'മലപ്പുറത്തെ കലഹങ്ങൾ'ക്കൊരു വിയോജനക്കുറിപ്പ്

തിങ്കിൽ ഷാജഹാൻ മാടമ്പാട്ടെഴുതുന്ന "കലഹങ്ങൾ കുതൂഹലങ്ങൾ ഒരു മാപ്പിളയുടെ ജീവിതം" എന്ന പരമ്പരയുടെ നാലാം ഭാഗമായ 'മലപ്പുറത്തെ സ്‌നേഹങ്ങൾ, മലപ്പുറത്തെ കലഹങ്ങൾ' എന്ന തലക്കെട്ടിലുള്ള കുറിപ്പിനോടുള്ള വിയോജിപ്പ്

ഷാജഹാൻ മാടമ്പാട്ടിന്റെ ഓർമ്മക്കുറിപ്പുകൾ അതീവ കൗതുകത്തോടെ ആസ്വദിച്ച് വായിക്കുന്നു. ഭാഷയുടെ സൗന്ദര്യവും നർമ്മവുമെല്ലാം ലേഖനങ്ങളുടെ ദൈർഘ്യത്തെ ഞെരിച്ച് കൊല്ലുന്നു.

"മലപ്പുറത്തെ സ്‌നേഹങ്ങൾ, മലപ്പുറത്തെ കലഹങ്ങൾ' എന്ന ശീർഷകത്തിന് കീഴിൽ പങ്കുവെച്ച "നാടൻ' ഓർമ്മകൾ നല്ല രസമായിരുന്നു.

മലപ്പുറത്തും ജീവിക്കുന്നത് മനുഷ്യരാണ്, മറ്റു മനുഷ്യരിലുള്ള നന്മകളും തിന്മകളുമെല്ലാം മലപ്പുറത്തുമുണ്ടാകും. ആ ആറുമുഴത്തിൽ നിന്ന് മുറിച്ചതാണ് ഈ മൂന്നുമുഴം. അതിനാൽ മറ്റുള്ള ജില്ലക്കാർക്ക്, വിശിഷ്യ, മലബാറിലെ ജില്ലകളിൽ നിന്നുള്ളവർക്ക് എന്തൊക്കെ നന്മയുണ്ടോ അവ, ഏറ്റക്കുറച്ചിലുകളോടെ മലപ്പുറത്തുകാരിലുമുണ്ടാകും; അതുപോലെതന്നെ തിന്മകളും. ലേഖനത്തിന്റെ ഉള്ളടക്കത്തോടുള്ള പൂർണ്ണ യോജിപ്പ് ഇവിടെ അവസാനിക്കുന്നു.

സുന്നി മുജാഹിദ് തർക്കളിൽ കണ്ടുവന്നിരുന്ന അനഭിലഷണീയമായ പ്രവണതകൾ, സരസമായും, തെല്ലൊരതിശയോക്തിയോടെയും അദ്ദേഹം വിവരിച്ചത് വായിച്ചപ്പോൾ ഷാജഹാന്റെ എഴുത്തുകളിൽ സാധാരണ കാണാറുള്ള അവധാനത ഇതിനുണ്ടായില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്, വളരെ വളരെയടുത്ത്, സ്വന്തം ഹൃദയത്തോളം അടുത്തറിവുള്ള ചില വസ്തുതകളോട് നീതി പുലർത്തിയില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാവില്ല എന്ന് നൂറുറപ്പ്.

കേരള മുസ്‌ലീംങ്ങളിലെ യാഥാസ്ഥിതികരാണ് സുന്നികൾ, മുജാഹിദുകൾ അവരിലെ ഉല്പതിഷ്ണുക്കളും. കുറച്ച് സമയത്തേക്കെങ്കിലും ലേഖകൻ ഇതംഗീകരിക്കണം, കാരണമുണ്ട്, പറയാം.

യാഥാസ്ഥിതികതയുടെ നാറുന്ന മാറാപ്പിൽ അള്ളിപ്പിടിക്കാൻ ശ്രമിക്കുന്നവരെയും, ചുറ്റിലും ദുർഗന്ധവും അനാരോഗ്യവും പടർത്തുന്ന ആ മാറാപ്പ് പിടിച്ചുവാങ്ങി തീയിടാൻ ശ്രമിക്കുന്നവരെയും സമീകരിക്കുകയാണ് ലേഖകൻ. വസ്തുതകളുമായി മുഖാമുഖം നിന്ന് പേശിപെരുക്കുന്ന അഭ്യാസമാണത് എന്ന് ഖേദപൂർവ്വം പറയേണ്ടി വരുന്നു.

ഇനിയീ പറയുന്നതൊന്നും ഷാജഹാനുള്ള മറുപടിയല്ല, അദ്ദേഹത്തിനറിയാത്ത എന്തെങ്കിലും ഈ വിഷയത്തിൽ പുതുതായി പറഞ്ഞുകൊടുക്കാൻ എന്റെ കയ്യിലൊന്നുമില്ല, വായനക്കാരെ മാത്രം ഉദ്ദേശിച്ചാണ്.

കാലങ്ങളായി സമൂഹത്തിൽ അട്ടിലട്ടിയിൽ അടിഞ്ഞുകൂടിയ അന്ധവിശ്വാസത്തിന്റെ ഇരുണ്ട അടരുകളെ അരക്കിട്ടുറപ്പിക്കാനും നിരക്ഷരരും പാവങ്ങളുമടങ്ങുന്ന സമൂഹത്തെ ചൂഷണം ചെയ്യാനുമായി കോട്ടകൾ കെട്ടി ഭൂതത്തെപ്പോലെ അതിന് കാവലിരിക്കുന്ന പൗരോഹിത്യത്തെയും, അതിനെതിരെ, പ്രമാണങ്ങൾ സഹിതം, പലപ്പോഴും, പരിഹസിക്കപ്പെട്ടും ഒറ്റപ്പെടുത്തപ്പെട്ടും നടന്ന നവോത്ഥാന പ്രവർത്തനങ്ങളെയും ഒരേ കുപ്പിയിലിട്ട് കുലുക്കി നടത്തിയ ലളിതസമീകരണം ദുഃഖകരമാണ്, ഷാജഹാന്റെ ഭാഗത്തു കൂടിയാകുമ്പോൾ അത് വേദനയോളം വലുതാകുന്നു.

പ്രമാണങ്ങൾ തൽക്കാലം നമുക്ക് മാറ്റിവെക്കാം. ആധുനിക വിദ്യാഭ്യാസത്തോട് എതിർത്തു നിന്നവരും, അതിനുവേണ്ടി പ്രവർത്തിച്ചവരും എങ്ങനെയാണ് സമമാവുക? സ്‌കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ "വയള്' പറഞ്ഞവരും പറഞ്ഞയക്കരുതെന്ന് തിട്ടൂരമിറക്കിയവരും എങ്ങനെയാണ് സമമാവുക? മടപ്പള്ളി കോളേജ് നിലവിൽ വന്നപ്പോൾ, അത് ഭൗതിക കോളേജാണ്, വഹാബി കോളേജാണ്, അങ്ങോട്ട് കുട്ടികളെ പറഞ്ഞയക്കരുതെന്നു "വിധി' പുറപ്പെടുവിച്ച മുസ്ലിയാർ മരണപ്പെട്ടിട്ട് കാൽ നൂറ്റാണ്ട് ആകുന്നതേ ഉള്ളൂ.

പെൺകുട്ടികളെ എഴുത്ത് പഠിപ്പിക്കരുതെന്ന് ആജ്ഞ പുറപ്പെടുവിച്ചവരും അവരെ പഠിപ്പിക്കാനായി "വയള്' പറഞ്ഞവരും സമമാകുന്നതെങ്ങനെ? ഷാജഹാന്റെ, സ്‌കൂളധ്യാപികയായ ഉമ്മയുടെ കളിക്കൂട്ടുകാരിൽ എത്ര പേർ ടീച്ചർമാരായി ഉണ്ടാകും? സുന്നികളുടെ ആധികാരിക വേദിയായ സമസ്തക്കു കീഴിലുള്ള മദ്രസകളിലെ പൊതുപരീക്ഷകളിൽ പെൺകുട്ടികൾക്ക് എഴുത്തു പരീക്ഷയുണ്ടായിരുന്നില്ല, വാചാപരീക്ഷയായിരുന്നു അടുത്ത കാലംവരെ.
എഴുത്തും വായനയും പെൺകുട്ടികൾക്ക് ഹറാമായതുതന്നെയായിരുന്നു കാരണം.

എന്റെ കേവലമായ ധാരണകളല്ല ഇവയൊന്നും. സമസ്തയുടെ കുപ്രസിദ്ധമായ മണ്ണാർക്കാട് പ്രമേയങ്ങൾ ഒരാവർത്തി വായിച്ചാൽ മതി. സമൂഹത്തിന്റെ പൊതുനന്മ ആഗ്രഹിക്കുന്ന ആരും ഭാഷാശുദ്ധി നോക്കാതെ പടക്കിറങ്ങിപ്പോകുന്ന കാലമായിരുന്നു അത്.

രോഗം ബാധിച്ചാൽ ആശുപത്രിയിൽ പോകാതെ ഉറുക്കും മന്ത്രവും പിഞ്ഞാണെഴുത്തും നടത്തണമെന്ന് "വയള്' പറഞ്ഞവരും, രോഗം വരുന്നവരെ ആശുപത്രികളിലേക്കയക്കാൻ "വയള്' പറഞ്ഞവരും സമമാകുമോ? "ഇപ്പോൾ, മുസ്‌ലിം സ്ത്രീകൾ പ്രസവിക്കാനായി ആശുപത്രികളിലേക്കാണ് പോകുന്നത്, പണ്ടൊക്കെ ഉസ്താദ് വന്ന് ദുആ ഇരന്ന് പെണ്ണുങ്ങളൊക്കെക്കൂടി ഒരുവട്ടം നഫീസത്ത് മാലയങ്ങോട്ട് ചൊല്ലുന്നതോടെ സുഖപ്രസവം നടക്കുന്നതായിരുന്നു രീതി. എന്നും തന്റെ "ഭാര്യയെ, പ്രസവിക്കാനായി ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല, ഇനി കൊണ്ടുപോവുകയുമില്ല' എന്നും (നുണയാണത് എന്ന കാര്യത്തിൽ സംശയമില്ല. അതു മുഖേന പാമരനെ തെറ്റിദ്ധരിപ്പിച്ച് ഒരു വരുമാനോപാധി തരപ്പെടുന്നതിന്റെ അനന്ത സാധ്യതയിലാണ് കണ്ണ്) പരസ്യമായി സ്റ്റേജിൽ കേറി പ്രസംഗിക്കുന്ന മുസ്ലിയാർക്ക് കഷ്ടി അമ്പത് വയസ്സേ ഉള്ളൂ പ്രായം എന്ന് മനസ്സിലാക്കണം.

സ്ത്രീകളുടെ പള്ളിപ്രവേശം വിപ്ലവാത്മകമായ കാൽവെപ്പായിരുന്നു. അത് സാധ്യമാക്കിയത് ഈ "വയള്'കളാണ്. ക്ഷേത്രപ്രവേശന വിളംബരം കേരള ചരിത്രത്തിലെ നാഴികക്കല്ലാണെങ്കിൽ കേരള മുസ്‌ലിം ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായിരുന്നു ഉമ്മമാരുടെ പള്ളിപ്രവേശനം. ഇവ്വിഷയകമായി എം.എൻ.കാരശ്ശേരി പതിറ്റാണ്ടുകൾക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രദ്ധേയമായ ഒരു ലേഖനമെഴുതിയിരുന്നു.

സംഘടിത സകാത്താണ് മറ്റൊരു വിഷയം. എല്ലാ മുജാഹിദ് മഹല്ലുകളിലും സകാത്ത് സെൽ സംവിധാനമുണ്ട്. ഇതനുസരിച്ച് ഒരാൾ തന്റെ സമ്പത്തിന്റെ രണ്ടര ശതമാനം സകാത്ത് കമ്മിറ്റിയെ ഏൽപ്പിക്കുന്നു, കമ്മിറ്റി അത് അർഹരായവർക്കിടയിൽ വിതരണം ചെയ്യുന്നു, ജീവനോപാധികൾ ഏർപ്പാടാക്കുന്നു, അടിയന്തര സഹായങ്ങൾ ചെയ്യുന്നു. വാങ്ങുന്നവനോ കൊടുക്കവനോ അറിയുന്നില്ല, ആരുടെ പൈസ ആർക്കാണ് കിട്ടിയതെന്ന്.
മഹല്ലുകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന സംരംഭമാണത്.

ഷാജഹാൻ മാടമ്പാട്ട്

ഇതിന് പ്രതിരോധമൊരുക്കാനാണ് മുജാഹിദുകൾ "വയള്' പറയുക. അതിനുള്ള സുന്നികളുടെ മറുപടി "വയള്' ആകട്ടെ, ബഹുരസമാണ്. "ധനികനിൽ നിന്ന് പിടിച്ചുവാങ്ങണം എന്നാണ് ഖുർആൻ ആവശ്യപ്പെടുന്നത്, അതിനാൽ കമ്മിറ്റിക്ക് സൗമ്യമായി ഏൽപ്പിച്ചു കൊടുക്കുന്ന ധനം സകാത്തായി പരിഗണിക്കപ്പെടില്ല. ദർദ്രർ റമദാനിലെ ഇരുപത്തി ഏഴാം രാവിൽ തെണ്ടി നടന്ന് പരമാവധി ധനിക വീടുകളിൽ കയറി പൈസ പിടിച്ചു വാങ്ങണം' എന്ന് അവിഭക്ത സമസ്തയുടെ മുശാവറ മെമ്പർ പ്രസംഗിക്കുന്നത് നേരിട്ട് കേൾക്കേണ്ടിവന്ന ഒരു ഹതഭാഗ്യനാണ് ഈ കുറിപ്പെഴുതുന്നത്.

മുശാവറ മെംബർ എന്ന് കേൾക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ ഒരാൾ തെളിഞ്ഞുവരുന്നില്ലേ, അതിനെക്കാളൊക്കെ വലിപ്പമുള്ള നേതാവാണങ്ങനെ പറഞ്ഞത്.

"സ്ത്രീധനം സാമൂഹ്യ വിപത്തും അനിസ്‌ലാമികമാണ്; വാങ്ങരുത് പ്രോത്സാഹിപ്പിക്കരുത്' എന്നതായിരുന്നു, മലബാർ മുസ്‌ലിംകൾക്കിടയിൽ സ്ത്രീധനം കൊടികുത്തിവാണ എൺപതുകളിൽ, മുജാഹിദുകൾ അത്യുച്ചത്തിൽ വിളിച്ച മുദ്രാവാക്യം. വടം വലിയിലെന്ന പോലെ അവർ എന്ത് പറഞ്ഞാലും അതിനെതിർദിശയിലേക്ക് ആഞ്ഞ് വലിക്കുന്ന സുന്നി "വയള്' കാർ സ്ത്രീധനം അങ്ങേയറ്റം ഇസ്‌ലാമികമാണെന്ന് പറഞ്ഞ് പ്രസംഗിച്ചു. സ്ത്രീധനമെന്ന വിപത്തിനെക്കുറിച്ച് തന്റെ പത്രത്തിൽ ലേഖനമെഴുതിയ ചന്ദ്രിക പത്രാധിപർ റഹീം മേച്ചേരിക്കും കണക്കിന് കിട്ടി. ഒരു മുസ്ലിയാർ അദ്ദേഹത്തിന് മൊസാദിൽ നിന്ന് ശംബളം വരെ വാങ്ങിക്കൊടുത്തു.

ഉസ്മാൻ വൈദ്യർ രോഗികളെ ചികിത്സിച്ചാൽ മതി, വയള് പറയേണ്ട, അതിന് ഞങ്ങളുണ്ട് എന്ന് പ്രസംഗിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാർക്കുള്ള ഒരു മറുപടി "വയളി'ൽ, മുജാഹിദ് നേതാവായിരുന്ന ഡോ. എം. ഉസ്മാൻ (മലബാറിലെ ആദ്യകാല മുസ്‌ലിം എം.ബി.ബി.എസ് ബിരുദധാരിയാണദ്ദേഹം,) മറുപടി ഇപ്പോഴും കർണ്ണപുടത്തിന്റെ പരിസരത്തുണ്ട്. എന്റെ പണി (ചികിത്സ) നിങ്ങളെടുത്താൽ നിങ്ങളുടെ പണി (വയള് പറയുന്ന പരിപാടി) എനിക്കും എടുക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞത് ലേഖകൻ പരാമർശിച്ച അനാരോഗ്യകരവും ശത്രുതാഭരിതവുമായ സുന്നി-മുജാഹിദ് വഴക്കുകളുമായി എവിടെയാണ് അതിരുകൾ പങ്കിടുന്നത്? സന്ദർഭം ആവശ്യപ്പെടുന്ന നർമ്മങ്ങളിലൂടെ ആയിരുന്നു പല മുജാഹിദ് പ്രസംഗകരും മറുപടി നൽകിയിരുന്നത്.

പൗരോഹിത്യം തീർത്ത കൂരിരുളിന് നേരെ സധീരം പന്തമെറിഞ്ഞതിനാണ് സെയ്ദ് മൗലവിക്ക് തീകൊളുത്തിയ പടക്കമാല കഴുത്തിലണിയേണ്ടി വന്നത്. ആരോടും ഒരു പ്രതിഫലവും അവർ ചോദിച്ചില്ല. പകലന്തിയോളം തൊഴിൽ ചെയ്ത് വൈകുന്നേരം കാൽനടയായും ബസിൽ തൂങ്ങിപ്പിടിച്ചും പ്രസംഗിച്ച് കടത്തിണ്ണയിലുറങ്ങി നേരം വെളുക്കുമ്പോൾ വീണ്ടും തൊഴിൽ ചെയ്ത് ജീവിച്ച് മരിച്ചുപോയ നിസ്വാർഥരെയും, മന്ത്രവും ഉറുക്കും ഏലസ്സും വിറ്റ് ചൂഷണം ചെയ്ത് ജീവിച്ചവരെയും ഒരേ ബ്രഷ് ഉപയോഗിച്ച് പെയ്ന്റടിക്കുന്നത് സത്യത്തെ ശീർഷാസനത്തിൽ നിർത്തുന്നതിന് തുല്യമാണ്.

സമൂഹത്തിൽ എന്തൊക്കെ തിന്മയുണ്ടോ അതിന്റെയെല്ലാം വക്കാലത്തേറ്റെടുത്ത് കച്ചമുറുക്കിയ ഒരു കൂട്ടരും അതിന്റെ നേരെ എതിർ ദിശയിലേക്ക് സമൂഹത്തെ വഴികാട്ടാൻ പീഡനമേറ്റു വാങ്ങിയവരും സമമാകുമെങ്കിൽ, ഈ വിപ്ലവം വിപ്ലവം എന്നൊക്കെ പറയുക എന്തിനെക്കുറിച്ചാണ്?

മുജാഹിദുകൾ പൊതുവെ മാന്യവും സംസ്‌കൃതവുമായ ശൈലിയാണ് ഉപയോഗിച്ചിരുന്നത്. മതപ്രസംഗം എന്നത് വിചിത്രമായ ഭാഷയും ശൈലിയുമിപയോഗിച്ചുള്ള ഏലക്കങ്ങളായി കരുതപ്പെട്ട കാലത്ത് ശുദ്ധമായ മലയാള ഭാഷയും ശൈലിയുമുപയോഗിച്ച് അതാകാമെന്ന് പഠിപ്പിച്ചത് അനോരോഗ്യകരമായ മത്സരത്തിന്റെ നുകത്തിൽ ഒരു തലക്കൽ ലേഖകൻ കെട്ടിയ മൗലവിമാരായിരുന്നു എന്നോർക്കണം. അതുകൊണ്ടുതന്നെ കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിലും പി.എ.മുഹമ്മദ് കോയയുടെ "സുൽത്താൻ വീട്' പോലെയുള്ള നോവലുകളിലും ഈ പരിഷ്‌കർത്താക്കൾ ആദരപൂർവ്വം കടന്നുവരുന്നുണ്ട്. ലേഖനത്തിൽ സൂചിപ്പിച്ചപോലെ ചിലരൊക്കെയുണ്ടാകാം, അവർ അപവാദങ്ങളാണ്. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനും കേരളീയ മുസ്‌ലിംകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് വഴിനടത്തിയ കെ.എം.സീതി സാഹിബുമൊക്കെ ഈ പ്രസ്ഥാനത്തിന്റെ ഉപോൽപ്പന്നങ്ങളല്ലേ?

വെള്ളിയാഴ്ചകളിലെ മലയാളത്തിലുള്ള ഖുത്ബകളിലൂടെ സമൂഹത്തെ എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളിലും ബോധവൽക്കരിക്കാൻ മുജാഹിദുകൾക്കായി. അപ്പുറത്തെ അറബിയിലുള്ള മന്ത്രങ്ങൾക്ക് പകരമായാണിത്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മികച്ച മാധ്യമമാണ് പള്ളി മിമ്പറുകൾ. അതുകൊണ്ടുതന്നെ, കള്ള്, മയക്കുമരുന്ന്, സ്ത്രീപീഡനം, ചതി, വഞ്ചന... ഏത് തിന്മകളിലും മുജാഹിദ് മഹല്ലുകൾ വളരെ വളരെ പിന്നിലാണ്. ക്രൈംറെയ്റ്റ് വളരെ കുറവാണവിടങ്ങളിൽ.

ഇനിയുമുണ്ട് പറയാൻ...

ചൂഷകരായ പുരോഹിതന്മാർ നവോത്ഥാന നായകനായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് സമൂഹത്തിന്റെ സ്പന്ദനങ്ങൾ അകത്തുനിന്നുകൊണ്ടു തന്നെ കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ഷാജഹാനെപ്പോലെ പണ്ഡിതനായ സ്‌നേഹിതനിൽ നിന്ന് ഇങ്ങനെയൊരു കാടടക്കിവെടി പ്രതീക്ഷിച്ചതല്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഭാഷണങ്ങൾ അദ്ദേഹം സൂചിപ്പിച്ചതുപോലെ അലമ്പില്ലാത്തതായിരുന്നു. ആർക്കും അലോസരമുണ്ടാക്കാതെ ആർക്കുമൊന്നും മനസ്സിലാകാതെ ചിന്തേരിട്ട ഭാഷയിൽ പ്രസംഗിച്ച് അവർ പോകും. കാബൂളിലെ കാട്ടുപാതകളും തെഹറാനിലെ തെരുവുകളും പോളണ്ടിലെ പട്ടണങ്ങളും വിശദീകരിക്കാൻ ആ പോളിഷ്ഡ് ഭാഷ മതിയായിരുന്നു. കൂരിരുളിന് പ്രഹരമേൽപ്പിക്കാൻ അത് പര്യാപ്തമായിരുന്നില്ല. "ദൈവത്തിന്റെ പരമാധികാര വിഭാവനയ്ക്ക് വിരുദ്ധമായി വല്ലവനോടും വിധേയത്വം കാണിച്ചാലത് അക്ഷന്തവ്യമായ അപരാധമായി'. എന്ന് പറയുമ്പോൾ "എൺപതുകളിലെ മലപ്പുറം മാപ്പിളയിൽ അതൊരു പ്രതികരണവുമുളവാക്കില്ല. പിന്തിരിപ്പത്തരത്തിന്റെ കടന്നൽകൂടിളക്കാൻ അല്പം കടുത്തതതും മനസ്സിലാകുന്നതുമായ ഭാഷ വേണമായിരുന്നു ഉപയോഗിക്കാൻ. കാലം ആ കാർക്കശ്യം ആവശ്യപ്പെട്ടിരുന്നു.

ഞാനെന്റെ ജമാഅത്ത് സുഹൃത്തുക്കളെ ചെറുതായി ഒന്ന് തോണ്ടട്ടെ. അടിയന്തരാവസ്ഥ കാലത്ത് സംഘടന നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട പ്രാദേശിക തലത്തിലെ ജമാഅത്ത് ഭാരവാഹികളോട് ജഡ്ജ് ചോദിച്ചു, "നിങ്ങൾ എത്ര കാലമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്?'

ജ.ഭാ: "ഇരുപത് കൊല്ലം'

"അന്നെത്ര മെംബർമാരുണ്ടായിരുന്നു?'

"അഞ്ച്'

"ഇപ്പോഴോ?'

"അഞ്ച്'

"ജഡ്ജ് (സഹതാപം മുറ്റിയ നോട്ടത്തോടെ): "നിങ്ങൾ പൊയ്‌ക്കോളൂ'.

മുന്നിലുള്ള കടലാസ് തീർന്നുപോകുന്നതിന് മുൻപ് ഒരുകാര്യം കൂടി,

സാകിർ നായിക് എം.എം.അക്ബർ വിഷയമാണത്. സാകിർ അല്പമൊക്കെ ഇവാഞ്ചലിക് സ്വഭാവത്തിൽ ശ്രോതാവിനെ മുസ്‌ലിം ആകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്ബർ എവിടെയും ആരോടും മുസ്‌ലിം
ആകാൻ ആവശ്യപ്പെടുന്നത് കേട്ടിട്ടില്ല. ഒരു ഭാഗത്ത് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുമ്പോൾ ആ തെറ്റിദ്ധാരണ അകറ്റാൻ ശ്രമിക്കുന്നത് മറ്റെന്തൊക്കെയായാലും മീൻപിടുത്തമാകുന്നില്ല.

ഇത്രയൊന്നും എഴുതാൻ വിചാരിച്ചതല്ല, പ്രിയങ്കരനായ ഒരു കൂട്ടുകാരനുമായി ഏറ്റുമുട്ടേണ്ട ഘട്ടം വന്നാൽ ഏറ്റുമുട്ടാൻ ഞാനാഗ്രഹിക്കുന്ന അവസാനത്തെയാളാകും ഷാജഹാൻ. എന്നാൽ ഷാജഹാനെപ്പോലെ അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്റെ ഏതു വാചകവും നാളത്തെ ചരിത്രരേഖയാകാം. വിശേഷിച്ചും അദ്ദേഹം അകത്തുള്ളയാളാകുമ്പോൾ. ആ രേഖയിൽ വക്കം മൗലവിയും കാന്തപുരവും, കെഎം. മൗലവിയും പകര അഹ്‌സനിയും ഒരേ കുപ്പിയിൽ രണ്ട് തവണയായൊഴിച്ച ഒറ്റ ദ്രാവകം മാത്രമായി നാളത്തെ തലമുറ മനസ്സിലാക്കിക്കൂടല്ലോ. അങ്ങനെയുള്ള ചരിത്രങ്ങൾ രചിക്കപ്പെട്ടുതുടങ്ങി. ഇപ്പോക്ക് പോയാൽ നാളത്തെ ചരിത്രം ഇതൊക്കെയായിരിക്കും.

Comments