ചരിത്രത്തിൽ അങ്ങോളമിങ്ങോളം മനുഷ്യർക്കൊപ്പം മതങ്ങളും ഒന്നിച്ചുണ്ടെന്നു നാം കരുതുന്നുവെങ്കിലും, ലോകത്തെ പ്രാചീന ഭാഷകളിലൊന്നും തന്നെ റിലീജ്യൻ (Religion) എന്ന ഇംഗ്ലീഷ് വാക്കിനു സമാനമായ പദം കണ്ടെത്താനാവില്ല. റിലീജ്യനു പോലും 15-ാം നൂറ്റാണ്ടിനു ശേഷമാണ് നാം ഇന്നു വ്യവഹരിക്കു ‘മതം’ എന്ന അർത്ഥം ഇംഗ്ലീഷ് ഭാഷയിൽ പതുക്കെ പതുക്കെ വന്നുചേർന്നത്. അതായത് സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, സയൻസ് എന്നീ പുതിയ പഠനവിഷയങ്ങൾ പോലെ ആധുനിക കാലത്ത് മതം എന്ന കാറ്റഗറിയും രൂപം കൊണ്ടു.
ബ്രെൻ്റ് നോംഗ്ബ്രി (Brent Nongbri) നിരീക്ഷിക്കുന്നു: Religio എന്ന ലാറ്റിൻ വാക്ക് Religion എന്ന് ഇംഗ്ലീഷിൽ വിവർത്തനം ചെയ്തു കാണുന്നു. എന്നാൽ പ്രാചീന റോമിൽ Religio എന്നാൽ സ്വകാര്യസ്ഥാപനം, രാഷ്ട്രീയത്തിൽ നിന്ന് വേർപെട്ടത്, പരലോക ജീവിതത്തിനു ഒരാളെ പ്രാപ്തമാക്കുന്നത് എന്ന അർത്ഥമില്ല. അതിൻ്റെ അർത്ഥം ഭക്തി അല്ലെങ്കിൽ ബഹുമാനം, നിയമം, സന്ദേഹം എന്നിങ്ങനെയാണ്. ഇന്നത്തെ പുതിയ അർത്ഥവുമായി ഇതിനു വിദൂര സാമ്യമേയുള്ളൂ.
"റോമൻ റിലിജിയോ എന്നത് ദൈവങ്ങളുമായി ബന്ധപ്പെട്ടതായിരുന്നില്ല. അത് മറ്റുള്ള സമൂഹങ്ങളിൽ നിന്ന് വ്യതിരിക്തമായ കൂട്ടായ ചടങ്ങുകളെ കുറിച്ചിരുന്നു. ലാറ്റിനിൽ religio എന്നാൽ പ്രത്യേക വിഭാഗത്തിൻ്റെ പരമ്പരാഗത ആചാരങ്ങൾ എന്നേ അർത്ഥമുള്ളൂ. അതായത് പാരമ്പര്യം (traditio ) എന്നാണതിൻ്റെ ആശയ"മെന്നു ടിമോത്തി ഫിറ്റ്സ് ജെറോൾഡ് (Timothy Fitzgerald) പറയുന്നു. അതുപോലെ, അറബി പദമായ ‘ദീൻ’ Religion എന്ന അർത്ഥത്തിൽ വിവർത്തനം ചെയ്തു വരുന്നുണ്ട്. എന്നാൽ ‘ദീൻ’ അർത്ഥമാക്കുന്നത് ആചാരം അല്ലെങ്കിൽ നിയമം എന്നാണ്.
അറബിക്, സംസ്കൃതം, ലാറ്റിൻ എന്നീ പ്രാചീന ഭാഷകളിൽ റിലീജ്യൻ എന്നതിനു സമാനമായ പദം ഇല്ല തന്നെ. എന്തുകൊണ്ട് മതവുമായി അടുത്ത ബന്ധമുള്ള ഭാഷകളിൽ പോലും മതം എന്ന വാക്ക് ഇല്ലാതെ പോയി? നാം ഇന്നു വിശ്വസിക്കുന്നതു പോലെ കാലാതിവർത്തിയും സാർവ്വജനീനവും ജീവിതത്തിൻ്റെ ഇതര മേഖലകളിൽ നിന്നും വേർതിരിഞ്ഞ് സ്വതന്ത്രമായ അസ്തിത്വം ഉള്ളതുമായ ഒരു വിഷയമായിരുന്നില്ല ആധുനിക കാലത്തിനുമുമ്പ് മതം.
മനുഷ്യചരിത്രത്തിൽ ആധുനിക കാലത്ത് പ്രത്യേക ചരിത്ര സന്ദർഭങ്ങളിൽ മതം എന്ന ആശയം സൃഷ്ടിക്കപ്പെടുകയായിരുന്നു. സ്വതന്ത്രമായ വ്യക്തിത്വമുള്ള വിഷയം എന്ന നിലയിൽ മതം എന്ന ആശയത്തിൻ്റെ വളർച്ച പ്രധാനമായും യൂറോപ്യൻ രാജ്യങ്ങൾ ഇതര ലോകങ്ങൾക്കുമേൽ നടത്തിയ കോളനിവാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. കോളനിവാഴ്ചയ്ക്കു വേണ്ടിയുള്ള കിടമത്സരം യൂറോപ്യൻ രാഷ്ട്രീയ ലോകത്ത് ആഭ്യന്തരമാറ്റങ്ങൾ സൃഷ്ടിച്ചു. അതോടൊപ്പം പുതിയ രാജ്യങ്ങളിൽ ക്രിസ്തീയമല്ലാത്ത പല പാരമ്പര്യങ്ങളുമായി ഇടപെടാൻ കോളനിവാഴ്ച യൂറോപ്യൻ ജനതക്ക്, പ്രത്യേകിച്ചും കച്ചവടക്കാർ, മിഷണറിമാർ, ഭരണക്കാർ എന്നിവർക്ക് അവസരം നൽകി.
കോളനിവാഴ്ചക്കാലത്ത് ആഭ്യന്തരമായി യൂറോപ്യൻ നാടുകൾക്കുള്ളിലും അതോടൊപ്പം യൂറോപ്പും ഇതരലോകങ്ങളും തമ്മിലും ഉണ്ടായ മുഖാമുഖത്തിൻ്റെ നാലു നൂറ്റാണ്ടുകൾ മതത്തെ ഒരു പ്രത്യേക മേഖലയും പഠനവിഷയവുമായി അക്കാദമിക് രംഗത്തും പൊതുസമുഹത്തിലും നിർമ്മിച്ചെടുക്കുകയായിരുന്നു.
കോളനി ആധിപത്യത്തിനായുള്ള കിടമത്സരം യൂറോപ്പിൽ കത്തോലിക്കാ സഭയുടെ അന്ത്യശാസനങ്ങളെ ചോദ്യം ചെയ്യാൻ ഇംഗ്ലണ്ട് പോലുള്ള രാഷ്ട്രങ്ങളെ നിർബ്ബന്ധമാക്കി. പോർച്ചുഗീസിനും സ്പെയിനിനും മാത്രമായി പുതിയ വൻകരകളുടെ ആധിപത്യം വീതിച്ചു കൊടുത്ത പോപ്പിൻ്റെ തിട്ടൂരത്തെ ഇംഗ്ലണ്ടും നെതർലാൻ്റ്സും അംഗീകരിച്ചില്ല.
മോക്ഷപ്രാപ്തിക്ക് സഭയുടെ ശാസനങ്ങൾ അനുസരിക്കേണ്ടതില്ലെന്നും വ്യക്തികൾക്ക് തന്നിഷ്ടപ്രകാരം, സഭയുടെ ഇടനിലയില്ലാതെ തന്നെ ദൈവവുമായി നേരിൽ ബന്ധം സ്ഥാപിച്ചു ക്രിസ്തീയ മോക്ഷം സാക്ഷാത്ക്കരിക്കാൻ കഴിയുമെന്നും 1517- ലാണ് ജർമ്മൻ പാതിരിയായ മാർട്ടിൻ ലൂഥർ പ്രഖ്യാപിച്ചത്. 1492- ൽ കൊളമ്പസിലൂടെ സ്പെയിൻ അമേരിക്കൻ പ്രദേശങ്ങളിലും, 1498- ൽ വാസ്കോ ഡി ഗാമയിലൂടെ പോർച്ചുഗീസ് ആഫ്രോ- ഏഷ്യൻ ഭൂഖണ്ഡങ്ങളിലും കോളനികൾ സ്ഥാപിക്കുന്നതിനു തുടക്കമിട്ടിരുന്നല്ലോ.
സഭയുടെയും പോപ്പിൻ്റെയും ഉത്തരവുകൾ ധിക്കരിച്ചാലും, ദൈവത്തിൻ്റെയും ബൈബിളിൻ്റെയും വാക്കുകൾ ചെവിക്കൊള്ളുന്നവർ ആരായാലും അവർക്കായി ക്രിസ്തീയ സ്വർഗ്ഗരാജ്യം തുറക്കപ്പെടും എന്ന് മാർട്ടിൻ ലൂഥറിൻ്റെ പ്രൊട്ടസ്റ്റൻ്റ് വെളിപാട് വന്നതോടെ, രാഷ്ട്രീയ കാര്യങ്ങളിൽ സഭയുടെ ചൊൽപ്പടിക്കു നിൽക്കുന്ന പാരമ്പര്യത്തിൽ നിന്നും പ്രൊട്ടസ്റ്റൻ്റ് ഇംഗ്ലണ്ട് കുതറി മാറി. രാജാക്കന്മാർ പലരും പഴയ സഭയെ ധിക്കരിച്ചു പ്രൊട്ടസ്റ്റൻ്റ് വിശ്വാസികളായി മാറി. മാത്രമല്ല കത്തോലിക്കാ സഭ കൂടാതെ പുതിയ നിരവധി ക്രിസ്തീയ വിശ്വാസസമൂഹങ്ങൾ യൂറോപ്പിൽ മുളച്ചു പൊന്തി. ക്രിസ്തീയ വിശ്വാസധാരകൾ തമ്മിൽ 16, 17, 18 നൂറ്റാണ്ടുകളിൽ വർഷങ്ങൾ നീണ്ട രൂക്ഷമായ യുദ്ധങ്ങൾ യൂറോപ്പിൻ്റെ സ്വൈര്യം കെടുത്തി.
ഒരുവശത്ത് പുറംലോകനാടുകളെ കോളനികളാക്കി സമ്പത്തു കവരുന്നതിനുള്ള പടക്കപ്പലുകളും പര്യവേഷണങ്ങളും; മറുവശത്ത് ക്രിസ്തീയ വിശ്വാസത്തെയും സഭയുടെ അധികാരത്തെയും ചൊല്ലി ഭരണകൂടങ്ങൾ തമ്മിൽ യുദ്ധങ്ങൾ. അതോടൊപ്പം തങ്ങളുടെ ക്രിസ്തീയ മോക്ഷമാർഗ്ഗത്തിലേക്ക് പുറംലോകത്തു പുത്തൻനാടുകളിലെ "പ്രാകൃത " ആരാധനാസമൂഹങ്ങളെ പരിവർത്തനം ചെയ്യിക്കുന്നതിനായുള്ള മിഷണറി പ്രചാരവേലകൾ. ഇപ്രകാരം പരസ്പരം കലഹിക്കുന്ന ക്രിസ്തീയ വിശ്വാസങ്ങൾ തമ്മിലും, കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലും, ക്രിസ്തീയ വിശ്വാസ പ്രചരണവും പുത്തൻ നാടുകളിലെ വിവിധ പാരമ്പര്യങ്ങളും തമ്മിലും, കോളനി സാമ്രാജ്യത്വ രാഷ്ട്രീയവും അടിമ ജനസഞ്ചയങ്ങളും തമ്മിലും ഉണ്ടായ ഏറ്റുമുട്ടലുകളുടെയും കൂടിച്ചേരലുകളുടെയും പരിണതഫലമത്രേ ‘മതം’, ‘ലോക മതങ്ങൾ’ എന്നീ പുതിയ കാറ്റഗറികൾ.
യൂറോപ്പിൽ ചില രാജ്യങ്ങളുടെ കോളനിവൽക്കരണത്തിനു വിലങ്ങു തടിയായ സഭയുടെ രാഷ്ട്രീയകാര്യ ഇടപെടലിൽ നിന്നു വിടുതൽ നേടുന്നതിലേയ്ക്കായി ക്രിസ്തീയ വിശ്വാസത്തിൽ ഉണ്ടായ പ്രത്യയശാസ്ത്ര പൊളിച്ചെഴുത്താണ് പ്രൊട്ടസ്റ്റൻ്റ് സമൂഹത്തെ സൃഷ്ടിച്ചത്. പ്രൊട്ടസ്റ്റൻ്റ് വിശ്വാസസംഹിത മതത്തെ പറ്റിയുള്ള ആധുനിക ധാരണകൾക്ക് അടിത്തറയൊരുക്കി. അതനുസരിച്ച് കത്തോലിക്കാ വിശ്വാസത്തിൽ നിന്നു വിപരീതമായി പ്രൊട്ടസ്റ്റൻ്റുകൾ വിശ്വാസത്തിന്റെ വ്യക്തി / സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചു. വിശ്വാസമെന്നത് സമൂഹത്തിൻ്റെ പൊതുവിഷയമല്ല പകരം അത് വ്യക്തിയുടെ സ്വകാര്യസ്വാതന്ത്ര്യമായി മാറി. ദൈവവും വ്യക്തിയും തമ്മിലുള്ള ആത്മീയമായ ഇടപാടുമാത്രമായി വിശ്വാസത്തെ പ്രൊട്ടസ്റ്റൻ്റുകൾ പുനർ നിർവ്വചിച്ചു. വ്യക്തിയുടെ സ്വകാര്യ വിശ്വാസത്തിൽ ഭരണകൂടത്തിന് - രാഷ്ട്രീയത്തിന് ഇടപെടാൻ അധികാരമില്ല. ആയതിനാൽ കത്തോലിക്കാ സഭയുടെ വക്താവായ രാജാവ് തൻ്റെ വിശ്വാസധാര പ്രജകൾക്കു മേൽ അടിച്ചേൽപ്പിക്കരുത്. രാജാവിൻ്റെ മതമല്ല ഇനിമേൽ പ്രജകളുടെ മതം. പ്രജകൾക്ക് വിശ്വാസത്തെ തെരഞ്ഞെടുക്കാൻ സ്വകാര്യ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യത്തോട് ഭരണകൂടം സഹിഷ്ണുത പുലർത്തേണ്ടതാണ്.
മാത്രമല്ല, പ്രൊട്ടസ്റ്റൻ്റ് വിശ്വാസത്തോട് ഭരണകൂടം സഹിഷ്ണുത കാണിക്കുന്നതിനു പ്രത്യുപകാരമായി, തങ്ങൾ രാഷ്ട്രീയ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും പ്രൊട്ടസ്റ്റൻ്റുകൾ പ്രഖ്യാപിച്ചു. വിശ്വാസമെന്നത് ഈ ലോകത്തെ ഭൗതികമായ കാര്യമല്ല, അത് പരലോകവുമായി ബന്ധപ്പെട്ട ആത്മീയകാര്യമാണ്. ഭൗതികലോകത്തെ കാര്യങ്ങൾ ഭരണകൂടവും പരലോകത്തെ കാര്യങ്ങൾ സഭയും നോക്കണം. ഇരുകൂട്ടരും എതിർ മേഖലയിൽ ഇടപെടരുത്. ഈ പ്രൊട്ടസ്റ്റൻ്റ് നിലപാടിനെ തത്ത്വത്തിൽ അംഗീകരിച്ചു കൊണ്ടാണ് വിശ്വാസ സമൂഹങ്ങൾ ഭരണകൂടത്തിൻ്റെ ഭാഗമായി നടത്തിവന്ന രാഷ്ട്രീയ യുദ്ധങ്ങളെ യൂറോപ്പ് അവസാനിപ്പിച്ചത്.
ഇപ്രകാരം ഭൗതികലോകമെന്നും ആത്മീയലോകമെന്നും മനുഷ്യ വ്യവഹാരങ്ങൾക്ക് ഭാവനാത്മകമായ അതിർവരമ്പ് കല്പിച്ചു, അവയെ പരസ്പരം ബന്ധമില്ലാത്തതും തമ്മിൽ എതിർ നിൽക്കുന്നതുമായ രണ്ടു മേഖലകളായി പ്രൊട്ടസ്റ്റൻ്റ് വിപ്ലവം വിഭജിച്ചു. ഭരണമേഖലയിൽ ആത്മീയതയ്ക്കും പാരമ്പര്യാചാരങ്ങളിൽ സ്റ്റേറ്റ് നിയമങ്ങൾക്കും ഇടപാടില്ലെന്നു വന്നു. മതനവീകരണത്തോടെ ക്രിസ്തീയ പാരമ്പര്യത്തിൽ വന്നു ചേർന്ന ആശയവിപ്ലവം കോളനിവാഴ്ചയിലൂടെ ഒരു ആദർശമാതൃകയെന്ന നിലയിൽ ലോകമെങ്ങും എത്തപ്പെട്ടു.
മാത്രമല്ല, കോളനി ഭരണത്തിൻ്റെ സൗകര്യത്തിനായി ആഫ്രോ- ഏഷ്യൻ ജനങ്ങളിലെ പാരമ്പര്യങ്ങളെപ്പറ്റി പടിഞ്ഞാറൻ ഭരണാധികാരികൾ പ്രൊട്ടസ്റ്റൻ്റ് മാനദണ്ഡ പ്രകാരം പഠിക്കുകയും, നാട്ടുകാരായ ജനങ്ങളെ വിവിധ വിശ്വാസ പാരമ്പര്യങ്ങൾ പുലർത്തുന്നവരായി വർഗ്ഗീകരിക്കുകയും ചെയ്തു. ബൈബിൾ മാതിരി നാട്ടുകാർക്കിടയിലുള്ള അടിസ്ഥാന ഗ്രന്ഥം കണ്ടെത്തുക, മതസ്ഥാപകനെ പ്രതിഷ്ഠിക്കുക ഇവ പരമ പ്രധാനമായി തീർന്നു. മാത്രമല്ല ഗ്രന്ഥങ്ങളും സ്ഥാപകരും ഇല്ലാത്ത പാരമ്പര്യങ്ങളെ പ്രാകൃത ആചാരങ്ങൾ (പ്രോട്ടോ റിലീജ്യൻസ്) എന്നു മുദ്രചാർത്തി. ഇപ്രകാരം പാരമ്പര്യങ്ങളെ ക്രമീകരിക്കുകയും നാമകരണം ചെയ്യുകയും അവയെ ഉന്നതം, മധ്യമം, അധമം എന്നിങ്ങനെ ശ്രേണീകരിക്കുകയും ചെയ്തു.
16-ാം നൂറ്റാണ്ടിൽ കോളനിവൽക്കരണത്തിനൊപ്പം തുടക്കമിട്ട ഈ മത നിർമാണ പ്രോജക്ട് 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ പൂർത്തിയായി എന്നു കരുതാം. അതിൻ്റെ പ്രകടിതമായ പ്രഖ്യാപനമാണ് 1893 ൽ ചിക്കാഗോയിൽ നടന്ന ആദ്യത്തെ ലോകമത സമ്മേളനം. അതായത് വിശ്വാസം തീർത്തും വ്യക്തിപരമായ പരലോക വിഷയമാണ്, അത്തരം പാരമ്പര്യത്തിൻ്റെ അവസാനവാക്ക് ആധികാരിക ഗ്രന്ഥങ്ങളാണ്, അസമത്വം, അനീതി, അധർമ്മം എന്നിങ്ങനെയുള്ള ഭൗതികാര്യങ്ങൾ വ്യക്തിയുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല എന്നിങ്ങനെ മതത്തിൻ്റെ ആഗോള നിർവ്വചനം അപ്പോൾ പൂർത്തിയായി. അതിനാൽ ഇന്ന് എന്താണ് മതമെന്ന് ആരും ആരെയും പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല.
എന്നാൽ, വിശ്വാസയുദ്ധങ്ങൾക്കു വിരാമമിട്ട്, അതിനു പകരം ദേശീയ ഐക്യത്തിലും ദേശരാഷ്ട്ര വളർച്ചയിലും ശ്രദ്ധയൂന്നിയ യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, യൂറോപ്യൻ കോളനികളായ ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിൽ മതം മാത്രമായി തീർന്നു പ്രജകളുടെ പ്രധാന ഐഡൻ്റിറ്റി. അതായത് യൂറോപ്പിൽ ദേശീയ പൗരത്വത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ വ്യക്തിത്വം രൂപപ്പെട്ടപ്പോൾ, കോളനികളിൽ മതത്തിൻ്റെ ചട്ടക്കൂടിൽ പ്രജാസ്വത്വം നിർമ്മിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ ഹിന്ദു കോഡ്, മുസ്ലീം കോഡ് എന്നിവയനുസരിച്ച് 'ഇന്ത്യക്കാരുടെ വ്യക്തി - കുടുംബ സ്വകാര്യജീവിതം നിയന്ത്രിക്കപ്പെട്ടതോർക്കുക.
അതിനാൽ 19-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന ബൗദ്ധിക ചർച്ചകളിലെ ഒരേയൊരു പ്രധാന വിഷയം മതം മാത്രമായിരുന്നു. മതങ്ങളുടെ താരതമ്യം, പൗരോഹിത്യം മലിനമാക്കിയ മതത്തെ അതിൻ്റെ ജന്മവിശുദ്ധിയിൽ വീണ്ടെടുക്കുക, മതഗ്രന്ഥങ്ങളിൽ സ്വീകാര്യമല്ലാത്തതിനെ കണ്ടെത്തി അവയെ നിത്യജീവിതത്തിൽ നിന്നു നിഷ്ക്കാസനം ചെയ്യുക, മതപരിവർത്തന ശ്രമങ്ങളും അതിനെ ചെറുക്കാനുള്ള യത്നങ്ങളും എന്നിങ്ങനെ 19-ാം നൂറ്റാണ്ടിലുടനീളം ഇന്ത്യയിൽ മനുഷ്യരുടെ ആദ്യത്തെയും അവസാനത്തെയും അജണ്ട മതം മാത്രമായി മാറി.
അതായത്, യൂറോപ്പിൽ നിന്ന് നേർവിപരീതമായി ഭൗതിക കാര്യങ്ങളിൽ യാതൊരു താല്പര്യവുമില്ലാതെ, ആത്മീയ കാര്യങ്ങളിൽ മാത്രം വ്യാപരിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യൻ ജനത എന്ന ധാരണ ഇന്ത്യക്കാരിലും പാശ്ചാത്യരിലും ഒരേപോലെ സൃഷ്ടിക്കപ്പെട്ടു. ഇപ്രകാരം മതത്തെ പറ്റിയുള്ള ആധുനിക സങ്കല്പങ്ങൾ വാർക്കപ്പെടുകയും, മതത്തെ കേന്ദ്രമാക്കി മനുഷ്യരുടെ ഐഡൻ്റിറ്റി വെട്ടി മുറിക്കപ്പെടുകയും, മതങ്ങൾ റാങ്ക് ചെയ്യപ്പെടുകയും, മതം തീർത്തും പരലോകത്തേക്കുള്ള സ്വകാര്യവിഷയമായി ഭൗതികലോകത്തു നിന്നും വിട വാങ്ങുകയും, മതപരിവർത്തനത്തെ ചൊല്ലി സംഘർഷങ്ങൾ രൂക്ഷമാകുകയും ചെയ്ത സാമൂഹ്യ- സാംസ്ക്കാരിക പശ്ചാത്തലത്തിലാണ് ശ്രീനാരായണഗുരുവിൻ്റെ ജീവിതദർശനം ഉദയം ചെയ്യുന്നത്. അഥവാ മതം എന്ന ആധുനിക പ്രൊജക്റ്റിനോടുള്ള ആധുനികോത്തരമായ മറുപടിയാണ് ഗുരുദർശനം.
അതിനാൽ, ഗുരുദർശനത്തെ അതിൻ്റെ അകക്കാമ്പിൽ ഉൾക്കൊള്ളണമെങ്കിൽ മതം എന്ന തികച്ചും ആധുനികമായ കാറ്റഗറിയുടെ ഉത്ഭവചരിത്രം അറിയേണ്ടതുണ്ട്. ഗുരു ചോദ്യം ചെയ്തത് പ്രൊട്ടസ്റ്റൻ്റ് വിപ്ലവത്തോടെ രൂപീകരിക്കപ്പെട്ട്, ലോകഹൃദയങ്ങളിൽ സ്ഥാപിതമായ മതസങ്കല്പത്തെയാണ്. അതിനാൽ പുരാതന ഗ്രന്ഥങ്ങൾ വെച്ചല്ല മാനുഷികമൂല്യങ്ങൾ വെച്ചാണ് മതത്തെ നിർവ്വചിക്കേണ്ടതെന്ന് ഗുരു ഒന്നാമതായി ഓർമ്മിപ്പിച്ചു. സമത്വം, സാഹോദര്യം എന്നീ ഭൗതിക/സാമൂഹിക മൂല്യങ്ങളെ മതത്തിലേക്കു പ്രവേശിപ്പിച്ചു അതിനെ വിമോചനത്തിൻ്റെ ലക്ഷ്യവും മാർഗ്ഗവുമാക്കി അദ്ദേഹം. അതിനു തെളിവാണ് ബ്രാഹ്മണ സംഹിതകളെ ധിക്കരിച്ചു കൊണ്ട് അധ:കൃത ജാതിക്കാരനായ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ.
രണ്ടാമതായി, മതം തീർത്തും പരലോക ജീവിതത്തിൻ്റെ വിഷയമാണെന്ന ബോധനിർമ്മിതിയെ ഗുരു അംഗീകരിച്ചില്ല. അതുകൊണ്ട് ഏതു സിദ്ധാന്തം കൊണ്ടാണോ ശ്രീശങ്കരൻ ജാതിവ്യവസ്ഥയെ ന്യായീകരിച്ചത് അതേ അദ്വൈതം കൊണ്ടു തന്നെ ഗുരു ജാതിവ്യവസ്ഥയെ നിരസിച്ചു. മതത്തെ അദ്ദേഹം ഐഹിക ജീവിതത്തിൻ്റെ എല്ലാ ഇടങ്ങളിലേക്കും വ്യാപരിപ്പിച്ചു. കൊല്ലത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ കാർഷിക-വ്യവസായ പ്രദർശനത്തിന് പ്രചോദനം നൽകി. ശിവഗിരി തീർത്ഥാടനത്തിൽ വിദഗ്ദ്ധരെ വിളിച്ചു വരുത്തി ചർച്ച ചെയ്യാൻ കൃഷി, വ്യവസായം, വിദ്യാഭ്യാസം, ശുചിത്വം, ദൈവഭക്തി, കരകൗശലം, സാങ്കേതിക പരിശീലനം, സംഘാടനം എന്നിങ്ങനെ എട്ടു വിഷയങ്ങളാണ് ഗുരു ആവശ്യപ്പെട്ടത്.
മൂന്നാമതായി, മതം വ്യക്തിയുടെ സ്വകാര്യമായ ആത്മീയ വിഷയം എന്ന നിലപാടിനെ തള്ളിക്കളത്തു, പകരം മതത്തിൻ്റെ സാമൂഹ്യപരതയെ പുനരാനയിക്കുകയും ചെയ്തു ഗുരു. ദൈവമേ കാത്തുകൊളേളണം കൈവിടാതിന്നു "ഞങ്ങളെ" എന്നിങ്ങനെ ഗുരുവിൻ്റെ കീർത്തനങ്ങൾ ബഹുവചന രൂപത്തിൽ സമൂഹപ്രാർത്ഥനകളാണ്. അദ്വൈതത്തെ ആദർശ ശിലയായി സ്വീകരിക്കുമ്പോൾ വ്യക്തി -സമൂഹം, ആത്മീയം -ഭൗതികം , ഇഹലോകം - പരലോകം എന്നിങ്ങനെയുള്ള വെട്ടിമുറിക്കലുകൾ അപ്രസക്തമാക്കപ്പെടുന്നു. അപ്പോൾ "വിദ്യകൊണ്ട് പ്രബുദ്ധരാകുക" എന്നത് ആത്മീയവും ഭൗതികവുമായ ഐക്യത്തെ കുറിയ്ക്കുന്നു.
മതം എന്ന ആധുനിക നിർമ്മിതിയുടെ ഭാഗമായി സംഭവിച്ച മതങ്ങളുടെ ഗ്രേഡിംഗ് സമ്പ്രദായത്തെയും ഗുരു അപനിർമ്മിച്ചു. തൻ്റെ ആശയങ്ങളിൽ ആകൃഷ്ടരായി സ്വന്തം മതം മാറാൻ തുനിഞ്ഞ ശിഷ്യന്മാരെ അദ്ദേഹം വിലക്കി. യൂറോപ്യനായ മറ്റൊരു ശിഷ്യനോട് കാഷായവസ്ത്രം ധരിക്കേണ്ടതില്ലെന്നും പകരം കോട്ടും സൂട്ടും ഷൂസും തന്നെ പിൻപറ്റിയാൽ മതിയെന്നു അറിയിച്ചു. മതം എന്നതിനെ ഗ്രന്ഥ ലിഖിതങ്ങൾ, മതസ്ഥാപകൻ എന്നീ ആധുനിക സാക്ഷര നാഗരികബോധ്യങ്ങൾക്കു പകരം ‘പാരമ്പര്യം’ എന്ന അതിൻ്റെ ലളിതവും സ്വാഭാവികവുമായ അർത്ഥത്തിലേക്കു തിരികെയെത്തിച്ചു അദ്ദേഹം. പല മതങ്ങളെ പല പാരമ്പര്യങ്ങളായി കണ്ടാൽ മതിയെന്നും അവ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലെന്നും ഗുരു തിരുത്തി. അതായത് ഉത്തമം, മധ്യമം, അധമം എന്ന് മതത്തിൻ്റെ കൊളോണിയൽ സാംസ്ക്കാരിക ശ്രേണീകരണത്തെയും അതിനെ തുടർന്നുള്ള സംഘർഷങ്ങളെയുമാണ് ഗുരു നേരിട്ടത്.
കോളനിവൽക്കരണത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ മതത്തിൻ്റെയും ദേശീയതയുടെയും പേരിലുള്ള ആസുരമായ വിപത്തിനെയും ഗുരു മുന്നിൽ കണ്ടിരുന്നു. ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം യൂറോപ്പിൽ മതത്തെ സാമൂഹ്യജീവിതത്തിൽ നിന്നും പുറമേയ്ക്കു പിൻവലിച്ചെങ്കിൽ, മതാതീത ദേശരാഷ്ട്രം എന്ന ആധുനിക നിർമ്മിതിക്കു പകരം വിദേശഭരണം ഇന്ത്യയിൽ മതങ്ങളെ പരസ്യമായി തന്നെ ദേശീയതയുമായി കൂട്ടിക്കെട്ടുകയാണുണ്ടായത്. അങ്ങനെയാണ് ബങ്കിം ചന്ദ്രൻ്റെ ആനന്ദമഠവും വന്ദേമാതരവും പിറക്കുന്നത്. എന്നാൽ പ്രത്യക്ഷമായും പരോക്ഷമായും ആധുനിക ദേശരാഷ്ട്രത്തിൻ്റെ അടിസ്ഥാന ഘടകമായി വർത്തിക്കുന്ന മതത്തെ ദേശരാഷ്ട്രത്തിൻ്റെ അതിർത്തികളിൽ നിന്നു തന്നെ നാരായണ ഗുരു വിമോചിപ്പിച്ചു. പാരമ്പര്യത്തിൻ്റെ ആത്മീയതയെ ജാതി - മത - രാഷ്ട്രഭേദങ്ങൾക്കതീതമായി എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി ഗുരു അവതരിപ്പിച്ചു.
ഇപ്രകാരം മതം എന്ന പ്രത്യേക വിഷയത്തിൻ്റെ കണ്ടുപിടുത്തം, അതിൻ്റെ നിർവ്വചനം, അതിൻ്റെ പ്രവർത്തനം എന്നിവയെ സംബന്ധിച്ച ആധുനികമായ എല്ലാ ധാരണകളെയും അപനിർമ്മിക്കുകയാണ് നാരായണ ഗുരു ചെയ്തത്. അവിടെ പരം - അപരം, വ്യക്തിപരം- സാമൂഹികം, ആത്മീയം - ഭൗതികം, 'ദേശീയം - സാർവ്വദേശീയം, പാരമ്പര്യം - ആധുനികം എന്നീ അതിർ വരമ്പുകൾ അപ്രത്യക്ഷമാകുന്ന മാനുഷികതയുടെ അദൈത്വം കാണാം. അതിനാൽ ആധുനികലോകത്തെ ആദ്യത്തെ വിമോചന ദൈവശാസ്ത്രമാണ് ഗുരുദർശനം. അത് ആത്മീയതയെ സമൂഹം കൊണ്ടും സമൂഹത്തെ ആത്മീയത കൊണ്ടും ചികിത്സിക്കുന്നു.
എന്തുകൊണ്ട് ഗുരുവിൻ്റെ ദർശനത്തിന് അതേ പാതയിൽ പിൻതുടർച്ച സംഭവിച്ചില്ല എന്നതിന് തൽക്കാലം ഒറ്റ ഉത്തരമേയുള്ളൂ, ആധുനികത്വം നിർമ്മിച്ച ദ്വൈതബോധത്തെ പാരമ്പര്യാർജ്ജിതമായ മാനുഷിക സഹജാവബോധം കൊണ്ട് മറികടന്ന് ഗുരുവിന് നമ്മെക്കാൾ വളരെ മുമ്പേ പറക്കാൻ കഴിഞ്ഞു. നമ്മളാകട്ടെ മതത്തിൻ്റെ നിർമ്മിത നിർവ്വചനത്തിൻ്റെ അഴികൾക്കുള്ളിലാണ്.