ഓർമകളിലെ
നോമ്പുരുചികൾ

‘‘നോമ്പുകാലത്ത് ദിവസവും അത്താഴത്തിന് എണീക്കും. വലിയുമ്മയുടെ ചെരങ്ങാ താളിച്ചത് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. പിന്നെ ഉണക്കമീനും ചമ്മന്തിയും പച്ചമുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക രുചിയുള്ള കറിയും. ഇപ്പഴും വല്ലപ്പോഴും ഉമ്മ എനിക്ക് ആ തൊട്ടുകൂട്ടുന്ന കറിയുണ്ടാക്കിത്തരാറുണ്ട്’’- ബിജു ഇബ്രാഹിം എഴുതുന്നു.

കുറെ കുട്ടികൾ ഒന്നിച്ചുള്ള കൂട്ടുകുടുംബത്തിലാണ് എന്റെ കുട്ടിക്കാലം. ഉമ്മയുടെ തറവാടാണത്. കമ്മ്യൂണിസ്റ്റുകാരാണേലും അതേപോലെ വിശ്വാസികളുമാണ് ഉമ്മയുടെ കുടുംബം. ചുറ്റിനും മറ്റ് മതവിശ്വാസികളും നിറയെയുണ്ട്. അവരോടൊക്കെ കുട്ടിക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ അടുപ്പവുമായിരുന്നു. മതനിരപേക്ഷമായ ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നുവന്നത്.

നോമ്പുകാലത്ത് ദിവസവും അത്താഴത്തിന് എണീക്കും. വലിയുമ്മയുടെ ചെരങ്ങാ താളിച്ചത് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. പിന്നെ ഉണക്കമീനും ചമ്മന്തിയും പച്ചമുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക രുചിയുള്ള കറിയും. ഇപ്പഴും വല്ലപ്പോഴും ഉമ്മ എനിക്ക് ആ തൊട്ടുകൂട്ടുന്ന കറിയുണ്ടാക്കിത്തരാറുണ്ട്. അത് നാവിൽ തൊടുമ്പോൾ Ratatouille ആനിമേഷൻ മൂവിയിലെ ഫുഡ് ക്യൂറേറ്റർ തന്റെ കുഞ്ഞുനാളിലേക്ക് പോയ ഒരു പോക്കുപോകും, എന്റെ ഉള്ളം.

Photos: Biju ibahim

നോമ്പ് തുടങ്ങുമ്പോ ആദ്യത്തെ കുറച്ച് ദിവസമൊക്കെ പൂർണമായി നോമ്പ് നോക്കുമായിരുന്നു. പിന്നെ പതുക്കെ നോമ്പ് കള്ളനായി മാറും. കൂട്ടുകാരൻ ഗിരീഷിന്റെ വീട്ടിലായിരുന്നു നോമ്പുകാലത്ത് പലപ്പോഴും എന്റെ ഉച്ചയൂണ്. ചാണകം തൂക്കിയ നിലവും അകവുമുള്ള കുഞ്ഞുവീടായിരുന്നു ഗിരീഷിന്റേത്. ഗിരീഷും അമ്മയും പെങ്ങന്മാരും ഒന്നിച്ചാണവിടെ. ഇന്നും നാവിൽ ഓർമ വരുന്ന രുചിയുള്ള ഭക്ഷണമാണ് ഗിരീഷിന്റെ അമ്മ ഉണ്ടാക്കിത്തരാറ്.

ഗിരീഷ് ഇന്ന് നാട്ടില്‍ അറിയപ്പെടുന്ന, വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപകനാണ്. സത്യത്തിൽ എന്റെ വലിയുമ്മക്ക് എന്റെ കള്ളത്തരം നന്നായി അറിയാമായിരുന്നു. അറിഞ്ഞിട്ടും വലിയുമ്മ അന്നത് കാര്യമാക്കി എടുത്തുരുന്നില്ല. കുട്ടികളെ കുട്ടികളായി കണ്ടിരുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു ആയിഷാ ബീവി എന്ന ഞങ്ങളുടെ ഇമ്മു.

ഹൈദരാബാദിൽ നോമ്പുകാലത്ത് രാവ് മുഴുവൻ ഉണർന്നിരിക്കും. പൊതുവെ ഹൈദരാബാദുകാർ കുറച്ച് മടിയുള്ളവരാണെന്ന് ഹസ്നൈന്‍ പറയും. ഹസ്നൈൻ ആണ് ഖുതുബ് ഷാഹി പ്രൊജക്റ്റിൽ എനിക്ക് വഴികാട്ടിയും ഗൈഡും. ഹൈദരാബാദുകാർ അത്ര മടിയുള്ളവരായി തോന്നിയിട്ടില്ല. ജീവിതത്തിൽ കുറച്ചുകൂടി സ്വസ്ഥതയുള്ളവരായി തോന്നിയിട്ടുണ്ട്. കൂടാതെ മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കാനും. എന്നാൽ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവരുമാണവർ.

2019-ലാണ് ആദ്യമായി ഒരു പ്രോജക്ടിന് വേണ്ടി ഹൈദരാബാദിൽ വരുന്നത്. ഖുതുബ് ഷാഹി മൊഹല്ലകളെ കുറിച്ചായിരുന്നു പ്രൊജക്റ്റ്. അന്നേയുള്ള സുഹൃത്താണ് ഹസ്നൈൻ. ആനന്ദ് രാജ് വർമ്മ എന്ന ഹിസ്റ്റോറിയൻ ഡെക്കാനി ഭാഷയിൽ എഴുതിയ ഖുതുബ് ഷാഹി മൊഹല്ല എന്ന പുസ്തകത്തെ പഠിച്ചാണ് പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്തത്.

ഷിയാ മുസ്ലീങ്ങളും സുന്നികളും മറ്റ് മതങ്ങളും രാജ്യങ്ങളും കച്ചവടക്കാരും ഇടകലർന്ന നാടാണ് ഹൈദരാബാദ്. അതിർത്തികളില്ലാത്ത നാടെന്ന് പറയാം. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും കുത്തബ് ഷാഹി രാജവംശത്തിൻ്റെ വരവ് ഹൈദരാബാദിൻ്റെ സമൃദ്ധിയുടെയും സാംസ്കാരിക സമ്പുഷ്ടീകരണത്തിൻ്റെയും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി. അഭിവൃദ്ധി പ്രാപിച്ച വജ്രവ്യാപാരത്തോടൊപ്പം, എലിസബത്ത് രാജ്ഞിയുടെ കിരീടത്തിൻ്റെ ഭാഗമായ ദാരിയ-ഇ-നൂർ, ഹോപ്പ് ഡയമണ്ട്, കോഹിനൂർ തുടങ്ങിയ പ്രശസ്ത വജ്രങ്ങൾ ഗോൽക്കൊണ്ടയുടെ വജ്ര ഖനികളിൽ നിന്നാണ് ലഭിച്ചത്. ഈ രാജവംശത്തിൻ്റെ രക്ഷാകർതൃത്വത്തിലൂടെ, ഹൈദരാബാദ് ഇന്തോ- പേർഷ്യൻ, ഇന്തോ-ഇസ്ലാമിക് സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും കേന്ദ്രമായി മാറി. ചില സുൽത്താന്മാർ പ്രാദേശിക തെലുങ്ക് സംസ്കാരത്തിൻ്റെ സംരക്ഷകരായി പ്രവർത്തിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഗോൽക്കൊണ്ടയുടെ വർദ്ധിച്ചു വന്ന അഭിവൃദ്ധി മൂലം പല മേഖലകളിലെ മനുഷ്യർ കുത്തൊഴുക്കോടെ ഹൈദരാബാദിലേക്ക് ചേക്കേറി.

2019-ലാണ് ആദ്യമായി ഒരു പ്രോജക്ടിന് വേണ്ടി ഹൈദരാബാദിൽ വരുന്നത്. ഖുതുബ് ഷാഹി മൊഹല്ലകളെ കുറിച്ചായിരുന്നു പ്രൊജക്റ്റ്.

ഖുതുബ് ഷാഹി ഭരണാധികാരികളുടെ നേതൃത്വത്തിൽ ഹൈദരാബാദ് പ്രശസ്തിയിലേക്കുയർന്നു. ഖുതുബ് ഷാഹി രാജാക്കന്മാർ കവിതകളിലും കലയിലും ആത്മീയകാര്യങ്ങളിലും ഒത്തിരി താല്‍പര്യമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ സൂഫികളും സന്യാസിമാരും കലാകാരന്മാരും കവികളും സ്ഥപതികളും സംഗീതജ്ഞരുമൊക്കെ ഹൈദരാബാദിലെ കച്ചവട സംസ്കാരത്തിനോളം പ്രാധാന്യത്തോടെ നിലനിന്നിരുന്നു. ദഖാനി ഭാഷയിലെ കവിതകൾ അതിമനോഹരവും ആത്മവിചാരം പകരുന്നതുമാണ്. ഹൈദരാബാദിലെ മൊഹല്ലകളും അഷുർഖാനകളും സന്യാസി മിത്തുകളും ദർഗകളും മറ്റും അതിന്റെ ആത്മീയസംസ്കാരിക പാരമ്പര്യം ഇപ്പോഴും നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

25-ാം രാവിലെ നോമ്പ് ദിവസം. ഹസ്രത്ത് പത്തർ വാലെ ദർഗയിലെ സാഹിബ് എന്നെ നോമ്പ് തുറക്കാൻ ക്ഷണിച്ചു.

റമ്ദാൻ മാസത്തിലെ അവസാന പത്തു ദിവസങ്ങൾ ഇസ്‌ലാം മത വിശ്വാസികൾക്ക് വളരെ പ്രധാന പെട്ടതാണ്.

റമ്ദാൻ മാസത്തിലെ അവസാന പത്തു ദിവസങ്ങൾ ഇസ്‌ലാം മത വിശ്വാസികൾക്ക് വളരെ പ്രധാന പെട്ടതാണ്. ഗബ്രിയേൽ (ജിബ്രീൽ) മാലാഖ മുഖേന മുഹമ്മദ് നബിക്ക് ദൈവം ആദ്യമായി ഖുർആൻ അവതരിപ്പിച്ച രാത്രിയെ അനുസ്മരിക്കുന്ന ലൈലത്തുൽ ഖദ്ർ. കൃത്യമായ രാത്രി വ്യക്തമല്ലെങ്കിലും, സി.ഇ. 610-ലെ റമദാനിലെ അവസാന 10 രാത്രികളിലൊന്നിലാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പത്തർ വാലെ ദർഗ ഹെദരാബാദിലെ പ്രധാന ഒരു ഇടമാണ്.

നോമ്പ് തുറ ഗംഭീരമായിരുന്നു. സാഹിബിന്റെ കൂടെ തന്നെ ഇരുന്നു ഭക്ഷണം കഴിച്ചു.

ഇസ്‌ലാമിക് മിസ്റ്റിക് വായനകൾക്ക് അന്വേഷികൾക്ക് വന്നെത്താനാവുന്ന നല്ലൊരിടം കൂടിയാണ് പത്തർ വാലെ ദർഗ. വിശാലമായ ലൈബ്രറിയാണ് ദർഗയിലെ പ്രധാന ആകർഷണം. അതും വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള കയ്യെഴുത്തുപ്രതികളും പേർഷ്യൻ ദാഖിനീ കവിതകളും ചരിത്രങ്ങളും കാലിഗ്രാഫി ഉപകാരങ്ങളും ഖുർആന്റെ വിവിധ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളുമൊക്കെ നിറഞ്ഞ ഒരു ലൈബ്രറിയാണ് അവിടെ.

നോമ്പുതുറ ഗംഭീരമായിരുന്നു. സാഹിബിന്റെ കൂടെ തന്നെയിരുന്ന് ഭക്ഷണം കഴിച്ചു. അദ്ദേഹം ഒരു ഹോമിയോ, യൂനാനി ചികിത്സകന്‍ കൂടെയാണ്. ആളെ കാണാൻ ഒരുപാട് മുരീദുകൾ അവിടെ കൂടിയിട്ടുണ്ടായിരുന്നു. പതുക്കെ നമസ്‌കാരത്തിന് ശേഷം അനുവാദം ചോദിച്ച് അവിടെ നിന്നിറങ്ങി.

രാത്രിയിലെ ഹൈദരാബാദിനെ, കൂടെയുള്ള കൂട്ടുകാരൻ ഫോട്ടോഗ്രാഫർ ബാദുഷയുടെ കൂടെ നടന്നുകണ്ടു. ചിലരോടൊക്കെ സ്നേഹഭാഷയിൽ സംസാരിച്ചു. ഹലീമും കബാബും നിഹാരിയും പിന്നെ തെരുവ് മുഴുവൻ നിറഞ്ഞിരിക്കുന്ന മനുഷ്യരെയും കണ്ടു കണ്ടു തിരിച്ച് എന്റെ താത്ക്കാലിക താമസസ്ഥലത്തേയ്ക്ക് റിക്ഷയിൽ മടങ്ങി.


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments