ചിമ്പൻസിയിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തിലെ രാസമാറ്റങ്ങൾ, ചില പഞ്ചാരവർത്തമാനങ്ങൾ

“ആ കാലത്ത് വായിച്ച ഒരു വാചകം അതാ സ്‌ക്രീനിൽ തെളിഞ്ഞ് വരുന്നു, 'മനുഷ്യ ഡി.എൻ.എ-യുടെ 50% നേന്ത്രപ്പഴത്തിലുണ്ട്, 80% നായകളിലുണ്ട്, ഏകദേശം 99% ചിമ്പൻസിയിലുണ്ട്.' അങ്ങനെ വരുമ്പോൾ ഒരു ശതമാനത്തിലാണ് ചിമ്പു-മനു അന്തരം. ഈ ചെറിയ അളവുകൊണ്ട് എങ്ങനെ വലിയ മാറ്റങ്ങൾ വന്നു?” മനുഷ്യപരിണാമത്തിലും ജീവിതത്തിലും പഞ്ചസാരയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ് ഈ ആഴ്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 46

മിക്ക ക്യാമ്പസിലും ഒരു പഞ്ചാരമൂലയുണ്ടാകും. ഷുഗർ കോർണർ! യാഥാസ്ഥികത കൊടികുത്തിവാണിരുന്ന കാലത്തും അവിടെ വിരിയുന്ന പ്രണയസൂനങ്ങളെ സാധാരണ ആരും തല്ലിക്കൊഴിക്കാൻ ശ്രമിക്കാറില്ല. എന്റെ കോളേജിലും ഉണ്ടായിരുന്നു, അതൊരു ബെഞ്ചായിരുന്നു പക്ഷേ. അവിടെ പഞ്ചാര മാത്രമല്ല, ഗോസിപ്പും രാഷ്ട്രീയവും സിനിമയും റാഗിങ്ങും എല്ലാ സീനുകളുമുണ്ടായിരുന്നു.

ക്യാംപസിൽ സമൃദ്ധമായിരുന്ന കശുമാവിൻതണലുകളിലായിരുന്നു,

'കുനുകുനെ ചെറു കുറുനിരകൾ ചുവടിട്ടതും

കവിളുകളിൽ‍ നനുനനെ നഖപടമെഴുതിയതും

സുമശര വിരലുകളിൽ പൂ വിരിഞ്ഞതും'

എന്നാലും ബെഞ്ച് ക്യാമ്പസുകളിൽ അതിന്റെ ചരിത്രപരമായ കടമ നിറവേറ്റികൊണ്ടിരുന്നു.

പഞ്ചാരമൂലയിലാണ് ഞാൻ തുടങ്ങിയത്. മൂലയുടെ കഥ ഒരു ബിഗ് ബഡ്ജറ്റ് മൂവിയായി പിന്നെയെടുക്കാം. തൽക്കാലം ചെലവ് കുറഞ്ഞ ചിന്ന ഡോക്യുമെന്ററി.

ദേർഫോർ പഞ്ചാരയിലോട്ട് ഫോക്കസ്സ് ചെയ്യുന്നു. പഞ്ചാരയെന്നാൽ C12 H22 O11. കാർബൺ ആണ് ആദ്യ ഇൻഗ്രീഡിയന്റ്, അതായത് കരിയാണ് ഒരു പ്രധാന ഐറ്റം. പഞ്ചസാരയിൽ മാത്രമല്ല, CHNOPS എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ജീവന്റെ അടിസ്ഥാനമൂലകനിരയിലെ പ്രഥമസ്ഥാനക്കാരനും കാർബൺ തന്നെയാണ്.

കാർബണും, ഹൈഡ്രജനും, നൈട്രജനും, ഓക്സിജനും, ഫോസ്ഫറസും, സൾഫറും പ്രത്യേക അനുപാതത്തിൽ ചേർന്ന ആദിമമിശ്രിത (Primordial soup) ത്തിലൂടെ ഒരു ഇടിമിന്നൽ (electric spark) കടന്നുപോയപ്പോഴാണ് ജീവന്റെ ആദ്യ കണികകളുണ്ടായതെന്ന പ്രൈമോർഡിയൽ സൂപ്പ് തിയറി കുറേക്കാലം എന്റെ പര്യവേഷണവിഷയമായിരുന്നു.

റഷ്യയിൽ നിന്ന് അലക്‌സാണ്ടർ ഒപാരിൻ, ആദ്യം ബ്രിട്ടീഷും പിന്നെ ഇന്ത്യക്കാരനുമായ ജെബിയെസ് ഹാൾഡൻ. അവർ രണ്ടുപേരുമാണ് പ്രൈമോർഡിയൽ സൂപ്പ് തിയറിയുമായി ഈ വഴി വന്നവർ.

റഷ്യൻ അധികാരികളുടെ ദോസ്തുക്കളായ ചില സ്യൂഡോപണ്ഡിതരുമായി നടത്തിയ ഒത്തുതീർപ്പ് ഒപാരിനും, ഹിന്ദൂയിസത്തോട് തോന്നിയ ഇടക്കാലമമത ഹാൾഡനും അൽപ്പം ഡാർക്ക് മാർക്കുണ്ടാക്കിയെന്നതൊഴിച്ചാൽ അവരുടെ ശാസ്ത്രരീതികൾ രസകരമായ അനുഭവങ്ങളാണ്. അപ്പോൾ പറഞ്ഞുവന്നത്, There would be no life on earth without carbon, കരിയില്ലെങ്കിൽ ജീവന്റെ തരി പോലുമുണ്ടാവില്ലെന്നത് സത്യം.

റഷ്യയിൽ നിന്ന് അലക്‌സാണ്ടർ ഒപാരിൻ, ആദ്യം ബ്രിട്ടീഷും പിന്നെ ഇന്ത്യക്കാരനുമായ ജെബിയെസ് ഹാൾഡൻ. അവർ രണ്ടുപേരുമാണ്  പ്രൈമോർഡിയൽ സൂപ്പ് തിയറിയുമായി ഈ വഴി വന്നവർ.
റഷ്യയിൽ നിന്ന് അലക്‌സാണ്ടർ ഒപാരിൻ, ആദ്യം ബ്രിട്ടീഷും പിന്നെ ഇന്ത്യക്കാരനുമായ ജെബിയെസ് ഹാൾഡൻ. അവർ രണ്ടുപേരുമാണ് പ്രൈമോർഡിയൽ സൂപ്പ് തിയറിയുമായി ഈ വഴി വന്നവർ.

കാർബണിന്റെ റെയ്ഞ്ചും അപാരമാണ്, ഏറ്റവും ദൃഢമായ ഡയമണ്ടും ഏറ്റവും മൃദുവായ ഗ്രാഫെയ്റ്റും കാർബൺ തന്നെ. ഭൂമിയിലെ ജീവജാലങ്ങളുടെ ആകെ തൂക്കത്തിൽ 18% വും കാർബൺ ആണ്. 65 ശതമാനം ഓക്സിജനും. കാർബൺ തിരക്കഥക്ക് സീനുകൾ ഏറെ വേണ്ടിവരും. അതുകൊണ്ട് കാർബണും അവിടെ നിൽക്കട്ടെ.

ഞാൻ പഞ്ചാരയിൽ നിന്നാണ് തിരിഞ്ഞ് പോയത്. തിരിച്ച് Human DNA വഴി വരാം. ഡി.എൻ.എ യെ മീഡിയം ഷോട്ടിൽ നോക്കി ഞാൻ വെറുതെ അത്ഭുതപ്പെട്ടു. രണ്ടു ചരടുകൾ കോർത്ത കയർ കണക്ക്, വളയാകൃതിയിൽ കിടക്കുന്നു. അതിലെ നാല് അക്ഷരങ്ങൾ ATGC അഥവാ നാല് നൈട്രജൻ ബേസുകൾ ഷുഗറിനോടും, ഫോസ്‌ഫേറ്റിനോടും ചേരുമ്പോൾ ജീവന്റെ ഒരു യൂണിറ്റ് ആകുന്നു, ന്യൂക്‌ളിയൊടൈഡ്. അവിടെയും പഞ്ചാര പ്രധാന കഥാപാത്രമായി.

പണ്ടെനിക്ക് ഒരു രൂപവുമില്ലാതിരുന്ന കോൺസെപ്റ്റുകളാണ് ജീനും ഡി.എൻ.എയും ക്രോമോസോമും. ഒരു പ്രോട്ടീൻ ഉണ്ടാക്കാൻ വേണ്ടത്രയുള്ള ഡി.എൻ.എയുടെ ഭാഗമാണ് ജീനെന്നും, ഡി.എൻ.എ പാക്കറ്റുകളാണ് ക്രോമോസോമെന്നും വളരെ വിഷമിച്ചാണ് ഞാൻ സിമ്പിളിഫ്ലൈ ചെയ്തെടുത്തത്.

ആ കാലത്ത് വായിച്ച ഒരു വാചകം അതാ സ്‌ക്രീനിൽ തെളിഞ്ഞ് വരുന്നു, 'മനുഷ്യ ഡി.എൻ.എ-യുടെ 50% നേന്ത്രപ്പഴത്തിലുണ്ട്, 80% നായകളിലുണ്ട്, ഏകദേശം 99% ചിമ്പൻസിയിലുണ്ട്.' അങ്ങനെ വരുമ്പോൾ ഒരു ശതമാനത്തിലാണ് ചിമ്പു-മനു അന്തരം. ഈ ചെറിയ അളവുകൊണ്ട് എങ്ങനെ വലിയ മാറ്റങ്ങൾ വന്നു?

60-70 ലക്ഷം വർഷങ്ങൾക്ക് മുൻപ് മനുഷ്യനും ചിമ്പൻസിക്കും ഒരേ പൂർവികരായിരുന്നു. മനുഷ്യരോട് ഏറ്റവും അടുത്ത് നിൽക്കുന്ന വാനരവർഗ്ഗം ചിമ്പൻസിയാണ്. പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലെന്ന് തോന്നുന്ന ഒരു കാര്യം ഇതിനോട് ചേർത്ത് പറയാം. മലേറിയ ഉണ്ടാക്കുന്ന പാരസൈറ്റുകളായ Plasmodium rechnowi-നും Plasmodium falciparum-ത്തിനും ആ സമയത്ത് ഒരേ പൂർവികർ തന്നെയായിരുന്നു. പരിണാമത്തിന്റെ ചില ദശാസന്ധികൾ!

അടുത്ത സീൻ!

ഇപ്പോൾ കാണുന്ന ഷുഗറിന്റെ പേരാണ് സിയാലിക് ആസിഡ് (sialic acid). അമ്ള സ്വഭാവം, 9 കാർബൺ ആറ്റത്തിന്റെ പിൻബലം, പിന്നെ സുമുഖം, സുന്ദരം, സാങ്കേതികവൈദഗ്ദ്യം. തലച്ചോറിന്റെ പ്രവർത്തനങ്ങളാണ് സിയാലികിന്റെ സ്പെഷ്യാലിറ്റി. മുലപ്പാലിൽ സുലഭം. ബ്രസ്റ്റ് ഫീഡിങ് അത്യാവശ്യമാണ് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനെന്ന് പറയിപ്പിച്ചതിന്റെ ക്രെഡിറ്റിൽ നല്ലൊരു പങ്ക് സിയാലിക് ആസിഡിനാണ്.

നാഡീവ്യൂഹവുമായുള്ള അഭേദ്യമായ ബന്ധം കാരണം സിയാലിക് ആസിഡ് സാങ്കേതികമായി ഒരു ന്യൂറാമിനിക് ആസിഡ് ആണ്. ന്യൂറാമിനിക് ആസിഡ് കുടുംബത്തിൽ പെട്ട രണ്ട് പഞ്ചസാരസ്വഭാവക്കാരാണ് N-Acetyl neuraminic acid (Neu5Ac) ഉം N-Glycolyl neuraminic acid (Neu5Gc) ഉം. ഇവർ തമ്മിൽ ഒറ്റ ആറ്റത്തിന്റെ വ്യത്യാസമേ ഘടനയിൽ ഉള്ളൂവെങ്കിലും അജഗജാന്തരമാണ് സ്വഭാവവിശേഷങ്ങളിൽ (–NH–CO–CH₃ ആൻഡ് –NH–CO–CH₂OH).

