കോഴിക്കോട്, പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ 67 കുടുംബങ്ങൾ സ്വന്തം സ്ഥലത്തിന് നികുതി അടയ്ക്കാൻ കഴിയാതെ വർഷങ്ങളായി പ്രതിസന്ധിയിലാണ്. വില കൊടുത്തു വാങ്ങിയ ഭൂമിക്ക് നികുതി അടക്കാൻ ചെന്നപ്പോൾ, സ്ഥലം സർക്കാരിലേക്ക് പോയെന്നാണ് വില്ലേജ് ഓഫീസിൽ നിന്ന് ഇവർക്ക് കിട്ടിയ വിവരം. വർഷങ്ങളായി വീടുവെച്ച് താമസിക്കുന്ന, അത്രനാൾ തെറ്റാതെ നികുതിയടച്ച ഭൂമി പെട്ടന്നൊരു ദിവസം സർക്കാരിലേക്ക് പോയെന്ന് പറഞ്ഞത് ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് സാധിച്ചില്ല. കൂടുതൽ അന്വേഷിച്ചപ്പോഴാണ്, മുൻപ് ഭൂമി കൈവശം വച്ചിരുന്നവർ നികുതി കുടിശ്ശിക വരുത്തിയതിനാലാണ് സ്ഥലം സർക്കാരിലേക്ക് പോയതെന്ന് അറിഞ്ഞത്. ആരോ വരുത്തിയ കുടിശ്ശികയുടെ പേരിൽ സ്വന്തം സ്ഥലത്തിന് രേഖ ഇല്ലാത്തവരായി തീർന്നിരിക്കുകയാണ് ഇവരിപ്പോൾ. നവകേരളസദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പടെ പരാതികൾ കൊടുത്തിട്ടും തങ്ങൾക്ക് അനുകൂലമായി നടപടിയൊന്നും ഉണ്ടായില്ലെന്ന് നൊച്ചാട്ടുകാർ പറയുന്നു. പരാതി ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട് എന്ന് മാത്രമാണ് അറിയിച്ചത്. വില്ലേജ് ഓഫീസിലും കള്ക്ടറേറ്റ് പടിക്കലും, ആവശ്യമുന്നയിച്ച് പലതവണ പ്രതിഷേധങ്ങളും സമരപരിപാടികളും സംഘടിപ്പിച്ചിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല.
രേഖയില്ല, കാരണമറിയില്ല
പത്തുവർഷത്തിലേറെയായി നികുതിയടക്കാൻ കഴിയാത്ത കുടുംബങ്ങളുമുണ്ട് നൊച്ചാട് പഞ്ചായത്തിൽ. വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് സ്വന്തമായി വീടുണ്ടെങ്കിലും വീടോ സ്ഥലമോ ഉണ്ടെന്ന് തെളിയിക്കാൻ ഇവരുടെ പക്കൽ രേഖകളൊന്നുമില്ല. ഭൂമി വാങ്ങുന്ന കാലത്ത്, സ്ഥലത്തിന് മേൽ നികുതി കുടിശിക ഉണ്ടെന്ന് അറിയിച്ചിരുന്നില്ല. നികുതി കുടിശിക ഉള്ള ഭൂമിയാണെന്ന് അറിയിച്ചിരുന്നെങ്കിൽ, സർക്കാറിന്റെ സ്ഥലമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ സ്ഥലം വാങ്ങുമായിരുന്നോ എന്നാണ് ഇവരുടെ ചോദ്യം.
“വിലകൊടുത്തു വാങ്ങുന്ന കാലത്ത് സ്ഥലത്തിന് ഇത്തരം പ്രശ്നങ്ങളുള്ളതായി ആരും അറിയിച്ചിട്ടില്ല. മാത്രമല്ല, ഇത്രയും നാൾ മുടങ്ങാതെ നികുതി അടച്ചിരുന്നതാണ് ഞങ്ങൾ. സർക്കാർ തന്നെ ഞങ്ങളുടെ കയ്യിൽ നിന്നും നികുതി സ്വീകരിച്ച സ്ഥലം ഇപ്പോൾ പെട്ടന്ന് സർക്കാർ ഭൂമിയായത് എങ്ങനെയാണ്? സർക്കാർ ഏറ്റെടുത്ത സ്ഥലമാണെങ്കിൽ ഞങ്ങൾക്ക് ഇത് സ്വന്തം പേരിൽ പതിച്ചുകിട്ടിയതെങ്ങനെയാണ്? സർക്കാറിന്റെ സ്ഥലം പൊതുജനങ്ങൾക്ക് പണം കൊടുത്ത് വാങ്ങാൻ കഴിയുമോ? പിന്നെന്താണ് ഞങ്ങൾ ചെയ്ത തെറ്റ്?' പ്രദേശവാസിയായ നാസർ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.
“പൂർവ്വിക സ്വത്തായി കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയതായിരുന്നെങ്കിൽ അതു പറഞ്ഞ് ഞങ്ങളെ കബളിപ്പിക്കാമായിരുന്നു. പക്ഷേ ഇത് അധ്വാനിച്ച പണംകൊണ്ട് സ്വന്തമായി വാങ്ങിയ ഭൂമിയാണ്. ഒരു സ്ഥലം 1980-ലും മറ്റൊന്ന് 1989-ലും വാങ്ങി. ഒന്നിന് 2018 വരെയും മറ്റൊന്നിന് 2021 വരെയും നികുതിയടച്ചിട്ടുണ്ട്. പിന്നെയാണ് നികുതിയടക്കാൻ ശ്രമിച്ചപ്പോൾ സ്ഥലം സർക്കാറിലേക്ക് പോയെന്ന് വില്ലേജ് ഓഫീസിൽ നിന്ന് അറിയിച്ചത്.” - പ്രദേശവാസിയായ കുഞ്ഞുമൊയ്ദീൻ പറഞ്ഞു. മുൻകാലത്ത് ജൻമിമാരുടെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങളാണ് ഇവയെന്നും നികുതിയിനത്തിൽ അവർ വരുത്തിയ കുടിശിക കാരണമാണ് ഭൂമി സർക്കാരിലേക്ക് പോയതെന്നുമാണ് നൊച്ചാട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം.
“നിലവിൽ ഈ സ്ഥലങ്ങളുടെ രേഖകളിൽ സർക്കാർ ഭൂമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വഴി നികുതിയടക്കാൻ കഴിയാത്തത് അതുകൊണ്ടാണ്. നികുതി അടക്കുന്നതിനുള്ള ഇ പോർട്ടലിലേക്ക് ഡീറ്റെയിൽസ് എന്റർ ചെയ്യുമ്പോഴേക്കും അത് തള്ളിപ്പോവുകയാണ് ചെയ്യുന്നത്. വില്ലേജ് റെക്കോർഡ്‌സിൽ അതിന് മാറ്റം വരുത്തണം. നിലവിൽ വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണുള്ളത്. ഗവൺമെന്റ് തലത്തിൽ തീരുമാനം ഉണ്ടാകാതെ വില്ലേജ് ഓഫീസിൽ നിന്ന് മാത്രമായി എന്തെങ്കിലും ചെയ്യാൻ കഴിയില്ല. നിലവിൽ ഈ ഭൂമി സർക്കാർ ഉടമസ്ഥതയിലാണുള്ളത്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ പേരിൽ നികുതി സ്വീകരിക്കുന്നതിന് സാങ്കേതികമായി തടസ്സമുണ്ട്” നൊച്ചാട് വില്ലേജ് ഓഫീസർ സുധീഷ് പറഞ്ഞു. നികുതി കുടിശ്ശികയുള്ള ഒരു ഭൂമി, അതുകാരണം സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമായിരുന്ന ഭൂമി പിന്നെങ്ങനെ ഈ 67 കുടുംബങ്ങൾക്ക് പണം കൊടുത്ത് വാങ്ങാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് വില്ലേജ് ഓഫീസർക്കും വ്യക്തമായ ഉത്തരമില്ല. ഗവൺമെന്റ് തലത്തിൽ തീരുമാനം വരാതെ വില്ലേജ് ഓഫീസർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം പരിഹരിക്കുമെന്നും അർഹതപ്പെട്ടവർക്ക് ഭൂമി പതിച്ചു നൽകുമെന്നും മുൻ എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ ടി.പി രാമകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു. “നൊച്ചാട് വിഷയം മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. ആവകാശപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കും. ചില സാങ്കേതിക തടസ്സങ്ങൾ മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. അത് പരിഹരിച്ച് മുന്നോട്ട് പോകും” അദ്ദേഹം പറഞ്ഞു. എം.എൽ.എ നേരത്തെയും വിഷയം പരിഹരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ചുവർഷങ്ങൾക്കിപ്പുറവും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ
നികുതി നിഷേധിക്കപ്പെട്ടതോടെ ഈ 67 കുടുംബങ്ങൾക്കും രേഖകൾ ഇല്ലാതായി. കരം അടച്ച രേഖയില്ലാത്തതിനാൽ ഈ കാലയളവിൽ ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടു. വില്ലേജ് ഓഫീസിലോ, അക്ഷയ കേന്ദ്രങ്ങളിലോ ചെറിയ ആവശ്യങ്ങൾക്ക് പോലും നികുതിയടച്ച റസീറ്റ് ആവശ്യപ്പെടുമ്പോൾ പ്രതിസന്ധിയിലായിപ്പോകുന്നുണ്ട് ഈ കുടുംബങ്ങൾ. കൃഷിഭവനിൽ നിന്ന് ഒരു ചെടിത്തൈ വാങ്ങണമെങ്കിൽ പോലും നികുതി റസീറ്റ് വേണമെന്നിരിക്കേയാണ് ഇത്. പെൻഷനും, വിദ്യാഭ്യാസ വായ്പ്പയും ഉൾപ്പെട നിഷേധിക്കപ്പെട്ടവരായി നൊച്ചാട് നിരവധി പേരുണ്ട്. നികുതിക്കടലാസ് കൈയ്യിൽ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ വായ്പയെടുക്കാൻ കഴിയാതെ, ആഗ്രഹിച്ച കോഴ്സിന് ചേരാൻ കഴിയാതെ, ഫീസ് കുറഞ്ഞ മറ്റ് കോഴ്സുകൾക്ക് ചേരേണ്ടി വന്ന വിദ്യാർഥികളുമുണ്ട്.
'നികുതി റസീറ്റ് ഇല്ലാത്തതുകൊണ്ട് മാത്രമാണ് എന്റെ മകൾക്ക് വിദ്യാഭ്യാസ വായ്പ ബാങ്കുകൾ അനുവദിക്കാതിരുന്നത്. ബി.എസ്.സി നഴ്‌സിംഗ് പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഏഴു ലക്ഷം രൂപ ഫീസ് ഇനത്തിൽ വേണ്ടി വരുമെന്ന് കോളേജിൽ നിന്ന് അറിയിച്ചു. അതിനായി വായ്പയെടുക്കാൻ ചെന്നപ്പോഴാണ് നികുതി റസീറ്റ് ഇല്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ സാധിക്കില്ലെന്ന് മനസ്സിലായത്. ആഗ്രഹിച്ച കോഴ്സിന് അവളെ ചേർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇപ്പോൾ മറ്റൊരു കോഴ്സാണ് പഠിക്കുന്നത്.' - പ്രദേശവാസിയായ എം. റിജുല പറഞ്ഞു.
ഇത് നൊച്ചാടിന്റെ മാത്രം പ്രശ്നമല്ല, സംസ്ഥാനത്ത് പലയിടത്തും ഭൂമിയുടെ വിഷയത്തിൽ ഈ പ്രതിസന്ധി നേരിടുന്ന മനുഷ്യരുണ്ട്. ഭൂരഹിതരില്ലാത്ത നവകേരളത്തിലേക്ക് ചുവട് വെക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ അടിയന്തിരമായി ഈ മനുഷ്യരുടെ പരാതി കേൾക്കണം. പരിഹാരമുണ്ടാക്കണം.