ഇന്ത്യയിൽ അവസാനമായി ജനസംഖ്യാ കണക്കെടുപ്പ് (Census) നടന്നിട്ട് 13 വർഷം പൂർത്തിയാവുകയാണ്. 1951 മുതൽ ഓരോ പത്ത് വർഷം കൂടുമ്പോഴും ജസംഖ്യാ കണക്കെടുപ്പ് നടക്കാറുണ്ട്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സെൻസസ് അകാരണമായി വൈകിക്കുകയായിരുന്നു.
2011-ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്. 2021-ൽ നടക്കേണ്ട സെൻസസിൻെറ പ്രാരംഭ പ്രവർത്തനങ്ങൾ അടുത്ത വർഷം തുടങ്ങുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെൻസസ് നടപടി 2025 ആദ്യത്തോടെയായിരിക്കും ആരംഭിക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻ.പി.ആർ) പൂർത്തിയാക്കി 2026-ൽ സമ്പൂർണ വിവരങ്ങൾ പ്രസിദ്ധീകരിക്കാനാണ് നീക്കം.
കോവിഡ് - 19 കാരണമാണ് ആദ്യം സെൻസസ് മാറ്റിവെച്ചത്. എന്നാൽ, ഇതിനുശേഷവും കേന്ദ്ര സർക്കാർ അനങ്ങിയില്ല. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400-ലധികം സീറ്റു നേടി അധികാരം പിടിക്കാനാകുമെന്നും തുടർന്ന് സെൻസസ് നടത്തി എൻ.പി.ആർ പുതുക്കിയശേഷം ദേശീയ പൗരത്വ രജിസ്റ്ററിന് രൂപം നൽകാമെന്നുമായിരുന്നു ബി.ജെ.പി അജണ്ട. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ പോയത് ഈ ലക്ഷ്യം തകിടം മറിച്ചു.
പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയവും നടക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 82-ന്റെ അടിസ്ഥാനത്തിൽ സെൻസസ് പ്രകാരമാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്. എന്നാൽ 2025-ലാണ് സെൻസസ് നടത്തുന്നതെങ്കിൽ മണ്ഡല പുനർനിർണയം സാധ്യമല്ല. അതല്ലെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 82 ഭേദഗതി ചെയ്യേണ്ടിവരും.
2029-നുശേഷം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുകയെന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യമെന്നതിനാൽ മണ്ഡല പുനർനിർണയം വൈകാനിടയില്ലെന്നാണ് സൂചന. നിലവിലെ മണ്ഡല നിർണയത്തിന്റെ കാലാവധി 2026 വരെയാണ്. 1971-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ലോക്സഭാ സീറ്റുകൾ നിശ്ചയിച്ചിരിക്കുന്നത്.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലം പുനർനിർണയം നടക്കുകയാണെങ്കിൽ അത് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കും. അതുകൊണ്ടുതന്നെ പ്രതിപക്ഷവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളഉം ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരാണ്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണനയം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറയുകയും, ജനസംഖ്യ ഗണ്യമായി വർധിച്ച ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കൂടുകയും ചെയ്യും. ഇത് സർക്കാർ നയം കൃത്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളോടുള്ള അനീതിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എൻ.ഡി.എ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരാണ്.
സെൻസസിനൊപ്പം ജാതിസെൻസസ് നടക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ഉന്നത ഉദ്യോഗപദവികളിലും വിദ്യാഭ്യാസ മേഖലയിലും പിന്നാക്ക - ദലിത് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നത് വസ്തുതയാണ്. അതിനാലാണ് ജാതി സെൻസസ് പ്രസക്തമാവുന്നത്. രാജ്യത്തെ ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നതവിദ്യാഭ്യസരംഗത്തെയെടക്കം പ്രതിനിധ്യം ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ നാമമാത്രമാണ്. എന്നാൽ 12 ശതമാനത്തോളം വരുന്ന സവർണ ജാതി വിഭാഗങ്ങളാകട്ടെ 50 ശതമാനത്തിലേറെ പ്രാതിനിധ്യം കയ്യടക്കിവെച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങൾ ഇതിനകം ജാതി സെൻസസ് നടപ്പിലാക്കിയിട്ടുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെുപ്പിൽ കോൺഗ്രസ് ഉയർത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ജാതി സെൻസസായിരുന്നു. സെൻസസിനൊപ്പം ജാതി സെൻസസും നടക്കണമെന്നും ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ വേണമെന്നുമാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
ഡിജിറ്റലായിട്ടായിരിക്കും പുതിയ സെൻസസ്. കണക്കെടുപ്പിനായി പുതിയ പോർട്ടൽ സംവിധാനം നിലവിൽ വരും. ആധാർ, മൊബൈൽ ഫോൺ വിവരങ്ങൾ നിർബന്ധമായിരിക്കും. ഒരു വീട്ടിൽ ഒന്നിലധികം കുടംബങ്ങളുണ്ടോ, പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിലുൾപ്പെടുമോ എന്നിങ്ങനെ 31 ചോദ്യങ്ങളാണ് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ തയാറാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം, വീടിന്റെ തറയുടെയും മേൽക്കൂരയുടെയും അവസ്ഥ, ശുചിമുറി സൗകര്യം, വാഹനങ്ങൾ, ഇന്റർനെറ്റ് തുടങ്ങി വീട്ടിലുള്ള മറ്റ് വിവരങ്ങളെല്ലാം ശേഖരിക്കും. സെൻസസ് നടത്തിപ്പിന് 12,000 കോടി രൂപയായിരിക്കും ചെലവ്.
2011-ലെ കണക്കുപ്രകാരം 121 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇപ്പോൾ 145 കോടി കവിഞ്ഞിട്ടുണ്ട്. 1000 പുരുഷന്മാർക്ക് 940 സ്ത്രീകളെന്നതാണ് സ്ത്രീ- പുരുഷ അനുപാതം. 74.04 ശതമാനമായിരുന്നു സാക്ഷരതാനിരക്ക്. ജനസംഖ്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകളുടെ അഭാവം സർക്കാരിന്റെ നയരൂപീകരണത്തെയും പദ്ധതികളെയും വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. 2011-ലെ കണക്കുകൾ പ്രാകാരമാണ് സർക്കാർ സംവിധാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നത്.
2021 ഏപ്രിലിലാണ് കഴിഞ്ഞ സെൻസസ് നടത്താൻ തീരുമാനിച്ചിരുന്നത്. ഹൗസ് ലിസ്റ്റിംഗ് ഘട്ടം, എൻ.പി.ആർ പുതുക്കൽ എന്നിവ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നിർത്തിവെക്കുകയായിരുന്നു.