കുട്ടികൾ ഒരു വശത്തും മുതിർന്നവർ മറുവശത്തുമായി വിഭജിക്കപ്പെട്ടിരിക്കയാണ് നമ്മുടെ സമൂഹം എന്ന മട്ടിലുള്ള നറേറ്റീവുകളാണ് ചുറ്റും. തലമുറവിടവ് മുമ്പില്ലാത്ത അത്ര ആഴവും പരപ്പും കൈവരിച്ചിട്ടുണ്ട് ഇന്ന് എന്നത് തർക്കമറ്റ കാര്യമാന്നെന്ന് സമ്മതിച്ചാലും രണ്ട് തലമുറകൾ വിരുദ്ധ ധ്രുവങ്ങളിൽ നിലയുറപ്പിച്ച് പോരടിച്ചുകൊണ്ടിരിക്കുകയാണ് എന്ന മട്ടിലുള്ള പ്രതീതി സൃഷ്ടിക്കുന്നത് യാഥാർഥ്യത്തിനുനേരെ കണ്ണടച്ചുപിടിക്കലായിമാറും.
പാട്രിയാർക്കൽ സമൂഹത്തിൽ നിലനിന്നിരുന്ന ആൺകോയ്മയും ചോദ്യം ചെയ്യാനാവാത്ത പിതൃബിംബസാന്നിദ്ധ്യവും നമ്മുടെ കുടുംബങ്ങൾക്കകത്ത് ഏറെക്കുറെ അവസാനിച്ച മട്ടാണ്. 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകംവരെ നിലനിന്നിരുന്ന കുടുംബഘടനയല്ല ഇന്ന് നമ്മുടേത്. കുട്ടികളാണ് ഇപ്പോൾ കുടുംബത്തിന്റെ കേന്ദ്രസ്ഥാനത്ത്. അവരുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ചാണ് കുടുംബത്തിലെ ചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കപ്പെടുന്നതും ഭക്ഷണം പാകം ചെയ്യപ്പെടുന്നതുമൊക്കെ. ഇത്തരമൊരു സാമൂഹ്യാവസ്ഥയിൽ കുട്ടികളും മുതിർന്നവരും രണ്ട് പക്ഷമായിമാറി എന്ന് എങ്ങനെ പറയാൻ കഴിയും?

അധ്യാപക വിദ്യാർഥി ബന്ധത്തിലും പഴയകാല രീതിയല്ല ഇന്ന് സ്കൂളുകളിലും കലാലയങ്ങളിലും. വിദ്യാർഥികൾ ഭയത്തോടെയും ബഹുമാനത്തോടെയും അധ്യാപകരോട് ഇടപെട്ടിരുന്ന കാലം കഴിഞ്ഞുപോയി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമാണ് മിക്കയിടത്തും. കുടുംബത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുസ്വഭാവം ഇതായിരിക്കെ ഇപ്പോൾ ഉയർന്നുകേൾക്കുന്ന അക്രമത്തിന്റെയും ആക്രോശത്തിന്റെയും വേരുകൾ എവിടെയാണ് ഒളിഞ്ഞിരിക്കുന്നത് എന്ന് ഗൗരവമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്നാൽ മേൽപ്പറഞ്ഞ പൊതുസ്വഭാവത്തിന് അപവാദമായി നിൽക്കുന്ന കുടുംബത്തിലും വിദ്യാഭ്യാസ സ്ഥാപനത്തിലും മാത്രമാണ് പ്രശ്നങ്ങൾ ഉള്ളൂ എന്ന് കരുതുന്നതും യാഥാർഥ്യത്തിനു നിരക്കുന്നതല്ല എന്നും കാണാൻ കഴിയും.
മനുഷ്യചരിത്രത്തെക്കുറിച്ചോ, രാഷ്ട്രീയ- സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ചോ, ഭാഷാ പ്രയോഗത്തെക്കുറിച്ചോ ഒരു ചുക്കുമറിയാത്ത, വിലകുറഞ്ഞ രസിപ്പിക്കലിൽ മാത്രം അഭിരമിക്കുന്ന യൂട്യൂബർമാരും വ്ളോഗർമാരും റീലർമാരുമാണ് കുട്ടികളുടെ വഴികാട്ടികളും ആരാധനാ മൂർത്തികളുമായി മാറുന്നത്.
പുതുതലമുറ, പ്രത്യേകിച്ച് 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ജനിച്ച ജനറേഷൻ ഇസഡും രണ്ടാം ദശകത്തിൽ ജനിച്ച ആൽഫാ ജനറേഷനും, അവരുടെ അഭിരുചികളിലും കാഴ്ച്ചപ്പാടുകളിലും എന്തെന്ത് മാറ്റങ്ങളാണ് അതിവേഗം വരുത്തിക്കൊണ്ടിരിക്കുന്നത് എന്ന് അവരുടെ രക്ഷാകർത്താക്കളും അധ്യാപകരുമുൾപ്പെടുന്ന മുതിർന്നവരുടെ തലമുറയ്ക്ക് പിടികിട്ടുന്നില്ല എന്നതാണ് വാസ്തവം.
ഈ ദിശയിലെ ആദ്യ പഠനങ്ങളിൽ ഒന്ന്, ക്രിട്ടിക്കൽ പെഡഗോഗ് ആയ ഹെൻറി എ. ഗിറോക്സിൻ്റെതാണ്. 1995- ൽ അദ്ദേഹം എഴുതിയ ‘ആനിമേറ്റിംഗ് യൂത്ത്: ദ ഡിസ്നിഫിക്കേഷൻ ഓഫ് ചിൽഡ്രൻസ് കൾച്ചർ’ എന്ന ഉപന്യാസത്തിൽ, തീരെ ചെറിയ കുഞ്ഞുങ്ങളിൽ എങ്ങനെയാണ് പോപ്പുലർ കൾച്ചർ സ്വാധീനത്താൽ ചില അനഭിലഷണീയമായ ആശയങ്ങൾ ഉറച്ചുപോകുന്നത് എന്ന് വിശകലനം ചെയ്യുന്നുണ്ട്. കുട്ടികളുടെ ധാരണകളെയും മൂല്യങ്ങളെയും സ്വത്വബോധത്തെയും ഇവ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഗിറോക്‌സ് തുറന്നുകാട്ടുന്നു. കുട്ടികളുടെ സംസ്കാരത്തിൽ ഡിസ്നി ആനിമേഷൻ കാർട്ടൂൺ സ്വാധീനം ഇടുങ്ങിയതും ഉപഭോക്തൃപരവും പ്രത്യയശാസ്ത്രപരമായി യാഥാസ്ഥിതികവുമായ ലോകവീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ‘ഡിസ്നിഫിക്കേഷ’ന്റെ ഒരു രൂപമാണെന്ന് അദ്ദേഹം വാദിക്കുന്നു. സിനിമകൾ, ടി.വി ഷോകൾ, തീം പാർക്കുകൾ തുടങ്ങിയ ഡിസ്നിയുടെ സാംസ്കാരിക ഉൽപ്പന്നങ്ങൾ വെറും നിരുപദ്രവകരമായ വിനോദമല്ല, മറിച്ച് കുട്ടികളുടെ മനസ്സിനെയും ഭാവനയേയും രൂപപ്പെടുത്തുന്ന സ്വാധീനശക്തിയാണെന്ന് ഗിറോക്‌സ് വാദിക്കുന്നു.

വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത, സാമൂഹിക ഉത്തരവാദിത്തം എന്നീ ഗുണാത്മകവശങ്ങളെ അവഗണിക്കുന്നതോടൊപ്പം ഡിസ്നി ഉൽപ്പന്നങ്ങൾ പലപ്പോഴും വ്യക്തിപരത, മത്സരം, കൺസ്യൂമറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. ജനപ്രിയ സംസ്കാരം നമ്മുടെ മൂല്യങ്ങളെയും വ്യക്തിത്വത്തെയും സമൂഹത്തെയും മൊത്തത്തിൽ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ ഗിറോക്‌സിന്റെ ഈ ഉപന്യാസം നമ്മെ പ്രേരിപ്പിക്കുന്നു. തീരെ ചെറിയ പ്രായത്തിൽ തുടങ്ങുന്ന ഇത്തരം ജനപ്രിയ സാംസ്കാരിക ഉൽപ്പന്നങ്ങളുടെ അദൃശ്യബോധനത്തിൽ (unseen pedagogy) ആരംഭിക്കുന്നു പുതുകാല കുട്ടികളുടെ വിദ്യാഭ്യാസം.
ദൃശ്യമാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും മഹാപ്രളയത്തിലേക്കാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്ന ഘട്ടം മുതൽ കുട്ടികൾ എടുത്തെറിയപ്പെടുന്നത്. മനുഷ്യചരിത്രത്തെക്കുറിച്ചോ, രാഷ്ട്രീയ- സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ചോ, ഭാഷാ പ്രയോഗത്തെക്കുറിച്ചോ ഒരു ചുക്കുമറിയാത്ത, വിലകുറഞ്ഞ രസിപ്പിക്കലിൽ മാത്രം അഭിരമിക്കുന്ന യൂട്യൂബർമാരും വ്ളോഗർമാരും റീലർമാരുമാണ് കുട്ടികളുടെ വഴികാട്ടികളും ആരാധനാ മൂർത്തികളുമായി മാറുന്നത്. അപൂർവം ചിലരെങ്കിലും വ്യത്യസ്തരായി ഉണ്ടെങ്കിലും അവർ റീച്ചു കുറഞ്ഞവരും ‘സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ’ സ്റ്റാറ്റസ് ലഭിക്കാത്തവരുമായിരിക്കും.
യൂട്യൂബ് വീഡിയോകളുടെയും സെക്കന്റുകളുടെമാത്രം ദൈർഘ്യമുള്ള റീലുകളുടെയും രസിപ്പിക്കൽ നേരത്തിൽനിന്ന് 45 മിനിറ്റോ ഒരു മണിക്കൂറോ ദൈർഘ്യമുള്ള മുഷിപ്പിക്കൽ നേരത്തിലേക്കുള്ള മാറ്റമായാണ് സ്കൂളുകളിലേയും കോളജുകളിലേയും ക്ലാസുകൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്.
തങ്ങളുടെ ഇഷ്ടപ്രകാരം മാറിമാറി കാണാൻ കഴിയുന്ന യൂട്യൂബ് വീഡിയോകളുടെയും സെക്കന്റുകളുടെമാത്രം ദൈർഘ്യമുള്ള റീലുകളുടെയും രസിപ്പിക്കൽ നേരത്തിൽനിന്ന് 45 മിനിറ്റോ ഒരു മണിക്കൂറോ ദൈർഘ്യമുള്ള മുഷിപ്പിക്കൽ നേരത്തിലേക്കുള്ള മാറ്റമായാണ് സ്കൂളുകളിലേയും കോളജുകളിലേയും ക്ലാസുകൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. തൊണ്ണൂറുകളുടെ മധ്യത്തോടെ നാം മുന്നോട്ടുവച്ച പുതിയ പാഠ്യ പദ്ധതി വിഭാവനം ചെയ്ത വിദ്യാർഥികേന്ദ്രീകൃതവും ജനാധിപത്യപരവും വിമർശനചിന്ത പ്രോത്സാഹിപ്പിക്കുന്നതുമായ ക്ലാസ് മുറികൾ അധ്യാപക കേന്ദ്രീകൃതവും പരീക്ഷാ കേന്ദ്രീകൃതവുമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ന്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടേണ്ടുന്ന പഠനപ്രവർത്തനങ്ങളും സാംസ്കാരിക ഇടപെടലുകളും നാക് അക്രഡിറ്റേഷൻ എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സ്വന്തം നിയന്ത്രണത്തിൽ സ്മാർട്ട്ഫോണിലൂടെ ലഭിക്കുന്ന ദൃശ്യലോകത്തിൽ നിന്ന് തനിക്ക് ഒരു പങ്കുമില്ലാത്ത വിദ്യാഭ്യാസ പ്രക്രിയ കുട്ടികളെ അന്യവത്കരിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ.

