മുടിയൊരു ആഗോള പ്രശ്‌നമായതോടെ അന്നത്തെ പ്രീഡിഗ്രി യൗവനം അതൊരു അലങ്കാരമാക്കാൻ തീരുമാനിച്ചു. മുടി മൊത്തമായി വളർന്നുതുടങ്ങി. കാച്ചിയ എണ്ണ കൂടിയായതോടെ തോളറ്റം വരെ അതങ്ങനെ വളർന്നുകിടന്നു. ചോദ്യങ്ങളുടെയും സംശയനോട്ടങ്ങളുടെയും വ്യാപ്തിയുമേറി. തല തെറിച്ചവനെന്ന പേര് പതിഞ്ഞു.
തലമുടി ഗണ്യമായ നീളത്തിൽ വളരാൻ അനുവദിക്കുന്നരീതിയാണ് നീളൻ മുടി സ്‌റ്റൈൽ. നീളമുള്ള മുടി എന്താണെന്നതുസംബന്ധിച്ച് സംസ്‌കാരങ്ങൾ തമ്മിലും സംസ്‌കാരങ്ങൾക്കുള്ളിൽ പോലും വ്യത്യസ്ത വിവക്ഷകളാവാം. ചില സംസ്‌കാരങ്ങളിൽ താടി വരെ നീളമുള്ള മുടിയുള്ള സ്ത്രീക്ക് ചെറിയ മുടിയുണ്ടെന്ന് പറയുമ്പോൾ, മറ്റ് ചില സംസ്‌കാരങ്ങളിൽ ചിലതിൽ അത്ര തന്നെ നീളമുള്ള മുടിയുള്ള പുരുഷന് നീളമുള്ള മുടിയുണ്ടെന്ന് പറയുന്നു. നീളം കുറഞ്ഞതും വെട്ടിയതുമായ മുടിയുള്ള പുരുഷന്മാർ പല സംസ്‌കാരങ്ങളിലും സമൂഹത്തിന്റെ നിയന്ത്രണത്തിലാണെന്ന് വീക്ഷിക്കപ്പെടുന്നു. സൈന്യം, പൊലീസ്, ജയിൽ എന്നിവിടങ്ങളിൽ മുടിക്ക് നീളം വളരെ കുറവായിരിക്കും. കുറ്റകൃത്യത്തിനുള്ള ശിക്ഷയെന്ന നിലയിലും മുടി മുറിച്ചുകളയുന്ന രീതിയുണ്ട്. എന്നാൽ നീളമുള്ള തിളങ്ങുന്ന മുടി പൊതുവെ സംസ്‌കാരങ്ങളിലുടനീളം സ്ത്രീകളേയും പുരുഷന്മാരെയും ഒരുപോലെ ആകർഷിക്കുന്നു. നീളൻ മുടിയെ പറ്റി ലോകത്ത് പഠനങ്ങളും നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. വിവിധ ഉപസംസ്‌കാരങ്ങളുടെയും ഗ്രൂപ്പുകളുടെയും അടയാളമായി നീളൻ മുടിയും മുടിയിലെ വൈവിധ്യങ്ങളും മാറിയിട്ടുണ്ട്.
25, 50 രൂപ വിലയുള്ള ലൈഫ് സ്‌റ്റൈൽ മാഗസിനുകൾ ചുരുങ്ങിയ വിലയ്ക്ക് സ്വന്തമാക്കി വായിക്കുകയും പിന്നീട് നോട്ടുപുസ്തകങ്ങൾ പൊതിയുകയും ചെയ്തുപോന്ന തൊണ്ണൂറുകൾ.
തൊണ്ണൂറുകൾ, ടെലിവിഷൻ അത്ര വ്യാപകമല്ലാതിരുന്ന കാലം. ചിത്രഗീതവും ചിത്രഹാറും പിന്നെ വല്ലപ്പോഴും വിരുന്നെത്തുന്ന ഹോളിവുഡ്, ഹിന്ദി സിനിമകളും പഴയ സിനിമ, ഫാഷൻ, സ്‌പോർട്‌സ് മാഗസിനുകളും മാത്രം ആശ്രയമായിരുന്ന ഒരു തലമുറയിലെ കണ്ണിയായ കൗമാരകാലം. മാസ്റ്റ് ഹെഡ് കീറിയ മാഗസിനുകൾ തേടി പഴയ പത്രങ്ങളും പുസ്തകങ്ങളും വിൽക്കുന്ന കടകളിൽ അലയുന്നത് ശീലമായിരുന്ന കാലം. 25, 50 രൂപ വിലയുള്ള ലൈഫ് സ്‌റ്റൈൽ മാഗസിനുകൾ ചുരുങ്ങിയ വിലയ്ക്ക് സ്വന്തമാക്കി വായിക്കുകയും പിന്നീട് നോട്ടുപുസ്തകങ്ങൾ പൊതിയുകയും ചെയ്തുപോന്ന തൊണ്ണൂറുകൾ. കേബിൾ ടി.വിയെ പറ്റി കേട്ടറിവുമാത്രമുള്ള ഒരു തലമുറയ്ക്ക് ആന്ദ്രേ അഗസിയും മെൽ ഗിബ്‌സണും സഞ്ജയ് ദത്തും ഇഷ്ടക്കാരായത് മാഗസിനുകളിലൂടെയായിരുന്നു. സ്‌പോർട്‌സ് സ്റ്റാറും, ഫിലിം ഫെയറും, സ്റ്റാർഡസ്റ്റും ഫെമിനയും ഇഷ്ടങ്ങൾക്ക് മഴവിൽ നിറം പകർന്ന കാലം.
അങ്ങനെയാണ് അന്നത്തെ പതിനഞ്ചുകാരന്റെ ആഗ്രഹങ്ങളിലെന്നായി മുടി വളർത്തലും മാറിയത്. അതുവരെ ഇന്ത്യയുടെ ക്ഷുഭിത യൗവനമായി നിറഞ്ഞാടിയ അമിതാബച്ചന്റെ ‘ബച്ചൻ കട്ട്’ തലയിൽ പരീക്ഷിച്ചവരായിരുന്നു ഞങ്ങളെല്ലാം. മിഥുൻ ചക്രവർത്തിയുടെ ഡിസ്‌കോ കട്ട് ഒരു ഭാഗത്ത് പ്രചാരം നേടുന്ന സമയം. അപ്പാച്ചെ ഇന്ത്യൻ, തലയുടെ വശങ്ങളിൽ വരകളിട്ട കാലം. പതുക്കെ ഡ്രെഡ് ലോക്ക് സ്‌റ്റൈലിന്റെ ഭാഗമായി കുഞ്ചിരോമങ്ങൾ താഴേക്കുവളർന്നു. അതോടെ പ്രശ്‌നങ്ങൾ മുകളിലോട്ടും. പൊതുവിടങ്ങൾ, കുടുംബസദസുകൾ, ക്ലാസ് മുറികൾ എല്ലായിടത്തും നീട്ടിയ മുടി ഒരു പ്രശ്‌നമായി. എഴുപതുകളിൽ ലോകത്തെ ഇളക്കിയ ഹിപ്പി സംസ്‌കാരത്തിന്റെ തുടർച്ചയായാണിതെന്ന വിലയിരുത്തലുകൾ. ഹിപ്സ്റ്റർ വഴിയിൽ കൂട്ടം തെറ്റി പോവുന്നോയെന്ന സംശയങ്ങൾ. അധ്യാപക ദമ്പതിമാരുടെ മൂത്ത മകൻ എങ്ങനെയാവണമെന്ന വാർപ്പ് നോട്ടങ്ങൾ. അക്കാദമിക് മേഖലയിൽ മോശമല്ലാതിരുന്നിട്ടും ഇവനെന്തിന് ഇങ്ങനെ ‘കുലത്തിൽ പിറന്ന് കുരങ്ങാവുന്നു’ എന്ന കടുത്ത നിരീക്ഷണങ്ങൾ. നാലാള് കൂടുന്നിടത്ത് കയറിച്ചെല്ലാൻ കഴിയാത്ത വിധത്തിൽ ഉൽകണ്ഠകളും ചോദ്യങ്ങളും. രക്ഷിതാക്കൾ കൊള്ളാഞ്ഞിട്ടാണെന്ന അഭിപ്രായപ്രകടനകൾ അമ്മയുടെ സങ്കടങ്ങളിലേക്കും ഭീഷണികളിലേക്കും പിണക്കങ്ങളിലേക്കും വഴിമാറി.
മുടിയൊരു ആഗോള പ്രശ്‌നമായതോടെ അന്നത്തെ പ്രീഡിഗ്രി യൗവനം അതൊരു അലങ്കാരമാക്കാൻ തീരുമാനിച്ചു. മുടി മൊത്തമായി വളർന്നുതുടങ്ങി. കാച്ചിയ എണ്ണ കൂടിയായതോടെ തോളറ്റം വരെ അതങ്ങനെ വളർന്നുകിടന്നു. ചോദ്യങ്ങളുടെയും സംശയനോട്ടങ്ങളുടെയും വ്യാപ്തിയുമേറി. തല തെറിച്ചവനെന്ന പേര് പതിഞ്ഞു. അച്ഛൻ മാത്രമായിരുന്നു പിന്തുണ. മുടി വളർത്തുകയെന്നത് ഒരാളിന്റെ വ്യക്തിപരമായ സ്വാതന്ത്യമാണെന്ന പ്രഖ്യാപനം വലിയ ആത്മവിശ്വാസമാണുണ്ടാക്കിയത്. ‘എന്റെ തലമുടി എന്റെ സ്വാതന്ത്ര്യം’ എന്ന രീതിയിൽ നന്നായി നീട്ടിവളർത്തി ഇടക്ക് റബ്ബർ ബാന്റിട്ടും അല്ലാതെയും കെട്ടി വച്ചും തല ഉയർത്തി തന്നെ നടന്നു. അനാവശ്യ ചോദ്യങ്ങളോട് പോകാൻ പറഞ്ഞു. നാട്ടിൻപുറമായതിനാൽ നല്ല താളിയും മൈലാഞ്ചിയുമൊക്കെ പരിചരണ സൂത്രങ്ങളായി. നീണ്ട മുടി ജീവിതത്തിന്റെ ഭാഗമായി.
കോളേജ് കാലമേൽപ്പിച്ച സ്റ്റുഡൻറ് എഡിറ്റർ പദവിയുമായി മാഗസിൻ പരസ്യം തേടി കോഴിക്കോട് നഗരത്തിലെ വമ്പൻ കമ്പ്യൂട്ടർ സ്ഥാപനത്തിലെത്തിയ ഞങ്ങളെ അവിടെ നിന്നുമിറക്കി വിട്ടു. മുടി വളർത്തിയവരോട് മാനേജർക്കുള്ള കലിപ്പാണ് പരസ്യനിഷേധത്തിനുള്ള കാരണമെന്നറിഞ്ഞപ്പോൾ പോടാ പുല്ലേ എന്ന് മനസ് പറഞ്ഞു
എന്നാൽ, എവിടെ ചെന്നാലും ഇവനെന്തെടാ ഇങ്ങനെ എന്ന ചോദ്യമുയർന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ ഉയർന്നുപോന്ന വൈവിധ്യമാർന്ന ഉപ സംസ്‌ക്കാരങ്ങളേയോ അതിന്റെ രാഷ്ട്രീയമാനങ്ങളേയോ നീളൻ മുടിയുടെ വിവക്ഷകളേയോ തിരിച്ചറിയാതിരുന്ന കാലത്തും മുടി നീണ്ടുവളർന്നു. മാൻ ബണ്ണും പോണി ടെയിലും സ്‌റ്റൈലുകളായി. കെട്ടിയും കെട്ടപ്പെടാതെയും നീളൻമുടി തലയെ അലങ്കരിച്ചു. കോളേജ് കാലമേൽപ്പിച്ച സ്റ്റുഡൻറ് എഡിറ്റർ പദവിയുമായി മാഗസിൻ പരസ്യം തേടി കോഴിക്കോട് നഗരത്തിലെ വമ്പൻ കമ്പ്യൂട്ടർ സ്ഥാപനത്തിലെത്തിയ ഞങ്ങളെ അവിടെ നിന്നുമിറക്കി വിട്ടു. മുടി വളർത്തിയവരോട് മാനേജർക്കുള്ള കലിപ്പാണ് പരസ്യനിഷേധത്തിനുള്ള കാരണമെന്നറിഞ്ഞപ്പോൾ പോടാ പുല്ലേ എന്ന് മനസ് പറഞ്ഞു. ശിവാനന്ദ പരമഹംസരുടെ സിദ്ധസമാജം ആശ്രമസമൂഹത്തിന്റെ കേന്ദ്രം വടകരയിലായത് വേറെ കഥകൾക്കും വഴിയൊരുക്കി. മുടിയും താടിയും വളർത്തുന്നത് ശീലമാക്കിയവരായിരുന്നു സിദ്ധസമാജക്കാർ. ഞാനും അവരുടെ വഴിയെയാണെന്ന് ചിലർ കഥയിറക്കി. ചിലർ കൗതുകത്തോടെ ചോദിച്ചു.
ഡിഗ്രി കഴിഞ്ഞ് മാധ്യമ പ്രവർത്തക പഠനത്തിന് കോഴിക്കോടെത്തി. നീണ്ടമുടിയെന്നത് മാധ്യമ സമൂഹത്തിനും വലിയ കൗതുകമായി. അക്കാലത്ത് ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ഞങ്ങളെല്ലാം ഒത്തുകൂടി. അദ്ദേഹത്തിന്റെ ഭാര്യ സ്ഥലത്തില്ലാത്ത സമയമായിരുന്നു അത്. ബാൽക്കണിയിൽ മുടിയഴിച്ച് പുറം തിരിഞ്ഞുനിന്ന എന്നെ തൊട്ടടുത്ത ഫ്ലാറ്റിലെ ചേച്ചി കണ്ടത് വലിയ കഥയായി. ഒടുവിൽ നേരിട്ടുചെന്ന് രൂപം ബോധ്യപ്പെടുത്തിയതോടെ പ്രശ്‌നങ്ങൾ ഒരു പൊട്ടിച്ചിരിയിലൊതുങ്ങി. എന്നെ പുറം തിരിച്ചുനിർത്തി പ്രത്യേക രീതിയിൽ പടമെടുത്ത് നാട്ടിലെ ചങ്ങാതിമാരെ പറ്റിച്ച ഫോട്ടോഗ്രാഫർ സുഹൃത്ത് ഇന്ന് മാധ്യമ ലോകത്ത് വലിയ തിരക്കിലാണ്. ഇങ്ങനെ നീണ്ട മുടി ഒരു പാട് കുസൃതികൾക്കും കൊച്ചുകൊച്ച് സന്തോഷങ്ങൾക്കും വഴിയൊരുക്കി.
ഒടുവിൽ കാലം ടെലിവിഷൻ റിപ്പോർട്ടറായി എന്നെ കൈരളിയിലെത്തിച്ചു. അവിടെയും മുടി ഒരു പ്രശ്‌നമായി. എന്തിന് മുടി വളർത്തുന്നു എന്നതായിരുന്നു ഇന്റർവ്യൂ ബോർഡിലെ ചോദ്യം. വളർത്തുന്നതല്ലല്ലോ വളരുന്നതല്ലേ എന്ന പകുതി കാര്യവും പകുതി തമാശയുമായ ചോദ്യം ബോധിച്ചിരിക്കണം. ഞാനും ടീമിന്റെ ഭാഗമായി. കൂട്ടുകാർ സ്‌നേഹരൂപേണ മുടിയൻ എന്ന് വിളി തുടങ്ങി. ആദ്യം വല്ലായ്മ തോന്നിയെങ്കിലും മുടിയുള്ളതുകൊണ്ടല്ലേ എന്ന് സമാധാനിച്ചു. ഓൺസ്‌ക്രീനിൽ ബാന്റിട്ട് പ്രത്യക്ഷപ്പെട്ടതോടെ മുടിക്കും അംഗീകാരം കിട്ടിത്തുടങ്ങി. ടെലിവിഷൻ ചാനലുകൾ എണ്ണത്തിൽ കുറവായിരുന്ന കാലത്ത് ഓൺസ്‌ക്രീൻ ജീവിതം നാട്ടിൽ വലിയ സ്വീകാര്യത നൽകി. മുടി വളർത്തി തല തെറിച്ച് നടന്നവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി. മാതൃകാ മനുഷ്യനായി. കുടുംബസദസുകളിലും കല്യാണങ്ങളിലും നാലാൾ കൂടുന്നിടത്തും മുടിച്ചോദ്യങ്ങൾ ഒഴിഞ്ഞു. ഇനി മുടി മുറിക്കരുതെന്ന് ചിലർ സ്വകാര്യം പറഞ്ഞു. ചിലർ മുടി സംരക്ഷിക്കുന്നതിന്റെ കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചോദ്യങ്ങൾ തേടി.
ഒരു തവണ എന്റെ നീണ്ട മുടി പറ്റെ വെട്ടി അമ്മയ്ക്ക് നൽകി. തലേട്ടി എന്ന് ഞങ്ങൾ പറയുന്ന കൂട്ടികെട്ടാനുള്ള മുടി പിരിച്ചുണ്ടാക്കി. അന്നത് അമ്മക്കുപോലും സങ്കടമായി.
മനുഷ്യരുടെ മാറ്റം കണ്ട് ഉള്ളിൽ ചിരിച്ചു. പ്രത്യക്ഷരൂപം വച്ച് മനുഷ്യരെ അളക്കുന്ന അസംബന്ധത്തിന്റെ ശൂന്യതയോർത്ത് ഉള്ളിൽ ഉറക്കെ ചിരിച്ചു. നീണ്ടമുടിയെന്നത് ജീവിതത്തിന്റെ ഭാഗമായി. അച്ഛമ്മയുടെ മരുന്നുകുറിപ്പിൽ അമ്മ കാച്ചി തരുന്ന വെളിച്ചെണ്ണ മുടിക്ക് കറുപ്പും ഉള്ളും നൽകി. കാൻസർ രോഗികൾക്ക് മുടി നൽകുന്ന രീതിയൊന്നും ഇല്ലാതിരുന്ന കാലം. ഒരു തവണ എന്റെ നീണ്ട മുടി പറ്റെ വെട്ടി അമ്മയ്ക്ക് നൽകി. തലേട്ടി എന്ന് ഞങ്ങൾ പറയുന്ന കൂട്ടികെട്ടാനുള്ള മുടി പിരിച്ചുണ്ടാക്കി. അന്നത് അമ്മക്കുപോലും സങ്കടമായി. മുടി വീണ്ടും വളർന്നു. ഇക്കാലത്തിനിടെ രണ്ടുതവണ മാത്രമാണ് മുടി പറ്റെ വെട്ടിക്കളഞ്ഞത്. അമ്മയും അച്ഛമ്മയും പോയി, എണ്ണ കാച്ചാനുള്ള മരുന്നുകുറിപ്പുകൾ മാത്രം ബാക്കി. കഞ്ഞുണ്ണിയും കീഴാർനെല്ലിയും കറ്റാർവാഴയുമുൾപ്പെട്ട നാട്ടുമരുന്നകൾക്കും ക്ഷാമമായി. കാച്ചെണ്ണയുടെ മണം മരുന്നുകടകളിൽ മാത്രമായി.
പഴയ മുറ്റും കട്ടിയും ഇല്ലെങ്കിലും ജീവിതത്തിന്റെ ഭാഗമായി ഇന്നും നീണ്ട മുടിയുണ്ട്, പഴയ കാലത്തിന്റെ നിഴൽ മാത്രമായി. അക്കാലത്തെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർ ഏതൊക്കെ രീതിയിലാണ് ഇപ്പോൾ മുടി വളർത്തുന്നത്? അന്ന് എന്റെ കൗമാര- യൗവ്വനങ്ങളിൽ കോളേജിൽ ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു മുടി വളർത്തിയത്. കൊവിഡ് ലോക്ക്ഡൗൺ ഇന്ന് പല കുഞ്ഞങ്ങളുടെയും തലമുടിയെ വലുതാക്കി. ചിലരൊക്കെ അതൊരു സ്‌റ്റൈൽ ആക്കി. എന്നാൽ വീണ്ടും സ്‌കൂൾ തുറന്നതോടെ വാർപ്പ് മാതൃകാധ്യാപകർക്ക് ഇന്നും മുടിയൊരു പ്രശ്‌നമായി മാറുകയാണ്. ജെന്റർ ന്യൂട്രലും പൊളിറ്റിക്കൽ കറക്റ്റ്നസും എന്തെന്നറിയാത്ത കാലത്ത് തലമുടി നീട്ടിയ ഞങ്ങൾക്ക് അഗസിയും മെൽഗിബ്‌സണും, സഞ്ജയ്ദത്തും ഇമാന്വൽ പെറ്റിറ്റുമായിരുന്നു കൂട്ട്. ഇന്ന് മുടി വളർത്തലും മുടി മുറിക്കലും രാഷ്ട്രീയ രൂപകമാവുന്ന കാലത്ത് നമ്മുടെ അധ്യാപകർ എവിടെയാണ്? ഇവർ എത്രയാൺതലകളാണ് വെട്ടിയിറക്കുന്നത്? മുടി മുറിക്കാതെ ക്ലാസിൽ കയറ്റില്ലെന്ന പ്രഖ്യാപനം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
മുടി വളർത്തുന്നവർ കഞ്ചാവാണെന്ന പഴയ ഓർമകളിലാണ് ഇന്നും നമ്മുടെ അധ്യാപക സമൂഹം. മുടി വളർത്തിയവരെല്ലാം ഗഞ്ചൂസ് അല്ലെന്നും ഗഞ്ചൂസെല്ലാം മുടി വളർത്തുന്നവരല്ലെന്നും തിരിച്ചറിയാൻ നമ്മൾ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.
ഇത്തരം രാഷ്ട്രീയ സാക്ഷരത പോലും ഇല്ലാതിരുന്ന 90 കളിൽ മുടി മുറിച്ച് ക്ലാസിൽ കയറിയാൽ മതിയെന്ന് ഒരധ്യാപകനും ഞങ്ങളോട് പറഞ്ഞിട്ടില്ല. ഇന്ന് നമ്മുടെ വിദ്യാലയങ്ങളിലെ പ്രഖ്യാപനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമാണോ? യൂണിഫോമിൽ ജന്റർ ന്യൂട്രാലിറ്റി തേടുന്നവർക്ക് അത് തലയിലും ആയാലെന്താണ്? കുട്ടികൾ മുടി വളർത്തട്ടെ, മുടി മുറിക്കട്ടെ. മുടി വളർത്തുന്നവർ കഞ്ചാവാണെന്ന പഴയ ഓർമകളിലാണ് ഇന്നും നമ്മുടെ അധ്യാപക സമൂഹം. മുടി വളർത്തിയവരെല്ലാം ഗഞ്ചൂസ് അല്ലെന്നും ഗഞ്ചൂസെല്ലാം മുടി വളർത്തുന്നവരല്ലെന്നും തിരിച്ചറിയാൻ നമ്മൾ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. അധ്യാപക സമൂഹം സ്വയം നവീകരിക്കപ്പെടുന്നതുവരെ ക്ലാസ് മുറികളിൽ ആൺതലകൾ മുണ്ഡനം ചെയ്യപ്പെടുക തന്നെ ചെയ്യും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.