അക്രമങ്ങൾ തുടർക്കഥയാകുകയാണ്. ക്രൂരമായ കൊലപാതകങ്ങളിലേക്കെത്തുന്ന പീഡനങ്ങൾ സംഭവിക്കുമ്പോൾ മാത്രം എല്ലാവരും ഉണരുന്നു. അതിശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും അന്തിച്ചർച്ചകളും കൊണ്ട് സജീവമാകുന്നു. ഒടുവിൽ എല്ലാം കെട്ടടങ്ങി, എല്ലാവരും സ്വന്തം വാത്മീകങ്ങളിലേക്ക് മടങ്ങുന്നു. പിന്നെ, അടുത്ത കൊലപാതകം വരെ.
സ്ത്രീസുരക്ഷ എവിടെയൊക്കെ, എങ്ങനെയൊക്കെ നടപ്പിലാകാനാവും?
ഒന്ന് വ്യക്തമാണ്. വ്യവസ്ഥിതിയുടെ സമൂലമാറ്റം അനിവാര്യമാണ്. ഓരോ തൊഴിലിടവും വ്യത്യസ്തമാണ്. നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന, തൊഴിലിന്റെ നിലനില്പിനായി പ്രതികരിക്കാനാവാതെ നിശ്ശബ്ദം ഉരുകിത്തീരുന്ന എത്രയെത്ര സ്ത്രീ ജന്മങ്ങൾ. ഒടുവിൽ നാം എത്തിനിൽക്കുന്നത് വർണ്ണശബളമായ സിനിമാലോകത്തിന്റെ ചീഞ്ഞു നാറുന്ന കാണാപ്പുറങ്ങളിലാണ്.
പലപ്പോഴും സുഹൃത്തുക്കളായ അധികാരികളോട് ഈ പ്രശ്നം ചർച്ചചെയ്തപ്പോൾ കിട്ടിയത്, "നമ്മളൊക്കെ ഇതുപോലെത്തന്നെയല്ലേ ഡ്യൂട്ടിയെടുത്തത്, ഇതിലും കൂടുതൽ ജോലി ചെയ്തിട്ടില്ലേ, പുതിയ തലമുറ കുറച്ച് ബുദ്ധിമുട്ടറിഞ്ഞ് വളരട്ടെ’’ തുടങ്ങിയ വിശദീകരണങ്ങളാണ്.
നീണ്ടുപോകുന്ന നീതി, നീതിനിഷേധം തന്നെയാണ്. വിശദീകരണങ്ങൾ മറുപടിയാവാത്ത ക്രൂരമായ അനാസ്ഥ. ആരോഗ്യമേഖലയിലെ അവസ്ഥ തീർത്തും വ്യത്യസ്തമാണ്. ആൺ- പെൺ ഭേദമില്ലാതെ അക്രമങ്ങൾക്കിരയാവുന്നത് സാധാരണമാണ്. അത് സ്ത്രീ കൂടിയാവുമ്പോൾ അക്രമങ്ങൾ ബലാത്സംഗത്തിലേക്കുകൂടി വഴിമാറുന്നു. രോഗികൾക്കുമുന്നിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനാവില്ലെന്നിരിക്കേ, നൂതന സാങ്കേതികവിദ്യയിലൂടെ, ആവശ്യത്തിന് മാനവവിഭവശേഷിയിലൂടെ, ഒരു പരിധി വരെ ബോധവത്കരണത്തിലൂടെ മാത്രമേ ഇവ പരിഹരിക്കപ്പെടുകയുള്ളൂ.
പുറത്തുപോവുമ്പോൾ അഞ്ചു വയസ്സുകാരൻ അമ്മയ്ക്കും മുതിർന്ന പെങ്ങൾക്കും സംരക്ഷകനാവുന്ന ആണത്തമേൽക്കോയ്മ തന്നെയാണ്, പല സ്ഥലങ്ങളിലെയും സെക്യൂരിറ്റി യുടെ അവസ്ഥ. ഒന്നമർത്തിയൂതിയാൽ തെറിച്ചു വീഴുന്ന, ഭിന്നശേഷിക്കാരായ പ്രായം ചെന്ന ഒരാൾ, പേരിനുമാത്രം സെക്യൂരിറ്റിയാവുന്നു. ഇതിനുപകരം cctv സൗകര്യങ്ങൾ, dark area- കൾ spot ചെയ്യുക, സുരക്ഷിതമായ വിശ്രമമുറികൾ, emergency contact system തുടങ്ങിയവ അനിവാര്യമാണ്. ലഭ്യമായ ഫണ്ടുകളുടെ ശരിയായ ഉപയോഗത്തിലൂടെ പരിഹരിക്കാവുന്നതാണിത്. കോടികളുടെ ഫണ്ട് ലഭിക്കുന്ന മെഡിക്കൽ കോളേജ് പോലുള്ള ഇടങ്ങളിൽ വിശ്രമമുറികളോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താൻ തടസമോ ബുദ്ധിമുട്ടോ ഇല്ലെന്നുതന്നെ പറയാം. പക്ഷെ, അമ്മായിഅമ്മപ്പോരിന്റെ മനഃശാസ്ത്രം, റാഗിങിന്റെ മറ്റൊരു രൂപം അധികാരികളിൽ നിറയുന്നതാണ് പ്രശ്നം.
പലപ്പോഴും സുഹൃത്തുക്കളായ അധികാരികളോട് ഈ പ്രശ്നം ചർച്ചചെയ്തപ്പോൾ കിട്ടിയത്, "നമ്മളൊക്കെ ഇതുപോലെത്തന്നെയല്ലേ ഡ്യൂട്ടിയെടുത്തത്, ഇതിലും കൂടുതൽ ജോലി ചെയ്തിട്ടില്ലേ, പുതിയ തലമുറ കുറച്ച് ബുദ്ധിമുട്ടറിഞ്ഞ് വളരട്ടെ’’ തുടങ്ങിയ വിശദീകരണങ്ങളാണ്. പിന്നെ ജാതിശ്രേണി പോലെ പദവിയും, അടിസ്ഥാന സൗകര്യത്തിനുപോലും മാനദണ്ഡമാവുന്നു. സെമിനാർ ഹാളിൽ ഉറങ്ങേണ്ടിവരുന്നതും നീണ്ട 34 മണിക്കൂർ ജോലി ചെയ്യേണ്ടതുമായ അവസ്ഥ സൃഷ്ടിച്ച അധികാരികളും അക്രമിയോടൊപ്പം കുറ്റക്കാരാണ്.
സമൂഹത്തിന്റെ ചെറിയ ശതമാനം വരുന്ന ക്രിമിനലുകളെ സുവിശേഷം പറഞ്ഞ് നന്നാക്കാമെന്ന മൂഢവിചാരങ്ങൾക്ക് പ്രസക്തിയില്ല തന്നെ. പ്രത്യേകിച്ച്, അടിമുടി പുരുഷകേന്ദ്രീ കൃതമായ ഒരു സമൂഹത്തിൽ വളർന്നുവരുന്ന ആൺമക്കൾക്ക് ലൈംഗികചോദന മാത്രമല്ല, പകയും വെറുപ്പും വർഗീയ വിദ്വേഷങ്ങളും തീർക്കാനുള്ള ഇടമാവുകയാണ് യോനിയും മാറിടങ്ങളും.
ഉയർന്നു വരുന്നതൊക്കെയും ഐസ് മലയുടെ അഗ്രം മാത്രമാണെന്നും ഇതിലുമെത്രയോ ഭീതിജനകവും, ജുഗുപ്സാവഹവുമായ അക്രമങ്ങളും, പീഡനങ്ങളും ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നു എന്നുമുള്ള വസ്തുത മറച്ചുവെക്കാനാവില്ല. അടിമുടി മാറേണ്ട വ്യവസ്ഥിതിയോട് സന്ധിയില്ലാസമരം പ്രഖ്യാപിക്കുക.