അലീന / Photo : Riyaz Khan, Fb Page

നമ്മുടെ ശരീരങ്ങളെയും അളക്കുന്ന
​കിം കർഡാഷിയൻ സ്​കെയിലുകൾ

മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി.

അലീന

2022ലെ ഏറ്റവും വലിയ സെലിബ്രിറ്റി സ്‌കാൻഡൽസിൽ ഒന്ന് കിം കർഡാഷിയൻ മെറ്റ് ഗാലയിൽ മെറിലിൻ മൺറോയുടെ ഉടുപ്പ് ധരിച്ചതായിരുന്നു. സോഷ്യൽ മീഡിയ വഴി വലിയ പൊതുജനരോഷമായിരുന്നു അതിന്റെ പേരിൽ കിമ്മിനു നേരേയുണ്ടായത്. പക്ഷേ കേരളത്തിൽ ജീവിക്കുന്ന എന്നെപ്പോലുള്ള ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ച്​, ഒരു ഐഡിയൽ സമൂഹത്തിൽ, കിം കർഡാഷിയൻ തന്റെ പണമുപയോഗിച്ച് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ഒരു തരത്തിലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. പക്ഷേ മൺറോയുടെ ഉടുപ്പ് പാകമാകാൻ കിമ്മിന് പതിനാറ് പൗണ്ടോളം ഭാരം കുറക്കേണ്ടിവന്നു.

കിം കർഡാഷിയനോളം അധികാരവും പൊതുജനസമ്മതിയുമുള്ള, അനേകർ ഫാഷൻ ഐക്കൺ ആയി കരുതുന്ന ഒരു സ്ത്രീ ഭാരം കുറച്ചാൽ മറ്റുള്ളവരും ഭാരം കുറക്കാൻ നിർബന്ധിതരാകും. മെലിഞ്ഞ ശരീരത്തെ എടുത്തു കാണിക്കുന്ന, അല്ലെങ്കിൽ മെലിഞ്ഞവർക്കുമാത്രം ധരിക്കാൻ പറ്റുന്ന വസ്ത്രങ്ങൾ പോപ്പുലറാകും. അനേകർ ആ എസ്‌തെറ്റിക്കിൽ നമ്മുടെ സോഷ്യൽ മീഡിയ ഫീഡുകളിൽ നിറയും. നമ്മളറിയാതെ തന്നെ നമ്മുടെ ശരീരസൗന്ദര്യത്തിന്റെ രൂപരേഖകൾ മാറിമറിയും. അങ്ങനെയൊക്കെയാണ് ഇപ്പോൾ സമൂഹത്തിൽ മാറ്റങ്ങളുണ്ടാകുന്നത്.

മെറ്റ് ഗാലയിൽ മെറിലിൻ മൺറോയുടെ ഡ്രസ്സ് ധരിച്ചെത്തിയ കിം കർഡാഷിയൻ

2010കളിലെ വലിയ മാറിടങ്ങളും Brazilian Butt Lift ചെയ്ത ശരീരങ്ങളും പതുക്കെ ഫെയ്ഡ് ഔട്ട് ആകുകയാണ്. അത് ജനകീയമാക്കിയതും ഒരു പരിധി വരെ കർഡാഷിയൻ- ജെന്നർ സഹോദരിമാരായിരുന്നു. അവരുടേതുപോലെയുള്ള ശരീരം നേടുവാൻ പ്ലാസ്റ്റിക് സർജറി മുതൽ അപകടകരമായ ഇൻജക്ഷനുകൾ വരെ ധാരാളം പണം മുടക്കി മനുഷ്യർ ചെയ്തു. കണ്ണുകളും ചുണ്ടുകളും വരെ ഒരു പ്രത്യേക രീതിയിലിരുന്നാൽ മാത്രമേ സൗന്ദര്യമാകുകയുള്ളൂ. സർജറികൾക്ക് പണമോ സാഹചര്യമോ ഇല്ലാത്തവർ ഇൻസ്റ്റഗ്രാം ഫിൽറ്ററുകളിൽ അഭയം തേടി. അന്ന് പ്രചാരത്തിലിരുന്ന വസ്ത്രങ്ങളൊക്കെയും high waisted ​ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ തരംഗമായിരിക്കുന്ന മിനി സ്‌കേർട്ടുകളും മറ്റും രണ്ടായിരങ്ങളുടെ തുടക്കത്തിലേതുപോലെ low waisted ആണ്. അത് ധരിക്കണമെങ്കിൽ ഫ്ലാറ്റായ വയർ വേണം. അതിന് ഭാരം കുറക്കണം. രണ്ടായിരങ്ങൾ തീരെ മെലിഞ്ഞവരുടേതായിരുന്നു. സൈസ് സീറോ ആകാനുള്ള കരീന കപൂറിന്റെ ഡയറ്റ് എല്ലാ ലൈഫ് സ്‌റ്റൈൽ മാസികകളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ഇപ്പോൾ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി പലരും കാണുന്ന സെൻഡായ, ഡുവ ലീപ, ബെല്ല ഹദീദ് ഒക്കെ തീരെ മെലിഞ്ഞ ശരീരപ്രകൃതമുള്ളവരാണല്ലോ. Thicc ആകുക എന്നതിൽ നിന്നും നമ്മൾ പിന്നോട്ടോ മുന്നോട്ടോ നടന്നു. പക്ഷേ ഇത്തരം ഫാഷൻ ട്രെൻഡുകളൊന്നും സാധാരണക്കാരായ സ്ത്രീകൾക്ക് ശുഭവാർത്തയല്ല. നമ്മുടെ ശരീരങ്ങൾ ക്യാപ്പിറ്റലിസ്റ്റ് തന്ത്രങ്ങൾക്ക് ഉടച്ചുവാർക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്. അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചില്ലറയല്ല.

സെൻഡായ, ഡുവ ലീപ, ബെല്ല ഹദീദ്

ഓരോ പതിറ്റാണ്ടിലും മാറി വരുന്ന ഫാഷൻ ട്രെൻഡുകൾക്കനുസരിച്ച് ശരീരം വലുതാക്കുകയും ചെറുതാക്കുകയും ചെയ്യേണ്ട ദുരവസ്ഥ ഒരു സാമൂഹിക ജീവി എന്ന നിലയിൽ മനുഷ്യപരിണാമത്തിന്റെ ഒരു ഈവിൾ ബൈ പ്രൊഡക്റ്റാണ്. ഇത് നിയന്ത്രിക്കുന്നതോ, വ്യക്തികളല്ല. സമൂഹത്തിന്റെ എല്ലാ അധികാരകേന്ദ്രങ്ങളെയും പോലെ വ്യക്തികൾക്ക് പ്രാധാന്യമില്ലാത്ത, എത്തിച്ചേരാൻ കഴിയാത്ത എന്തൊക്കെയോ ആണ്. പോപ്പുലർ മീഡിയ ആവാം, ഫാഷൻ ഇൻഡസ്ട്രി ആവാം, സോഷ്യൽ മീഡിയ ആവാം. പക്ഷേ അത്തരം മാറ്റങ്ങൾ ഉൾക്കൊണ്ട് മറ്റുള്ളവരുടെ ശരീരങ്ങളെ പൊലീസ് ചെയ്ത്​, ബുള്ളി ചെയ്ത് ഈ വ്യവസ്ഥക്കുള്ളിലാക്കാൻ ശ്രമിക്കുന്നതിന് ഓരോ വ്യക്തിക്കും പങ്കുണ്ട്. ബോഡി ഷെയ്​മിങ്​ മനുഷ്യരെ ഈ കള്ളികൾക്കുള്ളിൽ കുടുക്കി നിർത്താൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ്. എല്ലാ മനുഷ്യരുടെയും എവിടെയെങ്കിലും ഉൾപ്പെടാനുള്ള അതിയായ ആഗ്രഹത്തിലേക്ക് നേരിട്ട് റ്റാപ്പ് ചെയ്താണ് ഈ വ്യവസ്ഥകൾ അധികം വെല്ലുവിളികൾ നേരിടാത്തത്. ഞാൻ മാത്രം പിന്നിലായി പോകുമോ എന്ന ഭയം ഒരു ഭീകര അപകടാവസ്ഥയാണ്.

ബോഡി ഷെയ്​മിങ്​ വളരെ അധികം നോർമലായ ഒരു സമൂഹമാണ് നമ്മുടേത്. കുശലാന്വേഷണങ്ങളിൽ പോലും അപരന്റെ ശരീരത്തെപ്പറ്റി നല്ലതല്ലാത്ത ഒരു അഭിപ്രായം പലപ്പോഴും ഉൾപ്പെടും. ‘നീ തടിച്ചുപോയല്ലോ’, ‘കറുത്തു പോയല്ലോ’, ‘വിളറിയല്ലോ’, ‘മെലിഞ്ഞല്ലോ’ എന്നിങ്ങനെ. സ്‌നേഹപ്രകടനങ്ങളുടെ ഭാഗമായാണ് പലരും ഇതിനെ കാണുന്നത്. ഓരോരുത്തർക്കും അനുവദനീയമായ ശരീരമുണ്ട് ഇവിടെ. ടീനേജ് പെൺകുട്ടികൾ ഇന്ന രീതിയിൽ ഇരിക്കണം. ഇരുപതുകളിൽ എത്തിയ യുവതി മറ്റൊരു തരത്തിൽ. കല്യാണപ്രായം എത്തിയതാണെങ്കിൽ ഒരു തരത്തിൽ, കല്യാണം കഴിഞ്ഞതാണെങ്കിൽ വേറൊരു തരത്തിൽ. പ്രസവിച്ച സ്ത്രീകളും മുതിർന്ന കുട്ടികൾ ഉള്ളവരും മറ്റൊരു തരത്തിൽ. ഈ കള്ളികളിൽ പെടാത്ത ശരീരങ്ങൾ രൂക്ഷമായി വിമർശിക്കപ്പെടും.

സൗന്ദര്യത്തെക്കാളുപരി പാട്രിയാർക്കൽ ജൻറർ റോളുകളിൽ അധിഷ്ഠിതമാണ് ഇത്തരം നിയമങ്ങൾ. നീണ്ട നഖമുള്ള ഒരു സ്ത്രീയെ നോക്കി അവൾ അടുക്കളയിൽ കയറില്ല എന്നും പ്രായം കുറവ് തോന്നിക്കുന്ന, അതായത് ഇന്ന പ്രായത്തിൽ ഇന്ന പോലെ ഇരിക്കണം എന്ന് സമൂഹം ആഗ്രഹിക്കുന്ന രൂപത്തിൽ ജെനറ്റിക്‌സ് കാരണമോ ജീവിതശൈലി കാരണമോ ഇരിക്കാത്ത സ്ത്രീയെ നോക്കി, അവൾ ഭർത്താവിനെ അനുസരിക്കില്ല എന്നും അനുമാനങ്ങളുണ്ടാകും. എന്നാൽ സമൂഹം നിഷ്‌കർഷിക്കുന്ന അതേ രൂപഭാവങ്ങളുള്ള സ്ത്രീകൾ ‘നന്നാവാൻ', അതായത് തടി കുറക്കാനോ മുടി സംരക്ഷിക്കാനോ നഖം നീട്ടി വളർത്തി നെയിൽ പോളിഷ് ഇടാനോ തയാറാകുന്നില്ലെങ്കിൽ അതിനും അപമാനം ഏൽക്കേണ്ടി വരും.

മൊത്തത്തിൽ ശരീരങ്ങളുടെ കാര്യത്തിൽ മനുഷ്യർക്ക് ജയിക്കാനാവില്ല. എന്തൊക്കെ പരിശ്രമം നടത്തി, പണം ചെലവഴിച്ച് സംരക്ഷിച്ചാലും ആരെങ്കിലുമൊക്കെ കുറ്റം പറയാനും കളിയാക്കാനുമുണ്ടാകും. നിരന്തരം പരിഹാസങ്ങൾ ഏൽക്കുന്ന സിനിമാതാരങ്ങൾ തന്നെ ഉദാഹരണം. മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി.


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments