യുക്തി, വിശ്വാസം, സന്ദേഹം...

ഒരു സെക്യുലർ സമൂഹത്തിൽ യുക്തിവാദത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേഹത്തിന്റെയും ഇടപെടലുകളെക്കുറിച്ച് പലതരം മനുഷ്യാനുഭവങ്ങൾ സംസാരിക്കുന്നു, ട്രൂ കോപ്പി വെബ്‌സീനിന്റെ 98ാം പാക്കറ്റിൽ.

Truecopy Webzine

യുക്തിവാദവും വിശ്വാസവും നാസ്തികതയും സ്വതന്ത്രചിന്തയും തീവ്രമായ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയാണ്. വിശ്വാസി- അവിശ്വാസി എന്നൊരു ബൈനറി സൃഷ്ടിച്ച് താർക്കികയുക്തിയിലൂടെ പലതരം ബോധ്യങ്ങളെ ഒരൊറ്റ ഏകകത്തിലേക്ക് ചുരുക്കുന്ന വാദപ്രതിവാദമാണ്, സ്വതന്ത്രചിന്തയുടെ പേരിൽ അരങ്ങേറുന്നത്. യുക്തിവാദത്തിന്റെ ഒരു സമ്പന്ന ഭൂതകാലത്തെ റദ്ദാക്കി, ഒരു വലതുപക്ഷ അജണ്ടയുടെ നിർമിതി കൂടി ഇതിലൂടെ നിർമിക്കപ്പെടുന്നു. ഒരു സെക്യുലർ സമൂഹത്തിൽ യുക്തിവാദത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേഹത്തിന്റെയും ഇടപെടലുകളെക്കുറിച്ച് പലതരം മനുഷ്യാനുഭവങ്ങൾ സംസാരിക്കുന്നു, ട്രൂ കോപ്പി വെബ്‌സീനിന്റെ 98ാം പാക്കറ്റിൽ.

പ്രശാന്ത് ഗീത അപുൽ
എസ്സൻസ് ഓഫ് ഹിന്ദുത്വ
‘‘സെമറ്റിക് മതങ്ങളിലേതുപോലെ എല്ലാവർക്കും കൂടിയുള്ള ദൈവ സങ്കല്പം മുന്നോട്ടുവെക്കാത്തതിനാൽ എതെങ്കിലും ദൈവത്തെ വിമർശിക്കുമ്പോൾ പ്രതിരോധിക്കാൻ ഒരു ഹിന്ദു ബാദ്ധ്യസ്ഥനല്ല. അവരവുടെ വ്യക്തിഗതദൈവങ്ങളെ അവരവർ പ്രതിരോധിച്ച് കൊള്ളുക എന്നതാണ് ഹിന്ദുമതം പൊതുവിൽ സ്വീകരിക്കുന്ന രീതി. അതുകൊണ്ട്, സെമിറ്റിക് മതങ്ങളിലേതു പോലെ വിമർശനങ്ങളോടുള്ള കൂട്ടായ പ്രതിരോധമോ പ്രത്യാക്രമണമോ ഹിന്ദു മതത്തിൽ നിന്നുണ്ടാകുകയില്ല. ഹിന്ദുക്കൾ സഹിഷ്ണുതയുള്ളവരാണ് എന്ന ധാരണയാണ് ഇത് സൃഷ്ടിക്കുന്നത്. മതവിമർശനത്തിന്റെ കുന്തമുനകളായ ഇതര മതങ്ങളോടുള്ള അസഹിഷ്ണുത, അശാസ്ത്രീയത, സമത്വ, വ്യക്തി സ്വാതന്ത്ര്യ വിമർശനങ്ങളെല്ലാം ഹിന്ദുമതത്തിന്റെ ഈ ഘടനയും ദൈവ- മത സങ്കൽപങ്ങളും കാരണം ഫലപ്രദമായി പ്രതിരോധിക്കാനോ അതിജീവിക്കാനോ സാധിക്കും. എന്നാൽ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും കേന്ദ്രപ്രമേയം എന്നുപറയുന്നത്, ചാതുർവർണ സിദ്ധാന്തവും വർണാശ്രമ ധർമങ്ങളുമാണ് എന്നത് പലപ്പോഴും അവഗണിക്കപ്പെടുകയോ, മറച്ചുവെക്കപ്പെടുകയോ ചെയ്യുന്നു.’’

ഷൗക്കത്ത്
യുക്തികൊണ്ട് എല്ലാറ്റിനെയും നിരസിച്ചാൽ
കവിത നഷ്ടപ്പെട്ട് നാം നിർജീവമായിപ്പോകും
‘‘ഇസ്​ലാംമത പശ്ചാത്തലത്തിൽ ജനിച്ചു എന്ന ഒരൊറ്റ കാരണത്താലാണ് ഞാൻ ഇസ്​ലാമായത്. അല്ലാതെ ആ ദർശനം മനസ്സിലാക്കിയിട്ടല്ല. എല്ലാവരും ആദ്യം ഒരു മതക്കാരാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് അത് ഇത്രമാത്രം വികാരപരമായിപ്പോയത്. അറിവോ ചിന്തയോ അല്ല മറിച്ച് സംഘബോധമാണ് അവിടെ ആദ്യം പ്രവർത്തിക്കുന്നത്. ന്യായീകരണമാണ് പലപ്പോഴും അവിടെ വേണ്ടത്. ചോദ്യങ്ങളേക്കാൾ അനുസരണയാണ് പഥ്യം. ഇന്ന് ഞാൻ ഇസ്ലാം മതവും പിന്നീട് കയറിപ്പറ്റിയ ആശയമതങ്ങളും വിട്ടെങ്കിലും- ഞാൻ, എന്റെ എന്ന മതം പേറുന്നവനാണ് എന്നതിനെ കുറിച്ച് നല്ല ബോധമുള്ളവനാണ്. നന്നായി പണിപ്പെട്ടാലേ ആ വ്യക്തിമതത്തെ അനുനയിപ്പിച്ച് സൗമ്യമാക്കിയെടുക്കാൻ കഴിയുന്നുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളെയും ഇന്നു ഞാൻ കാണുന്നത് അനുഭാവപൂർവ്വമാണ്. വൈരാഗ്യ ബുദ്ധിയോടെയല്ല.’’

പി.പി. ഷാനവാസ്
‘വിശ്വസിച്ചവർ
എത്ര ഭാഗ്യവാന്മാർ'
‘‘യുക്തി എത്തിച്ചേരുന്ന പരകോടിയെയാണ് സാർത്രേ ഫാഷിസം എന്നു വിളിച്ചത്. ജ്ഞാനോദയത്തിലെ വൈരുദ്ധ്യങ്ങളാണ് അഡോർണയും ഹോക്കിമറും ഫാഷിസമായി വളരുന്നത് ദർശിച്ചത്. ഹിന്ദുത്വം തേടുന്ന ഏകതയും ഇസ്​ലാം തറഞ്ഞുപോയ ഏകത്വവും ഒരേ നാണയക്കിലുക്കമായിത്തീരുന്നതും അങ്ങനെത്തന്നെ. ഏകത്വങ്ങൾക്ക് പിളർപ്പുകളുടെ ഭാവിയെ നേരിട്ടേ മതിയാവൂ. ഇസ്ലാം പിളർന്ന് 72 കഷ്ണങ്ങളായി യുഗപര്യവസാനം കണ്ടതുപോലെ, വൈവിധ്യങ്ങളുടെ ഇന്ത്യയിൽ നിന്ന് ഹിന്ദുത്വത്തെ കണ്ടെടുക്കുന്ന കോർപറേറ്റ് രാഷ്ട്രീയത്തിന്റെ ഭാവിയും മറ്റൊന്നല്ല.’’

ലാസർ ഷൈൻ
അഥവാ, ദൈവം
ഉണ്ടെങ്കിലോ?

‘‘ബൈബിൾ വായിച്ചു തുടങ്ങിയത് വിമർശിക്കാനാണ്. ദൈവത്തിന് രൂപമില്ല എന്നു പറയുന്ന അതേ ബൈബിളിൽ തന്നെ, ഉൽപ്പത്തിയുടെ പുസ്തകത്തിൽ ദൈവം സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്നു എന്നതു പോലുള്ള വിമർശനങ്ങൾ ചാച്ചൻ ഉയർത്തുമായിരുന്നു. ചാച്ചന്റെ മോചനം, മനുഷ്യപുത്രൻ പോലുള്ള നാടകങ്ങളിലും പള്ളിയെ നിശിതമായി വിമർശിക്കുന്നുണ്ട്. വിമർശിക്കാനാണ് ഞാനും ബൈബിൾ വായിച്ചു തുടങ്ങിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു, എനിക്ക് പച്ചമലയാളം ഭാഷ കിട്ടിയത് ബൈബിളിൽ നിന്നാണ്.’’

എ. ഹരിശങ്കർ കർത്ത
യുക്തിയോടുള്ള വിലപേശലുകൾ,
ഭക്തിയുടെയും ആലസ്യത്തിന്റെയും

‘‘മോഹൻ ഭാഗവത്ത് ജാതിയെ കുറിച്ചൊരു സംവാദം തുടങ്ങി വെക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അവരുടെ പാർട്ടി കോൺഗ്രസ് കൂടി കമ്യൂണിസത്തെ നിർവചിക്കുന്നു. അമേരിക്കൻ പ്രസിഡൻറ്​ മദ്ധ്യവർഗത്തോട് ട്രേഡ് യൂണിയനിസത്തെ കുറിച്ച് സംസാരിക്കുന്നു. എല്ലാവരും യുക്തിസഹമായി ഓരോന്ന് കണ്ടെത്തി വളരാനും പിടിച്ചുനിൽക്കാനും ശ്രമിക്കുന്നു. അധികാരം നിർമിച്ചെടുക്കാൻ അഗാധമായ യുക്തി വേണം.’’

വി. അബ്ദുൽ ലത്തീഫ്
ഈശ്വരൻ ഉണ്ട് എന്നു പറയുന്നതും
ഇല്ല എന്നു പറയുന്നതും
ഒരേസമയം നുണയാകുന്നത്...

‘‘മാർക്സിസ്റ്റ് ചിന്തകൾ അതിന്റെ ആദ്യകാലത്ത് മതങ്ങളെയും വിശ്വാസങ്ങളെയും വിശദീകരിക്കുന്നതിൽ വരുത്തിയ തെറ്റ് മതങ്ങളുടെ തന്നെ ഈ തിരുത്തൽ ശേഷി മനസ്സിലാക്കാൻ സാധിക്കാതെ പോയതുകൊണ്ടുകൂടിയാണ്. മനുഷ്യന്റെ സാമൂഹികസ്വരൂപത്തിൽ വിശ്വാസവും മതവുമൊക്കെ സ്വാഭാവികമായ ഒന്നാണ്. അതിനെ പൂർണമായി തള്ളിക്കളയാൻ ശ്രമിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് സോവിയറ്റ് യൂണിയനിൽനിന്നുള്ള ഉഹാരണങ്ങൾ കാണിച്ചു തരും. മോസ്‌കോയിലും സെൻറ്​ പീറ്റേഴ്സ് ബർഗിലുമൊക്കെ സോവിയറ്റ് കാലത്ത് മ്യൂസിയങ്ങളോ ചരിത്രസ്മാരകങ്ങളോ ഒക്കെയായി മാറിയിരുന്ന ചർച്ചുകൾ സോവിയറ്റാനന്തരകാലത്ത് തിരിച്ച് വിശ്വാസികൾ നിറഞ്ഞ ചർച്ചുകളായി മാറി. സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട റിപ്പബ്ലിക്കുകളിൽ പലതും മുസ്​ലിം ഭൂരിപക്ഷപ്രദേശങ്ങളായിരുന്നു. സോവിയറ്റ് കാലത്തും അതിനുശേഷവും ഇവരുടെ വിശ്വാസവും ആചരാനുഷ്ഠാനങ്ങളും എങ്ങനെയാണ് മാറിമറിഞ്ഞത് എന്നതും കൗതുകകരമായ അന്വേഷണവിഷയമാണ്.’’

വിശാഖ് ശങ്കർ
വിശ്വാസം അതിന്റെ ദൃഷ്ടാന്തങ്ങളെ
തിരഞ്ഞുകൊണ്ടേയിരിക്കും
‘‘ദൈവത്തിൽ വിശ്വസിക്കുക എന്നുവച്ചാൽ വ്യവസ്ഥകൾ വച്ച് സംശയത്തോടെ ചോദ്യങ്ങളുന്നയിച്ച് വിശ്വസിക്കുക എന്നതല്ല, അചഞ്ചലമായി സംശയഭേദമെന്യേ വിശ്വസിക്കുക എന്നതാണ് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. അപ്പോൾ അങ്ങനെ വിശ്വസിക്കുന്നവരിൽ ഒരാളെ ശരിയായ വിശ്വാസിയും മറ്റുള്ളവരെ അന്ധവിശ്വാസികളും എന്ന് എങ്ങനെ വർഗീകരിക്കും? ഇവിടെയാണ് മതങ്ങൾ എന്ന വിശ്വാസത്തിന്റെ സംഘടിത രൂപം മുമ്പോട്ടുവരുന്നത്. രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ മേൽക്കെനേടിയ മതങ്ങൾ തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ദൈവങ്ങളിൽ അന്ധമായി വിശ്വസിക്കുന്നത് ശരിയായ വിശ്വാസവും അല്ലാത്തവയിൽ വ്യവസ്ഥകളോടെ (അതായത് ഉദ്ദേശിച്ച കാര്യം നടന്നാൽ വിശ്വസിക്കാം എന്ന നിലയിൽ) സമീപിക്കുന്നതുപോലും അന്ധവിശ്വസാവുമായി പ്രഖ്യാപിക്കുകയാണ്. ഇവിടെ ഒരു സാധാരണവിശ്വാസിക്ക് വിശ്വാസത്തിൽ എന്ത് അധികാരം, എന്ത് നിർണയാവകാശം?’’

ഷംഷാദ് ഹുസൈൻ കെ.ടി.
നാം അറിഞ്ഞിട്ടില്ലാത്ത ദൈവം,
നാം അറിയുന്ന വ്യക്തികൾ;
ആരാണ്? ആരാധ്യർ
‘‘കേരളത്തിന്റെ വിശ്വാസ- ആചാരങ്ങളിൽനിന്നുതന്നെയാണ് പൂർവപിതാക്കളെ ആരാധിക്കുന്ന രീതി ഇസ്​ലാം മതത്തിലും ഇവിടെ വന്നുചേർന്നത്. ഇസ്ലാമികനത്തെ ചില വിഭാഗങ്ങൾ, പുരോഗമന വിഭാഗങ്ങൾ എന്ന് ചിലർ അവരെ വിശേഷിപ്പിക്കാറുണ്ട്, ഈ ആരാധനാരീതിക്കെതിരാണ്. പടച്ചവനല്ലാതെ മറ്റാരും ആരാധ്യരല്ലെന്ന് അവർ വിശ്വസിക്കുന്നു. പക്ഷെ, നമുക്കുചുറ്റുമുള്ള, നമുക്കറിയാവുന്ന വ്യക്തികളെ ആരാധിക്കുന്നതാണോ അന്ധവിശ്വാസം, അതോ, ഒരിക്കലും നാം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ദൈവത്തിൽ വിശ്വസിക്കുന്നതാണോ അന്ധവിശ്വാസം എന്നെനിക്ക് മനസ്സിലായിട്ടില്ല.’’

സി.എസ്. രാജേഷ്
മതത്തിൽ ജനാധിപത്യമില്ലായിരിക്കാം,
പക്ഷെ ജനാധിപത്യത്തിൽ മതമുണ്ട്
‘‘പിൽക്കാലത്താണ് മതവിശ്വാസം, ദൈവവിശ്വാസം എന്നതൊക്കെ മനുഷ്യാവകാശം തന്നെ എന്ന ബോധ്യത്തിലേക്ക് വികസിക്കുന്നത്. ദൈവമില്ലെങ്കിലും മതങ്ങളുണ്ട് എന്ന യാഥാർത്ഥ്യബോധത്തോടെ മത വിശ്വാസികൾക്കുവേണ്ടിയും നിലപാടെടുക്കാൻ തുടങ്ങി. മതത്തിൽ ജനാധിപത്യമില്ലായിരിക്കാം, പക്ഷെ ജനാധിപത്യത്തിൽ മതമുണ്ട് എന്നതായി പ്രധാന തിരിച്ചറിവ്.’’

ലീന തോമസ് കാപ്പൻ
അപ്ഡേറ്റു ചെയ്തുകൊണ്ടിരിക്കുന്നു,
വിശ്വാസം എന്ന സോഫ്​റ്റ്​വെയർ
‘‘ചെറുപ്പത്തിൽ ആരാധനാലയങ്ങളിൽ ക്രമമായി പോയി, മതപാഠങ്ങൾ പഠിച്ച് വളരെ എളുപ്പമായ ജീവിതമുണ്ടായിട്ടുണ്ട്. മുതിർന്നപ്പോൾ ജീവിതം കൈവിട്ടുപോയി എന്ന അവസ്ഥ വന്ന കാലത്ത്, കാര്യങ്ങളെ ബുദ്ധിയുപയോഗിച്ച് വിശകലനം ചെയ്ത്, മറ്റുള്ളവരുടെ ഇടപെടലുകൾ നടത്താൻ സാഹചര്യം കിട്ടിയതുകൊണ്ട്, ആ വഴിക്കുള്ള സോഫ്റ്റ് വെയർ അപ്‌ഡേറ്റും ഉണ്ടായിട്ടുണ്ട്. ഇതിനിടയിലായിപ്പോയ ചില സാഹചര്യങ്ങളിൽ അവിശ്വാസിയായും ജീവിച്ചിട്ടുണ്ട്.’’

ബിജു ഇബ്രാഹിം
കുത്ത് റാതീബിൽ മുറിവുണ്ടാക്കി, അവറാൻ മൊല്ലാക്ക
ഊതിക്കൊടുത്ത്, അത് സുഖപ്പെട്ടാൽ,
ഞാൻ അവർക്കൊപ്പമാണ്
‘‘ഒരു നാട്ടിൽ എത്ര ബോധ്യത്തിലും, അല്ലെങ്കിൽ പൊട്ടത്തരത്തിലും യുക്തി പറഞ്ഞാലും ആ നാട്ടിലെ മനുഷ്യർ കളക്റ്റീവ് ആയി ഒരു അവബോധത്തിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ഞാൻ അവർക്കൊപ്പമാണ്?. കുത്ത്? റാതീബിൽ കത്തിയാൽ മുറിവുണ്ടാക്കി, അവറാൻ മൊല്ലാക്ക ഊതിക്കൊടുത്ത്?, അത് സുഖപ്പെട്ടാൽ, ഞാൻ അവർക്കൊപ്പമാണ്. ചോറ്റാനിക്കര ഭഗവതിയുടെ അടുത്ത് സ്ത്രീകൾ തുള്ളി തുള്ളി തുള്ളി സുഖപ്പെടുന്നുണ്ടെങ്കിൽ ഞാൻ അവർക്കൊപ്പമാണ്.’’

പുരുഷൻ ഏലൂർ
നവനാസ്തികർ
നവനാസി സ്ലീപ്പർ സെല്ലുകൾ
‘‘ഞാൻ യുക്തിവാദിയല്ല, നാസ്തികനാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ ഒരു യുക്തിവാദിയുടെ സാമൂഹ്യ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറി ‘ദൈവമില്ല' എന്നുപറയുന്ന സിംഗിൾ ഗിയർ ഓപ്പറേഷനാണ് ഇവർ നടത്തുന്നത്. അത് ഒരു എളുപ്പക്രിയ കൂടിയാണ്. യുക്തിവാദി പ്രവർത്തകരുടെ സാമൂഹ്യ- രാഷ്ടീയ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യാം, പുരോഗമനവാദി എന്ന കിരീടം കിട്ടുകയും ചെയ്യും. അതുകൊണ്ടാണ് നവനാസ്തികർ യുക്തിവാദി സംഘം പ്രവർത്തനത്തെ തള്ളിപ്പറയുന്നത്. യുക്തിവാദി സംഘത്തിന്റെ മീറ്റിംഗുകളിൽ ‘മൂന്നും നാലും ഏഴു പേരിൽ നിന്ന് ആയിരങ്ങളിലേക്ക് ഞാൻ മാറ്റി' എന്ന് നവ നാസ്തികൻ പറയുമ്പോൾ, അത് കഴിഞ്ഞകാല യുക്തിവാദിസംഘം പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയോ തമസ്‌കരണമോ ആണ് ഇയാൾ ലക്ഷ്യം വക്കുന്നതെന്ന് തീർച്ച.’’

കെ. രാമചന്ദ്രൻ
ആചാര സംരക്ഷകരായ ആൺകോയ്മ:
കേരളത്തെ ഓർമിപ്പിക്കുന്ന മാസിഡോണിയൻ സിനിമാനുഭവം
‘‘ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ നിയമപരമായി അനുമതിയുണ്ടായിട്ടും ആചാരലംഘനത്തിന്റെ പേരിൽ അവർക്കെതിരെയുള്ള വിലക്ക് തുടരുകയും അങ്ങോട്ട് പോകാൻ ശ്രമിച്ചവരെ ശാരീരികവും സംസ്‌കാരികവും രാഷ്ട്രീയവുമായ അക്രമത്തിലൂടെ നേരിടുകയും ചെയ്തത് നമ്മുടെ കേരളത്തിലാണ്. കേരളത്തിലെ അനുഭവം മുമ്പിലുള്ള നമുക്ക് മാസിഡോണിയയിൽ നടക്കുന്നതായി ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യഎന്ന സിനിമയിൽ ചിത്രീകരിച്ച സംഭവവുമായി അദ്ഭുതപ്പെടുത്തുന്ന സമാനത കാണാൻ കഴിയും. രണ്ടിലും ആചാരം ലംഘിച്ചത് സ്ത്രീകളാണ്. ശബരിമലയുടെ പേരിൽ കേരളത്തിൽ നടന്ന സ്ത്രീവിരുദ്ധ കോലാഹലം കണ്ടവർക്ക് മാസിഡോണിയയിൽ നടന്നതെന്തെന്നും അതിനോടുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പൊതുമനോഭാവം എന്തായിരുന്നെന്നും നേരിട്ടുകണ്ട് അനുഭവിക്കുന്ന ഫീൽ തന്നെ ഈ ചിത്രത്തിൽനിന്ന് കിട്ടും.’’

മുഹമ്മദ് അബ്ബാസ്
അവിശ്വാസികൾ എന്നോട് പക സൂക്ഷിച്ചില്ല,
വിശ്വാസികൾ ഉള്ളിൽ അതുമാത്രം സൂക്ഷിച്ചു
‘ഇസ്​ലാമിനെ വിമർശിക്കുന്ന ഞാൻ നിരീശ്വരവാദിയാണെന്നുപറഞ്ഞ് എന്റെ കല്യാണം മുടക്കുന്നതിൽ വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു. അതിന്റെ പേരിൽ ഒരു വെള്ളിയാഴ്ച പള്ളി മുറ്റത്ത് കൂട്ടത്തല്ലുമുണ്ടായി. കല്യാണം മുടക്കാൻ നോക്കിയ ആൾ പുറമേക്ക് മുസ്ലിംലീഗുകാരനും, അകമേ എൻ.ഡി.എഫുകാരനും ആയിരുന്നു. അന്ന് എന്റെ പക്ഷത്തുനിന്നത് അവിശ്വാസികളല്ല, എന്റെ രക്തബന്ധങ്ങളാണ്. പിറ്റേന്നത്തെ വെള്ളിയാഴ്ച മറ്റ് മഹല്ലുകളിൽ നിന്നുള്ള എൻ.ഡി.എഫുകാർ വന്ന് ഏട്ടന്മാരുടെയെല്ലാം വീടുകളിൽ കയറി ഭീഷണിപ്പെടുത്തി. എന്നെ കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ച് മർദ്ദിക്കാൻ നോക്കി. ഞാൻ ഖുർ ആനിനെ വിമർശിക്കുന്നു എന്നായിരുന്നു അവരുടെ മുഖ്യ പരാതി. ഖുർആൻ വിമർശനം ഇങ്ങനെ നടുറോഡിൽ വെച്ച് തല്ലിത്തീർക്കേണ്ട വിഷയമായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അങ്ങനെ ആവാം എന്ന് ഞാനുറപ്പിച്ചു പറഞ്ഞപ്പോൾ അവർ ചെറിയ ഉന്തും തള്ളും കൊണ്ട് തൃപ്തരായി മടങ്ങിപ്പോയി.’’

റിഹാൻ റാഷിദ്
അവിശ്വാസിയാവുക
എളുപ്പമല്ല
‘‘ഇസ്​ലാലാമോഫോബിയയുടെ കാലത്ത് വിശ്വാസത്തിന് വളരെ പ്രസക്തമായ ചില കാര്യങ്ങൾ ചെയ്യാനാവും പക്ഷേ, മതം മുന്നോട്ടു വെക്കുന്ന സമാധാനത്തെ പൂർണമായും നിരാകരിച്ച്, തീവ്രനിലപാടുകൾ എടുക്കാനാണ് തുനിയുന്നത്. ഈ തീവ്രനിലപാടുകൾ മേൽപ്പറഞ്ഞ ഫോബിയയെ അധികരിപ്പിക്കാൻ മാത്രമാണ് ഉപകാരപ്പെടുന്നത്. എതിർച്ചേരിയിലുള്ളവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്താനും, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് സംശയിച്ചു നിൽക്കുന്നവരെക്കൂടി തങ്ങളിലേക്ക് ആകർഷിക്കാനും അതുപയോഗപ്പെടുത്തുന്നു. മറിച്ചും അത് ചെയ്യുന്നുണ്ട്. തങ്ങളുടെ പ്രവർത്തകരും വിശ്വാസികളും അനുകൂലികളും ഉൾപ്പടുന്ന സോഷ്യൽ മീഡിയാ കമ്യൂണിറ്റികളിൽക്കൂടിയാണ് ഇത്തരം വെറുപ്പുകൾ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും.’’

സന്ധ്യ എൻ.പി.
ഞാൻ യുക്തിവാദിയാണോ
വിശ്വാസിയാണോ?
‘‘എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതൊന്നും പക്ഷേ, എന്നെ വിശ്വാസിയാക്കിയിട്ടില്ല. യുക്തിവാദിയും ആക്കിയിട്ടില്ല. ഇതിനു രണ്ടിനുമിടയിലാണതിന്റെ സ്ഥാനം. ചെറുതായിരിക്കുമ്പോൾ വീട്ടിൽ മുറ്റത്ത് തുളസി നട്ട് വെള്ളമൊഴിച്ച് കുറേനാൾ ഒരു തുളസിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് ഞാൻ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് ഉണങ്ങിക്കരിഞ്ഞുപോയി. ക്രമേണ, തുളസിത്തറ ഞാൻ മറന്നു. പിന്നെ ഉണ്ടായിരുന്നൊരു ശീലം നവരാത്രിക്കാലത്ത് രാവിലെ കുളിച്ച് സ്റ്റേഷനറിക്കടയിൽ നിന്ന് 50 പൈസ കൊടുത്തുവാങ്ങിയ വട്ടത്തിലുള്ള കളഭം ചാലിച്ച് ആ നവരാത്രിക്കാലം മുഴുവൻ കുറിയിട്ട് സ്‌കൂളിൽ പോവുക എന്നതായിരുന്നു. കളഭത്തിന്റെ മണം അക്കാലം മുഴുവൻ കൂടെയുണ്ടാവും. കളഭത്തിന്റെ മണവും നെറ്റിയിൽ കുറിയും കാത്ത് എത്രയോ കാലം നവരാത്രിക്കാലത്തിനുവേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്.’’

ഷഫീക്ക് മുസ്തഫ
എനിക്കിപ്പോൾ എന്റേതായ
ഒരു ഇസ്​ലാമുണ്ട്
‘‘എനിക്ക് എന്റേതായ ഒരു ഇസ്ലാമിൽ വിശ്വസിക്കാനും അത് അനുവർത്തിക്കാനും പറ്റും. അതുപ്രകാരം, എനിക്ക് ഇപ്പോൾ എന്റേതായ ഒരു ഇസ്ലാമുണ്ട്. അതിൽ മറ്റ് ഇസ്ലാമുകളിൽ നിന്ന് സ്വാംശീകരിച്ചതും സ്വയം ഇന്റർപ്രെട്ട് ചെയ്തതുമായ കാര്യങ്ങളുണ്ട്. വിശ്വാസം എന്നെ സംബന്ധിച്ച് വളരെ ലളിതമായ കാര്യമാണ്. പ്രവാചകന്റെ വ്യക്തിത്വത്തെയും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തേയും അന്നത്തെ സാമൂഹികാവസ്ഥകളെയും കുറച്ചെങ്കിലും മനസ്സിലാക്കാമെങ്കിൽ ഹദീസുകളിൽ തൂങ്ങിയുള്ള കടുംപിടുത്തങ്ങളെ ഭയക്കാതെ വിശ്വാസിയായിരിക്കാൻ പറ്റും. അൽപം കോമൺ സെൻസും കൂടിയുണ്ടെങ്കിൽ ഹദീസുകളെ ഒരു ശരാശരി വിശ്വാസിക്കുപോലും വിലയിരുത്താനും നിർദ്ധാരണം ചെയ്യാൻ പറ്റും. ‘ഖുർആൻ പാരായണം സംഗീതാത്മകമായിരിക്കെ പ്രവാചകൻ സംഗീതം വിലക്കുന്നതെങ്ങനെ?' എന്നൊരു ചോദ്യമുണ്ടാവാൻ കോമൺസെൻസ് മാത്രം മതിയല്ലോ.’’

സിദ്ദിഹ
പൂർണമായും തെരഞ്ഞെടുക്കാനായില്ല,
മതവും യുക്തിവാദവും
‘‘മതവിശ്വാസിയും മതരഹിതരും മതവിരുദ്ധരും യുക്തിവാദിയും നാലുവഴിയാണെങ്കിൽ അതിന്റെ ജംഗ്ഷനിൽ നിൽക്കലാണ് ഇക്കാലത്തെ രാഷ്ട്രീയശരി. സാമൂഹികപ്രത്യാഘാതങ്ങളില്ലാത്ത വ്യക്തിപരമായ ഏതുതരം വിശ്വാസം വെച്ചു പുലർത്തുന്നവർക്കും അവകാശങ്ങളുണ്ട്. മനുഷ്യരെ വിലകുറച്ചു കാണുന്ന, ലിംഗനീതി പുലർത്താത്ത എല്ലാ സിദ്ധാന്തങ്ങൾക്കും എതിര് നിൽക്കേണ്ടതുണ്ട്.’’

Comments