന്തരഫലങ്ങൾ അവരുടെ കൈവിട്ടുപോയെങ്കിലും, അവർ അതിനെ തുടർന്നും ന്യായീകരിച്ചു.
പക്ഷേ വിപത്- ഭരണം സ്ത്രീകളെ കാരണവാധികാരത്തിന്റെ വാഹകരായി എല്ലാ സാഹചര്യങ്ങളിലും അംഗീകരിക്കുന്നു എന്നല്ല ഇതിന്റെ അർത്ഥം. മരിച്ച വ്യക്തി ഇതേ രാഷ്ട്രീയത്തറവാട്ടിലെ ഒരു മാന്യപുരുഷനാണെന്ന വസ്തുത ചോദ്യംചെയ്യാനാവാത്തവിധം പരസ്യമാകുംവരെ ദിവ്യയുടെ അധികാരപ്രയോഗത്തെ അഴിമതിവിരുദ്ധപ്പോരാട്ടമായി മാന്യവത്ക്കരിച്ചവർ അനവധിയായിരുന്നു. പക്ഷേ അതു പുറത്തുവന്നതോടെ ദിവ്യ സ്ത്രീത്വത്തിലേക്ക് നാടുകടത്തപ്പെട്ടു – മുതുകാരണവാധികാരം സ്ത്രീകൾ സ്ഥിരമായി കൈവശംവയ്ക്കാൻ വിപത്-ഭരണം അനുവദിക്കുന്നില്ല. മുതലാളിത്ത പൂർവകുടുംബത്തിലെ അധികാരയുക്തികളെ അത് കൃത്യമായിത്തന്നെ പിൻതുടരുന്നു.
മലയാളിസമൂഹത്തെ ഘടനവത്ക്കരിച്ചതും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിക്ക് കീഴ് വഴങ്ങാത്തതുമായ എല്ലാ അധികാരരൂപങ്ങളും അവയെ മൂടിയിരുന്ന സകല ആട്ടിൻതോലുകളെയും വലിച്ചുനീക്കിക്കളഞ്ഞ് പ്രകടമായിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ആകത്തുകയെയാണ് ഞങ്ങൾ വിപത്- ഭരണമെന്നു വിളിക്കുന്നത്. മലയാളിസമൂഹത്തെ ജനാധിപത്യവത്ക്കരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അതേപ്പറ്റി ജാഗ്രത പാലിക്കേണ്ടതുണ്ട്.