കോഴിക്കോട്ടെ ഓട്ടോക്കാർ സമരത്തിലാണ്, സങ്കടത്തിലാണ്, പരസ്പരം പ്രശ്‌നത്തിലാണ്

കോഴിക്കോട് നഗരത്തിലെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ ആരംഭിച്ച നിരാഹാരസമരം 20 ദിവസം പിന്നിടുകയാണ്. മഹാമാരിയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളും അരക്ഷിതമാക്കിയ ഓട്ടോറിക്ഷാ മേഖലയിലേക്ക്, അശാസ്ത്രീയമായി 3000 പുതിയ പെർമിറ്റുകൾ കൂടി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് തൊഴിലാളികളുടെ സമരം.

നിലവിൽ 4337 ഡീസൽ/പെട്രോൾ ഓട്ടോകളും, 150 ഓളം ഇലക്ട്രിക് ഓട്ടോകളും, 160 സി.എൻ.ജി ഓട്ടോകളും, നൂറിൽപരം എൽ.പി.ജി ഓട്ടോകളുമാണ് നഗരത്തിൽ സി.സി. പെർമിറ്റോടെ സർവീസ് നടത്തുന്നത്. അടിസ്ഥാന സൗകര്യം വികസനം പോലുമില്ലാതെ ഒറ്റയടിക്ക് 3000 പുതിയ പെർമിറ്റുകൾ അനുവദിക്കുന്നത് ഓട്ടോറിക്ഷാ മേഖലയെ തകർക്കുമെന്ന് ഇവർ പറയുന്നു.

കോഴിക്കോട് സിറ്റിയിലെ ട്രേഡ് യൂണിയനുകൾ അടങ്ങുന്ന സിറ്റി ഓട്ടോ കോർഡിനേഷൻ സമിതിയുണ്ട് 3000-ത്തോളം ഇലക്ട്രിക്, സി.എൻ.ജി ഓട്ടോകൾക്ക് സി.സി. പെർമിറ്റുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിൽ നിന്നും സി.ഐ.ടി.യു. വിട്ടു നിൽക്കുകയായിരുന്നു. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഐ.എൻ.എൽ.സി, എസ്.ഡി.റ്റി.യു, സി.സി. സംരക്ഷണ സമര മുന്നണി തുടങ്ങിയ യൂണിയനുകൾ നിരാഹാരമിരിക്കുന്നത്.

പരിസ്ഥതി സൗഹാർമെന്ന ലേബലിൽ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ പദ്ധതിക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ കോഴിക്കോട് നഗരത്തിൽ ഇല്ല. സിറ്റിയിലെ 160-ഓളം ഇ- ഓട്ടോകൾക്ക് പത്തു ചാർജിങ്ങ് സ്റ്റേഷനുകളാണ് നഗരപരിധിയിലുള്ളത്. മുമ്പ് സർക്കാർ പ്രാത്സാഹിപ്പിച്ച എൽ.പി.ജി ഓട്ടോകൾക്ക് കോഴിക്കോട് നഗരത്തിൽ ഇന്നും രണ്ട് ഫില്ലിങ്ങ് സ്റ്റേഷനുകൾ മാത്രമാണുള്ളത്. നഗരത്തിലെ 150-ഓളം വരുന്ന സി.എൻ.ജി. ഓട്ടോകൾക്ക് നിലവിലുള്ളത് ഒരു ഫില്ലിങ് സ്റ്റേഷനും. സർക്കാർ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാത്തതും, സി.സി. വിതരണ സംവിധാനത്തിലെ സങ്കീർണതകളും ഓട്ടോ തൊഴിലാളികൾക്കിടയിൽ പരസ്പരവിദ്വേഷമുണ്ടാക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളുടെ ക്ഷേമവും, അവർക്കിടയിലെ ഐക്യവും സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ, സമരം ചെയ്യുന്ന തൊഴിലാളികളുമായി ചർച്ചയിലേർപ്പെടേണ്ട ബാധ്യത തീർച്ചയായും ഭരണകൂടത്തിനുണ്ട്.

Comments