ചാലിയം തീ പിടിത്തം: അടിയന്തിര സർക്കാർ സഹായം വേണം, മൽസ്യ തൊഴിലാളികൾ പറയുന്നു

കഴിഞ്ഞ ദിവസം ചാലിയം ഫിഷ് ഹാർബറിനടുത്തുള്ള ഫിഷ് ലാൻഡിങ്ങ് സെന്ററിൽ നടന്ന തീപിടിത്തത്തിൽ മൽസ്യ തൊഴിലാളികളുടെയും കച്ചവടക്കാരുടെയും 25 ഓളം ഷെഡുകളാണ് പൂർണ്ണമായും കത്തി നശിച്ചത്. അതോടെ ഇതിനെ അനുബന്ധമായി ഉപജീവനം നടത്തി പോന്നിരുന്ന ആയിരത്തോളം മനുഷ്യരുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. സീസണല്ലാത്ത സമയമായത് കൊണ്ട് തന്നെ ഭൂരിഭാഗം മൽസ്യ ബന്ധന സാമഗ്രികളും ഉപയോഗമില്ലാത്തതിനാൽ ഷെഡുകളിൽ തന്നെയാണ് സൂക്ഷിച്ചുവെച്ചിരുന്നത്. അതാണ് നഷ്ട ആഘാതത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ഷെഡ് ഉടമകൾ പറയുന്നു.

കേരളത്തിലെ മറ്റ് ഫിഷ് ലാൻഡിങ്ങ് സെന്ററുകൾ പോലെ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ഫിഷ് ലാൻഡിങ്ങ് സെന്റർ എന്ന തങ്ങളുടെ കാലങ്ങളായുള്ള ആവശ്യം മാറി മാറി വരുന്ന ഭരണകൂടം പരിഗണിച്ചില്ലെന്നും അതിന്റെ ബാക്കിപത്രമാണ് ഈ ദുരന്തമെന്നും മൽസ്യ തൊഴിലാളി സംഘടനാ പ്രതിനിധികൾ പറഞ്ഞു. 2017- ൽ ഇത്തരത്തിലുള്ള തീ പിടുത്തം മുമ്പ് ഉണ്ടായിരുന്നെങ്കിലും കൃത്യമായ അന്വേഷണവും നഷ്ട്പരിഹാര വിതരണവും നടന്നിരുന്നില്ല.

ബാങ്ക് ലോൺ മുഖേനയും പണയ വായ്പയിലൂടെയും വാങ്ങിയ മൽസ്യ ബന്ധന സാമഗ്രികളാണ് കത്തിപോയതെന്നും സർക്കാർ നഷ്ട്പരിഹാരം നൽകുന്നതിലൂടെ മാത്രമേ തങ്ങൾക്ക് മൽസ്യ ബന്ധനവും കച്ചവടവും വീണ്ടും തുടരാൻ കഴിയുകയുള്ളൂ എന്നും ഇവർ പറയുന്നു. ഫിഷ് ലാൻഡിങ്ങ് ഭൂമി ഫോറസ്റ്റ് അധീനതയിലുള്ള ഭൂമിയാണെന്നും ഭൂമി സർക്കാറിന് വിട്ട് കിട്ടുന്നതിലെ സാങ്കേതിക പ്രശ്നമാണ് ചാലിയം ഫിഷ് ലാൻഡിങ്ങിന്റെ നിലവിലെ അവസ്ഥക്ക് കാരണമെന്നും വിഷയത്തിൽ അടിയന്തിര നടപടിയെടുക്കുമെന്നും നഷ്ട്ട പരിഹാരം നൽകുന്നത് ചർച്ചയിലുണ്ടെന്നും ടൂറിസം മന്ത്രി കൂടിയായ സ്ഥലം എം.എൽഎ പിഎ. മുഹമ്മദ് റിയാസ് ട്രൂകോപ്പിയോട് പറഞ്ഞു.

മൽസ്യ ബന്ധനം മാത്രം ഉപജീവന മാർഗമായിട്ടുള്ളവരാണ് ചാലിയത്തെ ആയിരത്തിലധികം തൊഴിലാളികൾ. അവരെ ആശ്രയിച്ചാണ് ചാലിയത്തെ അയ്യായിരത്തോളം മനുഷ്യർ ജീവിക്കുന്നത്. പ്രളയ ദുരന്ത മുഖത്ത് നിന്നും നമ്മെ കൈപിടിച്ചുയർത്തിയ കടലിന്റെ മക്കൾക്ക് വറുതിയുടെ കാലത്തുണ്ടായ ഈ ദുരന്തത്തെ അതിജീവിക്കാൻ സർക്കാറിന്റെ ഒരു കൈസഹായം വേണം.

Comments