കുട്ട്യേടത്തി കറുത്തവളാണ്, സൗന്ദര്യം കുറവാണവൾക്ക്, പഠിപ്പും വേണ്ടത്രയില്ല. സ്വന്തം വീട്ടുകാരാൽപ്പോലും അവമതിയ്ക്കപ്പെട്ടവളാണവൾ. നേരേമറിച്ച് അവളുടെ അനുജത്തി സുന്ദരിയാണ്. കുട്ട്യേടത്തിയ്ക്കില്ലാത്തതെല്ലാം അവൾക്കുണ്ട്. ശരീരാവസ്ഥകളാൽ ത്യജിക്കപ്പെട്ട അവൾക്ക് മരണം തന്നെ ശരണം.
മലയാളത്തിലെ സാഹിതാഖ്യാനങ്ങളിൽ ആദ്യമായി ഉടൽദൂഷണ (Body shaming) ത്തിന്റെ കെടുതികളും ദുരന്തങ്ങളും ഉള്ളിൽത്തട്ടുമ്പടി ആഖ്യാനിക്കപ്പെട്ടത് എം.ടി. വാസുദേവൻ നായർ ‘കുട്ട്യേടത്തി' എന്ന കഥയെഴുതിയപ്പോഴാണ്. ‘ഉത്തമ സ്ത്രീ’ എന്ന പൊതുബോധത്തെ സൂചിപ്പിക്കാൻ അതീവ സുന്ദരിയായ അനുജത്തിയെ സൃഷ്ടിച്ച് മനുഷ്യശരീരത്തിന്റെ വൈവിദ്ധ്യത്തെ അപകർഷതാ ബോധത്തിൽപ്പെടുത്തി ആത്മബോധത്തെ ഹനിയ്ക്കുന്നത് സൂചിപ്പിയ്ക്കുകയായിരുന്നു കഥാകാരൻ.
ഉടൽദൂഷണം, ശരീരത്തിന്റെ പുറംകാഴ്ചയെ സാങ്കൽപ്പികമായ ‘സ്റ്റാന്റേർഡ് മോഡലു’മായി താരതമ്യപ്പെടുത്തി മനസ്സിനാഘാതമുളവാക്കത്തക്കവിധം ഘോഷിയ്ക്കപ്പെടുന്ന രീതിയാണ്. അവരവർക്കില്ലാത്ത മേന്മ സൃഷ്ടിയ്ക്കുക എന്നതാണ് അക്രമിയുടെ സാഫല്യം. ശരീരത്തിന്റെ നിറമോ തൂക്കമോ മിക്കപ്പോഴും വസ്തുതാവിഷയമാണ്. ആകെയുള്ള വലിപ്പം, വികലാംഗത്വവും അതുവഴിയുള്ള ബലഹീനതയും, തലമുടി ഇല്ലായ്മ, ത്വക്കിന്റെ അവസ്ഥ, ശബ്ദത്തിലെ മാറ്റം എന്നുവേണ്ട മൂക്കിന്റെ വലിപ്പമോ ആകൃതിയോ വരെ ഈ ദൂഷണഹേതുലിസ്റ്റിൽപ്പെടും.
ഇതിൽപ്പെടുന്നത് പൊതുവേ രണ്ടായി തിരിയ്ക്കാം. ഒന്ന്, ഒരാളുടെ പ്രത്യക്ഷരൂപവിശേഷം മറ്റൊരാളാൽ അവമതിയ്ക്കപ്പെടുക എന്നത്. രണ്ട്, ഇത് ഉള്ളിൽ സൃഷ്ടിയ്ക്കുന്ന അരക്ഷിതാവസ്ഥയും അപമാനവും താമസംവിനാ മനോക്ഷതവും വേദനയും ഉളവാക്കി സമൂഹത്തിൽ താൻ അന്യവൽക്കരിക്കപ്പെട്ടു പോവുകയാണെന്ന തീക്ഷ്ണ വേവലാതി സ്ഥായിയാകുകയും അത് ഉൽക്കടമാവുകയും ചെയ്യുക എന്നതാണ്.
പൊതുമാതൃക എന്ത്?
പോപുലർ മാധ്യമങ്ങൾ, സെലിബ്രിറ്റി സംസ്‌കാരം, ഇൻറർനെറ്റ് എന്നിവയൊക്കെ മനുഷ്യശരീത്തിന് ഒരു പൊതുമാതൃക സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഇതിന്റെ അതിവേഗത്തിനനനുസരിച്ച് മനുഷ്യശരീരരൂപത്തിന് മാറ്റങ്ങൾ നിർവചിച്ചുവരികയും ചെയ്യുന്നു. ആരോഗ്യം, സ്വാസ്ഥ്യം, സൗന്ദര്യം, വ്യക്തിത്വം എന്നിവ നിർമിച്ചെടുക്കുകയാണ് ഇത്തരം ഇടുങ്ങിയ നിർവചനങ്ങൾ. ശരീരവണ്ണത്തെക്കുറിച്ചുള്ള നിർവ്വചനമാണ്ഏറ്റവും നിശിതവും നിഷ്‌ക്കരുണവും പലപ്പോഴും അസാദ്ധ്യവുമായി സ്വരൂപീച്ചുവച്ചിരിക്കുന്നത്.
മനുഷ്യൻ എന്ന സ്പീഷീസ് മാത്രമാണ് പല നിറത്തിൽ, സൂക്ഷ്മവും സ്ഥൂലവുമായ രൂപവ്യത്യാസങ്ങളോടെ ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്ന ജീവി. ഇത്രമാത്രം തൊലിനിറ വൈവിദ്ധ്യം മറ്റ് ജീവികളിൽ അപൂർവ്വമാണ്.
വെളുത്ത നിറത്തിൽ, ധാരാളം തലമുടിയുമായി, തീരെ വണ്ണം കുറഞ്ഞ ശരീരമാണ് ഈ പൊതുമാതൃക കാഴ്ചവെയ്ക്കുന്നത്. അങ്ങനെ ഉചിതരൂപത്തിൽ വിനിയോഗം തീർക്കാനുള്ള ശരീരമല്ലെങ്കിൽ അത് നിന്ദിക്കപ്പെടേണ്ടതാണെന്നും അപഹാസ്യമാണെന്നും തീർപ്പാകുന്നു. ചിലപ്പോൾ ഡോക്ടർമാർ പോലും ശരീരപ്രത്യക്ഷം കൊണ്ടുമാത്രം ‘ഞൊടിയിട തീരുമാനം’ (snap judgment) നടപ്പാക്കാറുണ്ട്. നിങ്ങൾക്ക് തൊലിവെളുപ്പില്ലെങ്കിൽ, സമൂഹം നിർദ്ദേശിക്കുന്ന തൂക്കത്തിൽ കൂടുതലുള്ള ദേഹമാണെങ്കിൽ ഉൽകൃഷ്ട മനുഷ്യപദം നിങ്ങൾക്കില്ല. വിവാഹക്കമ്പോളത്തിൽ വിൽക്കപ്പെടാനുള്ള യോഗ്യതയില്ലാത്ത കമ്മോഡിറ്റി മാത്രമാകുന്ന നിങ്ങൾ ‘ബോഡി ഷെയ്മിങ്ങി’ന് സർവ്വഥാ യോഗ്യം.
മനുഷ്യൻ എന്ന സ്പീഷീസ് മാത്രമാണ് പല നിറത്തിൽ, സൂക്ഷ്മവും സ്ഥൂലവുമായ രൂപവ്യത്യാസങ്ങളോടെ ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്ന ജീവി. ഇത്രമാത്രം തൊലിനിറ വൈവിദ്ധ്യം മറ്റ് ജീവികളിൽ അപൂർവ്വമാണ്. പതിനാലോളം ജീനുകളും അവയുടെ വേരിയന്റുകളും തീരുമാനിക്കുന്നതാണ് നമ്മുടെ തൊലിനിറം. ജീവിക്കുന്ന ചുറ്റുപാടുകളിൽ എത്ര സൂര്യപ്രകാശം ലഭിയ്ക്കുന്നു, ശരീരത്തിലെ കാൽസ്യത്തിന്റെ അളവ്, വൈറ്റമിൻ ഡി നിർമ്മിച്ചെടുക്കുന്നതിനെ സ്വാധീനിക്കുന്ന സാഹചര്യങ്ങൾ ഒക്കെയാണ് തൊലിനിറം നിശ്ചയിക്കുന്നത്. ഗർഭസമയത്തും മുലയൂട്ടുമ്പോഴും കാൽസ്യം കൂടുതൽ ആവശ്യമായതുകൊണ്ട് തൊലിനിറം സ്വൽപം ഇളപ്പെട്ടതാകാം സ്ത്രീകളിൽ. അങ്ങനെ പരിണാമവും ഫിസിയോളജിയുടെ ആവശ്യങ്ങളും ഒക്കെ സജീവമായി അന്തർദ്ധാര ചമച്ചാണ് നമ്മുടെ തൊലിനിറം നിശ്ചയിക്കപ്പെടുന്നത്. കൂടുതൽ കറുത്ത നിറമുള്ളവരെ ശരീരദൂഷണത്തിനിരയാക്കുമ്പോൾ ഈ പരിണാമ/ഫിസിയോളജി നിയമങ്ങളെ പരിഹസിക്കുക എന്ന നിലപാടിലെത്താൻ മാത്രം വിഡ്ഢികളാകുകയാണ് മനുഷ്യർ. വെളുത്ത നിറമുള്ളവർ ഉത്കൃഷ്ടരാണെന്ന വൻ തെറ്റിദ്ധാരണ പണ്ടേ മനുഷ്യമനസ്സിൽ വേരോടിപ്പിച്ച രാഷ്ട്രീയ/ സാമൂഹ്യ ചിന്തകളാണ് ഈ ദൂഷ്യത്തിന്റെ പിന്നിൽ. ജനിച്ച കുഞ്ഞ് ‘നന്നായി വെളുത്തതാണോ' എന്ന ചോദ്യത്തിലൂടെ ഉടൽദൂഷണത്തിന്റെ കെടുതികളിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുകയാണ്, ആ കുഞ്ഞിനു മുൻപിൽ. കാർമേഘവർണനെ സ്തുതിയ്ക്കുന്ന ഏടുകളിലെ പശു പുല്ലു തിന്നാറില്ല.
ശരീരത്തിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്നതും വണ്ണം വെയ്ക്കുന്നതും ഇതുപോലെ ജനിതക/ഫിസിയോളജി പ്രതിഭാസങ്ങളാൽ തീരുമാനിക്കപ്പെടുന്നതാണ്. ഗർഭസമയത്ത് തൂക്കം കൂടുന്നതും അതിനുശേഷം അധികമായി ലഭിച്ച കൊഴുപ്പുശേഖരം തുടർന്നും നിലനിൽക്കുന്നതും സ്വാഭാവികമാണ്. അമ്മ എന്ന സ്ത്രീയ്ക്ക് മാധ്യമങ്ങളും കോസ്‌മെറ്റിക് വ്യവസായനീതികളും പണിഞ്ഞെടുക്കുന്ന പ്രത്യേക അനുപാതത്തിലുള്ള ശരീരവടിവ് കാത്തുസൂക്ഷിക്കാൻ ആവതില്ലതന്നെ. അത് സ്വാഭാവികവുമല്ല. ഇങ്ങനെ മനുഷ്യസ്വഭാവത്തെ വെല്ലുവിളിയ്ക്കുന്ന ശരീരസൗന്ദര്യശാസ്ത്രം സ്ത്രീത്വത്തെ വെല്ലുവിളിയ്ക്കുകയാണ്. സ്ഥിരോത്ക്കണ്ഠ അവളിൽ പലപ്പോഴും അടിച്ചേൽപ്പിക്കപ്പടുകയാണ്. സൗന്ദര്യം ആരോഗ്യത്തിന്റെ ലക്ഷണമാണെന്ന് വൃഥാ ധരിച്ചിട്ടുള്ള മനുഷ്യൻ അപകർഷതാബോധം സ്ഥിരപ്പെടുത്തുവാൻ ഉൽസുകനാണ്. സ്വന്തം ശരീരം നാണക്കേടാണെന്ന് കരുതുന്ന മറ്റൊരു ജന്തു ഇല്ല എന്നത് അതിപുരോഗമനം ആർജ്ജിച്ച തലച്ചോറുള്ള മനുഷ്യൻ മനസ്സിലാക്കാൻ തയാറുമല്ല. പരിണാമവും അതിജീവനവ്യവസ്ഥകളും സമ്മാനിച്ച ശരീരപ്രകൃതി തനിയ്‌ക്കെതിരെ തിരിയുന്ന വിചിത്ര പ്രതിഭാസം.
പടിഞ്ഞാറൻ അല്ലെങ്കിൽ യൂറോപ്യൻ തൊലിനിറം ആദർശവൽക്കരിക്കപ്പെടുകയും സമ്പൂർണമാതൃകയായി അവരോധിക്കപ്പെടുകയും ചെയ്തതോടെ തൊലി വെളുപ്പിച്ചെടുക്കാനുള്ള പ്രയോഗങ്ങൾ സുലഭമായി.
കളറിസം അഥവാ വർണവിവേചനം
ഉടൽദൂഷണത്തോട് സ്പർശരേഖാസംബന്ധിയായി ( tangential) വ്യവഹരിക്കപ്പെടാവുന്നതാണ് തൊലി കറുത്തവരോടൂള്ള വിവേചനം. ഇത് വർഗ്ഗീയപരമായ ( racial) വ്യത്യാസങ്ങളുമായി അനുബന്ധിച്ചുള്ളതല്ല തന്നെ, കൃത്യമായും ത്വക്കിന്റെ നിറം മാത്രം ആശ്രയമാക്കിയുള്ള സമീപനമാണ്. സ്പാനിഷ്/പ്യൂർടോ റിക്കൻ വംശജരിൽ വെളുത്തവരും കറുത്തവരുമുണ്ട്. ഇവരിൽ വെളുത്തവർക്ക് വ്യത്യസ്ത സമീപനങ്ങളും ആനുകൂല്യങ്ങളും ലഭിയ്ക്കുന്നതായി പഠനങ്ങളുണ്ട്. വംശീയത ആധാരമാക്കപ്പെടുന്നില്ല, ഇവിടെ. കറുത്തനിറമുള്ള ത്വക്ക് അഭിലഷണീയമല്ല എന്ന് വ്യക്തമായി ഉദ്ഘോഷണം ചെയ്യപ്പെടുകയാണ്. കോളോണിയൽ കാലത്ത് ആക്കം കൂട്ടപ്പെട്ട ഈ വിവേചനത്വര ശ്യാമവർണ്ണർക്ക് ആകുലതയും അപകർഷതയും അനുഭവപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറൻ അല്ലെങ്കിൽ യൂറോപ്യൻ തൊലിനിറം ആദർശവൽക്കരിക്കപ്പെടുകയും സമ്പൂർണമാതൃകയായി അവരോധിക്കപ്പെടുകയും ചെയ്തതോടെ തൊലി വെളുപ്പിച്ചെടുക്കാനുള്ള പ്രയോഗങ്ങൾ സുലഭമായി. ഉടൽദൂഷണത്തിന്റെ അപ്രത്യക്ഷ പ്രത്യക്ഷം തന്നെ ഇത്.
പക്ഷേ ആധുനിക കാലത്ത് സൗന്ദര്യം, ആരോഗ്യം എന്നിവ പുനർനിർവ്വചിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വൈവിദ്ധ്യമിയന്നതും ആകുന്നുണ്ട് ഈ നിർവ്വചനങ്ങൾ. മാധ്യമങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ലഭിയ്ക്കാനും അതുവഴി പൊതുബോധത്തെ സ്വാധീനിച്ച് വൈവിദ്ധ്യം മനുഷ്യകുലത്തിന്റെ സ്വാഭാവിക സ്വരൂപവിശേഷമാണെന്ന് ധരിപ്പിക്കാനും യത്‌നങ്ങൾ തുടങ്ങിക്കഴിഞ്ഞു. സിനിമയും ടെലിവിഷനും യാഥാസ്ഥിതികത്വം പേറുന്ന ‘സുന്ദരമേനി'കളെ പ്രദർശിപ്പിക്കാതെ കൂടുതൽ സ്വാഭാവികവും പ്രകൃത്യാനുശീലവുമായ ശരീരങ്ങളെ ഉൾച്ചേർക്കുന്നുണ്ട്. സൗന്ദര്യം എന്നതിന്റെ നിർവ്വചനം ഉൾപ്പിരിവാർന്നതാകുക മാത്രമല്ല, വൈവിദ്ധ്യമാണ് കാതൽ എന്ന തിരിച്ചറിവിന് ശ്രമിക്കുന്നുമുണ്ട്.
ശരീരവലിപ്പമോ, വണ്ണമോ തൂക്കമോ, വംശമോ, വികലാംഗത്വമോ, നിറമോ പരിഗണിക്കാതെ ‘എന്നെത്തന്നെ സ്‌നേഹിക്കുക' എന്നതാണ് Body positivity പ്രസ്ഥാനത്തിന്റെ മന്ത്രം. ‘ശരീര സമഭാവം' എന്ന പ്രസ്ഥാനം സ്വന്തം ശരീരത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാൻ അനുശാസിക്കുന്നു.
ധനാത്മകമാകുന്ന ശരീരം (Body Positivity)
മാനദണ്ഡപ്രകാരമുള്ളതോ തോത് സ്ഥപിക്കുന്ന തരത്തിലുള്ളതോ ( normative) ആയ അവസ്ഥകളിൽപ്പെടുന്നവരെ അഭ്യുത്ഥാനം ചെയ്ത് ആത്മവിശ്വാസമിയന്നവരാക്കിത്തീർക്കാനുള്ള യത്‌നങ്ങളാണ് Body positivity പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ശരീരവലിപ്പമോ, വണ്ണമോ തൂക്കമോ, വംശമോ, വികലാംഗത്വമോ, നിറമോ പരിഗണിക്കാതെ ‘എന്നെത്തന്നെ സ്‌നേഹിക്കുക' എന്നതാണ് പ്രസ്ഥാന മന്ത്രം. ‘ശരീര സമഭാവം' ( Body neutrality ) എന്ന പ്രസ്ഥാനം സ്വന്തം ശരീരത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാൻ അനുശാസിക്കുന്നു. കൂടാതെ മറ്റുള്ളവർ നമ്മളെപ്പറ്റി എന്തു ചിന്തിക്കുന്നു എന്നത് പൂർണ്ണമായി അവഗണിക്കാനും. പൊതുഇടങ്ങളിൽ ഈ രണ്ട് പ്രസ്ഥാനങ്ങളും ചെറുതായിട്ടെങ്കിലും അനുഭവഭേദ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നത് ശുഭോദർക്കമാണ്. പക്ഷേ ഉടൽദൂഷണത്തെ പാടേ നിർമ്മാർജ്ജനം ചെയ്യാൻ ഇനിയും മാനസിക പക്വത നേടേണ്ടിയിരിക്കുന്നു. നമ്മുടെ തലച്ചോറിനെ പരിശീലിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. ▮