പ്രാർഥനയും ചിലപ്പോൾ തെറിയാകും
മനില സി. മോഹൻ: താങ്കളുടെ ‘കളിഗമിനാറിലെ കുറ്റവാളികൾ' എന്ന കഥ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി ' എന്ന സിനിമ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. ആ കഥയുടെയും സിനിമയുടെയും പ്രമേയത്തിന്റെ സമകാലികത ശ്രദ്ധേയമായി തോന്നുന്നു. ആലുവയിലെ മോഫിയയുടെ ആത്മഹത്യയും, തിരുവനന്തപുരത്ത് അനുപമയുടെ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുമെല്ലാം ഭരണകൂടത്തിന്റെയും, ഭരണകൂടത്തിന്റെ നടത്തിപ്പ് ഏജൻസികളിലൊന്നായ പൊലീസിന്റെയും ക്രിമിനൽ സ്വഭാവങ്ങളെ വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. താങ്കളുടെ കഥയും ചുരുളി സിനിമയും മുന്നോട്ടുവെക്കുന്നതും അതേ വിഷയങ്ങളാണല്ലോ. കഥാകൃത്ത് എന്ന നിലയിൽ, ഈ സമകാലികതയെ എങ്ങനെ നോക്കിക്കാണുന്നു?
വിനോയ് പി.തോമസ്: നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിത്തന്നെയാണ് കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥ എഴുതിയത്. കുറ്റവാളി എന്ന നിലയിലും നിയമപാലകൻ എന്ന നിലയിലുമുള്ള മനുഷ്യാവസ്ഥകളെ എങ്ങനെ താരതമ്യം ചെയ്യാം എന്നതായിരുന്നു എന്റെ ആലോചനാവിഷയം. ഒരാൾ എങ്ങനെ കുറ്റവാളിയാകുന്നു എന്നതും ഒരാൾ എങ്ങനെ നിയമപാലകനാകുന്നു എന്നതും ആപേക്ഷികമായ കാര്യങ്ങളാണ്. പലപ്പോഴും ഇങ്ങനെ ആലോചിക്കുമ്പോൾ നമ്മുടെ നിയമവ്യവസ്ഥ തന്നെ ഒരു ഫിക്ഷൻ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഒരു സ്ഥലത്ത് നമ്മൾ ചെല്ലുമ്പോൾ; ഇപ്പോൾ എന്റെ വീട്ടിലും എന്റെ കൂട്ടുകാരുടെ അടുത്തുമൊക്കെ എനിക്ക് അത്യാവശ്യം തെറി പറയാം. പക്ഷേ ഞാൻ പഠിപ്പിക്കുന്ന ക്ലാസ് റൂമിൽ, എന്റെ കുട്ടികളുടെ മുമ്പിൽ ഞാൻ തെറി പറഞ്ഞാൽ അതൊരു കുറ്റകൃത്യമായി മാറുന്നു. ചില അഭിപ്രായ പ്രകടനങ്ങൾ പോലും ചില സ്ഥലങ്ങളിൽ അനുവദനീയമാണ്, മറ്റു ചിലയിടത്ത് അത് കുറ്റകൃത്യമാണ്. ഒരു രാജ്യത്ത് അനുവദനീയമായ കാര്യം മറ്റൊരു രാജ്യത്ത് കുറ്റകൃത്യമാണ്. അതുപോലെ ഒരു കാലത്ത് കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്ന കാര്യം മറ്റൊരു കാലത്ത് അനുവദനീയമായി മാറുന്നു. അപ്പോൾ ഇത്, ഈ കുറ്റം എന്നു പറയുന്നത് തന്നെ ആപേക്ഷികമാണ്. ഈ കാര്യമാണ് കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയിലും, ഇപ്പോൾ ചുരുളി എന്ന സിനിമയിലും പറയാൻ ശ്രമിച്ചിട്ടുള്ളത്. അതൊരു ഫിക്ഷന്റെ സാധ്യതയാണ്. കേരളത്തിലും മറ്റെല്ലാ സ്ഥലങ്ങളിലും നിയമപാലനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ, ആലോചിക്കേണ്ട വിഷയം തന്നെയാണ്. അതിനെ ഒരു ചർച്ചയ്ക്കുള്ള വിഷയമാക്കി മാറ്റാൻ ഈ കഥയ്ക്കും സിനിമയ്ക്കും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു ചർച്ച നടത്താൻ നമുക്ക് സാധിക്കുന്നു എന്നതാണ്.
ഈ അടുത്ത കാലത്ത് പൊലീസുകാർ ക്രിമിനലുകളായി മാറുന്ന ഒത്തിരി സന്ദർഭങ്ങൾ നമുക്ക് കാണാൻ പറ്റും. അത് ഈ ഒരു കാലത്ത് മാത്രമല്ല, എല്ലാ കാലഘട്ടത്തിലും അങ്ങനെയാണ്. മനുഷ്യർ തന്നെയാണല്ലോ പൊലീസുകാരും. ഈ മനുഷ്യാവസ്ഥ- കുറ്റം ചെയ്യാനുള്ള മനുഷ്യന്റെ വാസന, ആ കുറ്റവാളികളുടെ ജീവിതം ആസ്വദിക്കാനുള്ള മനുഷ്യന്റെ വാസന- അതിന് അറുതിയുണ്ടാവില്ല. ചുരുളി എന്ന സിനിമയിലേക്ക് എത്തിയപ്പോഴേക്കും അത് എല്ലാ കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും എന്ന വലിയൊരു മാനത്തിലേക്ക് എത്തുകയാണ് ചെയ്തത്. കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥ ഒരു കാലത്ത് നടന്നൊരു സംഭവമായിരുന്നുവെങ്കിൽ, ലിജോ ജോസ് പെല്ലിശ്ശേരിയും എസ്.ഹരീഷും കൂടി അതിനെ സകലകാലങ്ങളിലുമുള്ള അതിന്റെ സാധ്യതകളിലേക്ക്, വീണ്ടും വീണ്ടം ആവർത്തിക്കുന്ന മനുഷ്യാവസ്ഥയാക്കി മാറ്റി എന്നതാണ് സിനിമയിലെ മാറ്റം. ഒരു കഥ കൊണ്ടോ ഒരു സിനിമ കൊണ്ടോ അത് നമ്മൾ ചർച്ച ചെയ്തതു കൊണ്ടോ അത് മാറും എന്ന് എനിക്ക് തോന്നുന്നില്ല. അത് നമുക്ക് ഫിക്ഷന്റെ ലോകത്ത് ചർച്ച ചെയ്യാം- മതവിശ്വാസം പോലെ. മതവിശ്വാസം ഒരു ഫിക്ഷനാണല്ലോ. ഫിക്ഷന്റെ ലോകത്ത് മാത്രമേ അതിന് സാധ്യതയുള്ളൂ. പ്രാക്ടിക്കലായ ലൈഫിൽ അതിന് ഒരു സാധ്യതയുമില്ലല്ലോ- അതിനെ അധികാരത്തിനു വേണ്ടി ഉപയോഗിക്കാം എന്നൊക്കെയല്ലേ ഉള്ളൂ. അല്ലാതെ നമ്മുടെ വിശ്വാസം എന്ന സംഗതി, ഫിക്ഷന്റെ ലോകത്ത് മാത്രം സാധ്യതയുള്ള ഒന്നാണ്. അതുപോലെ ഈ കഥയും സിനിമയുമെല്ലാം ഫിക്ഷന്റെ ലോകത്ത് നമ്മൾ ചർച്ച ചെയ്യുകയും യാഥാർഥ്യത്തിന്റെ ലോകത്ത് കുറ്റവാളിയാകാനും കുറ്റം ചെയ്യാനുമുള്ള മനുഷ്യന്റെ ആഗ്രഹങ്ങൾ അങ്ങനെത്തന്നെ നിലനിൽക്കുകയും ചെയ്യും.
ഭാഷാശാസ്ത്രപരമായി നോക്കുമ്പോൾ, വാക്കുകളെ ഇങ്ങനെ മാറ്റിമാറ്റി ഉപയോഗിക്കാൻ കഴിയുന്നു എന്നത് ജീവനുള്ള ഭാഷയുടെ ലക്ഷണമാണ്. ചില സമയം പ്രാർഥനകൾ പോലും തെറിയായി മാറുന്നുണ്ട്.
ചുരുളിയിലെ ‘തെറികൾ' വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. കഥയിലുള്ള തെറികൾ തന്നെയാണ് സിനിമയിലുമുള്ളത്. ‘തെറി' വാക്കുകൾ ഉപയോഗിക്കാതെ ‘ശുദ്ധ' വാക്കുകൾ കൊണ്ടുതന്നെ വലിയ ഹിംസ ഉളവാക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അനീതികളും അതിക്രമങ്ങളും അരങ്ങേറുമ്പോൾ ഭരണകൂടത്തിന്റെ മൗനം തന്നെ വലിയ പ്രഹരശേഷിയുള്ളതും ക്രൂരവുമായ തെറിയായി മാറുന്നു. തെറി, തെറിയുടെ ഭാഷ എത്രത്തോളം contextual ആണ്?
എന്താണ് തെറി എന്നതും എന്താണ് തെറിയുടെ രാഷ്ട്രീയം എന്നതും വളരെ ശ്രദ്ധേയമാണ്. തെറി എന്ന സംഗതി തന്നെ ആപേക്ഷികമാണല്ലോ. ക്രിക്കറ്റിൽ സൈമണ്ട്സും ഹർഭജനും തമ്മിലുണ്ടായ വിവാദം ഓർമ വരുന്നു. സൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻപിൽ ഹർഭജൻ ഉയർത്തിയ വാദം, സൈമണ്ട്സിനെ കുരങ്ങൻ എന്ന് വിളിക്കുകയല്ല താൻ ചെയ്തത്, ‘നിന്റെ അമ്മേടെ പൂറ്' എന്നു പറയാൻ ശ്രമിക്കുകയായിരുന്നു എന്ന രീതിയിലാണ്. അതായത്, ‘മങ്കി' എന്നല്ല പറഞ്ഞത്, ‘മാ കീ ചൂത്ത്' എന്നാണ് എന്ന് ഹർഭജൻ വാദിച്ചു. ഇവിടെ നിന്ന് നോക്കുമ്പോൾ അത് ഒരു ഭയങ്കര തമാശയായിട്ട് തോന്നും. അവിടെ മങ്കി എന്നു വിളിച്ചാൽ വലിയ പ്രശ്നമാവുകയും, മാ കീ ചൂത്ത് എന്നു വിളിക്കുന്നത് പ്രശ്നമല്ലാതാവുകയും ചെയ്യുന്നു. അപ്പോൾ, തെറിക്ക് ഒരു ആഗോള അർത്ഥമല്ല ഉള്ളത്. കുരങ്ങ് എന്നാണ് അവനെ ഞാൻ വിളിച്ചത് എന്നു പറഞ്ഞാൽ ഇവിടെ നമുക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. അവിടെ അതാണ് ഏറ്റവും വലിയ തെറി, വംശീയ അധിക്ഷേപവും. അതാണ് തെറിയുടെ സാന്ദർഭികത.
എന്റെ നാട്ടിൽ ഒരു രാഷ്ട്രീയ നേതാവുണ്ടായിരുന്നു. പുറ്റ് നോവലിൽ അത് ഞാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംസ്‌കൃതം കലർത്തിയാണ് പ്രസംഗിക്കുക. ആ ഒറ്റക്കാര്യം കൊണ്ട് അദ്ദേഹത്തിന് നാട്ടിൽ ധാരാളം എതിരാളികളുണ്ടായി. അച്ചടിഭാഷയിൽ സംസാരിക്കുന്നതു കൊണ്ടുമാത്രം അദ്ദേഹത്തിന് ജനപിന്തുണ നഷ്ടമായി. ഒരു തിരഞ്ഞെടുപ്പിലും ജയിക്കാനായില്ല. തെറി പറയുന്ന ഒരാളായിട്ടാണ് അദ്ദേഹത്തെ നാട്ടുകാർ കണ്ടത്. അദ്ദഹം പറഞ്ഞ ആ സംസ്‌കൃതഭാഷയായിരുന്നു ആ സമൂഹത്തിലെ തെറി. നമ്മൾ വളരെ purified ആയി, refined ആയി സംസാരിക്കുന്നത് അവിടെ തെറിയായി മാറുന്നു. ഇന്നയിന്ന വാക്കുകൾ തെറി, ഇന്ന വാക്കുകൾ നല്ലത് എന്ന് നമുക്ക് നിർവചിക്കാനാവില്ല. അത് ഏത് സന്ദർഭത്തിൽ പറയുന്നു എന്നുള്ളതാണ്. ചില വാക്കുകൾ തെറി, ചില വാക്കുകൾ നല്ലത് എന്ന രീതിയിൽ മാറ്റിനിർത്തിയല്ല നമ്മൾ വാക്കുകളെ പരിചരിക്കേണ്ടത്. ഏത് ‘തെറി'യും ചില സന്ദർഭങ്ങളിൽ ‘നല്ല' വാക്കുകളായി മാറും. ഏത് ‘നല്ല' വാക്കും ചിലപ്പോൾ ‘തെറി'യായി മാറുകയും ചെയ്യും. ജീവിക്കുന്ന ഭാഷയുടെ ലക്ഷണമാണത്.
ഭാഷാശാസ്ത്രപരമായി നോക്കുമ്പോൾ, വാക്കുകളെ ഇങ്ങനെ മാറ്റിമാറ്റി ഉപയോഗിക്കാൻ കഴിയുന്നു എന്നത് ജീവനുള്ള ഭാഷയുടെ ലക്ഷണമാണ്. ചില സമയം പ്രാർഥനകൾ പോലും തെറിയായി മാറുന്നുണ്ട്. ബൈബിൾ എടുത്തുനോക്കിയാൽ അതിൽ അഗമ്യഗമനങ്ങളുടെ ഒത്തിരി സന്ദർഭങ്ങളുണ്ട്. അവിടെ അത് തെറിയല്ല. പക്ഷേ അതിനെ മാത്രമായി ഒരു കഥയായി എഴുതിയാൽ അതൊരു തെറിക്കഥയായി മാറും. അതുപോലെ ക്ഷേത്രങ്ങളിലെ കലകൾ, ചുവർചിത്രങ്ങൾ, ശിൽപങ്ങൾ... തെറികളാണെന്ന് നമുക്ക് പറയാൻ കഴിയുമോ? ലിംഗത്തെ പൂജിക്കുന്നത് തെറിയാണെന്ന് പറയാൻ പറ്റുമോ? ഭാഷയെ, ആവിഷ്‌കാരത്തെ അതിന്റെ സന്ദർഭത്തിൽ നിന്ന് മാറ്റി നിർത്തി കാണാനാവില്ലല്ലോ.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.