എറണാകുളം ജില്ലയിലെ വല്ലാർപ്പാടത്ത്, ബാങ്കുകൾ വായ്പ നൽകാത്തതിനെ തുടർന്ന് ബ്ലേഡ് പലിശക്കാരുടെ ചൂഷണത്തിന് ഇരയാകേണ്ടി വന്ന 17 നിർധന കുടുംബങ്ങളുണ്ട്. ചിട്ടി കമ്പനികളും ഏജന്റുമാരും ചേർന്ന് ചതിച്ച് ആധാരങ്ങൾ പണയപ്പെടുത്തിയതിന്റെ പേരിൽ ഈ കുടുംബങ്ങളിന്ന് കുടിയിറക്കൽ ഭീഷണിയും നേരിടുന്നു. 2007-ലാണ് വല്ലാർപ്പാടത്തും സമീപപ്രദേശങ്ങളിലുമായി 15 ദിവസത്തിനകം ലോൺ എടുത്തുകൊടുക്കപ്പെടുമെന്ന ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത്. ബാങ്കുകളിൽ നിന്ന് പല തവണ വായ്പയെടുക്കാൻ ശ്രമിച്ചപ്പോഴും നാല് ചക്രം കയറുന്ന വഴിയില്ല പോലെയുള്ള നിബന്ധനകൾ കാരണം പ്രദേശവാസികൾക്ക് വായ്പ നിഷേധിക്കുകയായിരുന്നു. പലരുടെയും അപേക്ഷകൾ ബാങ്കുകൾ തള്ളിയ സാഹചര്യത്തിലാണ് ഇവർക്ക് സ്വകാര്യ ഇടപാടുകാരെ സമീപിക്കേണ്ടി വന്നത്. പണം നൽകിയ സ്വകാര്യ വ്യക്തികൾ ഇവരുടെ പട്ടയം പണയം വെച്ച് ബാങ്കുകളിൽ നിന്നും ലക്ഷങ്ങൾ വായപയെടുത്തു. ആധാരങ്ങൾ പണയംവെച്ച് ലക്ഷങ്ങൾ വായ്പയെടുത്തതിനുശേഷം വായ്പ ആവശ്യപ്പെട്ട വ്യക്തികൾക്ക് തുച്ഛമായ തുക എത്തിച്ചു നൽകുകയാണ് ചെയ്തിരുന്നത്.
വീട് വെക്കുക, മക്കളുടെ കല്യാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടിയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്ന് വായ്പ വാങ്ങിയത്. വായ്പ നൽകിയവർ ബാങ്കുകളുടെ സഹായത്തോടെ പണയഭൂമിയും ഇപ്പോൾ കൈവശമാക്കിയിരിക്കുകയാണ്. പല കുടുംബങ്ങൾക്കും ഇന്ന് 35 മുതൽ 40 ലക്ഷം രൂപ വരെയാണ് കടമുള്ളത്. എന്നാൽ ഇവർക്ക് കിട്ടിയതോ വളരെ ചെറിയ തുകയും. നിലവിൽ ലോൺതുക തിരിച്ചടയ്ക്കാൻ വിസമ്മതിച്ചതോടെ പല കുടുംബങ്ങളും ജപ്തി ഭീഷണിയിലുമാണ്.

വായ്പ തട്ടിപ്പിനിരയാവുകയും നിലവിൽ ജപ്തി ഭീഷണിയുടെ വക്കിലുമായ, മരിയ രവി എങ്ങനെയാണ് തങ്ങൾ തട്ടിപ്പിനിരയായതെന്ന് ട്രൂകോപ്പി തിങ്കിനോട് വിശദീകരിക്കുകയാണ്:
“മൂന്ന് ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് എന്റെ ഭർത്താവ് സ്വകാര്യ വ്യക്തിയുടെ കയ്യിൽ വീടിന്റെ പട്ടയം പണയപ്പെടുത്തി പണം വാങ്ങുന്നത്. പട്ടയം നൽകിയാൽ വായ്പ നൽകാമെന്ന് ഒരുകൂട്ടർ അദ്ദേഹത്തോട് വീട്ടിൽ വന്നുകണ്ട് പറഞ്ഞിരുന്നു. ബാങ്കിൽ നിന്നാണ് പണമെടുത്ത് തരുന്നതെന്നാണ് അവർ ആദ്യം പറഞ്ഞത്. അതുകൊണ്ട് ഞങ്ങളുടെ സിൻഡിക്കേറ്റ് ബാങ്കിന്റെ വിവരങ്ങളൊക്കെ അവർക്ക് കൊടുക്കുകയും ചെയ്തു. പണം കിട്ടിയതിനുശേഷം രണ്ട് തവണ ഞങ്ങൾ ലോൺ അടച്ചു. പിന്നീട്, രണ്ടുമാസം അടക്കാൻ കഴിയാതെ വന്നു. തുടർന്ന് മൂന്നാമത്തെ മാസം കുടിശിക കൂട്ടി അടയ്ക്കാൻ ബാങ്കിൽ ചെല്ലുമ്പോഴാണ് ചതി മനസിലാകുന്നത്. 40000 രൂപ അടച്ചതിനുശേഷം ബാങ്കിലെ മാനേജർ എന്റെ മോനെ വിളിച്ച് ചോദിച്ചു, നിങ്ങൾ ആരുടെ പേരിലാണ് ലോണടക്കുന്നതെന്ന്. അപ്പോൾ അച്ഛൻ ലോണെടുത്ത കാര്യമൊക്കെ അവൻ പറഞ്ഞു. അപ്പോഴാണ് അവർ പറയുന്നത് പട്ടയം ഞങ്ങളുടെ പേരിലല്ല ലോൺ വെച്ചിരിക്കുന്നതെന്ന്.”
തട്ടിപ്പിനിരയായ വല്ലാർപ്പാടം സ്വദേശി ഇന്ദിരാ ഗോപിക്കും പറയാനുള്ളത് ഇതേ കഥ തന്നെയാണ്. വീട് വെക്കുന്നതിനുവേണ്ടി സഹകരണ ബാങ്കിൽ നിന്നും ലഭിച്ച വായ്പാതുക തികയാതെ വന്നതോടെയാണ് സ്വകാര്യ വ്യക്തിയിൽ നിന്നും വായ്പയെടുക്കുന്നത്. അത് വലിയൊരു ചതിയായിരുന്നെന്ന് ആദ്യം തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ഇന്ദിരാ ഗോപി പറയുന്നു.
“2007-ലാണ് വീടുവെക്കുന്നതിനുവേണ്ടി ഇവരുടെ കയ്യിൽ നിന്നും വായ്പയെടുക്കുന്നത്. ബാങ്കിൽ നിന്നും ഞങ്ങൾ 70000 രൂപ ലോണെടുക്കുകയും ചെയ്തു. എന്നാൽ വീടുപണിയുന്നതിന് ആ പണം തികയാതെ വന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്വകാര്യ വായ്പ നൽകുന്നുവെന്ന ബോർഡ് കാണുന്നത്. അങ്ങനെ പട്ടയം അവർക്ക് പണയംവെച്ച് ലോണെടുത്തു. 50000 രൂപയാണ് അവരുടെ കയ്യിൽ നിന്നും വാങ്ങിയത്. തിരിച്ച് പലിശയടക്കം ഒരു ലക്ഷം രൂപ കൊടുക്കുകയും ചെയ്തു. ഞങ്ങളുടെ മുതൽ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ച് അവരോട് ചെന്ന് ചോദിച്ചപ്പോഴാണ് പറയുന്നത്, പത്ത് ലക്ഷം രൂപയ്ക്കാണ് പണയം വെച്ചിരിക്കുന്നതെന്ന്. ഞങ്ങൾ വേലയെടുത്ത കാശ് മുഴുവൻ കൊടുത്തുകഴിഞ്ഞപ്പോഴാണ് സത്യമൊക്കെ അറിയുന്നത്. ഞങ്ങളെ പറ്റിക്കുകയാണെന്ന് ആദ്യം മനസിലായില്ല. ഇടയ്ക്ക് ഒരു സംശയം തോന്നിയപ്പോൾ ഞങ്ങൾക്ക് പൈസ നൽകിയ അഫ്സലിനെ വിളിച്ച് ചോദിച്ചു. അവരുടെ കയ്യിലാണ് പണം നൽകിക്കൊണ്ടിരുന്നത്. നിങ്ങൾ പേടിക്കണ്ട, ഞാൻ കൃത്യമായി പണമടയ്ക്കുന്നുണ്ടെന്നാണ് അയാൾ പറഞ്ഞത്. പക്ഷെ ഞങ്ങളെ ചതിക്കുകയായിരുന്നു.”

സമാനമായ തട്ടിപ്പുകൾ കേരളത്തിൽ പലയിടത്തും നടന്നിട്ടുണ്ട്. തൃശൂർ ജില്ലയിലെ മൂന്നുപീടികയിലും ചിട്ടികമ്പനികളുടെ മറവിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുകയും പ്രദേശവാസികൾ സമരത്തിനിറങ്ങുകയും ചെയ്തിട്ടുണ്ട്. വല്ലാർപ്പാടത്തെ പോലെ തന്നെയാണ് ലോണുകൾ കൊടുക്കപ്പെടും എന്ന തരത്തിലുള്ള ഫ്ളക്സ് ബോർഡുകൾ മൂന്നുപീടികയിലും സമീപ്രദേശങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. അതിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവരോട് ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കുറഞ്ഞ വിലക്ക് വായ്പയായി നൽകുന്നുണ്ടെന്നും അതിന് ഈടായി പ്രമാണം നൽകണമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കെണിയിൽപ്പെടുത്തിയത് മായൻകുട്ടി സുലൈമാനെന്ന ചിട്ടിക്കമ്പനി ഏജന്റായിരുന്നു. 85-ഓളം പേർ ഈ തട്ടിപ്പിനിരയായി.
വായ്പ കൊടുത്തതിന് 5 ശതമാനം കമ്മീഷൻ വാങ്ങുകയും എല്ലാ മാസവും മുടക്കമില്ലാതെ തിരിച്ചടച്ച് ഗഡുക്കൾ കൃത്യമായി വാങ്ങിക്കൊണ്ട് പോവുകയും ചെയ്തിരുന്നതിനാൽ പ്രദേശവാസികൾക്കാർക്കും സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാൽ പെട്ടെന്നൊരു ദിവസം ആളെ കാണാതാവുന്നതോടെയാണ് ലോണെടുത്തവർ പ്രതിസന്ധിയിലാകുന്നത്. ഇരകളായവരിൽ പലർക്കും കുടിശിക അടക്കണമെന്ന് കാണിച്ച് ചിട്ടി കമ്പനികളിൽ നിന്നും നോട്ടീസ് വന്നപ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായ വിവരം ആളുകളറിയുന്നത്.

ബാങ്കുകളിലായിരുന്നില്ല ആധാരം പണയംവെച്ചിരുന്നത്. പെൻസുല, നമ്പർ വൺ, സബ്‌സ്ക്രബർ, ഠാണ, ന്യൂട്രിച്ചൂർ തുടങ്ങിയ കുറിക്കമ്പനികളിൽ തൻെറ പേരിൽ ചേർന്ന ചിട്ടികളിൽ നിന്ന് ജനങ്ങളുടെ ആധാരം ഈടുവെച്ച് കുറിവിളിച്ചെടുക്കുകയായിരുന്നു സുലൈമാൻ. അതിൽ നിന്നുമാണ് തുച്ഛമായ തുക ജനങ്ങൾക്ക് നൽകുകയും ബാക്കിതുക അയാളും തട്ടിച്ചത്. ഒരു ലക്ഷം രൂപയും ഒന്നര ലക്ഷം രൂപയും വായ്പ കിട്ടിയത് 5 ലക്ഷം രൂപയും പത്ത് ലക്ഷം രൂപയും വരുന്ന വലിയ സംഖ്യകളിൽ നിന്നായിരുന്നുവെന്ന് ആളുകൾ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു.