ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയി,
ഐ.ടി കമ്പനിയിലെ അന്ന;
ഒരേ വ്യവസ്ഥയുടെ ഇരകൾ

എങ്ങനെയാണോ മനുസ്മൃതി വർണ്ണബാഹ്യജാതികളെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയത്, അതേ നിലയിൽ തന്നെയാണ് കേരള ഭൂപരിഷ്കരണം പട്ടികജാതി കോളനി മനുഷ്യരെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയിട്ടുള്ളത്. കോളനിക്കകത്തെ ഒരു വ്യക്തിയുടെ കഴിവുകൊണ്ടുമാത്രം മറികടക്കാൻ കഴിയുന്ന ഒരു തടവറയല്ലത്. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിയുടെ അധികാര അവകാശ വിഭവ പുനർവിതരണത്തിലെ അസമത്തങ്ങളുടെ സൃഷ്ടിയാണ് പട്ടികജാതി കോളനികൾ- ശ്രീനിജ് കെ.എസ്., സിയർ മനുരാജ് എഴുതുന്നു.

മയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് കരാർ തൊഴിലാളിയായ ജോയി മരിക്കാനിടയായത് ആകസ്മിക ദുരന്തമാണോ അതോ അധികാരികളുടെ പിടിപ്പുകേടുകൊണ്ടുണ്ടായതും ഒഴിവാക്കാൻ കഴിയുന്നതുമായിരുന്നുവോ എന്ന് പല തലത്തിൽ വിശകലനം ചെയ്യാം.

‘കേരള മോഡൽ’ വികസനത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നല്ല നിലയിൽ പഠനം പൂർത്തിയാക്കി മികച്ച ശമ്പളവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളുമുള്ള മറ്റൊരു ജോലി നേടാനുള്ള അവസരം ഉപയോഗപ്പെടുത്താതെ, ‘മാലിന്യനീക്കം’ പോലെ, സാമൂഹ്യമായും ശാരീരികമായും ‘നാറുന്ന’ ഒരു ജോലി ചെയ്യാനുള്ള ജോയിയുടെ തീരുമാനം ‘അയാളുടെ മാത്രം തിരഞ്ഞെടുപ്പാണെന്നും (Choice) അതിൽ സമൂഹത്തിനോ അധികാരികൾക്കോ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന വാദം പൊതുസമൂഹത്തിൽ ഉയർന്നുവന്നിട്ടുണ്ട്. ആ നിലയ്ക്ക് ജോയിയുടെ മരണം ജോയിയുടെ മാത്രം ഉത്തരവാദിത്തമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്‌.

കേരളത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച അന്ന സെബാസ്റ്റ്യൻ എന്ന പെൺകുട്ടിക്ക് പൂനയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ പോയി അടിമപ്പണി ചെയ്ത് ഹൃദയാഘാതം വന്ൻ മരിക്കേണ്ടിയിരുന്നോ, വീട്ടുകാരുടെ ചെലവിൽ വല്ല കല്യാണവും കഴിച്ചു ജീവിച്ചാൽ മതിയാരുന്നില്ലേ എന്ന് ചോദിക്കുന്നവരുള്ള നാട്ടിൽ ജീവിച്ചുകൊണ്ടാണ് അന്നയുടേയും ജോയിയുടേയും മരണത്തിന് ആർക്കാണ് ഉത്തരവാദിത്തം എന്ന് അന്വേഷിക്കുന്നത്.

മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ  തോട്ടിൽ ജോയിയുടെ മൃതദേഹം തിരയുന്ന സ്കൂബ വിദഗ്ധർ
മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ ജോയിയുടെ മൃതദേഹം തിരയുന്ന സ്കൂബ വിദഗ്ധർ

ജോയി വെറുമൊരു പേര് മാത്രമല്ല. ക്രിസ്തുമതം സ്വീകരിച്ച, ചരിത്രപരമായി അസ്പ്രശ്യരും അയിത്തജാതിക്കാരുമായി ജീവിച്ച മനുഷ്യരുടെ ഇന്നും തുടരുന്ന ജൈവകണ്ണികളിൽ ഒന്നായിരുന്നു അയാൾ എന്നതാണ് ജോയിയുടെ മരണത്തെ സാമൂഹ്യശാസ്ത്രപരമായും രാഷ്ട്രീയമായും പ്രാധാന്യമുള്ള ഒന്നായി മാറ്റുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ, ഇരുട്ടും ചെളിയും ഇടകലർന്ന ഏതോ ഒരിടത്തിൽ അയാൾ ശ്വാസം കിട്ടാതെ മരിച്ചപ്പോൾ, അത് ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ലുണ്ടായ ഒറ്റപ്പെട്ട മരണമായിരുന്നില്ല. ചരിത്രത്തിൽ ഇന്നും തുടരുന്ന സ്ഥാപനപരമായ ജാതിക്കൊലകളുടെ (Institutional caste murder) ഇന്നത്തെ കണ്ണികളിൽ ഒരാൾ മാത്രമാണ് ജോയി എന്ന തിരിച്ചറിവിൽ നിന്നുമാത്രമേ, സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധയും പരിഗണനയും പതിയേണ്ടവരിൽ ഒരാളായിരുന്നു ജോയിയെന്ന മനുഷ്യൻ എന്ന സാമൂഹ്യയഥാർത്ഥ്യം നമുക്കു മുൻപിൽ അനാവരണം ചെയ്യപ്പെടൂ. ഈ തിരിച്ചറിവാണ് ഈ ലേഖനത്തിന്റെ അടിത്തറ.

അന്നയുടെ മരണത്തിനുള്ള പരിഹാരം യോഗയും ഭജനയും ശ്വസനക്രിയകളുമാണെന്ന് ഭരണകൂടം നമ്മളെ പഠിപ്പിക്കാൻ നോക്കുന്നതിനെയാണ് പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയം എന്നു പറയുന്നത്.

ശ്വാസം മുട്ടിമരിച്ച ജോയി നമ്മളോട് പറയാതെ പറഞ്ഞുപോകുന്ന മറ്റൊരു കേരളവികസന സൂചകമാണ്, ശ്വാസം കിട്ടാതെ ജീവിക്കുന്ന, മുപ്പതിനായിരത്തോളം വരുന്ന കേരളത്തിലെ പട്ടികജാതി കോളനികളിലെ മുപ്പത് ലക്ഷത്തോളം വരുന്ന മനുഷ്യരും അവരുടെ ജീവിതങ്ങളും. ജോയിയുടെ മരണം ‘ചത്തതിനൊക്കുമേ ജീവിക്കുന്ന’ ആ മനുഷ്യരുടെ ഓർമപ്പെടുത്തൽ കൂടിയാണ്. ‘കോളനി’ എന്ന് വിളിക്കാതിരുന്നാൽ തീരുന്നത്ര ലളിതമാണ് ആ മനുഷ്യരുടെ പ്രശ്നങ്ങൾഎന്ന് കരുതുന്നവർക്ക് മാത്രം ചോദിക്കാൻ കഴിയുന്ന ചോദ്യമാണ് ‘ജോയിക്ക് പഠിച്ച് ലക്ഷങ്ങൾ വാങ്ങുന്ന ഒരു കോളേജ് അധ്യാപകനായിക്കൂടായിരുന്നോ’ എന്നത്. ‘മാലിന്യം കോരാൻ നിങ്ങളെ ഞങ്ങൾ നിർബന്ധിച്ചോ’ എന്ന വാദം ‘ജാതിയില്ലാ കേരള’ത്തിനകത്ത് എങ്ങനെയാണ് നിശ്ശബ്ദമായി ജാതി പ്രവർത്തിക്കുന്നത് എന്നതിലേക്കുള്ള കിളിവാതിൽ കൂടിയാണ്.

‘ജാതിയുടെ വേദപുസ്തകം’ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന പുസ്തകമാണ് മനുസ്മൃതി. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വർണ്ണങ്ങൾക്കുള്ളിൽ പെടുന്ന മനുഷ്യർ പരസ്പരം സഹകരിച്ചും പോരടിച്ചും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് മനുസ്മൃതി നമുക്ക് നൽകുന്നത്. എന്നാൽ മനുസ്മൃതിയിലെ പത്താം അധ്യായത്തിലാണ് വർണവ്യവസ്ഥയ്ക്ക് വെളിയിൽ താമസിക്കുന്ന മനുഷ്യരെ പറ്റിയുള്ള പ്രതിപാദനം വരുന്നത്. അവരെ മനു സങ്കരജാതികൾ അല്ലെങ്കിൽ വർണ്ണബാഹ്യർ അല്ലെങ്കിൽ ബഹിഷ്കൃത ജാതികൾ അല്ലെങ്കിൽ അസ്പ്രശ്യർ എന്ന് വിളിച്ചു.

ശ്വാസം കിട്ടാതെ ജീവിക്കുന്ന, മുപ്പതിനായിരത്തോളം വരുന്ന കേരളത്തിലെ പട്ടികജാതി കോളനികളിലെ മുപ്പത് ലക്ഷത്തോളം വരുന്ന മനുഷ്യരും അവരുടെ ജീവിതങ്ങളും കൂടി ചേർന്നതാണ് കേരള വികസന സൂചിക,  / Photo: Badusha Fahad, Truecopythink
ശ്വാസം കിട്ടാതെ ജീവിക്കുന്ന, മുപ്പതിനായിരത്തോളം വരുന്ന കേരളത്തിലെ പട്ടികജാതി കോളനികളിലെ മുപ്പത് ലക്ഷത്തോളം വരുന്ന മനുഷ്യരും അവരുടെ ജീവിതങ്ങളും കൂടി ചേർന്നതാണ് കേരള വികസന സൂചിക, / Photo: Badusha Fahad, Truecopythink

വർണവ്യവസ്ഥയിൽ അധിഷ്ഠിതമായ ഗ്രാമങ്ങളുടെ വെളിയിലെ വിഭവരഹിത പുറമ്പോക്കുകളിൽ അവകാശങ്ങളോ അധികാരങ്ങളോ സമ്പത്തോ ഇല്ലാതെ ജീവിക്കേണ്ട മൃഗതുല്യർ ആയ ആളുകളായാണ് അവരെ മനുസ്മൃതി അടയാളപ്പെടുത്തിയത്. വർണഗ്രാമങ്ങളുമായുള്ള അവരുടെ ബന്ധമെന്നത് അധ്വാനകൈമാറ്റം മാത്രമായിരുന്നു. അടിമകളായി അധ്വാനിക്കുക എന്നതിനപ്പുറം മറ്റൊരു തരത്തിലുമുള്ള സാംസ്‌കാരിക വിനിമയവും അസ്പ്രശ്യ ജാതികൾക്കും വർണ്ണ വ്യവസ്ഥയിൽ പെട്ടവർക്കും ഇടയിൽ ഉണ്ടാകാൻ പാടില്ല എന്നായിരുന്നു മനുസ്മൃതിയുടെ വാദം. ജാതിനിയമങ്ങൾ അനുസരിച്ച് സ്വന്തം അധ്വാനം വിൽക്കുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്ന തരത്തിൽ പരിമിതമായ സാമ്പത്തിക തിരഞ്ഞെടുപ്പ് മാത്രമേ വർണബാഹ്യ ജനതകൾക്ക് ഉണ്ടായിരുന്നുള്ളൂ. പണ സമ്പദ് വ്യവസ്ഥയ്ക്ക് (Money Economy) ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാതെ അധ്വാനം ഭക്ഷണവുമായി കൈമാറുന്ന കൈമാറ്റ വ്യവസ്ഥയ്ക്കുള്ളിലാണ് (Barter System) മനുസ്മൃതിയിലെ അസ്പ്രശ്യജാതികൾ ജീവിച്ചത്. അതുകൊണ്ടുതന്നെ സമ്പാദ്യം (Savings), മൂലധനനിക്ഷേപം (Capital Formation and Investment), സ്വത്ത് ആർജ്ജിക്കൽ (Acquiring Wealth) എന്നിവ അസ്പ്രശ്യ ജനതകൾക്ക് അപ്രാപ്യമായിരുന്നു.

അന്നയ്ക്കും ജോയിക്കും വേണ്ടി സംസാരിക്കാൻ ആളില്ലാത്ത വിധം ജനാധിപത്യത്തിലെ രാഷ്ട്രീയഇടങ്ങൾ ശൂന്യമാകുന്നത് ചങ്ങാത്ത മുതലാളിത്തം എത്രമേൽ നമ്മുടെ രാഷ്ട്രീയത്തിലും രാഷ്ട്രതന്ത്രത്തിലും പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ അടയാളമാണ്.

അസ്പ്രശ്യജാതികൾക്ക് വ്യക്തിഗത കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിതത്തിൽ മുന്നേറുക എന്ന സാധ്യത ജാതിയുടെ ഘടനയ്ക്കുള്ളിൽ അസാധ്യമായിരുന്നു. അസ്പ്രശ്യ ജാതിസ്വത്വത്തിന് വെളിയിൽ യാതൊരു അസ്തിത്വവും ഇല്ലാത്ത മനുഷ്യരായിരുന്നു അവർ. അന്നന്നത്തേക്കുള്ളതുമാത്രം നേടാൻ കഴിഞ്ഞിരുന്ന പ്രാചീന നായാട്ട് - ഇരതേടി മനുഷ്യരുടെ തുണിയുടുത്ത രൂപങ്ങൾ മാത്രമായിരുന്നു മനുസ്മൃതിയിലെ അസ്പ്രശ്യ മനുഷ്യർ. ഈ മനുഷ്യരിൽ നിന്നാണ് അംബേദ്‌കർ ഉണ്ടായത്. അംബേദ്‌കർ പെട്ടന്നൊരു ദിവസം പൊട്ടിമുളച്ച ഒരത്ഭുതമനുഷ്യനായിരുന്നില്ല. വിഭവരഹിത അസ്പ്രശ്യ ഗ്രാമങ്ങളിൽ നൂറ്റാണ്ടുകൾ ജീവിച്ച മനുഷ്യർക്ക് ജാതിബാഹ്യ തൊഴിലിടങ്ങളും പണവും ക്രയശേഷിയും അവകാശങ്ങളും പൊതു ഇടങ്ങളും ബ്രിട്ടീഷ് ഭരണം നൽകിയതിന്റെ പരിണിതഫലങ്ങളിൽ ഒന്നായിരുന്നു അംബേദ്‌കറും.

സ്വതന്ത്ര ഇന്ത്യ സംവരണത്തിലൂടെ അംബേദ്കറുടെ പോലെ വിദ്യാഭ്യാസമുള്ള പട്ടികജാതി മനുഷ്യരെ ഉണ്ടാക്കി. എന്നാൽ കേവല സംവരണം കൊണ്ടുമാത്രം കീഴടക്കാൻ കഴിയാത്തത്ര ജാതിക്കോട്ടകൾക്കുള്ളിൽ തടവറയിൽ കിടക്കുന്ന അദൃശ്യമനുഷ്യരുടെ സങ്കേതങ്ങളാണ് കേരളത്തിലെ ജാതിക്കോളനികൾ. അവരിൽ നിന്ന് ആയുസ്സെത്താതെ മരിക്കുന്ന നിർഭാഗ്യവാന്മാരാണ് ജോയിമാർ. അധ്വാനിക്കുക അല്ലെങ്കിൽകൊല്ലപ്പെടുക എന്ന മനുസ്മൃതി യുക്തി തന്നെയാണ് ജോയിയുടെ മരണം തീരുമാനിച്ചത്, അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന പട്ടികജാതി കോളനികളിലെ മനുഷ്യരുടെ ജീവിതവും നിശ്ചയിക്കുന്നത്.

അംബേദ്‌കർ പെട്ടന്നൊരു ദിവസം പൊട്ടിമുളച്ച ഒരത്ഭുതമനുഷ്യനായിരുന്നില്ല. വിഭവരഹിത അസ്പ്രശ്യ ഗ്രാമങ്ങളിൽ നൂറ്റാണ്ടുകൾ ജീവിച്ച മനുഷ്യർക്ക് ജാതിബാഹ്യ തൊഴിലിടങ്ങളും പണവും ക്രയശേഷിയും അവകാശങ്ങളും പൊതു ഇടങ്ങളും ബ്രിട്ടീഷ് ഭരണം നൽകിയതിന്റെ പരിണിതഫലങ്ങളിൽ ഒന്നായിരുന്നു അംബേദ്‌കറും.
അംബേദ്‌കർ പെട്ടന്നൊരു ദിവസം പൊട്ടിമുളച്ച ഒരത്ഭുതമനുഷ്യനായിരുന്നില്ല. വിഭവരഹിത അസ്പ്രശ്യ ഗ്രാമങ്ങളിൽ നൂറ്റാണ്ടുകൾ ജീവിച്ച മനുഷ്യർക്ക് ജാതിബാഹ്യ തൊഴിലിടങ്ങളും പണവും ക്രയശേഷിയും അവകാശങ്ങളും പൊതു ഇടങ്ങളും ബ്രിട്ടീഷ് ഭരണം നൽകിയതിന്റെ പരിണിതഫലങ്ങളിൽ ഒന്നായിരുന്നു അംബേദ്‌കറും.

എങ്ങനെയാണ് മനുസ്മൃതി കേരളത്തിലെ പട്ടികജാതി കോളനികളിൽ പ്രവർത്തിക്കുന്നത് എന്ന് നോക്കാം. നായാടുക- പെറുക്കി തിന്നുക എന്നതിനപ്പുറമുള്ള ഒരു ജീവിതം അസാധ്യമാകുന്ന തരത്തിൽ കേരളത്തിലെ ജാതിക്കോളനികൾ അവിടെ താമസിക്കുന്ന മനുഷ്യരെ വിഭവരഹിതരാക്കി നിർത്തിയിരിക്കുകയാണ്.

കേരളം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണം ചവച്ചുതുപ്പിയ എച്ചിലായിരുന്നു മുപ്പതിനായിരത്തോളം വരുന്ന പട്ടികജാതി കോളനികൾ. കേരളത്തിലെ പട്ടികജാതി- പട്ടികവർഗ്ഗ ഇതര മനുഷ്യർ എല്ലാവരും സാമ്പത്തികമായി വികസിച്ചത് അവരുടെ കൈവശമുള്ള ഭൂമി വിറ്റിട്ടോ ബാങ്കുകളിൽ പണയം വെച്ചിട്ടോ ആണ്. ഭൂമിയുടെ കമ്പോളത്തിലേക്കുള്ള പ്രവേശനം ഭൂമിയുടെ വിലയായോ ഭൂമിക്കുമേലുള്ള വായ്പയായോ ഉറപ്പിക്കാൻ കഴിഞ്ഞ ആളുകൾ മാത്രമാണ് കേരളത്തിൽ സാമ്പത്തിക ഉന്നമനം നേടിയിട്ടുള്ളൂ. കുന്നിൽപുറങ്ങളിലും ചതുപ്പിലും പാടവരമ്പത്തും പാറപ്പുറത്തുമായി കിടക്കുന്ന രണ്ടോ മൂന്നോ സെന്റ് വരുന്ന ഭൂമികൾ ചേർന്ന പട്ടികജാതികോളനികൾവിൽക്കാനോ പണയം വെക്കാനോ പോയിട്ട് ഒരു കുടുംബത്തിന് അന്തസ്സായി ജീവിക്കാൻ പോലുമോ കഴിയാത്ത ഇടമാണ്.

ആധുനിക ഭരണകൂടങ്ങൾ, നൂറു വർഷങ്ങൾക്കുമുൻപ് കാൾ മാർക്സ് നിരീക്ഷിച്ചതുപോലെ, ‘മുതലാളിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു കമീഷൻ എജന്റ്റ്’ മാത്രമായി അധഃപ്പതിച്ചിരിക്കുന്നു.

ചെന്നൈയില്‍ തൊഴിൽ സമ്മർദത്തെതുടർന്ന് ജീവനൊടുക്കിയ ഐ.ടി പ്രൊഫഷണല്‍ കാര്‍ത്തികേയന്‍. പല്ലാവരത്തെ സോഫ്റ്റ്​വെയർ കമ്പനി ജീവനക്കാരനായിരുന്നു.
ചെന്നൈയില്‍ തൊഴിൽ സമ്മർദത്തെതുടർന്ന് ജീവനൊടുക്കിയ ഐ.ടി പ്രൊഫഷണല്‍ കാര്‍ത്തികേയന്‍. പല്ലാവരത്തെ സോഫ്റ്റ്​വെയർ കമ്പനി ജീവനക്കാരനായിരുന്നു.

കോളനികൾ പ്രാചീന മനുഷ്യർ താമസിച്ച ഗുഹകൾക്ക് തുല്യമായ ഇടങ്ങൾ മാത്രമാണ്. അവയ്ക്ക് സാമ്പത്തികമായി വികസിക്കാൻ കഴിയുകയില്ല. ബാങ്ക് വായ്പ നേടാൻ കഴിയുന്ന ഒരു പണയഉരുപ്പടിയായി (Collateral Security) മാറാൻ ഒരിക്കലും പട്ടികജാതി കോളനികളിലെ ഭൂമികൾക്ക് കഴിയില്ല. അതായത് ഭൂമിയുടെ കമ്പോളത്തിലേക്ക് യാതൊരു തരത്തിലും പ്രവേശിക്കാൻ കോളനികളിൽ താമസിക്കുന്ന പട്ടികജാതികൾക്ക് കഴിയില്ല. ഭൂമി വിറ്റോ പണയം വെച്ചോ മൂലധനം സമ്പാദിക്കാൻ പട്ടികജാതികൾക്ക് കഴിയില്ല എന്നതിനർത്ഥം അവർ കോളനിയിലെ മൂന്നു സെന്റ് കുന്നിൻപുറത്ത് കഴിയുന്നത്ര കാലം അവർ അന്നന്നത്തേക്കുള്ള അന്നം മാത്രം നേടുന്ന പെറുക്കിതീനികൾ മാത്രമായി തുടരേണ്ടിവരും എന്നാണ്. പട്ടികജാതി കോളനി ഒരു അവികസനത്തിന്റെ വിഷമവൃത്തമാണ് (Vicious Circle of under development).

കോളനികളിലെ ആളുകൾ പഠിക്കാത്തതുകൊണ്ടോ അവർ മദ്യപിക്കുന്നതുകൊണ്ടോ അവർ തമ്മിൽ തമ്മിൽ വഴക്കുണ്ടാക്കുന്നതുകൊണ്ടോ അവർക്ക് സമ്പാദ്യമില്ലാത്തതുകൊണ്ടോ അവർക്ക് സാമ്പത്തികമായി ഉയരണമെന്ന ചിന്ത ഇല്ലാത്തതുകൊണ്ടോ അല്ല അവർ ഈ അവികസന വിഷമവൃത്തത്തിൽ ചുറ്റിത്തിരിയുന്നത്. എങ്ങനെയാണോ മനുസ്മൃതി വർണ്ണബാഹ്യജാതികളെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയത്, അതേ നിലയിൽ തന്നെയാണ് കേരള ഭൂപരിഷ്കരണം പട്ടികജാതി കോളനി മനുഷ്യരെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയിട്ടുള്ളത്. കോളനിക്കകത്തെ ഒരു വ്യക്തിയുടെ കഴിവുകൊണ്ടുമാത്രം മറികടക്കാൻ കഴിയുന്ന ഒരു തടവറയല്ലത്. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിയുടെ അധികാര അവകാശ വിഭവ പുനർവിതരണത്തിലെ അസമത്തങ്ങളുടെ സൃഷ്ടിയാണ് പട്ടികജാതി കോളനികൾ.

എങ്ങനെയാണോ മനുസ്മൃതി വർണ്ണബാഹ്യജാതികളെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയത്, അതേ നിലയിൽ തന്നെയാണ് കേരള ഭൂപരിഷ്കരണം പട്ടികജാതി കോളനി മനുഷ്യരെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയിട്ടുള്ളത്. / Photo: Badusha Fahad, Truecopythink
എങ്ങനെയാണോ മനുസ്മൃതി വർണ്ണബാഹ്യജാതികളെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയത്, അതേ നിലയിൽ തന്നെയാണ് കേരള ഭൂപരിഷ്കരണം പട്ടികജാതി കോളനി മനുഷ്യരെ വിഭവരഹിത പുറമ്പോക്കുകളിൽ തടവിലാക്കിയിട്ടുള്ളത്. / Photo: Badusha Fahad, Truecopythink

അതായത് ജാതി ഘടനയ്ക്കുള്ളിലാണ് കോളനികൾ സ്ഥിതി ചെയ്യുന്നത്. ജാതിഘടനയ്ക്കുള്ളിൽ സാമൂഹ്യ അധികാരവും പദവിയും കുറഞ്ഞ പട്ടികജാതികളെ കുന്നിൻപുറങ്ങളിലും ചതുപ്പിലും പാറക്കെട്ടിലും പുനഃപ്രതിഷ്ഠിച്ചതാണ് കേരളത്തിന്റെ ഭൂപരിഷ്കരണചരിത്രത്തിലെ സാമ്പത്തിക വിഗ്രഹപ്രതിഷ്ഠ. അരുവിപ്പുറം സംസ്കാരികതലത്തിലെ പ്രതിഷ്ഠയാണെങ്കിൽ പട്ടികജാതി കോളനികൾ രാഷ്ട്രീയ- സാമ്പത്തിക തലത്തിലെ വിഗ്രഹ പ്രതിഷ്ഠയായിരുന്നു. പട്ടികജാതികളെ ഒരു പ്രതിഷ്ഠയാക്കുകയും കൊല്ലം കൊല്ലമുള്ള രാഷ്ട്രീയ ഉത്സവങ്ങളിൽ കെട്ടുകാഴ്ചയിലെ ഒരിനമാക്കി സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ വഞ്ചനയാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം അവരോട് ചെയ്തത്. കോളനികളിൽ കഴിയുന്നത്ര കാലം കോളനിയെ ‘സ്വർഗ്ഗം’ എന്നുവിളിച്ചാലും അവിടെ താമസിക്കുന്നവർ സ്വയം വളരാൻ കഴിയാത്ത പ്രതിഷ്ഠകൾ മാത്രമായി കഴിയേണ്ടിവരും. പേരുമാറ്റുകയല്ല പട്ടികജാതി കോളനികൾക്ക് വേണ്ടത്, മറിച്ച് ജാതിഘടനയുടെ അധികാര വിഭവ പുനർവിതരണത്തിൽ അർഹിക്കുന്ന പങ്കാളിത്തം അവിടുത്തെ മനുഷ്യർക്ക് കൊടുക്കുകയാണ് വേണ്ടത്.

കോർപ്പറേറ്റ് തൊഴിലിടങ്ങൾക്കുചുറ്റും മാധ്യമങ്ങളും പൊതുസമൂഹവും കെട്ടിപ്പോക്കി വെച്ചിട്ടുള്ള ‘പണം കൊണ്ട് നേടുന്ന ആഹ്ലാദങ്ങളും ആനന്ദങ്ങളും ധാരാളിത്തങ്ങളും’ നിറഞ്ഞ ഒരിടം എന്നത് അന്നമാരെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന തൊഴിലിട പീഡനങ്ങളെ മറയ്ക്കാനുള്ള കോർപറേറ്റ് മുഖം മൂടി മാത്രമാണ്.

കോളനികളുടെ ആന്തരിക സാമ്പത്തികസത്ത തിരിച്ചറിഞ്ഞാൽ മാത്രമേ എന്തുകൊണ്ട് ജോയിമാർ മാലിന്യം കോരാൻ തയ്യാറാകുന്നു എന്നറിയാൻ കഴിയൂ. ഇന്ത്യയിലെ തോട്ടിതൊഴിലാളികളിൽ 99 ശതമാനവും പട്ടികജാതികൾ ആണെന്നതും അവരിൽ നല്ലൊരു ഭാഗവും മാതാപിതാക്കളെ പിൻപറ്റി ഈ ജോലിയിൽ തുടരുന്നവരാണെന്നതും യാദൃച്ഛികതയോ അവരുടെ സന്തോഷപൂർവ്വമുള്ള തിരഞ്ഞെടുപ്പോ അല്ല. മനുസ്മൃതീകാലം മുതൽക്കേ തുടരുന്ന ജാതിതൊഴിലുകളെ ഇല്ലാതാക്കാൻ ഇന്നും നമ്മുടെ ഭരണഘടനയ്ക്കോ ഭരണകൂടങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്നുമാത്രമാണ് അതിനുള്ള ഉത്തരം. അത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അവിടെ നിന്ന് മറ്റൊരു തൊഴിലിടത്തിലേക്ക് അനായാസം മാറാൻ കഴിയുന്നത്ര സാമ്പത്തിക സുരക്ഷിതത്വം നേടാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം. അടിമത്തം (Slavery) എന്നത് മരിക്കുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നതിന് പകരമുള്ള ഒന്നാണെന്ന് Slavery And Social Death എന്ന പുസ്തകത്തിൽ Orlando Patterson പറയുന്നത് ജോയിമാർക്കും ബാധകമാണ്. ജീവൻ കിടക്കാൻ മാത്രമുള്ളത് നെല്ലായി കിട്ടിയിരുന്ന ആളുകളുടെ അനന്തരതലമുറയാണ് ജോയിമാർ. ദിവസ്സക്കൂലികൊണ്ട് അതിജീവനം (Subsistence) മാത്രമേ സാധ്യമാകൂ. അതിജീവിക്കുക എന്നാൽ കോളനിയിൽ ജീവിച്ചു മരിക്കുക എന്ന് മാത്രമേ അർത്ഥമുള്ളൂ. മനുസ്മൃതി എങ്ങനെയാണോ വർണ്ണബാഹ്യ മനുഷ്യരെ വിഭവരഹിത പുറമ്പോക്കുകളിൽ ഒതുക്കി അവരുടെ അധ്വാനം കവർന്നത്, അതിന്റെ തുടർച്ച തന്നെയാണ് ജോയിമാരെ കോളനികളിൽ ഒതുക്കി ഓവുചാലിൽ മരിക്കുകയോ അല്ലെങ്കിൽ മാലിന്യം കോരുകയോ ചെയ്യുക എന്ന ‘തിരഞ്ഞെടുപ്പ്’ അസാധ്യമായ തരത്തിലുള്ള ജീവിതത്തിലേക്ക് അവരെ തള്ളിവിടുന്നത്. പട്ടികജാതി കോളനികൾ അവിടെ താമസിക്കുന്ന ആളുകൾക്ക് സമ്മാനിക്കുന്നത് സുരക്ഷിതമായും സമാധാനമായും സ്വാഭിമാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഇടങ്ങളല്ല, മറിച്ച് മനുസ്മൃതീനിർമ്മിത ജാതി അയിത്തത്തേയും അത് നൽകുന്ന അരക്ഷിതാവസ്ഥകളേയും ചരിത്രപരമായി പുനർനിർമ്മിക്കുക എന്ന അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ ധർമ്മമാണ് കോളനികൾ അനുഷ്ഠിക്കുന്നത്. കോളനി എന്ന പദം ഉപേക്ഷിച്ചാലോ മറ്റൊരു പേരിട്ട് വിളിച്ചാലോ ഒഴിവാക്കാൻ കഴിയുന്നതല്ല ആമയിഴഞ്ചാൻ ജോയിമാരുടെ മരണങ്ങൾ. ആ മരണങ്ങൾ വരുന്നത് അഴുക്കുചാലിൽ കൂടിയല്ല മറിച്ച് കുറഞ്ഞ കൂലിക്ക് അസുരക്ഷിതരായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മനുസ്മൃതീമൂല്യത്തിൽ നിന്നുമാണ്. ആ മൂല്യത്തെ നിലനിർത്തുന്നത് തൊഴിലാളിയുടെ അന്തസ്സിനും സ്വാഭിമാനത്തിനും മൂല്യം കൽപ്പിക്കാത്ത ഭരണകൂട നിഷ്ക്രിയതയിലൂടെയുമാണ്.

കോർപറേറ്റ് തൊഴിലിടത്തിലെ അന്ന

ജോയി മരിച്ചത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ ശ്വാസം മുട്ടിയാണെങ്കിൽ അന്ന സബാസ്റ്റ്യൻ മരിച്ചത് ചങ്ങാത്ത മുതലാളിത്തം തൊഴിലാളിക്കുമേലുണ്ടാക്കുന്ന തൊഴിലടിമത്തത്തിൽ ശ്വാസം മുട്ടിയാണ്. കോർപ്പറേറ്റ് തൊഴിലിടങ്ങൾക്കുചുറ്റും മാധ്യമങ്ങളും പൊതുസമൂഹവും കെട്ടിപ്പോക്കി വെച്ചിട്ടുള്ള ‘പണം കൊണ്ട് നേടുന്ന ആഹ്ലാദങ്ങളും ആനന്ദങ്ങളും ധാരാളിത്തങ്ങളും’ നിറഞ്ഞ ഒരിടം എന്നത് അന്നമാരെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന തൊഴിലിട പീഡനങ്ങളെ മറയ്ക്കാനുള്ള കോർപറേറ്റ് മുഖം മൂടി മാത്രമാണ്. ആഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന അടിമപ്പണിക്കുശേഷം അവസാന നാളിൽ കിട്ടുന്ന രാത്രിപ്പാർട്ടികൾ കോർപ്പറേറ്റ് മേഖലകളിൽ ജോലിയെടുക്കുന്നവർക്ക് നൽകുന്നത് യഥാർത്ഥ ആഹ്ലാദമോ ആനന്ദമോ അല്ല, മറിച്ച് അടിമയ്ക്ക് അവർ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെ മാനസികമായി മറികടക്കാൻ വേണ്ട ഊർജ്ജം ആഴ്ച്ചയവസാനത്തെ അന്ത്യ അത്താഴവിരുന്നിലൂടെ ലഭിക്കും എന്നതാണ്.

തൊഴിലിട പീഡനങ്ങളുണ്ടാക്കുന്ന മുറിവുകളെ കഴുകിയുണക്കുന്ന മാനസികമായ കഥാർസിസ് (Freudian Catharsis) ആണ് ഓരോ കോർപ്പറേറ്റ് പാതിരാപ്പാർട്ടികളും. പൂനയിൽ ഹൃദയാഘാതം വന്ൻ മരിച്ച അന്ന സെബാസ്റ്റ്യൻ എന്ന മലയാളി പെൺകുട്ടി പാതിരാപ്പാർട്ടികൾ പോയിട്ട് സ്വന്തം കുടുംബത്തിലുള്ളവരോടുപോലും മനസ്സ് തുറന്ന് സംസാരിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാത്ത വിധം കോർപ്പറേറ്റ് അടിമപ്പണിയിൽ കുടുങ്ങിപ്പോകുകയാണുണ്ടായത്. അന്ന ഒരു യന്ത്രം കണക്കെയുള്ള തൊഴിലാളി മാത്രമല്ലെന്നും സ്വന്തമായി ഇഷ്ടങ്ങളും തീരുമാനങ്ങളുമുള്ള സ്വതന്ത്ര വ്യക്തിയാണെന്ന ബോധ്യം കോർപ്പറേറ്റ് മുതലാളിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല.

എന്നാൽ അത്തരമൊരു തിരിച്ചറിവിൽ മാത്രം പ്രവർത്തിക്കുന്ന മുതലാളിത്തത്തെ പരിപാലിക്കുക എന്നതാണ് നവലിബറൽ കാലത്തെ സ്റ്റേറ്റിന്റെ ധർമം. നിർഭാഗ്യവശാൽ ആധുനിക ഭരണകൂടങ്ങൾ, നൂറു വർഷങ്ങൾക്കുമുൻപ് കാൾ മാർക്സ് നിരീക്ഷിച്ചതുപോലെ, ‘മുതലാളിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു കമീഷൻ എജന്റ്റ്’ മാത്രമായി അധഃപ്പതിച്ചിരിക്കുന്നു. സമൂഹത്തിലെ എല്ലാവരുടേയും ക്ഷേമത്തിനായി നിലകൊള്ളുന്ന ഒരു കമ്പോളത്തെപ്പറ്റിയാണ് ആഡം സ്മിത്ത് വാചാലനായത്. എന്നാൽ ആധുനിക ജനാധിപത്യത്തിൽ സ്വന്തം സാമ്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ രാഷ്ട്രീയക്കാർ കോർപ്പറേറ്റ് മുതലാളിമാരുമായും, തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കോർപ്പറേറ്റ് മുതലാളിമാർ രാഷ്ട്രീയ നേതൃത്വവുമായും കൈകോർക്കുമ്പോൾ ‘ചങ്ങാത്ത മുതലാളിത്തം’ (Crony Capitalism) പിറക്കുന്നു.

ആഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന അടിമപ്പണിക്കുശേഷം അവസാന നാളിൽ കിട്ടുന്ന രാത്രിപ്പാർട്ടികൾ കോർപ്പറേറ്റ് മേഖലകളിൽ ജോലിയെടുക്കുന്നവർക്ക് നൽകുന്നത് യഥാർത്ഥ ആഹ്ലാദമോ ആനന്ദമോ അല്ല.

ലിബറൽ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായ കിടമത്സരം (Competition) അപ്രത്യക്ഷമാകുകയും കോർപ്പറേറ്റുകൾ കൈക്കൂലിയിലൂടെ ഭരണകൂട സംരക്ഷണം ഉറപ്പിക്കുകയും ചെയ്യുമ്പോൾ ആഡം സ്മിത്ത് വിഭാവനം ചെയ്ത ജനക്ഷേമം ഉണ്ടാക്കുന്ന ചലനാത്മകമായ മുതലാളിത്തം ഇല്ലാതാകുന്നു. തൽസ്ഥാനത്ത് ഏതാനും മുതലാളിമാരും അവർക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാരും മാത്രം സമ്പന്നരാകുന്ന ചങ്ങാത്ത മുതലാളിത്തമെന്ന സാമ്പത്തിക വൈകൃതം വളരുന്നു. ചങ്ങാത്ത മുതലാളിത്തം വളരുമ്പോൾ കമ്പോളം ചലനരഹിതവും പ്രവർത്തനരഹിതവും ആകുന്നു. സമൂഹക്ഷേമം ഉണ്ടാക്കാനുള്ള കമ്പോളത്തിന്റെ സ്വാഭാവികമായ കഴിവുകൾ നഷ്ടപ്പെടുന്നു. ഈ അവസ്ഥയെയാണ് ‘The rise and decline of nations’ എന്ന പുസ്തകത്തിൽ മാൻകൂർ ഓൾസൻ (Mancur Olson) ‘Political Sclerosis’ എന്ന് വിശേഷിപ്പിച്ചത്. ഭരണകൂടവും മുതലാളിയും തമ്മിലുള്ള അവിശുദ്ധബന്ധം കോർപ്പറേറ്റ് തലത്തിൽ മാത്രമല്ല ഉണ്ടാകുന്നത്. അത് പ്രാദേശികതലത്തിലും പലരൂപത്തിൽ സംഭവിക്കുന്നു എന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ സങ്കീർണ്ണതയെ പറ്റിയാണ് വില്യം മെല്ലറും (William Mellor) ഡിക്ക് കാർപെന്ററും (Dick Carpenter) ‘ബോട്ടിൽനെക്കേഴ്സ്’ (‘Bottleneckers’) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത്. പ്രാദേശികമായി ഭരണകൂടം ക്വാറി മുതലാളിക്ക് കൈകൊടുക്കുമ്പോഴും ദേശീയതലത്തിൽ കൽക്കരിപാടങ്ങൾ കുറഞ്ഞവിലയ്ക്ക് ലേലം വിളിച്ചുകൊടുക്കുമ്പോഴും ചങ്ങാത്ത മുതലാളിത്തം തന്നെയാണ് വിജയിക്കുന്നത്.

അന്നയേയും ജോയിയേയും സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിന്റെയാണ്. എന്നാൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ ചാണകക്കുണ്ടിലാണ്ടു കിടക്കുന്ന ഭരണകൂടങ്ങൾ ‘ ‘പൊതുസമൂഹത്തിന് യാതൊരു നേട്ടവുമില്ലാതെ വർദ്ധിക്കുന്ന ദേശീയ വരുമാനത്തിന്റെ തിളങ്ങുന്ന വലിയ അക്കങ്ങളിൽ മാത്രം അഭിരമിക്കുമ്പോൾ’ ജോയിയും അന്നയും ഒരിക്കലും അവസാനിക്കാത്ത തുടർക്കഥയിലെ ദുരന്ത കഥാപാത്രങ്ങളാകുന്നു. ജനാധിപത്യം ‘ലാഭ’ത്തെ ഒരു തിന്മയായി കാണുന്നില്ല. ലാഭം തേടാനും നേടാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിലാണ് ആഡം സ്മിത്ത് ലിബറൽ മുതലാളിത്തത്തെ കെട്ടിപ്പൊക്കിയത്.
വിതരണത്തിൽ എല്ലാവർക്കും ന്യായമായ പങ്കാളിത്തമുള്ള ഒരു മുതലാളിത്തമാണ് ആഡം സ്മിത്ത് വിഭാവനം ചെയ്തത്. എന്നാൽ ചങ്ങാത്ത മുതലാളിത്തം സ്മിത്തിയൻ ലിബറൽ മുതലാളിത്തത്തിന്റെ ആന്റി തീസിസ് ആണ്. സ്മിത്തിയൻ കിടമത്സര മുതലാളിത്തത്തിൽ അതിജീവനം സാധ്യമാകുന്നത് ‘ഉൽപ്പാദനക്ഷമത’ കൈവരിച്ചുകൊണ്ടാണ്. ഉൽപ്പാദനക്ഷമതയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാവർക്കും ലഭിക്കുന്ന അവസ്ഥയെ പറ്റിയാണ് ആഡം സ്മിത്ത് Wealth of Nations എന്ന പുസ്തകത്തിൽ പ്രതിപാദിച്ചത്. എന്നാൽ ചങ്ങാത്ത മുതലാളിത്തം ‘നക്കാപ്പിച്ച’ രാഷ്ട്രീയക്കാർക്ക് കൈക്കൂലിയായി കൊടുത്ത് കിടമത്സര സാധ്യതകളെ സമ്പൂർണ്ണമായി ഇല്ലാതാക്കുകയും തൽസ്ഥാനത്ത് വിലകൊടുത്ത് വാങ്ങിയ ‘ഭരണകൂടസംരക്ഷണത്തെ’ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ചങ്ങാത്ത മുതലാളിത്തം വളരുമ്പോൾ കിടമത്സരം ഇല്ലാതാകുന്നു എന്നതിനേക്കാൾ പൊതുസമൂഹത്തിന് ഗുണകരമാകാനിടയുള്ള പുതിയ ഉൽപ്പന്നങ്ങളും നിർമ്മാണ മാർഗ്ഗങ്ങളും കുറഞ്ഞ വിലകളും കൂടിയ ഗുണമേന്മയും സമൂഹത്തിന് നഷ്ടമാകുന്നു. ഉൽപ്പാദനക്ഷമത കൂട്ടാൻ പണം മുടക്കുന്നതിനേക്കാൾ ലാഭകരം കുറഞ്ഞ കൈക്കൂലി കൊടുത്ത് രാഷ്ട്രീയക്കാരെ വിലയ്ക്കെടുക്കുന്നതാണെന്ന് മുതലാളി തിരിച്ചറിയുമ്പോൾ, ചങ്ങാത്ത മുതലാളിത്തം ജനാധിപത്യത്തിന്റെ തണലിൽ ജനവിരുദ്ധമായി വളരുന്നു.

അന്നയേയും ജോയിയേയും സംരക്ഷിക്കേണ്ട ജനാധിപത്യം, കോർപ്പറേറ്റ് മുതലാളിക്കൊപ്പം പാതിരാപ്പാർട്ടിയിൽ ആടിപ്പാടുമ്പോൾ അന്നയും ജോയിയും ശ്വാസംമുട്ടി കൊല്ലപ്പെടും. തത്വശാസ്ത്രഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും ഈ ചങ്ങാത്ത മുതലാളിത്തത്തിൽ പങ്കാളികളാകുന്നു എന്നത് കാര്യങ്ങളെ കൂടുതൽ മോശമാക്കുന്നു. അന്നയ്ക്കും ജോയിക്കും വേണ്ടി സംസാരിക്കാൻ ആളില്ലാത്ത വിധം ജനാധിപത്യത്തിലെ രാഷ്ട്രീയഇടങ്ങൾ ശൂന്യമാകുന്നത് ചങ്ങാത്ത മുതലാളിത്തം എത്രമേൽ നമ്മുടെ രാഷ്ട്രീയത്തിലും രാഷ്ട്രതന്ത്രത്തിലും പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ അടയാളമാണ്. അന്നയും ജോയിയും ചങ്ങാത്തമുതലാളിത്തമെന്ന സാമ്പത്തിക അർബുദത്തിന്റെ തൊലിപ്പുറത്തുള്ള അടയാളങ്ങൾ മാത്രമാണ്. അകത്ത് ജനാധിപത്യത്തെ, പൗരസ്വാതന്ത്ര്യത്തെ, വ്യക്തിഗത അവകാശങ്ങളെ സമ്പൂർണ്ണമായി ഇല്ലാതാക്കുന്ന തിന്മയായി ചങ്ങാത്ത മുതലാളിത്തം വളരുകയാണ്.

അന്നയും ജോയിമാരും ഇല്ലാതാകണമെങ്കിൽ ചങ്ങാത്ത മുതലാളിത്തം ഇല്ലാതാകണം. അന്നയുടെ മരണത്തിനുള്ള പരിഹാരം യോഗയും ഭജനയും ശ്വസനക്രിയകളുമാണെന്ന് ഭരണകൂടം നമ്മളെ പഠിപ്പിക്കാൻ നോക്കുന്നതിനെയാണ് പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയം എന്നു പറയുന്നത്. അന്നയുടെ മരണത്തിന്റെ, ജോയിയുടെ മരണത്തിന്റെ യഥാർത്ഥ കാരണങ്ങളിലേക്കും കാരണക്കാരിലേക്കും ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ഭരണകൂടം അവയ്ക്ക് പരിഹാരം നിശ്ചയിക്കുന്നത് അധികാരം ‘ജനങ്ങൾക്ക്’ അല്ലെന്ന അവരുടെ പൂർണബോധ്യത്തിലാണ്. ഭരണകൂട പിന്തുണയിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് മനുസ്മൃതിമൂല്യവും അതിന്റെ പ്രയോഗങ്ങളും. ഭരണകൂട പിന്തുണയിൽ മാത്രം നിലനിൽക്കുന്നതാണ് ചങ്ങാത്ത മുതലാളിത്തവും. ആ തിരിച്ചറിവില്ലാത്ത ജനങ്ങൾ ഭരണഘടനയ്ക്കുള്ളിൽ മാത്രമായിരിക്കും ‘പൗരർ’. പുസ്തകത്തിനു വെളിയിൽ അവർ അടിമകളോ പ്രജകളോ മാത്രമായിരിക്കും.

Comments