Good Evening Friday - 15
ആംസ്റ്റർഡാം ഡയറി- രണ്ട്
‘‘ഇതെങ്ങനെ എഴുതി തുടങ്ങും?’’
"ചരിത്രം ഞാൻ പറഞ്ഞു തന്നതുപോലെയെഴുതണം".
"അതിന് ഒരു പഞ്ച് ഇല്ല".
‘‘ഒരു മുത്തശ്ശിക്കഥ പോലെയായാലോ?" ഫ്രഞ്ച് ചുവയുള്ള ഇംഗ്ലീഷിൽ പാട്രിക്ക് എന്റെ മുഖത്തേക്ക് സാകൂതം നോക്കി.
"എങ്കിൽ അങ്ങനെ".
വളരെ വർഷങ്ങൾക്ക് മുമ്പ്, അതിപുരാതനകാലം ആധുനികമാകുന്നതിനുള്ള സൂചനകൾ ഇല്ലാതിരുന്ന കാലത്ത്, ഒരു രാജകുമാരി ജീവിച്ചിരുന്നു. അനന്തമായ അധികാരവും, അസാധാരണമായ ഗ്ലാമറുമുണ്ടായിരുന്ന രാജകുമാരിയുടെ ജീവിതം സമ്പൽസമൃദ്ധമായിരുന്നു. രാജ്യം വഴി സുഗന്ധവ്യഞ്ജനദ്രവ്യങ്ങളും, കോട്ടണും ക്ളോത്തും അടങ്ങിയ സാമഗ്രികളും കൊണ്ടുപോകാൻ കച്ചവടക്കാർ നൽകിയ കപ്പം വഴി രാജകുമാരി അനുദിനമെന്നോണം അതിസമ്പന്നയും, അതീവ സുന്ദരിയുമായികൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങൾ തകിടം മറിയുന്നത്.
ഗതാഗതത്തിന് ചെലവ് കുറഞ്ഞ മാർഗ്ഗമൊന്ന് ഉരുത്തിരിഞ്ഞുവന്നു. ലാഭം കൂടുതൽ കിട്ടുമെന്ന് കണ്ടപ്പോൾ കച്ചോടക്കാർ റൂട്ട് മാറ്റി. രാജകുമാരിയുടെ വരുമാനം നിലച്ചു. ആദികാലത്ത് അതിസാധാരണമായിരുന്ന തപസ്സ് രാജകുമാരിയും ചെയ്തു. പ്രത്യക്ഷപ്പെട്ട 'ദൈവം' കൊടുത്ത വരമനുസരിച്ച്, രാജകുമാരി അന്ന് ഇട്ട വസ്ത്രവും, മെയ്ക്ക്അപ്പും, അതേ പ്രായവുമായി നിലകൊണ്ടു.

ബെൽജിയം ടൂർ ഗൈഡ് പാട്രിക്ക് കഥയിൽ നിന്ന് Bruges നഗരത്തിന്റെ ചരിത്രത്തിലേക്ക് കടന്നത് അപ്പോഴാണ്. 15-ാം നൂറ്റാണ്ടായയപ്പോൾ Zwin കനാലിലെ വെള്ളം വറ്റി. കപ്പലുകൾ അടുത്ത നഗരമായ Antwerp ലേക്ക് നീങ്ങി. അതോടെ വ്യാപാരമില്ലാതെയായി. കഥയിലെ രാജകുമാരിയെ പോലെ പ്രതാപകാലത്തിന്റെ അടയാളങ്ങളും 'വരുമിനിയും നിറമണിയും വസന്തകാലം' എന്ന പ്രതീക്ഷയും മാത്രമായി Bruges നഗരത്തിന്.
അറ്റ്ലാൻ്റിക് മഹാസമുദ്രത്തിൽ നിന്ന് ഇംഗ്ലീഷ് ചാനലിലുടെ നോർത്ത് സീയിലേക്ക് എത്തുന്ന തിരകൾക്കൊപ്പം യുദ്ധവും ചതിയും നാഗരികതയിലേക്കുള്ള പരിണാമങ്ങളുമായി ചരിത്രം ഉയർന്നും താഴ്ന്നും നൂറ്റാണ്ടുകൾ പിന്നെയും കടന്നുപോയി.
അങ്ങനെ 19-ാം നൂറ്റാണ്ടായി.
Bruges-നുള്ള ശില്പചാരുതയിൽ യൂറോപ്യൻ നൊസ്റ്റാൾജിയക്കുള്ള സാദ്ധ്യത തെളിഞ്ഞു. മധ്യകാലഘട്ടത്തിന്റെ (Medieval) സ്മരണകൾ ഉണർത്തി Bruges ആകർഷകമായ ടൂറിസ്റ്റ് സിറ്റിയായി പരിണമിച്ചു.
കനാലുകളിൽ കാൽപനിക സൗന്ദര്യമൊഴുകി.
തീരങ്ങളിൽ പൂക്കൾ വിരിഞ്ഞു.
ജലപ്പരപ്പുകളിൽ അരയന്നങ്ങൾ ചിറക് കുടഞ്ഞു.
ഗോഥിക് നിർമ്മാണചാതുര്യം നിറയുന്ന തെരുവീഥികളിൽ പഴയകാല കുതിരവണ്ടികൾക്കിടയിലൂടെ പാട്രിക്കിന്റെ വിവരണങ്ങൾക്കൊപ്പം ഞങ്ങൾ നടന്നു.
‘ബിയറില്ലാതെയില്ലാ ഞങ്ങൾക്കൊരു സംസ്കാരിക തനിമയും' എന്ന മട്ടിലുള്ള രാജ്യങ്ങളാണ് ജർമ്മനിയും ബെൽജിയവും. കേരളത്തിനോളമില്ലാത്ത ബൽജിയത്ത് 59% ഫ്രഞ്ച് (Walloons), 40% ഡച്ച് (Flemish), 1% ജർമ്മൻ സംസാരിക്കുന്നവരും 304 breweries ഉം ഉണ്ട്.
‘In 2016, UNESCO inscribed Belgian beer culture on their list of the intangible cultural heritage of humanity'
ഞങ്ങൾ നടന്ന cobblestone പാകിയ Bruges പാതകൾക്ക് 35 മീറ്റർ താഴെ മണിക്കൂറിൽ 4,000 ലിറ്റർ ബിയർ ഒഴുകുന്ന 3.2 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ പോകുന്ന കാര്യം അറിയാമോ എന്ന പാട്രിക്കിന്റെ ചോദ്യവും കടന്ന്, ഞങ്ങൾ പിന്നെ എത്തിയത് യുറോപ്പിന്റെ തലസ്ഥാനവും, NATO എന്ന സംഘടനയുടെ ആസ്ഥാനവും എന്നാൽ ഹൈക്വാളിറ്റി ചോക്ളേറ്റുകളാൽ മധുരിതവുമായ ബ്രസൽസ് നഗരത്തിലായിരുന്നു.

ചരിത്രവും വ്യാപാരവും ഫ്രഞ്ച് ഭരണത്തിന്റെ സ്മൃതികളും നെപ്പോളിയൻ കീഴടങ്ങിയതിന്റെ നെടുവീർപ്പുകളും പൗരാണിക നിർമ്മാണകലകളും ഭക്ഷണവിഭവങ്ങളും പാനീയ വൈവിധ്യവും നിറഞ്ഞ ബൽജിയൻ ഐക്കൺ, ഗ്രാൻഡ് പ്ലേസ് ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത്.
പിന്നെ പോയത് Atomium കാണാനാണ്. 165 ബില്യൺ ടൈംസ് മാഗ്നിഫൈ ചെയ്ത ഐയേൺ തന്മാത്രയുടെ ആകൃതി, 102 മീറ്റർ ഉയരം, 2400 ടൺ തൂക്കം, 18 മീറ്റർ വ്യാസമുള്ള 9 സ്റ്റീൽ ഗോളങ്ങൾ, അവയെ ഘടിപ്പിച്ച് 3.3 മീറ്റർ വ്യാസവും 25 മീറ്റർ നീളവുമുള്ള കനത്ത 20 സ്റ്റീൽ പൈപ്പുകൾ, ഉള്ളിൽ വലിയ എക്സിബിഷൻ ഹാളുകൾ, റസ്റ്റോറൻ്റുകൾ, പ്രതിവർഷം 600,000 വിസിറ്റേഴ്സ്.
സയൻസിന് ബെൽജിയത്തിന്റെ ട്രിബ്യൂട്ട്,
'The Atomium'
മടങ്ങിയെത്തുമ്പോൾ രാത്രി പത്ത് മണി. അപ്പോഴും തീരാത്ത പാട്രിക്കിന്റെ ഇൻഫർമേഷൻ പാക്കേജ്. അടുത്ത ദിവസം ജർമ്മനിയിലെ Cologne-ലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ എഴുതിവെച്ചിട്ടൊക്കെയുണ്ടെങ്കിലും കയറേണ്ട കമ്പാർട്ട്മെൻ്റ് എവിടെ വന്ന് നിൽക്കുമെന്നൊരു സംശയം. അന്വേഷണത്തിനിടയിൽ അതേ സംശയവുമായി നോക്കുന്ന രണ്ട് കണ്ണുകൾ നേരെ മുമ്പിൽ
‘‘കമ്പാർട്ട്മെൻ്റ് 36?"
“വി ആർ ഇൻ 34”
"ലെറ്റ് അസ് ലുക്ക് എഗൈൻ" എന്ന് പറഞ്ഞ് തിരിയും മുമ്പ് "മോനേ ബാഗ് ഒന്ന് നോക്കണേ" എന്ന മലയാളം കേട്ട് ഞങ്ങൾ ചെറുതായൊന്ന് ഞെട്ടി. അത്ര മലയാളിത്തമില്ലാത്ത മുഖം ചോദിച്ചു,
‘‘മലയാളിയാണോ?’’
‘‘നിങ്ങൾ?"
‘‘ഞങ്ങളും"
‘‘അപ്പോ എവിടെന്നാ?"
‘‘മെൽബണീന്ന്"
‘‘ഞങ്ങൾ സിഡ്നീന്നാ"
‘‘അപ്പോ നമ്മൾ ഓസ്ട്രലിയേന്നാണ്"

ഒറ്റപ്പാലംകാരി അർച്ചനയും ഗോപനും മോനും!
യാത്രയുടെ തുടക്കത്തിൽ അങ്ങനെയൊരു രസം. സ്വിസ് പർവ്വത നിരകളിൽ നിന്ന് തുടങ്ങി ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ വഴി നെതർലാൻഡ്സിൽ വെച്ച് കടലിൽ ചേരുന്ന റൈൻ നദിയിലൂടെ ഒരു ബോട്ട് യാത്ര, 600 കൊല്ലമെടുത്ത് പണി തീർത്തതും വലുപ്പത്തിൽ ലോകത്തെ മൂന്നാമത്തേതുമായ കത്തീഡ്രലിനകത്ത് 157 മീറ്റർ ഉയരത്തിലുള്ള റോമൻ ശിലാരൂപങ്ങൾ കണ്ട് നിൽക്കുമ്പോൾ കുർബാന കൈക്കൊള്ളുന്നോ എന്ന പുരോഹിതന്റെ ചോദ്യം. സമയമില്ലാത്തത് കൊണ്ട് 850 സ്പീഷ്യസിൽ 10000 ലധികം മൃഗങ്ങളുള്ള സൂ വേണ്ടെന്ന് വെച്ച് നടന്നെത്തിയത് കൃഷിയും കച്ചവടവും, ചരിത്രവും പറയുന്ന Lindt Chocolate മ്യൂസിയത്തിൽ,
രാത്രി നല്ല എരിവുള്ള ഹൈദരാബാദ് മട്ടൺ ബിരിയാണിയും, Cologne യാത്ര ലാവിഷായിരുന്നു. ആംസ്റ്റർഡാമിൽ നിന്ന് തിരികെ വരുമ്പോൾ ഫ്ലൈറ്റിൽ പഴയ എയർ ഹോസ്റ്റസ് ഫെന്ന. യാത്രക്കിടയിൽ ഫെന്ന ചോദിച്ചു, ‘‘ഹൗ വാസ് ആംസ്റ്റർഡാം?"
‘‘അടിപൊളി"
‘‘എങ്കിൽ അവിടത്തെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം പറയാമോ?"
ഞാൻ ആലോചിച്ചതേയില്ല:
ഫസ്റ്റ് ഡേ ഹോട്ടൽ റൂമിൽ കടക്കുമ്പോൾ മേശപ്പുറത്ത് ഒരു കുറിപ്പുണ്ടായിരുന്നു, ‘ഞങ്ങൾ അഭിമാനത്തോടെ ഉറപ്പു നൽകുന്നു. ഇവിടത്തെ ടാപ്പ് വാട്ടർ ശുദ്ധമാണ്. നിങ്ങൾക്ക് ധൈര്യമായി കുടിക്കാം’.
എനിക്കത് ഇഷ്ടപ്പെട്ടു. വെരി മച്ച്.
Cheers!