ഫ്രഞ്ചുകാർ നിർമിച്ച മരം കൊണ്ടുള്ള കാലപ്പഴക്കമുള്ള കെട്ടിടത്തിലെ മുറികളിലൊന്നിൽ ബീഡിപ്പുകയുടെ തീവ്രഗന്ധം ചൂഴ്ന്നു നിൽക്കാറുണ്ടായിരുന്നു. അതിഥികൾ വരുമ്പോൾ അവിടത്തെ അന്തേവാസികളിൽ ചിലർ സ്വന്തം ഇരിപ്പിടങ്ങൾ വിട്ട് കൂട്ടത്തോടെ ബീച്ചിനഭിമുഖമായുള്ള കെട്ടിടത്തിന്റെ സമീപത്തുതന്നെ തട്ടിക്കൂട്ടിയുണ്ടാക്കിയ താൽക്കാലിക ചായക്കടയിലേക്ക് ചേക്കേറും.
അവരാരൊക്കെയെന്നറിയേണ്ടേ? പി. ഭാസ്‌കരൻ, ഉറൂബ്, കക്കാട്, കെ. രാഘവൻ, കെ.എ. കൊടുങ്ങല്ലൂർ, അക്കിത്തം, തിക്കോടിയൻ തുടങ്ങിയവർ. അവിടെയിരുന്ന് കട്ടനും പരിപ്പുവടയും സ്ഥിരമായി കഴിച്ചവരിൽ പി. കുഞ്ഞിരാമൻ നായരും വൈക്കം മുഹമ്മദ് ബഷീറും വയലാറും എസ്.കെയും വി.കെ.എന്നും ഉൾപ്പെടും. താൽക്കാലിക ഓലഷെഡ്ഢിനു കീഴെയുള്ള ചെറിയ ഇടത്തിലിരുന്ന് അവർ സംസാരിച്ചത് സാഹിത്യത്തിലെയും സിനിമയിലെയും സംഗീതത്തിലെയും നാടകത്തിലെയും മറ്റും വലിയ കാര്യങ്ങളായിരുന്നു.
നവോത്ഥാനന്തര കേരളസംസ്‌കാരത്തിന്റെ രൂപപ്പെടലിൽ ആ ചായച്ചർച്ചകൾ എത്ര സ്വാധീനം ചെലുത്തി എന്നത് ഗവേഷണം അർഹിക്കുന്ന വിഷയമാണ്.
പറഞ്ഞുവന്നത് കോഴിക്കോട് ആകാശവാണിയെ കുറിച്ചാണ്.
കോഴിക്കോട് ഉൾപ്പെടെയുള്ള ആകാശവാണിയുടെ പ്രാദേശിക നിലയങ്ങളുടെ സ്വതന്ത്ര പ്രക്ഷേപണങ്ങളിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട് എന്ന വിഷയം സജീവ ചർച്ചയായിരിക്കുകയാണല്ലോ.
2020 ഒക്ടോബറിൽ നടന്ന പ്രസാർ ഭാരതിയുടെ ബോർഡ് മീറ്റിംഗിൽ ചില നിർണായക തീരുമാനങ്ങളെടുത്തു. അവ നടപ്പിലാകുമ്പോൾ ഉടൻ ഇന്ത്യയിലെങ്ങും പ്രാദേശിക നിലയങ്ങളുടെ പ്രസക്തി ഇല്ലാതാവും. സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നിലയങ്ങൾ മാത്രമാവും പൂർണരൂപത്തിൽ പ്രവർത്തിക്കുക. മറ്റു നിലയങ്ങൾ വല്ലപ്പോഴും ചില്ലറ പരിപാടികൾ തയ്യാറാക്കി അയക്കുന്ന പ്രൊഡക്ഷൻ കേന്ദ്രങ്ങൾ മാത്രമാവും. കേരളത്തിന്റെ സാംസ്‌കാരിക വളർച്ചക്ക് വലിയ സംഭാവന നൽകിയ കോഴിക്കോട്, തൃശൂർ തുടങ്ങിയ നിലയങ്ങൾക്കുപോലും ഇതാണ് ഗതിയെന്ന് തീരുമാനിച്ചു കഴിഞ്ഞു.
ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ച കൊച്ചി, കണ്ണൂർ തുടങ്ങിയ നിലയങ്ങളുടെ സ്ഥിതിയും അതുതന്നെ.
ആകാശവാണിയുടെ ജനസ്വീകാര്യത വർദ്ധിപ്പിക്കുക, പരസ്യവരുമാനം കൂട്ടുക തുടങ്ങിയ വിചിത്രവും വിരോധാഭാസം എന്നു പറയാവുന്ന തരത്തിലുള്ളതുമായ വാദങ്ങളാണ് ഇത്തരമൊരു തീരുമാനത്തെ ന്യായീകരിച്ച് നിരത്തുന്നത്.
സ്വന്തം സ്വീകാര്യത വർദ്ധിപ്പിക്കാൻ ലോകമെങ്ങും മാധ്യമങ്ങൾ വർഷങ്ങളായി അനുവർത്തിച്ചു വരുന്ന രീതിയാണ് ലോക്കലൈസേഷൻ എന്നത്. കേരളത്തിൽ മാത്രം നോക്കുക. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കുതിപ്പ് നേരിടാൻ കേരളത്തിലെ പത്രങ്ങൾക്ക് ശക്തി ലഭിച്ചത് ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും പുതിയതായി എഡിഷനുകൾ ആരംഭിച്ച് പരസ്യവരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ്.
പ്രാദേശിക നിലയങ്ങളെ ഒഴിവാക്കി ഒറ്റ ബ്രാൻഡാക്കി മാർക്കറ്റ് ചെയ്യുമ്പോൾ നിരക്ക് വളരെ കൂടുകയും ചെറുകിട പരസ്യക്കാർ ഒഴിവായിപ്പോകുകയും ചെയ്യുo എന്ന് സാധാരണ ബുദ്ധികൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. ലളിതമായിപ്പറഞ്ഞാൽ ചെറിയ കാലയളവിൽ തന്നെ ആകാശവാണി എന്ന മാധ്യമ ശൃംഖലക്ക് ജനസ്വീകാര്യത ഇനിയും നഷ്ടപ്പെടുകയും ഇപ്പോൾ ലഭിക്കുന്ന പരസ്യവരുമാനം കൂടി ഇല്ലാതാവുകയും ചെയ്യും.
മറ്റൊരു പ്രധാന കാര്യം, ഓരോ സംസ്ഥാനത്തേയും ബഹുസ്വരത പൂർണമായോ വലിയ തോതിലോ നിരാകരിക്കപ്പെടും എന്നു തന്നെയാണ്. സാംസ്‌കാരിക പരിപാടികളിൽ നിന്ന് ക്രമേണ പിൻതിരിയാനുള്ള തീരുമാനം അത്തരമൊരവസ്ഥയിലേക്കാണ് നയിക്കുക. ഇപ്പോൾ തന്നെ ഗ്രേഡ് ചെയ്ത കലാകാരന്മാർക്ക് പോലും അപൂർവമായേ പരിപാടികൾ ലഭിക്കുന്നുള്ളൂ. പ്രാദേശിക തലത്തിലുള്ള എല്ലാ മേഖലയിലേയും കലാകാരന്മാർ പൂർണമായും തഴയപ്പെടും.
ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതിഫലനമാണ് ആകാശവാണി പ്രക്ഷേപണം. രാജ്യത്തെ അംഗീകരിക്കപ്പെട്ടതും അല്ലാത്തതുമായ നൂറുകണക്കിന് ഭാഷകൾ, ആദിവാസി - ഗോത്രഭാഷകൾ, എണ്ണിയാലൊടുങ്ങാത്ത നാട്ടുഭാഷകൾ, ഭാഷാദേദങ്ങൾ- ഇവക്കെല്ലാം അഭിമാനകരമായ പരിഗണന നൽകി കൊണ്ടുള്ളതാണ് ആകാശവാണിയുടെ, പ്രത്യേകിച്ചുo പ്രാദേശിക നിലയങ്ങളുടെ പരിപാടികൾ. ‘അഭിമാനകരമായ പരിഗണന' എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. കാരണം ചില സിനിമകളുo പല ദൃശ്യമാധ്യമങ്ങളും നാട്ടുഭാഷാ ഭേദങ്ങളെ തമാശയക്കും പരിഹാസത്തിനുമായിട്ടാണ് കൂടുതലായും ഉപയോഗപ്പെടുത്തി കാണാറുള്ളത്.
ഔദ്യോഗികമായി തന്നെ 23 ഭാഷകളിലും 179 നാട്ടുഭാഷകളിലും പ്രക്ഷേപണം നടത്തുന്നതോടൊപ്പം മറ്റു നിരവധി ഭാഷകൾക്കും നൂറുക്കണക്കിന് നാട്ടുഭാഷകൾക്കും ആകാശവാണി പരിപാടികളിൽ ഇടം ലഭിക്കാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 121 ഭാഷകളും 19500 ലധികം നാട്ടുഭാഷകളും ഭാഷാഭേദങ്ങളും ഉണ്ട് എന്നോർക്കേണ്ടതുണ്ട്.
കലാമേഖലയിലെ ബഹുസ്വരതയുടെ എറ്റവും വലിയ പ്രതീകങ്ങളാണ് ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ആദിവാസി- ഗോത്രകലകളും മറ്റുനാടൻ കലകളും ഉൾപ്പെടുത്തി കൊണ്ടുള്ള പരിപാടികൾ. സംഗീത ശാഖകളിലും മറ്റു ക്ലാസിക്കൽ - പാരമ്പര്യ കലകളിലും ഓഡിഷൻ ചെയ്തവരും അല്ലാത്തവരുമായ പതിനായിരക്കണക്കിന് കലാകാരന്മാർ ആകാശവാണി പ്രാദേശിക കേന്ദ്രങ്ങളുടെ പാനലിലുണ്ട്. കഥാപ്രസംഗം, അക്ഷരശ്ലോകം തുടങ്ങിയ മേഖകളിലെ കലാകാരന്മാരും ഉണ്ട്. റേഡിയോ നാടകമെന്ന ഒരു എക്‌സ്‌ക്ലൂസീവ് ശാഖ വേറെ തന്നെയുണ്ട്. ഈ കലാകാരന്മാരെ ഓഡിഷൻ ചെയ്തും അല്ലാതെയും കൃത്യമായി പരിപാടികളിൽ ഉൾപ്പെടുത്തുന്ന ഒരേയൊരു മാധ്യമമാണ് ആകാശവാണി. വിവിധ നിലയങ്ങളിലായി അത്തരം ആയിരക്കണക്കിന് കലാകാരന്മാരും കലാസംഘങ്ങളും പരിപാടികൾ അവതരിപ്പിച്ചു വരുന്നുണ്ട്.
പ്രാദേശിക നിലയങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം താറുമാറായാൽ ഇതിൽ മിക്കവാറും കലാകാരന്മാർക്ക് പരിപാടികൾ ലഭിക്കാനുള്ള സാധ്യത ഇല്ലാതാവും. ആകാശവാണിയിലെ അവരുടെ ഓഡിഷൻ ഗ്രേഡും അവതരണ പരിചയവും കണക്കിലെടുത്താണ് പല ഗവ. ഏജൻസികളും സാംസ്‌കാരിക സംഘടനകളും അവരുടെ പരിപാടികൾക്ക് ഇത്തരം കലാകാരന്മാരെ ക്ഷണിക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതിനു പുറമെ പ്രാദേശിക നിലയങ്ങളിൽ മാത്രo പരിപാടികൾ അവതരിപ്പിച്ചു വരുന്ന പ്രഭാഷകർ, സാഹിത്യ പ്രതിഭകൾ, സ്ത്രീകൾക്കും യുവാക്കൾക്കും കുട്ടികൾക്കും മാത്രമായുള്ള പരിപാടികളിൽ പങ്കെടുക്കുന്നവർ, അവതാരകർ തുടങ്ങിയവരുടെ അവസരങ്ങൾ ഒന്നുകിൽ പൂർണമായി ഇല്ലാതാവുകയോ അതല്ലെങ്കിൽ അപൂർവം അവസരങ്ങളിലായി പരിമിതപ്പെടുകയോ ചെയ്യും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശ്രവ്യമാദ്ധ്യമ ശൃംഖലയാണ് ആകാശവാണി. ഏതാണ്ട് നൂറ് ശതമാനം ഇന്ത്യക്കാരിലും എത്താൻ കഴിയുന്ന ഒരേയൊരു മാധ്യമം. 262 റേഡിയോ സ്റ്റേഷനുകളും 470 പ്രക്ഷേപണികളുമുള്ള ആകാശവാണി വർത്തമാനകാലത്ത് നിരവധി സങ്കീർണ വെല്ലുവിളികൾ നേരിടുന്നുണ്ട്. വർഷങ്ങളായുള്ള അവഗണ ഇതിന്റെ പിന്നിലുണ്ട്. ജീവനക്കാരുടെ അനുപാതത്തിൽ ഒരു പ്രക്ഷേപണ മാധ്യമത്തിന് നിരക്കാത്ത തരത്തിലുള്ള അന്തരം, പുതിയ നിയമനങ്ങൾ, പ്രത്യേകിച്ചും പ്രക്ഷേപണത്തിന്റെ നട്ടെല്ലായ പ്രോഗ്രാം വിഭാഗത്തിൽ നടത്താതിരിക്കൽ, ആവശ്യത്തിന് പണം ലഭിക്കായ്ക ഇവയൊക്കെ പ്രവർത്തനാന്തരീക്ഷത്തെയും പ്രവർത്തന സംസ്‌കാരത്തെയും താറുമാറാക്കിയിട്ടുണ്ട്. ആധുനികമായ സാങ്കേതികവിദ്യ ചെലവു കുറഞ്ഞ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതും പോരായ്മയായി നിൽക്കുന്നു. അത്തരം പ്രതിസന്ധികളെ ആഴത്തിൽ പഠിച്ച് സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടുകളും ഗവണ്മെന്റിന്റെ പക്കലുണ്ട്. അതിന്റെയൊന്നും പിൻബലമില്ലാത്ത തീരുമാനങ്ങളാണ് ഇപ്പോഴത്തേത്. ഇപ്പോഴത്തെ തീരുമാനങ്ങൾ ഉണ്ടാക്കാൻ പോന്ന പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവർ പോലും വേണ്ടത്ര ഗൗരവത്തിൽ കാണുന്നില്ല എന്നത് മറ്റൊരു ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ്.
ഇന്ത്യയുടെ സാംസ്‌കാരിക വളർച്ചയിൽ മാത്രമല്ല, ഭൂരിഭാഗം ജനങ്ങളും നിരക്ഷരരായ ഒരു രാജ്യത്തിന്റെ ഇതുവരെ നേടിയ എല്ലാവിധ വളർച്ചയിലും മാധ്യമപരമായ മുഖ്യ പങ്ക് വഹിച്ച മഹത്തായ സ്ഥാപനമാണ് ആകാശവാണി. പ്രതിസന്ധികളുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട് തന്നെ മാതൃകാപരവും വർത്തമാനകാല മാധ്യമാന്തരീക്ഷത്തിൽ ഏറെ പ്രസക്തവുമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുകയും അതിലൂടെ പരസ്യ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്ത ആകാശവാണി നിലയങ്ങൾ നമ്മുടെ പരിസരത്തു തന്നെ ഉണ്ട്. കാര്യങ്ങൾ അങ്ങനെയും സാധ്യമാണ് എന്നാണ് അതൊക്കെ കാണിക്കുന്നത്.
അത്തരം മാതൃകകൾ മറ്റുനിലയങ്ങളിലേക്കു കൂടി വ്യാപിക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങളെക്കുറിച്ചാണ്, അതെത്ര ദുഷ്‌കരമായാൽ പോലും ആലോചിക്കേണ്ടത്. ഈ മാധ്യമത്തെ നെഞ്ചിലേറ്റുന്നവരുടെ ഒരാഗ്രഹമായി മാത്രമല്ല, ഭാരതീയ സംസ്‌കാരത്തിന്റെ വളർച്ചക്കും അതിന്റെ ബഹുസ്വരതയെ നിലനിർത്തുന്ന പ്രക്രിയയിലും അത്തരമൊരു നിലപാട് അത്യന്താപേക്ഷിതമാണ്.
ആകാശവാണിയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന പുതിയ തീരുമാനങ്ങൾ പുനഃപരിശോധിച്ച് ആകാശവാണിയെ സംരക്ഷിക്കാൻ പര്യാപ്തമായ നടപടികൾ സ്വീകരിക്കാൻ നമ്മുടെ സാംസ്‌കാരിക-രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാണിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, ‘ഒരിടത്ത് ഒരു കാലത്ത് ആകാശവാണി എന്നൊന്നുണ്ടായിരുന്നു... ' എന്ന് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയേക്കാവുന്ന രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയെന്നു വരും.