അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി കയ്യേറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്നും കുടിയിറക്കപ്പെടുകയും ഭൂമി സ്വന്തമാക്കാൻ വേണ്ടി നിരന്തരം നിയമപോരാട്ടം നടത്തേണ്ടി വരുകയും ചെയ്യുക എന്ന ദുരന്തപൂർണമായ അവസ്ഥയിലൂടെയാണ് ആദിവാസികൾ കടന്നുപോകുന്നത്. പൂർവികകാലം മുതൽ അധിവസിച്ച് പോരുന്ന ഭൂമിയുടെ മേലുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ആദിവാസി മനുഷ്യരുടെ നിയമപോരാട്ടങ്ങൾക്കൊപ്പമല്ല സർക്കാർ സംവിധാനങ്ങൾ നിൽക്കുന്നത്. പലപ്പോഴും അധികൃതർ കയ്യേറ്റക്കാർക്കൊപ്പമാണ്. അത്തരത്തിലുള്ള സർക്കാർ സംവിധാനങ്ങൾക്കും കയ്യേറ്റക്കാർക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ആദിവാസി സ്ത്രീയാണ് മല്ലീശ്വരി.
തന്റെ മുത്തച്ഛനായ പൊത്തയുടെ അഞ്ചരയേക്കർ ഭൂമിക്കുമേൽ അവകാശ വാദമുന്നയിച്ചാണ് മല്ലീശ്വരി കോടതിയെ സമീപിക്കുന്നത്. സർക്കാർ രേഖയനുസരിച്ച് മല്ലീശ്വരിയുടെ അമ്മയുടെ അച്ഛനായ പൊത്തയുടെ പേരിൽ അഞ്ചരയേക്കർ ഭൂമി പട്ടയം ചെയ്ത് നൽകിയിട്ടുണ്ട്. പലകാലങ്ങളിലായി, പൊത്ത തന്റെ ഭൂമിയുടെ ചില ഭാഗങ്ങൾ പലർക്കായി വിറ്റിരുന്നു. ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയൊഴിവാക്കി നിയമപരമായി തനിക്ക് അവകാശപ്പെട്ട ഭൂമിയുടെ മേലാണ് മല്ലീശ്വരി അവകാശവാദമുന്നയിക്കുന്നത്. റവന്യൂ രേഖയനുസരിച്ച് ഇപ്പോഴും മൂന്നരയേക്കറോളം വരുന്ന ഭൂമി പൊത്തയുടെ പേരിലുണ്ട്. എന്നാൽ മല്ലീശ്വരിയുടെ പേരിൽ ഭൂമിയില്ലെന്നാണ് ഉദ്യോഗസ്ഥ പക്ഷം. തങ്ങൾക്കുമുന്നിലുള്ള സർക്കാർ രേഖകൾ മനപൂർവം മറച്ചുവെച്ചാണ് സംവിധാനം ഈ ആദിവാസി സ്ത്രീക്കെതിരെ നിൽക്കുന്നത്.
ഭൂമിക്കുമേൽ അവകാശവാദമുന്നയിച്ച മല്ലീശ്വരിക്ക് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്ന മല്ലീശ്വരിയെ സ്വന്തം ഭൂമിയിൽ ഷെഡ്‌കെട്ടി താമസിക്കാൻ പോലും കയ്യേറ്റക്കാരും അട്ടപ്പാടി അഗളിയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും അനുവദിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. പൊതു ടാപ് ഉപയോഗം വിലക്കിയതുൾപ്പടെ ജീവന് തന്നെ ആപത്തായ പല സന്ദർഭങ്ങളിലൂടെയും തങ്ങൾ കടന്നുപോയിട്ടുണ്ടെന്നും മല്ലീശ്വരിയും കുടുംബവും പറയുന്നു. താൻ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തെ കുറിച്ച് ട്രൂകോപ്പി തിങ്കിനോട് തുറന്നുപറയുകയാണ് മല്ലീശ്വരി.
“വേറെ സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്നവരാണ് ഇപ്പോൾ ഞങ്ങളുടെ സ്ഥലത്ത് താമസിക്കുന്നത്. ഞങ്ങൾ അവരെയൊന്നും ബുദ്ധിമുട്ടിക്കുന്നില്ല. എന്റെ മുത്തശ്ശൻ വിറ്റതൊഴികെ നിയമാനുസൃതമായ ഭൂമി മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ ഭൂമിയിൽ ഷെഡുകളും കളിക്കളങ്ങളുമുണ്ടായിരുന്നു. അത്തരത്തിൽ കയ്യേറ്റങ്ങൾ തുടരുമ്പോഴാണ് ഞാൻ ചെന്ന് തടയുന്നത്. തടയാൻ ചെന്ന എന്നെ ആക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്തു. അതിനുശേഷമാണ് പൊലീസ് സ്റ്റേഷനിൽ ഭൂമി കയ്യേറ്റത്തിനെതിരെ പരാതി നൽകുന്നത്. 6-9-2022നാണ് പരാതി നൽകുന്നത്. പൊലീസുകാർ കയ്യേറ്റക്കാർക്കൊപ്പമാണ് അന്ന് നിന്നത്. എന്റെ പരാതി കൃത്യമായി അന്വേഷിക്കാതെ തെറ്റായ പരാതിയാണെന്ന് പറഞ്ഞ് കോടതിയിലേക്ക് അയക്കുകയാണ് അവർ ചെയ്തത്.
ഞങ്ങളുടെ ഭൂമിയിൽ ഷെഡ് കെട്ടാൻ പോലും അവിടെയുള്ളവർ ഞങ്ങളെ സമ്മതിച്ചില്ല. ഷെഡ്‌കെട്ടാനുള്ള സാധനങ്ങൾ പഞ്ചായത്ത് റോഡിലൂടെ കൊണ്ടുവരാനും അവർ സമ്മതിച്ചില്ല. ഞങ്ങൾ സാധനം ചുമന്ന് കൊണ്ടുവരുകയായിരുന്നു. പൊതു ടാപ്പിൽ നിന്നും വെള്ളമെടുക്കാൻ പോലും ഞങ്ങളെ അനുവദിക്കുന്നില്ല. വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ സംഭവങ്ങൾ മുഴുവൻ ഇവിടെ നടന്നത്. പിന്നീട് വീടുപണി നിർത്തിവെക്കാൻ പഞ്ചായത്തിൽ നിന്നും എനിക്ക് സ്റ്റോപ് മെമ്മോ കിട്ടി. അങ്ങനെയാണ് നിലവിൽ വീടുപണി മുടങ്ങി കിടക്കുന്നത്. വീട് പണിയുടെ ഭാഗമായി ഞങ്ങൾ ഫൗണ്ടേഷൻ കെട്ടിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടാ സംഘം രാത്രിയിലെത്തി അത് മണ്ണിട്ട് മൂടി. അവർ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഞാനിവിടെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഈ സംഭവത്തിനുശേഷമാണ് ഞാൻ ഹൈക്കോടതിയിൽ പോയത്. ഹൈക്കോടതിയിൽ എത്തിയപ്പോൾ എനിക്ക് ഭൂമി നാല് മാസംകൊണ്ട് അളന്ന് തരണമെന്നാണ് ഉത്തരവ് വന്നത്. ഉത്തരവ് വന്നതിനുശേഷവും വില്ലേജിൽ നിന്നോ തഹസിൽദാരുടെ ഭാഗത്തുനിന്നോ എനിക്ക് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനുശേഷവും നിരവധിതവണ കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങി നടന്നിട്ടുണ്ട് ഞാൻ. അതിനുശേഷം കളക്ടറുടെ ഉത്തരവ് പ്രകാരമാണ് എന്റെ ഭൂമിയളക്കാൻ വില്ലേജ് ഓഫീസിൽ നിന്നും ആളുകൾ വന്നത്. ഒരു സർക്കാർ സംവിധാനത്തിൽ നിന്നും എനിക്കിതുവരെ നീതി കിട്ടിയിട്ടില്ല. പൊലീസുകാരും ഇവർക്കൊപ്പമാണ്. അട്ടപ്പാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രിയോട് രാത്രി ഷെഡ് പൊളിച്ച് കളയുമെന്ന് വരെ പോലീസുകാർ പറഞ്ഞിട്ടുണ്ട്.’
മല്ലീശ്വരിയുടെ അന്യാധീനപ്പെട്ട ഭൂമിയുടെ രേഖകൾ പരിശോധിക്കുമ്പോൾ വലിയ അഴിമതി കാണാൻ സാധിക്കും. 2022, 2023, 2024 വർഷങ്ങളിൽ അഞ്ച് സെന്റ് മുതൽ 60 സെന്റ് വരെ ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നതായി കാണാം. 1981-ൽ മരിച്ച പൊത്തയുടെ തണ്ടപേരിലുള്ള ഭൂമിയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ കൈമാറ്റം ചെയ്തിരിക്കുന്നതായി രേഖകളിൽ കാണിക്കുന്നത്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് അട്ടപ്പാടിയിൽ ഭൂമി കയ്യേറ്റങ്ങൾ നടക്കുന്നതെന്ന വാദത്തെ ശരിവെക്കുന്നതാണ് മല്ലീശ്വരിയുടെ കേസ്.
അട്ടപ്പാടിയിലെ സർക്കാർ സംവിധാനങ്ങൾ ആദിവാസികൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് മാധ്യമപ്രവർത്തകനായ ആർ.സുനിൽ പറയുന്നു. വ്യാജരേഖകളുണ്ടാക്കിയും യഥാർഥ രേഖകൾ മറച്ചുവെച്ചും സംവിധാനങ്ങൾ എങ്ങനെയാണ് ആദിവാസി വിരുദ്ധമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ട്രൂകോപ്പി തിങ്കിനോട് വിശദീകരിച്ചു.
“തഹസിൽദാരോ സബ് കളക്ടറോ ഭൂമി അളന്ന് നൽകാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കും. ഈ ഉത്തരവ് സർവേയർക്ക് കൈമാറും. മണ്ണാർക്കാട് സർവേയർ രണ്ട് വർഷം മുമ്പ് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. അട്ടപ്പാടിയിലെ സർവേയർ കൈക്കൂലി വാങ്ങിയാണ് പുറത്തായത്. ഉദ്യോഗസ്ഥർ പരസ്പരം ഒറ്റുകൊടുത്താണ് ഇവർ പിടിക്കപ്പെടുന്നത്. ഇവരുടെ ഗ്രൂപ്പിൽ നിൽക്കുകയാണെങ്കിൽ ആരും പിടിക്കപ്പെടില്ല. പഞ്ചായത്ത്, വില്ലേജ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ മല്ലീശ്വരിക്കെതിരാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അട്ടപ്പാടിയിൽ സർക്കാർ സംവിധാനങ്ങൾ മുഴുവനും ആദിവാസികൾക്കെതിരായി പ്രവർത്തിക്കുകയാണ്. മല്ലീശ്വരിയുടെ കാര്യത്തിൽ അവരുടെ കയ്യിൽ രേഖയുണ്ടാകില്ല. എന്നാൽ സർക്കാറിന്റെ കയ്യിൽ അവരുടെ ഭൂമിയെ സംബന്ധിച്ച രേഖയുണ്ട്. ഇത് അവർക്ക് നൽകി സഹായിക്കേണ്ടത് സർക്കാരാണ്. മല്ലീശ്വരിയോടല്ല രേഖകൾ ചോദിക്കേണ്ടത്. രേഖകൾ കൈവശമുള്ള സർക്കാർ സ്ഥാപനങ്ങളോടാണ് അത് ഹാജരാക്കാൻ ആവശ്യപ്പെടേണ്ടത്.”
കയ്യേറ്റക്കാരുടെ ഭാഗത്ത് നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് മല്ലീശ്വരിയുടെ അമ്മ മൈലത്താളും ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചു.
“ഇവിടെ താമസിക്കുന്ന ആരുടെ ഭൂമിയും ഞങ്ങൾക്ക് വേണ്ട. പൊത്ത താത്ത എല്ലാവർക്കും നൽകിയതിനുശേഷമുള്ള മിച്ച ഭൂമി മാത്രം ഞങ്ങൾക്കുമതി. ആരെയും ഉപദ്രവിക്കണമെന്ന് ഞങ്ങൾക്കില്ല. ആദിവാസി ഭൂമി ആദിവാസിക്ക് നൽകിയാൽ മതി. പൈപ്പിൽ നിന്നും വെള്ളംപിടിക്കാൻ പോലും ഞങ്ങളെ അനുവദിക്കാറില്ല. ഇവിടെ താമസിച്ചാൽ, രത്രികാലങ്ങളിൽ ഷെഡിന് മുകളിലേക്ക് കല്ലെടുത്തെറിയുക വരെ ചെയ്യും. ഒന്ന് ഉറങ്ങാൻ പോലും കഴിയില്ല. ഷെഡിന് തീയിടുമെന്ന് വരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾക്കൊന്ന് പുറത്തുവരാൻ പറ്റില്ല. ഫോണിൽ വീഡിയോ എടുക്കുക വരെ ചെയ്യും,” അവർ പറഞ്ഞു.