സംസ്ഥാന സർക്കാർ സർവീസിലെ സാമുദായിക പ്രാതിനിധ്യത്തിലുള്ള കടുത്ത അസമത്വം വ്യക്തമാക്കുന്ന കണക്ക് അവതരിപ്പിച്ച് സർക്കാർ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് മുന്നാക്ക ഹിന്ദു വിഭാഗങ്ങളിൽ നിന്നാണെന്നും പിന്നാക്ക വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കാണ് പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയായി മുൻ മന്ത്രി കെ. രാധാകൃഷ്ണനുവേണ്ടി നിയമസഭയിൽ നൽകിയത്.
5,45,423 പേരാണ് ആകെ സർവ്വീസിലുള്ളത്. അതിൽ 1,96,837 പേരും മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്. അതായത് ആകെ സർക്കാർ ജീവനക്കാരിൽ 36.08 ശതമാനം പേരും മുന്നാക്ക വിഭാഗക്കാർ.
ഒ.ബി.സി വിഭാഗത്തിൽ നിന്ന് 2,85,335 പേരാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. 51,783 പേർ മാത്രമാണ് എസ്.സി വിഭാഗത്തിൽ നിന്നുള്ളത്. 10,513 പേർ എസ്.ടി വിഭാഗത്തിൽ നിന്നുമുണ്ട്. സാമുദായിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, 36.08 ശതമാനം വരുന്ന മുന്നാക്ക വിഭാഗക്കാരിൽ 1,08,012 പേർ നായർ അനുബന്ധ സമുദായത്തിൽ നിന്നുള്ളവരാണ്, അതായത് 19.8 ശതമാനം.
13.51 ശതമാനം പേർ മുന്നാക്ക ക്രിസ്റ്റ്യൻ വിഭാഗത്തിൽ നിന്നുള്ളവരാണ്, അതായത് 73,713 പേർ. 1,15,075 ആണ് ഈഴവ, തീയ്യ മറ്റ് അനുബന്ധ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ അനുബന്ധസ്ഥാപനങ്ങളിലെ പ്രാതിനിധ്യം. 73,774 ആണ് മുസ്‌ലിം വിഭാഗ പ്രാതിനിധ്യം, 13.51 ശതമാനം. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ നിന്ന് 22,542 പേർക്കാണ് പ്രതിനിധ്യം. വിശ്വകർമ അനുബന്ധ വിഭാഗങ്ങൾക്ക് 16,564, ധീരവ അനുബന്ധ വിഭാഗങ്ങൾ 6818, പുലയ, ചേരമ അനുബന്ധ വിഭാഗങ്ങൾ 19,627, ഹിന്ദു നാടാർ 5089, പരിവർത്തന ക്രൈസ്തവർ 2399 എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കണക്ക്.
സർക്കാർ സർവീസിൽ സംവരണമുണ്ടായിട്ടും മുസ്‌ലിം പ്രാതിനിധ്യത്തിൽ വൻ കുറവാണ്. 2011-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 13.51 ശതമാനം മാത്രമാണ് സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മുസ്‌ലിം പ്രതിനിധ്യം.
സംസ്ഥാനത്ത് ആകെയുള്ള 5,45,423 സ്ഥിരം സർക്കാർ ജീവനക്കാരുടെ മതം, ജാതി തിരിച്ചുള്ള ജീവനക്കാരുടെ റിപ്പോർട്ട് സർക്കാർ ജോലിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നതാണ്. സംവരണേതര വിഭാഗത്തിൽ മുന്നാക്ക ഹിന്ദു വിഭാഗങ്ങളിൽ നിന്നാണ് സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. നായർ, മേനോൻ, കുറുപ്പ് അടക്കമുള്ള മുന്നാക്ക ഹിന്ദുവിഭാഗത്തിൽ നിന്ന് 1,08,012 പേരും ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് 7,112 പേരുമാണുള്ളത്.
എന്നാൽ ജനസംഖ്യയിൽ 25 ശതമാനത്തോളമുള്ള ഈഴവ വിഭാഗത്തിനാകട്ടെ 21.09 ശതമാനമാണ് പ്രാതിനിധ്യം. സർവ്വീസിലുള്ള മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 52.31 ശതമാനമാണത്. സംസ്ഥാന ജനസംഖ്യയിലെ ഒ.ബി.സി പ്രാതിനിധ്യം 65 ശതമാനം മുതൽ 70 ശതമാനം വരെയാണ്. പ്രാതിനിധ്യം മുഴുവനായി പരിഗണിക്കുമ്പോഴും ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ഈഴവ വിഭാഗത്തിനില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സർക്കാർ ജോലിയിൽ നിലനിൽക്കുന്ന കടുത്ത അസമത്വം വെളിപ്പെടുത്തുന്നതാണ് റിപ്പോർട്ട്.
സർക്കാർ, അർധ സർക്കാർ, എയ്ഡഡ്, സ്വയംഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ കണക്കുകൾ തയാറാക്കാൻ പിന്നാക്ക വിഭാഗ കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന e-CDESK ആണ് ഈ കണക്കുകൾ തയ്യാറാക്കിയത്. 2024 ജൂൺ 19 വരെയുള്ള കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്. കേരളത്തിൽ ആദ്യമായാണ് സർക്കാർ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ചുള്ള കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. നിലവിൽ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല
കാലങ്ങളായി തുടരുന്ന സംവരണ വിരുദ്ധ പ്രചാരണത്തിന്റെയും മുസ്‌ലിം സമുദായം അനർഹമായി അവസരങ്ങൾ തട്ടിയെടുക്കുന്നു തുടങ്ങിയ വിദ്വേഷ പ്രചരണത്തിന്റെയും മുനയൊടിക്കുന്നതാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട ഈ ഔദ്യോഗിക രേഖ.