നൽകിയ സ്വാതന്ത്ര്യം
വളരുന്ന കാലത്തൊക്കെയും എനിക്കുണ്ടായിരുന്ന പെൺകുട്ടിയുടുപ്പുകൾ എന്നെ അസ്വസ്ഥയാക്കിയിരുന്നു. ഒരിക്കലും ഒരുടുപ്പിട്ട്, ‘ഹായ്, എന്നെ കാണാൻ എന്തു രസാ!' എന്ന് പറയാൻ തോന്നിയിരുന്നില്ല. അന്ന് കാരണമൊന്നും പിടികിട്ടിയിരുന്നില്ല. എനിക്കാ ഉടുപ്പുകൾ ചേർന്നിരുന്നില്ല എന്ന തോന്നലും, സ്വതന്ത്രമായി മരം കയറാനും ഓടാനും ചാടാനും കളിക്കാനും കഴിയാത്തതും, ആളുകൾക്ക് എന്റെ ശരീരത്തെ കുറിച്ച് പലവിധ അഭിപ്രായങ്ങൾ പറയാൻ അവസരമുണ്ടാക്കുന്നതും, പലയവസരങ്ങളിലും ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങളെ എളുപ്പമാക്കിയിരുന്നതും ഒക്കെയായിരുന്നിരിക്കണം കാരണം എന്നിപ്പോഴെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
കോളേജുകാലത്താണ് ‘ജെൻഡർ ന്യൂട്രൽ' വസ്ത്രധാരണം സ്ത്രീകൾക്ക് തരുന്ന സ്വാതന്ത്ര്യം ഞാനാദ്യമായി മനസ്സിലാക്കിയത്. പുത്തൻ ചുരിദാറുകളും നീണ്ട മുടിയുമൊക്കെയായാണ് ഞാൻ ഹോസ്റ്റലിൽ എത്തിയത്. കോളേജിൽ ആദ്യവർഷം വർക്ക്‌ഷോപ്പ് എന്നൊരു ക്ലാസുണ്ടായിരുന്നു, അന്ന് യൂണിഫോം നീല പാന്റ്‌സും നീല ഷർട്ടും. ആ വേഷമിട്ട് ക്ലാസിലേക്ക് പോകാൻ തയ്യാറെടുത്തപ്പോഴാണ് ആദ്യമായി ഞാൻ സ്മാർട്ടായിരിക്കുന്നു എന്നുതോന്നിയത്. പിന്നെ ആദ്യവർഷം തന്നെ wwf-indiaയുടെ കൂടെ കാടുകയറാൻ തുടങ്ങി.
രാത്രി സുരക്ഷിതമല്ല, നിങ്ങൾ വരണ്ട എന്ന് ആൺകുട്ടികൾ പറഞ്ഞിരുന്ന സ്ഥലങ്ങളിലൊക്കെ ക്രോപ്പ് ചെയ്ത തലയും, അയഞ്ഞ ജുബ്ബയും പാന്റുമൊക്കെയിട്ട് ഞാനുമെന്റെ കൂട്ടുകാരിയും രാത്രികാലങ്ങളിൽ തെണ്ടി നടന്നിരുന്നു.
കാട്ടിലേക്ക് പോകുമ്പോൾ മങ്ങിയ നിറങ്ങളും ജീൻസും അയഞ്ഞ കുപ്പായങ്ങളും ആണ് വേണ്ടിയിരുന്നത്. അത് പതുക്കെ ശീലമായി മാറുകയായിരുന്നു. പിന്നെ കുട്ടികാലത്ത് അച്ഛന്റെ ഒപ്പം പോയി ഡയാന കട്ട് അടിച്ചിരുന്ന മൊട്ടത്തലയുടെ സ്വാതന്ത്ര്യം ഓർത്തെടുത്തപ്പോൾ മുടി വെട്ടി. രാത്രി സുരക്ഷിതമല്ല, നിങ്ങൾ വരണ്ട എന്ന് ആൺകുട്ടികൾ പറഞ്ഞിരുന്ന സ്ഥലങ്ങളിലൊക്കെ ക്രോപ്പ് ചെയ്ത തലയും, അയഞ്ഞ ജുബ്ബയും പാന്റുമൊക്കെയിട്ട് ഞാനുമെന്റെ കൂട്ടുകാരിയും രാത്രികാലങ്ങളിൽ തെണ്ടി നടന്നിരുന്നു. ലാസ്റ്റ് ബസ് പോകുന്ന വരെ ശംഖുമുഖം ബീച്ചിലിരുന്നിരുന്നു, വെട്ടുകാട് പള്ളിയുടെ ശ്മശാനത്തിൽ കഥ പറഞ്ഞിരുന്നിരുന്നു, പൊന്മുടിയിൽ പോയി കല്ലാറിൽ കുളിച്ചിരുന്നു, സിനിമയ്ക്ക് പോയിരുന്നു, വെറുതെ വെറുതെ നടന്നിരുന്നു. അന്ന് കണ്ടുകിട്ടിയ സ്വാതന്ത്ര്യം കളയുന്ന ഒരു തിരഞ്ഞെടുപ്പും പിന്നീടിങ്ങോട്ടുള്ള ഇരുപത് വർഷങ്ങളിൽ വേണ്ടിവന്നിട്ടില്ല. മക്കളും നിത്യം ഉപയോഗിക്കുന്നത് കളിക്കാൻ ഏറ്റവും സുഖമുള്ള വേഷങ്ങളാണ്. പക്ഷെ ഒരുങ്ങാനും ഉടുപ്പുകളിടാനും മുണ്ടുടുക്കാനുമൊക്കെ ഇഷ്ടമാണു താനും.
ഞാൻ വന്ന വഴി ഇതൊക്കെയാണെങ്കിലും വസ്ത്രധാരണത്തിലെ തിരഞ്ഞെടുപ്പ് വളരെ വൈയക്തികമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ തിരഞ്ഞെടുത്ത വസ്ത്രം എനിക്ക് ആത്മവിശ്വാസം നൽകുന്നു. ഓരോരുത്തരും അവരുടെ സ്വത്വത്തെ രേഖപ്പെടുത്തുന്നത് വൈവിധ്യമാർന്ന ഇത്തരം തിരഞ്ഞെടുപ്പിലൂടെയല്ലെ? നമ്മുടെ കംഫർട്ട്, സൗന്ദര്യബോധം, ആത്മവിശ്വാസം എന്ന മാനദണ്ഡങ്ങളല്ലാതെ മറ്റൊരു കാരണത്താലും ന്യൂട്രാലിറ്റി തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തു കൊണ്ട് ഇതാണെന്റെ ഇഷ്ടം എന്ന് പറയാനും കാണിക്കാനും മടിക്കണം? സത്യം പറഞ്ഞാൽ പാവാട പൊന്തിയാൽ അല്ലെങ്കിൽ സാരി തെന്നിയാൽ ഒരു ചുക്കും ഉണ്ടാവാനില്ലെന്ന അവസ്ഥയല്ലെ വരേണ്ടത്? സമൂഹം ജെൻഡർ ന്യൂട്രൽ അല്ലല്ലോ, വൈവിധ്യമാർന്നതല്ലെ? ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകളെ ഉൾക്കൊള്ളുന്ന ജെൻഡർ സെൻസിറ്റിവ് ആയ സമൂഹമായല്ലെ നാം വളരേണ്ടത്?
ഏതു വേഷത്തിലായാലും പരസ്പരം സ്‌നേഹിക്കാനും കൂട്ടുകൂടാനും കഴിയുന്നവരാണ് കുഞ്ഞുങ്ങൾ, മുതിർന്നവരിൽ നിന്ന് വിവേചനത്തിന്റെ കണ്ണടകൾ കിട്ടുന്നതുവരെ. സ്‌കൂളുകളിൽ ലളിതമായ, ഓടിച്ചാടിക്കളിക്കാൻ സ്വാതന്ത്ര്യവും പെട്ടെന്ന് കീറിപ്പോവാത്തതുമായ പലതരം വേഷങ്ങൾ ധരിച്ച് കുട്ടികൾ വരട്ടെ.
യൂണിഫോമിന്റെ കാര്യത്തിലാണെങ്കിൽ എനിക്കുള്ളത് മനോഹരമായ ഒരു കിണാശ്ശേരിയാണ്. സത്യം പറഞ്ഞാൽ പക്വമായ ഒരു സമൂഹത്തിൽ പഠനസ്ഥാപനങ്ങളിൽ യൂണിഫോം ആവശ്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഏതു വേഷത്തിലായാലും പരസ്പരം സ്‌നേഹിക്കാനും കൂട്ടുകൂടാനും കഴിയുന്നവരാണ് കുഞ്ഞുങ്ങൾ, മുതിർന്നവരിൽ നിന്ന് വിവേചനത്തിന്റെ കണ്ണടകൾ കിട്ടുന്നതുവരെ. സ്‌കൂളുകളിൽ ലളിതമായ, ഓടിച്ചാടിക്കളിക്കാൻ സ്വാതന്ത്ര്യവും പെട്ടെന്ന് കീറിപ്പോവാത്തതുമായ പലതരം വേഷങ്ങൾ ധരിച്ച് കുട്ടികൾ വരട്ടെ. ഉടുപ്പ് ധരിച്ചു വരാൻ ഇഷ്ടമുള്ള ആൺകുട്ടികളുണ്ടെങ്കിൽ അങ്ങനെ വരട്ടെ, പാൻറ്സ് ധരിച്ചു വരാൻ ഇഷ്ടമുള്ള പെൺകുട്ടികൾ അങ്ങനെയും. വസ്ത്രത്തിലായാലും സ്വത്വത്തിലായാലും വൈവിധ്യവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും നമ്മുടെ മക്കൾക്ക് നൽകുന്ന പഠനകേന്ദ്രങ്ങളുമുണ്ടാവട്ടെ. അവരവർക്ക് ഇഷ്ടമുള്ള ഏതു വേഷം ധരിച്ചും ഒരുമിച്ച് പഠിക്കാനും കളിക്കാനും സ്വാതന്ത്ര്യമുള്ള ഇടങ്ങൾ. ജെൻഡർ സെൻസിറ്റിവിറ്റിയിലേക്ക് വളർന്ന മുതിർന്നവർ, രക്ഷിതാക്കളും, അധ്യാപകരും പൊതുസമൂഹവും ഉണ്ടാവട്ടെ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.