ഇവർ കോശങ്ങളിലെ ആന്റിനകളാണ്. വിവിധ സന്ദേശങ്ങളെ സ്വീകരിച്ച്, പരുവപ്പെടുത്തി കോശങ്ങളിലെ മർമ്മസ്ഥാനങ്ങളിൽ എത്തിക്കുന്നവർ. പ്രധാനപ്പെട്ട സെൽ പോർട്ട്ഫോളിയോസ് ഇവരുടെ മേൽനോട്ടത്തിലാണ്.

ഇത് ഒരു തിരക്കഥയെങ്കിൽ ഇവിടെയാണ് ട്വിസ്റ്റ്!

മനുഷ്യനിൽ Neu5Ac മാത്രമേയുള്ളൂ. മാത്രമേയുണ്ടാകൂ എന്നതായി ജനിതകനിയമം. ചിമ്പാൻസിയിൽ Neu5Gc-യും. CMAH എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജീൻ മനുഷ്യരിൽ നിന്ന് കാലക്രമേണ അപ്രത്യക്ഷമായതാണ് ഇതിന് കാരണം. ചിമ്പൻസിയിലേക്കുള്ളതിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിണാമത്തിൽ നടന്ന ഏറ്റവും വ്യക്തമായ ജനിതകമാറ്റമായിരുന്നു അത്. ഒപ്പം മനുഷ്യനിൽ ക്രോമോസോമിന്റെ എണ്ണം 23 ജോഡിയായി കുറഞ്ഞു, ചിമ്പൻസിയിൽ 24 ജോഡിയായി തുടർന്നു. രണ്ട് പൂർവ്വിക ക്രോമോസോമുകൾ യോജിച്ചാണ് മനുഷ്യന്റെ രണ്ടാമത്തെ ക്രോമോസോം ഉണ്ടായത്. Neu5Gc-യുടെ സ്ഥാനത്ത് Neu5Ac വന്നതോടെ (അതായത് G മാറി A ആയതോടെ) മസ്തിഷ്കം വികസിക്കാൻ തുടങ്ങി എന്നതാണ് സത്യം.

മനുഷ്യനിൽ Neu5Ac മാത്രമേയുള്ളൂ. മാത്രമേയുണ്ടാകൂ എന്നതായി ജനിതകനിയമം. ചിമ്പാൻസിയിൽ Neu5Gc-യും. CMAH എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജീൻ മനുഷ്യരിൽ നിന്ന് കാലക്രമേണ അപ്രത്യക്ഷമായതാണ് ഇതിന് കാരണം.
മനുഷ്യനിൽ Neu5Ac മാത്രമേയുള്ളൂ. മാത്രമേയുണ്ടാകൂ എന്നതായി ജനിതകനിയമം. ചിമ്പാൻസിയിൽ Neu5Gc-യും. CMAH എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജീൻ മനുഷ്യരിൽ നിന്ന് കാലക്രമേണ അപ്രത്യക്ഷമായതാണ് ഇതിന് കാരണം.

അപ്പോൾ മലേറിയക്ക് ഈ തിരക്കഥയിൽ എന്താണ് റോൾ?

ഒരു പ്രത്യേകതരം മലേറിയ ബാധിച്ച് അന്യം നിൽക്കുമെന്ന ഭീതിയിലായിരുന്നു മനുഷ്യ-ചിമ്പൻസിമാരുടെ പൂർവികർ. Neu5Gc-യും Neu5Ac -യും ഒരുമിച്ച് ഒരു ശരീരത്തിലുണ്ടാകുന്നത് ഗുരുതരമായ മലേറിയക്ക് കാരണമാക്കിയിരുന്നു. അതായത് കുലം മുടിയാതിരിക്കണമെങ്കിൽ revolution നടക്കണം, evolution സംഭവിക്കണം. ഒരു വിപ്ലവവും ഓൺഗോയിങ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല; വിപ്ലവം ഒരു സ്പാർക്ക് ആണ്. Changes should evolve, എന്നാലേ ഫലപ്രദമാകൂ.

(ഗൗരവം കൂടി, അതുകൊണ്ട് പശ്ചാത്തലത്തിൽ ഒരു പാട്ട് ആവാം. ഒന്ന് രണ്ട് പാട്ടൊക്കെ ഡോക്യൂമെന്ററിയിലും അനുവദനീയമാണെന്നേയ്,

'പാടാം പാടാം ആരോമൽ (പഞ്ചാര)ച്ചേകവർ

പണ്ടങ്കം വെട്ടിയ കഥകൾ

വീരകഥകൾ ധീരകഥകൾ

അത്ഭുതകഥകൾ പാടാം' )

പാട്ട് തീരുമ്പോൾ

Neu5Ac-യുമായി ആദിമമനുഷ്യൻ ആവിർഭവിച്ച ആ സന്നിഗ്ദ്ധ ഘട്ടത്തിൽ Plasmodium-ത്തിന്റെ വംശത്തിൽ നടന്ന മാറ്റമാണ് കാണുന്നത്. Plasmodium rechnowi ചിമ്പൻസിയിൽ മലേറിയ ഉണ്ടാക്കും, മനുഷ്യരിൽ കഴിയില്ല. Falciparum ആണെങ്കിൽ തിരിച്ചും. പിന്നീടുള്ള സീനുകളിൽ, Neu5Ac-ന്റെ സാന്നിദ്ധ്യം വഴി മനുഷ്യന് മറ്റു പല സവിശേഷ ഗുണങ്ങളും കൈവരുന്നു.

ക്ലോസപ്പിൽ നോക്കൂ,

മനുഷ്യവികാസമെന്ന ക്ലൈമാക്സിൽ മലേറിയ എടുത്ത റോൾ. ചില സിനിമകളിൽ കാമിയോ വന്ന് നായകനെ നിഷ്പ്രഭമാക്കും പോലെ. (എന്ന് വെച്ചാൽ മൂലകാരണമല്ല, പക്ഷെ പരിണാമത്തിനുള്ള സമ്മർദ്ദം (evolutionary pressure) തന്നെയായിരുന്നു മലേറിയ)

ഇനി ലോങ്ങ് ഷോട്ടിലേക്ക് ശ്രദ്ധിക്കൂ,

മില്യൺ വർഷങ്ങൾ കഴിഞ്ഞിട്ടുള്ള സീനുകളിലൊന്നിൽ പുതിയ സ്പീഷിസിലെ ഒരു കുട്ടി ഇരുന്ന് പഠിക്കുന്നു. കോവിഡും വരാനിരിക്കുന്ന വൈറസുകളും കാരണം കാലക്രമത്തിൽ മൺമറഞ്ഞ മനുഷ്യനെന്ന പൂർവികനെ കുറിച്ച്!

പറഞ്ഞുവന്ന ത്രെഡിൽ തുടരാം...

Neu5Ac നിമിത്തം മനുഷ്യന് ചില ദൗർബല്യങ്ങളുമുണ്ടായി; പ്രമേഹം, atheroscelosis, ഹാർട്ട് അറ്റാക്ക്. ഫൈബ്രോസിസ് എന്ന അസുഖം ഹാർട്ടിനെ ബാധിക്കാമെങ്കിലും ചിമ്പൻസിക്ക് അതെറോസ്ക്ലിറോസിസ് വരാറില്ല, അതു വഴിയുള്ള ഹാർട്ട് അറ്റാക്കും.

അടുത്ത സീനിൽ മനുഷ്യശരീരത്തിലുള്ള മറ്റൊരു ബഡാ താരമായ ഗ്ലൈക്കോകാലിക്സ് പ്രത്യക്ഷപ്പെടുന്നു. ഗ്ലൈക്കോകാലിക്സ് ഒരു ഷുഗർ കോട്ടിങ് ആണെന്ന് പറയാം. പ്രോട്ടീനും, ഫാറ്റും ഉണ്ടെങ്കിലും ഷുഗർ ആണ് കേന്ദ്രകഥാപാത്രം. പരസ്പരം തിരിച്ചറിയാനും ആശയവിനിമയത്തിനും ഘടനാപരമായ ഉറപ്പിനും ഗ്ലൈക്കോകാലിക്സ് കോശങ്ങൾക്ക് ചുറ്റുമുണ്ടായേ പറ്റൂ.

സീനിലേക്ക് ഇനി വരുന്നത് സാക്ഷാൽ ബ്രെയിൻ. തലച്ചോറിന്, അതിന്റെ ദൈനംദിന പ്രവർത്തനത്തിനുള്ള ഊർജ്ജത്തിന് ഷുഗർ തന്നെ വേണം. ശരീരത്തിന്റെ രണ്ടു ശതമാനം ഭാരം മാത്രമുള്ള ബ്രെയിനാണ് മൊത്തം ഷുഗറിന്റെ 20% വും ചിലവാക്കുന്നത്. എന്നുവെച്ചാൽ മൂപ്പര് ഒരു പഞ്ചാരകുട്ടപ്പനാണ്/കുട്ടപ്പിയാണ് അഥവാ കുട്ടയാണ്. ബ്രെയിന്റെ സ്വഭാവം വെച്ച് നോക്കിയാൽ ഷുഗറിന് അഡിക്ടഡ് ആവാനുള്ള സാദ്ധ്യതയുമുണ്ട്. അതുകൊണ്ടാണ് WHO ഇടപെട്ട് ഭക്ഷണത്തിൽ ഷുഗറിന് പരിധി നിശ്ചയിച്ചത്. ഘടനയിൽ ഷുഗർ വേണം. പക്ഷെ കഴിക്കുമ്പോൾ ഒരു ദിവസം 50 ഗ്രാമിൽ കൂടരുത്. സംസാരത്തിലാവാം, ആഹാരത്തിൽ അമിതമാവരുതെന്ന് സാരം. അധികമായാൽ ഫലം - പ്രമേഹം, അമിതവണ്ണം, ഇൻസുലിന്റെ ശക്തിക്ഷയം, രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലം ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്… ആ പരിമിതിയെ ഒരു സൈഡ് ഷോട്ടിൽ മാത്രം ഇവിടെ കണ്ടാൽ മതി, കാരണം ഷുഗർ ഒരൊന്നാന്തരം സഖ്യകക്ഷിയാണ്. A team player!

ഷുഗർ പ്രോട്ടീനുമായി സഖ്യത്തിലായാൽ അത് ഗ്ലൈകോപ്രോട്ടീൻ, ഫാറ്റുമായി ചേർന്നാൽ ഗ്ലൈക്കോലിപിഡ്സ്. രോഗപ്രതിരോധമാകട്ടെ, ബുദ്ധിയാകട്ടെ, ബോധമാകട്ടെ, കോശങ്ങളുടെ ആത്യന്തികമായ നിലനിൽപ്പാകട്ടെ, എല്ലാം ഈ കുട്ടുകെട്ടിനെ ആശ്രയിച്ചാണ്.

‘സങ്കീർണ്ണമായ പ്രക്രിയയുടെ അതിലളിതവൽക്കരണമാണ് ഇത് മൊത്തം' എന്ന ആരോപണത്തെ തൽക്കാലം അവഗണിക്കാം. (ടി.ഡി. രാമകൃഷ്ണന്റെ അല്ലെങ്കിൽ James Joyce-ന്റെ നോവൽ കൊച്ചുകുട്ടിക്ക് പറഞ്ഞുകൊടുക്കും പോലെയെന്ന് കരുതുക. പ്രശ്നം തീർന്നു)

എന്തായാലും പഞ്ചാരയ്ക്ക് ജീവിതത്തിലുള്ള സ്ഥാനം ഉറപ്പിച്ചല്ലോ?

അതുകൊണ്ടാണ് ഒന്നാം ക്ളാസ്സിലേ നമ്മൾ പാടിയത്,

'കുഞ്ചിയമ്മക്കഞ്ചു മക്കളാണേ

അഞ്ചാമനോമനക്കുഞ്ചുവാണേ

പഞ്ചാര വിറ്റു നടന്നു കുഞ്ചു

പഞ്ചാര കുഞ്ചൂന്ന് പേരു വന്നു'

സ്ക്രീൻ മുഴുവൻ പഞ്ചാര വാരിവിതറി കൊണ്ട്...

Cheers!


Summary: Importance of sugar in human evolution and life, Dr Prasannan PA's column Good Evening Friday discusses Chimpanzee to human evolution.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments