ഞങ്ങളെ തെരുവിലിറക്കരുത്, മുഖ്യമന്ത്രി ഇടപെടണം

ഹുമാനപ്പെട്ട മുഖ്യമന്ത്രി,

കോഴിക്കോട് ജില്ലയിലെ അസംഘടിത മേഖല തൊഴിലാളികൾ കടന്നു പോകുന്ന ദുരവസ്ഥ അങ്ങയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കുറിപ്പ്. ആഴ്ച ഒടുവിലോ മാസാന്ത്യത്തിലോ എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന തുച്ഛമായ വരുമാനമാനത്തെ ആശ്രയിച്ചാണ് ഞങ്ങളും കുടുംബാംഗങ്ങളും കഴിയുന്നത്. കോവിഡ് കാരണം ജോലി ഇല്ലാതായി എങ്കിലും റേഷൻ കടകളിലെ അരി കിട്ടുന്നതു കൊണ്ട് പട്ടിണിമാറ്റാൻ കഴിയുന്നുണ്ട്. പക്ഷേ സമാധാനത്തോടെ കിടന്നുറങ്ങാനുള്ള സാഹചര്യം ഞങ്ങൾക്കിപ്പോഴില്ല. ഞങ്ങൾ ഭൂരിഭാഗം തൊഴിലാളികളും വാടകയ്ക്ക് താമസിക്കുന്നവരാണ്, ജോലി നഷ്ടപ്പെട്ടത് കാരണം വാടക കൊടുക്കാൻ കഴിയാതെ തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണ്., പലരുടെയും വാടക വീടുകൾ ഇതിനോടകം ഒഴിപ്പിച്ചു. ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പലരേയും വീട്ടുടമകൾ ഭീഷണിപ്പെടുത്തുന്നുണ്ട്. കോവിഡ് ബാധിച്ച ചില തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കമുള്ളവർ ചികത്സ തേടുന്ന സാഹചര്യത്തിൽ വീട്ടുവാടകയോ മറ്റ് ചിലവുകളോ നിർവ്വഹിക്കാൻ ആവാത്ത ഗതികേടിലുമാണ്.
600 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 40 തൊഴിലാളികളാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇതാണ് പല ജോലി സ്ഥാപനങ്ങളുടെയും അവസ്ഥ. 90 ശതമാനം അസംഘടിത മേഖലാ തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ട ഈ കാലത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ എത്തേണ്ട ഒരു മേഖലയാണ് വീട്ടു വാടകയുടെ പ്രശ്നം. കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ഭവന പദ്ധതികൾ നിലവിലുണ്ടായിട്ടും 70 ശതമാനത്തോളം അസംഘടിത മേഖലാ തൊഴിലാളികളും വാടക വീടുകളിലാണ് താമസിക്കുന്നത്.
ബാങ്ക് ലോണുകൾക്ക് ഈ കാലഘട്ടം കണക്കിലെടുത്ത് ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയാണ് . തൊഴിൽ ഇല്ലാത്ത തൊഴിലാളികളുടെ വീട്ട് വാടക പകുതിയാക്കി നൽകുവാനും വീട്ടുടമകൾ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുവാനും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണം. ഇല്ലെങ്കിൽ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ അങ്ങേയറ്റം ദുരന്ത പൂർണ്ണമായ ഒരു സാഹചര്യത്തെ നേരിടേണ്ടി വരും. അങ്ങയുടെ സത്വരമായ പരിഗണന ഞങ്ങളുടെ ജീവിതങ്ങൾക്ക് വലിയ ആശ്വസമാകും എന്ന പ്രതീക്ഷയിൽ

പി വിജി

(സെക്രട്ടറി, AMTU കേരള)

Comments