ലെബനനിലെ ക്രിസ്തുമസ് ട്രീ, ഫോസ്സയുടെയും

ഏത് ഓർമ്മയിലേക്കും കയറി ചെല്ലാൻ ഒരാൾ. കൈയിൽ ഒരു ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് ട്രീ വെയ്ക്കാൻ ഒരു സ്റ്റാന്റും... ക്രിസ്തുമസ് കാലത്തെ ഒരു പാട്ട്... ലെബനണിലെ ബോംബാക്രമണത്തിൽ തകർന്ന പള്ളിയിൽ ക്രിസ്തുമസ് ട്രീ ഒരുക്കുന്ന മനുഷ്യന്റെ ചിത്രം യോൺ ഫോസ്സയുടെ നാടകം ഓർമിപ്പിക്കുന്നു -കരുണാകരൻ എഴുതുന്നു.

യോൺ ഫോസ്സ (Jon Fosse) യുടെ Christmas Tree Song എന്ന നാടകം ഈ ക്രിസ്തുമസ് കാലത്ത് വല്ലാതെ ഓർമ്മ വരുന്നു. ഗാസയിലെ തെക്കൻ ലേബനണിലെ ബോംബാക്രമണത്തിൽ തകർന്ന പള്ളിയുടെ കല്ലും മണ്ണും നിറഞ്ഞ ഒരിടത്ത്, കല്ലുകൾക്കിടയിൽ ഒരു ക്രിസ്തുമസ് ട്രീ ഒരുക്കുന്ന ഏകാകിയായ ഒരാളുടെ ചിത്രം കണ്ടപ്പോൾ ഫോസ്സയുടെ നാടകം, ഇപ്പോൾ, വീണ്ടും ഓർമ്മ വന്നു.

ഏറ്റവും ഏകാകിയായ ഒരാളെ കാണുക എന്നാൽ ഒരിക്കൽ അയാൾക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട മനുഷ്യരുടെ കൂട്ടതിരോധാനത്തിന്റെ സ്മാരകം സന്ദർശ്ശിയ്ക്കുക എന്നുമാകും. അയാളുടെ വാക്കോ അയാളുടെ ചലനമോ അയാളുടെ ദുഃഖമോ അയാളുടെ സന്തോഷമോ മറ്റു പലരാലും പൂരിപ്പിക്കേണ്ട ഒന്നാണ്. ഇനി അത് സംഭവിക്കാനിടയില്ലാത്തതുമാണ്. ദുഃഖത്തിന്നകത്ത് ഘനീഭവിച്ച മൗനമാണ് അപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്.

അരങ്ങിലേക്ക് ഒരു ക്രിസ്തുമസ് ട്രീയും ഒരു ക്രിസ്തുമസ് ട്രീ സ്റ്റാന്റുമായി ഒരാൾ, നാടകത്തിലെ ഒരേയൊരു കഥാപാത്രം, വരുന്നതോടെയാണ് ഫോസ്സയുടെ നാടകം തുടങ്ങുന്നത്. സത്യത്തിൽ, അയാളുടെ കൈയിലുള്ളത് ഒരു ക്രിസ്തുമസ് ട്രീയെക്കാൾ ഒരു പൊന്തയാണ് എന്നാണ് ഫോസ്സ എഴുതുന്നത്. ട്രീയുമായി വരുന്ന ആളെ പറ്റി, അയാളുടെ ലോകത്തെ പറ്റി, ആ ആഗ്രഹത്തെ പറ്റി ഇപ്പോൾ നമ്മുക്ക് ഊഹിക്കാനാകും. മരത്തേക്കാൾ അയാളുടെ കൈയിലുള്ളത് ഒരു പൊന്തയാണ്. പൊന്ത വെടിപ്പുള്ള ഒന്നല്ല, പുറമ്പോക്കിൽ, അച്ചടക്കമില്ലാത്ത ചെടികളുടെ ഒരു കൂട്ടമാണ്. അതിന്റെ നിറം ഇരുളിലേക്ക് തെന്നുന്ന പച്ചയാണ്. അങ്ങനെയൊരു ട്രീയാണ് അയാളുടെ കൈയ്യിൽ. ട്രീ വെയ്ക്കാൻ ഒരു ചെറിയ സ്റ്റാന്റും കൈയിൽ പിടിച്ചിരിക്കുന്നു.

ഫോസ്സയുടെ നാടകങ്ങൾ, അദ്ദേഹത്തിന്റെ ഫിക്ഷന് വിപരീതമെന്നോണം വാക്കുകളുടെ കുറവ് ആചരിക്കുന്നു. അരങ്ങിന്റെ നിരലംകൃതമായ ഭാഷയാണതിന്. നാടകം വളരെ സാവധാനം മുന്നേറുന്നു. ഫോസ്സയുടെ നാടകങ്ങളുടെ വായന, മറ്റൊരുതരത്തിൽ പതുക്കെ ഉച്ചരിക്കുന്ന ഒരു ഭാഷയെ ശ്രദ്ധിച്ചു കേൾക്കുന്നതുപോലെയാണ്. അരങ്ങിലെ കഥാപാത്രങ്ങളെ നമ്മൾ ഉറ്റുനോക്കുന്നു. ചിലപ്പോൾ ആ കഥാപാത്രങ്ങൾ അവർക്ക് മുമ്പും അവർക്ക് ശേഷവും എരിഞ്ഞു തീർന്ന, ഹ്രസ്വമായ ഒരു കാലത്ത് ജീവിക്കുന്നവർ പോലുമാണ്. അവിടെ വളരെ ചെറിയൊരു കാലത്തേയ്ക്കോ വളരെ ചെറിയൊരു കാലത്തിൽ നിന്നോ ജീവിതം പരക്കാൻ തുടങ്ങുന്നു. അവർ ആകെ ചെയുന്നത് നമ്മെ മറ്റ് ചിലതോ മറ്റ് ചിലരെയോ ഓർമ്മിപ്പിക്കുകയാണ്. ഓർമ്മിക്കുന്നതെന്തോ അതാണ് നമ്മൾ കാണുന്നത്. ഈ നാടകം ഇപ്പോൾ ഞാൻ ഓർക്കുന്നതും അങ്ങനെയാണ്.

യോൺ ഫോസ്സ
യോൺ ഫോസ്സ

May-Brit Akerholt ആണ് ഫോസ്സയുടെ മറ്റ് ചില നാടകങ്ങളുടെ കൂടെ ഈ നാടകവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. “A man enters with a Christmas tree, more a bush than a tree, and a Christmas tree stand” എന്ന് തുടങ്ങി ഒരു പാട്ടിലെ ചെറിയ വരികൾപോലെ, കുത്തും കോമയും പോലെയുള്ള ഭാഷാ ചിഹ്നങ്ങൾ ഒന്നുമില്ലാതെ നാടകം എഴുതിയിരിക്കുന്നു. ക്രിസ്തുമസ് ട്രീയുമായി വരുന്ന ആൾ പറയുന്ന ആദ്യത്തെ വാക്ക് 'So' എന്നാണ്.

'So'

പിന്നെ കുറച്ചു സമയം നീണ്ടുനിൽക്കുന്ന നിശ്ശബ്ദതയാണ്. തുടർന്ന് “so there we were” എന്ന് ആ വാക്ക് മുഴുമിപ്പിക്കാൻ നോക്കുന്നു. വീണ്ടും നിശ്ശബ്ദതയിലേക്ക് അയാൾ പോകുന്നു. പിന്നെ വാക്കുകൾ മുറിയുകയാണ്: we, I, I, we, were there..എന്നിങ്ങനെ അത് മുറിയുന്നു. ഇടക്ക് അയാളുടെ വാക്കുകൾ ഇടറുന്നു. തന്റെ ആഗ്രഹത്തിന്റെയോ തന്റെ മോഹത്തിന്റെയോ നഷ്ടം മുറിയുന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നു. തനിക്ക് പൂർത്തികരിക്കാൻ കഴിയാത്ത ഒരു പ്രവൃത്തി, അയാളെ ഉലയ്ക്കുകയാണ്. എങ്കിലും അയാൾ ട്രീയും സ്റ്റാന്റുമായി നിൽക്കുകയാണ്. തന്നെ അവതരിപ്പിക്കുന്ന എന്തും, ഭാഷപോലും, അയാളെ തടയുന്നു എന്ന് തോന്നും. അയാൾ പറയുന്ന വാക്കുകൾ, 'നമ്മൾ', 'ഞങ്ങൾ', 'ഞാൻ', എന്നൊക്കെയും... ഇടയ്ക്ക് ആ വാക്കുകൾക്കുതന്നെ ക്രമം തെറ്റുന്നു.

മെയ്-ബ്രിറ്റ് അഗർഹോൾട്ട്‌
മെയ്-ബ്രിറ്റ് അഗർഹോൾട്ട്‌

നാടകത്തിന്റെ പേര്, Christmas Tree Song എന്നാണ്. വാക്കുകളുടെ ചിട്ടയായ തിരഞ്ഞെടുപ്പിലും അർത്ഥപൂർണമായ അവതരണത്തിലും നിർമ്മിക്കുന്നതിലെ സ്കിൽ ആണ് പാട്ട്. അത് ഒരു ഈണം കാംക്ഷിക്കുന്നു. അതൊരു മൂഡ് ആഗ്രഹിക്കുന്നു. പാട്ടിന്റെ സൃഷ്ടി അത്തരമൊരു സമയത്തിന്റെ കൂടിയാണ്. പക്ഷെ, ഇയാൾ ആ ട്രീയും സ്റ്റാന്റുമായി മുറിയുന്ന വാക്കുകളുമായി നമുക്ക് മുമ്പിൽ നിൽക്കുകയാണ്. മുറിയുന്ന അയാളുടെ സംഭാഷണങ്ങൾക്കിടയിൽ കിടങ്ങുകൾ പോലെ നിശ്ശബ്ദതകളുമുണ്ട്. ആദ്യം അയാൾ ട്രീ താഴെ വെയ്ക്കുന്നു. സ്റ്റാന്റ് ട്രീയിൽ നിന്നും കുറച്ചുമാറി വെയ്ക്കുന്നു. ഇനി അയാൾ പറയുന്ന വാക്കുകൾ ഫോസ്സ തന്റെ ടെക്സ്റ്റിൽ ഇങ്ങനെ മുറിച്ചിരിക്കുന്നു:

chri

chri

chri

പിന്നെ കുറച്ചു ദൂരെ മാറി നിന്ന് മരം നോക്കി ഇങ്ങനെ തുടരുന്നു:

Christm

Christma

Christmas

Christmas E

Christmas Eve

വീണ്ടും നീണ്ട മൗനത്തിലേയ്ക്ക് പോകുന്നു.

പിന്നെ അയാൾ പറയുന്ന 'വാചകം, and I have a Christmas tree എന്നും I shall have a Christmas tree എന്നും I celebrate എന്നും even if I'm alone എന്നും because I really want to എന്നുമാണ്. So I have a Christmas tree. അയാൾ ട്രീ ഉയർത്തുന്നു. പിന്നെ പറയുന്നു. 'and it's a fine tree' 'look just look' ക്രിസ്തുമസ് ട്രീയുമായി നിൽക്കുന്ന അയാൾ സ്വന്തമായി സ്വരൂപിക്കുന്ന സ്വാന്തനത്തിന്റെ ശ്രമത്തിലാണ്. അതിനുള്ള വാക്കുകളാണ് അയാൾ തനിക്കുവേണ്ടി കണ്ടുപിടിക്കുന്നത്. സന്തോഷകരമായ ഒരു പ്രവൃത്തിയല്ല അത്. പക്ഷേ സന്തോഷിക്കാനുള്ള തന്റെ അവകാശത്തെ അയാൾ തേടിപിടിക്കുന്നു. അങ്ങനെയൊരു ശ്രമമാണ് അത്.

യുദ്ധം സമ്മാനിച്ച വിനാശകരമായ ദിനങ്ങളെ പ്രതിരോധിക്കാൻ തെക്കൻ ലെബനണിലെ തകർന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ക്രിസ്തുമസ് ട്രീയുമായി എത്തിയ ആൾ, തീർച്ചയായും, ഫോസ്സയുടെ നാടകത്തിലെ ആളല്ല. അവർ കണ്ടിട്ടുപോലുമില്ല. പക്ഷേ, ഒരു ക്രിസ്തുമസ് ഈവ് അവരെ രണ്ടുപേരെയും ഓർമ്മിക്കുന്നു. കലയുടെ വിധിയാണത് എന്നർത്ഥത്തിൽ. ഇപ്പോൾ ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ഈ ദിവസം, അലങ്കരിക്കപ്പെട്ട വീടുകൾ, തെരുവുകൾ, ഏതോ ഓർമ്മകൊണ്ട് നമ്മെ വേദനിപ്പിക്കുന്നു. വേർപാട്, അങ്ങനെയൊരു വാക്കാണ്, നമുക്ക് കാണാൻ പറ്റാത്ത കാറ്റ് പോലെ, ഈ ദിവസത്തെ മൂടുന്നത്.

യുദ്ധം സമ്മാനിച്ച വിനാശകരമായ ദിനങ്ങളെ പ്രതിരോധിക്കാൻ തെക്കൻ ലെബനണിലെ തകർന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ക്രിസ്തുമസ് ട്രീ കൊണ്ടുവന്നപ്പോള്‍
യുദ്ധം സമ്മാനിച്ച വിനാശകരമായ ദിനങ്ങളെ പ്രതിരോധിക്കാൻ തെക്കൻ ലെബനണിലെ തകർന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ക്രിസ്തുമസ് ട്രീ കൊണ്ടുവന്നപ്പോള്‍

ഈ കാലത്തെ സാമൂവൽ ബെക്കറ്റ് എന്നാണ് യോൺ ഫോസ്സയെ വിശേഷിപ്പിച്ചിട്ടുള്ളത് - അദ്ദേഹത്തിന്റെ നാടകങ്ങളുടെ പേരിൽ. ചിലപ്പോൾ ശരിയാണ് എന്ന് തോന്നും. പക്ഷേ, ബെക്കറ്റിന്റെ മിക്ക ടെക്സ്റ്റുകളിലും അനുഭവപ്പെടുന്ന ശൂന്യത, അസംബന്ധ കലയായ് വിശേഷിപ്പിക്കപ്പെട്ട ആ ഭാവന, ഫോസ്സ സ്വീകരിക്കുന്നില്ല എന്നാണ് എന്റെ വിചാരം. ഫോസ്സയുടെ കലയിലും താങ്ങാനാവാത്ത ഏകാന്തതയുണ്ട്, ആ ഏകാന്തതയെ വന്നുമുട്ടുന്ന ഒരു ശാന്തതയുമുണ്ട്. മതപരമായത് എന്നുപോലും തോന്നുന്ന ശാന്തത. ബെക്കറ്റ് തന്റെ കലയ്ക്ക് വേണ്ടാ എന്ന് വെച്ചത്. അവിടെ കാത്തിരിപ്പ് ഏകാന്തതയ്ക്ക് ഒപ്പം നിൽക്കുന്ന ഒരേയൊരു പ്രവൃത്തിയാണ്.

ഫോസ്സയുടെ നാടകത്തിൽ, എന്തായാലും, ഒരു രക്ഷകനെ ഓർക്കുന്നുണ്ട്. പച്ചയും തവിട്ടും നിറമുള്ള ആ മരം അതിന്റെ തെളിവോ ഓർമ്മയോ ആണ്. and a Savior is born to you എന്ന് അയാൾ, നാടകത്തിലെ ഒരേയൊരു കഥാപാത്രം, പറയുന്നു. അല്പം കഴിഞ്ഞ് A Savior is born to me എന്നും പറയുന്നു. Yes truly a Savior is born to me എന്ന് ഒന്നുകൂടി അതിനെ ഉറപ്പിക്കുന്നു. പിന്നെ, ചെറിയൊരു മൗനത്തിനു ശേഷം അത് തിരുത്തുന്നു. No there is no Savior എന്ന് പറഞ്ഞുകൊണ്ട് ട്രീയുമായി അയാൾ അരങ്ങിൽനിന്ന് പോകാൻ തുടങ്ങുന്നു. But the Christmas tree എന്നും yes it's a fine tree എന്നും പറയുന്നു. അരങ്ങിൽനിന്നും ട്രീയുമായി മുഴുവനായും അപ്രത്യക്ഷനാവുന്നതിന് മുമ്പ് നമ്മൾ കേൾക്കുന്നതും അയാളുടെ അതേ വാക്കുകൾ തന്നെ. a Christmas tree in my Christmas tree stand.. ഫോസ്സ നാടകം അവസാനിപ്പിക്കുന്നു. He goes out with the tree

നോക്കുക, ആ രംഗപാഠം അവസാനിക്കുന്നത് അങ്ങനെയാണ്. ഒരു വ്യാകരണ ചിഹ്നവും ഇല്ലാതെ. ഏത് ഓർമ്മയിലേക്കും കയറി ചെല്ലാൻ ഒരാൾ : കൈയിൽ ഒരു ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് ട്രീ വെയ്ക്കാൻ ഒരു സ്റ്റാന്റുമായി ഒരാൾ...

ക്രിസ്തുമസ് കാലത്തെ ഒരു പാട്ട്...


Summary: A Christmas tree stands in a bombed and diminished church in Lebanon, affected by Israel. Karunakaran discusses Jon Fosse's play, Christmas Tree Song.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments