പ്രകൃതി ഫുള്ളായി അടിച്ച് ഫിറ്റായപോലെ തകർത്ത് പെയ്യുന്ന മഴയും ഇടിവെട്ടും കാറ്റുമുള്ളതായിരുന്നു കഴിഞ്ഞ ദിവസം. ‘ഇടിവെട്ടും മഴയും തിരമാലകളാൽ പുളയുന്നൊരു പുഴയും’ എന്ന കവിതാശകലം മൂളി ഞാൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നു. തൃശൂരിലെ നെല്ലങ്കര–മുക്കാട്ടുകര ഭാഗത്തേയ്ക്കുള്ള ഈ യാത്രയ്ക്കിടയിൽ ഓട്ടോൈ ഡ്രൈവർ ഗണേശന് വഴി തെറ്റി.
റോഡ് മുറിച്ചൊഴുകുന്ന വെള്ളം. തീരെ പ്രകാശമില്ലാത്ത ആ വയൽപ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ ആരോ എറിഞ്ഞുടച്ചിട്ടുണ്ടായിരിക്കണം. വഴിവക്കിൽ ബീഡി വലിച്ച് നിന്നനില്പിൽ മൂത്രമൊഴിക്കുന്ന ഒരു വിദ്വാനോട് അഡ്വ. റോയ് വർഗ്ഗീസിന്റെ വീടേതെന്ന് ചോദിച്ചു.
റോയ് ആ ഭാഗത്തെ അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും ഈ തോരാത്ത മഴയിൽ വീട് തിരിച്ചറിയാനാവുന്നില്ല. കള്ളിമുണ്ടും ഹാഫ് കൈയ്യൻ ഷർട്ടും ധരിച്ച പ്രസ്തുത വ്യക്തി ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് ഒരു ഡിമാൻ്റ് വെച്ചു: സ്ഥലം, അതിന്റെ അടയാളം എന്നിവ മാത്രം പറയാൻ ഇരുപത് രൂപയാണ് അയാളുടെ ചാർജ്ജ്. വീടിന് പൂശിയ നിറം (പടിയുടേതും ഉൾപ്പെടെ) അത് തിരിച്ചറിയാനുള്ള ലാൻ്റ് മാർക്ക് എന്നിവയും ചേർത്ത് മൊത്തം അമ്പതു രൂപയാണ് ഈ പ്രദേശത്തെ ആ തിരിച്ചറിയൽ കലാപരിപാടിക്കാരൻ വാങ്ങുന്നതെന്നും അയാൾ സ്വയം അരുൾ ചെയ്തു.
‘‘പോ...’’ എന്ന് പച്ച തെറി പറഞ്ഞ് ഗണേശൻ ഓട്ടോ പറപ്പിച്ചുവിട്ടു. മേൽ പറഞ്ഞ കക്ഷി ഒരു ഗജബ് ആദ്മിയാണ്. ഒരിക്കൽ ഒന്നു പറയുന്നു, പിന്നെ മറ്റൊന്നും. അതു ഫലിക്കാതെ വന്നാൽ വേറൊന്നും.
റോയ് വർഗീസിന്റെ ഫോൺ വിളി അപ്പോൾ എന്നെത്തേടിയെത്തി. താനിപ്പോൾ വീട്ടിലില്ലായെന്നും മീറ്റിംഗ് നാളെയാകാമെന്നായിരുന്നു സാരാംശം. ഞങ്ങൾ തിരികെ വണ്ടിവിട്ടു.
എന്റെ വീടിന്റെ പരിസരത്തുള്ള ഈ ഓട്ടോവാലകളിൽ പലരും സുഹൃത്തുക്കളോ പരിചയക്കാരോ ആണ്. പതിവായി ഇവരുടെ ‘മുച്ചക്ര’ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ആൾ എന്ന നിലക്കും അവരുടെ എല്ലാത്തരം സംഭാഷണങ്ങളിലും (തെറി, സിനിമ, രാഷ്ട്രീയം ഉൾപ്പെടെ) പങ്കുചേരുന്നതുകൊണ്ടും എപ്പോഴും മൂന്ന് മുതൽ അഞ്ച് രൂപ വരെ ബക്ഷീഷ് ഇനത്തിൽ നൽകാറുള്ളതിനാലും എനിക്കീ ഭാഗത്തുള്ള ഓട്ടോക്കാരുടെ കൃപാകടാക്ഷമുണ്ട്. ‘‘ആ വഴിക്ക് ഞാനില്ല’’, ‘‘എനിക്ക് വേറെ വാടകയുണ്ട്’’ എന്നൊക്കെയുള്ള സാധാരണ ഒഴികഴിവുകൾ അവർ എന്നോട് പറയാറില്ല.
ആ മഴ ദിവസം ഗണേശന്റെ ഓട്ടോയിലെ യാത്രയ്ക്കിടയിൽ അയാളുടെ ചില ജീവിതയാഥാർത്ഥ്യങ്ങൾ ഞാനറിഞ്ഞു. ഒരു ‘ഗൾഫ് റിട്ടേൺഡ്’ ആയ, ഉദ്ദേശം അറുപത് വയസ്സിലധികം പ്രായമുള്ള ഈ റിക്ഷാവാലയുടെ വാഹനത്തിന്റെ പേര് ‘വീണപൂവ്’ എന്നാണ്. ഈ പൂവിന് സാക്ഷാൽ കുമാരനാശന്റെ ഇതേപേരിലുള്ള പ്രസിദ്ധ കൃതിയുമായി അങ്ങനെ പറയത്തക്ക ബന്ധമൊന്നുമില്ല. ‘ന്നാച്ചാൽ ഉണ്ടേനും’ എന്ന് പട്ടാമ്പിക്കാരുടെ ഭാഷയിലും പറയാം.
തൃശൂർ അന്ന് വലിയ പട്ടണമൊന്നായിരുന്നില്ല. സ്വരാജ് റൗണ്ടിലുള്ള ജില്ലാ ആശുപത്രിയിലും ഇടതുഭാഗത്തുള്ള പ്രസവാശുപത്രിയിലും (‘സ്ത്രീകളുടെ പ്രസവാശുപത്രി’ എന്നായിരുന്നു ആദ്യം ഈ മെറ്റേണിറ്റി ഹോസ്പിറ്റലിെൻ്റ പേര്! അപ്പോ, പുരുഷന്മാർ പ്രസവിക്കുമോ സാറന്മാരേ എന്ന വിമർശനം ഉയർന്നതുകൊണ്ടാകാം ഈ പുത്തൻപേര് അധികൃതർ നൽകിയത്.)
വിവിധ കാരണങ്ങളാൽ മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാനോ അന്ത്യോപചാരമർപ്പിക്കാനോ സ്വന്തം വീടുകളിലേയ്ക്കോ സിമിട്രിയിലേയ്ക്കോ കൊണ്ടുപോകാനുമായി ഇവിടെ ‘വീണപൂവ്’ എന്ന ഒരു ലോറിയുടെ സൗകര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്ക് ശേഷമാണെത്ര ആംബുലൻസ് സർവ്വീസുകാർ ആശുപത്രി മുമ്പിൽ രാപകലില്ലാതെ കാത്തുകിടക്കാൻ ആരംഭിച്ചതെന്ന് ഗണേശൻ പറയുന്നു. ഈ ലോറിയുടമ നമ്മുടെ ഗണേശൻ തന്നെയായിരുന്നു. തന്റെ ലോറിയ്ക്ക് വീണപൂവെന്ന പേരിടാൻ നിർദേശിച്ചത് സ്ഥലത്തെ പത്രപ്രവർത്തകനായിരുന്നുവെന്ന് ഗണേശൻ വെളിപ്പെടുത്തുന്നുണ്ട്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാറുള്ള പാട്ടുരായ്ക്കൽ തെരുവുസന്തതി മുസോളിനിയും ലോറിയ്ക്ക് അനുയോജ്യമായ പേരിട്ട പ്രാദേശിക പത്രപ്രവർത്തകൻ കെ.ആർ.വിയും ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ നിന്ന് തുന്നിക്കെട്ടി വെള്ളത്തുണികൊണ്ട് മൂടിയ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബന്ധുക്കൾ എത്താതിരിക്കുമ്പോൾ പോലീസുകാർ സമീപിക്കുക ‘വീണപൂവി’നെയായിരിക്കും. അവരുടെ സാന്നിധ്യത്തിൽ മൃതദേഹം ലാലൂർ പൊതുശ്മശാനത്തിലെത്തിച്ച് കുഴികുഴിച്ചാണ് മുസോളിനിയെപ്പോലുള്ളവർ സംസ്കരിക്കുകയെന്നും ഗണേശൻ കൂട്ടിചേർക്കുന്നു.
1970- കളുടെ ആരംഭത്തിലാണ് ആംബുലൻസ് സർവ്വീസുകാർ ഈ പരിപാടി ഏറ്റെടുക്കുന്നത്. അതോടെ ഗണേശൻ പച്ചക്കറിത്തരകിലെ (മാർക്കറ്റ്) കച്ചവടക്കാരെ കേന്ദ്രീകരിച്ച് ജീവിതം തുടർന്നു.
ഗണേശന്റെ ജീവിതം ത്രില്ലും ക്ലൈമാക്സും നിറഞ്ഞ സിനിമാക്കഥപോലെ അങ്ങനെ വല്ലാതെ നീളുകയാണ്. അയാളൊരു ബിസിനസ് മാഗ്നറ്റ് ആകാൻ പരിപാടിയിട്ട് റബ്ബർപന്ത് ‘കച്ചോട’ത്തിന്നിറങ്ങി. അത് എങ്ങുമെത്തിയില്ലെങ്കിലും ആയിടയ്ക്കാണ് ഗൾഫിൽ പോകാൻ അവസരം ലഭിക്കുന്നത്.
ബോംബെയിൽ നിന്ന് കപ്പലിൽ ദുബായിലെത്തി. ഈ ഭാഗത്തുതന്നെയുള്ള ദുബായിക്കാരൻ സമ്പന്നന്റെ വ്യാപാരശൃംഖലയിൽ കയറിക്കൂടിയ ഗണേശൻ കള്ളവിസക്കാരുടെ കുരുക്കിൽപ്പെടാതെയാണ് അവിടെ എത്തിച്ചേർന്നത് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. എന്നാൽ ഇവിടെ മറ്റൊരു കേസുകെട്ടിൽ അവിചാരിതമായി അയാളും കുരുങ്ങിയെത്ര.
ഗണേശന്റെ സഹയാത്രികരായി തൃശൂരിൽ നിന്ന് അഞ്ചെട്ടുപേരുണ്ടായിരുന്നു. ഇവരിൽ ഒരാളുടെ ദുബായിലുള്ള സ്നേഹിതന് ചില ഹോമിയോ ഗുളികകൾ വാങ്ങി നല്കാൻ കത്തു ലഭിച്ചു. അയാൾ അവ വാങ്ങി ചെറിയ പാക്കറ്റിൽ തന്റെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്കിടയിൽ ഈ ഗുളികകൾ കണ്ണിൽപെട്ടു. അവ കേവലം ഹോമിയോ മരുന്നുകളാണെന്ന് മലയാളത്തിൽ ആണയിട്ട് പറഞ്ഞ ഗണേശനേയും സംഘാംഗങ്ങളേയും അവർ തടഞ്ഞുവെച്ചു.
പിന്നീട് അഞ്ച് പത്തുമണിക്കൂറുകൾ കഴിഞ്ഞെത്തിയ സമ്പന്ന വ്യവസായിയുടെ ശിങ്കിടി കാര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയാണ് ലോക്കപ്പിൽനിന്ന് മുക്തരായതെന്ന് ഗണേശൻ പറയുന്നു. അന്ന് ഗണേശന്റെ നെഞ്ചിൽ ഭയം വെള്ളിടി തന്നെ വെട്ടി. കണ്ടാൽ വെളുത്ത നിറമുള്ള ഹോമിയോ ഗുളികകൾ മയക്കുമരുന്നാണോ എന്ന സംശയത്തിലാണ് എയർപോർട്ട് പോലീസ് ഗണേശനെ അകത്തിട്ടത്.
കേരളക്കരയിൽ ഗൾഫ്പ്രസരം വൻതോതിൽ മാറ്റമുണ്ടാക്കിയിരുന്ന കാലം കൂടിയായിരുന്നു അത്. ഒന്നുരണ്ട് കൊല്ലങ്ങൾക്കുള്ളിൽ ഗൾഫിൽ നിന്ന് ഒപ്പിച്ച പണം കൊണ്ട് തൃശൂർ പ്രാന്തപ്രദേശത്ത് പത്തു സെന്റ് വാങ്ങിയ ഈ ശുഭാപ്തിവിശ്വാസക്കാരൻ അക്കാലത്ത് മൊത്തം ഇരുപതിനായിരം രൂപയ്ക്കാണ് സ്ഥലമുടമയായത്. അതായത്, കേരളത്തിൽ ഭൂമാഫിയ പുഷ്ടിപ്പെടുന്നതിന് തൊട്ടുമുമ്പുതന്നെ ഞാറ്റടിയായിരുന്ന ആ പത്ത് സെൻ്റ് ‘ചുളുവിലയ്ക്ക്’ അയാൾക്ക് ലഭിച്ചു. അതൊരു മഹാഭാഗ്യമായി ഗണേശൻ കണക്കാക്കുന്നുണ്ട്. ഇന്ന് ആ സ്ഥലത്തിന്റെ വില ആകാശത്തിന് അല്പം താഴെ മാത്രമാണെന്ന് ആലങ്കാരികമായിപ്പറയാം.
ഇതിനിടെ അയാളുടെ അച്ഛൻ മരിച്ചു. മൂന്ന് സഹോദരങ്ങളും അവരവരുടെ ജീവിതമേഖലകൾ തിരഞ്ഞെടുത്തിരിക്കുന്നു. അവരിൽ ഒരാൾ ഓട്ടോ ഡ്രൈവർ. മറ്റൊരാൾ ലോട്ടറി കച്ചവടക്കാരൻ. മണലാരണ്യങ്ങളിൽ വണ്ടിയോടിക്കുകയും മേൽപ്പറഞ്ഞ സമ്പന്നന്റെ വ്യാപാരശൃംഖലയിലെ ഇതര ജോലികളും ചെയ്തുപോന്ന ഗണേശൻ ഖുബൂസും തന്തൂരി റൊട്ടിയും മറ്റും ഭക്ഷിച്ച് ലേബർ ക്യാമ്പിൽ വർഷങ്ങൾ അനവധി തള്ളിനീക്കി.
വാടകവീട്ടിൽ നിന്ന് സ്വന്തം സ്ഥലത്ത് രണ്ടു നിലകളുള്ള ഒരു കെട്ടിടം ഈ എക്സ് ഗൾഫുകാരൻ കെട്ടിഉയർത്തിയിരിക്കുന്നത് അധ്വാനത്തിന്റെ ചിഹ്നമെന്നോണമാണ്. അംഗസംഖ്യ അധികമില്ലാത്ത ബാലുവിന്റെ കുടുംബം മുകളിലുള്ള നിലയിൽ താമസിക്കുന്നു. താഴെ മൂന്നു മുറികളുള്ള രണ്ടു വീടായി തിരിച്ച് താഴെ വാടകയ്ക്ക് നല്കിയിട്ടുണ്ട്. മാസാമാസം 8500 രൂപ വീതം വാടകയിനത്തിൽ ഗണേശന്റെ കയ്യിലെത്തും. ‘ഡീസൻ്റ് ഫാമിലി’ക്കു മാത്രമേ വീട് വാടകയ്ക്കു നല്കൂ എന്നും അയാൾ തറപ്പിച്ചു പറയുന്നു.
പ്രയത്നശാലിയായ ഈ ഓട്ടോ ഡ്രൈവറുടെ മകളെ വിവാഹം ചെയ്തയച്ചത് വേണ്ട ആഭരണങ്ങൾ നല്കിയും സമീപത്തുള്ള ക്ഷേത്രഹാളിൽ വിരുന്നിനെത്തിയവർക്ക് അമ്പിസ്വാമിയുടെ (തൃശൂരിലെ പേരുകേട്ട കാറ്ററിംഗ് സർവ്വീസ്) സദ്യയൊരുക്കിയാണെന്നും എനിക്കറിയാം. ഞാനാ സദ്യയുടെ ആദ്യ പന്തിയിൽ തന്നെയിരുന്ന് മൂക്കുമുട്ടെ ഭക്ഷണം അടിച്ചിട്ടുണ്ട്.
മകളും മരുമകനും, മകനും ഭാര്യയും ഇപ്പോൾ യു.കെ.യിലെ ഐ.ടി. കമ്പനിയിലാണെന്ന് ഗണേശൻ എന്നോട് അഭിമാനപൂർവ്വം പറയാറുണ്ട്. ഗൾഫിൽ ജോലിയെടുത്ത് ആവശ്യത്തിന് സമ്പാദിച്ച് തിരികെ നാട്ടിലെത്തിയ ഗണേശൻ എന്ന പഴയ വീണപൂവ് ഉടമ ഇപ്പോൾ ഓട്ടോ ഡ്രൈവറാണ്. ആ വാഹനത്തിന്റെ മുന്നിൽ ‘ബാലാജി കൃപ’ യെന്നും പിറകിൽ ‘വീണപൂവ്’ എന്നുമാണ് കാണുക. മറ്റു ഓട്ടോ ഡ്രൈവർമാരുടേതുപോലെ ഞെങ്ങിയും ഞെരുങ്ങിയുമുള്ള വെറും ഓട്ടോമാറ്റിക് ജീവിതമല്ല ഇയാളുടേത്. കനിവ്, സഹായമനോഭാവം തുടങ്ങിയ ഗുണങ്ങളുള്ളതാണെന്ന് ആ ജീവിതം.
ബാലു വാച്ചിൽ നോക്കി, വീണപൂവ് സ്റ്റാർട്ട് ചെയ്തു. മകനും കുടുംബവും യു.കെയിൽ നിന്നെത്തിയ സുദിനമാണ്. ആഘോഷിക്കണം. പുകപരത്തി വീണപൂവ് പാഞ്ഞുകൊണ്ടിരിക്കെ വളവ് തീരുന്നതുവരെ ഗണേശൻ കൈവീശികാണിക്കുന്നുണ്ടായിരുന്നു, വീണ്ടും കാണാമെന്ന അലിഖിത വാഗ്ദാനത്തോടെ.
അജ്ഞാതനായ
ഒരു ഓട്ടോ ഡ്രൈവർ
വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പുള്ള ഒരു സംഭവമാണ്.
കുറുകെ വരകളുള്ള ഖദർജുബ്ബ (അത് ഒരു ലേഡിസുഹൃത്ത് സമ്മാനിച്ചതാണ്), ഖദർമുണ്ട്, അലങ്കാരമെന്നോണം തോളിൽ തൂക്കിയിടാനൊരു സഞ്ചിയുമായി (അതും ഫ്രീ ഓഫ് കോസ്റ്റിൽ ലഭിച്ചത്) ഞാൻ സി.എം.എസ്. ഹൈസ്കൂളിന് സമീപമുള്ള ‘ഗസ്റ്റോ’ റസ്റ്റോറൻ്റിൽ സുഹൃത്തിനെ കാത്തിരിക്കുന്നു.
സമയം വൈകീട്ട് ഏഴര. ആറരയ്ക്ക് മുഖാമുഖം സംസാരിക്കാമെന്ന് അറിയിച്ച ആ പഹയൻ സ്നേഹിതനെന്ത് പറ്റിയോ എന്തോ? ഭൂട്ടാനി സ്വദേശികളായ മോട്ടുഭായി, പാലൻ, വീരേൻ എന്നീ വെയ്റ്റർമാർ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ സൊറ പറഞ്ഞിരിക്കുമ്പോൾ റസ്റ്റോറൻ്റിലേക്ക് ഒരു വൻതിര(തിരക്ക്) ഒഴുകിയെത്തി. ജാഥയിൽ പങ്കെടുത്ത് വലഞ്ഞ യുവതികളും യുവാക്കളും ക്ഷീണമകറ്റാൻ ‘ഗസ്റ്റോ’യിലെത്തിയിരിക്കുന്നു. പാലനും മോട്ടുഭായിയും ‘മാഫ്കരോ’ എന്ന് ക്ഷമ ചോദിച്ച് അതിഥികളുടെ സമീപത്തേക്ക് ചെന്നു. റസ്റ്റോറൻ്റിെൻ്റ ഒരു ഭാഗത്ത് കമ്പിയിൽ കൊളുത്തിയിട്ടിരിക്കുന്ന ചുട്ട കോഴി ചെത്തിചെത്തി കഷണങ്ങളാക്കി വിളമ്പാനുള്ള തയ്യാറെടുപ്പിലാണ് വീരേൻ. ഖുബൂസും സോസും സവാളകഷ്ണങ്ങളും ഇനി ഷവർമയുമായി ഒരുപിടുത്തം പിടിക്കാൻ യുവമിഥുനങ്ങൾ കാത്തിരിക്കുന്നു.
എനിക്ക് ഒരിടത്തിങ്ങനെ മിണ്ടാട്ടംമുട്ടിയതുപോലെ കുത്തിരിക്കുന്നത് ഒട്ടും ഇഷ്ടമല്ല. മെസീനി ഫ്ളോറിലെ ആ റസ്റ്റോറന്റിന്റെ പടികൾ ചവിട്ടി പുറത്തുകടന്നു. സ്വരാജ് റൗണ്ടിൽ ജനം പരന്നൊഴുകുന്നു. കുട്ടികൾ ‘പീപീ’ എന്ന് വിസിലൂതുന്നു. ബലൂൺ കച്ചവടക്കാരനെ ചുറ്റിപറ്റി വേറെ പിള്ളേരുമുണ്ട്. ആ വഴിയിലെ പ്രസിദ്ധ ഹോട്ടൽ ഇപ്പോൾ അടച്ചിട്ട നിലയിലാണ്. താടിക്കാരൻ സപ്ലയർ ദിനേശനും ദോശമാഷ് പാലക്കാട്ടുകാരൻ മനോഹരനും വേറെ ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞു.
‘ങ്ങാ.. ഇപ്പോഴും ഷട്ടറിട്ട നിലയിലുള്ള ആ പഴയ ചന്ദ്രകഫെ’യുടെ മുന്നിലെ സ്റ്റാൻഡിൽനിന്ന് ഓട്ടോകൾ യാത്രികരുമായി പായുന്നുണ്ട്. അവർക്ക് ഇനിയും ട്രിപ്പുകൾ അടിക്കണമല്ലോ! റിക്ഷ വാടകയ്ക്കെടുത്തെത്തുന്നവരെ കാത്തിരിക്കുന്ന അവയുടെ മുതലാളിമാരുണ്ട്. തിന്നാൻ എന്തെങ്കിലും കൊണ്ടുവന്നോവെന്ന് കാത്തിരിക്കുന്ന ഡ്രൈവർമാരുടെ മക്കളുണ്ട്, കണവൻ കൊണ്ടുവരുന്ന ‘ഉറുപ്പിക’ യിൽ നിന്നുവേണം പാൽക്കാരനും മീൻകാരനുമൊക്കെയുള്ള കാശുകൊടുക്കാനെന്ന് കരുതി കാത്തിരിക്കുന്ന വാമഭാഗങ്ങളുമുണ്ട്. പ്രതിദിനം 45 രൂപ ഉടമയ്ക്ക് ഈ പാവങ്ങൾ നല്കേണ്ടതുണ്ട്. പെട്രാൾ ചെലവും ഇവർ തന്നെ വഹിക്കണം. അതുകൊണ്ട് ഓട്ടോക്കാരന് പരമാവധി ട്രിപ്പുകൾ അടിക്കേണ്ടിയിരിക്കുന്നു.
കുറേസമയം ആ റിക്ഷാസ്റ്റാൻഡിൽ കാത്തുനിന്നു. അപ്പോഴതാ, ഒരാൾ ഓട്ടോ മുന്നിൽ നിർത്തി ചോദിക്കുന്നു, ‘എവിടേയ്ക്കാ? ലൂസിയാ പാലസ്, സെൻട്രൽ ഹോട്ടൽ? ഇവയെല്ലാം ബാർ അറ്റാച്ച്ഡ് ഹോട്ടലുകളാണ്. ഒരു പെഗ്ഗടിച്ചാൽ അപ്പോത്തന്നെ കറങ്ങിവീഴുന്ന എനിക്ക് ഇപ്പോൾ ലിക്കർ അലർജിയാണ്.
‘പുഴയ്ക്കൽ’, മറുപടി കേട്ട് റിക്ഷാവാല സാകൂതം എന്നെയൊന്നു നോക്കി. ‘ശരി’, വേഷഭൂഷാദികളും കയ്യിൽ എരിയുന്ന സിഗററ്റും മറ്റും കണ്ടിട്ടാകണം അയാൾ ചോദിക്കുന്നു, ‘‘അപ്പോ എഴുത്താണല്ലേ?’’ ‘അതെ’ പാലസ് റോഡിലെ ഒരു ആധാരമെഴുത്തുകാരെൻ്റ പേരും മുഖവും പണിയും എനിക്കയാൾ തല്ക്കാലം ഫ്രീയായി ചാർത്തിത്തന്നിരിക്കുന്നു.
നന്ദി റിക്ഷാവാല! റിക്ഷ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോൾ അയാൾക്കൊരു സംശയം, ‘‘ഇപ്പോ രജിസ്ട്രേഷൻ എങ്ങനെ?’’ വല്ല തുട്ടും ആധാരമെഴുത്തുവകയിൽ കയ്യിൽവന്നുചേരുന്നുണ്ടോ എന്നാണയാളുടെ സംക്ഷിപ്തമായ ചോദ്യം.
‘മോശമില്ല’, റിക്ഷാക്കാരനത് രസിച്ചില്ല, ‘‘എന്തുമോശം? നിങ്ങൾ ആളെ കഴുതകളിപ്പിക്യാ? ഇന്നാള് ഒരു പത്ത് സെൻ്റ് സ്ഥലത്തിന്റെ ആധാരമെഴുതാൻ താൻ ഒന്ന് ഒന്നരലക്ഷം വാങ്ങിയില്ലേ?’’
കർത്താവേ, ഞാൻ ചവിട്ടിയത് മൂർഖൻ പാമ്പിനെയാണല്ലോ എന്ന് പതിയെപ്പറഞ്ഞത് ആ കക്ഷി കേട്ടുവോ എന്തോ.
വിഷയത്തിൽ നിന്ന് തടിയൂരാൻ അപ്പോൾ തോന്നിയത് പറഞ്ഞു.
‘ആ എഴുത്തല്ല...’
‘ങ്ങാ, എനിക്കപ്പോ തോന്നിയതാ ശരി, ഗഥ, കവിത എഴുത്താണല്ലേ?’’
അയ്യോ, എരിതീയിൽ നിന്ന് വറക്കുന്ന എണ്ണയിലേക്കാണല്ലോ ഈ കക്ഷി എന്നെ ചാടിച്ചത്. എന്തോ കുറേ നേരം സംഭാഷണമൊന്നുമുണ്ടായില്ല. വഴിനീളെ അനാവശ്യമായി ഹോണടിച്ചും കാൽനടക്കാരെ തെറിവിളിച്ചും അയാൾ വണ്ടിയോടിച്ചുകൊണ്ടിരുന്നു.
‘‘അല്ല മാഷെ, നിങ്ങൾക്ക് തിരക്കഥ എഴുത്താണോ പണി?’ വെട്ടിത്തിരിഞ്ഞ് ഓട്ടോവാല എന്നോട് ഇടിവെട്ടുംപോലെ ചോദിച്ചു.
‘ഹോ അല്ല മാഷെ’
‘പിന്നെ എന്തിനാടോ താനീ ജുബ്ബയും താടിയും കോപ്പുമായി നടക്കുന്നേ’ എന്നൊരു കമൻ്റ് കൂടി കേൾക്കേണ്ടിവന്നു.
ഞാനൊന്നും മിണ്ടിയില്ല. അഥവാ എന്തെങ്കിലും പറഞ്ഞാൽത്തന്നെ അയാൾക്കത് ബോധിച്ചില്ലെങ്കിൽ ആ കോന്തൻ രണ്ടുപൊട്ടിക്കുക കൂടി ചെയ്യുമെന്ന് ആ കൂർത്ത മുഖത്ത് എഴുതിവെച്ചിട്ടുള്ളത് ആ അരണ്ടവെളിച്ചത്തിലും ഞാൻ വായിച്ചെടുത്തു.
അപ്പോൾ അന്നദാനം നടത്തികൊണ്ടിരുന്ന ക്ഷേത്രഹാളിനു മുന്നിൽ ഞങ്ങളെത്തിയിരുന്നു. അവിടെ ആളുകളുടെ തിക്കും തിരക്കും കണ്ടാൽ സാക്ഷാൽ തൃശ്ശൂർപൂരം ഇവിടെയാണോ എന്ന് സംശയിക്കാം. ഓട്ടോ വഴിതിരിച്ച് പഴയ എക്സ്പ്രസ്സ് ഓഫീസിന്റെ വഴിയിലൂടെ കയറി റോഡിന്റെ ഇടതുവശം ചേർന്ന് പറപ്പിക്കാൻ തുടങ്ങി.
‘അപ്പോ ചേട്ടാ ഒരു തിരക്കഥയെഴുതിക്കൂടെ’’
‘‘അത് എനിക്കറിയല്ല’’
‘‘അതിനെന്താ, ഒരു കഥയെഴുതാ, അതിന്ന് തിരക്കഥയെഴുതാ. അതുമതി’’
‘‘അതിന് കഥ വേണ്ടേ?’’ എന്നായി ഞാൻ.
‘‘അപ്പോ മാറ്റാമ്പുറത്തെ ഋത്വിക് റോഷനിൽ – കഥയിൽ കഥ ഉണ്ടോ? (ങ്ങേ, അങ്ങിനേയും ഒരു സിനിമയോ?)
‘‘ആവോ, ഞാനാ സിനിമ കണ്ടിട്ടില്ല.
‘‘ഹോ വല്യേ ആള്.’’
ഭാഗ്യവശാൽ കക്ഷി ഇപ്പോൾ അല്പം തണുത്തിട്ടുണ്ട്.
ഞാൻ സിഗരറ്റ് കത്തിച്ച് പുകവിട്ടു. പുകവലി വിരുദ്ധകാലമാണിപ്പോൾ. പുലിവാലായോ എന്ന് സംശയിച്ചെങ്കിലും ഓട്ടോക്കാരൻ ഒരു ദമ്മിനായി കൈ നീട്ടി. ഞാനാ പാക്കറ്റ് തന്നെ നേരെ നീട്ടി. വണ്ടിയോടിക്കുന്നതിനിടയിൽ അയാൾ സിഗരറ്റ് ഒന്നല്ല, രണ്ടെണ്ണമെടുത്ത് പാക്കറ്റ് തിരികേ തന്നു (കുറച്ചു അന്തസ്സുള്ള കൂട്ടത്തിലാണ്)
‘‘അപ്പോ നമ്മടെ ഇലക്ഷൻ എങ്ങനെ?’’
‘‘യാരു ജയിപ്പാർ?’’ തമിഴിലാണ് ചോദ്യം. ‘തെരിയാതെ’ ഞാനും തമിഴിലിൽതന്നെ കാച്ചി.
ഇതിനകം ഞങ്ങൾ സീതാറാം മിൽ റോഡിലെത്തി. പൂങ്കുന്നം ജംഗ്ഷനും കഴിഞ്ഞ് പുഴയ്ക്കലാണ് എന്റെ താൽക്കാലിക താമസം. വഴിനീളെ മാർഗ്ഗതടസ്സം സൃഷ്ടിച്ച് ലോറികൾ, ബസ്, ടാക്സികൾ.
‘മോനെ വണ്ടിനിർത്ത്’.
‘‘ഇവിട്യാ, ചേട്ടെൻ്റ വീട്. ഇത് പുഴയ്ക്കലായില്ലല്ലോ’’ ‘‘തൽക്കാലം ഞാനിവിടെ ഇറങ്ങാ.’’
ശോഭ സിറ്റിക്ക് കുറച്ച് ഇപ്പുറം മാറി ഞാനിറങ്ങാൻ തയ്യാറായി. വെറുതെ ഒരു ദിശയിലേക്ക് ചൂണ്ടിപ്പറഞ്ഞു, ‘‘ദാ ഇവിട്യാ വീട്’’.
അവിടം മുഴുവൻ ഇരുട്ടാണ്. അനന്തമായ പാടശേഖരങ്ങളുടെ അവസാനംപോലും തിരിച്ചറിയാനാകില്ല.
‘‘ചേട്ടാ, നിങ്ങള് ആള് കൊള്ളാം. എനിക്ക് ‘ക്ഷ’ ‘ക്ഷ’ പിടിച്ചു. (അയാൾ ഈ ഡബ്ബിൾ ‘ക്ഷ’ പറഞ്ഞതിെൻ്റ പൊരുൾ മനസ്സിലായില്ല.)
നമുക്ക് ലൂസിയയിൽപ്പോയി രണ്ടെണ്ണടിക്കാം. ‘‘ആപ്പൺ ബാർ മേ ജായേഗാ. ദോൺ തീൻ പെഗ്ഗ് മാരേഗാ, മസ്ത് എസി ക്കാ ഠൺടിഹവാ മേ ബൈഠേഗാ,’’ അയാൾ തണ്ണിയടിക്കുന്നതിെൻ്റ വിശദാംശങ്ങൾക്കൊപ്പം ആ ആനന്ദമുഹൂർത്തങ്ങളും വിവരിച്ചു.
‘‘എന്റെ കയ്യീ കാശില്ല.’’
പെട്ടെന്ന് രോഷാകുലനായ അയാൾ, ‘‘കാശോ, ഇത് കണ്ടോ? അയാൾ ഷർട്ടിന്റെ, പാന്റിന്റെ കീശയിൽ നിന്ന് അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും അനേകം ഗാന്ധിപടങ്ങൾ വലിച്ചെടുത്ത് എന്നെ കാണിച്ചു. വീണ്ടും പറഞ്ഞു: ‘‘ഇതുകണ്ടോ?’’ അന്തംവിട്ട എന്നെ വീണ്ടും ആ കക്ഷി കുഴപ്പത്തിലാക്കി. ഓട്ടോയുടെ ഡാഷ് ബോർഡിൽ നിന്നും സീറ്റിന്റെ കീഴേനിന്നുമൊക്കെ നോട്ടുകൾ വലിച്ചെടുത്തു.
‘‘ദാ ദാ നോക്ക്...നോക്ക്’’ ഞാനാകെ വിയർത്തു. ആ ഓട്ടോ നിറയെ നോട്ടുകൾ. അവ എന്നെ നോക്കി കൊഞ്ഞനം കുത്തി!
‘ഹറാമി, ചൂത്തിയേ, സാലേ! ഞാനെന്താ പൊട്ടനാണോ?’ എന്നുമൊക്കെ അയാൾ ഹിന്ദിയിലും മലയാളത്തിലും തെറിപറഞ്ഞുകൊണ്ടിരിക്കെ ആരോ ഒരാൾ വന്ന് റിക്ഷയിൽ കയറി.
ആകാശത്തുനിന്ന് ‘മന്നാ’ വർഷിക്കുന്ന ദൈവത്തെകുറിച്ച് കേട്ടിട്ടുണ്ട്. ഹെലികോപ്റ്റർ വഴി നോട്ടുകൾ ഗ്രാമീണരായ വോട്ടർമാർക്കിടയിൽ വിതറുന്നത് ഉത്തരേന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ കാമ്പയിന്റെ ഭാഗമാണ്. എന്നാൽ ഈ ഓട്ടോക്കാരന്റെ പ്രത്യേക ഇനം കലാപരിപാടി എന്താണെന്ന് മനസ്സിലാകുന്നില്ല. ഇയാൾ ഒരു മജിഷ്യനോ അഥവാ പച്ചക്കഞ്ചാവ് മുതൽ എം.ഡി.എം.എ.വരേയുള്ള ലഹരിപദാർത്ഥങ്ങൾക്കടിമയോ? ആർക്കറിയാം. ‘അങ്ങനേയും ഒരാൾ’ എന്ന വാചകത്തോടെ അജ്ഞാതനായ ഈ ഓട്ടോ ഡ്രൈവറുടെ കഥ ഇവിടെ തല്ക്കാലം അവാനിപ്പിക്കുന്നു.
ഇതാണെന്റെ വഴി
കൊട്ടേക്കാട്–വരടിയം ഭാഗത്തെവിടെയോ താമസമുള്ള രാമദാസ് നാരായണൻ (ആർ.പി.നാരായണൻ) പരിചയക്കാരനായ ഓട്ടോഡ്രൈവറാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരെ കാത്തുകിടക്കാറുള്ള ഈ യുവാവിനെക്കണ്ടാൽ ‘അയ്യോ പാവം’ എന്ന് ആർക്കും പറയാം. എം.ജിറോഡിലുള്ള ആർട്ട് സ്റ്റുഡിയോവിലേയ്ക്ക് പലപ്പോഴും പോകാറുള്ള എന്നെ അയാൾക്ക് പെരുത്ത് ബോധിച്ച ലക്ഷണമുണ്ട്.
ഒരിക്കൽ രാമദാസ് നാരായണൻ എന്നോട് ചോദിച്ചത്, ‘‘ബാങ്കിൽ നിന്ന് ലോണെടുക്കുന്ന വ്യകതിക്ക് ജാമ്യം നിന്നാൽ വല്ല കുഴപ്പവുമുണ്ടോ’’ എന്നാണ്.
‘‘അയാൾ ലോൺ തിരിച്ചടച്ചില്ലെങ്കിൽ തന്നെ പിഴിയാൻ ബാങ്കുകാരെത്തും, അതായത് താങ്കൾ ആ തുക തിരിച്ചടയ്ക്കേണ്ടി വരും–തീർച്ച’’, രാമദാസ് തലകുലുക്കി, എന്നെ സ്റ്റുഡിയോ പരിസരത്ത് ഇറക്കി തിരികെപ്പോയി.
പിന്നീട് നാലഞ്ച് മാസങ്ങളായി ഈ കക്ഷിയെ കാണാറില്ലായിരുന്നു. ഇയാളാണോ ലോണെടുത്തത് അതോ ഏതോ ഒരു വ്യക്തിക്കുവേണ്ടി രാമദാസാണോ ജാമ്യം നിന്നതെന്ന് എനിക്ക് അറിയില്ല. ഞാനത് ചോദിക്കാനും മറന്നുപോയി. കഴിഞ്ഞദിവസം പടിഞ്ഞാറേക്കോട്ട ജംഗ്ഷനിൽ മുന്നിൽ ഒരു ഓട്ടോ സഡൻ ബ്രേക്കിട്ടു. രാമദാസ് അല്പം വിഷമിച്ചെന്നപോലൊരു ചിരി ചിരിച്ചു പറഞ്ഞു, ‘‘ചേട്ടൻ അന്നു പറഞ്ഞത് ശര്യാ... നിഴൽപോലെ ആ ബാങ്ക്കാരൊപ്പമുണ്ട്.’’
രാമദാസ് കാര്യങ്ങൾ വ്യകതമാക്കി. ഓട്ടോ വഴിയിൽ നിന്ന് ഒരു കടയുടെ സമീപത്തേക്ക് മാറ്റിയിട്ട് സംഭാഷണം തുടർന്നു.
‘‘എന്റെ അടുത്ത ബന്ധു പ്രൈവറ്റ് സ്കൂൾ അധ്യാപകനാണ്. ലോണെടുക്കാൻ ജാമ്യം നിന്നത് അയാൾക്കുവേണ്ടിയാണ്. രണ്ടരലക്ഷം രൂപ വീടുവെയ്ക്കാനാണ് സഹകരണബാങ്കിൽ നിന്ന് വാങ്ങിയത്. തുകയുടെ പലിശയും പലിശക്കുമുകളിൽ പലിശയുമായി കയറിക്കയറി ആകാശം മുട്ടി. ചിലപ്പോഴൊക്കെ വൈകിയാണെങ്കിലും തിരിച്ചടവ് നടന്നുകൊണ്ടിരുന്നു. ഇതിനിടെ ബന്ധു വൃക്കരോഗ ബാധിതനായി. കേരളത്തിലെ നമ്പർ വൺ ആശുപത്രികളിൽ കയറിയറങ്ങിയെങ്കിലും ഫലമുണ്ടായില്ല; നോട്ടുകെട്ടുകൾ ചെലവായതൊഴികെ. ഒടുവിൽ രോഗം മൂർച്ചിച്ച് ഡയാലിസിലെത്തി. അതിനൊപ്പം ശരീരം മുഴുവൻ നീരുവന്ന് വീർത്തുകെട്ടി; ഛർദ്ദി, മലബന്ധം തുടങ്ങിയവയുടെ സംഹാരതാണ്ഡവവും. എന്തിനേറെ, ഒരുനാൾ അദ്ദേഹം മരിച്ചു.
ആ അധ്യാപകന് കുടുംബവിഹിതമായി കിട്ടിയ, പണയത്തിൽ വെച്ച എട്ട് സെൻ്റ് സ്ഥലം ലേലത്തിൽ വെയ്ക്കാൻ ബാങ്ക് പരസ്യം ചെയ്തെങ്കിലും ഇതുവരെ ഒരു കുഞ്ഞും തിരിഞ്ഞുനോക്കിയിട്ടില്ല. വഴിയുടെ ഇരുവശവുമുള്ള ചെറിയ കുടിലുകളും എപ്പോഴും മണിയനീച്ചയും കൊതുകുകളും സംഘഗാനം പാടുന്ന സമീപമുള്ള ഗട്ടറിലെ മലിനജലവുമാണ് കാരണം.
ബാങ്ക് അധികൃതർ നോട്ടീസുകൾ തുരുതുരെയായി അധ്യാപകന്റെ ഭാര്യയ്ക്ക് അയച്ചുകൊണ്ടിരുന്നു. നിരാലംബയും, മൂന്ന് കുട്ടികളുടെ അമ്മയുമായ അവർ ആകെ കുടുങ്ങിപ്പോയി. ഇപ്പോൾ ബാങ്ക് എന്റെ നേരെ തിരിഞ്ഞിരിക്കുന്നു. നോട്ടീസുകളുടെ തുലാവർഷം തന്നെ നടത്തി പൊറുതിമുട്ടിച്ചപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ ആ തുകയുടെ പലിശമാത്രം അടച്ച് താല്ക്കാലിക സമാധാനമുണ്ടാക്കിയിരിക്കയാണ്.
പ്രതിമാസം 4500 രൂപ എനിക്ക് തിരിച്ചടയ്ക്കേണ്ടിയിരിക്കുന്നു, നനയാതെ ഈറൻ ചുമക്കുന്നപോലെ. ഇനി സത്യം പറയാം, ആ അധ്യാപകന്റെ ഭാര്യ എന്റെ ഏക സഹോദരി സുമിത്രയാണ്. ഇനി പത്ത് പതിനഞ്ചുകൊല്ലങ്ങൾ വേണ്ടി വരും ബാങ്ക് ലോൺ അടച്ചുവീട്ടാൻ. രാമദാസ് പൊട്ടിക്കരഞ്ഞു.
അയാൾ സ്വന്തം ഓട്ടോ വിറ്റും ഭാര്യയുടെ താലിമാലയും വളകളും പണയംവെച്ചുമാണ് ബാങ്ക് നോട്ടീസുകളിൽ നിന്ന് താല്ക്കാലികമായെങ്കിലും രക്ഷപ്പെട്ടത്. വാടകവീട്ടിൽ താമസിക്കുന്ന രാമദാസിന് ഇനി വില്ക്കാൻ അയാളുടെ കയ്യിൽ ഒന്നുമില്ല; സ്വന്തം മനഃസാക്ഷി ഒഴികെ. ഓട്ടോ വാടകയ്ക്കെടുത്തോടിച്ച് ആഹാരത്തിന് വക കണ്ടെത്തുന്ന ഡ്രൈവർമാരുടെ കൂട്ടത്തിൽ ഇപ്പോൾ രാമദാസും ചേർന്നിരിക്കുന്നു.
‘ഇതാണെെൻ്റ വഴി’ എന്ന അയാളുടെ മുച്ചക്രവാഹനത്തിന്റെ പേര് കൂടുതൽ അർത്ഥവത്താണെന്ന് തോന്നുന്നു.
പെട്രോൾ വിലയുടെ കുതിച്ചുകയറ്റമുണ്ടെങ്കിലും ഇരുചക്രവാഹനവും ചുരുങ്ങിയത് ഒരു കാറെങ്കിലും സ്വന്തമായുള്ളവരാണ് ഇന്ന് കേരളത്തിലെ ഇടത്തരക്കാർ. ഈ പട്ടണത്തിൽ ഉദ്ദേശം 3000- ലധികം ഓട്ടോറിക്ഷകൾ രാവിലെ ആറുമുതൽ വൈകീട്ട് പത്ത് പതിനൊന്ന് വരേയെങ്കിലും ഓടിക്കൊണ്ടിരിക്കുന്നു. ഓട്ടോ സ്റ്റാൻ്റിൽ മണിക്കൂറുകൾ കാത്തുകിടന്നാൽപോലും ‘അരിക്കാശ്’ കൈയ്യിലെത്തുന്നവർ തുലോം കുറവാണെന്ന് ഈ അന്വേഷണത്തിൽ തെളിഞ്ഞു.
തൃശൂരിൽ 1971–72 ലാണ് ആദ്യമായി ഓട്ടോകൾ നിരത്തിലിറങ്ങിയത് എന്ന് രാജൻ എന്ന ഓട്ടോക്കാരൻ പറഞ്ഞു. അന്ന് പത്തിൽ താഴെ മാത്രമായിരുന്നു ഇവയുടെ എണ്ണമെന്ന് കണ്ണൻ എന്ന ഓട്ടോ ഡ്രൈവർ കൂട്ടിച്ചേർക്കുന്നു. കിലോമീറ്ററിന് അഞ്ചുരൂപയായിരുന്ന നിരക്ക് ഉയർന്ന് ഇപ്പോൾ മുപ്പത് രൂപയിൽ എത്തിനില്ക്കുന്നു.
ഇവ കൂടാതെ സമീപപ്രദേശങ്ങളായ വടക്കുംചേരി, ഷൊർണൂർ, പറപ്പൂർ, ചേലക്കര തുടങ്ങിയ ഇടങ്ങളിൽ നിന്നും ഓട്ടോകൾ ഈ പട്ടണത്തിൽ യാത്രക്കാരെ തേടിയെത്തുന്നുവെന്നും മണലൂർകാരൻ തോമസ് പരാതിപ്പെട്ടു. തോമസ് ടൗൺ പെർമിറ്റ് സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പട്ടണപ്രാന്തങ്ങളിലുള്ള മറ്റ് ഓട്ടോക്കാർക്ക് ഇത്തരം പെർമിറ്റ് ഇല്ലായെന്നും അയാൾ ചൂണ്ടിക്കാട്ടി.
ബാങ്ക് ലോണെടുത്ത് ഓട്ടോ വാങ്ങി നിത്യവൃത്തിയ്ക്ക് വഴികണ്ടെത്തുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം റിക്ഷാവാലകളും. അടവ് (തിരിച്ചടവ്) മുടങ്ങിയാൽ ബാങ്കിൽ നിന്ന് തടിമാടൻമാരായ വസൂലിക്കാരുമായാണ് ബാങ്ക് ഉദ്യോഗസ്ഥർ ഡ്രൈവറെ തിരഞ്ഞെത്തുക. പ്രതിദിനം 600 മുതൽ 1000 രൂപ വരെ മാത്രം ലഭിക്കുന്ന ഓട്ടോക്കാരന് പെട്രോൾ, വണ്ടിയുടെ ചില്ലറ മെയ്ൻ്റനൻസ് മുതൽ ‘എഞ്ചിൻ പണി’ വരെ സ്വന്തം പോക്കറ്റിൽ നിന്നെടുക്കേണ്ടിയിരിക്കുന്നു. കോവിഡും പ്രളയവും മറ്റ് തൊഴിലാളികളെപ്പോലെ ഓട്ടോക്കാരുടെ ജീവിതവും താറുമാറാക്കി. ഓട്ടോപ്പണി ഉപേക്ഷിച്ച് ചിലർ സെക്യൂരിറ്റിക്കാരായി. വേറെ ചില ഓട്ടോ ഡ്രൈവർമാർ ഹോട്ടൽപണിയിലും ഏർപ്പെട്ട് ജീവിതം ഉന്തിനീക്കുന്നു.
പട്ടണത്തിലുള്ള റിക്ഷാക്കാർക്കുപോലും ‘ഓട്ടം’ കുറവായതുകൊണ്ട് പുതിയ പെർമിറ്റുകൾ ഇവിടെ അനുവദിക്കരുതെന്ന് ഓട്ടോ ഡ്രൈർമാരുടെ സംഘടനകൾ ആർ.ടി.ഒ.യ്ക്കും കലക്ടർക്കും നിവേദനം നല്കിയിട്ടുണ്ട്. അതിന് ഒരു തീരുമാനവുമായിട്ടില്ല.
റിക്ഷാക്കാർ സ്വന്തം രാഷ്ട്രീയം കൊണ്ടാടുമ്പോൾ യാത്രക്കാർക്കിടയിൽ അവ വിളമ്പി തലപുണ്ണാക്കുന്നുവെന്നുമാണ് ചില പതിവു ഓട്ടോസഞ്ചാരികളുടെ പരാതി. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റെയും ‘ഫാനു’കളാണ് പല ഡ്രൈവർമാരും.
വെള്ളിത്തിരയിലെ ഈ നായകന്മാരുടെ സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തിയ്യേറ്ററുകളിലെത്തുന്ന ‘ഫാനു’കളുടെ കാഴ്ച അമ്പരിപ്പിക്കുന്നതാണ്. തമിഴകത്തെ നായകരുടെ കട്ടൗട്ടുകളിൽ പാലഭിഷേകവും മാലചാർത്തലുമൊക്കെ അഭ്യസ്തവിദ്യരായ മലയാളിക്ക് ദഹിക്കാവുന്നതല്ലെന്നും ഒരു പ്രമുഖ മലയാള സിനിമാനടന്റെ ആരാധകൻ തുറന്നുപറയുന്നു. പക്ഷേ മേൽപ്പറഞ്ഞ നായകന്റെ സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ ഇവർ പാഞ്ഞെത്തും.
ടുട്ടുമോൻ, കാർത്യായനീകൃപ, ആകാശപ്പറവ, പ്രെയ്സ് ദ ലോഡ്, ഇതാ ഇവിടെ വരെ തുടങ്ങിയ പേരുകൾ ഓട്ടോവാലകൾ സ്വന്തം വാഹനത്തിന് നൽകുന്നത് അവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കേവലമൊരു ഭാഗമായി കണക്കാക്കേണ്ടിയിരിക്കുന്നു.
അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണങ്ങളും പലപ്പോഴും അനാവശ്യമായി വഴിതിരിച്ചുവിടുന്ന ട്രാഫിക് പോലീസിന്റെ രീതിയും മറ്റും പട്ടണത്തിൽ പലപ്പോഴും ഗതാഗത കുരുക്ക് സൃഷ്ടിച്ച് യാത്രക്കാരേയും ഓട്ടോക്കാരേയും വലയ്ക്കുന്നുണ്ടെന്നതാണ് പരമാർത്ഥം. എം.ജി.റോഡ്, പുഴക്കൽ, പൂങ്കുന്നം ജംഗ്ഷൻ എന്നിവിടങ്ങളിൽനിന്ന് മേൽപ്പാലത്തിലൂടെ അശ്വനി ജംഗ്ഷൻ വരെ ഓട്ടോയിൽ സഞ്ചരിക്കേണ്ടിവരുന്ന യാത്രികനും ഓട്ടോ ഡ്രൈവറും ‘ക്ഷമ‘ എന്ന രണ്ടക്ഷരമാനസികാവസ്ഥ കൂടുതൽ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു.
ഓട്ടോ സഞ്ചാരവേളകളിൽ പത്തുരൂപ നാണയം കൊണ്ട് മാജിക് കാണിക്കുന്ന ഒളരി സ്വദേശി പത്മനും വിവാഹാഘോഷങ്ങളിൽ അതിഥികളെ പാട്ടുപാടി രസിപ്പിക്കുന്ന പഴയകാല ബോംബെ മിൽതൊഴിലാളി എൽത്തുരുത്തുകാരൻ ഔസേപ്പും മഞ്ഞപ്പിത്തം മുതൽ ഗുഹ്യരോഗങ്ങൾക്കുവരേ നാടൻ ചികിത്സാരീതികൾ യാത്രക്കാരെ കേൾപ്പിക്കുന്ന അബ്ദുള്ളയും അവരവരുടെ മനസ്സ് തുറക്കുന്നത് എന്നെപ്പോലുള്ളവരെ ‘കയ്യിൽക്കിട്ടു’മ്പോഴാണെന്ന് തോന്നുന്നു.
READ
• രണ്ട് റെയിലുകൾ ചാടിക്കടന്ന് ജീവിതത്തിലേക്കു പായുന്നു, കമ്യൂണിസ്റ്റായി ജനിച്ച ശാന്ത