നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന കുക്കുടം…

ഓസ്ട്രേലിയയിൽ മോണിങ് വാക്കിനിറങ്ങിയപ്പോൾ ഉണ്ടായ ഒരു അനുഭവമാണ് ഈ ആഴ്ച്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 41

ന്ന് മോർണിംഗ് വോക്കിന് ഞാൻ ഒറ്റക്കായിരുന്നു. നിഷയും കുക്കുവും നാട്ടിൽ പോയി. സാധാരണ കൂടെയുണ്ടാവാറുള്ള ബിജുവും സുനിലും ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ഒരു ചെയ്ഞ്ചിന് ഞാൻ റൂട്ടൊന്ന് മാറ്റി. നടന്ന് നടന്ന് കുറെയെത്തിയപ്പോൾ ടാറിടാത്ത ഒരു വഴി. വണ്ടികൾ പോയി ഉണ്ടായിട്ടുള്ള ട്രാക്ക് ചെറിയ ഉരുളൻ കല്ലുകളെ വശങ്ങളിലേക്ക് മാറ്റിവെച്ചിരുന്നു. ആ ട്രാക്കിലൂടെ വേണമെങ്കിൽ നടക്കാം. നോ ത്രൂ റോഡ് എന്നൊരു ബോർഡ് പൊടി പിടിച്ച് സൈഡിൽ നിൽക്കുന്നുണ്ട്. ആരുടെയോ സ്വകാര്യ പ്രോപ്പർട്ടിയിലേക്കുള്ള വഴിയായിരിക്കണം. 'നോ ട്രെസ്പ്പാസിങ്' ഇല്ലാത്തതുകൊണ്ട് ഒന്ന് നടന്ന് നോക്കാം എന്ന് തീരുമാനിച്ചു. ഇരുവശത്തും വലിയ പറമ്പുകളാണ്. മതിൽ ഉള്ളത് കൊണ്ട് ഉള്ളിൽ എന്താണെന്ന് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു വശത്തുള്ള മതിലിൽ ഒരു പ്രത്യേക രൂപം വരച്ചിട്ടിരിക്കുന്നു, Graffiti Art പോലെയുണ്ട്. ഒരു ഫോട്ടോ എടുക്കാമെന്ന് കരുതിയാണ് ഫോൺ എടുത്തത്.

ബാറ്ററി ഡൗൺ ആയിരിക്കുന്നു. സിഗ്നൽ ഐക്കൺ നേർത്ത ഒരു വര മാത്രമായിരിക്കുന്നു. ഫോൺ സപ്പോർട്ടില്ലാതെ മുന്നോട്ട് പോകേണ്ടെന്ന് കരുതി തിരിഞ്ഞ് നടക്കാൻ നോക്കിയതും മതിലിനോട് ചേർന്ന് നിൽക്കുന്നു ഒരു കോഴി. അപ്പോൾ നേരത്തെ തോന്നിയത് ശരിയാണ്, ഒരു മണമുണ്ടായിരുന്നു, അടുത്ത് കോഴി ഫാമുണ്ട്. അവിടെന്ന് ചാടി പോന്നതാകണം. പൂവനാണ്, നല്ല ഉയരമുണ്ട്. തടിയും.

ഓസ്‌ട്രേലിയൻ പുരുഷന്മാരുടെ ആവറേജ് ഹൈറ്റ് 175cm ണ് മുകളിലാണ്. പെണ്ണുങ്ങളുടേത് ഏതാണ്ട് 165 ഉം. ഈ ഉയരം ഇവിടത്തെ കോഴികൾക്കും ബാധകമായിരിക്കണം. കണ്ടിട്ട് ഒരു ആക്രമണത്തിന് തയ്യാറെടുക്കയാണെന്ന ഭാവമാണ്. ക്രുദ്ധമായ നോട്ടം. ചാടി വീഴാൻ പാകത്തിന് വെച്ചിരിക്കുകയാണ് കാലുകൾ. ഓസ്‌ട്രേലിയൻ കാക്കകളുടെ ആക്രമണ സ്വഭാവം ഞാൻ കേട്ടിട്ടുണ്ട്. കഴിഞ്ഞ വർഷമാണ്, ഞാനും നിഷയും കൂടി നടന്നു വരുമ്പോൾ എതിരെ വന്ന ഓസ്‌ട്രേലിയൻ ലേഡി പറഞ്ഞു, "അവിടെ ഒരു കാക്കയുണ്ട്, ദാ കണ്ടോ മുഖത്തേക്കാണ് വന്നത്. എന്റെ കൈയിൽ കുടയുണ്ടായിരുന്നത് കൊണ്ട് ഇത്രയേ പറ്റിയുള്ളൂ" നോക്കുമ്പോൾ അവരുടെ ചുവന്നു തുടുത്ത മുഖത്ത് നല്ലൊരു പോറൽ. ഞങ്ങൾ റോഡ് സൈഡിൽ കിടന്നിരുന്ന വടിയെടുത്ത് കൈയിൽ വെച്ച് നടന്നു. കാക്ക അവിടെ തന്നെയുണ്ടായിരുന്നു. ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരി തൂകി ഫുട്പാത്തിന്റെ തൊട്ടടുത്തുള്ള മരത്തിലിരുന്നു.

ഓസ്‌ട്രേലിയൻ പുരുഷന്മാരുടെ ആവറേജ് ഹൈറ്റ് 175cm ണ് മുകളിലാണ്. പെണ്ണുങ്ങളുടേത് ഏതാണ്ട് 165 ഉം. ഈ ഉയരം ഇവിടത്തെ കോഴികൾക്കും ബാധകമായിരിക്കണം.
ഓസ്‌ട്രേലിയൻ പുരുഷന്മാരുടെ ആവറേജ് ഹൈറ്റ് 175cm ണ് മുകളിലാണ്. പെണ്ണുങ്ങളുടേത് ഏതാണ്ട് 165 ഉം. ഈ ഉയരം ഇവിടത്തെ കോഴികൾക്കും ബാധകമായിരിക്കണം.

"ഓസ്‌ട്രേലിയൻ കാക്കകൾ സൗത്ത് ഇന്ത്യയിൽ നിന്ന് കുടിയേറിയ ആദിമ മനുഷ്യരോടൊപ്പം തടിവള്ളത്തിൽ വന്നവരായിരിക്കണം. അതാണ് നമ്മൾ ദ്രാവിഡരെ വെറുതെ വിട്ടത്," ഞാനന്ന് പറയുകയും ചെയ്തിരുന്നു.

പക്ഷേ ഈ കോഴി അങ്ങനെയല്ല, മുഖത്ത് നല്ല വയലൻസ് സ്ഫുരിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുള്ള തേർഡ് ജനറേഷൻ നോർത്ത് ഇന്ത്യൻസിൽ കാണപ്പെടുന്ന അതേ അവജ്ഞയാണോ എന്നാണ് ആദ്യം തോന്നിയത്. ഇത് ഡിഫറൻ്റ് ആണ്, ദേഷ്യത്തിന്റെ ഒരു തരം ലാവാ പ്രവാഹം.

കല്ലെടുത്താലോ? എടുക്കണമെങ്കിൽ കുനിയണം. കുനിയുന്നത് ബുദ്ധിയല്ല. ഓസ്‌ട്രേലിയൻ കോഴിയുടെ ആക്രമണമേറ്റ് ഒരു മലയാളി 'യുവാവ്' മരിച്ചുവെന്ന വാർത്ത മറുനാടൻ മലയാളിയിൽ അച്ചടിച്ചുവരുന്നതിൽ പരം അപമാനം കേരളത്തിനുണ്ടോ? ഇനി പരിക്കേറ്റാലും സുഖപ്പെട്ട് വരുമ്പോൾ കോഴിയുടെ ആക്രമണം അതിജീവിച്ചവൻ എന്ന ലേബൽ ശിഷ്ടകാലം മുഴുവൻ എനിക്കുണ്ടാകും.

എന്ത് ചെയ്യും?

“നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന കുക്കുടം! നീയങ്ങു മാറിക്കിട ശഠാ" എന്നത് ഒരു അപേക്ഷ റ്റ്യൂണിൽ പറയാമെന്ന് വെച്ചാൽ കോഴിക്ക് ഇംഗ്ലീഷ് മാത്രമല്ലേ അറിയൂ! അങ്ങനെ ഭയത്തിന്റെ, ഉത്കണ്ഠയുടെ രഥത്തിൽ ഏതാനും നിമിഷങ്ങളുടെ ‘സ്വർഗ്ഗയാത്ര’ ചെയ്തുവെന്ന് പറയാം. പെട്ടെന്ന് കോഴിയുടെ അരികിൽ ഒരു ഓസ്‌ട്രേലിയൻ പ്രത്യക്ഷപ്പെട്ടു. ശരാശരിയേക്കാൾ പൊക്കവും വണ്ണവുമുള്ള ഒരു താടിക്കാരൻ. തലയിൽ അവിടെവിടെയുള്ള മുടി നീട്ടി വളർത്തി തോളിലേക്ക് പരത്തിയിട്ടിരിക്കുന്നു. ബൂട്ട് ഇട്ടിട്ടുണ്ട്. ഇട്ടിരിക്കുന്ന പാന്റും, ഷർട്ടും നന്നേ മുഷിഞ്ഞതാണ്. ഫാമിൽ കാര്യമായെന്തോ പണിയിലായിരുന്നുവെന്ന് കണ്ടാലറിയാം.

മഞ്ഞയും ചോപ്പും നിറഞ്ഞ പല്ലുകാട്ടി അയാൾ വിസ്തരിച്ച് ചിരിച്ചു. ചിരിയിൽ ചെറുതല്ലാത്ത പുഞ്ഞമുണ്ട്,

"പേടിച്ചു പോയോ?"

"പോയാൽ ഞാൻ പിന്നെ ഇവിടെ നിൽക്കില്ലല്ലോ?" ആക്രമണസാദ്ധ്യത കുറഞ്ഞ നിലക്ക് ഞാനും വിട്ടുകൊടുത്തില്ല.

"നിങ്ങൾ കോഴിയെ തിന്നുമോ?

"അതിന്റെ ഇറച്ചി കറി വെച്ച് തിന്നും."

"അതാണ് ഞാൻ ഉദ്ദേശിച്ചത്," താടിക്കാരൻ പുഞ്ഞം വിട്ട് സമഭാവന മുഖരിതനായി.

കോഴിയുടെ കണ്ണിൽ നിന്നും ആ വോൾക്കാനോ കോംപ്ലക്സ് പോയിട്ടില്ല. ആസന്നമായ മരണത്തിന്റെ സൂചനകൾക്ക് മുമ്പിൽ മുഖം മ്ലാനമായെങ്കിലും, പാതിവിടർത്തിയ ചിറക് ഒതുക്കാതെ, തല ഉയർത്തിപിടിച്ച് കോഴി നിന്നു. പേര് പറഞ്ഞ്, ഷേക്ക് ഹാൻഡ് തരാൻ അയാൾ മുന്നിലോട്ട് വന്നപ്പോൾ മനുഷ്യൻ ഏത് കളറായാലും കൊല്ലുന്ന കാര്യത്തിൽ ഒന്നാകും എന്ന മട്ടിൽ കോഴി എന്നെയൊന്ന് നോക്കി.

ഡാരെൻ എന്നായിരുന്നു അയാളുടെ പേര്.

"ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, ശരിയായ ഉത്തരം പറഞ്ഞാൽ ഈ കോഴി നിങ്ങൾക്ക് ഫ്രീ. കറി വെക്കാൻ പാകത്തിലാക്കി തരും." പെട്ടെന്നെനിക്ക് പണ്ടത്തെ കഥയിലെ വിക്രമാദിത്യനെ ഓർമ്മ വന്നു. ഏതോ മന്ത്രവാദിയുടെ വാക്ക് കേട്ട് വേതാളത്തെ പിടിക്കാൻ പോയ കഥ.

"എന്റെ ചോദ്യത്തിന് ഉത്തരമറിഞ്ഞിട്ട് നീ പറയാതിരുന്നാൽ നിന്റെ തല പൊട്ടി തെറിക്കും. ശരിയായ ഉത്തരം പറഞ്ഞാൽ ഞാൻ തിരിച്ച് മരത്തിൽ കയറിയിരിക്കും" അതായിരുന്നു വേതാളം വിക്രമാദിത്യനോട് പറഞ്ഞത്. വേതാളം പറഞ്ഞതാലോചിച്ച് ഞാനൊന്ന് ചിരിച്ചു.

"ചിരിക്കേണ്ട, ഇറ്റ് ഈസ് മൈ വേർഡ്," ഡാരൻ അയാളുടെ മുടി പിന്നിലോട്ട് ഒതുക്കി വെച്ചു.

"അല്ല, ഞാൻ ശരിയായ ഉത്തരം പറഞ്ഞില്ലെങ്കിലോ?"

"തെറ്റിയാലും നല്ല ശ്രമമാണെങ്കിൽ അരഡസൻ മുട്ട consolation prize ആയി തന്നിരിക്കും"

കോഴിക്ക് നല്ല തൂക്കം വരും. മാത്രമല്ല ഇറച്ചിയായി കിട്ടുകയും ചെയ്യും. വൈകുന്നേരം martell blue swift-ന്റെ കൂടെ നാടൻ ചിക്കൻ ഫ്രൈ നല്ല കോമ്പിനേഷനും ആകും. ഞാൻ കോഴിയെ നോക്കി. ശൂരവീരപരാക്രമങ്ങൾ നടത്തിയിട്ടും ശത്രു സൈന്യത്തിന് കീഴടങ്ങേണ്ടി വന്നപോലൊരു നിസ്സഹായകാവസ്ഥയുണ്ടെങ്കിലും കോഴി കലിപ്പ് വിട്ടിട്ടില്ല.

 ഓസ്‌ട്രേലിയൻ കാക്കകളുടെ ആക്രമണ സ്വഭാവം ഞാൻ കേട്ടിട്ടുണ്ട്.
ഓസ്‌ട്രേലിയൻ കാക്കകളുടെ ആക്രമണ സ്വഭാവം ഞാൻ കേട്ടിട്ടുണ്ട്.

"ഓക്കേ ഡീൽ" ഞാൻ ഫോൺ കീശയിലിട്ടു. അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ആയി ഇന്റർനെറ്റിനായി തിരയും.

"എന്റെ ചോദ്യമിതാണ്, കോഴിയാണോ, മുട്ടയാണോ ആദ്യമുണ്ടായത്?"

"ഇതൊരു പഴഞ്ചൻ ചോദ്യമാണ്, പുതിയതൊന്നും സ്റ്റോക്കില്ലേ?"

"പഴയ ചോദ്യത്തിന് പുതിയ ഉത്തരമാകാമല്ലോ?"

നിങ്ങൾ മനുഷ്യർ ചോദ്യവും ഉത്തരവുമായി കളിക്ക്, ഞാൻ പോട്ടെ എന്ന് കരുതിയിട്ടായിരിക്കണം, കോഴി തിരിഞ്ഞു നിന്നു. കോഴിയുടെ ആ മൂവ് ഡാരന് ഇഷ്ടപ്പെട്ടില്ല. പാന്റിന്റെ കീശയിൽ നിന്ന് കട്ടിയുള്ള ഒരു ചരടെടുത്തു. ഒറ്റ പിടുത്തതിന് കോഴിയുടെ രണ്ട് കാലും ചരട് കൊണ്ട് കെട്ടിയിട്ടു. ഇതിനെല്ലാറ്റിനും കാരണം ഞാനാണെന്ന ദേഷ്യത്തിൽ കോഴി എന്നെ നോക്കി ഒന്നലറി.

കോഴിയെ അവഗണിച്ചുകൊണ്ട് ഞാൻ പറഞ്ഞു,

"ആദ്യമുണ്ടായത് കോഴിയുമല്ല, കോഴിയുടെ മുട്ടയുമല്ല"

"പിന്നെ" സ്റ്റേഡിയത്തിലെ രണ്ട് ഫ്ളഡ് ലൈറ്റുകൾ പോലെ അയാളുടെ കണ്ണുകൾ എനിക്ക് മുകളിൽ വിടർന്നു.

"ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറ്റില്ല ഡാരൻ"

"കുറെയധികം വാക്കുകളായിക്കോട്ടെ"

"2020-ൽ കോഴികളുടെ ഏതാണ്ട് 860 ജീനുകളെടുത്ത് ഒരു പഠനം നടത്തി. അതിൽ നിന്ന് മനസ്സിലായത് ഇന്നത്തെ കോഴികൾ Red junglefowl എന്ന പക്ഷികളിൽ നിന്ന് പരിണമിച്ചുണ്ടായതെന്നാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്ന് കിട്ടിയ 10000 വർഷം വരെ പഴക്കമുള്ള ഫോസിലുകൾ കോഴിക്കും red junglefowl നും ഇടയിലുള്ള പക്ഷികളുടേതാണ്. ഇന്നത്തെ രൂപവും ഭാവമുള്ള മോഡേൺ കോഴിയുണ്ടായിട്ട് ഏതാണ്ട് 3000 വർഷങ്ങളേ ആയിട്ടുള്ളു. ഏഷ്യയിൽ നിന്നാണ് കോഴികൾ മറ്റു രാജ്യങ്ങളിലോട്ട് പോയത്"

"നിങ്ങൾ ചോദ്യത്തിൽ നിന്ന് വ്യതിചലിക്കുന്നു"

"നിങ്ങൾ ക്ഷമ കാണിക്കണം, പ്ളീസ് ഡോണ്ട് ഷൂട്ട് ഇൻറ്റു ദ ഗൺ ഡാരൻ"

"ഓക്കേ പ്രൊസീഡ്" IPL തുടങ്ങിയതിന് ശേഷമുള്ള BCCI-യുടെ മുമ്പിൽ ICC നിൽക്കുന്ന പോലെയായി ഡാരൻ. കോഴിയാണെങ്കിൽ ഞാൻ പറയുന്നതിലേക്ക് കാതും കൂർപ്പിച്ച് നിൽക്കുകയാണ്.

"OC 17 എന്ന പ്രോട്ടീനാണ് മുട്ടക്ക് ചുറ്റുമുള്ള ഷെല്ലിന് ബലം നൽകുന്നത്. പല പക്ഷികളുടെയും മുട്ടയിൽ ഈ പ്രോട്ടീൻ ഉണ്ട്. എല്ലാ പക്ഷി മുട്ടകൾക്കും ഇത്തരം കോമൺ പ്രകൃതങ്ങളുമുണ്ട്. ദാറ്റ് മീൻസ് പക്ഷികൾ മുട്ടയിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. ആദ്യത്തെ കോഴിയുണ്ടായത് അതിന്റെ തൊട്ട് പൂർവികനായ പക്ഷിയുടെ മുട്ടയിൽ നിന്നാണ്. അതാണ് ഞാൻ പറഞ്ഞത് കോഴി കോഴീടെ മുട്ടയിൽ നിന്നല്ല ഉണ്ടായതെന്ന്"

ഡാരെൻ എന്ത് പറയണം എന്നാലോചിച്ച് എന്നെ തന്നെ തന്നെ നോക്കി നിന്നു.

"പിന്നെ ഡാരൻ, ഞാൻ ഫ്രീയായിട്ട് ഒരു കാര്യം കൂടെ പറഞ്ഞ് തരാം. മനുഷ്യർ ഏഴ് ബില്യൺ ഉള്ളപ്പോൾ കോഴികൾ 80 ബില്യൺ ഉണ്ട്."

കോഴിക്ക് വേണമെങ്കിൽ ഒരു സന്തോഷമായിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അത് പറഞ്ഞത്. കാലുകൾ കെട്ടിയിടപ്പെട്ടിട്ടും കോഴിയുടെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല.

"ഓക്കേ പ്രസന്നൻ, കോഴിയെ തന്നിരിക്കുന്നു, കറിക്കുള്ള കട്ട് വേണോ, BBQ-നുള്ളത് വേണോ?"

അത്ര സ്മൂത്ത് അല്ലെങ്കിലും ഞാനും കോഴിയും തമ്മിൽ ഒരു കെമിസ്ട്രി രൂപപ്പെട്ട നിലക്ക് തല്ക്കാലം ഒരു കൊലപാതകത്തിന് സാക്ഷിയാവേണ്ടെന്ന് ഞാൻ തീരുമാനിച്ചു, "പകരം എനിക്ക് ഒരു ഡസൻ മുട്ട തന്നാൽ മതി ഡാരൻ."

ഡാരൻ മുട്ടയെടുക്കാൻ പോയപ്പോൾ കോഴി ഒരു ചാട്ടം. കാലുകൾ ഫ്രീയല്ലാത്തതുകൊണ്ട് എന്റെ അടുത്തേക്ക് എത്താൻ പറ്റിയില്ല. കൊക്കമർത്തി പിറുപിറുക്കുന്നു,

"എനിക്കാരുടെയും ഔദാര്യം വേണ്ട," ഞാൻ വളരെ സോഫ്റ്റായിരുന്നു. എവിടെയോ കേട്ട ഡയലോഗ് മാത്രം പറഞ്ഞു,

"Everything will be okay in the end. If it's not okay, it's not the end”

പക്ഷെ അതിനോടുള്ള കോഴിയുടെ പ്രതികരണം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

"ഞങ്ങടെ ഫീമെയിൽസിന്റെ മുട്ട മെൻസ്ട്രൂവൽ വേസ്റ്റ് ആണെന്ന് പ്രഖ്യാപിച്ചവരുടെ നാട്ടിൽ നിന്നല്ലേ മലരേ നീ വരുന്നത്?"

https://www.thehindu.com/news/national/telangana/egg-is-made-of-menstrual-blood-of-chicken-maneka-gandhi/article65507651.ece - സംഭവം കോഴി പറഞ്ഞത് സത്യമാണ്. മൂന്ന് കൊല്ലം മുമ്പാണ്. അന്നേ ഓങ്ങി വച്ചതായിരിക്കണം കോഴി. എന്നെ പോലൊരുത്തനെ കിട്ടാൻ കാത്തിരിക്കുകയായിരുന്നു.

(അപ്പോൾ ഫുട്ബോൾ കളി പഠിപ്പിക്കാൻ 16 ലക്ഷം കൊടുത്ത് ജ്യോതിഷികളെ കൊണ്ടുവന്നത് കോഴി അറിഞ്ഞിട്ടില്ല, അറിഞ്ഞിരുന്നേൽ തെറി ഇവിടെ നിന്നേനില്ല. ഭാഗ്യം കോഴി അത് വായിച്ചിട്ടില്ല. https://www.business-standard.com/sports/football-news/indian-football-coach-stimac-picked-team-on-astrologer-s-advice-report-123091200134_1.html)

2020-ൽ കോഴികളുടെ ഏതാണ്ട് 860  ജീനുകളെടുത്ത് ഒരു പഠനം നടത്തി. അതിൽ നിന്ന് മനസ്സിലായത്  ഇന്നത്തെ കോഴികൾ Red junglefowl എന്ന പക്ഷികളിൽ നിന്ന് പരിണമിച്ചുണ്ടായതെന്നാണ്.
2020-ൽ കോഴികളുടെ ഏതാണ്ട് 860 ജീനുകളെടുത്ത് ഒരു പഠനം നടത്തി. അതിൽ നിന്ന് മനസ്സിലായത് ഇന്നത്തെ കോഴികൾ Red junglefowl എന്ന പക്ഷികളിൽ നിന്ന് പരിണമിച്ചുണ്ടായതെന്നാണ്.

ഞാൻ ഫോണിൽ കിടന്ന എന്റെ പാസ്സ്പോർട്ടിന്റെ ഫോട്ടോ എടുത്തു.

"വായിക്കടാ കോഴീന്റെ മോനെ എന്റെ പ്ലെയ്സ് ഓഫ് ബെർത്ത്"

"Madakkathara" കോഴി ലേശം ചമ്മിയിട്ടുണ്ട്.

"കഴിഞ്ഞ എട്ട് കൊല്ലമായി അതൊരു സ്വതന്ത്ര റിപ്പബ്ലിക്ക് ആണ്"

കലിപ്പിന്റെ കനം കുറഞ്ഞപ്പോൾ കോഴിയുടെ അറ്റൻഷൻ സമകാലീന സംഭവത്തിലേക്ക് തിരിഞ്ഞു.

“നിങ്ങടെ നാട്ടിലെ പെണ്ണുങ്ങളെ അപമാനിക്കുന്നവരെയൊക്കെ എന്റെ പേരിട്ട് വിളിക്കുന്ന ഭാഷ പദ്ധതിക്ക് ആദ്യം അവസാനിപ്പിക്കണം, എന്നിട്ട് പോയാ മതി.”

ഞാൻ നേരത്തെ പറഞ്ഞ ‘end’ പ്രത്യയ ശാസ്ത്രം കോഴിയെടുത്ത് ഉപയോഗിക്കുകയാണ്. അതിൽ പക്ഷേ കോഴിയുടെ ഭാഗത്താണ് ശരി. സവിശേഷബുദ്ധിയുടെ wholesale ബിസിനസ്സ്കാരായ മനുഷ്യൻ അത് ചെയ്യാൻ പാടില്ലാത്തതാണ്. മൂന്ന് ഗ്രാം മാത്രം ബ്രെയിനുള്ള കോഴിയുടെ ചോദ്യത്തിന് മുമ്പിൽ എന്റെ 1300 ഗ്രാം ബ്രെയിൻ ഒന്ന് പതറി എന്നത് സത്യമാണ്. ബട്ട് ഐ റിഗെയ്ൻഡ് മൈ ബാലൻസ്. തെറ്റ് സമ്മതിക്കണം അത് കോഴിയോടായാലും.

“ഞാനതിനെതിരാണ് മിസ്റ്റർ കോഴി. ഐ വിൽ നെവർ ഡു ഇറ്റ്. ഐ എഗ്രി. അത് കോഴികുലത്തെ ഇൻസൾട്ട് ചെയ്യലാണ്. ഐ അപ്പോളജൈസ് ഓൺ ബി ഹാഫ് ഓഫ് അവർ ഹോമോ സാപിയൻസ്”

പറഞ്ഞു തീർന്നതും ഡാരൻ എത്തി. മുട്ട മേടിച്ച് പോരുമ്പോൾ ഒരു ഒത്തുതീർപ്പാവാം എന്ന ഭാവത്തിൽ നിൽക്കുന്ന കോഴിയോട് ഡാരൻ കാണാതെ ഞാൻ പറഞ്ഞു,

"Cheers"


Summary: Good Evening Friday column by Dr Prasannan PA continues. This week's story is about meeting a hen during morning walk in Australia.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments