ശരീരത്തെ ചൂണ്ടിയുള്ള പറച്ചിലുകളെ പുതിയ തലമുറചോദ്യം ചെയ്​തു തുടങ്ങിയിരിക്കുന്നു

പൊളിറ്റിക്കൽ കറക്​ട്നസിൽ സൂക്ഷ്​മത പുലർത്തുന്ന സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ബോഡി ഷെയ്​മിങ്​, ജൻഡർ, കളർ എന്നിവയെല്ലാം അടയാളപ്പെടുത്ത​പ്പെട്ടുതുടങ്ങിയത്.

സാധാരണവൽക്കരിക്കപ്പെട്ടതും വ്യവസ്ഥാപിതമാക്കപ്പെട്ടതും വളരെക്കാലമായി തുടരുന്നതുമായ ഒരു സാമൂഹിക സമ്പ്രദായമാണ് ബോഡി ഷെയ്​മിങ്.
‘നിങ്ങളുടെ തുടകൾ വളരെ തടിച്ചിരിക്കുന്നു', ‘നിങ്ങളുടെ കൈകൾ വല്ലാതെ തടിച്ചിരിക്കുന്നു', ‘നീ ആ കുറിയ വസ്ത്രം ധരിക്കണോ', ‘രാവിലെ നാരങ്ങാ വെള്ളം കുടിക്കാൻ ശ്രമിച്ചിട്ടുണ്ടോ?', ‘ദയവുചെയ്ത് നടക്കാൻ പോകൂ' തുടങ്ങിയ പറച്ചിലുകൾ വെറും പ്രസ്താവനകളായി തോന്നിയേക്കാം. പക്ഷെ ഇവയെല്ലാം ഒരുപാടുപേരുടെ ശരീരത്തെയും ഒപ്പം മനസ്സിനെയും അപമാനിച്ചുകൊണ്ടിരിക്കുന്ന ഉദാഹരണങ്ങളാണ്.

പലപ്പോഴും ഇത്തരം ബോഡി ഷെയ്​മിങ്ങുകൾ നമ്മുടെ വീടുകളിൽനിന്നാണ്​ തുടങ്ങുന്നത്​. അങ്ങനെ ഇത് നമ്മുടെ സ്‌കൂൾ ജീവിതത്തിന്റെയും കുട്ടിക്കാലത്തിന്റെയും വലിയ ഭാഗമായി മാറുന്നു. കുടുംബ ചടങ്ങുകളിലും സ്‌കൂളുകളിലും ട്യൂഷൻ ക്ലാസുകളിലും സോഷ്യൽ മീഡിയയിലും ഏറ്റവും അടുത്ത സുഹൃദ് വലയങ്ങളിലും പോലും ഇതുകാണാം.

2019- ൽ മുംബൈ ആസ്ഥാനമായ ഫോർട്ടിസ് ഹെൽത്ത് കെയർ, ബോഡി ഷെയ്​മിങ്ങും അതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഒരു സർവേ നടത്തി. 20 നഗരങ്ങളിൽ നിന്ന്​ 15 നും 65 നും ഇടക്ക്​ പ്രായമുള്ളവരാണ്​പങ്കെടുത്തത്. 47.5 ശതമാനം പേർ സ്‌കൂളിലോ ജോലിസ്ഥലത്തോ ബോഡി ഷെയ്​മിങ്ങിനിരയായതായി വെളിപ്പെടുത്തി. 32.5 ശതമാനം പേർ കളിയാക്കൽ നേരിട്ടത് സുഹൃത്തുക്കളിൽ നിന്നുതന്നെയാണ്.

ഒൻപതാം ക്ലാസുകാരിയായ ഒരു കുട്ടി സൈക്കോളജിസ്റ്റിന്റെ അടുത്തുവന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് സംസാരിക്കുമ്പോഴും അവൾ ടവൽ കൊണ്ട് ചുണ്ട് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതാണ്. നഗരത്തിലെ പ്രശസ്തനായ ഒരു പ്ലാസ്റ്റിക് സർജനാണ് അവളെ റഫർ ചെയ്തത്. ചുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്യാൻ വീട്ടുകാരുമൊത്ത് അദ്ദേഹത്തിന്റെ അടുത്തുപോയതാണ്. സർജൻ നോക്കിയപ്പോൾ അത്ര അഭംഗിയൊന്നും ചുണ്ടിനില്ല. കുട്ടി ചത്തുകളയുമെന്നു പറഞ്ഞിട്ടാണത്രെ സൈക്കോളജിസ്റ്റിന്റെ അടുത്തുവന്നത്​ എന്ന് ​വീട്ടുകാർ പറഞ്ഞു. വീട്ടുകാരെ മാറ്റിനിർത്തി കുട്ടിയോട് സംസാരിച്ചപ്പോൾ, നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു ബന്ധു, അവളുടെ ചുണ്ടിനെക്കുറിച്ച് നടത്തിയ മോശം പരാമർശം അവൾ തുറന്നുപറഞ്ഞു. അത് അവൾക്ക് വലിയ വേദനയായിരുന്നു. അതിനുശേഷം തന്റെ ചുണ്ടിന് എന്തോ കാര്യമായ വൈകൃതമുണ്ടെന്ന് അവൾക്ക് തോന്നിത്തുടങ്ങി. നല്ല ചുണ്ടുള്ളവർ​ എന്ന്​ തനിക്ക്​ തോന്നുന്നവരെ കാണുമ്പോൾ കണ്ണാടിയിൽ തന്റേതുമായി താരതമ്യപ്പെടുത്തും. അങ്ങനെ പുറത്തിറങ്ങുമ്പോൾ പതിയെ ടവൽ കൊണ്ട് ചുണ്ട് മറച്ചുപിടിച്ചു തുടങ്ങി. സ്‌കൂളിൽ ടീച്ചർമാരൊക്കെ ഈ മറയ്ക്കൽ ശ്രദ്ധിച്ചുതുടങ്ങിയപ്പോൾ വഴക്കു കിട്ടിത്തുടങ്ങി. സഹികെട്ടാണ് അവൾ സർജറിയ്ക്ക് വാശി പിടിച്ചത്. കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ഒരുപാടുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചത്.

ബോഡി ഷെയ്​മിങ്​ മൂലം ഒരുപാടു പേർ മാനസികമായി തകർന്നുപോയിട്ടുണ്ട്. ഇവരോട് പറയാനുള്ളത്, നമ്മുടെ ശരീരം എങ്ങനെയാണോ, അങ്ങനെ തന്നെ അതിനെ സ്‌നേഹിക്കുക എന്നുമാത്രമാണ്.

പൊളിറ്റിക്കൽ കറക്ടനെസിൽ (political correctness) സൂക്ഷ്​മത പുലർത്തുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ബോഡി ഷെയ്​മിങ്​, ജൻഡർ, കളർ എന്നിവയെല്ലാം അടയാളപ്പെടുത്ത​പ്പെട്ടുതുടങ്ങിയത്.
മലയാളസാഹിത്യത്തിലെ പ്രധാന നോവലായ സി. വി. രാമൻപിള്ളയുടെ ‘ധർമരാജ' യിൽ ‘ചെവി എച്ചിലാക്കുന്ന ചിരി' എന്നുപറയുന്നുണ്ട്.
അതുപോലെ മലയാളികൾ ഏറ്റവുമധികം ചിരിച്ചാസ്വദിച്ച ‘വടക്കുനോക്കിയന്ത്ര'ത്തിൽ ശ്രീനിവാസനും പാർവതിയും ഒരുമിച്ച് നിന്നപ്പോൾ ‘നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് വെച്ചപോലെ' എന്നൊരു ഡയലോഗ് പറയുന്നുണ്ട്. ഇതെല്ലാം ഒരുകാലത്ത് സമൂഹം ഏറ്റെടുത്തവയാണ്. എന്നാലിന്ന്, ഇതെല്ലാം പുനർവായനയ്ക്ക് വിധേയമാക്കപ്പെടുകയാണ്​. പുതിയതലമുറ ഒരു hegemonic class ന്റെയും ഗ്രൂപ്പിന്റെയും ഭാഗമാകാൻ ആഗ്രഹിക്കാത്തതു കൊണ്ടുതന്നെ ഇതെല്ലാം അവർ ചോദ്യം ചെയ്യുകയാണ്.

വളരെക്കാലമായി, മലയാള സിനിമകൾ കൈയ്യടികൾക്കും ആഹ്ലാദപ്രകടനങ്ങൾക്കും കോമിക് റിലീസിനും വേണ്ടി ബോഡി ഷെയ്​മിങ്​ഉപയോഗിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തമാശയും കക്ഷി അമ്മിണിപ്പിള്ളയും ഒരാളുടെ ശരീരഘടനയിൽനിന്ന് ചിരി ഉണർത്തുന്ന പരമ്പരാഗത പ്രവണതയെ തകർക്കുകയായിരുന്നു. കടുവ എന്ന സിനിമയിലെ ഓട്ടിസ്റ്റിക് ആയ ഒരു കുട്ടിയെക്കുറിച്ചുള്ള ഡയലോഗിന്റെ പേരിൽ പൃഥ്വിരാജ്​ഒരുപാട് വിമർശിക്കപ്പെട്ടിരുന്നു. സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജും വാർത്താസമ്മേളനം വിളിച്ച്​ ക്ഷമയും പറഞ്ഞു. സിനിമകളിൽ subtle ആയി പറഞ്ഞുവരുന്ന ഇത്തരം പ്രസ്താവനകൾ സമൂഹം എത്രമാത്രം സൂക്ഷ്മമായി വിലയിരുത്തുന്നു എന്ന് നമുക്ക് മനസിലാക്കാം. ഇവർ ക്ഷമ പറയുന്നത് ആത്മാർത്ഥതയോടെയാണെങ്കിലും അല്ലെങ്കിലും ഇന്നത്തെ സമൂഹത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യണം എന്നുവരുന്നു. അങ്ങനെ നോക്കുമ്പോൾ ഇതൊരു business tactic കൂടെയാണോ എന്നത് കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതുകൊണ്ടുതന്നെയാണ് ഇവിടെ ജൻറർ, ഫെമിനിസം, ജാതി എന്നിവയൊക്കെ പറയാനായി സിനിമകൾ ഇറങ്ങുന്നതും. അതുപോലെ നമ്മെ ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു ഇന്ദ്രൻസിനെ പരാമർശിച്ചുള്ള സാംസ്‌കാരികമന്ത്രിയുടെ പ്രസ്താവന.
ഇത്ര ശബ്ദമുയർന്നിട്ടും ഇപ്പോഴും ഇങ്ങനെയുള്ള ബോഡി ഷെയ്​മിങുകൾ വീണ്ടുമുണ്ടാകുന്നു എന്നത് തീർത്തും ലജ്ജാവഹമാണ്.

‘There's no definition for beauty. The only way to achieve beauty is to feel it from inside without breaking down into individual physical attributes.'- അതെ, സൗന്ദര്യത്തിന് കൃത്യമായ ഒരു നിർവചനം ഇല്ല. പക്ഷെ അത് ഒരിക്കലും ഒരാളുടെ physical attributes അനുസരിച്ചുള്ളതല്ല. മറിച്ച്, എനിക്ക് തോന്നിയിട്ടുള്ളത്, ഈ അടുത്ത് പാർവതി തിരുവോത്ത് ഒരു ഇന്റർവ്യൂയിൽ പറഞ്ഞതുപോലെ, നമ്മുടെ കണ്ണുകളിലെ kindness നോക്കിയാണ് എന്നാണ്. ബോഡി ഷെയ്​മിങ്​ മൂലം ഒരുപാടു പേർ മാനസികമായി തകർന്നുപോയിട്ടുണ്ട്. ഇവരോട് പറയാനുള്ളത്, നമ്മുടെ ശരീരം എങ്ങനെയാണോ, അങ്ങനെ തന്നെ അതിനെ സ്‌നേഹിക്കുക എന്നുമാത്രമാണ്.

You are not a mistake. You are not a problem to be solved. But you won't discover this until you are willing to stop banging your head against the wall of shaming and caging and fearing yourself. - Geneen roth. ▮


അഞ്​ജലി കൃഷ്​ണ

ബംഗളൂരു ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയിൽ ബിരുദ വിദ്യാർഥി. എന്റെ പ്രയാണം എന്ന വിവർത്തന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments