കെ.എസ്.ആർ.ടിസിയിലെ ബാലൻസ് കെ.നായർമാർ

ഇന്നലെ വരെ യാത്രക്കാരോട് തട്ടിക്കയറുന്ന ‘ഉപഭോക്തൃതാഡന പദ്ധതി' ഒരു ശുഷ്‌ക കലാശാഖയായിരുന്നു. ഇതാ, അതിൽ നിന്ന് എത്രയോ കാതം ‘ഒറ്റയടി'ക്ക് മുന്നോട്ട് പോയി യാത്രക്കാരുടെ തന്തയെ തല്ലുന്ന പുതിയൊരു ശാസ്ത്രശാഖക്കുതന്നെ കെ.എസ്.ആർ.ടി.സി തുടക്കമിട്ടിരിക്കുന്നു, ഇത് പുരോഗതിയല്ലെന്ന് പറയുന്നവർ കെ.എസ്.ആർ.ടി.സി നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർ മാത്രമാണ്. ‘ഉപഭോക്താവാണ് രാജാവ്’ എന്ന തത്വത്തെ ഇത്രയും ഗംഭീരമായി ആരെങ്കിലും ആവിഷ്‌ക്കരിച്ചിട്ടുണ്ടോ? ഇവരെ സസ്‌പെൻഷനല്ല, പത്മശ്രീ കൊടുത്താണ് ആദരിക്കേണ്ടത്.

പ്പോഴും കെ.എസ്.ആർ.ടി.സി ബസ് നിലനില്ക്കണം എന്ന് അദമ്യമായി ആഗ്രഹിക്കുന്ന വിനീതനായ ഒരു കേരള പൗരനാണ് ഈ കുറിപ്പ് എഴുതുന്ന ആൾ. എന്നാൽ, ഞാൻ നിലനില്ക്കണം എന്നാഗ്രഹിക്കുന്നില്ലല്ലോ നമ്മുടെ കെ.എസ്.ആർ.ടി.സി എന്ന ഒരു ദുഃഖം മാത്രമേ എനിക്കുള്ളൂ.

ഉള്ളത് പറയാമല്ലോ, പ്രൈവറ്റിനെ അപേക്ഷിച്ച് സീറ്റിൽ കാലൊക്കെ നീട്ടി ഇരിക്കാം, കെ.എസ്.ആർ.ടി.സിയിൽ. ബസിന്റെ ഒച്ചയിലെ ‘നടൻ ജി.കെ പിള്ള ടച്ച്’ നമ്മൾ സുഖം കൊണ്ട് ഉറങ്ങിപ്പോയി വല്ല അപകടവും വരുത്തിവെക്കാതിരിക്കാനാണ്. കുളിയും നനയുമൊന്നും നമ്മുടെ ‘ട്രാൻസ്‌പോർട്ട് ബസി'ന് ബാധകമല്ലെങ്കിലും ഇപ്പോൾ ആറേഴുമാസം മഴ പെയ്യുന്നത് കൊണ്ട് അതൊരു പ്രശ്നമാക്കേണ്ടതുമില്ല.

സുരാജ് വെഞ്ഞാറമൂടിനോട് ഒരു മിമിക്രി ഷോയ്ക്കിടയിൽ സദസ്സിൽ നിന്ന് ചിലർ കാവ്യ മാധവന്റെ ശബ്ദം അനുകരിക്കാൻ തുടർച്ചയായി ആവശ്യപ്പെട്ട അനുഭവം ഓർമ വരികയാണ്. ദേശീയ പുരസ്‌ക്കാരമടക്കം ഒത്തിരി ബഹുമതികൾ നേടിയ സുരാജ് അസാമാന്യനായ ശബ്ദാനുകരണ കലാകാരൻ കൂടിയാണല്ലോ. കാവ്യ മാധവന്റെ ശബ്ദം അനുകരിച്ചാൽ ശരിയാവില്ല, പ്രാക്ടീസില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും സദസ്സുണ്ടോ വിടുന്നു! ഒടുവിൽ നിവൃത്തിയില്ലാതെ കാവ്യ മാധവന്റെ ശബ്ദം അനുകരിക്കാൻ അദ്ദേഹം മൈക്കിന് മുന്നിലെത്തി. കാവ്യയെ അനുകരിക്കുന്നതിനുമുമ്പ് സുരാജ് പ്രേക്ഷകരോടായി പറഞ്ഞു: ഞാൻ നോക്കാം, ശ്രമിക്കാം, ആരും വല്ലാതെ പ്രതീക്ഷിക്കരുത്; വന്നാ വന്ന്.

നമ്മുടെ സ്വന്തം ബസിൽ കൃത്യസമയത്ത് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ, വന്നാ വന്ന്.

സൂപ്പർ എക്​സ്​പ്രസ്​ എന്ന ഒരു ബോർഡ് വെക്കാറുണ്ട്, കെ.എസ്.ആർ.ടി.സി ബസിൽ. കേരളം ഒരു സാക്ഷരസംസ്ഥാനമാണല്ലോ. അതുകൊണ്ട് സൂപ്പർ എക്​സ്​പ്രസ്​ എന്നുമാത്രമല്ല, സൂപ്പർ ഫാസ്​റ്റ്​ എന്നൊക്കെ എഴുതി വെക്കുന്നതിന് ഒരുപാട് ചെലവുണ്ട്. ചെലവിന്റെ ഭാഗമായി ഓരോ അക്ഷരത്തിനും ചുരുങ്ങിയത് 10 രൂപയെങ്കിലും ഓരോ യാത്രക്കാരിൽ നിന്ന് കൂടുതൽ ഈടാക്കാതെ പറ്റില്ല. പെയിന്റിനൊക്കെ എന്താ വില.

പക്ഷേ, അതേ റൂട്ടിലെ നാല് സാദാ പ്രൈവറ്റ് ബസെങ്കിലും നമ്മുടെ കെ.എസ്.ആർ.ടി.സി ബസിനെ കളിയാക്കിക്കൊണ്ട് മറികടന്നു പോകുന്ന മനോഹരമായ കാഴ്ച കെ.എസ്.ആർ.ടി.സി ഫാസ്​റ്റ്​ യാത്രക്കാർക്ക് തികച്ചും ഫ്രീയാണ് കേട്ടോ. ഇക്കണ്ട പ്രതിഭാശാലികളായ യൂണിയൻ നേതാക്കളെയും രാഷ്ട്രീയ ഉദ്യോഗസ്ഥ ഇത്തിക്കണ്ണികളെയും മനുഷ്യ ജന്മമെടുത്ത പാർട്ടിപിന്തുണയുള്ള മരത്തവളകളെയും പോറ്റിവളർത്തേണ്ടേ സാർ?

കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ മർദിക്കുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാർ.

കുറ്റം പലതും പറയുമെങ്കിലും ചില ഗുണങ്ങൾ നാം കണ്ടില്ലെന്ന് നടിച്ചുകൂടാ. അതിലൊന്നാണ് കെ.എസ്.ആർ.ടിസി ബസിൽ സ്ഥിരമായി യാത്ര ചെയ്താൽ നമ്മുടെ ഓർമ ശക്തി വർധിക്കും എന്നത്. അതെങ്ങനെയെന്നല്ലേ, യാത്ര കഴിയും വരെ കണ്ടക്ടറിൽ നിന്ന് കിട്ടാനുള്ള ബാലൻസിനെപ്പറ്റി ആവർത്തിച്ചാവർത്തി സ്വയം ഓർത്തോർത്ത് പല യാത്രക്കാരുടെയും ഓർമശക്തി ഭയങ്കരമായി വർധിച്ചുകൊണ്ടിരിക്കയാണ്. മിക്ക ക്വിസ് മത്സരങ്ങളിലും സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പലരും സ്ഥിരമായി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നവരാണത്രേ. ചില കണ്ടക്ടർ നമ്മൾ കൊടുത്ത അഞ്ഞൂറും ഇരുനൂറും രൂപയുടെ ബാലൻസുമായി എവിടെയോ മുങ്ങും. യാത്രികരാവട്ടെ, തനിക്ക് ഇനിയും കിട്ടിയിട്ടില്ലാത്ത ബാലൻസിനെ മറന്ന് പലവിധ ജീവിതാധികളിലും സ്വപ്നങ്ങളിലും മുങ്ങിപ്പോകും. മാത്രമല്ല, ബസ് സ്റ്റാന്റിലെത്തുന്നതോടെ യാത്രക്കാരുടെ ബാലൻസ് കൊടുക്കാനാവാത്ത ദുഃഖത്തിൽ മനംനൊന്ത് കണ്ടക്ടർ തിരക്കിൽ എവിടെയെങ്കിലും മുങ്ങിക്കളയും. ഇതുകാരണം സ്ഥിരംയാത്രക്കാരുടെ നിരീക്ഷണശേഷി ഗണ്യമായി വർധിക്കുന്നതായി ചില പഠനങ്ങൾ വന്നതായും കേൾക്കുന്നു. എല്ലാ കണ്ടക്ടർമാരും ഇത് ചെയ്യുന്നവരല്ല. ഇങ്ങനെ ചെയ്യാത്തവർ കെ.എസ്.ആർ.ടി.സിയ്ക്ക് വലിയ മാനഹാനി വരുത്തുന്നതായി പരാതി ഉയർന്നുതുടങ്ങിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരിൽ ഒരു വർഗം ബാലൻസ് തരാതെ മുങ്ങിയമുക്കി നടക്കുന്നതിനെ ഒരു കുറ്റകൃത്യമായും മനഃസാക്ഷിയില്ലായ്മയായും കരുതുന്ന ചില എമ്പോക്കികളുണ്ട്. സത്യത്തിൽ ഈ മുങ്ങൽ ഒരു കലാരൂപമായിട്ടാണ് കാണേണ്ടത്; അധിക്ഷേപമായിട്ടല്ല .ഇത്തരം
മുങ്ങൽ കണ്ടക്ടർമാർക്ക് ട്രാൻസ്‌പോർട്ട് അധികാരികളും അതിനുള്ളിലെ സർഗപ്രതിഭകളായ ട്രേഡ് യൂണിയൻ നേതാക്കളും ചേർന്ന് ‘ബാലൻസ് കെ.നായർ' എന്ന പേരിൽ ഒരു പദവി നല്കി ആദരിക്കേണ്ടതാണ്.

ഇപ്പോൾത്തന്നെ, കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്കിടയിലെ ‘ബാലൻസ് കെ.നായർ’മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറേശ്ശെ അവരെ അനുകരിക്കുന്ന വിദ്യ ദീർഘദൂര പ്രൈവറ്റ് ബസിലെ ചില കണ്ടക്ടർമാരും പരിശീലിക്കുന്നതായി. കേൾക്കുന്നു. ഈ രംഗത്ത് തീർച്ചയായും കെ.എസ്.ആർ.ടി.സി വലിയൊരു മാതൃകയാണ്. പക്ഷേ, കെ.എസ്.ആർ.ടി.സിയ്ക്ക് പുറത്ത് അതങ്ങനെ വ്യാപിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചു കൂടാ. കാരണം, വർഷങ്ങളായി ഈ കലാപ്രവർത്തനം കെ.എസ്.ആർ.ടി.സിയിലെ ‘ബാലൻസ് കെ നായർ’മാരുടെ കുത്തക തന്നെയാണ്.

പുതിയൊരു സമ്പ്രദായവും കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർ വികസിപ്പിച്ചെടുത്തത് നാം കാണാതിരുന്നു കൂടാ. കെ.എസ്.ആർ.ടി.സിയ്ക്ക് ഒരു പുരോഗതിയുമില്ല, പുരോഗതിയുമില്ല എന്ന്​ മനഃപൂർവ്വം പറഞ്ഞാക്ഷേപിക്കുന്നവർക്ക് ഒരു മറുപടി പുതുതായി രൂപം കൊണ്ടിരിക്കുന്നു. ഇന്നലെ വരെ യാത്രക്കാരോട് തട്ടിക്കയറുന്ന ‘ഉപഭോക്തൃതാഡന പദ്ധതി' ഒരു ശുഷ്‌ക കലാശാഖയായിരുന്നു. ഇതാ, അതിൽ നിന്ന് എത്രയോ കാതം ‘ഒറ്റയടി'ക്ക് മുന്നോട്ട് പോയി യാത്രക്കാരുടെ തന്തയെ തല്ലുന്ന പുതിയൊരു ശാസ്ത്രശാഖക്കുതന്നെ കെ.എസ്.ആർ.ടി.സി തുടക്കമിട്ടിരിക്കുന്നു, ഇത് പുരോഗതിയല്ലെന്ന് പറയുന്നവർ കെ.എസ്.ആർ.ടി.സി നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർ മാത്രമാണ്. ‘ഉപഭോക്താവാണ് രാജാവ്’ എന്ന തത്വത്തെ ഇത്രയും ഗംഭീരമായി ആരെങ്കിലും ആവിഷ്‌ക്കരിച്ചിട്ടുണ്ടോ? ഇവരെ സസ്‌പെൻഷനല്ല, പത്മശ്രീ കൊടുത്താണ് ആദരിക്കേണ്ടത്. ഈ വിവാദവും ബഹളവുമൊക്കെ ഒന്ന് ശമിച്ചാൽ യൂണിയൻ നേതാക്കൾ മുൻകൈ എടുത്ത് ചുരുങ്ങിയത് ഒരു പത്മശ്രീയെങ്കിലും സംഘടിപ്പിച്ചുകൊടുക്കാൻ വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം .അതാവുമ്പോൾ തല്ലിയത് ഒരു മുഴുത്ത പത്മശ്രീയാണെന്ന് മർദ്ദനമേറ്റവരുടെ പിൻതലമുറയ്ക്ക് അഭിമാനപൂർവ്വം പറഞ്ഞു നടക്കുകയും ചെയ്യാമല്ലോ!

കെ.എസ്.ആർ.ടി.സിയിൽ കാലാനുസൃതമായി പരിഷ്‌ക്കരണം വേണം എന്ന ക്ലീഷേമുറവിളി കൂട്ടുന്നവരേ, അവർ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങൾ നമ്മൾ കാണാൻ കൂട്ടാക്കുന്നില്ല എന്നതല്ലേ സത്യം?.നമ്മുടെ കോർപറേഷൻ തലവന്മാരുടെയും രാഷ്ട്രീയ കൊമ്പൻമീശക്കാരുടെയും സേവനങ്ങൾ ആരും വില കുറച്ച് കാണേണ്ടതില്ല. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന തന്തമർദ്ദനം. കെ.എസ്.ആർ.ടി.സി സെറ്റപ്പ് അടിമുടി മാറ്റണം എന്ന് കോർപറേഷനകത്തുള്ള ആരെങ്കിലും മോഹിക്കുന്നെങ്കിൽ അതിനുള്ള വെള്ളം അങ്ങ് ഇറക്കി വെച്ചേക്ക്. നിങ്ങൾ ഞങ്ങളെ നന്നാക്കാൻ വെച്ച വെള്ളം ഇറക്കി വെച്ചേക്ക്. നന്നാക്കാൻ മോഹിക്കുന്ന സമയം കൊണ്ട്, എല്ലാ സംസ്ഥാന ബജറ്റിലും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം പരിഹരിക്കാൻ ഇന്നുള്ളതിന്റെ മൂന്നിരട്ടി തുകയെങ്കിലും വർഷാവർഷം മാറ്റിവെക്കൂ .പിന്നെ, അവരുടെ ഉള്ളിൽ നിരവധി ബുദ്ധിജീവികളും കലാകാരന്മാരുമുണ്ട്. ഈ സാധ്യത കൂടി ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയിലെ ചിഹ്നത്തിലെ ആ രണ്ട് ആനകളെ മാറ്റി പകരം രണ്ട് തൊരപ്പൻ എലികൾ വെക്കുകയാണ് വേണ്ടത്. അതാവുമ്പോൾ അവരിലെ ചില യൂണിയൻ നേതാക്കൾ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിഞ്ഞുപോയാലും ഏത് തൊരപ്പൻ എലികളെ കണ്ടാലും അതൊരു സ്മരണയായിത്തീരുമല്ലോ.

ഇനിയും നിങ്ങളെ ബോറടിപ്പിച്ച് കൊല്ലുന്നില്ല. ഈ ക്ലീഷേലേഖനത്താൽ വല്ലാതെ ബോറടി വന്നുപോയെങ്കിൽ കെ.എസ്.ആർ.ടി.സി വിക്കിപീഡിയയിലെ കുറച്ചുഭാഗങ്ങൾ താഴെ കൊടുക്കാം, അതൊന്നുവായിച്ച് നോക്കണം. വലിയൊരളവോളം ബോറടി മാറ്റാൻ അത് വായനക്കാരെ തീർച്ചയായും സഹായിക്കും.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വിക്കിപീഡിയയിൽ ഇങ്ങനെ പറയുന്നു:

സാംസ്‌കാരിക സ്വാധീനവും മാധ്യമങ്ങളും: ‘‘കേരള സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി ബസുകൾക്ക് വലിയ ആരാധകരുണ്ട്. ആനവണ്ടി എന്ന് വിളിക്കപ്പെടുന്ന ഇതിന് ഇൻസ്റ്റാഗ്രാമിൽ 100 ഓളം ആരാധക പേജുകളുണ്ട് . പലരും കെ.എസ്.ആർ.ടി.സി ബസുകളെ അവരുടെ ബാല്യകാല ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുവരവായി കാണുന്നു, മറ്റു ചിലർ ഈ ബസുകളിൽ പതിവായി യാത്ര ചെയ്യുന്നത് ആസ്വദിക്കുന്നു. നിലവിലുള്ള ഡിപ്പോകളിൽ നിന്ന് മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട ബസുകൾ കൊണ്ടുവരാൻ യാത്രക്കാർ അധികാരിയോട് അഭ്യർത്ഥിക്കുന്ന ചില സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പല മലയാള സിനിമകളിലും കെ.എസ്.ആർ.ടി.സി ബസുകൾ ഇടം പിടിച്ചിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറിയുടെ പ്രധാന ഇതിവൃത്തം ഒരു കെ.എസ്.ആർ.ടി.സി ബസിൽ നടക്കുന്ന ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ്. അന്നുമുതലാണ് കെ.എസ്.ആർ.ടി.സി ബസുകളെ കേരളീയരുടെ സംസ്‌കാരവുമായി സിനിമാലോകം ബന്ധപ്പെടുത്താൻ തുടങ്ങിയത്. കെ.എസ്.ആർ.ടി.സി ബസുകളെ കുറിച്ച് ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിലെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, അതിൽ നായകൻ പറയുന്നത് ‘ഒരു മലയാളി (കേരളീയൻ) ഒരു മലയാളിയായി യോഗ്യത നേടുന്നതിന് ഒരു കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യണം' എന്നാണ്. 2021-ൽ പുറത്തിറങ്ങിയ ചിത്രം യുവം പൂർണമായും കെ.എസ്.ആർ.ടി.സിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില രാഷ്ട്രീയക്കാരുടെ നിയമവിരുദ്ധമായ നടപടികൾ മൂലം കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്ന് സ്വകാര്യവത്കരിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന മൂന്ന് യുവ അഭിഭാഷകരുടെ യാത്രയാണ് ഇത് കാണിക്കുന്നത്.

‘കേരളത്തിലെ കെ.എസ്.ആർ.ടി.സി.യുടെ ചരിത്രം ജനങ്ങളുടെ ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഇത് വെറുമൊരു വാഹന സർവീസ് അല്ല. ഈ പൊതുഗതാഗത സംവിധാനം സിനിമയിലും സാഹിത്യത്തിലുമടക്കം നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ മുദ്ര പതിപ്പിച്ചിരിക്കുന്നു, അത് അത്ര പെട്ടെന്ന് മായ്ക്കാൻ കഴിയില്ല'; കർണാടകക്കെതിരെ കേരളം നേടിയ നിയമപോരാട്ടത്തിനൊടുവിൽ കെ.എസ്.ആർ.ടി.സി എന്ന ബ്രാൻഡ് ഉപയോഗിക്കാൻ ആന്റണി രാജു പറഞ്ഞു.'

ഇത്രയുമാണ് കെ.എസ്.ആർ.ടി.സിയെപ്പറ്റിയുള്ള വിക്കിപീഡിയയിലെ ചെറിയൊരു ഭാഗം. ബാക്കി സൗകര്യം പോലെ നിങ്ങൾ വായിച്ച് പഠിക്കൂ.
ഇനിയും സംസാരിച്ചിരിക്കാൻ സമയമില്ല. ഒരു കെ.എസ്.ആർ.ടി.സി യാത്രക്കാരന്റെയോ യാത്രക്കാരിയുടെയോ അച്ഛനാണ് ആ വരുന്നതെന്ന് തോന്നുന്നു. അയാളെ തല്ലുന്ന കണ്ടക്ടർ വരാൻ സമയമായി.

Comments