Photo : Kendall, Twitter

കാബറേ വിരുദ്ധ സമരം: ഒരു വീണ്ടുവിചാരം

തങ്ങൾക്കു പുറത്ത് നടക്കുന്ന, സാംസ്‌കാരികമായി തങ്ങളിൽ നിന്ന്​വ്യത്യസ്തമായ സംവാദത്തെ സമ്പൂർണമായും അവഗണിച്ചായിരുന്നു ഞാനുൾപ്പെടുന്ന ജനകീയ സാംസ്‌കാരിക വേദിക്കാർ അന്ന് സദാചാര വിചാരങ്ങളിലിടപെട്ടത്. എൺപതുകളുടെ ആദ്യം അരങ്ങേറിയ കാബറേ വിരുദ്ധ സമരത്തിലേക്ക്​ ഒരു തിരിഞ്ഞുനോട്ടം

ഫെമിനിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിൽ ബാർ ഡാൻസോ?
കാബറേക്കെതിരെ സമരം ചെയ്ത പാരമ്പര്യത്തിൽ നിന്നുവരുന്ന കേരളത്തിലെ സുഹൃത്തുക്കൾ രോഷാകുലരാവുന്നത് സ്വാഭാവികം.
പക്ഷേ രണ്ടും രണ്ട് കാലത്താണ് നടക്കുന്നത്.
അതുകൊണ്ടാണ് പ്രതികരണങ്ങൾ വ്യത്യസ്തമാവുന്നതും.

ഏതാനും വർഷം മുമ്പ് കൽക്കത്തയിൽ നടന്ന ഫെമിനിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിലേക്കാണ് ബാർ ഡാൻസർമാർക്ക് നൃത്തം ചെയ്യാൻ ക്ഷണം ലഭിച്ചത്. മുംബൈയിലെ ബാറുകളിൽ കാബറേ നിരോധിക്കുകയും നർത്തകികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സന്ദർഭത്തിലാണ് ഐക്യദാർഢ്യത്തിന്റെ രാഷ്ടീയ പ്രസ്താവന എന്ന നിലയിൽ ഫെമിനിസ്റ്റ് സമ്മേളനത്തിലേക്ക് ബാർ ഡാൻസർമാർ ക്ഷണിക്കപ്പെടുന്നത്, നൃത്തം നടക്കുന്നതും.
കാബറേ വിരുദ്ധ സമരത്തിനും ബാർ ഡാൻസർമാരോടുള്ള സൗഹൃദ പ്രകടനത്തിനുമിടയിൽ മൂന്നുമൂന്നര ദശകമുണ്ട്. ശരീരത്തേയും ലൈംഗികതയേയും സദാചാരത്തേയും കുറിച്ച് ഇതിനിടയിൽ നടന്ന വീണ്ടുവിചാരങ്ങളും ...

മുംബൈയിലെ ബാറുകളിൽ കാബറേ നിരോധിക്കുകയും നർത്തകികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സന്ദർഭത്തിൽ ഐക്യദാർഢ്യത്തിന്റെ രാഷ്ടീയ പ്രസ്താവന എന്ന നിലയിൽ കൽക്കത്തയിൽ വെച്ചു നടന്ന ഫെമിനിസ്റ്റ് സമ്മേളനത്തിലേക്ക് ബാർ ഡാൻസർമാർ ക്ഷണിക്കപ്പെട്ടിരുന്നു.Photo : Indianeagle.com

ക്ഷുബ്ധ യൗവനത്തിന്റെ സാംസ്‌കാരിക രാഷ്ടീയ ജിഹ്വയായിരുന്ന ജനകീയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള അവസാന പ്രക്ഷോഭങ്ങളിലൊന്നാണ് ചൂതാട്ടത്തിനും കാബറേക്കുമെതിരെ എൺപതുകളുടെ ആദ്യം നടന്നത്. ചൂതാട്ട ഗുണ്ടകളുടെ കൈകളാൽ കണ്ണൂരിൽ രാമശൻ കൊല്ലപ്പെടുകയും ചെയ്തത് ചരിത്രത്തിന്റെ ഓർമ.

കേരളത്തിന്റെ സർഗമാന്ദ്യത്തിനും ധൈഷണികമായ തുറവിയില്ലായ്മക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ- കമ്യൂണിസ്റ്റ് സദാചാര സഖ്യം പ്രകടമായി വെളിപ്പെട്ട സന്ദർഭമായിരുന്നു എൺപതുകളിൽ കേരളത്തിൽ നടന്ന കാബറേ വിരുദ്ധ സമരം.

അക്കാലത്ത് നഗരങ്ങളിലെ പ്രധാന ഹോട്ടലുകളിൽ മാത്രമല്ല,പുറത്തെ എക്‌സിബിഷനുകളിലും ചൂതാട്ടവും കാബറേയുമുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കോഴിക്കോടുമുള്ള ഹോട്ടലുകളിലെ കാബറേ ജനരോഷം മൂലം നിർത്താനായിട്ടും ഔദ്യോഗിക പിന്തുണയുള്ള വ്യവസായ- കാർഷിക- സാംസ്‌കാരിക പ്രദർശനങ്ങളിലത് തുടരുകയായിരുന്നു . ഇവിടങ്ങളിലേക്ക് പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുന്നതിനിടയിലായിരുന്നു രമേശന്റെ രക്തസാക്ഷിത്വം. തുടർന്ന് പൂരപ്രദർശനം നടക്കുന്ന തൃശൂർ തേക്കിൻകാടിനു ചുറ്റുമായി കോളേജ് വിദ്യാർഥിനികൾ ഉയർത്തിയ കാബറേ വിരുദ്ധ മതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. നഗരത്തിലെ പ്രധാന വനിതാ കോളേജുകളായ സെൻറ്​ മേരീസിലേയും വിമലയിലേയും മുഴുവൻ കുട്ടികളും അധ്യാപികമാരോടൊപ്പം അവരുടെ കോളേജ് ബസുകളിൽ തന്നെ തെരുവിൽ വന്നിറങ്ങി അണിനിരന്നത് പിന്നീടും സമര വിശേഷങ്ങളിലൊന്നായിരുന്നു. ഇതോടെ എക്‌സിബിഷനുകളൊന്നും തുടരാനാവാതെ വന്നു. പൂരപ്രദർശനം മാത്രമാണ് പിന്നീട് ചൂതാട്ടവും കാബറേയുമില്ലാതെ തന്നെ തുടർന്നത്.

അക്കാലത്ത് രാഷ്ടീയമായി ഏറ്റവും ശരിയെന്ന് കരുതപ്പെട്ടിരുന്ന ജനകീയ സാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക വിചാരങ്ങൾക്കു പുറത്ത് എന്നാൽ മറ്റൊരു സദാചാര സംവാദം നടക്കുന്നുണ്ടായിരുന്നു. പരിവർത്തനവാദികളും അവരെ നയിച്ചിരുന്ന എം. എ. ജോണും മുഖപ്രസിദ്ധീകരണമായിരുന്ന ‘നിർണയ’വും ലൈംഗികതയോടും സദാചാരത്തോടും ഉദാരവും തുറന്നതമായ നിലപാട് സ്വീകരിക്കണമെന്ന പക്ഷക്കാരായിരുന്നു. ജീൻ പോൾ സാർത്രും സിമോൺ ദ് ബൊവേറും തമ്മിലുണ്ടായിരുന്ന തുറന്ന ബന്ധത്തിന്റെ ഫ്രഞ്ച് മാതൃക ഉയർത്തിപ്പിടിക്കയായിരുന്നു അവർ.

ബിഷപ്പ് കുണ്ടുകുളം, എം. എ. ജോൺ

തങ്ങൾക്കു പുറത്ത് നടക്കുന്ന, സാംസ്‌കാരികമായി തങ്ങളിൽ നിന്ന്​ വ്യത്യസ്തമായ സംവാദത്തെ സമ്പൂർണമായും അവഗണിച്ചായിരുന്നു ഞാനുൾപ്പെടുന്ന ജനകീയ സാംസ്‌കാരിക വേദിക്കാർ അന്ന് സദാചാര വിചാരങ്ങളിലിടപെട്ടത്. സദാചാര വിചാരം ബിഷപ്പ് കുണ്ടുകുളത്തിന്​ വിട്ടുകൊടുക്കുന്നതെന്തിന് എന്ന ഒറ്റപ്പെട്ട ശബ്ദമുയർന്നിരുന്നെങ്കിലും പിന്നീട് കേരളത്തിന്റെ സർഗമാന്ദ്യത്തിനും ധൈഷണികമായ തുറവിയില്ലായ്മക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ- കമ്യൂണിസ്റ്റ് സദാചാര സഖ്യം പ്രകടമായി വെളിപ്പെട്ട സന്ദർഭമായിരുന്നു എൺപതുകളിൽ കേരളത്തിൽ നടന്ന കാബറേ വിരുദ്ധ സമരം.

ജനകീയ സാംസ്‌കാരിക വേദി അതിന്റെ ചെറുചെറു വിജയങ്ങളുടെ പേരിലല്ല, മഹത്തായ തോൽവിയുടെയും പിൻവാങ്ങലിന്റെയും പേരിലാണ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. ശരീരത്തിന്റെയും ലൈംഗികതയുടെയും സദാചാരത്തിന്റെയും കാര്യത്തിലെങ്കിലും പിൽക്കാല സാംസ്‌കാരിക കേരളം ജനകീയ സാംസ്‌കാരിക വേദിയെ തള്ളിപ്പറയുകയായിരുന്നു. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സിവിക് ചന്ദ്രൻ

കവി, നാടകകൃത്ത്​, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്. പാഠഭേദം മാസികയുടെ പത്രാധിപർ. ജനകീയ സംസ്‌കാരിക വേദിയുടെ സെക്രട്ടിയും അതി​ന്റെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരും ആയിരുന്നു. തടവറക്കവിതകൾ, നിങ്ങളാ​​രെ കമ്യൂണിസ്​റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്,​ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments