ബുദ്ധനുശേഷം ഇന്ത്യ കണ്ട മഹാനായ ചിന്തകനായിരുന്നു ഡോ.ബി.ആർ.അംബേദ്കർ. ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അതിന് അനുസൃതമായ രീതിയിൽ ഒരു ഭരണഘടനയെ നിർമ്മിച്ചെടുക്കാൻ പ്രധാന പങ്ക് വഹിച്ച വ്യക്തിയുമാണ് അദ്ദേഹം. ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളെ തരണം ചെയ്താണ് അംബേദ്കർ ലോകം അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. ഇന്ത്യയിൽ നിലിനിന്നിരുന്ന ജാതിവ്യവസ്ഥ മനുഷ്യനെ വേർതിരിക്കുന്ന മുഖ്യമായ ഘടകമാണെന്ന് തൻറെ ജീവിതാനുഭവങ്ങളിൽനിന്നു തന്നെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ജാതിവ്യവസ്ഥയ്ക്കെതിരായ നിലപാട് എക്കാലവും അംബേദ്കർ സ്വീകരിച്ചിരുന്നു. ആധുനിക ഇന്ത്യയെ നിർമ്മിച്ചെടുക്കുന്നതിൽ ജാതിപരമായ വേർതിരുവുകൾ തടസമാകും എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് പ്രേരകമായത്.
പഠിക്കുക, സംഘടിക്കുക, പോരാടുക എന്നീ മുദ്രാവാക്യങ്ങളാണ് അംബേദ്കർ മുന്നോട്ടുവെച്ചത്. ബുദ്ധൻറെയും പാശ്ചാത്യ ചിന്തകരുടെയും ആശയങ്ങളിൽനിന്നാണ് അംബേദ്കർ പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുത്തത്. ഇന്ത്യൻ ഭരണ വ്യവസ്ഥയെ നിർമ്മിച്ചെടുത്ത രാഷ്ട്ര മീമാംസകനായിരുന്നു അംബേദ്കർ.

1913 ജൂലൈ 10ന് അംബേദ്കർ കൊളംബിയ സർവകലാശായിൽ ഉപരി പഠനത്തിന് ചേർന്നു. അവിടുത്തെ പഠിത്തം അംബേദ്കർക്ക് പുതിയൊരു ലോകം തുറന്നു നൽകി. സ്വാതന്ത്ര്യത്തിൻറെ വിശാലഭൂമികയെന്തെന്ന് അദ്ദേഹം അതിലൂടെ തിരിച്ചറിയുകയായിരുന്നു. കൊളംബിയയിൽനിന്ന് എം.എ ബിരുദം നേടിയ അംബേദ്കർ അവിടെ പഠിക്കുമ്പോഴാണ് ലാലാലജപത്റായിയെ പരിചയപ്പെടുത്തുന്നത്. 1916ൽ അദ്ദേഹത്തിന് കൊളംബിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. ഇന്ത്യയുടെ ദേശീയ ഓഹരി: ചരിത്രവും വിശകലനാത്മകവുമായൊരു പഠനം എന്ന പ്രബന്ധമാണ് അംബേദ്കർ അവിടെ അവതരിപ്പിച്ചത്. ഇത് പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൊളംബിയയിലെ പഠനത്തിനുശേഷം ബോംബെയിൽ മടങ്ങിയെത്തിയ അംബേദ്കർ ബറോഡയിലെ മിലിട്ടറി സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പഠിക്കാനുള്ള അനുമതി വാങ്ങി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മിലിട്ടറി സെക്രട്ടറിയുടെ ജോലി രാജിവെച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അംബേദ്കർ എഴുത്തിലേയ്ക്ക് കടന്നു. ബർട്രാൻറ് റസലിൻറെ റീ കൺസ്ട്രക്ഷൻ ഓഫ് സൊസൈറ്റി എന്ന പുസ്തകത്തിന് റിവ്യൂ എഴുതിക്കൊണ്ടാണ് ബൗദ്ധിക രംഗത്തേക്ക് വരുന്നത്. ഇതിനിടയിൽ അധ:സ്ഥിത സമൂഹത്തിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്താൻ അംബേദ്കർ സമയം കണ്ടെത്തി.

1920 ഓടെ ലണ്ടനിലെത്തിയ അംബേദ്കർ അവിടെ പഠനം ആരംഭിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ബിരുദവും ഗ്രേസ് ഇന്നിൽനിന്നും നിയമബിരുദവും കരസ്ഥമാക്കി 1923ൽ ബോംബെയിൽ തിരിച്ചെത്തിയതോടെയാണ് അംബേദകറുടെ സാമൂഹിക പ്രവർത്തനത്തിൻറെ തീക്ഷ്ണമായ ഘട്ടം ആരംഭിക്കുന്നത്. 1923ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. അധ:സ്ഥിത സമൂഹത്തിനുവേണ്ടിയുള്ള കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 1927 ജനുവരി ഒന്നിന് കോറഗണിലെ ചരിത്രപ്രസിദ്ധമായ യുദ്ധസ്മാരകത്തിൽ സംഘടിപ്പിച്ച അധ:സ്ഥിതരുടെ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തത് അംബേദ്കറാണ്.
1926ൽ സൗത്ത്ബോറ കമ്മീഷന് മുമ്പാകെ അയിത്തജാതിക്കാരുടെ സാമൂഹിക രാഷ്ട്രീയ അവകാശങ്ങൾ കാണിച്ചുകൊണ്ടുള്ള നിവേദനത്തിൻറെ അടിസ്ഥാനത്തിലും 1919ലെ ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് അനുസരിച്ചും അംബേദ്കറുടെ സാമൂഹിക പ്രവർത്തനങ്ങളും പരിഗണിച്ച് 1926 ഡിസംബറിൽ അദ്ദേഹത്തെ ബോംബെ നിയമനിർമ്മാണ സഭയിലേയ്ക്ക് നാമനിർദേശം ചെയ്തു. അംബേദ്കർ അവിടെ നടത്തിയ പ്രസംഗങ്ങൾ ചരിത്രപ്രസിദ്ധമായിരുന്നു. ചൗദാർ കുളത്തിൽനിന്നും വെള്ളം കോരുന്നതിനെതിരെ മഹദ് മുനിസിപ്പാലിറ്റി പ്രമേയം പാസാക്കിയപ്പോൾ അതിനെതിരായി സമ്മേളനത്തെ അഭിസംബോധന ചെയ്തത് അംബേദ്കറായിരുന്നു. തുടർന്നുള്ള അംബേദ്കറുടെ ജീവിതം നിരവധിയായ പ്രവർത്തനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഗാന്ധിജിയെ കണ്ടു മുട്ടുന്നതും രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യാപൃതനാകുന്നതും അംബേദ്കറുടെ ജീവിതത്തെ മാറ്റിമറിച്ചു.
ലോകം ഏറ്റവും മികച്ച ഭരണഘടന രൂപപ്പെടുത്തുന്നതിൽ അംബേദ്കർ വലിയ പങ്കാണ് വഹിച്ചത്.
1946 ഡിസംബർ ആറിന് പാർലമെൻറിൻറെ സെൻട്രൽ ഹാളിൽ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം നടന്നു. ഈ യോഗത്തിൽ അംബേദ്കർ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമായിരുന്നു. സാഹോദര്യത്തിൻറെയും ഐക്യത്തിൻറയും സന്ദേശമാണ് ഈ പ്രസംഗത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. ഇതേതുടർന്ന് ഭരണഘടനാ ഉപസമിതിയിലേക്കും ന്യൂനപക്ഷാവകാശ ഉപസമിതിയിലേക്കും ഡോ. അംബേദ്കറെ തിരഞ്ഞെടുത്തു. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നെഹ്റു ആദ്യ നിയമമന്ത്രിയായി അംബേദ്കറെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. തുടർന്ന് അംബേദ്കറെ ഭരണഘടനാ നിർമ്മാണ ട്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തതോടെ ചരിത്രം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. 1948 നവംബർ നാലിന് കരടു ഭരണഘടനാ ചർച്ച ചെയ്യുന്നതിനുള്ള പ്രമേയം അംബേദ്കർ ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ചു. തുടർന്ന് ഇന്ത്യയുടെ ഐക്യത്തെയും സൗഹാർദ്ദത്തെയും ഊട്ടിയുറപ്പിക്കുന്ന ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടു. ലോകം ഏറ്റവും മികച്ച ഭരണഘടന രൂപപ്പെടുത്തുന്നതിൽ അംബേദ്കർ വലിയ പങ്കാണ് വഹിച്ചത്. സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും നിരവധി പുസ്തകങ്ങൾ എഴുതാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. ജാതി ഉന്മൂലനം, ബുദ്ധനും ബുദ്ധധർമ്മവും അംബേദ്കറുടെ പ്രധാന കൃതികളാണ്. 1956 ഡിസംബർ ആറിന് അംബേദ്കർ ലോകത്തോട് വിടപറഞ്ഞു. ലോകം കണ്ട ചിന്തകരിൽ ഒരാളെന്നും ആധുനിക ഇന്ത്യയുടെ രാഷ്ട്രശിൽപിയെന്നുമാണ് അംബേദ്കറെ ഇന്ന് ലോകം വിലയിരുത്തുന്നത്.
