ഈ കാലത്തുമുണ്ട്,
നിരന്തരം സംവദിക്കുന്ന
ബുദ്ധൻ

ഫാഷിസം ഭരണകൂട അധികാരമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമകാലിക സന്ദർഭത്തിൽ ബുദ്ധിസ്റ്റ് ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏതു കാലത്തും ബുദ്ധമതം ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനുള്ള ആശയമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് ബുദ്ധപൂർണിമ. രാജേഷ് കെ. എരുമേലി എഴുതുന്നു.

ന്ത്യൻ ദർശനത്തെ ആത്മീയതയുടെ സവർണാത്മകതയിൽ തളച്ചിടാനുള്ള ശ്രമങ്ങൾ ചാർവാകൻറെ കാലം മുതൽ ആരംഭിച്ചതാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ പോലും സമകാലികാവസ്ഥയിൽ കണ്ടെത്താൻ കഴിയും. ഇത്തരമൊരു സവിശേഷ ഘട്ടത്തിലാണ് ബുദ്ധനും അദ്ദേഹത്തിന്റെ ദർശനങ്ങൾക്കും പ്രസക്തി വർധിക്കുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ ഇന്ത്യൻ സാമൂഹികഘടന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നീതികേടിന്റെയും ഒരു ലോകത്തെ എല്ലാ അടിച്ചമർത്തലുകളും പേറിക്കൊണ്ട് സ്വീകരിക്കുകയായിരുന്നില്ല. മറിച്ച് അതിനെതിരായ ചെറുത്തുനിൽപ്പുകളും ഉണ്ടായിട്ടുണ്ട്. യാഗത്തറകളെയും യജ്ഞപ്പുരകളെയും പരിഗണിക്കാത്ത ഒരുകൂട്ടം ദാർശനികർ ഇവിടെയുണ്ടായിരുന്നു. അധികാരവും സമ്പത്തുമുപയോഗിച്ച് സവർണ സമൂഹം അധഃസ്ഥിത ജനതയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പോരാടിയ ദാർശനികരിൽ പ്രമുഖരാണ് ചാർവാകനും ബുദ്ധനും ജൈനനും അംബേദ്കറും ഫൂലെയും.

വൈദിക പ്രത്യയശാസ്ത്രത്തിനെതിരെ നിരന്തരസമരം നടത്തുകയും അവരുടെ അന്യായങ്ങൾക്കെതിരെ ചോദ്യമുയർത്തുകയും ചെയ്ത വ്യക്തിയായിരുന്നു ചാർവാകന്മാർ /ലോകായത്മാർ. സത്യം കണ്ടുപിടിക്കാനുള്ള മാർഗം അറിവിലൂടെയാണ് ലഭിക്കുന്നത് എന്നാണ് അവർ മനുഷ്യരെ പഠിപ്പിച്ചത്. അധികാരവർഗത്തിന്റെ സ്വർഗത്തെയും അന്ധവിശ്വാസങ്ങളെയുമാണ് അവർ ചോദ്യം ചെയ്തത്. ബ്രാഹ്മണാധികാരത്തിനെതിരെ ജീവൻ പോലും ബലിയർപ്പിച്ചാണ് ചാർവാകന്മാർ പോരാടിയത്. ഭൂമി, വായു, ജലം, അഗ്നി എന്നീ മൂലകങ്ങൾ ചേർന്നതാണ് പ്രകൃതിയും അതിലെ ചരാചരങ്ങളുമെന്നാണ് അവർ പറഞ്ഞത്. ഇത്തരത്തിൽ പുരോഗമനാത്മകമായി നിലപാടുകളുടെ തുടർച്ചയിലാണ് ബുദ്ധനും തന്റെ ദർശനങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രാഹ്മണാധികാരഘടനയ്ക്കും അതിന്റെ നിലപാടുകൾക്കുമെതിരെ ദാർശനികതയിലൂന്നിയ ജനകീയ പ്രസ്ഥാനത്തിനാണ് ബുദ്ധൻ തുടക്കം കുറിച്ചത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും അണിനിരത്താൻ ബുദ്ധനു കഴിഞ്ഞു. ബ്രാഹ്മണാധികാരത്തെയും വേദങ്ങളുടെ ദിവ്യത്വത്തെയും അതിന്റെ പിന്നിൽ അവർ ഉയർത്തിയ ദൈവങ്ങളെയും ബുദ്ധൻ ചോദ്യം ചെയ്തു. ചാതുർവർണ്യ സിദ്ധാന്തത്തിന് ശക്തമായ ഭാഷയിലാണ് ബുദ്ധൻ മറുപടി കൊടുത്തത്. യുക്തിക്ക് യോജിക്കാത്തതൊന്നും വിശ്വസിക്കരുതെന്ന് ബുദ്ധൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ബ്രാഹ്മണാധികാരഘടനയ്ക്കും അതിന്റെ നിലപാടുകൾക്കുമെതിരെ ദാർശനികതയിലൂന്നിയ ജനകീയ പ്രസ്ഥാനത്തിനാണ് ബുദ്ധൻ തുടക്കം കുറിച്ചത്.
ബ്രാഹ്മണാധികാരഘടനയ്ക്കും അതിന്റെ നിലപാടുകൾക്കുമെതിരെ ദാർശനികതയിലൂന്നിയ ജനകീയ പ്രസ്ഥാനത്തിനാണ് ബുദ്ധൻ തുടക്കം കുറിച്ചത്.

ഇത്തരത്തിൽ ഇന്ത്യയിലെ കോടാനുകോടി മനുഷ്യരെ സ്വാധീച്ച ആശയമായിരുന്നു ബുദ്ധന്റേത്. ഇന്ത്യയിൽ ചാതുർവർണ്യ വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാൻ കായികമായും ബൗദ്ധികമായും ബ്രാഹ്മണിക്കൽ മേധാവിത്വം ശ്രമിച്ച സമയത്താണ് ബുദ്ധൻ അതിനെതിരെ രംഗത്തുവരുന്നത്. ഗോവധനിരോധത്തിന്റെയും മറ്റും രാഷ്ട്രീയം ഉയർന്നുവരുന്ന ഘട്ടത്തിലും ബുദ്ധന്റെ ദർശങ്ങളുടെ ചരിത്രപരമായ പ്രാധാന്യം ആഴത്തിൽ വിശകലനങ്ങൾക്കു വിധേയമാകേണ്ടതുണ്ട്. ബുദ്ധനോ കാൾ മാർക്സോ എന്ന തന്റെ പ്രഭാഷണത്തിൽ അംബേദ്കർ ഇങ്ങനെ പറയുന്നു:

കാൾ മാർക്സിന്റെ ചിന്തകൾ മനസിൽ കടന്നുകൂടിയിട്ടുള്ളവരോട് എനിക്ക് ഇത്രയേ പറയാനുള്ളു; നിങ്ങൾ ധർമ്മചക്ര പ്രവർത്തനസൂക്തം വായിച്ച് അതിൽ ബുദ്ധൻ എന്താണു പറഞ്ഞിട്ടുള്ളതെന്ന് മനസിലാക്കുക. അതിൽനിന്നും ലഭിക്കുന്ന ഉത്തരം നിങ്ങളെ തീർച്ചയായും സംതൃപ്തരാക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. ബുദ്ധൻ തന്റെ തത്വജ്ഞാനത്തെയും മതത്തെയും കെട്ടിപ്പടുക്കുന്നത് ഈശ്വരൻ, ആത്മാവ് തുടങ്ങിയ അറിയാൻ കഴിയാത്ത മനുഷ്യാതീത ശക്തികളെ ആധാരമാക്കിയല്ല. അദ്ദേഹം മനുഷ്യന്റെ യഥാർത്ഥ ജീവിതത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് തന്റെ തത്വജ്ഞാനമെല്ലാം വിശദീകരിച്ചത്. മനുഷ്യൻ യാതനയും ദുഃഖവും കൊണ്ട് പീഡിതനാണ്. അതാണ് മാനവ ജീവിത യാഥാർത്ഥ്യം. മാർക്സ് മാത്രമല്ല ഇക്കാര്യം ചിന്തിച്ചിട്ടുള്ളത്. അദ്ദേഹം ജനിക്കുന്നതിനു 2000 വർഷം മുമ്പുതന്നെ ബുദ്ധൻ ഇക്കാര്യം അറിയുകയും അതിനുവേണ്ട സവിശേഷമായ ഉപായങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു. സ്വത്തിന്റെ കാര്യത്തിലും ബുദ്ധന്റെ തത്വജ്ഞാനവും കാൾ മാർക്സിന്റെ തത്വശാസ്ത്രവും തമ്മിൽ അത്യധികം സാമ്യമുണ്ടെന്ന് നിങ്ങൾക്കു മനസിലാക്കാൻ കഴിയും.

ബുദ്ധമതത്തിന്റെ ഇന്ത്യയിലെ വളർച്ചയെ തടയിടാൻ എക്കാലവും ശ്രമിച്ചിട്ടുള്ളത് ബ്രാഹ്മണമേധാവിത്വമായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയ കാലഘട്ടത്തെ ഇന്ത്യയിൽ ഇരുണ്ട യുഗമെന്നാണ് വിളിക്കുന്നത്. ഇന്ത്യൻ ദർശനങ്ങളിൽ ആഴത്തിൽ വേരോടിയ മറ്റൊരു ദർശനവും ഇല്ലെന്നു പറയാൻ കഴിയും.

അംബേദ്കറെപ്പോലെ നിരവധിപേർ ബുദ്ധനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘ഭൂമിയിൽ ഇതുവരെ പിറന്നിട്ടുള്ളവരിൽ ഏറ്റവും ശ്രേഷ്ഠനാണ് ബുദ്ധൻ എന്ന് ഞാൻ എന്റെ ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നു’ എന്നാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ ബുദ്ധനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സമ്പൂർണമായ ഒരു സദാചാര പദ്ധതി ലോകത്തിനു പ്രദാനം ചെയ്ത ആദ്യത്തെ മനുഷ്യൻ ബുദ്ധനാണ് എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ബുദ്ധമതത്തിന്റെ സ്വാധീനം തന്നെയാണ് ഇന്ത്യയിലെ മറ്റെല്ലാം മത സിദ്ധാന്തങ്ങളെയും സ്വാധീനിച്ചിട്ടുള്ളത്.

ബുദ്ധനെ കണ്ടവരും അദ്ദേഹത്തിന്റെ ഉപദേശം കേട്ടവരും ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ ഉപാസകരായി മാറി എന്നതാണ് ആ ദർശനത്തിന്റെ പ്രത്യേകത. 45 വർഷക്കാലമാണ് തന്റെ സിദ്ധാന്തങ്ങൾ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത്. ബുദ്ധമതം വടക്കേ ഇന്ത്യയിലെല്ലാം ക്രമേണ പ്രചരിച്ചു. അശോക ചക്രവർത്തിയുടെ കാലത്താണ് ബുദ്ധമതത്തിന് ഇന്ത്യയിൽ വലിയ പ്രചാരം ലഭിച്ചത്. കാശ്മീർ മുതൽ കേരളം വരെ മാത്രമല്ല, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ (ബർമ്മ), മലയ, ഇന്ത്യോനേഷ്യ, തായ്ലൻറ് (സയാം), കംബോഡിയ, ലാവോസ്, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, റഷ്യ, ടർക്കിസ്താൻ, ടിബറ്റ്, ചൈന, മംഗോളിയ, മഞ്ചൂറിയ, കൊറിയ, ജപ്പാൻ, സിറിയ, ഗ്രീസ്, ഇറാക്ക് (ബാബിലോണിയ), ഇറാൻ (പേഴ്സ്യ), ബാക്ട്രിയ, ഈജിപ്ത് എന്നിവിടങ്ങളിലും ബുദ്ധമതം പ്രചാരം നേടി. ഏതാണ്ട് 1500 വർഷത്തോളം (അതായത് ബി സി മൂന്നാം നൂറ്റാണ്ടു മുതൽ എ ഡി പന്ത്രണ്ടാം നൂറ്റാണ്ടു വരെ) ഇന്ത്യയിലെ പ്രധാന മതമായി ബുദ്ധമതം നിലകൊണ്ടു എന്നത് ചരിത്രയാഥാർഥ്യമാണ്.

 ‘ഭൂമിയിൽ ഇതുവരെ പിറന്നിട്ടുള്ളവരിൽ ഏറ്റവും ശ്രേഷ്ഠനാണ് ബുദ്ധൻ എന്ന് ഞാൻ എന്റെ ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നു’ എന്നാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ ബുദ്ധനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
‘ഭൂമിയിൽ ഇതുവരെ പിറന്നിട്ടുള്ളവരിൽ ഏറ്റവും ശ്രേഷ്ഠനാണ് ബുദ്ധൻ എന്ന് ഞാൻ എന്റെ ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നു’ എന്നാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ ബുദ്ധനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

ബുദ്ധമതത്തിന്റെ ഇന്ത്യയിലെ വളർച്ചയെ തടയിടാൻ എക്കാലവും ശ്രമിച്ചിട്ടുള്ളത് ബ്രാഹ്മണമേധാവിത്വമായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയ കാലഘട്ടത്തെ ഇന്ത്യയിൽ ഇരുണ്ട യുഗമെന്നാണ് വിളിക്കുന്നത്. ഇന്ത്യൻ ദർശനങ്ങളിൽ ആഴത്തിൽ വേരോടിയ മറ്റൊരു ദർശനവും ഇല്ലെന്നു പറയാൻ കഴിയും. അതാണ് ബുദ്ധമതത്തിന്റെ ആശയ അടിത്തറ. ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അംബേദ്കർ നാഗ്പൂരിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു:

ബുദ്ധമതം വെറും കുറച്ചു നാളത്തേക്കുള്ളതാണ് എന്നാർക്കും പറയാൻ കഴിയുകയില്ല. അതുപോലെ ഈ സ്വീകരണം കുറച്ചുനാളത്തേക്കു മാത്രമാകരുത്. 2500 വർഷം കഴിഞ്ഞിട്ടും ലോകം മുഴുവൻ ബുദ്ധതത്വം ഇന്നും ആദരിക്കപ്പെടുന്നു. അമേരിക്കയിൽ ബുദ്ധമതാനുയായികളുടെ രണ്ടായിരം സ്ഥാപനങ്ങളുണ്ട്. ബുദ്ധതത്വങ്ങൾ അനശ്വരമാണ്. എന്നിരുന്നാലും ബുദ്ധൻ തന്റെ തത്വങ്ങളുടെ മഹത്വത്തെ കൊട്ടിഘോഷിച്ചിരുന്നില്ല. മാത്രമല്ല, തന്റെ തത്വങ്ങൾ ഈശ്വരീയമെന്നു പറഞ്ഞിട്ടുമില്ല. ബുദ്ധൻ പറയുന്നു:
"ഈ മതം നിങ്ങളുടെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതും പുരോഗതിക്കു ഗുണപ്രദവുമാണെങ്കിൽ മാത്രം സ്വീകരിക്കുക’’. ഇത്ര ഉദാരത നമുക്ക് മറ്റു മതങ്ങളിൽ ദർശിക്കാൻ കഴിയില്ല.

അംബേദ്കറുടെ ഈ നിരീക്ഷണത്തിന് അപ്പുറം നിൽക്കുന്ന മറ്റൊരു നിരീക്ഷണം കണ്ടെത്താൻ കഴിയില്ല. ഈ അർത്ഥത്തിൽ ജാതിഹിന്ദുത്വത്തിൽനിന്ന് പുറത്തുകടക്കാൻ ബുദ്ധമത സ്വീകരണം അനിവാര്യമാണ്. ഇതേസമയം, ബുദ്ധമതത്തിന്റെ സമകാലിക മുഖംകൂടി പരിശോധിക്കേണ്ടതാണ്.

ബുദ്ധന്റെ മരണശേഷം ലോകത്ത് രൂപപ്പെട്ട ബുദ്ധമതമോ അല്ലെങ്കിൽ ഈ ആശയങ്ങളിലൂടെ പ്രവർത്തിക്കുന്ന സംഘങ്ങളോ ഏകീകൃത സ്വഭാവത്തിൽ അല്ല നിലകൊള്ളുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. ബുദ്ധന്റെ കാലത്തെപ്പോലെ പ്രവർത്തിക്കുന്നവർ തൊട്ട് ഹിംസാത്മകതയെ അംഗീകരിക്കുന്നവർ വരെ ഇന്നുണ്ട്. ബുദ്ധൻ മുന്നോട്ടുവെച്ച ആശയത്തിന്റെ യഥാർത്ഥ സത്തയെ തമസ്കരിച്ചുകൊണ്ടാണ് ചില രാജ്യങ്ങളിൽ ബുദ്ധമതം പ്രവർത്തിക്കുന്നത്. അത് പലപ്പോഴും വംശീയമായും മാറുന്നുണ്ട്. ധ്യാനാത്മകമായ ബുദ്ധമതം എന്ന കാഴ്ചപ്പാടും മാറുന്ന ലോകത്തിന് എത്രമാത്രം സ്വീകാര്യമാകുമെന്ന് പരിശോധിക്കേണ്ടതാണ്. ബുദ്ധന്റെ കാലത്തുനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലേയ്ക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏതു കാലത്തും ബുദ്ധമതം ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനുള്ള ആശയമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ അർത്ഥത്തിൽ കൂടുതൽ മനുഷ്യർ ബുദ്ധമതത്തിലേയ്ക്ക് ചേരുന്നത് രാഷ്ട്രീയമായ വിജയമായിരിക്കും. അംബേദ്കർ പോലും നവ ബുദ്ധിസത്തെയാണ് സ്വീകരിച്ചത്. അതായത് പാരമ്പര്യത്തിൽനിന്ന് വിഛേദിച്ച് പുതിയ കാലത്തോട് സംവദിക്കുക എന്ന ആശയമാണ് അംബേദ്കർ ബുദ്ധമത സ്വീകരണത്തിലൂടെ മുന്നോട്ട് വെച്ചത്.

ഫാഷിസം ഭരണകൂട അധികാരമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമകാലിക സന്ദർഭത്തിൽ ബുദ്ധിസ്റ്റ് ആശയങ്ങൾക്ക് വലിയ പ്രസക്തി തന്നെയുണ്ട്. അത് സ്വയം ജീവിതത്തെ മാറ്റിപ്പണിയുന്നതിനും സമൂഹത്തെ തന്നെ മാറ്റുന്നതിനും കാരണമാകുന്നു. ബുദ്ധന്റെ ആശയങ്ങളോട് സാമ്യമുള്ളതോ അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടതോ ആയ ആശയങ്ങളാണ് ലോകത്തെ എല്ലാത്തരം പ്രത്യയശാസ്ത്രങ്ങളും സ്വീകരിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മമായ വായനയിൽ തിരിച്ചറിയാൻ സാധിക്കും. ബുദ്ധിസത്തിന്റെ പ്രസക്തിയും അതുതന്നെയാണ്. അതായത് സ്തംഭിച്ചുനിൽക്കുന്ന ബുദ്ധനെയല്ല ആവശ്യം, മറിച്ച് പുതിയ കാലത്തോട് സംവദിക്കുന്ന ബുദ്ധനെയാണ്.


Summary: Buddhist ideologies have great relevance in the contemporary context, especially fascism emerges as a threat to Indian society, Rajesh K Erumeli writes.


രാജേഷ് കെ. എരുമേലി

പത്രപ്രവര്‍ത്തകന്‍, ഗവേഷകന്‍, അധ്യാപകന്‍. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മാധ്യമം, ജനയുഗം, നവമലയാളി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

Comments