ഒരിക്കലെങ്കിലും ആക്രമിക്കപ്പെടാത്ത ഡോക്ടർമാരുണ്ടോ?

‘‘ഇന്ത്യയിൽ 45 ശതമാനം മെഡിക്കൽ കോളേജുകളിലും ഡ്യൂട്ടി റൂമുകളില്ല, 62% ത്തിലേറെ ഡ്യൂട്ടി റൂമുകളിൽ ലാട്രിനുകളില്ല, 24- ഉം 48- ഉം മണിക്കൂറുകൾ വിശ്രമമില്ലാത്ത ജോലി, സുരക്ഷാസംവിധാനങ്ങൾ തികച്ചും അപര്യാപ്തം. വനിതാ ഡോക്ടർമാരുടെ സുരക്ഷക്ക് ഒരു പരിഗണനയുമില്ല’’- ഞെട്ടിപ്പിക്കുന്ന ഒരു പഠനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ​ഡോക്ടർമാരുടെ തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് എഴുതുന്നു ഡോ. എം. മുരളീധരൻ.

‘‘The Case laid bare the systemic failure in providing Safety to Medical professionals.The horrific Crime was the last Straw and the nation cannot wait for another rape & murder in order to bring in safety laws for Medical professionals & Doctors’’
- Supreme Court on 21st Aug, 2024.

ശ്ചിമ ബംഗാൾ സർക്കാരിന്റെ ഉടമസ്ഥതയിൽ, കൊൽക്കത്തയിലെ ശ്യാം ബസാറിൽ പ്രവർത്തിക്കുന്ന രാധ ഗോവിന്ദ് കാർ ആശുപത്രിയിൽ സാധാരണയിലേറെ തിരക്കുള്ള ദിവസമായിരുന്നു നിർണായകമായ ആ വ്യാഴാഴ്ച. പൾമനോളജി വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ആ യുവ ഡോക്ടർ എട്ടാം തിയ്യതി രാതി 11.30 ന് ഫോണിൽ അമ്മയോട് സംസാരിച്ചിരുന്നു. ജോലിത്തിരക്കുമൂലം അവർക്ക് കൂടുതൽ സംസാരിക്കാനായില്ല.

രാത്രി രണ്ടു മണിയോടെ തിരക്ക് അല്പമൊന്നയഞ്ഞപ്പോൾ ജൂനിയർ വിദ്യാർത്ഥികളോടൊത്ത് എന്തൊക്കെയോ കഴിച്ച് വിശപ്പടക്കി, തുടർച്ചയായ 36 മണിക്കൂർ ഡ്യൂട്ടി ക്ഷീണത്തിൽ ഒന്നു തലചായ്ക്കാൻ കാഷ്വാലിറ്റിയിൽ സൗകര്യമില്ലാത്തതിനാൽ മൂന്നു മണിയോടെയാണ് ആ വിദ്യാർത്ഥിനി മൂന്നാം നിലയിലെ സെമിനാർ റൂമിലെത്തിയത്. ആഗസ്റ്റ് ഒമ്പതിന് രാവിലെ 11.30 ന് അനക്കമറ്റ രീതിയിൽ കണ്ണട തകർന്ന്, മുഖത്ത് നിറയെ നഖപ്പാടുകളുമായി വായയിൽ നിന്നും മൂക്കിൽ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്നും അപ്പോഴും ചോര കിനിയുന്ന തകർന്നടിഞ്ഞ ശരീരം ഒരു സെക്യൂരിറ്റി സ്റ്റാഫ് അപ്രതീക്ഷിതമായി കണ്ടെത്തി. അവരുടെ ലാപ്ടോപ്പും മറ്റുപകരണങ്ങളം മേശപ്പുറത്ത് സുരക്ഷിതമായിരുന്നു.

ലോകത്തെമ്പാടുമുള്ള ആശുപത്രി സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ നാട് തികച്ചും അപരിഷ്കൃതമാണെന്ന് നിശ്ചയമായും പറയേണ്ടിവരും.
ലോകത്തെമ്പാടുമുള്ള ആശുപത്രി സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ നാട് തികച്ചും അപരിഷ്കൃതമാണെന്ന് നിശ്ചയമായും പറയേണ്ടിവരും.

എന്താണ് പിന്നീട് നടന്നത്?
ക്രൂരമായ ലൈംഗികാതിക്രമ കൊലപാതകത്തെ ആത്മഹത്യയാക്കാൻ ശ്രമിക്കുന്നു, മാതാപിതാക്കളെ മൃതദേഹം പോലും കാണിക്കാതെ മൂന്നു മണിക്കൂർ കാത്തിരുത്തുന്നു, എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യാൻ ബോധപൂർവം വൈകിപ്പിക്കുന്നു, ഡോക്ടറുടെ മൃതദേഹം കിടന്ന മുറിക്കടുത്ത് തിടുക്കത്തിൻ നിർമ്മാണ (?) പ്രവർത്തനങ്ങൾ നടത്തുന്നു, രാത്രി എന്താണ് സെമിനാർ റൂമിൽ ലേഡി ഡോക്ടർക്ക് കാര്യമെന്ന് പ്രിൻസിപ്പൽ സന്ദീപ് കുമാർ ഘോഷ് ക്രൂരമായി ചോദിക്കുന്നു, പ്രതിഷേധിച്ച വിദ്യാർത്ഥികളേയും ഡോക്ടർമാരേയും സ്വാതന്ത്ര്യ ദിനത്തിൽ തല്ലിച്ചതച്ച് ആശുപതിയിൽ കയറി തെളിവുകൾ നശിപ്പിക്കുന്നു... ഈ വാചകം ഞാനെങ്ങിനെയാണ് അവസാനിപ്പിക്കേണ്ടത്?

ഉയർന്ന ധിഷണയും സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പഠിതാക്കൾ മെഡിക്കൽ പ്രൊഫഷൻ ഒട്ടും ആകർഷകമല്ല എന്ന് കണ്ടെത്തുന്ന ആ ഭഗ്നമുഹൂർത്തം, ഇതാ ഒരു വിരൽപ്പാട് മാത്രം അകലെയാണ്.

ഇന്ത്യ ഒന്നടങ്കം ദുഃഖവും രോഷവും കൊണ്ട് പുകഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടുണ്ടായത്. പൊരുതുന്ന യുവഡോക്ടർമാരുടെ സംഘടനകളായ FAIMA- യേയും (The Federation of All India Medical Associations) FORDA- യേയും (Federation of Resident Doctors Association) മുന്നിൽ നിർത്തി IMA (Indian Medical Association) ദേശവ്യാപകമായി മെഡിക്കൽ സേവനങ്ങൾ പിൻവലിച്ചു. ഇന്ത്യയിലുടനീളം പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു. സാംസ്കാരിക പ്രവർത്തകരും സ്പോർട്സ് താരങ്ങളും സിനിമാതാരങ്ങളും സാധാരണക്കാരും അനീതിക്കെതിരെ ഒറ്റക്കെട്ടായി. മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകൾ ഭരണകൂടത്തെ പിടിച്ചു കുലുക്കി.

ഞെട്ടിപ്പിക്കുന്ന
ചില വസ്തുതകൾ

ആഗസ്റ്റ് 18 ന് വിളിച്ചു ചേർക്കപ്പെട്ട കേരള ഐ.എം. എ യുടെ പ്രവർത്തക സമിതിയിൽ വളരെ ആധികാരികമായ ഒരു പഠനം അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെമ്പാടുമുള്ള മെഡിക്കൽ വിദ്യാർത്ഥികളം യുവ ഡോക്ടർമാരും നീറുന്ന ഹൃദയത്തോടെ പങ്കെടുത്ത ആ പഠനസർവേയിൽ 3400- ഓളം അഭിപ്രായങ്ങൾ ലഭ്യമായിരുന്നു.

കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം.

ഞെട്ടിക്കുന്ന വസ്തുതകളാണ് സർവേ വെളിപ്പെടുത്തിയത്: 45 ശതമാനം മെഡിക്കൽ കോളേജുകളിലും ഡ്യൂട്ടി റൂമുകളില്ല. 62% ത്തിലേറെ ഡ്യൂട്ടി റൂമുകളിൽ ലാട്രിനുകളില്ല, 24- ഉം 48- ഉം മണിക്കൂറുകൾ വിശ്രമമില്ലാത്ത ജോലി, സുരക്ഷാസംവിധാനങ്ങൾ തികച്ചും അപര്യാപ്തം. വനിതാ ഡോക്ടർമാരുടെ സുരക്ഷക്ക് ഒരു പരിഗണനയുമില്ല.

ആർ.ജി. കാർ ആശുപത്രിയടക്കമുള്ള ഇന്ത്യയിലെ 99% ആശുപത്രികളിലും കൃത്യവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങൾ ഒരു വിദൂര സാധ്യത മാത്രമാണ് ഇന്നും. 75% ഡോക്ടർമാരും ശാരീരികമായോ അറയ്ക്കുന്ന ഭാഷ കൊണ്ടോ ഒരിക്കലെങ്കിലും ആക്രമിക്കപ്പെടുന്നുണ്ട് എന്ന വസ്തുത പൊതുസമൂഹവും ഭരണകൂടവും സൗകര്യപൂർവം കണ്ടില്ലെന്നു നടിച്ചതിന്റെ അതീവ ഗുരുതരമായ തിക്തഫലങ്ങളാണ് ഇന്ന് ഡോക്ടർമാരെ മുൻനിർത്തി സമൂഹം അനുഭവിക്കുന്നത്. ഉയർന്ന ധിഷണയും സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പഠിതാക്കൾ മെഡിക്കൽ പ്രൊഫഷൻ ഒട്ടും ആകർഷകമല്ല എന്ന് കണ്ടെത്തുന്ന ആ ഭഗ്നമുഹൂർത്തം, ഇതാ ഒരു വിരൽപ്പാട് മാത്രം അകലെയാണ്.

ലോകത്തെമ്പാടുമുള്ള ആശുപത്രി സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ നാട് തികച്ചും അപരിഷ്കൃതമാണെന്ന് നിശ്ചയമായും പറയേണ്ടിവരും. അതിലുപരിയായി ആശുപത്രി - ഡോക്ടർ ആക്രമണങ്ങളുടെ സ്ഥിതിവിവരം പരിശോധിക്കുമ്പോൾ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ സംസ്കാരശൂന്യത കൂടുതൽ വ്യാപകം എന്ന വസ്തുത നമുക്ക് തികച്ചും ലജ്ജാകരമാണ്.

ആർ.ജി. കാർ ആശുപത്രിയടക്കമുള്ള ഇന്ത്യയിലെ 99% ആശുപത്രികളിലും കൃത്യവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങൾ ഒരു വിദൂര സാദ്ധ്യത മാത്രമാണ് ഇന്നും.
ആർ.ജി. കാർ ആശുപത്രിയടക്കമുള്ള ഇന്ത്യയിലെ 99% ആശുപത്രികളിലും കൃത്യവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങൾ ഒരു വിദൂര സാദ്ധ്യത മാത്രമാണ് ഇന്നും.

കഴിഞ്ഞ വർഷം മെയിലാണ് ഡോ. വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്. സുരക്ഷയുടെ അടിസ്ഥാനതത്വങ്ങൾ പോലും നടപ്പിൽവരുത്താതിരുന്നതും സംരക്ഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് അന്ന് പ്രധാനമായും ചൂണ്ടിക്കാട്ടപ്പെട്ട ഗുരുതരാവസ്ഥകൾ. എത്രയോ കാലമായി ഡോക്ടർസമൂഹം ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ആശുപതി സംരക്ഷണ നിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്താൻ തുടർന്ന് സർക്കാർ നിർബന്ധിതമായി.

കേരളത്തിനു പിന്നാലെ ആശുപത്രി സുരക്ഷാ നിയമങ്ങൾക്ക് രൂപം നൽകിയ കർണ്ണാടക സർക്കാർ, ആക്രമണങ്ങൾക്കു പിന്നാലെ അക്രമികൾ മുന്നോട്ടു വെക്കുന്ന മുട്ടുന്യായങ്ങളുടെ മുന ഒടിക്കുന്നത് ശ്രദ്ധിക്കുക. ആക്രമണങ്ങൾ ഒരിക്കലും ഉദ്ദേശിച്ചതല്ലെന്നും വൈകാരിക ക്ഷോഭത്തിൽ സംഭവിച്ചുപോയതാണെന്നുമുള്ള വാദമുഖങ്ങൾ അവർ തള്ളിക്കളയുന്നു. കുറ്റം ചെയ്തില്ല എന്ന് തെളിയിക്കാനുള്ള ബാധ്യത കൂടി അക്രമികളുടെ മേൽ ചാർത്തിക്കൊടുക്കുന്നുണ്ട് കർണ്ണാടക സുരക്ഷാനിയമങ്ങൾ.

ഡോ. വന്ദന ദാസ്
ഡോ. വന്ദന ദാസ്

ആശുപത്രി ആക്രമണങ്ങളും ഡോക്ടർമാർക്കെ തിരെയുള്ള ആക്രമണങ്ങളും സോഫ്റ്റ് ടാർഗറ്റുകളാണ് എന്ന പൊതുബോധത്തിന്റെ ഉല്പന്നങ്ങൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഈ ആക്രമണകാരികൾ കോടതിയിൽ വെച്ചോ പട്ടാളത്തിന്റെയും ബോർഡർ സെക്യൂരിറ്റിയുടെയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ വെച്ചോ ഇത്തരത്തിൽ പ്രതികരിക്കാൻ നൂറിലൊന്നു പോലും സാധ്യതയില്ല.

മെഡിക്കൽ പ്രൊഫഷൻ ഉപേക്ഷിക്കുന്ന
പുതിയ തലമുറ

2021 മെയ് മാസത്തിൽ, ഇന്ത്യൻ ജേർണൽ ഓഫ് സൈക്യാട്രിയിൽ ഡോ. കിഷോറും ഡോ. സുഹാസ് ചന്ദ്രനുമാണ് ഇന്ത്യൻ ഡോക്ടർമാരുടെ ആത്മഹത്യകളെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനം പ്രസിദ്ധീകരിക്കുന്നത്. 2016-19 കാലത്ത് 30 ഡോക്ടർമാരാണ് ജീവനൊടുക്കിയത്. മാനസിക പീഡനങ്ങൾ ഒരു വശത്ത് ഡോക്ടർമാരെ നിഷ്കരുണം വേട്ടയാടുമ്പോൾ മറു വശത്താവട്ടെ കണ്ണിൽ ചോരയില്ലാത്ത അക്രമികൾ ഡോ. വന്ദനാദാസിനേയും കൊൽക്കത്തയിലെ ഡോക്ടറേയും പോലെയുള്ളവരെ വകവരുത്തുന്നു. പെൺകുട്ടികളെ അപേക്ഷിച്ച് സ്വയം തീരുമാനമെടുക്കാൻ ഇന്നും നമ്മുടെ സമൂഹത്തിൽ സാധ്യമാവുന്ന ആൺകുട്ടികൾ മെഡിക്കൽ പ്രൊഫഷൻ ഉപേക്ഷിച്ച് മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറുന്നതിന്റെ പുറമേക്ക് ദൃശ്യമാവുന്ന ആദ്യ സൂചനകളാണെന്നു തോന്നുന്നു, മറ്റു പല കാര്യങ്ങൾക്കുമൊപ്പം, മെഡിക്കൽ കോളേജുകളിലെ ലിംഗാനുപാതത്തിൽ അടുത്ത കാലത്തുവന്ന വലിയ മാറ്റങ്ങൾ. ഇംഗ്ലണ്ടിലെ സബ് - അർബൻ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റുമാരുടെ കുറവുമൂലം മറ്റു ഡോക്ടർമാർ പ്രസവമെടുക്കാൻ ധൈര്യം കാണിക്കാത്ത പരിണതിയിൽ സിറ്റികളിലെ വമ്പൻ ആശുപത്രികളിൽ മാത്രമാണ് പ്രസവങ്ങൾ, പ്രത്യേകിച്ച് ആദ്യ പ്രസവങ്ങൾ നടക്കുന്നതെന്ന റിപ്പോർട്ടുകൾ ഒട്ടും ശോഭനമല്ലാത്തൊരു ‘മെഡിക്കൽ മില്യു’വിന്റെ ചൂണ്ടുപലകയായി നാം തിരിച്ചറിയേണ്ടതുണ്ട്.