'ജാതി ഉന്മൂലന'ത്തിൻറെ സമകാലിക വായന
അതുവരെ നിലനിന്നിരുന്ന/നിലനിർത്തിയ അധിനിവേശ നിർമ്മിതികളെ ചോദ്യം ചെയ്യപ്പെടുന്നു എന്ന കാരണത്താലാണ് 'ജാതി ഉന്മൂലനം'
(Anihilation of caste) എന്ന അംബേദ്കറുടെ വിഖ്യാത കൃതി അത് അവതരിപ്പിക്കേണ്ട സ്ഥലത്ത് പ്രസംഗിക്കാനോ തുടർന്ന് അന്ന് അച്ചടിക്കാനോ കഴിയാതിരുന്നത്. ഈ കൃതിയുടെ രാഷ്ട്രീയമാണ് അത്തരമൊരു അവസ്ഥയെ സൃഷ്ടിച്ചത്. എന്നാൽ വലിയൊരു ആശയപ്രചരണത്തിൻറെ ആവശ്യകതയെ മുന്നിൽ കണ്ട അംബേദ്കർ സ്വന്തം ചിലവിൽ ആ കൃതി അച്ചടിച്ച് വിതരണം ചെയ്തു. പുസ്തകം ഇറങ്ങിയ കാലത്തെപ്പോലെതന്നെ ഇന്നും ഇന്ത്യയിലെ വരേണ്യ നിർമ്മിത പൊതുമണ്ഡലത്തിലും ദലിത് കീഴാള സമൂഹങ്ങൾക്കിടയിലും ഈ കൃതി വലിയ സംവാദങ്ങൾക്കും ചർച്ചകൾക്കും ഇടം നൽകുന്നുണ്ട്. ഇത്തരം കൃതികൾ പുനർവായനകൾക്ക് വിധേയമാക്കേണ്ട സാമൂഹിക സന്ദർഭമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്. മോദിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് സർക്കാർ അധികാരത്തിൽ വരികയും ഹിന്ദുത്വ അജണ്ടകൾ (ഖർവാപ്പസി, ഗോവധനിരോധം, പൗരത്വനിയമം തുടർന്ന് മോദി ഭരണത്തിലെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ ) നടപ്പാക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് അംബേദ്കർ കൃതികളുടെ വായനകൾ വീണ്ടും പ്രസക്തമാകുന്നത്.

കീഴാള, ദലിത് സമൂഹത്തിൻറെ സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപിച്ചതെന്ന് ആഴത്തിലുള്ള പഠനങ്ങളിലൂടെ അംബേദ്കർ കണ്ടെത്തുകയായിരുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധ:സ്ഥിത സമൂഹത്തിൻറെ സാമൂഹികമാറ്റ പ്രക്രീയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ കണ്ടത്. അതുകൊണ്ടാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും 'ജാതി ഉന്മൂലന'ത്തെ മറികടക്കാൻ അവയ്ക്കൊന്നും ഇപ്പോഴും കഴിയാത്തത്. ഗാന്ധിക്കുപോലും ഹരിജനിൽ ഈ കൃതിക്കെതിരെ ലേഖനം എഴുതേണ്ടി വന്നതും ഈ അർത്ഥത്തിലാണ്. 'ജാതി ഉന്മൂലന'ത്തെക്കുറിച്ച് ഏതെങ്കിലും സമയത്ത് ഒരു ചർച്ച ഉയർന്നു വന്നാൽ അത് വലിയ സംവാദത്തിൻറെ സാധ്യതകളെയാണ് തുറന്നു വെയ്ക്കുന്നത്. ഒരു പുസ്തകത്തെ അത്രമാത്രം ഭയക്കുന്ന ഒരു പിന്തിരിപ്പൻ സമൂഹം ഇന്ത്യയിലുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിൽ ജാതി ഉന്മൂലനം ഏതെങ്കിലും തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ അതാണ് ഈ പുസ്തകത്തിൻറെ വിജയവും.