Clean Street Food Hub - ബീച്ചോരം ഒരുങ്ങുന്നു വൃത്തിയോടെ വിളമ്പാൻ

പ്പിലിട്ടതിന്റെയും ഐസൊരതിയുടെയും കല്ലുമ്മക്കായുടെയും കൊതിപ്പിക്കുന്ന രുചികൾ ഏറ്റവും വൃത്തിയോടെ വിളമ്പാനായി ഒരുങ്ങുകയാണ് കോഴിക്കോട്.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡാർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബീച്ച്, സൗത്ത് ഇന്ത്യയിലെ ആദ്യ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാവാനുള്ള തയ്യാറെടുപ്പിലാണ് .
ഒരു പ്രദേശത്ത് പരമ്പരാഗതമായി നിലനിൽക്കുന്ന ഭക്ഷ്യ തെരുവുകളെ വൃത്തിയുള്ളതും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമാകുന്ന ഇടങ്ങളായി ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
കലക്ടറുടെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ വാട്ടർ അതോറിറ്റി, തുറമുഖ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാനൊരുങ്ങുന്നത്.
ബീച്ചിൽ പ്രവർത്തിക്കുന്ന കടകകളിൽ ഭക്ഷ്യ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാൻ നിശ്ചിത മാനദണ്ഡങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.

ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തട്ടുകടകളിൽ ആദ്യ ഘട്ട പരിശോധന നടത്തുകയും നിലവിലെ പ്രശ്നങ്ങളും പുരോഗതികളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടണമെന്നാണ് തൊഴിലാളികൾക്ക് പറയാനുള്ളത്. അതിനായി കൂടുതൽ സൗകര്യ പ്രദമായ ബങ്കുകൾ ഏർപ്പാട് ചെയ്യണമെന്നത് തൊഴിലാളികളുടെ പ്രധാനപ്പെട്ട ഒരാവശ്യമാണ്. അതോടൊപ്പം തന്നെ കൃത്യമായ ഒരു കുടിവെള്ള വിതരണ സംവിധാനവും അവർ ആവശ്യപ്പെടുന്നുണ്ട്.

തട്ടുകടകളുടെ ചുറ്റുപാടുകൾ പരമാവധി വൃത്തിയാക്കാൻ ശ്രമിച്ചിട്ടും ബീച്ചിലെത്തുന്ന സഞ്ചാരികൾ പലപ്പോഴും ഭക്ഷണാവശിഷ്ടങ്ങളും പാത്രങ്ങളും മണലിലേക്ക് വലിച്ചെറിയുന്നത് തങ്ങൾക്ക് ശുചിത്വമുള്ള അന്തരീക്ഷത്തിൽ കച്ചവടം ചെയ്യാനുള്ള സാഹചര്യമില്ലാതാക്കാറുണ്ടെന്നും കച്ചവടക്കാർ പറയുന്നു.

പദ്ധതി നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം നൽകാൻ കച്ചവടക്കാർക്കായി പ്രത്യേക പരിശീലന പരിപാടികളും നടന്നിരുന്നു.

ബീച്ചിലെ ഭൂരിഭാഗം കടയുടമകളും മലയാളികളാണെങ്കിലും അവർക്ക് കീഴിലുള്ള അതിഥി തൊഴിലാളികളാണ് കൂടുതൽ സമയവും കച്ചവടം നടത്തുന്നത്. എന്നാൽ ക്ലീൻ സ്ട്രീറ്റ് ഫുഡിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇവർക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടികളിലും ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ല.

കുടുംബവും കൂട്ടുകാരുമൊത്ത് ബീച്ചിൽ സമയം ചെലവഴിക്കാനെത്തുന്നവർ ക്ലീൻസ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഗുണമേന്മയിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത സ്വാദു വിളമ്പി ബീച്ചിലേക്കെത്തുന്ന സഞ്ചാരികളെ ആകർഷിക്കാനും കച്ചവടം മെച്ചപ്പെടുത്താനും കഴിയുമെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ

Comments