കോടതി ഇടപെടലുകളിൽനിന്ന് തികച്ചും വ്യത്യസ്തമായി കേന്ദ്രഭരണകൂടത്തിന്റെ നിലപാടുകൾ, ഡോക്ടർമാരുടെ ആധികൾ വേണ്ടത്ര ആഴത്തിൽ ഉൾക്കൊള്ളുന്നവയായില്ല എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.
കോടതി ഇടപെടലുകളിൽനിന്ന് തികച്ചും വ്യത്യസ്തമായി കേന്ദ്രഭരണകൂടത്തിന്റെ നിലപാടുകൾ, ഡോക്ടർമാരുടെ ആധികൾ വേണ്ടത്ര ആഴത്തിൽ ഉൾക്കൊള്ളുന്നവയായില്ല എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.

അർദ്ധരാത്രിയിൽ മുട്ടി വിളിക്കുന്ന പരിചിതരല്ലാത്ത പുരുഷന്മാർക്കൊപ്പം അത്ര വിദൂരമല്ലാത്ത കാലത്താണ് നമ്മുടെ ലേഡി ഡോക്ടർമാർ വീട്ടിലെ പ്രായമായ തുണക്കാരിയോടൊപ്പം കിലോമീറ്ററുകൾ നടന്ന് സൗകര്യങ്ങളൊന്നുമില്ലാത്ത വീടുകളിൽ വിളക്ക് കത്തിച്ചു പിടിച്ച് പ്രസവമെടുത്തിരുന്നത്. ആ അവസ്ഥയിൽ നിന്നാണ്, പുകഴ്പെറ്റ ടെറിഷ്യറി കെയർ ആശുപത്രിയിൽവെച്ച്, ഒന്നര ദിവസത്തോളം വിശ്രമമില്ലാതെ ജോലി ചെയ്തശേഷം, നിഷ്ഠൂരമായ ലൈംഗിക പീഡനത്തിനിരയായി ഡോക്ടർ വധിക്കപ്പെടുന്നത്. നമ്മുടെ സമൂഹത്തിന്റെ മൂല്യബോധം എവിടെയെത്തിനിൽക്കുന്നു എന്ന് നോക്കൂ.

കണ്ണടയ്ക്കുന്ന
നിയമങ്ങൾ

ദേശീയപ്രസ്ഥാനകാലത്ത് നമ്മുടെ സമൂഹം ഒരോ കുഞ്ഞു കാര്യങ്ങളിൽ പോലും ദീക്ഷിച്ചിരുന്ന മൂല്യബോധം പതുക്കെപ്പതുക്കെ കുറഞ്ഞുവരുന്നത് സ്വയം തൊട്ടറിഞ്ഞവരാണ് നമ്മൾ. ഒരിക്കൽ ഏറ്റവും ശക്തമായി എതിർത്തതിനെയെല്ലാം പിന്നീട് വാരിപ്പുണരുന്ന അസാധാരണമായ സ്വഭാവ സവിശേഷതയുണ്ട് ഇന്ത്യൻ സമൂഹത്തിന്.

കൊൽക്കത്ത കൊലപാതകക്കേസിൽ, കാര്യങ്ങൾ നല്ല വഴിക്കല്ല പോവുന്നത് എന്ന കൃത്യമായ ധാരണ കൊണ്ടാവണം, സ്വയം കേസെടുത്ത സുപ്രീംകോടതി, നാഷനൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതും മൂന്നാഴ്ചക്കുള്ളിൽ താൽക്കാലിക റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതും.
കൊൽക്കത്ത കൊലപാതകക്കേസിൽ, കാര്യങ്ങൾ നല്ല വഴിക്കല്ല പോവുന്നത് എന്ന കൃത്യമായ ധാരണ കൊണ്ടാവണം, സ്വയം കേസെടുത്ത സുപ്രീംകോടതി, നാഷനൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതും മൂന്നാഴ്ചക്കുള്ളിൽ താൽക്കാലിക റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതും.

നവോത്ഥാനകാലത്ത് നാം തീണ്ടാപ്പാടകലെ നിർത്തിയ മദ്യം, പുരോഗമന കേരളം അടിമുടി തിരസ്കരിച്ച ജാതി എന്നിവയെല്ലാം പതിന്മടങ്ങ് ശക്തിയോടെ തിരിച്ചെത്തിയത് സോഷ്യൽ എഞ്ചിനീയറിങ്ങ് രംഗത്തെ വലിയ അത്ഭുതങ്ങളാണ്. തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയ മൂല്യങ്ങളുടെ സ്ഥാനത്ത് കർശന നിയമങ്ങളും ശിക്ഷകളും കൊണ്ടുവരിക മാത്രമേ കരണീയമായുള്ളൂ എന്ന് ഇന്ത്യയിലെ ഉന്നത നീതിപീഠം പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു.

കോവിഡിൽനിന്ന് രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾക്കിടയിൽ 1597 ഇന്ത്യൻ ഡോക്ടർമാർക്കാണ് ജീവത്യാഗം ചെയ്യേണ്ടിവന്നത്.

കാര്യങ്ങൾ നല്ല വഴിക്കല്ല പോവുന്നത് എന്ന കൃത്യമായ ധാരണ കൊണ്ടാവണം, സ്വയം കേസെടുത്ത സുപ്രീംകോടതി, നിർണ്ണായക വിധിയിലുടെ നാഷനൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതും മൂന്നാഴ്ചക്കുള്ളിൽ താൽക്കാലിക റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതും. ഇന്ത്യൻ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.എം. എയുടെ പ്രതിനിധിയെ ഉൾപ്പെടുത്താൻ മറന്നുവെങ്കിൽ കൂടി, അത് വളരെ പ്രതീക്ഷയുണർത്തുന്ന നടപടിയാണെന്ന് പറയാതെ വയ്യ. ദേശീയ ആശുപത്രി സംരക്ഷണ നിയമവും, (CPA -സെൻട്രൽ പ്രൊട്ടക്ഷൻ ആക്റ്റ്), കോടതി സമുച്ചയങ്ങളും വിമാനത്താവളങ്ങളും എന്ന പോലെ ആശുപതികളെയും സുരക്ഷിത മേഖലകളായ (Safe Zone) പ്രഖ്യാപിക്കുന്ന നിയമവുമാണ് ഐ.എം. എയും ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷൻസും ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷനും സർവ്വാത്മനാ പ്രതീക്ഷിക്കുന്നത്.

കോടതി ഇടപെടലുകളിൽനിന്ന് തികച്ചും വ്യത്യസ്തമായി കേന്ദ്രഭരണകൂടത്തിന്റെ നിലപാടുകൾ, ഡോക്ടർമാരുടെ ആധികൾ വേണ്ടത്ര ആഴത്തിൽ ഉൾക്കൊള്ളുന്നവയായില്ല എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. കോവിഡിൽനിന്ന് രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾക്കിടയിൽ 1597 ഇന്ത്യൻ ഡോക്ടർമാർക്കാണ് ജീവത്യാഗം ചെയ്യേണ്ടിവന്നത്.

ജെ.പി നദ്ദ
ജെ.പി നദ്ദ

2020 ജനുവരിയിൽ ദേശീയ ആശുപത്രി സംരക്ഷണ നിയമത്തെക്കുറിച്ച് പാർലിമെൻ്റിൽ ചർച്ച വന്നപ്പോൾ, അത്തരമൊന്ന് പരിഗണനയിലേയില്ല എന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി. പക്ഷേ ഇതേ മന്ത്രാലയം 2020 ഏപ്രിലിൽ കോവിഡ് കത്തിപ്പടർന്നപ്പോൾ ഡോക്ടർമാരുടെ കൈമെയ് മറന്ന സേവനം ഏതുവിധേനയും ഉറപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് തൊഴിലിടങ്ങളിലെ സുരക്ഷക്കായി ഓർഡിനൻസിറക്കി. 2022 ജൂലൈയിൽ ആശുപത്രി സംരക്ഷണ നിയമത്തിന്റെ തൽസ്ഥിതി ആരാഞ്ഞ RTI ആക്ടിവിസ്റ്റ് ഡോ. കെ.വി ബാബുവിന്, ആശുപത്രി സംരക്ഷണ കരട് ബിൽ പിൻവലിച്ചു എന്നായിരുന്നു ലഭിച്ച മറുപടി. 2024 ജൂലൈയിൽ മന്ത്രി ജെ.പി നദ്ദ പാർലമെൻ്റിൽ ശശി തരൂരിന് നൽകിയ മറുപടിയാവട്ടെ, ഭാരതീയ ന്യായസംഹിതയുടെയും (Bharatiya Nyaya Sanhita- BNS) ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെയും (Bharatiya Nagarik Suraksha Sanhita- BNSS) പശ്ചാത്തലത്തിൽ കൂടുതൽ നിയമങ്ങൾ ഡോക്ടർമാരുടെ സംരക്ഷണത്തിന് ആവശ്യമില്ല എന്നായിരുന്നു.

IPC യിലെ 304 (A) വകുപ്പിനു പകരം വരുന്ന ഭാരതീയ ന്യായസംഹിതയിലെ 106 (1) പ്രകാരം, പഴയ ശിക്ഷാവിധിയിൽ നിന്ന് വ്യത്യസ്തമായി കുറ്റകരമായ അനാസ്ഥ (Criminal negligence) തെളിയിക്കപ്പെട്ടാൽ ഡോക്ടർമാർ നിശ്ചയമായും ജയിലിൽ പോകേണ്ടിവരും. വളരെ അപൂർവമായി ചികിത്സാരംഗത്തുണ്ടാവുന്ന പിഴവുകൾ മറ്റേതു രംഗത്തുമെന്ന പോലെ മനുഷ്യസഹജമാണെന്നും Criminal Intention ഇല്ലാത്തതുമാണെന്നുമൊക്കെ അധികാരികളെ പേർത്തും പേർത്തും ഓർമ്മിപ്പിച്ചിട്ടം ഇതാണ് ഇന്ത്യൻ ഡോക്ടർമാർക്ക് ഭരണകൂടം വെച്ചുനീട്ടിയ ഡോക്ടേഴ്സ് ദിന സമ്മാനം എന്ന വസ്തുത കൂടി ഇതോടൊപ്പം ചേർത്തുവായിക്കാം.

ഏറ്റവും ഒടുവിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ടീമിലെ (CBI)എറ്റവും പ്രഗത്ഭയായ അന്വേഷകരിലൊരാൾ എന്ന് പേരെടുത്ത ഓഫീസർ സീമാ പഹൂജ, കൊൽക്കത്തയിലെ കുറ്റകൃത്യം അന്വേഷിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത സ്വാഗതാർഹവും പ്രതീക്ഷയുടെ തിരിനാളം കൊളുത്തുന്നതുമാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലുകളിലും സേഫ് സോൺ പ്രഖ്യാപന സാധ്യതയിലും പ്രതീക്ഷയർപ്പിക്കുകയാണ് ഇന്ത്യയിലെമ്പാടുമുള്ള ഡോക്ടർമാർ.

Comments