“സർക്കാരിൽ നിന്ന് കിട്ടിയിരുന്ന നല്ല സഹായമായിരുന്നു ഇൻസെന്റീവ്. കൂടുതലായി നെയ്യുന്നവർക്ക് നല്ല തുക ഇൻസെന്റീവായി ലഭിക്കുമായിരുന്നു. എന്നാൽ ഈ തുക കഴിഞ്ഞ അഞ്ച് വർഷമായി ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നത് നെയ്ത്ത് തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. ഇങ്ങനെ പോയാൽ ഞങ്ങളുടെ കാലത്ത് തന്നെ നെയ്ത്ത് അവസാനിക്കും. സർക്കാരിൻെറ ഭാഗത്ത് നിന്ന് ഇനിയും സഹകരണം ഉണ്ടായിട്ടില്ലെങ്കിൽ ഉടനെ തന്നെ നെയ്ത്ത് നിൽക്കും.”
തൃശൂർ ജില്ലയിൽ ചേലക്കര മണ്ഡലത്തിലെ കുത്താമ്പുള്ളി, എരവത്തൊടി എന്നീ ഗ്രാമങ്ങളിലെ നെയ്ത്തു തൊഴിലാളികളുടെ പ്രതിനിധിയായ അരുണാചലന്റെ വാക്കുകളാണിത്. സർക്കാർ സഹായം ഇനിയും ലഭിച്ചില്ലെങ്കിൽ തങ്ങളുടെ തലമുറ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ ഗ്രാമങ്ങളിലെ നെയ്ത്ത് അവസാനിക്കുമെന്നാണ് ഇവിടുത്ത നെയ്ത്തുകാർ ഒരേ സ്വരത്തിൽ പറയുന്നത്.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെത്തി തങ്ങളുടെ കുലത്തൊഴിലായ നെയ്ത്തിനെ സമ്പന്നമാക്കിയവരാണ് കുത്താമ്പുള്ളിയിലെയും എരവത്തൊടിയിലെയും നെയ്ത്ത് കുടുംബങ്ങൾ. എരവത്തൊടിയിലുള്ളവർ തമിഴും കുത്താമ്പുള്ളിയിലുള്ളവർ കന്നഡയുമാണ് പരസ്പരം സംസാരിക്കുന്നത്. കേരളത്തിനകത്തുള്ള ഈ രണ്ട് ഗ്രാമങ്ങളും സംസ്കാരം കൊണ്ടും അവരുടെ തൊഴിലായ നെയ്ത്ത് കൊണ്ടും കേരളത്തിലെ മറ്റ് ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ജീവിക്കുന്നത്. നെയ്ത്തിന്റെ ശബ്ദം ഈ രണ്ട് ഗ്രാമങ്ങളിലും എപ്പോഴും കേൾക്കാം. ഒരു തറിയെങ്കിലുമില്ലാത്ത വീടുകൾ ഇല്ല തന്നെ. ടെക്സ്റ്റൈൽ ഷോപ്പുകളെ കൊണ്ട് നിറഞ്ഞ, മെഷീനുകൾ നെയ്ത്ത് കീഴടക്കിയ പുതിയ കാലത്ത് കൈത്തറി വ്യവസായം അവസാനിക്കാറായിട്ടുണ്ട്. പവർലൂം വന്നതും കൂലി കുറഞ്ഞതും സർക്കാരിൽ നിന്നും ലഭിച്ചിരുന്ന ഇൻസെന്റീവ് തുക കഴിഞ്ഞ അഞ്ച് വർഷമായി കിട്ടാതായതും ഈ മനുഷ്യരെ ദുരിതത്തിലാക്കിയിട്ടുണ്ട്. സർക്കാർ സഹായിച്ചില്ലെങ്കിൽ ഈ തൊഴിലെടുക്കുന്നവർ ഇനി ഈ ഗ്രാമത്തിൽ ഉണ്ടാവില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്.
രാവിലെ അഞ്ചരയാകുമ്പോഴേക്കും കുത്താമ്പുള്ളിയിലെയും എരവത്തൊടിയിലെയും ഇടറോഡുകളിൽ ആളുകൾ എത്തി തുടങ്ങും. നെയ്യാനുള്ള നൂൽ ചുറ്റുന്നതാണ് ആദ്യ പണി. സേലത്ത് നിന്ന് എത്തുന്ന പാവ് നെയ്യാൻ പാകത്തിൽ ചുറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞത് ആറ് പേരുണ്ടെങ്കിൽ മാത്രമേ ഈ ജോലി ചെയ്യാൻ കഴിയുകയുള്ളൂ. സ്ത്രീകളും കുട്ടികളുമെല്ലാം എത്തി ഒരു കുടുംബം ഒന്നിച്ച് ജോലി ചെയ്യുമ്പോഴേ നെയ്യാനാകുകയുള്ളൂവെന്ന് കുത്താമ്പുള്ളിയിലെ സരസ്വതി ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“സേലത്ത് നിന്ന് എത്തുന്ന പാവ് ചുറ്റി തറിയിലിട്ട് നെയ്തിട്ടാണ് സാരിയും മറ്റുമെല്ലാം ആവുന്നത്. കണ്ടിക്ക ചുറ്റൽ, കസവ് ചുറ്റൽ, അച്ച് പൊണക്കൽ തുടങ്ങി നിരവധി ജോലികൾ ഇതിന്റെ ഭാഗമായി ചെയ്യാനുണ്ട്. ഈ പണിയെല്ലാം നടന്നാൽ മാത്രമേ നെയ്യാൻ സാധിക്കുകയുള്ളൂ. ആറ് പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പാവ് ചുറ്റാൻ പറ്റുള്ളൂ. കണ്ടിക്ക ചുറ്റാനും അച്ച് പൊണക്കാനും കസവ് ചുറ്റാനുമെല്ലാം രണ്ട് പേർ വേണം. ഒരാൾ മാത്രമായി ഒന്നും ചെയ്യാനാകില്ല. തറിയുള്ള എല്ലാ വീടുകളിലെയും സ്ഥിതി ഇതാണ്. കുട്ടികൾ ഉണ്ടെങ്കിൽ അവരടക്കം സഹായിച്ചിട്ടാണ് ഈ പണി ചെയ്യുന്നത്. സ്ത്രീകളുടെ സഹായമില്ലാതെ ഈ തൊഴിൽ ചെയ്യാൻ പറ്റില്ല. ഇത്രയും ആളുകൾ പണിയെടുക്കുമ്പോഴാണ് ഒരാളുടെ കൂലി കിട്ടുന്നത്. അത് കൊണ്ട് തന്നെ ഇന്ന് ഈ തൊഴിൽ ചെയ്യൻ ആരും മുന്നോട്ട് വരുന്നില്ല.” - സരസ്വതി പറഞ്ഞു.
ആറ് പേരുടെ സഹായത്തോടെ ദിവസം മുഴുവൻ വിശ്രമമില്ലാതെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് കൈത്തറി. വേറിട്ട ഡിസൈനുകളടക്കം നെയ്ത്തിൽ കൊണ്ടു വരുന്നുണ്ട് ഈ മനുഷ്യർ. രാവിലെ മുതൽ വൈകീട്ട് വരെ വിശ്രമമില്ലാതെ, ഒന്നിൽ കൂടുതൽ പേരുടെ സഹായത്തോടെ ജോലി ചെയ്തിട്ടും വേണ്ടത്ര കൂലി ഇവർക്ക് ലഭിക്കുന്നില്ല. ഈ രണ്ട് ഗ്രാമങ്ങളിലും ഇപ്പോൾ നെയ്യുന്നവർ ഈ ജോലി ചെയ്യുന്നവരുടെ അവസാന തലമുറയാണ്. അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരെ മാത്രമാണ് ഈ രണ്ട് ഗ്രാമങ്ങളിലും നെയ്ത്തുകാരായി കാണാൻ കഴിയുക.
കൂലി കുറവായതിനാൽ തന്റെ പ്രായത്തിലുള്ളവരെല്ലാം പുതിയ ജോലി നോക്കി പോയതായി നെയ്ത്തുകാരിൽ ഏറ്റവും പ്രായം കുറഞ്ഞവരിൽപെടുന്ന മണികണ്ഠൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“എനിക്കിപ്പോ നാൽപ്പത് വയസായി. എന്റെ കുടുംബത്തിൽ എനിക്ക് ശേഷം ഒരാളും ഈ ജോലിക്ക് വരുന്നില്ല. നമ്മുടെ കാലം കൂടി കഴിഞ്ഞാൽ ഈ ജോലി ചെയ്യാൻ ആളുണ്ടാകില്ല. ഈ തൊഴിലിനോട് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല ഇതിൽ ഇരുന്നാൽ ഇങ്ങനെ ഇരിക്കേണ്ടി വരും എന്നുള്ളത് കൊണ്ടാണ് അവരെല്ലാം ഈ തൊഴിൽ ഉപേക്ഷിച്ച് പുതിയ ജോലി ചെയ്യുന്നു. കുടുംബം ജീവിച്ചു പോവുക എന്ന് മാത്രമേയുള്ളൂ. സാമ്പത്തികമായി ഒരു നേട്ടവും ഈ തൊഴിലിലൂടെയില്ല.” - മണികണ്ഠൻ പറയുന്നു.
ഒരു കുടുംബത്തിലുള്ള രണ്ടും മൂന്നും പേരൊക്കെ ചേർന്ന് രാവിലെ അഞ്ചര മുതൽ വൈകിട്ട് ആറ് മണിവരെയും ഏഴ് മണിവരെയും നെയ്താലും 300 രൂപ വരെ മാത്രമാണ് ഇവർക്ക് കൂലി ലഭിക്കുന്നത്. രണ്ടുപേർ ചേർന്ന് പണിയെടുത്തിട്ടും വേണ്ടത്ര കൂലി ലഭിക്കാത്തതിനാൽ കുത്താമ്പുള്ളിയിലെയും എരവത്തൊടിയിലെയും നെയ്ത്തുകാർ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുണ്ട്. തങ്ങളുടെ മക്കളെ പോലും നെയ്ത്ത് ചെയ്യാൻ ഇവർ പ്രോത്സാഹിപ്പിക്കാത്തത് കൂലി കുറവായത് കൊണ്ടാണ്.
മെഷീൻ തറികൾ (പവർ ലൂം) എല്ലാ കടകളിലും എത്തിയതും ഇവിടുത്തെ കൈത്തറിയെ മോശമായി ബാധിച്ചിട്ടുണ്ട്. മെഷീൻ തറികൾ വന്നതോടെ ഇത്രയും തൊഴിലാളികളുടെ ആവശ്യം ഇല്ലാതായെന്ന് എരവത്തൊടി കൈത്തറി സൊസൈറ്റിയിലെ കൈത്തറി തൊഴിലാളിയായ രാമചന്ദ്രൻ പറഞ്ഞു.
“കൈത്തൊഴിലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഗ്രാമങ്ങളാണിത്. മെഷീൻ തറി വന്നതാണ് ഞങ്ങൾക്ക് ക്ഷീണമായത്. ഇതിപ്പോ ഒരുപാട് തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന പണിയായി പോയി. ഇത്തവണത്തെ ഓണത്തിനെല്ലാം കച്ചവടം വളരെ മോശമാണ്. അത് കൊണ്ട് ഒരുപാട് സ്റ്റോക് ബാക്കിയുണ്ട്. ഇനിയുള്ള കാലം എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ല. നെയ്ത്തിൽ നിന്ന് ഇപ്പോ പറയാൻ മാത്രം ഗുണമൊന്നുമില്ല. ദിവസം ഇങ്ങനെ കഴിഞ്ഞു പോകുന്നുവെന്നല്ലാതെ അധ്വാനിക്കുന്നതിനുള്ള കൂലി ലഭിക്കുന്നില്ല.” - രാമചന്ദ്രൻ പറഞ്ഞു.
കൈത്തറി ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതും ഇവരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന കൈത്തറി സൊസൈറ്റികൾ എരവത്തൊടിയിലും കുത്താമ്പുള്ളിയിലും ഉണ്ടെങ്കിലും വേണ്ടത്ര സഹായമൊന്നും ഇവർക്ക് ലഭിക്കുന്നുമില്ല. കൈത്തറിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നൽകിവന്നിരുന്ന ഇൻസെന്റീവ് അവസാനമായി ലഭിച്ചത് 2019-ലാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇൻസെന്റീവ് തുക ലഭിക്കാത്തത് കൈത്തറിയിലെ അവസാന തലമുറയിലെ മനുഷ്യരെയും ഈ തൊഴിലിൽ നിന്ന് അകറ്റാൻ കാരണമാകുന്നുണ്ട്.
പവർലൂമിൽ നെയ്തെടുത്ത സാരികൾ കൈത്തറിയെന്ന് പറഞ്ഞ് പല കടകളിലും വിൽപന നടത്തുന്നതായി നെയ്ത്ത് തൊഴിലാളിയായ സരസ്വതി പറഞ്ഞു.
“കൈത്തറി എന്ന് പറഞ്ഞിട്ടാണ് പവർലൂം സാരികൾ വിൽക്കുന്നത്. മെഷീനിൽ ഒരു ദിവസം തന്നെ ഒരുപാട് സാരികൾ നെയ്യാൻ പറ്റും. ഇതൊന്നും കൈത്തറിയല്ല. കൈത്തറിയിൽ ഇത്രയധികം സാരികൾ നെയ്യാൻ പറ്റില്ല. ഒരു പാവ് കൊണ്ട് ആറ് സാരിയാണ് നെയ്യാനാവുക. അങ്ങനെ ആറ് സാരി നെയ്യണമെങ്കിൽ 12 ദിവസമെടുക്കും. രണ്ട് ദിവസം പൊണക്കാനും എടുക്കും. അങ്ങനെ 15 ദിവസത്തിലാണ് ഒരു പാവ് പൂർത്തിയാകുന്നത്. ഒരു മാസം രണ്ട് പാവ് മാത്രമെ നെയ്യാൻ പറ്റുള്ളൂ. കൈത്തറി എന്ന് പറഞ്ഞ് വിൽക്കുമ്പോൾ ആളുകൾക്ക് മനസിലാകുന്നില്ല. പവർലൂം സാരികൾ വെള്ളത്തിലിട്ടാൽ ചുരുങ്ങി പോകും. എന്നാൽ കൈത്തറിയാണെങ്കിൽ നൂൽ കഞ്ഞിവെള്ളത്തിൽ മുക്കുന്നത് കൊണ്ട് ചുരുങ്ങി പോകില്ല. കൈത്തറി സാരികളുടെ മണത്തിലും വ്യത്യാസമുണ്ട്. വിലകുറഞ്ഞത് നോക്കി ആളുകൾ പവർലൂം സാരികൾ വാങ്ങും. കൈത്തറി എന്ന് പറഞ്ഞാണ് ഇതെല്ലാം വിൽക്കുന്നത്.” - സരസ്വതി വ്യക്തമാക്കി.