ഈ അവസ്ഥയ്ക്ക് എന്താണ് പ്രതിവിധി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുടുംബത്തിലും സ്കൂളിലും കലാലയങ്ങളിലും അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നവരെ ദീർഘകാലാടിസ്ഥാനത്തിൽ പഠനവിധേയമാക്കേണ്ടതുണ്ട്. അത്തരക്കാരുടെ സാമൂഹികാവസ്ഥയും മാനസികാരോഗ്യവും ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണം. അക്കാദമിക വിദഗ്ദ്ധൻമാരും സാമൂഹ്യശാസ്ത്രകാരൻമാരും മനഃശാസ്ത്ര വിദഗ്ദ്ധരും ഈ പഠനം ഏറ്റെടുക്കണം. സിനിമ നിരോധിക്കുക, മൊബൈൽ ഫോൺ നിരോധിക്കുക, കടുത്ത ശിക്ഷനൽകുക തുടങ്ങിയ ലളിത പരിഹാരങ്ങളാണ് ആൾക്കൂട്ടത്തിന് പഥ്യം. പക്ഷെ അവബോധമുള്ള ഒരു പൗരസമൂഹത്തിന്റെ പരിഹാരാന്വേഷണം ഇത്തരം ആൾക്കൂട്ടാവശ്യങ്ങളുടെ നിറവേറ്റൽ ആയിക്കൂടാ. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ ‘ക്രിട്ടിക്കൽ ഫ്രണ്ട്’ ആവുക എന്നത് പരമപ്രധാനമാണ്. തന്റെ പ്രശ്നങ്ങൾ തുറന്നു പറയാൻ തോന്നുന്ന വിധത്തിലുള്ള അടുപ്പം കുട്ടിക്ക് രക്ഷിതാക്കളോടും അധ്യാപകരോടും ഉണ്ടാവണം. എന്നാൽ മുതിർന്ന മനുഷ്യരുടെ വിവേകത്തോടെ കുട്ടിയെ തിരുത്താനും ഇവർക്ക് കഴിയണം. ക്ലാസ്മുറികൾ ജനാധിപത്യപരവും സർഗ്ഗാത്മകവുമാവുക എന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് മർമപ്രധാനമാണ്.
മയക്കുമരുന്ന് നേരത്തെ വിദേശത്തുനിന്ന് വരണമായിരുന്നു. അത് തടയാൻ ഭരണകൂടം പരാജയപ്പെടുന്നു എന്നത് മറച്ചുവെച്ചാണ് കുറ്റം മുഴുവൻ പുതുതലമുറയ്ക്ക് മേൽ ചാർത്തുന്നത്
പുതുതലമുറയിലെ ‘പ്രശ്നക്കാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെക്കുറിച്ചുള്ള പൊതുവായ ആരോപണം അവർ എളുപ്പം അക്രമത്തിലേക്ക് തിരിയുന്നു, മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നൊക്കെയാണ്. മയക്കുമരുന്ന് നേരത്തെ വിദേശത്തുനിന്ന് വരണമായിരുന്നു. അത് തടയാൻ ഭരണകൂടം പരാജയപ്പെടുന്നു എന്നത് മറച്ചുവെച്ചാണ് കുറ്റം മുഴുവൻ പുതുതലമുറയ്ക്ക് മേൽ ചാർത്തുന്നത്. 2022-ൽ ഇന്ത്യയിൽ, ബാംഗ്ലൂരിലും ഗോവയിലും രാസമയക്കുമരുന്നുകൾ ഉദ്‌പാദിച്ച് തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതും തടയാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട് എന്ന് നമ്മൾ മറന്നുകൂടാ. പുതുതലമുറയിൽ മാത്രം പ്രശ്നങ്ങൾ കാണുന്നവർ എന്തുകൊണ്ട് ഈ യാഥാർഥ്യങ്ങൾ ചർച്ചചെയ്യുന്നില്ല?

അക്രമപ്രവണതയാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നം. സ്ലോവേനിയൻ മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക വിമർശകനുമായ സ്ലാവജ് സിസെക് (Slavoj Žižek) അക്രമത്തെ വിശകലനം ചെയ്ത് 2008-ൽ വയലൻസ്: സിക്സ് സൈഡ് വെയ്‌സ് റിഫ്‌ളക്‌ഷൻസ് (Violence: Six sideways reflections -Big Ideas) എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഈ പുസ്തകത്തിൽ അക്രമത്തെ മൂന്ന് പ്രധാന വിഭാഗങ്ങളായി തരംതിരിക്കുന്നു:
ഒന്ന്, ആത്മനിഷ്ഠമായ അക്രമമാണ്. ശാരീരിക അക്രമം അല്ലെങ്കിൽ ഭീകരത പോലെ നമുക്ക് നേരിട്ട് പരിചിതമായ, ദൃശ്യമായ അക്രമമാണ് ആത്മനിഷ്ഠമായ അക്രമം. വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ ഉടനടി ദോഷം വരുത്തുന്ന അക്രമമാണിത്.
രണ്ട്, വസ്തുനിഷ്ഠ അക്രമം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ ഉൾച്ചേർന്ന വ്യവസ്ഥാപിതവും ഘടനാപരവുമായ അക്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വസ്തുനിഷ്ഠ അക്രമം ദൃശ്യമാകുന്നത് വിരളമാണെന്നും, ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നിരുന്നാലും അസമത്വങ്ങളും ചൂഷണവും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇതിന് ഉത്തരവാദിയാണ് എന്ന് അദ്ദേഹം അടിവരയിടുന്നു.
മൂന്ന്, പ്രതീകാത്മക അക്രമം. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്ന അർത്ഥമോ പ്രത്യയശാസ്ത്രങ്ങളോ അടിച്ചേൽപ്പിക്കുന്നതാണ് പ്രതീകാത്മക അക്രമം. ഈ തരത്തിലുള്ള അക്രമം കൂടുതൽ സൂക്ഷ്മമാണ്. ഭാഷ, സംസ്കാരം, അധികാരഘടനകൾ ചിന്തയെയും ധാരണയെയും സ്വാധീനിക്കുന്ന രീതി എന്നിവയിൽ ഇത് പ്രകടമാകുന്നു. ഇത് ചില പ്രത്യയശാസ്ത്രങ്ങളെയോ ആചാരങ്ങളെയോ ‘സ്വാഭാവികം’, അല്ലെങ്കിൽ ചോദ്യം ചെയ്യാൻ കഴിയാത്തതായി തോന്നിപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ / കേരളീയ സാഹചര്യത്തിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ- രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങളെ ചർച്ച ചെയ്യാതെ പുതുതലമുറയുടെ അക്രമം മാത്രം ചർച്ചചെയ്യുന്നത് ഒരുതരത്തിലുള്ള പരിഹാര പ്രവർത്തനത്തിലേക്കും നമ്മെ നയിക്കില്ല എന്ന മിനിമം തിരിച്ചറിവെങ്കിലും നമുക്ക് ഉണ്ടായേ പറ്റൂ.