അതുൽ കുമാറിന് ഐ.ഐ.ടി പ്രവേശനം നിഷേധിച്ച ജാതി

രാജ്യത്തെ എറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളുടെ ലിസ്റ്റിൽ വരുന്ന ജെ.ഇ.ഇ. മെയിൻസ്, ജെ.ഇ.ഇ. അഡ്വാൻസ് എന്നീ പരീക്ഷകൾ എഴുതി മികച്ച റാങ്കോട് കൂടി പാസായ ഒരു വിദ്യാർഥിയാണ് സീറ്റ് നഷ്ടപ്പെട്ട് പുറത്തിരിക്കേണ്ടിവരുന്നത് എന്നതായിരുന്നില്ല ഐ.ഐ.ടി അധികൃതരുടെയോ പരീക്ഷാ നടത്തിപ്പുകാരുടെയോ പരിഗണനാവിഷയം. മറിച്ച് ഫീസ് അടയ്ക്കാൻ വൈകിയെന്ന കാരണം കാണിച്ച് അതുൽ കുമാർ എന്ന 18കാരനായ ദലിത് വിദ്യാർഥിക്ക് ധൻബാദ് പ്രവേശനം നിഷേധിക്കാനായിരുന്നു തിടുക്കം.

News Desk

ബി.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന് പ്രവേശനം നേടിയ ഒരു ദലിത് വിദ്യാർഥിക്ക്, അഡ്മിഷൻ ഫീസ് അടക്കാൻ വൈകിയെന്ന കാരണംകൊണ്ട് ധൻബാദ് ഐ.ഐ.ടിയിൽ പ്രവേശനം നിഷേധിച്ചത് ചർച്ചയാവുകയാണ്. യു.പി.എസ്.സി സിവിൽ സർവീസ്, നീറ്റ്, എൻ.ഡി.എ തുടങ്ങി രാജ്യത്തെ എറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളുടെ ലിസ്റ്റിൽ വരുന്ന ജെ.ഇ.ഇ.മെയിൻസ്, ജെ.ഇ.ഇ അഡ്വാൻസ് എന്നീ പരീക്ഷകൾ എഴുതി മികച്ച റാങ്കോട് കൂടി പാസായ ഒരു വിദ്യാർഥിയാണ് സീറ്റ് നഷ്ടപ്പെട്ട് പുറത്തിരിക്കേണ്ടിവരുന്നത് എന്നതായിരുന്നില്ല ഐ.ഐ.ടി അധികൃതരുടെയോ പരീക്ഷാ നടത്തിപ്പുകാരുടെയോ പരിഗണനാ വിഷയം. മറിച്ച് ഫീസ് അടയ്ക്കാൻ വൈകിയെന്ന കാരണം കാണിച്ച് അതുൽ കുമാർ എന്ന 18കാരനായ ദലിത് വിദ്യാർഥിക്ക് ധൻബാദ് ഐ.ഐ.ടിയിൽ പ്രവേശനം നിഷേധിക്കാനായിരുന്നു അധികൃതർക്ക് തിടുക്കം.

ദിവസ വേതനത്തിന് ജോലി ചെയ്യുന്ന അതുൽ കുമാറിന്റെ കുടുംബത്തിന് 17,500 രൂപ അഡ്മിഷൻ ഫീസ് പെട്ടെന്ന് സംഘടിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു. അഡ്മിഷൻ പോർട്ടൽ അടക്കുന്നതിന് മിനുട്ടുകൾ മുൻപ് മാത്രമാണ് അഡ്മിഷൻ ഫീസ് സംഘടിപ്പിക്കാൻ കഴിഞ്ഞത്. പോർട്ടൽ അടച്ചതോടെ പ്രവേശനം അനിശ്ചിതത്വത്തിലായി. യോഗ്യതകളെല്ലാം ഉണ്ടായിട്ടും മിടുക്കനായ ഒരു വിദ്യാർഥിക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇത്തവണ ജെ.ഇ.ഇ മെയിൻസ്, ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നത് മദ്രാസ് ഐ.ഐ.ടിക്കായിരുന്നു. അതുകൊണ്ട് അതുൽ കുമാർ ഇളവ് ആവശ്യപ്പെട്ട് ആദ്യം പോയത് മദ്രാസ് ഹൈക്കോടതിയിലേക്കായിരുന്നു. എന്നാൽ ഇളവുകൾ നൽകേണ്ടത് തങ്ങളല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചാണ് അതുൽ കുമാർ അനുകൂല വിധി സമ്പാദിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ് ബെഞ്ചായിരുന്നു കേസ് പരിഗണനയ്ക്ക് എടുത്തത്. പണം ഇല്ലെന്നതിന്റെ പേരിൽ ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടമാകരുതെന്ന് കേസിന്റെ വിധി പറയവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. 'ഐ ഐ ടി പ്രവേശനം നേടിയെടുക്കാൻ പരമാവധി ശ്രമിച്ച, പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കഴിവുള്ള ഒരു വിദ്യാർത്ഥിയെ സാങ്കേതിക തടസ്സങ്ങൾ മാത്രം പറഞ്ഞ് ഒഴിവാക്കുന്നത് ഒരിക്കലും ശരിയല്ല' - കോടതി വ്യക്തമാക്കി. ഐ.ഐ.ടി ധൻബാദിൽ അതുൽ കുമാറിന് പ്രവേശനം അനുവദിക്കാൻ സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്, മൂന്നംഗ ബെഞ്ച് പിന്നീട് ഉത്തരവിടുകയായിരുന്നു. അതേ ബാച്ചിൽ തന്നെ പ്രവേശനം അനുവദിക്കണമെന്നും ഹോസ്റ്റൽ അലോട്ട്മെന്റ് ഉൾപ്പടെ അനുവദിക്കണമെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ഫീസ് അടക്കുന്നതിന് തൊട്ടുമുൻപ്, അഡ്മിഷൻ പോർട്ടൽ അടച്ചുപോയെന്ന് അതുൽ കുമാർ കോടതിയിൽ വ്യക്തമാക്കി. ദിവസവേതനക്കാരായ തൻെറ മാതാപിതാക്കൾക്ക് 17,500 രൂപ അഡ്മിഷൻ ഫീസ് കണ്ടെത്തുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഇളവുകൾ അനുവദിക്കണമെന്നായിരുന്നു വാദം. എന്നാൽ ഐ.ഐ.ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, അതുൽ കുമാറിന്റെ അഡ്മിഷൻ തടയാനായിരുന്നു പരമാവധി ശ്രമിച്ചത്. അതുൽ അഡ്മിഷൻ പോർട്ടലിൽ ലോഗ് ഇൻ ചെയ്തത് മൂന്നുമണിക്കാണെന്നും അവസാന നിമിഷമല്ല എന്നുമായിരുന്നു ഐ.ഐ.ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. 3.12 വരെ ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും അതുൽ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് തന്നെ, ഫീസിനെക്കുറിച്ചും ഫീസ് അടക്കാനുള്ള തീയതിയെക്കുറിച്ചും മറ്റ് വിദ്യാർഥികള അറിയിച്ചത് പോലെ അതുലിനെയും അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ, അഡ്മിഷൻ തടയാനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിന് പകരം പ്രവേശനം ചെയ്തുകൊടുക്കാൻ വഴികളെന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയൂ എന്നായിരുന്നു മൂന്നംഗ ബെഞ്ചിലെ അംഗം ജസ്റ്റിസ് ജെ.ബി പർദീവാല പറഞ്ഞത്.

കഴിഞ്ഞ തവണയും പ്രവേശന പരീക്ഷ എഴുതിയ തനിക്ക്, ഐ.ഐ.ടി പ്രവേശനത്തിനുള്ള അവസാന സാധ്യതയാണ് ഇതെന്ന് അതുൽ കുമാർ പറഞ്ഞു. അഡ്മിഷൻ തടയാൻ സാങ്കേതിക കാരണങ്ങളാണ് ഐ.ഐ.ടി അധികൃതർ നിരത്തുന്നതെങ്കിലും അതിന് പിന്നിൽ ജാതിയുണ്ടെന്ന് വ്യക്തമാണ്. കേസ് പരിഗണിക്കവേ, ഐ ഐ ടിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ജെ.ബി പർദ്ദിവാല ചോദിച്ച ചോദ്യത്തിൽ അത് വ്യക്തമായിരുന്നു.

“കാര്യങ്ങളെല്ലാം ശരിയായിരുന്നെങ്കിൽ, അതുൽ കുമാർ കൃത്യസമയത്ത് അഡ്മിഷൻ ഫീസ് അടച്ചിരുന്നെങ്കിൽ നിങ്ങൾ അയാൾക്ക് അഡ്മിഷൻ അനുവദിക്കുമായിരുന്നോ” എന്നായിരുന്നു ജസ്റ്റിസ് ജെ.ബി പർദ്ദിവാലയുടെ ചോദ്യം. രാജ്യത്തെ എറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളിൽ ഒന്നായ ജെ.ഇ.ഇ മെയിനും ജെ.ഇ.ഇ അഡ്വാൻസും എഴുതി പാസായത് മുതൽ തുടങ്ങുന്നുണ്ട് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അതുൽ കുമാർ എന്ന വിദ്യാർഥിയുടെ പോരാട്ടം. അതിനാണ് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ഉന്നത വിദ്യഭാസ കേന്ദ്രങ്ങളായ ഐ.ഐ.ടികളിൽ ഓരോ വർഷവും ജാത്യാധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നതും ആത്മഹത്യ ചെയ്യുന്നതുമായ ദലിത് വിദ്യാർത്ഥികളുടെ എണ്ണം ഏറെയാണ്. ഡൽഹി ഐ.ഐ.ടിയിൽ കഴിഞ്ഞ വർഷം, സെപ്തംബർ ഒന്നിന് ആത്മഹത്യ ചെയ്ത അനിൽ കുമാർ, ബോബെ ഐ.ഐ.ടിയിലെ വിദ്യാർത്ഥിയായിരുന്ന ദർശൻ സോളങ്കി, അനികേത് അംഭോർ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുല തുടങ്ങി ജാത്യാധിക്ഷേപങ്ങൾ നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തവർ ഏറെയാണ്.

Comments